
******* ****** ****** *****
സുഖമുള്ളൊരു സ്വപ്നത്തിന്റെ അവസാന നിമിഷത്തിൽ ആയിരുന്നു, മേശപ്പുറത്തെ മൂലയിൽ ബുക്കുകൾക്കിടയിൽ കിടന്ന അലാറം നിർത്താതെ കരഞ്ഞത്. കയ്യെത്തിച്ചു നിർത്താൻ നോക്കിയിട്ടും എത്താഞ്ഞപ്പോൾ അവൾ പതിയെ തല ഉയർത്തി മേശമേലേക്ക് നോക്കി. എഴുന്നേല്പിച്ചെ അടങ്ങൂ എന്ന വാശിയിൽ അലാറവും ശബ്ദിച്ചു കൊണ്ടിരുന്നു.
എന്നും ഉണരുന്നതിനേക്കാൾ ഒരു മണിക്കൂർ മുന്നേ അവൾ ഉണർന്നിരിക്കുന്നു. കുറച്ചു മണിക്കൂറുകൾക്കപ്പുറം എടുക്കാനുള്ള ഒരു വലിയ തീരുമാനം അവളെ ഉണരാൻ നിര്ബന്ധിതയാക്കുകയായിരുന്നു.
എഴുന്നേറ്റ് കട്ടിലിനോരം ചേർന്നുള്ള കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ക്ഷീണം അവളുടെ മുഖത്തെ വല്ലാതെ ബാധിച്ച പോലെ. നീര് വെച്ചു ഇറുങ്ങിയ കണ്ണുകൾ അവളുടെ അസ്വസ്ഥമായ രാവിന്റെ ആഴം വിളിച്ചറിയിച്ചു. അഴിഞ്ഞ നേർത്ത നീളൻ ചെമ്പൻ മുടി ഫാനിന്റെ കാറ്റിൽ അനുസരണയില്ലാതെ പാറിക്കളിച്ചു കൊണ്ടിരുന്നു.
ആരവങ്ങൾ അടങ്ങിയ ഉത്സവപറമ്പു പോലെ നിശ്ശബ്ദമായിരുന്നു അവളുടെ മനസ്സും, ആ മുറിയും. കൃഷ്ണയെന്ന കൃഷ്ണവേണിക്ക് ഇന്ന് പതിനെട്ട് തികയുന്നു. ഒപ്പം തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും കിട്ടിയിരിക്കുന്നു. ഇനി...??
കണ്ണാടിക്കു മുന്നിലായി അവളെ നോക്കിച്ചിരിക്കുന്ന ഒരു ഫാമിലി ഫോട്ടോ. അതിൽ ഡോക്ടർ ജയദീപനും, പ്രൊഫസർ പ്രഭാ ജയദീപനും പിന്നെ കുഞ്ഞു ചിരിയോടെ കൊച്ചു കൃഷ്ണയും. അവൾ ഫോട്ടോ എടുത്തു കിടക്കയിലേക്ക് വന്നിരുന്നു.
'എവിടെ ആയിരുന്നു എനിക്കിവരെ നഷ്ടമായത്, എന്തിനായിരുന്നു ഇവർ എന്നെ ദൂരേക്ക് മാറ്റി നിർത്തിയത്.' അവൾക്ക് ചുറ്റിലും ഇന്നലെകൾ വന്നു നിറഞ്ഞു.
'പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു അഞ്ചു വയസ്സുകാരിക്ക് അച്ഛനെയും അമ്മയെയും നഷ്ടമാകുന്നു. മകൾക്ക് വേണ്ടി തർക്കിച്ചു കൊണ്ട് കോടതി വരാന്തയിൽ കണക്ക് പറച്ചിലുകൾ നടത്തുമ്പോൾ അകത്ത് കോടതി ആ അഞ്ചു വയസ്സുകാരിയുടെ നിമിഷങ്ങളെ രണ്ട് പേർക്കുമായി വീതം വെക്കാൻ ഒരുങ്ങുകയായിരുന്നു. ഒരുപാട് തവണ കൗണ്സിലിംഗ് എന്നും പറഞ്ഞു മണിക്കൂറുകൾ കോടതി വരാന്തകളിൽ രണ്ടു പേരുടെയും കൂടെ മാറി മാറി പല ദിവസങ്ങൾ ഇരിക്കുമ്പോൾ കൊഴിഞ്ഞു പോയത് ആ കുഞ്ഞു ബാല്യത്തിലെ നല്ല നിമിഷങ്ങൾ ആയിരുന്നു.
ഏതോ ഓർമ്മയുടെ പൊള്ളല്ലിൽ അവൾ നീറിപ്പിടഞ്ഞു കൊണ്ട് ഫോട്ടോ വലിച്ചെറിഞ്ഞു, കിടക്കയിലേക്ക് വീണു.
"കൃഷ്ണാ, എന്താ, എന്താ ഉണ്ടായത്. ശബ്ദം കേട്ട് ഓടി വന്ന സ്നേഹ കണ്ടത് കിടക്കയിൽ കിടന്ന് പൊട്ടിക്കരയുന്ന കൃഷ്ണയെയാണ്.
"സ്നേഹ, ഞാനില്ല എങ്ങോട്ടേക്കും.ഒരു തീരുമാനവും എനിക്ക് എടുക്കേണ്ട" അവൾ നിഷേധാർത്ഥത്തിൽ തല കുലുക്കി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു
"എന്താ..എന്തു തീരുമാനം, എനിക്കൊന്നും മനസിലായില്ല. അമ്മ വിളിച്ചോ നിന്നെ, അതോ അച്ഛനോ. നീ കരയാതെ കാര്യം പറയ്"
"എനിക്ക് പതിനെട്ട് വയസ്സ് ആയാൽ എന്നോട് തീരുമാനം എടുക്കാൻ പറഞ്ഞിട്ടുണ്ട്, ആരെ വേണം എനിക്കെന്നു. ഇന്നാണ് ആ ദിവസം. ഇന്നലെ അമ്മ വിളിച്ചിരുന്നു, അമ്മയെ തോല്പികരുത് എന്നു പറഞ്ഞും കൊണ്ട്, അച്ഛനും വിളിച്ചു അച്ഛന്റെ മോള് അച്ഛന്റെ കൂടെ വരണേ എന്നും പറഞ്ഞു. ഞാനെങ്ങനെയ കോടതിയിൽ ഒരാളെ വേണ്ടെന്നു പറയുന്നത്,എനിക്ക് രണ്ടു പേരും വേണം സ്നേഹ. എന്റെ അച്ഛനുമമ്മയുമല്ലേ. കഴിഞ്ഞ ഇത്രയും വർഷങ്ങളിൽ എനിക്ക് കിട്ടാതിരുന്ന, അല്ല കണക്ക് പറഞ്ഞു വീതിച്ചു തന്ന, സ്നേഹം അതു എനിക്ക് മുഴുവനായും വേണം, രണ്ടു പേരുടെയും കൈയ്യിൽ എനിക്ക് ജീവിക്കണം." അവൾ ഇടതടവില്ലാതെ കരഞ്ഞു കൊണ്ടിരുന്നു
"പക്ഷെ, സ്നേഹ അതു, അതു നടക്കില്ല എനിക്കറിയാം, അങ്ങനെയൊരു തീരുമാനം ഏതു കോടതിക്ക് വേണം. വിവാഹമോചനം നേടിയ ഏത് ദമ്പതിമാർക്ക് വേണം. ഇല്ല ഒന്നും ഒന്നും ചെയ്യാനാവില്ല,ആർക്കും ഒന്നും തിരിച്ചു തരാൻ ആവില്ല"
കിതപ്പോടെ കട്ടിലിലെ ബെഡ്ഷീറ്റ് തെരുപ്പിടിച്ചു കൃഷ്ണ പറഞ്ഞു കൊണ്ടേ ഇരുന്നു. കൃഷ്ണയുടെ ഭാവമാറ്റം സ്നേഹയെ ഒട്ടൊന്നു പേടിപ്പിച്ചു.
"എങ്കിൽ നീ പോവേണ്ട കൃഷ്‌ണാ.. അതല്ലേ നല്ലത്.
"പോവണം. എന്റെ തീരുമാനം അറിയിക്കണ്ടേ ഞാൻ. "
"ഞാൻ വരണോ കൂടെ."
"വേണ്ട, നീ ക്ലാസ് മിസ്സാക്കേണ്ട. പൊയ്ക്കോ."
പത്തു മണിക്ക് കൃഷ്ണ താമസിക്കുന്ന വീടിന്റെ മുറ്റത്തേക്ക് എത്തിയത് ജയദീപന്റെ കാർ ആയിരുന്നു, തൊട്ടു പിന്നാലെ പ്രഭയുടെ കാറും എത്തി. അപരിചിതരെ പോലെ അവർ ആ വീടിനുള്ളിലേക്ക് കടന്നു.
"നിങ്ങളെന്താ ഇവിടെ?" പ്രഭയായിരുന്നു ചോദ്യം തുടങ്ങിയത്, രോഷത്തോടെയുള്ള ചോദ്യം
"അവൾ വിളിച്ചു, ഞാൻ വന്നു"
"കള്ളം അവൾ എന്നെയാ വിളിച്ചത്. പ്രഭ കുറച്ചു ശബ്ദമുയർത്തി പറഞ്ഞു.
"അവളെ വിളിക്ക്. ചോദിച്ചു നോക്ക്"
മുകളിലെ മുറിയിലേക്ക് കയറുമ്പോൾ അവളുടെ തീരുമാനം അറിയാനുള്ള ആകാംക്ഷ അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു.
കൃഷ്ണയുടെ മുറിക്ക് മുന്നിൽ ആര് ആദ്യം കയറുമെന്ന ചോദ്യഭാവത്തോടെ രണ്ട് പേരും ഒട്ടൊന്ന് നിന്നു, ഏറെ വാതിലിൽ മുട്ടിയിട്ടും കൃഷ്ണ വിളികേൾക്കാഞ്ഞിട്ടു വാതിൽ തള്ളി തുറന്നു കയറിയ അവരെ സ്വീകരിച്ചത് തൂങ്ങിയാടുന്ന രണ്ട് കാലുകൾ ആയിരുന്നു. നിലവിളിയോടെ താഴേക്ക് വീഴാൻ തുടങ്ങിയ ഭാര്യയെ അയാൾ ചേർത്ത് പിടിച്ചു.
വൈകീട്ടോടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി. അകത്തെ മുറിയിൽ ഭർത്താവിന്റെ തോളിൽ ചാരി പ്രഭയിരിക്കുന്നുണ്ടായിരുന്നു.
കൈയ്യിൽ ചുരുട്ടിപിടിച്ച കടലാസ് അയാൾ അവൾക്ക് നേരെ നീട്ടി. വിറയ്ക്കുന്ന കൈയ്യോടെ ആ എഴുത്തിലേക്ക് അവൾ കണ്ണോടിച്ചു.
"അമ്മയ്ക്കും അച്ഛനും തോറ്റു പോയൊരു മകൾ എഴുതുന്നത്
നിങ്ങളിപ്പോൾ ഒന്നിച്ചാകുമെന്നു പ്രതീക്ഷിക്കുന്നു. രണ്ടു പേരെയും വേണമെന്ന എന്റെ ആഗ്രഹം ഇനി നടക്കില്ല എന്നറിയാം. നിങ്ങളിൽ ഒരാളെ നഷ്ടപ്പെട്ടു ജീവിക്കാനും വയ്യ. നിങ്ങളുടെ ഈഗോയും തിരക്കുകളും ഇല്ലാതാക്കിയത് എന്റെ ബാല്യവും കൗമാരവും ആയിരുന്നു. എന്നെ നിങ്ങൾ വെറുമൊരു കളിപ്പാട്ടം പോലെ ഒരിടത്ത് നിന്നു മറ്റൊരിടത്തേക്ക്, അവിടെ നിന്ന് തിരികെയും കൊണ്ടു ചെന്നു . അപ്പോഴൊക്കെ കരയുന്ന എന്നെ ഒന്നു ആശ്വസിപ്പിച്ചു പോലും ഇല്ല. ജയിക്കാനായി നിങ്ങൾ കണക്കുകൾ നിരത്തുമ്പോൾ തോറ്റ് പോകുന്ന ജന്മമുണ്ടായിരുന്നു, നിങ്ങളെ വിശ്വസിച്ചു ഈ ഭൂമിയിലേക്ക് വന്ന ഈ ഞാൻ. അറിയാം ആർക്കും നിങ്ങളെ ഒന്നിപ്പിക്കാൻ കഴിയില്ലെന്ന്, പക്ഷെ എനിക്ക് നിങ്ങളില്ലാതെ ജീവിതവും ഇല്ല. ഞാൻ പോവുകയാണ് എന്റെ മരണമെങ്കിലും നിങ്ങളെ ഒന്നിപ്പിക്കണേ എന്നു ആഗ്രഹിച്ചു കൊണ്ട്. നിങ്ങൾ രണ്ടു പേരും തോൽക്കേണ്ട, ഞാൻ തോൽക്കുകയാണ്, എന്നെന്നേക്കുമായി.
എന്നു സ്വന്തം കൃഷ്ണ
ആ കത്ത് അവരുടെ കൈയ്യിൽ ഇരുന്നു വിറച്ചു, വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി അവർ ആ റൂമിൽ ഇരിക്കേ, പുറത്തപ്പോൾ കൃഷ്ണ ഉറങ്ങാൻ തുടങ്ങിയ മണ്ണിനു മുകളിൽ കനൽ ചൂടേറ്റ് ചെമ്പകപൂക്കൾ വാടി വീഴുന്നുണ്ടായിരുന്നു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക