
**************************
മുഷിച്ചിൽ തോന്നുന്ന യാത്രയ്ക്കും, വേഗതയേറിയ നടത്തത്തിനും ശേഷമുള്ളൊരു വിശ്രമത്തിൽ ആയിരുന്നു ഞാൻ. കൃത്യമായി പറഞ്ഞാൽ എന്റെ ഈ യാത്ര തുടങ്ങിയിട്ട് നാല് മാസവും പത്ത് ദിവസവും ആയിരിക്കുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞാനെന്റെ 'അമ്മ ചെയ്ത ജോലിയുടെ ബാക്കി ചെയ്യുന്നു. വലിയ ഓഫീസിന്റെ മൂലയിൽ പൊടി പിടിച്ച ഫയലുകൾക്കിടയിൽ എന്റെ അമ്മയുടെ ദേഹത്തെ ചൂടും ആ മനസ്സിന്റെ ആധിയും അടുത്തറിഞ്ഞ മരകസേരയിൽ ഇരിക്കുമ്പോൾ പലപ്പോഴും അമ്മയുടെ മണം ചുറ്റിലും ഉയരാറുണ്ടായിരുന്നു.
അടുക്കള കോലായിലെ ചാരുപടിയിൽ അവധി ദിവസത്തെ ആലസ്യം മനസ്സിൽ നിറച്ചു കണ്ണടച്ചു ഇരിക്കാൻ ഏറെ സുഖമാണ്. അനിയനും അനിയത്തിയും അച്ഛന്റെ കൂടെ മൂകാംബികാദർശനത്തിനു പോയിരിക്കുന്നു.
കണ്ണടച്ചു ഇരിക്കുമ്പോൾ അടുത്തു കൂടെ അമ്മയുടെ കഞ്ഞി മുക്കി ഉണക്കിയ കോട്ടൺ സാരിയുടെ ഗന്ധം കടന്ന് പോകുന്ന പോലെ.
ഓർമ്മകളിലേക്ക് നോക്കുമ്പോൾ അമ്മ ഇന്നെനിക്ക് അത്ഭുതമാകുന്നു. അമ്മ പല്ലു തേക്കുന്നതോ, കുളിക്കാൻ ഒരുങ്ങുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. അമ്മ ഉണരുന്നതും ഉറങ്ങുന്നതും ഞങ്ങൾ കണ്ടിട്ടില്ലായിരുന്നു. ഞങ്ങൾ എഴുന്നേറ്റ് വരുമ്പോഴേക്കും അമ്മ കുളിച്ചു നെറ്റിയിൽ ഒരു കുറിയും തൊട്ട് അടുക്കളയിൽ പാത്രങ്ങളോടും ഭക്ഷണങ്ങളോടും മിണ്ടി പറഞ്ഞു നടക്കുന്നുണ്ടാകുമായിരുന്നു. സ്കൂളിലേക്ക് ഞങ്ങൾ പോയതിനു ശേഷം അമ്മയെന്ത് ചെയ്യുകയായിരുന്നെന്നും എനിക്കറിയില്ലായിരുന്നു. അമ്മയെന്നും ഞങ്ങളിലേക്ക് തിരിച്ചു വെച്ച കണ്ണാടിയായിരുന്നു. അതിൽ ഞങ്ങൾ ഞങ്ങളെ മാത്രം എന്നും കണ്ടു വന്നു.
ഇന്നും ഓർമ്മയുണ്ട്, ഒരു പാതിരാവിൽ ടിക് ടിക് എന്നൊരു ശബ്ദം കേട്ടു കണ്ണ് തുറന്ന് നോക്കുമ്പോൾ കട്ടിലിന്റെ അറ്റത്ത് ഒരു കുഞ്ഞു ടോർച്ചു കത്തിച്ചു അമ്മ നഖം വെട്ടുന്നത്. എല്ലാർക്കും സമയം വീതം വെച്ചു കൊടുത്തപ്പോൾ അമ്മയ്ക്കുള്ള സമയം 'അമ്മ എടുത്തത് പാതിരാവിൽ ആയിരുന്നു. നെയിൽ കട്ടർ മാറ്റി വെച്ച്, മേശപ്പുറത്തെ ഡയറിയിൽ അന്നത്തെ ചിലവ് എഴുതി വെച്ചു അമ്മ അടുത്ത് വന്ന് കിടക്കുമ്പോൾ പൊള്ളുന്ന ഒരു നിശ്വാസം എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. എന്നിട്ടും അമ്മയുടെ സഹനം ഞങ്ങൾ അറിഞ്ഞില്ല, ഒരു പക്ഷെ അറിയാൻ ശ്രമിച്ചില്ല.
അച്ഛന്റെ പ്രവാസം അമ്മയെ തനിച്ചാകുമ്പോഴും അമ്മ ഞങ്ങൾക്ക് വലിയ ഒരു സംരക്ഷണമതിൽ ആവുന്നുണ്ടായിരുന്നു.
അച്ഛനെത്തുമ്പോൾ സ്വർഗ്ഗമാകുന്ന വീട്ടിൽ അമ്മ ഏറ്റവും മനോഹരമായി ചിരിക്കുന്ന പൂവായി. ജോലി കഴിഞ്ഞു ഓടി വീടെത്തുന്ന അമ്മയെ ചൂട് ചായ കാച്ചി വെച്ചു അച്ഛൻ സ്വീകരിച്ചിരുന്നു. ഞങ്ങൾ കാണാതെ അച്ഛൻ അമ്മയ്ക്ക് നൽകുന്ന നെറ്റിയിലെ ഉമ്മകൾ അമ്മയുടെ കണ്ണിൽ ഒരിറ്റ് കണ്ണീരും ചുണ്ടിൽ നാണത്തിൻ ചിരിയും നൽകിയിരുന്നു.
രണ്ട് വർഷം മുൻപ് പെട്ടെന്നായിരുന്നു അമ്മ ഞങ്ങൾക്ക് ഓർമ്മയായത്. അച്ഛന്റെ അവധിക്കാലത്തെ ഒരു വരവിൽ ഏറെ ക്ഷീണിച്ച അമ്മയെ നിർബന്ധിച്ചു ചെക്കപ്പിന് കൊണ്ട് പോയപ്പോഴായിരുന്നു അമ്മയുടെ രണ്ട് വൃക്കകളും ശരീരത്തോട് പിണങ്ങിയെന്നു ഞങ്ങൾ അറിഞ്ഞത്. അപ്പോൾ, അപ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ കണ്ണുകളും മനസ്സും അമ്മയെ ശ്രദ്ധിച്ചത്.
ശരീരം ക്ഷീണിച്ചിരുന്നു, രണ്ട് കാല്പാദങ്ങളും നീര് വന്നിരുന്നു. ഇടയ്ക്കിടെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും പോലെ. ആ നോവിലും അമ്മ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, തനിക്കൊന്നുമില്ലെന്നു കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ആ ഒരു നോവിൽ നിന്നായിരുന്നു അച്ഛനെന്ന തണൽ അടുത്തറിഞ്ഞത്. അച്ഛന് തുണയാവാൻ അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു.. യാത്രയ്ക്ക് മുന്നേ ഉള്ള ഒരുക്കം പോലെ അമ്മ എന്തൊക്കെയോ പറഞ്ഞു ചെയ്യിച്ചു കൊണ്ടിരുന്നു.
ഒരു രാത്രിയിൽ അച്ഛന്റെ നെഞ്ചിൽ വാടിയ താമരത്തണ്ട് പോലെ , വിളറി വെളുത്തു കിടന്ന്, ഞങ്ങളെ കണ്ണു നിറയെ കണ്ട് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അമ്മ ആഴ്ന്നിറങ്ങി.
ജോലിക്കിടയിൽ സമയത്തിന് വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ലത്രേ. നെട്ടോട്ടത്തിനിടയിൽ അമ്മ ദേഹം മറന്ന് പോയപ്പോൾ, ഞങ്ങൾ ഞങ്ങളെ മാത്രം ശ്രദ്ധിച്ചപ്പോൾ, ഞങ്ങളുടെ വിളക്ക് എണ്ണവറ്റി കെട്ടുപോവുകയായിരുന്നു.
കണ്ണിൽ തെളിയുകയാണ് അമ്മയുടെ ഡയറിയിലെ ആ ഒറ്റ വരി..
ഒറ്റത്തിരിയിട്ട "കൽവിളക്ക്"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക