നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛമ്മ (കഥ)

Image may contain: Giri B Warrier, closeup


********
രചന : ഗിരി ബി. വാരിയർ
********
"എബ്രഹാം ജേക്കബു്, ചെയർമാൻ & മാനേജിങ് ഡയറക്ടർ "
ക്യാബിന് മുൻപിലെ ചുമരിൽ പതിപ്പിച്ചു വെച്ചിരുന്ന നെയിം പ്ലേറ്റിലെ പേര് ഒരിക്കൽ കൂടി വായിച്ചു. എന്നിട്ട് ശ്യാം വിശാലമായ സന്ദർശകമുറിയിൽ ഇട്ടിരിക്കുന്ന സോഫയിൽ ഇരുന്ന് ടേബിളിൽ വെച്ചിരിക്കുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു.
ഇവിടെ ജോലി കിട്ടിയാൽ നന്നായി, വീട്ടിൽ നിന്നും ദിവസവും വന്നു പോകാവുന്ന ദൂരമേ ഉള്ളു. കേരളത്തിലെ പേരുകേട്ട കമ്പനികളിൽ ഒന്നാണ്. പത്രത്തിൽ പരസ്യം കണ്ടപ്പോൾ അപേക്ഷിച്ചതാണ്. ഇന്നലെ വൈകീട്ട് ഫോണിൽ ആണ് സന്ദേശം വന്നത് ഇന്ന് കാലത്ത് പത്ത് മണിക്ക് എംഡിയുമായി ഇന്റർവ്യൂ ഉണ്ടെന്ന്.
"സാർ, അകത്തേക്ക് വിളിക്കുന്നുണ്ട്" പ്യൂൺ വന്നു പറഞ്ഞു.

വാതിലിൽ മുട്ടി അനുവാദം വാങ്ങി അകത്ത് കടന്നു. ഇന്റർവ്യൂ എടുക്കാൻ കുറെ പേരുണ്ടാവും എന്നാണു കരുതിയത്. വെളുത്ത ജുബ്ബയിട്ട്, മുടി പിന്നിലേക്ക് ചീകിയൊതുക്കി, വില കൂടിയ ഫ്രെയിംലെസ്സ് കണ്ണട ധരിച്ച്, കണ്ടാൽ ഏതാണ്ട് അമ്പതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ ശ്യാമിനെ കാത്തിരിപ്പുണ്ടായിരുന്നു.
അദ്ധേഹത്തിന്റെ ഇരിപ്പിടത്തിനു തൊട്ടു പിറകിൽ മേശപ്പുറത്ത് ഒരു വലിയ സ്വർണ്ണക്കുരിശ്, അതിന്റെ പിറകിൽ വയസ്സായ ഒരു പുരുഷന്റെയും സ്ത്രീയുടെയും വലിയ രണ്ട് ഫോട്ടോകൾ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. വിശാലമായ മുറിയുടെ വലതുഭാഗത്ത് ഇട്ടിരിക്കുന്ന തീന്മേശയുടെ പിറകിലുള്ള ചുമരിൽ അവസാന അത്താഴത്തിന്റെ വലിയ ഒരു പെയിന്റിംഗ് വെച്ചിട്ടുണ്ട്. ഇടതു ഭാഗത്ത് വലിയ രണ്ടു സോഫകൾ, അതിന്റെ ഒരു വശത്ത് ഇൻവെർട്ടർ, സ്റ്റെബിലൈസർ, സ്വിച്ചുകൾ, അങ്ങിനെ ചില സാമ്പിളുകൾ വെച്ചിട്ടുണ്ട്.
"ഗുഡ് മോർണിംഗ് സർ. ഐ ആം ശ്യാം കെ നായർ "
"പ്ളീസ് കം ഇൻ ആൻഡ് ഹാവ് എ സീറ്റ്."
"താങ്ക് യു സർ. "
"ഹൌ ഡിഡ് യു കം? ഇന്ന് വാഹനങ്ങൾ ഒന്നും ഇല്ലല്ലോ."
"എന്റെ കൂട്ടുകാരൻ ഇങ്ങോട്ട് കൊണ്ടുവിട്ടു"
തന്റെ അപേക്ഷയും ബയോഡാറ്റയുടെ കോപ്പിയും അദ്ദേഹത്തിന്റെ മുൻപിൽ തുറന്നു വെച്ചിരുന്നത് ശ്യാം ശ്രദ്ധിച്ചു. അത് വായിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
"ശ്യാം കെ നായർ. നിങ്ങളുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ "ശ്യാം ഭവാനി" എന്ന് എഴുതിയിട്ടുണ്ട്. വാട്ട് ഡസ് ഇറ്റ് മീൻ."
"സാർ, ഭവാനി എന്റെ അച്ഛമ്മയാണ്. ഐ പ്രീഫെർ ടു ബി നോൺ ബൈ ഹേർ നെയിം."
"ഇൻ മൈ ലൈഫ്‌ ടൂ, ദി നെയിം ഭവാനി ഇൻഫ്ലുൻസ്‌ഡ് മി എ ലോട്ട്. ലീവ് ഇറ്റ്, ദാറ്റ്സ്‌ ഓൾ ഓൾഡ് സ്റ്റോറീസ്.." ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അദ്ദേഹം തുടർന്നു.
"നിങ്ങളുടെ അപ്ലിക്കേഷൻ ഫോമിൽ ഉള്ള വിവരങ്ങൾ അനുസരിച്ചു്, ഏഴാം ക്ലാസ് വരെ നിങ്ങൾ മുംബെയിൽ ആണ് പഠിച്ചത്. അത് കഴിഞ്ഞു പഠിച്ചത് മുഴുവൻ നാട്ടിൽ സർക്കാർ സ്‌കൂളിൽ, എഞ്ചിനീയറിംഗ് ചെയ്തതും എംബിഎ ഫസ്റ്റ് റാങ്കിൽ പാസ്സ് ആയതും എല്ലാം നാട്ടിൽ നിന്ന് തന്നെ."
"അതെ സാർ, എല്ലാ വിവരങ്ങളും ശരിയാണ്, എന്റെ അച്ഛനും അമ്മക്കും മുംബെയിൽ ആയിരുന്നു ജോലി" ശ്യാം പറഞ്ഞു.
"ഇത്രയും നല്ല മാർക്ക് ഉണ്ടായിട്ടും നിങ്ങൾക്ക് കാംപസ് പ്ലേസ്മെന്റ് കിട്ടിയില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല"
"കിട്ടിയിരുന്നു സർ, പക്ഷെ ഒന്ന് മുംബെയിലും മറ്റൊന്ന് ബാംഗ്ളൂരും ആയിരുന്നു."
"പിന്നെ എന്തുകൊണ്ട് നിങ്ങൾ അതിനു പോയില്ല,"
"സർ, അച്ഛമ്മ നാട്ടിൽ ഉണ്ട്. പിന്നെ, അച്ഛനും അമ്മയും. എനിക്ക് മാറി നിൽക്കാൻ പറ്റില്ല."
"പക്ഷെ നിങ്ങൾ നിങ്ങളുടെ ഭാവിയാണ് തകർക്കുന്നത്."
"എന്നെനിക്ക് തോന്നിയിട്ടില്ല സാർ, എന്റെ കടമയാണ് ഞാൻ ചെയ്യുന്നത്."
"കടമ ചെയ്യണം, പക്ഷെ ഭാവിയും അത്രതന്നെ പ്രധാനമല്ലേ."
"എന്നെ പഠിപ്പിക്കാനും, എന്റെ സുഖസൗകര്യങ്ങൾക്കും വേണ്ടി എല്ലാം മാറ്റി വെച്ചവർ ആണ് അച്ഛനും അമ്മയും അച്ഛമ്മയും ഒക്കെ. എന്റെ സൗകര്യത്തിനല്ല, മറിച്ചു് അവർക്ക് സൗകര്യമായി ഒരു ജീവിതം കൊടുക്കുക ആണ് എന്റെ കടമ. അതുകൊണ്ടാണ് ഞാൻ ഈ നാട്ടിൽ തന്നെ ജീവിക്കാം എന്ന് തീരുമാനിച്ചത്."
"ശ്യാമിനെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് സോഫയിൽ ഇരുന്ന് ഇനി സംസാരിക്കാം, എന്താ?"
"സാർ, പക്ഷെ ഇപ്പോൾ ...?"
"അത് സാരമില്ല, ഇന്ന് തന്റെ ഇന്റർവ്യൂ മാത്രമേ ഉള്ളു. ശനിയാഴ്ച മുടക്കമാണ്, അതുകൊണ്ടാണ് ഇന്ന് ഇന്റർവ്യൂ വെച്ചത്. സോ, ഇഷ്ടം പോലെ സമയം ഉണ്ട്."
എബ്രഹാം സാറും ശ്യാമും വിശാലമായ സോഫയിൽ മുഖാമുഖം ഇരുന്നു. പ്യൂൺ ചായ കൊണ്ടുവന്നു, രണ്ടുപേരുടെയും മുൻപിൽ വെച്ചു . അതിൽ ഒരു ചായക്കപ്പ് ഒരൽപ്പം മുന്നിലേക്ക് നീക്കിവെച്ച് എടുക്കാൻ ആംഗ്യം കാണിച്ചു.
"ചുരുക്കി പറയാം സാർ. എന്റെ അച്ഛമ്മയുടെ ഏക മകനാണ് എന്റെ അച്ഛൻ. അച്ഛൻ നന്നേ കുഞ്ഞായിരിക്കുമ്പോഴേ മുത്തച്ഛൻ മരിച്ചുപോയിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അച്ഛമ്മ അച്ഛനെ വളർത്തിയത്
പഠിക്കാൻ മിടുക്കനായ അച്ഛന് മുംബെയിൽ ജോലി കിട്ടി. അന്ന് അച്ഛമ്മ ആരോഗ്യപരമായി നല്ല നിലയിൽ ആയിരുന്നു. നാട്ടിലെ സർക്കാർ സ്കൂളിലെ അദ്ധ്യാപികയായിരുന്നു അച്ഛമ്മ.
അച്ഛനെ പഠിപ്പിച്ച ഒരു പ്രൊഫസറുടെ മകളാണ് എന്റെ അമ്മ. വിവാഹശേഷം അമ്മക്കും മുംബെയിൽ ഒരു ബാങ്കിൽ ജോലികിട്ടി.
ജോലി കിട്ടി രണ്ടു വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. തിരിച്ചുപോയപ്പോൾ ആണ് പ്രശ്നം തുടങ്ങിയത്. എന്നെ നോക്കാൻ വേണ്ടി അമ്മക്ക് ജോലി രാജി വെക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടായി.
അങ്ങിനെയാണ് അച്ഛമ്മയെ മുംബെയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുന്നത്. എന്നെ നോക്കാനാണ് എന്ന് കേട്ടപ്പോൾ അച്ഛമ്മക്ക് രണ്ടാമതൊന്നു ചിന്തിക്കാൻ ഇല്ലായിരുന്നു. റിട്ടയർ ചെയ്യാൻ മൂന്നു കൊല്ലം ബാക്കി നിൽക്കുമ്പോൾ ലീവ് എടുത്ത് നാട്ടിലെ വീടും കൃഷിയും ഒക്കെ മാറ്റിവെച്ച് അച്ഛമ്മ മുംബെയിലേക്ക് വണ്ടി കയറി.
പിന്നെ പതിമൂന്ന്‌ കൊല്ലം എന്റെ നിഴലായി അച്ഛമ്മ കൂടെ ഉണ്ടായിരുന്നു.
ഞാൻ വലുതായതോടെ അമ്മക്ക് അച്ഛമ്മ ഒരു ബാധ്യതയായി. ഞാനും അച്ഛമ്മയും പങ്കിട്ട സ്നേഹബന്ധം വളരെ പൊസ്സസ്സീവ് ആയ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഞാനറിയാതെ അവർ അച്ഛമ്മയെ ഒരു വൃദ്ധാശ്രമത്തിൽ ആക്കാനുള്ള പദ്ധതി തയാറാക്കി. അങ്ങിനെ ഞാൻ സ്‌കൂളിൽ പോയ ഒരു ദിവസം അവർ അച്ഛമ്മയെ വൃദ്ധാശ്രമത്തിലാക്കി.
സ്‌കൂളിൽ നിന്നും വന്ന ഞാൻ അച്ഛമ്മയെ കാണാതെ വാശി പിടിച്ചു. അച്ഛമ്മയെ അനുജൻ വന്നു കൂട്ടിക്കൊണ്ടുപോയി എന്ന് അവർ പറഞ്ഞത് ഞാൻ അപ്പാടെ വിശ്വസിച്ചു.
എനിക്ക് അച്ഛമ്മയോട് കടുത്ത ദേഷ്യം തോന്നി എന്നോടൊന്ന് പറയുക കൂടി ചെയ്യാതെ പോയതിനു്. ദിവസങ്ങൾ കഴിഞ്ഞു പോയി, ഞാൻ അച്ഛമ്മയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങി.
ഏതാണ്ട് ഒരു വർഷം അങ്ങിനെ കഴിഞ്ഞു. പല വിശേഷങ്ങളും കഴിഞ്ഞുപോയി പക്ഷെ ഒരിക്കൽ പോലും അച്ഛമ്മ വീട്ടിൽ വന്നില്ല.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്നും ഒരു വൃദ്ധാശ്രമം കാണിക്കാൻ കൊണ്ടുപോയി. അതൊരു പാഠ്യവിഷയത്തിന്റെ ഭാഗമായിരുന്നു.
അങ്ങിനെ ആശ്രമം കണ്ട്, അവരുടെ ജീവിത ശൈലിയൊക്കെ കാണിച്ചു തന്നു. അങ്ങിനെ ഒരു മുറിയിൽ എത്തിയപ്പോൾ ആണ് എന്നെ ഞെട്ടിക്കുന്ന ആ കാഴ്ച്ച കണ്ടത്. പനികൊണ്ടു് തുള്ളുന്ന അച്ഛമ്മ , തലയിൽ നനഞ്ഞ തുണിയിട്ട് കിടക്കുന്നുണ്ടായിരുന്നു. ആരും സഹായത്തിനില്ലാതെ. ഒരു കാലത്തു് നല്ല ആരോഗ്യവതിയായിരുന്ന അച്ഛമ്മ ക്ഷീണിച്ച് അവശയായ നിലയിൽ ആയിരുന്നു. എന്നെകണ്ട അച്ഛമ്മ പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി. എനിക്കും സങ്കടം സഹിക്കാനായില്ല. ഞാനും കുറെ കരഞ്ഞു. എന്റെ കൂടെ വന്ന ടീച്ചർമാരും കുട്ടികളും കൂടെ കരയാൻ തുടങ്ങി.
അന്ന് അവിടെനിന്നും തിരിച്ചുപോകാൻ ഞാൻ തയ്യാറായില്ല. പിന്നെ ടീച്ചർമാർ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. അച്ഛൻ വന്നു, അച്ഛമ്മയെ ആശുപത്രിയിലേക്ക് മാറ്റി.
അച്ഛമ്മയുടെ അസുഖം ഭേദമായപ്പോൾ അച്ഛമ്മ അച്ഛനോട് ഒരു ആഗ്രഹം പറഞ്ഞു, തന്നെ നാട്ടിലെ വീട്ടിൽ എത്തിക്കണമെന്ന്. അച്ഛനേയും അമ്മയെയും പറ്റി നല്ല കാര്യങ്ങൾ മാത്രം പറഞ്ഞുതന്ന അച്ഛമ്മയോട് അച്ഛനും അമ്മയും ചെയ്ത ക്രൂരത എനിക്ക്‌ ക്ഷമിക്കാൻ പറ്റിയില്ല. മകനെ പിരിഞ്ഞിരുന്നാൽ മാത്രമേ അവർക്ക് അച്ഛമ്മ അനുഭവിച്ച വേദന മനസ്സിലാവൂ എന്നു തോന്നി. അച്ഛമ്മയുടെ കൂടെ എന്നെയും നാട്ടിൽ വിടണമെന്ന് ഞാൻ ഉറപ്പിച്ചുപറഞ്ഞു. വിട്ടില്ലെങ്കിൽ ഞാൻ എന്തെങ്കിലും അരുതാത്തത് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, അച്ഛൻ തയ്യാറായി. അങ്ങിനെ ഞാൻ അച്ഛന്റെ തറവാടിന്റെ അടുത്ത് അച്ഛൻ പഠിച്ച സർക്കാർ സ്‌കൂളിൽ എട്ടാംക്ലാസിൽ പ്രവേശനം എടുത്തു.
ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം പഠിച്ച എനിക്ക് മലയാളം മീഡിയം പഠിക്കാൻ വളരെ ബുദ്ധിമുട്ടിയപ്പോൾ അച്ഛമ്മ എന്റെ മലയാളം ടീച്ചർ ആയി. ആ കൊല്ലപ്പരീക്ഷ മുതൽ ഞാൻ സ്‌കൂളിൽ ഒന്നാമനായി.
എന്റെ കണക്കുകൂട്ടലുകൾ ശരിയായിരുന്നു. എന്നെ കാണാതിരുന്നപ്പോഴാണ് അമ്മക്ക് അമ്മയുടെ തെറ്റ് മനസ്സിലായത്.. അമ്മ കേരളത്തിലേക്ക് മാറ്റം വാങ്ങി വന്നു. അച്ഛനും അവിടുത്തെ ജോലി രാജി വെച്ച് നാട്ടിൽ വന്നു. ഇപ്പോൾ എല്ലാവരും അച്ഛമ്മയുടെ കൂടെ തറവാട്ടിൽ തന്നെ ആയി താമസം.
എഞ്ചിനീയറിംഗ് കഴിഞ്ഞു, പിന്നെ എംബിഎ ഫസ്റ്റ് റാങ്കിൽ പാസ്സ് ആയി. ജോലിക്ക് ശ്രമിക്കുന്നു. അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്, പിന്നെ അച്ഛമ്മക്ക് പെൻഷനും , ഇതിനെല്ലാം പുറമെ കുറെ കൃഷിയുണ്ട്, അതിൽ നിന്നും നല്ല .വരുമാനം കിട്ടുന്നുണ്ട്.
"ശ്യാം, ഐ ലൈക് യു. ശ്യാമിന് തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാം. എന്റെ കൂടെ അസിസ്റ്റന്റ് ആയിട്ടായിരിക്കും ജോലി. ഐ വാണ്ട് യു വിത്ത് മി"
തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ വാഹനങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹം വീട്ടിൽ വിടാമെന്ന് പറഞ്ഞു.
വീടിന്റെ വാരാന്തയിൽ ചാരുകസേരയിൽ അച്ഛമ്മ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛമ്മയെക്കണ്ട എബ്രഹാം സാർ പറഞ്ഞു
"ശ്യാം , ഞാൻ പറഞ്ഞില്ലേ എന്നെ വളരെയധികം സ്വാധിനിച്ച ഒരു ഭവാനിയെപ്പറ്റി, അത്‌ ഈ ടീച്ചറാണ്., ഞങ്ങളുടെ ടീച്ചറമ്മ"
എബ്രഹാം സാർ കാറിൽ നിന്നും ഇറങ്ങിച്ചെന്ന് അച്ഛമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി, എന്നിട്ടു ചോദിച്ചു, "ടീച്ചർക്കെന്നെ മനസ്സിലായോ?"
അച്ഛമ്മ കുറച്ച് നേരം അദ്ദേഹത്തെ നോക്കി.
"അമ്മക്ക് ആരെയും തിരിച്ചറിയാൻ പറ്റില്ല, അൽഷിമേഴ്സ് ആണ്." പറഞ്ഞുകൊണ്ട് ശ്യാമിന്റെ അച്ഛൻ പുറത്തേക്ക് വന്നു.
"നിങ്ങൾ കിഷോർ ?" എബ്രഹാം സർ ചോദിച്ചു.
"അതെ.." ആരാണെന്ന് മനസ്സിലാവാതെ ശ്യാമിന്റെ അച്ഛൻ എബ്രഹാമിനെ നോക്കി.
"എടോ, ഞാനാടോ, എബി.. താഴത്ത് ജേക്കബ്ബിന്റെ മോൻ. പണ്ട് ആ വീട്ടിൽ താമസിച്ചിരുന്ന എബി.." അയല്പക്കത്തേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു.
"എബി, താനാകെ മാറിപ്പോയെടോ.?"
"പണ്ട് ഈ ഇറയത്ത് എത്ര രാത്രികൾ കഴിച്ചുകൂട്ടിയതാ, രാത്രി അപ്പൻ മദ്യപിച്ചുവന്നു തല്ലാൻ വരുമ്പോൾ ഓടി വന്നു അഭയം തേടിയിരുന്നത് ഇവിടെയല്ലേ, എനിക്കും പെങ്ങമ്മാർക്കും ടീച്ചറമ്മ എത്ര ചോറ് തന്നിട്ടുള്ളതാ. അപ്പൻ മരിച്ചപ്പോൾ എല്ലാം വിറ്റുപെറുക്കി ഇവിടെനിന്നും പോയതാണ്. പിന്നെ ഒരിക്കൽ വന്നിരുന്നു, അന്ന് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു."
"താൻ ഇവിടെ എങ്ങിനെ എത്തി?" ശ്യാമിന്റെ അച്ഛൻ ചോദിച്ചു.
"ശ്യാം എന്റെ ഓഫീസിൽ ആണ് ഇന്ന് ഇന്റർവ്യൂവിനു വന്നിരുന്നത്. ബന്ദ് ആയതുകൊണ്ട് നിരത്തിൽ വാഹനങ്ങൾ ഒന്നും ഇല്ല. ഞാൻ ശ്യാമിനെ ഇങ്ങോട്ട് വിടാം എന്ന് പറഞ്ഞു."
"കയറി ഇരിക്കൂ." അപ്പോഴേക്കും ശ്യാമിന്റെ അമ്മയും പുറത്തേക്ക് വന്നു. അവർ പരസ്പരം പരിചയപ്പെട്ടു.
"ശ്യാം എന്നോട് അച്ഛമ്മയുടെ പേര് ഭവാനി എന്ന് പറഞ്ഞപ്പോൾ, എന്റെ മനസ്സിൽ ടീച്ചറമ്മയാണ് ആദ്യം ഓടി വന്നത്. പക്ഷെ ഒരിക്കലും കരുതിയില്ല ശ്യാം ടീച്ചറമ്മയുടെ കൊച്ചുമോൻ ആയിരിക്കുമെന്ന്. താൻ ഭാഗ്യവാനാടോ.. ടീച്ചറമ്മയുടെ എല്ലാ നന്മകളും അവർ കൊച്ചുമോന് പകർന്നിട്ടുണ്ട്."
എബ്രഹാം സർ യാത്ര പറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം ചൂണ്ടിക്കാണിച്ച അയല്പക്കത്തെ വീട്ടിലേക്ക് നോക്കി എന്തൊക്കെയോ ഓർത്തെടുക്കാൻ ബദ്ധപ്പെടുന്നത് അച്ഛമ്മയുടെ മുഖത്ത് വ്യക്തമായിരുന്നു. അച്ഛമ്മ സാറിന്റെ കൈയ്യിൽ പിടിച്ചു, നിറകണ്ണുകളോടെ പറഞ്ഞു
"എനിക്കൊന്നും ഓർമ്മേല്ല്യാ. നിങ്ങൾക്ക് എന്നെ ഓർമ്മേണ്ടല്ലോ, നിങ്ങൾ എന്നെ മറക്കാണ്ടിരുന്നാ മാത്രം മതി."
(അവസാനിച്ചു)
ഗിരി ബി വാരിയർ
27 ഓഗസ്റ്റ് 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot