നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഞ്ഞുരുകുമ്പോൾ.

Image may contain: Shabna Shabna Felix, smiling, closeup

********************
മുറ്റത്തൊരു ചുമ കേട്ടപ്പോഴാണ് , മേരി ജനൽ വിരി ഉയർത്തി അങ്ങോട്ടു നോക്കിയത്..
ഉള്ളൊന്നു കിടുങ്ങി..
മരിയ..
ഉള്ളിൽ തിളച്ചു വന്ന രോഷം കണ്ണിലേക്ക് പാഞ്ഞു കൃഷ്ണ മണികൾ തള്ളി പുറത്തു വന്നു..ചിന്തകൾ ഉയരും മുന്നേ ശരീരം മുറ്റത്തേക്ക് കുതിച്ചു....
"എന്താടീ തൃപ്തിയായില്ലേ നിനക്കും മോനും..ഇനി ഞങ്ങടെ ശരീരം കൂടി അവനു തിന്നാൻ വേണോ..ജീവശ്ശവം പോലുള്ള ആത്മാക്കളുണ്ട് ഈ വീട്ടിൽ.. ഇതിനെ കൂടി ഒന്നു കൊന്നു തന്നിട്ട് പോകാൻ പറ മോനോട്.."
മേരി കലി തുള്ളി..വായിൽ തോന്നിയതൊക്കെ പറഞ്ഞു കൊണ്ടിരുന്നു..
എല്ലാം കേട്ടിട്ടും മേരിയുടെ മുഖത്തു നോക്കാതെ തലയും കുമ്പിട്ടു മരിയ നിന്നു..
എണ്ണി പെറുക്കി പറഞ്ഞു കൊണ്ടിരുന്നതു, പിന്നെ പിന്നെ കരച്ചിലിന്റെ വക്കിലെത്തി..
അവർ നൈറ്റിയുടെ അറ്റം പൊക്കി മൂക്കു പിഴിഞ്ഞു...പിന്നെ പതിയെ മാറി ചവിട്ടേൽ ഇരുന്നു..അവരുടെ കാൽച്ചുവട്ടിലായി താടിക്ക് കയ്യും കൊടുത്തു അടുത്ത വീട്ടിലേക്കു നോക്കി മരിയയും ..
അവരുടെ ഇടയിൽ തളം കെട്ടിയ മൂകതക്കു വിഘാതമായി മാവിൻകൊമ്പിലിരുന്നു കാക്ക കരഞ്ഞു...
തൊട്ടടുത്തു കാട് പിടിച്ചു കിടന്ന പറമ്പിൽ നിന്നും മൂന്നാലു പട്ടികൾ കടിപിടി കൂടി ഇപ്പുറത്തേക്കു വന്നു..പട്ടികളുടെ കടിപിടി നോക്കിയിരുന്ന മേരി പെട്ടെന്ന് പറഞ്ഞു...
"വിധി വരുമോ... ?
മരിയ ഒന്നു മൂളി...
തുള്ളിയുറഞ്ഞ കടൽ ശാന്തമായിരിക്കുന്നു..
മരിയയുടെ മൂകതയിൽ അലിഞ്ഞു ചേർന്നു മേരിയുടെ രക്തവും തണുത്തുറഞ്ഞു.
മൗനത്തിനു വിരാമമിട്ടു അല്പം കഴിഞ്ഞു മരിയ പറഞ്ഞു..
"എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നുവെങ്കിൽ അവന്റെ പിന്നാലെ എനിക്കും പോകാമായിരുന്നു..അവന്റെ ശരീരം ഏറ്റുവാങ്ങാൻ എങ്കിലും ഞാൻ ബാക്കി വേണ്ടേ? ജനിപ്പിച്ച ഗർഭപാത്രം എന്റേതായി പോയില്ലേ.. തള്ളി കളയാൻ ഒക്കുമോ എനിക്ക്.."
ആ വാചകം പൂർത്തിയാക്കാൻ കഴിയാതെ അവർ ഞരങ്ങി...
കരഞ്ഞു വീർത്ത മുഖത്തിൽ , കണ്ണീരൊഴുകിയൊഴുകി കണ്ണിനു താഴെ ചാലുകൾ തീർത്തിരിക്കുന്നു.. കറുത്തിരുണ്ട മുടി മുഴുവൻ വെള്ളിനൂലുകളായി പരിണമിച്ചിരിക്കുന്നു.വലിച്ചു വാരി ചുറ്റിയ സാരി.. മരിയ ആകെ മാറി പോയിരിക്കുന്നു..കൂടെ താനും..
മേരിയുടെ മനസ്സ് ഇന്നലെകളുടെ നക്ഷത്രതിളക്കത്തിൽ ഒരു നിമിഷം ഊഞ്ഞാലാടി.
ഒരു മനസ്സോടെ , കളിച്ചിരിയോടെ രണ്ടു കുടുംബങ്ങൾ..പങ്കുവെക്കലിന്റെ നാളുകൾ..ക്രി സ്തുമസ് , പെരുന്നാൾ, ഈസ്റ്റർ... എല്ലാം ഒരുമിച്ച്.. ഈ നാട്ടിൽ താമസം തങ്ങൾ തുടങ്ങിയ നാൾ മുതൽ..അന്ന് മരിയയുടെ മോനു പത്തു വയസ്സു പ്രായം.. തനിക്കു പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മോൾക്ക് ഒരു വയസ്സ് ...
പത്തുവയസ്സുകാരൻ എബിൻ കുഞ്ഞിനെ കണ്ടയുടൻ പൊക്കിയെടുത്തു ഉച്ചത്തിൽ വിളിച്ചു..
"എബിച്ചന്റെ കുഞ്ഞാവേ..."
കുഞ്ഞുപല്ലു കാട്ടി കുഞ്ഞുകാലുകൾ ചേട്ടന്റെ നെഞ്ചിൽ ചവിട്ടി കുഞ്ഞാവ ചിരിച്ചു..
എബിച്ചന്റെ ജീവനായ കുഞ്ഞാവ..
ഊണിലും കളിയിലും എബിച്ചൻ താഴെ വെക്കാതെ കൊണ്ടു നടന്ന കുഞ്ഞാവ...
പുറത്തിരുത്തി ആനകളിക്കാൻ വാശി പിടിച്ച കുഞ്ഞാവ...
ആ കുഞ്ഞാവയെ എങ്ങിനെയാണ് അവനു ഒരു ദാക്ഷിണ്യം കൂടാതെ പിച്ചിച്ചീന്താൻ പറ്റിയത്..? ഒപ്പം , കൂട്ടുകാരനും പങ്കു വെക്കാൻ തോന്നിയത്? ഒടുവിൽ പൊന്തകാട്ടിൽ അവളുടെ ഉറുമ്പരിച്ച ശരീരം കണ്ടെത്തുമ്പോൾ കഞ്ചാവിന്റെ ലഹരിയിൽ എല്ലാം മറന്ന എബിച്ചന്റെ സ്വബോധം നഷ്ടപ്പെട്ടിരുന്നു..
നിയമം നടപ്പിലാക്കുന്ന കാക്കിക്കാരൻ അപ്പന് സ്വന്തം മോന്റെ യാത്രയിൽ അസ്വാഭാവികത കണ്ടുപിടിക്കാനായില്ല.. കുറച്ചു നാളായുള്ള മോന്റെ പെരുമാറ്റത്തിൽ സംശയം പറഞ്ഞ മരിയയുടെ വാക്കുകളെ പോലീസുകാരൻ അപ്പനന്ന് മുഖവിലക്കെടുത്തില്ല...
ഇരുപത്തെഴു വയസ്സുള്ള കഞ്ചാവ് വില്പനയുടെ കണ്ണിയായ കൂട്ടുകാരന്റെ കൂട്ടുകൂടിയ പത്തൊമ്പതുകാരൻ പതിയെ പതിയെ കഞ്ചാവിന്റെ ലഹരിയിൽ മയങ്ങി വീണു കൊണ്ടിരുന്നു..തലയിൽ ലഹരി മൂത്തപ്പോൾ , നുരഞ്ഞു പൊന്തിയ വികാരത്തിൽ... ന്റെ മോള്......
മേരി അറിയാതെ വിളിച്ചു പോയി..
നെഞ്ചിൽ കോറിയിട്ട ചോര ചിന്തുന്ന ആ ഓർമ്മചിത്രം ...വർഷമേഴു കഴിഞ്ഞിട്ടും ചോര ചീറ്റികൊണ്ടു നിന്നു..
കടുത്ത വെറുപ്പായിരുന്നു മരിയയോടും...
പലപ്പോഴായി കണ്ടപ്പോഴൊക്കെ ചീറികൊണ്ടു താൻ പാഞ്ഞുചെന്നിട്ടുണ്ട്...ഇപ്പോൾ എങ്ങിനെ തനിക്കു സാധിക്കുന്നു.. സ്വന്തം കുഞ്ഞിനെ കൊന്നവന്റെ അമ്മയുടെ അരികിൽ താനിങ്ങനെ ഇരിക്കുന്നതെങ്ങിനെ?
ഉള്ളിൽ എരിയുന്ന അഗ്നിയെ ശാന്തമാക്കാൻ,
മേരി കഴുത്തിൽ കിടന്ന കൊന്തയിൽ മുറുകെ പിടിച്ചു...
ലോകം മുഴുവൻ കാർക്കിച്ചു തുപ്പിയ ,കല്ലെറിഞ്ഞ , സ്വന്തം മോനെ തെളിവെടുപ്പിന് കൊണ്ടു നടക്കുന്നതും പിന്നെയുള്ള നടയടിയും ഓർത്തിട്ടാവണം ,
ഒരു മുഴം കയറിൽ കാക്കിക്കാരൻ അപ്പൻ കുറ്റം ഏറ്റുപറഞ്ഞ് മുഖം രക്ഷപ്പെടുത്തിയത്. മുഖം പൊത്തി വലിയ വായിൽ, അലമുറയിട്ടു കരഞ്ഞ മോന്റെ കരച്ചിലിന് മുന്നിൽ.. ജനിപ്പിച്ച ഗർഭപാത്രം നിശ്ശ്ബദമായി തേങ്ങി കരഞ്ഞു ചോദിച്ചു കാണണം..
"എന്തിനായിരുന്നു നീയെന്റെ വയറ്റിൽ പിറന്നത്..? "
"മരിയ.... നീ അവനെ കണ്ടോടീ....? "
മേരിക്കു പെട്ടെന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല...
"ആദ്യം മാനസികനില തെറ്റിയിരുന്നു അവന്റെ.. രണ്ടു തവണ ആത്മഹത്യക്കു ശ്രമിച്ചു.. മരണം കൂടി അവനെ കൈവിട്ടപ്പോൾ , കുറ്റബോധം കൊണ്ടു നീറി നീറി ..."അവളൊന്നു നിർത്തി ശ്വാസം നീട്ടി വിട്ടു..
"എബിനിന്നില്ല മേരി.... പകരം വെറും അസ്ഥിക്കൂടം മാത്രം.. അവനിന്നു കാത്തിരിക്കുവാണ്...തന്റെ കഴുത്തിൽ വീഴുന്ന കയറും കാത്ത്.. അതിനു മാത്രേ ഇനി എന്റെ മോന് രക്ഷപ്പെടുത്താൻ ആവു.. അവൻ പോട്ടെ മേരി.. എനിക് വയ്യ .. ഇനിയും അവൻ നീറുന്നതു കാണാൻ...അവൻ ചെയ്ത തെറ്റിനു അവൻ ശിക്ഷ അനുഭവിച്ചേ തീരു.. അതവന്റെ മനസ്സിന് മോക്ഷം കിട്ടുമെങ്കിൽ , അതാണ് ഇന്ന് ഞാൻ ആഗ്രഹിക്കുന്നത്...."
അതു പറയുമ്പോൾ മരിയയുടെ കണ്ണിൽ നിന്നും വെള്ളം ഒഴുകിയെങ്കിലും.. അവരുടെ കണ്ണിൽ നിഴലിച്ച ആശ്വാസം.. അവരുടെ വാക്കിൽ നിറഞ്ഞു നിന്നു..
ഒരമ്മ ഇങ്ങിനെ പറയണമെങ്കിൽ...അവരുടെ ഉള്ളിന്റെ ഉള്ളിൽ അവരുടെ വിങ്ങൽ....
മുന്നിലിരിക്കുന്ന മരിയയുടെ തലയിൽ തലോടി ആശ്വസിപ്പിക്കാൻ കൈകകൾ തരിച്ചു...
കുറ്റബോധം പേറിയ ജീവിതത്തെക്കാൾ വലിയ ദുരിതം മറ്റൊന്നുമില്ല..കടന്നുപോയതെല്ലാം തിരിച്ചു കിട്ടില്ലെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കുന്ന വേദനയിൽ മുങ്ങിയ ജീവിതം.
പക്ഷെ....ചേതനയറ്റ തന്റെ മോളുടെ മുഖം.....ഓർക്കുമ്പോൾ.
"ഇറങ്ങി പോകുന്നുണ്ടോ ഇവിടുന്ന്...
എന്റെ കുഞ്ഞിനെ കൊന്നതും പോരാ..പിന്നേം വന്നിരിക്കുന്നു...."
ചാടിയെഴുന്നേറ്റു അലറികൊണ്ടു മേരി അതും പറഞ്ഞു അകത്തേക്കോടി...കുരിശിൽ കിടക്കുന്ന കർത്താവിന്റെ മുന്നിൽ പോയി വീണു...
'വയ്യ കർത്താവേ..
നിന്നെപോലെയാവാൻ വയ്യ.. ശത്രുക്കളെ സ്നേഹിക്കാൻ പറഞ്ഞ നിന്നെപ്പോലെയാവാൻ ...
ഞാൻ അവളെ പെറ്റയമ്മയല്ലേ..."
പുറകിൽ മറ്റൊരു എങ്ങലടി കേട്ടു...
മേരിയുടെ കാൽക്കൽ കമിഴ്ന്നുവീണ് പൊട്ടിക്കരഞ്ഞ്..മരിയ....
"ഞാൻ മാപ്പു ചോദിക്കുന്നു...എന്റെ കുഞ്ഞിന് വേണ്ടി...ഞാൻ പ്രസവിച്ച എന്റെ രക്തത്തിനു വേണ്ടി....ഒന്നു ക്ഷമിച്ചൂടെ അവനോട്....കഴുമരത്തിൽ കേറുമ്പോഴെങ്കിലും അവനൊന്നു സ്വസ്ഥമായി മരിക്കട്ടെ!"
മറുപടി പറയാനാവാതെ മേരി മരിയയെ കെട്ടിപിടിച്ചു വാവിട്ടു കരഞ്ഞു...
രണ്ടു ഗർഭപാത്രങ്ങളുടെ അലമുറയിട്ടുള്ള കരച്ചിൽ കേട്ട്....
കുരിശിൽ കിടക്കുന്ന യേശുക്രിസ്തു ..കരുണയോടെ അവരെ നോക്കി കൊണ്ടു കിടന്നു...

By: Shabana Felix

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot