നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ട്രോബെറി

"അമ്മേ സ്ട്രോബെറി കണ്ടിട്ടുണ്ടോ? "
ഉണ്ണി വീണ്ടും ആ ചോദ്യം ആവർത്തിച്ചു. കഴുകിയ തുണികൾ അയയിൽ വിരിച്ച് എളിയിൽ എടുത്തു കുത്തിയ സാരി തലപ്പ് എടുത്തു ഉണ്ണിയുടെ നെറ്റിയിലെ വിയർപ്പു തുടച്ചു അവനെ ഒന്നു ചേർത്ത് പിടിച്ചു മായ.
"പറയു അമ്മേ? "
സ്ട്രോബെറി എന്ന വാക്ക് പോലും നാവിനു വഴങ്ങുന്നില്ല. എന്ത് സൂത്രാ അത്? പൂവോ കായോ പഴമോ? എന്താവും?
"എന്താ ഉണ്ണി അത്? അമ്മയ്ക്ക് അറിഞ്ഞൂടാ "അവൾ അവനെയും കൂട്ടി ഒറ്റമുറിവീടിന്റെ തിണ്ണയിൽ ഇരുന്നു.
"സ്ട്രോബെറി ഒരു പഴമാണ്. ഫ്രൂട്ട്. ചുവപ്പ് നിറം സാർ പടം കാണിച്ചു തന്നു. മിക്കവാറും ആരും കഴിച്ചിട്ടില്ല. "ഉണ്ണിയുടെ മുഖത്ത് ചിരി. ആ ചിരി ഒരു ആശ്വാസമാണ്. ഒറ്റയ്ക്കല്ല എന്ന ആശ്വാസം.
"എനിക്കൊന്നു കണ്ടാൽ കൊള്ളാം അമ്മേ "ഉണ്ണിയുടെ മുഖത്ത് അപേക്ഷ ഭാവം
"നമുക്ക് നോക്കാട്ടോ ഉണ്ണി. മേനോൻ സാറിന്റെ വീട്ടിലെത്താൻ വൈകും. നീ കൂടി പോരെ. പുസ്തകവും എടുത്തോ. ഒറ്റയ്ക്കിരിക്കണ്ട "ഉണ്ണി തലയാട്ടി ബാഗിൽ പുസ്തകം എടുത്തു വെച്ചു. അമ്മ വീട് പൂട്ടിയിറങ്ങിയപ്പോൾ അവനും ആ വിരൽത്തുമ്പിൽ പിടിച്ചു.
അച്ഛനെ കണ്ട ഓർമയില്ല ഉണ്ണിക്ക്. താൻ ജനിക്കും മുന്നെ മരിച്ചു പോയതാണത്രേ. അമ്മമ്മ ഇടയ്ക്ക് വരാറുണ്ടായിരുന്നു. ഇപ്പൊ അതുമില്ല. പക്ഷെ അമ്മ ഒരിക്കലും കരയുന്നതോ പരാതി പറയുന്നതൊ കണ്ടിട്ടില്ല. അമ്മയ്ക്ക് മേനോൻ സാറിന്റെ വീട്ടിൽ ജോലിയുണ്ട്. ഉച്ച കഴിഞ്ഞു വില്ലജ് ഓഫീസിൽ തൂത്തു തുടയ്ക്കാനും ചായ വാങ്ങി കൊടുക്കാനുമൊക്കെ പോകും. എന്തായാലും താൻ സ്കൂളിൽ നിന്നു വരുമ്പോളേക്കും അമ്മ എത്തിയിരിക്കും തനിക്കായി ഇലയപ്പമോ ഇത്തിരി അവൽ നനച്ചതോ ചക്കപ്പഴം ഉള്ളിൽ നിറച്ച കുമ്പിൾ അപ്പമോ പാത്രത്തിലാക്കി അമ്മ ഇറയത്തു കാത്തിരിപ്പുണ്ടാകും. മേൽ കഴുകി കഴിച്ചു വന്നാൽ അമ്മ തന്നെ പാഠങ്ങൾ പറഞ്ഞു തരും. അറിയാൻ വയ്യാത്തതൊക്കെ അമ്മ അയല്പക്കത്തെ ജ്യോതി ചേച്ചിയോട് ചോദിച്ചു പഠിക്കുന്നത് കാണാം. അമ്മ ഇതാദ്യമാണ് ഒരു കാര്യം അറിയില്ല എന്ന് പറയുന്നത്. അമ്മ മിണ്ടാതെ നടക്കുന്നത് ഉണ്ണി ശ്രദ്ധിച്ചു. സാധാരണ അങ്ങനെ അല്ല. വഴിയിൽ കാണുന്ന എന്തിനെ കുറിച്ചും ഒരു കഥ ഉണ്ടാകും അമ്മയ്ക്ക്. തുമ്പപ്പൂവ് മുതൽ തുളസി വരെ, ഞാവൽ പ്പഴം മുതൽ നേന്ത്രപ്പഴം വരെ, കരിയില കിളി മുതൽ പരുന്തു വരെ, അണ്ണൻ കുഞ്ഞു മുതൽ ആനക്കുട്ടി വരെ അമ്മയുടെ വാക്കുകളിൽ നല്ല രസമുള്ള കഥാപാത്രങ്ങളാകും.
മേനോൻ സാറിന്റെ വീട്ടിൽ അതിഥികൾ ഉണ്ടല്ലോ. കാർ കിടക്കുന്നു.മായ വേഗം അടുക്കള വശത്തേക്ക് നടന്നു .
"ആ മായ വന്നോ? വേഗം ജോലി തുടങ്ങിക്കോളൂ ട്ടോ മകനും കുടുംബവും വന്നിട്ടുണ്ട്. ഉച്ചക്ക് ബിരിയാണി മതി. കുട്ടികൾക്ക് അതാണിഷ്ടം "
ലത ടീച്ചർ, മേനോൻ സാറിന്റെ ഭാര്യ നല്ല സ്ത്രീ ആണ്. ഒരു ജോലിക്കാരിയായല്ല തന്നെ കാണുന്നത്. ഇടയ്ക്കു ഒക്കെ പഴയ സാരിയോ നൈറ്റിയോ പൊട്ടിയ സ്വർണകമ്മലോ ഒക്കെ തരാറുണ്ട്. ഉണ്ണിയോടും വലിയ ഇഷ്ടം തന്നെ.
കോഴിയിറച്ചി കഷണങ്ങൾ ആക്കി മുറിച്ചു മസാല പുരട്ടി വെച്ചു സവാള അരിയാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ലത ടീച്ചർ വന്നു
"മായേ ദേ സ്ട്രോബെറി, കുട്ടികൾക്ക് വലിയ ഇഷ്ടം ആണ്.പാൽ ചേർത്ത് അടിച്ചെടുത്താൽ മതി "
അവർ കൊണ്ട് വന്ന ചില്ലു പാത്രത്തിലെ സ്ട്രോബെറി കണ്ടു മായ അന്തം വിട്ടു നിന്നു. ഈ വീട്ടിൽ അത് അവളാദ്യം കാണുകയായിരുന്നു. കടും ചുവപ്പിൽ അവനങ്ങനെ അന്തസ്സോടെ ജ്വലിച്ചു നിന്നു.
അവൾ അത് കൈയിലെടുത്ത് നോക്കി ചുവന്ന മൃദുവായ പഴങ്ങൾ. വേഗം വാതിൽ കടന്നു ഉണ്ണിയെ വിളിച്ചു നോക്കി. ഇതെവിടെ പോയി? ചിലപ്പോൾ വിറകുപുരയിലിരുന്നു പഠിക്കുകയാവും. അവൾ വേഗം ഒരു സ്ട്രോബെറി പഴം എടുത്തു ഉണ്ണിയുടെ അരികിലേക്ക് ചെന്നു
"നോക്ക് മോനെ ഇതാണ് സ്ട്രോബെറി. "
അമ്മയുടെ കൈത്തലത്തിലെ ചുവപ്പ് സൂര്യനെ കണ്ട് അവന്റെ മുഖം വിടർന്നു. എന്ത് ഭംഗി ആണ് കാണാൻ !
"അത് ശരി ജ്യൂസ്‌ അടിക്കാൻ തന്ന സ്ട്രോബെറി എടുത്തു മോനു കൊണ്ട് കൊടുക്കുകയാണല്ലേ.. മോഷണം ഉണ്ടല്ലോ കൊള്ളാല്ലോ "
ലത ടീച്ചറിന്റെ മരുമകൾ
മായ അൽപനേരം നിശബ്ദയായി ലത ടീച്ചർ അവിടേക്കു നടന്നു വരുന്നതവൾ കണ്ടു
"എന്താ മായേ? "ടീച്ചറിന്റെ മുഖത്തു ഗൗരവം
"ഞാൻ ഇത് ഉണ്ണിയെ ഒന്നു കാണിക്കാൻ.... അവൻ ഇത് വരെ കണ്ടിട്ടില്ല. അതാണ് "
അവളുടെ ശബ്ദം ഇടറി
"അതിന് ചോദിച്ചിട്ട് എടുത്തു കൂടെ? ഇങ്ങനെ എന്തൊക്കെ ഉണ്ടാകും അമ്മ കാണാതെ !
മായ നേർമയായി ചിരിച്ചു
"ഒന്നുമില്ല മാഡം. എന്റെ മോനിത് കണ്ടിട്ടില്ല. ക്ലാസ്സിൽ ഇന്നലെ പഠിപ്പിച്ചുവത്രെ. അപ്പോൾ തൊട്ട് ചോദിക്കുകയാണ്. നോക്ക്, ഒരെണ്ണമേ ഞാൻ എടുത്തുള്ളൂ. മോഷ്ടിക്കാൻ വീട്ടുജോലിക്ക് വരണ്ടല്ലോ മാഡം "
മായ ആ സ്ട്രോബെറി അവരുടെ കൈയിൽ വെച്ചു കൊടുത്തു ഉണ്ണിയുടെ കൈ പിടിച്ചു തിരിഞ്ഞു.
"നില്ക്കു മായേ""നോക്ക് പ്രിയ മായ ഒന്നും രണ്ടും വര്ഷമല്ല ഇവിടെ ആയിട്ടു. നീ ഈ വീട്ടിൽ മരുമകളായി വരും മുന്നേ ഉള്ളതാണ്. അവളെ എനിക്ക് അറിയാം. ഒരു പക്ഷെ നിന്നെക്കാൾ ഏറെ. മായ അടുക്കളയിൽ പോ. പ്രിയ നിന്റെ മുറിയിലേക്കും പൊയ്ക്കോളൂ. "
പ്രിയ മുഖം വെട്ടി തിരിച്ചു നടന്നു പോയി. മായ അടുക്കളയിൽ കടന്നു ജോലികളാരംഭിക്കുകയും ചെയ്തു.
ഉണ്ണിയുടെ മുന്നിൽ ഒരു പാത്രം നിറയെ സ്ട്രോബെറി പഴങ്ങൾ നിരന്നു
"ഉം കഴിച്ചു നോക്കു "
ലത ടീച്ചർ വാത്സല്യത്തോടെ ഉണ്ണിയുടെ ശിരസ്സിൽ തലോടി
രാത്രി
"അതെ അമ്മേ ഈ സ്ട്രോബെറിക്ക് നമ്മുടെ തേൻ വരിക്ക ചക്കപ്പഴത്തിന്റെ സ്വാദൊന്നും ഇല്ലാട്ടോ. ഒരു ചവർപ്പ് പോലെ എനിക്കിഷ്ടായില്ല "
അമ്മയിൽ നിന്നു മറുപടി ഒന്നും ഉണ്ടാകാതെ വന്നപ്പോൾ ഉണ്ണി കണ്ണുംപൂട്ടി അമ്മയെ ഇറുകി കെട്ടിപ്പിടിച്ചു ചേർന്ന് കിടന്നു
ഇരുളിൽ മായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
എല്ലാ വാതിലുകളും ഒരുമിച്ചു കൊട്ടിയടയ്ക്കപ്പെടാറില്ലല്ലോ. ചില സമയത്ത് ചിലർ ഉണ്ടാകും ദൈവദൂതന്മാരെപ്പോലെ

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot