Slider

ഒറ്റക്ക് പാടുന്നവൻ

0
Image may contain: 2 people, people smiling, selfie and closeup

................................
കർക്കിടകത്തിൽ പത്ത് ഒണക്കൊണ്ടാവും. ആ ഒണക്കുകളിലൊന്നിൽ,പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനായി, ഞാറക്കലെ മുറ്റം ചെത്തിമിനുക്കലായിര്ന്ന് ഇന്നത്തെ പണി.
പണി തീർത്ത് തൂമ്പയും, ചവറു വരണ്ടിയും, മമ്മട്ടിയും പറമ്പീന്നെട്ത്ത് പെരേടെ എറമ്പിലേക്ക് വയ്ക്കവെയാണ് മഴ ആർത്തലച്ചോടി വന്നത്.
ഞാനപ്പിടീം നനഞ്ഞ്.
നെറുകേ രണ്ട് തൊള്ളി വെള്ളം നിന്നാലപ്പം ജലദോഷോം തുമ്മലും വരും.
എന്റെ മിശിഹായേ,മേലാഴിക ഒന്നും വരുത്തല്ലേ, വേലേടുക്കാനുള്ള ആരോഗ്യം തരണേ.ഓണമാ വരുന്നത്. എന്തോരം ചെലവ്ളളതാ. അതിന്റെടേ ഉണ്ണികൃഷ്ണൻ ഡോക്ടറുടടുത്തേക്ക് ഓടണ്ടി വരല്ലേ.
" എന്നതാ മോനച്ചാ, എങ്ങോട്ടോടുന്ന കാര്യാ നീ പറയുന്നത്?"
ഓ! പലിശക്കാരൻ രാജപ്പനാണ്.
ഹും! അവന്റൊരിളി.ഇവനോടൊന്നും മറുപടി പറയാൻ പോകണ്ട.
നനഞ്ഞ പുല്ലിമ്മേല് ചെരിപ്പിടാത്ത പാദം അമർത്തി ചവുട്ടി വേഗത്തിൽ ഞാൻ നടന്നു.
ഞാൻ തന്നത്താൻ വർത്താനം പറയുമെന്നാ എന്നെപ്പറ്റീള്ള ആക്ഷേപം.
എനിക്ക് പിരിയാണെന്നാ ഇവറ്റോള് പറേണത് .
ശ്ശെടാ ! ഞാൻ എന്നോട് വർത്താനം പറേന്നതിന് ഇവമ്മാർക്കെന്നാ?
പണിയെടുക്കാതെ, കുടിച്ച് പൂസായി, കണ്ടടം നെരങ്ങി നടക്കുന്നില്ലല്ലോ ഞാൻ.
എന്റെ കാര്യങ്ങൾ ഇവമ്മാരോട് പറഞ്ഞാ ഇവമ്മാര് എന്നെ സഹായിക്കുവാ.?
ഇല്ല, അപ്പപ്പിന്നെ എന്നാ കാര്യത്തിനാ ഇവമ്മാരോട് പറേണത് ?
സർക്കാറ് പള്ളിക്കൂടത്തി ഒന്നാം ക്ലാസ്സി ഞാൻ ചേരുമ്പോ ഒരുടുപ്പും നിക്കറുമേ ഒണ്ടാര്ന്നുള്ളു.
ചെല ദെവസി, പണീം കഴിഞ്ഞേച്ച് വന്ന് വൈകുന്നേരം അമ്മച്ചി നിക്കറുമുടുപ്പും കഴുകീടും .
കഴുകീട്ടാലും നല്ലോണമൊണങ്ങാത്തോണ്ട് കനച്ച നാറ്റോണ്ടാവും, കഴുകാത്തപ്പൊ വിയർപ്പു നാറ്റോമുണ്ടാവും.
മോനിച്ചനെ നാറുന്നെന്ന കൂട്ടുകാരുടെ പറച്ചില് കേട്ടാണ് സാറെന്നെ തറേലിരിത്തീത്.
കൂട്ടുകാരാരും കൂടെ കൂട്ടാഞ്ഞപ്പൊ ഒറ്റക്ക് കളിക്കാനും, ചിരിക്കാനും തൊടങ്ങി.
പത്താമത്തെ വയസ്സ് തൊട്ട് പണിക്ക് പോയി തൊടങ്ങിയപ്പോ പ്രായത്തിന് ചേരണ കൂട്ടുകാരാരും ഇല്ലായിരുന്ന്.മുതിർന്നവരൊട്ട് കൂടെ കൂട്ടിയതുമില്ല. അന്ന് തൊട്ട് ഞാൻ എന്നോട് തന്നെ മിണ്ടീം, പറഞ്ഞും തൊടങ്ങി.
എന്റെ സങ്കടങ്ങള് ഞാനെന്നോട് പറഞ്ഞു, എന്നെ ഞാൻ തന്നെ ആശ്വസിപ്പിക്കേം ചെയ്ത് .
എന്റെ ചോദ്യവും പറച്ചിലും എന്നോട് തന്നേയായിര്ന്ന് .
ഞാൻ എടുക്കേണ്ടതായ് തീർന്ന തീരുമാനങ്ങളെല്ലാം ഞാൻ എന്നോട് മാത്രം കൂടിയാലോചിച്ചു.
എന്റെ ഒരേ ഒരു കൂട്ടുകാരൻ ഞാൻ തന്നെയാണ്.
ചെല നേരത്ത് എന്നോടുള്ള എന്റെ വർത്താനം ഇച്ചിരി ഒറക്കെ ആയിപ്പോകും.
ഇന്നാള്, കുന്നേലെ സതീശൻ മൊതലാളീടെ വീട്ടില് ബംഗാളികളെ പണിക്കെറക്കിച്ചപ്പോ ഞാനവിടെച്ചെന്ന് എനിക്കും പണി വേണോന്ന് പറഞ്ഞ്. അന്നേരം മൊതലാളി "ഈരെട്ത്താ മോനച്ചൻ തള്ളപ്പേൻ കൂലീ മേടിക്കൂന്ന് " പറഞ്ഞ് എനിക്ക് പണി തന്നില്ല.ആ പണിക്കാരെ പണിയെടുക്കാൻ സമ്മതിക്കാതെ ഞാൻ അവിടെ നിന്ന് ബഹളോണ്ടാക്കി.ഒടുവില് എന്നെ പണി ക്കെട്ത്ത്.
അതീപ്പിന്നെ, എവിടേലും പണീം തെരക്കിച്ചെന്നാ, പണി തന്നില്ലേ ഞാൻ അലമ്പൊണ്ടാക്കുന്ന് പേടിച്ച് എനിക്ക് പണി തരാറൊണ്ട് .
രണ്ടാം ക്ലാസ്സി, രണ്ട് കൊല്ലം പഠിച്ചേച്ചും പണിക്ക് പോയി തൊടങ്ങീതാ. ഇന്ന് വയസ്സ് പത്തമ്പത് കഴിഞ്ഞു.
ഇതിനെടേ, പള്ളീന്ന് സഹായം കിട്ടീട്ടാണേലും പെരേം വച്ചു, ചാകോളം അപ്പനേമമ്മച്ചീനേം നോക്കിയേം ചെയ്ത് .
ചേട്ടന്റെം കൂടെ സഹായത്തോടെ രണ്ട് പെങ്ങമ്മാരേം കെട്ടിച്ചയച്ചു.
എനിക്കൊര് പെണ്ണിനേം തെരക്കി കൊറെ നടന്നെങ്കിലും, ഞാൻ തന്നത്താൻ വർത്താനം പറയുമെന്നും എനിക്ക് പിരിയാണെന്നും പറഞ്ഞ് ചെലര് കല്യാണം മൊടക്കിച്ച് .
എന്നിട്ടും മഞ്ഞ അലുവാ പോലിരിക്കണ ലിസമ്മയെ അവടപ്പൻ എന്നാ കണ്ടിട്ടാ, കറുത്ത്, വെറക് കൊള്ളി പോലിരിക്കണ എനിക്ക് കെട്ടിച്ച് തന്നതെന്ന് ചോദിച്ചോരൊടൊക്കെ അങ്ങേര് പറഞ്ഞത്,
"മോനച്ചൻ ആണൊരുത്തനാ, അവന് തണ്ടും തടീം ഒള്ളടൊത്തോളം കാലം വേലേട്ത്ത് എന്റെ കൊച്ചിനെ നോക്കിക്കോളും."
ലിസമ്മ വീട്ടീര്ന്ന് കയറ് പിരിക്കും, പിന്നെ ഒള്ള സ്ഥലത്ത് ശകലം പച്ചക്കറി കൃഷീമൊണ്ട് .പൊറമ്പണിക്കൊന്നും ഞാനവളെ വിടാറില്ല.
എനിക്ക് രണ്ട് പെമ്മക്കള് ജനിച്ചപ്പോഴും ചെലര് പറഞ്ഞ്,
"ഹൊ! ഇനി മോനച്ചന്റെ പിരി മൂക്കും, രണ്ടും പെണ്ണല്ലേ? പ്രാരാബ്ദം കൂടില്ലേ?"
ആണായാലും, പെണ്ണായാലും അതുങ്ങക്ക് എന്നും ആരോഗ്യം ഒണ്ടാവണേന്ന ഒരു പ്രാർത്ഥനേ എനിക്ക് മിശിഹായോടൊണ്ടാര്ന്നൊള്ള്.
മൂത്തവള് പഠിക്കാൻ മണ്ടിയാര്ന്ന്. പത്തീ പഠിത്തം നിർത്തി അവള് തുണിക്കടേ പണിക്ക് പോയി.
അവക്ക് കല്യാണാലോചനകൾ വന്നു തൊടങ്ങിയപ്പൊ, നാട്ടിലെ കൊറെ അവമ്മാര് പെണ്ണിന്റപ്പന് പിരിയാന്നും പറഞ്ഞ് അതെല്ലാം മൊടക്കിച്ച്.
എബിമോന്റാലോചന വന്നപ്പൊ മൊടക്കാൻ ചെന്നവരോട് അവനും, അവന്റപ്പനും പറഞ്ഞത് -
" പിരി പെണ്ണിനല്ലല്ലാ, അവടപ്പനല്ലേ? അത് സാരമില്ല."
ഇപ്പം ദേ മാസം രണ്ട് കഴിഞ്ഞാ അവർക്ക് കൊച്ചൊന്നാ .
എളേ മോള് ഷാലി നല്ലോണം പഠിക്കും.അവക്കിനി നേഴ്സ് ആകണോന്നാ പറയണത്.
ആ പണി എനിക്കുമിഷ്ടാ.
ഉണ്ണികൃഷ്ണൻ ഡോക്ടറുടെ ആശൂത്രീല് അന്നമ്മ നേഴ്സൊണ്ട് .
ഡോക്ടറ് ചീട്ടേലെഴുതി പറേണതെല്ലാം, ഒന്നും കൂടി അന്നമ്മ നേഴ്സ് പറഞ്ഞു തരും. എന്നേച്ചും " ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ മോനിച്ചാ" എന്നു പറയും.
എനിക്കന്നേരം എടവകപ്പളളീലെ ചൊമരിൽ തൂക്കിയ മാലാഖേടെ മൊഖം ഓർമ്മ വരും.
ഷാലി മോള് പഠിച്ച് പണി കിട്ടി കഴിഞ്ഞാ, ചങ്കൊറപ്പുളള ചെറുക്കനെ കൊണ്ട് അവളെ കെട്ടിക്കണം.
പിന്നെ, ഞാനുമെന്റെ ലിസമ്മപ്പെണ്ണും കൂടി അടുക്കള തിണ്ണേലിരുന്ന്, തേങ്ങേം, കാന്താരീം, മഞ്ഞളും,ഉപ്പും ചേർത്തരച്ചിട്ട് വേവിച്ച കപ്പ, കൊടമ്പുളീട്ട് പൊള്ളിച്ച മത്തീല് മുക്കിതിന്ന് വർത്താനം പറഞ്ഞിരിക്കും. കൊറേ പറയാനുണ്ട്.
" ഇച്ചായോ.... കൊറച്ചൂടൊറക്കെ പറ. എനിക്ക് തിരിഞ്ഞില്ല "
ലിസമ്മയാണല്ലാ, ഓഹോ! ഞാൻ എന്നോട് വർത്താനം പറഞ്ഞ് പറഞ്ഞ് വീടെത്തീത് അറിഞ്ഞില്ല.
നനഞ്ഞ് നാറിയ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചപ്പോ,കണ്ണുകളിൽ കരുണ നിറഞ്ഞ മാതാവിന്റെ മൊഖായിരുന്നു അവൾക്ക്.
അഞ്ജലീ രാജൻ.
14/8/2018.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo