നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓണവും പെരുന്നാളും

Image may contain: 1 person


ആരു പറഞ്ഞു നമ്മള്‍ കേരളയീര്‍ക്ക് ഈ പ്രാവശ്യം ഓണവും പെരുന്നാളുമില്ലെന്ന്. കേരളീയര്‍ ഓണവും പെരുന്നാളും മറ്റേത് വര്‍ഷത്തേക്കാളും ആഘോഷിച്ചത് ഈ നാളുകളിലായിരുന്നു.
നമ്മള്‍ പുതു വസ്ത്രം എടുത്തിരുന്നു. പക്ഷെ അത് അണിഞ്ഞത് നമ്മള്‍ ആയിരുന്നില്ല.. പേരു പോലും അറിയാത്ത മറ്റാരൊക്കെയോ അതണിഞ്ഞു... നമ്മള്‍ സദ്യ ഒരുക്കിയിരുന്നു... പക്ഷെ അത് നമ്മള്‍ കഴിച്ചില്ല , കഴിച്ചത് മറ്റ് പലരുമായിരുന്നു... നമ്മളൊരു പാട് ഓണ സമ്മാനങ്ങള്‍ പെരുന്നാള്‍ കിറ്റുകള്‍ ഒരുക്കി... പക്ഷെ അത് നമ്മള്‍ നമ്മുടെ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കൊ കൊടുത്തില്ല... അര്‍ഹരായ മറ്റ് പലര്‍ക്കും കൊടുത്തു. ഉറ്റവര്‍ക്ക് കൊടുക്കാനായി വെച്ച പെരുന്നാള്‍ പൈസയും, ഓണക്കൈനീട്ടവും നമ്മള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് നല്‍കി ആഘോഷങ്ങള്‍ പൊടി പൊടിച്ചു.
ഓണത്തിന്റെ മുഖ മുദ്രതന്നെ മനുഷ്യരെല്ലാരും ഒന്നു പോലെ യെന്നതാണല്ലോ... ഈ കാലയളവില്‍ ഇവിടെ മനുഷ്യരെല്ലാരും ഒരേ മനസ്സും ഒരേ മെയ്യുമായി ഒത്തൊരുമിച്ചും പരസ്പരം കൈ കോര്‍ത്ത് പിടിക്കുകയായിരുന്നു..... മൂന്നാമതടി ചോദിച്ചപ്പോള്‍ സ്വന്തം ശിരസ് കുനിച്ച് കൊടുത്ത മാവേലിയെ പോലെ ബോട്ടിലേക്ക് കയറാന്‍ തങ്ങളുടെ മുതുക് കുനിച്ച് കൊടുത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു ചിലര്‍. പ്രാണനേക്കാള്‍ താന്‍ സ്‌നേഹിച്ച മകനേയും ഭാര്യയേയും ഉപേക്ഷിച്ച് പോന്ന ത്യാഗത്തിന്റെ സ്മരണയെന്നോണം ആകെയുണ്ടായിരുന്ന സമ്പത്ത് ദുരിതാശ്വാസ നിധിയിലേക്ക് ധാനം ചെയ്ത് കാലങ്ങളായി കൂട്ടി വെച്ച ചില്ലറതുട്ടുകള്‍ ഇത് മുഖ്യമന്ത്രിക്ക് എത്തിച്ച് കൊടുക്കണമെന്ന് പറഞ്ഞ കുരുന്നുകള്‍, ആകെ കിട്ടുന്ന പെന്‍ഷന്‍ തുക ഈ ലക്ഷ്യത്തിലേക്ക് സംഭവാന ചെയ്തവര്‍, സ്വന്തം ജീവന്‍ കൊടുത്തും നിങ്ങളെ ഞങ്ങള്‍ മാറോട് ചേര്‍ത്തു പിടിക്കുമെന്ന് പറഞ്ഞ ചിലര്‍.... അവരെല്ലാം ഓണവും പെരുന്നാളും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു.
ഓണപൊട്ടന്റേയും മാവേലിയുടേയും വേഷം കെട്ടി സമാഹരിച്ച തുക ദുരിതാശ്വാസത്തിലേക്ക് സംഭവാന ചെയ്ത് നമ്മള്‍ ഓണം ആഘോഷിച്ചു.. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ഇരിക്കേണ്ട പലരും ആരുടേതെന്ന് പോലുമറിയാത വീടുകള്‍ ശുദ്ധീകരിക്കുന്നതിലുള്ള അശാന്ത പരിശ്രമത്തില്‍ ശരീരം മുഴുക്കെ ചെളി പറ്റി നില്‍ക്കുകയായിരുന്നു. അവിടെ നമ്മള്‍ കണ്ടത് നാമൊന്ന് എന്ന ഓണോഘോഷമായിരുന്നു... ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ചരിത്രാവര്‍ത്തനമായിരുന്നു.
മാനവികതയുടെയുടെയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും ആഘോഷമായിരുന്നു ഈ കാലയളവില്‍ നമ്മള്‍ കണ്ടത്. ഇനിയെത്ര ഓണവും പെരുന്നാളും വന്നാലും അക്ഷരാര്‍ത്ഥത്തില്‍ നമ്മളിപ്പോള്‍ ആഘോഷിച്ചത് പോലെ വരില്ല ആ ഓണവും പെരുന്നാളും ഒരു കാലത്തും. അത് കൊണ്ട് ആഘോഷങ്ങള്‍ തുടരട്ടെ...... ഏവര്‍ക്കും എന്റെ ഹൃദ്യമായ പെരുന്നാള്‍- ഓണാശംസകള്‍...
അജ്മല്‍ സി.കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot