നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാല്യകാലസൗഹൃദങ്ങൾ

Image may contain: 1 person, smiling

•••••••••••••••••••••••••••••••••••
“ണേ ഒരു പെൻസിലു തരുവോ?”
ചോദ്യം ഇത്തിരി ഒച്ച കൂടിയപ്പൊ അവൾ മാത്രമല്ല എഴുതാൻ ബോർഡിനരികിലേക്ക്‌ പോയ ടീച്ചറും തിരിഞ്ഞു നോക്കി.
“ക്ലാസ്സിൽ വരുമ്പോ കഞ്ഞി പാത്രം മാത്രം ഓർത്താ പോരെന്ന് എത്ര വട്ടം പറഞ്ഞാലും മനസ്സിലാകില്ല അല്ലേ”
ടീച്ചറുടെ കണ്ണുകൾ വടി അന്വേഷിക്കുമ്പോൾ,
എന്നെ നോക്കി ചിരിക്കുകയാരുന്നു, കാലത്ത്‌ കടയിലേക്ക്‌ സാധനങ്ങളുടെ കുറിപ്പെഴുതി ‌ ജാലകപടിയിൽ മറന്നു പോയ എഴുതി പാതിയായ പെൻസിൽ.
മൂന്നാമത്തെ പീരിയഡിലെ കണക്ക്‌ മാഷിൽ തുടങ്ങേണ്ടുന്ന “അടിവാങ്ങൽ” ഒന്നാമത്തെ പിരീയഡിലെ മലയാളം ക്ലാസ്സിൽ തന്നെ തുടങ്ങുന്നതിനു ഉള്ളം കൈയ്യെ പാകപ്പെടുത്തുന്നതിനിടയിലാണു വടിയുമായി എന്റെ അരികിലേക്കെത്തുന്ന ടീച്ചറുടെ ഇടയിൽ ഒരു തടസ്സമായി അവൾ എഴുന്നേറ്റ്‌ നിന്നതും
“ഇന്നലെ ഞാൻ വാങ്ങിയതാരുന്നു ടീച്ചർ കൊടുക്കാൻ മറന്നു പോയതാ” എന്നവൾ പറഞ്ഞതും,
“ആ എല്ലാ കള്ളത്തരത്തിനും ചൂട്ട്‌ പിടിക്കാൻ ഇങ്ങനൊരു കൂട്ടുകാരി ഉള്ളത്‌ നല്ലതാ”
ഈർഷ്യയോടെ ടീച്ചർ പാഠഭാഗത്തേക്ക്‌ തിരിഞ്ഞു.
ക്ലാസ്സ്‌ കഴിഞ്ഞ ബെല്ലടിച്ചപ്പൊ കൂട്ടുകാർ ചുറ്റും കൂടി ഏതാണ്ടൊക്കെ വിളിച്ചു പറയുന്നുണ്ടാരുന്നു. അതൊന്നും അവൾക്ക്‌ വലിയ കാര്യമല്ല.
ക്ലാസ്സിൽ പെൻസിൽ മറന്നു വന്നതിൽ കെറുവ്‌ കാട്ടിയെങ്കിലും ജാലകപടിയിൽ മറന്ന പെൻസിലിന്റെ ചിരിയിൽ അവളും ചിരിച്ചു.
അതെ അവൾക്ക്‌ അറിയാം അവളോട്‌ ഞാൻ കളവ്‌ പറയില്ലായെന്ന്.
ഇടക്കൊരു ദിവസം ഇന്റ്‌ർബെല്ലടിച്ച്‌ പുറത്ത്‌ പോയി വരുന്ന വഴിയിൽ ചെരുപ്പില്ലാത്ത കാലിൽ മുള്ള്‌ പോലെ എന്തോ കയറി ഒരു കാൽ ശരിക്ക്‌ നിലത്തുറപ്പിക്കാനാകാതെ നടന്നു വന്ന എന്നെ നോക്കി കൂട്ടുകാർ “ഞൊണ്ടിക്കാലൻ” എന്ന് വിളിച്ചപ്പോളും അവളെന്റെ മുഖത്തെ വേദന അളന്നെടുക്കുകയായിരുന്നു. “എന്ത്‌ പറ്റി” എന്ന് ചോദിച്ചരികിലെത്തുമ്പോഴേക്കും കണക്ക്‌ മാഷ്‌ ക്ലാസ്സിൽ വന്നതിനാൽ അവൾ അവളുടെ സീറ്റിൽ പോയിരുന്നു. എങ്കിലും ഇടക്കിടെ ഉള്ള അവളുടെ തിരിഞ്ഞു നോട്ടത്തിൽ മുള്ളെന്റെ കാലിലാണെങ്കിലും വേദന അവളുടെ മനസ്സിലാണെന്ന് എനിക്കും തോന്നി.
ഉച്ചക്ക്‌ കഞ്ഞിക്ക്‌ വിട്ടപ്പോ മറ്റുള്ളവർ ബഹളം വച്ച്‌ കഞ്ഞിക്ക്‌ ക്യൂ നിൽക്കാൻ ഓടുന്നതിനിടയിലും ആദ്യം അവൾ എന്റെ അരികിലേക്കാണു വന്നത്‌. കാലുയർത്തി ബെഞ്ചിൽ വച്ച്‌ നോക്കി
“അയ്യോ വല്ല്യ മുള്ളാണല്ലൊ, നീ ഇന്ന് കഞ്ഞി വാങ്ങാൻ വരണ്ട ഇനിയും അത്‌ ഉള്ളിലേക്ക്‌ കയറും” എന്നും പറഞ്ഞ്‌ അന്ന് എനിക്ക്‌ കൂടി കഞ്ഞിയും പയറും വാങ്ങി വന്നത്‌ അവളായിരുന്നു.
കഞ്ഞി കുടിച്ച്‌ ‌ കൂട്ടുകാർ കളിക്കാൻ ഗ്രൗണ്ടിലേക്ക്‌ പോയപ്പോൾ അവളെന്റെ ബെഞ്ചിൽ വന്നിരുന്ന് ഒരു ഡോക്ടറുടെ ഗമയിൽ കാൽ ഉയർത്തി ബെഞ്ചിൽ വെക്കാൻ പറഞ്ഞതിനു ശേഷം എന്റെ ഷർട്ട്‌ ഉയർത്തി ട്രൗസറിന്റെ ബട്ടൻസ്‌ ഇട്ട ഭാഗം പരതി നോക്കി കൊണ്ട്‌ ചോദിച്ചു.
“മുള്ളുകുത്തി ഇല്ലേ ഇന്ന്”
അപ്പൊളാണു ഞാനും അതോർത്തത്‌.
“പുതിയ ട്രൗസറാ ഇതിനു പിന്ന് കുത്തണ്ട”
കേട്ട പാതി അവൾ എനിക്ക്‌ പിൻതിരിഞ്ഞിരുന്ന് മുടി മാടി മുന്നിലേക്കിട്ട്‌ പറഞ്ഞു ആ പിന്ന് ഊരി കൊടുക്കാൻ. ഞാൻ വേഗം അവളുടെ ഇളം മഞ്ഞ ബ്ലൗസിന്റെ പൊട്ടിയ ഹൂക്കുകളിലൊന്നിനു പകരക്കാരനായ പിന്നൂരി അവൾക്ക്‌ കൊടുക്കുമ്പോൾ അവളോട്‌ പറഞ്ഞു.
“നിന്റെ പെറ്റിക്കോട്ട്‌ കീറിയല്ലൊ ”
“ആ കീറീട്ടുണ്ട്‌, പഴേതാ”
അവൾ പിന്ന് വാങ്ങി മുള്ള്‌ തിരയാൻ തുടങ്ങി.
എന്റെ കാലിലാണു പിന്നിന്റെ അഗ്രം ആഴത്തിൽ തറിക്കുന്നതെങ്കിലും നൊമ്പരം മുഴുവൻ അവളുടെ കണ്ണുകളിലായിരുന്നു. എന്റെ മുഖത്തേക്ക്‌ നോക്കാതിരിക്കാൻ ശ്രദ്ധിച്ച്‌ ഒരു കൈ കൊണ്ട്‌ എന്റെ കാൽ അമർത്തിപ്പിടിച്ച്‌ മുഖം കോട്ടിയുള്ള അവളുടെ ഭാവം കണ്ടപ്പോൾ എന്റെ വേദന എങ്ങോ മറഞ്ഞു. ഒടുവിൽ ഇത്തിരി നീളമുള്ള മുള്ളെടുത്ത്‌ എന്റെ കൈയ്യിൽ തന്ന് ചോര കിനിയുന്ന മുറിവിൽ വിരൽ കൊണ്ട്‌ ഉമിനീർ തേച്ച്‌ പിന്നെടുത്ത്‌ കൈയ്യിൽ തന്ന് എനിക്ക്‌ നേരെ അവൾ തിരിഞ്ഞിരുന്നു.
മഴയുള്ളൊരു ദിവസം മൂത്രമൊഴിച്ച്‌ തിരിച്ച്‌ വന്ന് കുട മടക്കി ക്ലാസ്സിനു പുറത്തെ മൂലയിലെ ബക്കറ്റിൽ ‌ വെക്കാൻ നേരം ഓടി വന്ന് എന്റെ കുടയിൽ കയറിയ അവൾ എന്നോട്‌ കൂടെ ചെല്ലാൻ പറഞ്ഞു. എന്നെ പുറത്ത്‌ നിർത്തി ബാത്ത്റൂമിൽ പോയി വരുമ്പോൾ
“നിനക്ക്‌ കുടയില്ലേ, എന്താ അതെടുക്കാത്തെ”
എന്ന് ചോദിച്ചപ്പോൾ
“നിന്റെ കുട ഏതായാലും നനഞ്ഞില്ലേ? പിന്നെന്തിനാ എന്റെതും നനക്കുന്നേ”
എന്ന് ചോദിച്ചവൾ എന്നെ ഉത്തരം മുട്ടിച്ചു.
മറ്റൊരു ദിവസം ഉച്ചക്ക്‌ കഞ്ഞിയും പയറും വാങ്ങി ക്ലാസ്സിൽ വന്നപ്പൊ കഞ്ഞി വാങ്ങാൻ പോകാതെ പരുങ്ങി നിന്നവളോട്‌ “എന്തേ” എന്ന് ചോദിച്ചപ്പോൾ “കഞ്ഞിപാത്രമെടുക്കാൻ മറന്നൂ” ന്ന് അവൾ ചമ്മലോടെ പറഞ്ഞു.
അന്ന് അവളും ഞാനും ഒരു ബെഞ്ചിൽ കാലുകൾ ഇരു വശങ്ങളിലുമിട്ട്‌ നടുവിലെ സ്റ്റീൽ പാത്രത്തിൽ നിന്ന് ഒരു സ്പൂൺ കൊണ്ട്‌ മാറി മാറി കഞ്ഞിയും പയറും കഴിക്കുമ്പോൾ ഇടക്ക്‌ ക്ലാസ്സിലേക്ക്‌ കയറി വന്ന മലയാളം ടീച്ചർ
“വൈകീട്ട്‌ വീട്ടിൽ പോകുമ്പോളും കൂടെ കൂട്ടിക്കോ”
എന്ന് അവളോട്‌ ചിരിച്ച്‌ കൊണ്ട് പറഞ്ഞപ്പോൾ
“അത്‌ വലുതായാൽ ഞങ്ങൾ കല്ല്യാണം കഴിച്ചാൽ കൂട്ടിക്കൊള്ളാം”
എന്ന അവളുടെ മറുതല കേട്ട്‌ ടീച്ചർ മൂക്കത്ത്‌ വിരലും വച്ച്‌ നടന്ന് പോയി.
“അല്ലേലും ഇപ്പൊ വീട്ടിൽ കൂട്ടിയാൽ വീട്ടിൽ കിടക്കാൻ സ്ഥലമില്ല ഇല്ലേൽ ഞാൻ കൂട്ടുമായിരുന്നു”
എന്ന് പറഞ്ഞ അവളോട്‌ ഞാനും നിസ്സഹായതയോടെ പറഞ്ഞു
“ഒരു മുറിയിൽ നാലാളാണു ഞങ്ങളും അവിടെ ഞങ്ങൾക്ക്‌ തന്നെ കിടക്കാൻ സ്ഥലമില്ലാന്ന്.”
കൊല്ലപരീക്ഷ കഴിഞ്ഞ്‌ സ്കൂൾ അടക്കുമ്പൊ അവൾ എന്നോട്‌ പറഞ്ഞു. വലിയ സ്കൂളിൽ പോകുമ്പോ
“നിന്റെ തൊട്ട്‌ മുന്നിലെ ബഞ്ചിൽ ഒരു സീറ്റ്‌ എനിക്ക്‌ പിടിക്കാൻ മറക്കരുതേഡാ” ന്ന്
“എന്നിട്ട്‌”
ഉറങ്ങിയെന്ന് കരുതി നെഞ്ചിൽ ചാരി കിടന്ന മകളെ എടുത്ത്‌ ചുമലിലേക്കിടാൻ നേരം അവൾ ചിണുങ്ങി.
“മോളുറങ്ങീല്ലേ”
“ഇല്ലച്ഛാ എന്നിട്ട്‌, ബാക്കി പറ”
“ബാക്കി ഇനി അമ്മ പറഞ്ഞു തരും.”
എന്റെ ചുമലിൽ നിന്ന് അമ്മയുടെ ചുമലിലേക്ക്‌ മാറി ചായുമ്പോൾ അമ്മയുടെ മുഖത്തെ പുഞ്ചിരിയിൽ അവൾ ആ കഥയുടെ ബാക്കിക്കായി ചെവി കൂർപ്പിച്ച്‌ കാത്തിരിക്കുന്നുണ്ടായിരുന്നു...
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot