
*************
അന്നും ആ ഗ്രാമം പതിവ് പോലെ തന്നെ ആയിരുന്നു. നരച്ച ആകാശവും, പൊടി പാറുന്ന പാതകളുമായിട്ടു തന്നെയായിരുന്നു ആ ദിവസത്തെയും എതിരേറ്റത്.. ആർക്കും മാറ്റങ്ങൾ ഇല്ലായിരുന്നു. മാറ്റം എന്നത് അയാളിൽ ആയിരുന്നു. അയാൾക്ക് മാത്രമായിരുന്നു..
അതിരുകൾ തിരിച്ച പറമ്പിൽ ആ വലിയ മുറ്റമുള്ള, ഓടിട്ട ചെറിയ വീടിന്റെ അരഭിത്തിയിൽ അയാൾ അലക്ഷ്യമായ നോട്ടവുമായി ആ ഇരിപ്പ് തുടങ്ങിയിട്ട് നേരമേറെ ആയി... അയാളുടെ ചുറ്റിലും കനം പിടിച്ച മൗനം നിറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
മുറ്റത്തെ വലിയ മാവിൻ ചോട്ടിൽ ഇലകൾ കൊഴിഞ്ഞു കിടപ്പുണ്ട്. മഴപെയ്തു നിറഞ്ഞു ഇലകൾ ആകെയും നനഞ്ഞു കുതിർന്നു നിൽക്കുന്നു. താൻ നട്ട മാവ്. ഇന്നത് വളർന്നു പന്തലിച്ചു. പതിനാല് വയസ്സിൽ സ്വന്തം നാട് ഉപേക്ഷിച്ചു ഈ മലയോരത്ത് എത്തുമ്പോൾ കൈയ്യിൽ ഉണ്ടായത് അധ്വാനിക്കാനുള്ള മനസ്സ് മാത്രം.
ഓർമ്മകളെ കുടഞ്ഞെറിഞ്ഞു അയാൾ മുറ്റത്തേക്ക് ഇറങ്ങി. മലയിറങ്ങി താഴേക്ക് കാട് പിടിച്ച വഴിയിലൂടെ ടൌൺ ലക്ഷ്യമാക്കി നടക്കുമ്പോൾ അയാളുടെ മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങൾ ഉരുതിരിഞ്ഞിരുന്നു. അതിന്റെ പ്രതിഫലനം അയാളുടെ വലിഞ്ഞു മുറുകിയ മുഖത്തുണ്ടായിരുന്നു.
പ്രായം അറുപതിനോടടുത്തെങ്കിലും സേവിച്ചന്റെ ശരീരത്തിൽ പ്രായം മാറ്റം കൊണ്ടു വരാൻ മടിച്ചത് പോലെ. ബലിഷ്ടമായ കൈകളും ഗൗരവം മുറ്റിയ മുഖവും, കട്ടിപുരികവും, തുറിച്ച നോട്ടവും അയാളെ ഒരു ക്രൂരൻ എന്ന ഭാവം നൽകി. അതു കൊണ്ട് തന്നെ നാട്ടുകാർ ഒരകലം എന്നും പാലിച്ചിരുന്നു.
കവലയിൽ എത്തി അവിടെ നിന്നും പള്ളിയിലേക്ക് പോകുമ്പോൾ അയാളുടെ ലക്ഷ്യം ഫാദർ ഡൊമിനിക്ക് ആയിരുന്നു.
ആളുകൾ ഒഴിഞ്ഞ പള്ളിയിൽ കർത്താവിനു മുന്നിൽ അയാൾ അന്നാദ്യമായി മുട്ടുകുത്തി. കണ്ണുകളടച്ചു മനസ്സ് കർത്താവിൽ അർപ്പിച്ചു പ്രാര്ഥിക്കുമ്പോഴും അയാളുടെ മനസ്സ് അനുസരണയില്ലാതെ ഓർമ്മകളുടെ പിന്നാമ്പുറത്തേക്ക് ഓടുന്നുണ്ടായിരുന്നു.
കഴിഞ്ഞ നാല്പത്തിമൂന്ന് വർഷം ഒരു തിരശ്ശീലയിൽ എന്ന പോലെ ഉള്ളിൽ തെളിയുകയായിരുന്നു..
ജോലി തേടി ഒടുവിൽ ഈ നാട്ടിൽ എത്തിയത്. അന്നുണ്ടായിരുന്ന ചെറിയ പള്ളിയുടെ മുറ്റത്തേക്ക് വിശന്നു കയറി വന്നത്, ഒടുവിൽ അന്തോണിയച്ചൻ തന്ന അന്നത്തിൽ നിന്നും ജീവനും ജീവിതവും തിരിച്ചു പിടിച്ചത്, ഒടുവിൽ യുവത്വത്തിൽ അന്നയെന്ന പെണ്ണിനെ മിന്നു കെട്ടി ഗൃഹസ്ഥൻ ആയത്.
അന്തോണിയച്ചന് ദയ തോന്നി കിട്ടിയ ഒരേക്കർ ഭൂമിയിൽ നിന്നായിരുന്നു ജീവിതം തുടങ്ങിയത്. ചോര നീരാക്കി അധ്വാനിച്ചു, നിഴൽ പോലെ അന്നയും കൂടെ നിന്നു. പരസ്പരം താങ്ങും തണലുമായി അഞ്ച് മക്കളെയും നെഞ്ചോട് ചേർത്ത് സ്വർഗ്ഗതുല്യമായ ജീവിതമായിരുന്നു അന്ന്. തനിക്ക് കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും മക്കൾക്ക് നൽകാൻ താൻ ശ്രമിച്ചിരുന്നു. എല്ലാരും വിദേശങ്ങളിലേക്ക് ജോലിയുമായി പോകുമ്പോൾ അന്ന പരിഭവം പറയുമായിരുന്നു. അപ്പോഴും താൻ മക്കളുടെ ഉയർച്ചയിൽ അഭിമാനം കൊണ്ടു.
എല്ലാം നഷ്ടമാകാൻ തുടങ്ങിയത് അന്നത്തെ ആ കർക്കടകപെയ്ത്തിലെ പേമാരിയിൽ ആയിരുന്നു. ഉരുൾപൊട്ടലിൽ വീടും കൃഷിയും ഒപ്പം തന്റെ അന്നയും ഇല്ലാതായി.
വർഷങ്ങൾക്കിപ്പുറം പിന്നീടെപ്പോഴോ അറിയുകയായിരുന്നു, താൻ ഒരു ഭാരമാകുകയായിരുന്നു മക്കൾക്ക് എന്നു.. സ്വത്തുക്കൾ തന്നേക്കൂ ഞങ്ങൾ പോകാം എന്ന് പറയുമ്പോൾ അപ്പനെ വേണമെന്ന് ഒരു മക്കളും പറഞ്ഞില്ല.. അതെങ്ങനെയാ തന്നെ വേണ്ടവൾ കല്ലറയിൽ അല്ലലില്ലാതെ ഉറക്കമല്ലേ..
സേവിച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനു സാക്ഷിയായി കർത്താവ് കുരിശിൽ നോവേറി കിടന്നു.
"സേവിച്ചൻ നേരത്തെ എത്തിയോ, ഞാൻ കുറച്ചു തിരക്കിലായിപ്പോയി" ഫാദർ ഡൊമിനിക്കിന്റെ ശബ്ദം അയാളെ ഒന്നു ഞെട്ടിച്ചു
"ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, എന്താ സേവിച്ചാ പതിവില്ലാതെ ഈ പള്ളിയിലേക്ക്. അന്ന പോയതിൽ പിന്നെ താൻ ഇങ്ങോട്ട് വരാറില്ലല്ലോ"
"തോറ്റ് പോയി അച്ചോ ഞാൻ. ഈ മണ്ണിൽ എന്റെ ചോരയും നീരും ഒഴുക്കി ഞാൻ സമ്പാദിച്ചതൊക്കെ വെറുതെ ആയി. എല്ലാ സൗകര്യവും കൊടുത്തു ഞാൻ മക്കളെ വളർത്തുമ്പോൾ അന്ന പറഞ്ഞിരുന്നു എന്നോട്, കഷ്ടപ്പാട് അറിയിച്ചു മക്കളെ വളർത്തണം എന്നു. ഞാനതൊന്നും കാര്യമാക്കിയില്ല. ഇന്നിപ്പോ അവർ എന്നാത്തിനാ അച്ചോ കടിപിടി കൂടുന്നെ. എന്റെ സ്വത്തിനോ, ചത്താൽ കൂടെ കൂട്ടാൻ പറ്റാത്ത ഈ സ്വത്തിനു തമ്മിൽ തല്ലുന്നത് കാണുമ്പോൾ അന്നയോടൊപ്പം അന്ന് ആ മലവെള്ളപ്പാച്ചിലിൽ ഞാനും കൂടെ ഇല്ലാണ്ടായ മതിയെന്ന തോന്നിപോകുന്നത്."
ശരിയായിരുന്നു അയാൾ പറഞ്ഞത്, നാല്പത്തിമൂന്ന് വർഷം അയാളിൽ നിന്നും കവർന്നത് അയാളുടെ യൗവനവും, അയാളുടെ മനസ്സുമായിരുന്നു. ചിരിക്കാൻ മറന്നവൻ ആയി, ഉള്ളിൽ എരിയുന്ന ആധിയുമായി അഞ്ച് പിള്ളേരുടെ അപ്പനായി മണ്ണ് പൊന്നാക്കുന്ന തിരക്കിലായിരുന്നു അയാൾ. അയാളുടെ നിഴൽ പോലെ നടന്നവൾ അന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇല്ലാണ്ടായി. ഒടുക്കം അന്നയെ ഒഴികെ ബാക്കിയെല്ലാം ഒന്നേന്നു തുടങ്ങി.
കഴിഞ്ഞ ഓരോ കാര്യവും അയാൾ എണ്ണിയെണ്ണി പതം പറഞ്ഞു കരഞ്ഞു. ആ കാരിരുമ്പിൻ ഹൃദയവും ഉള്ളോളം ഉലഞ്ഞിരുന്നു.
ഒരു വലിയ മൗനത്തിനു ശേഷം അയാൾ കൈയിൽ ഇരുന്ന കവർ അച്ഛനെ ഏൽപ്പിച്ചു.
"ഇതു ഇവിടെ ഇരിക്കട്ടെ അച്ചോ. ഞാൻ രണ്ട് ദിവസം കഴിഞ്ഞു ഇവിടേക്ക് വരുമ്പോൾ തന്നാൽ മതി."
അയാളുടെ സമ്പാദ്യത്തിന്റെ പാതി അടങ്ങുന്ന ആ കവർ അച്ചന്റെ കൈയിലിരുന്നൊന്നു വിറച്ചുവോ....
അവിടെ നിന്നും പടിയിറങ്ങുമ്പോൾ ദൂരെ കല്ലറയിൽ ഒരാത്മാവ് അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു, രണ്ട് ദിവസം കഴിഞ്ഞുള്ള അയാളുടെ വരവിനായി...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക