.........................................................
പെട്ടെന്നാണ് കാട്ടു തീ പടര്‍ന്നു പിടിച്ചത്... ചുറ്റിലും തീ ആളിക്കത്തുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ മൃഗങ്ങളൊന്നടങ്കം പകച്ചു നിന്നു.
വിശുദ്ധ ബാലമംഗളത്തില്‍ പറഞ്ഞിട്ടുള്ളത് രക്ഷകനായി വിളിപ്പുറത്ത് ഡിങ്കന്‍ ഉണ്ടെന്നാണല്ലോ... പക്ഷെ പുള്ളിയെ ആ പരിസരത്തൊന്നും കണ്ടതേയില്ല. ഓഹ്രീം കുട്ടിച്ചാത്താന്ന് മാറി മാറി വിളിച്ചിട്ട് മായാവിയോ..... ജിംബുംബാന്ന് അലറി വിളിച്ചിട്ട് മാജിക് മാലുവോ രക്ഷിക്കാന്‍ വന്നില്ല... ഒരു പക്ഷെ അവരൊക്കെ പരിധിക്ക് പുറത്തായിക്കാണും... അതുമല്ലെങ്കില്‍ തീ വിപത്തില്‍ അവരും ചാമ്പലായി കാണും...
രക്ഷകരെ കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ് വിളിക്കാതെ ചിലര്‍ പറന്നു വന്നത്. ഒരു കൂട്ടം കാക്കകള്‍... അവര്‍ നാനായിടത്തു നിന്നും അവിടേക്ക് കുതിച്ചെത്തി. കാക്കകളുടെ കാലുകളില്‍ പിടിച്ച് തൂങ്ങി മൃഗങ്ങളോരോന്നും തീയെത്താത്ത ഇടങ്ങളിലേക്ക് രക്ഷപ്പെടാന്‍ തുടങ്ങി.
ഇന്നലെ വരെ കാക്കകളെ കാണുമ്പോള്‍ പുച്ഛിച്ച് മുഖം തിരിച്ചവര്‍, വൃത്തീ ഹീനര്‍ എന്നു പരിഹസിച്ചവര്‍, കാ കാ കാ എന്ന് കൂക്കി വിളിച്ച് ആട്ടിപ്പായിച്ചവര്‍ എല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു കാക്ക നമ്മുടെ ദൈവമാണ്. നമ്മുടെ കാടിന്റെ സേനയാണ് കാക്കകള്‍ എന്ന് സിംഹരാജന്‍ ഉറക്കെ പ്രഖ്യാപിച്ചു.
ഇതേ സമയം ആനകള്‍ തുമ്പിക്കൈയ്യില്‍ ശേഖരിച്ച വെള്ളവുമായി ചീറ്റി കൊണ്ട് തീയണക്കാന്‍ ഓടി നടക്കുകയായിരുന്നു. ബാലുക്കരടിയും ബഗീരന്‍ കരിമ്പുലിയുമടക്കമുള്ള സുരക്ഷിത സ്ഥാനത്തുള്ള മൃഗങ്ങള്‍ അവരുടെ ഗുഹകള്‍ മൃഗങ്ങള്‍ക്കായി തുറന്നു കൊടുത്തു. പറവകള്‍ ഇനിയും കത്തിനശിച്ചിട്ടില്ലാത്ത മരച്ചിലകൡ നിന്ന് കായ്കനികള്‍ ഗുഹകളില്‍ എത്തിച്ച് പറന്നു നടന്നു. വിവരമറിഞ്ഞ ദേശാടനക്കിളികള്‍ ദുരെ ദേശങ്ങളില്‍ നിന്ന് കൊക്കിലൊതുങ്ങുന്നതിലുമതികം കായ്കനികള്‍ അവിടേക്കെത്തിച്ചു.
ചില ' മയിലുകള്‍' മാത്രം മൊട്ടക്കുന്നിന്റെ മുകളിലെ കൂട്ടിലിരുന്ന് ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന ഭാവേന എന്നത്തേയും പോലെ പീലി വിടര്‍ത്തിയാടി. ചില മൂങ്ങകള്‍ മുളങ്കാടുകള്‍ കാരണമാണ് തീ കത്തി പിടിച്ചത് അതിനാല്‍ മുളം കാടുകള്‍ നഷിപ്പിക്കണമെന്ന് പറഞ്ഞ് മോങ്ങി.
പെട്ടെന്നാണ് നീലു ജിറാഫ് അലറി വിളിച്ചത്.
' ദേ ദൂരെ മരച്ചില്ലയില്‍ ഒരു അണ്ണാറക്കണ്ണന്‍ കുടുങ്ങി കിടക്കുന്നു, മരച്ചുവടിന് തീ പിടിച്ചിണ്ടുണ്ട് ആരെങ്കിലും ചെന്ന് രക്ഷപ്പെടുത്തു'
കേട്ടപാതി കാക്കകള്‍ അങ്ങോട്ട് കുതിച്ചു. മരകൊമ്പില്‍ പേടിച്ചരണ്ടിരിക്കുകയായിരുന്നു അണ്ണാന്‍.
അണ്ണാറക്കണ്ണാ.... ദേ ഞങ്ങളുടെ കാലുകളില്‍ തൂങ്ങി കിടക്കൂ... ഞങ്ങളെ നിന്നെ ബാലുക്കരടിയുടെ ഗുഹയിലെത്തിക്കാം
കാക്കകള്‍ പറഞ്ഞു.
' അയ്യേ അത് ശരിയാവില്ല.. ഞാന്‍ കാക്കകളുടെ കാലു പിടിക്കാനോ... ദേ എന്റെ പുറത്ത് നോക്കിയേ... പണ്ട് ശ്രീരാമന്‍ തലോടിയ പാടുകള്‍ കണ്ടോ.... ഞങ്ങളുടെ അന്തസിന് പറ്റിയത് പോലെ വല്ല പരുന്തും വരട്ടേ രക്ഷപ്പെടുത്താന്‍'
അണ്ണാന്റെ വാക്കുകള്‍ കേട്ട് കാക്കള്‍ അന്തം വിട്ടു...
' പ്രിയപ്പെട്ട അണ്ണാന്‍ സഹോ.. ഈ മരമിപ്പോള്‍ കത്തി നിലം പതിക്കും... തീയില്‍ പെട്ട് മരിക്കേണ്ടെങ്കില്‍ ഞങ്ങടെ കാലില്‍ തൂങ്ങു... തീചൂടേറ്റാല്‍ കറുത്ത് പോകുമെന്ന് പറഞ്ഞ് പരുന്തുകള്‍ എപ്പോഴേ സ്ഥലം വിട്ടു'
മനസ്സില്ലാ മനസ്സോടെ അണ്ണാന്‍ കാക്കകളുടെ കാലില്‍ തൂങ്ങി. അപ്പോഴേക്ക് എവിടെനിന്നോ ഒരു കുരുവി പറന്നു വന്നുറക്കെപ്പറഞ്ഞു.
തത്തമ്മകളെല്ലാം ചുണ്ടിലെ ചോപ്പ് കറുത്ത ചായം പൂശി മറക്കേണ്ടതാണ് ഇല്ലെങ്കില്‍ ദൈവം കോപിക്കും...
ഇതു പറഞ്ഞ് കുരുവി എങ്ങോട്ടോ പറന്നു പോയി.
ഇതേ സമയം സിംഹരാജന്‍ പുറത്ത് മൃഗങ്ങളുടെ അടിയന്തര സഭവിളിച്ച് ആവശ്യപ്പെട്ടു.
'മാന്യമഹാ മൃഖങ്ങളേ... നമ്മുടെ കാട് കേട്ട് കേള്‍വി പോലുമില്ലാത്ത വലിയ ഒരു തീവിപത്തിലാണ് പെട്ടിരിക്കുന്നത്. തീയണക്കാനും അണഞ്ഞതിന് ശേഷം പുതിയ മരങ്ങള്‍ നട്ടു പിടിപ്പിക്കാനും നമുക്ക് ഇനിയും ധാരാളം ജലം ആവശ്യമാണ്... നിങ്ങളോരോരുത്തരും ഒത്തൊരുമയോടെ അടുത്തുള്ള അരുവികളില്‍ നിന്ന് ഇവിടേക്ക് വെള്ളം എത്തിക്കണം...'
ചില കുറുക്കന്‍മാര്‍ അപ്പോഴാണ് തലകാണിച്ചത്.
സിംഹരാജാ.. വെള്ളം എത്ര വേണേലും ഞങ്ങളിവിടെ എത്തിക്കാം.. ' പക്ഷെ', സിംഹരാജന് ഇത്ര സടയും മുടിയും വേണ്ട...., കായ്കനികള്‍ ഇനിയും എത്ര വേണേലും ഞങ്ങള്‍ ശേഖരിക്കാം , 'പക്ഷെ' ബാലുക്കരടിയും ബഗീരനും അങ്ങയുടെ കൂട്ടാളികളായി കൂടെ വേണ്ട... അങ്ങനെ ഒരു പാട് 'പക്ഷെ'കള്‍ അവര്‍ അക്കമിട്ട് നിരത്താന്‍ തുടങ്ങി.. ചുരുക്കം ചിലര്‍ ആ പക്ഷെയില്‍ കുടുങ്ങി കിടന്നു.. ബാക്കിയുള്ളവര്‍ വെള്ളം ശേഖരിക്കാന്‍ അരുവിയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.
മൃഖങ്ങളൊരുമിച്ച് പോകുന്നത് പോക്ക് കണ്ട് ചില വിഷ പാമ്പുകള്‍ക്ക് അത്ര പിടിച്ചില്ല.... അവര്‍ കഷ്ടപ്പെട്ട് ഇഴഞ്ഞ് കൂട്ടത്തില്‍ കൂടുതലുള്ള കുറുനരികള്‍ക്കിടയിലേക്ക് ചെന്ന് പറഞ്ഞു..
' നിങ്ങള്‍ കുറുനരികള്‍ എന്തിന് സിംഹരാജനൊപ്പെ കൂടി ഈ പീറ മുയലുകളേയും നിങ്ങളുടെ ശത്രുകളായ പുലികളേയുമൊക്കെ രക്ഷപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്നു... നിങ്ങള്‍ കുറുനരികളാണ് അത് മറന്ന് പോവണ്ട...'
പിന്നെ അവര്‍ പുലിക്കൂട്ടത്തിനടുത്തേക്ക് ഇഴഞ്ഞു നീങ്ങി... അവരോടും പറഞ്ഞു.
നിങ്ങള്‍ പുലികളാണെന്നോര്‍മ്മയിരിക്കട്ടെ... എന്തിനാണ് നിങ്ങളാ കുറു നരികളെ സഹായിക്കുന്നത്....'
ഇങ്ങനെ പാമ്പിന്റെ ഏഷണി കേട്ട് ചുരുക്കം ചിലര്‍ പരസ്പരം പോര്‍വിളിക്കാന്‍ തുടങ്ങി....
പക്ഷെ ഇതിലൊന്നും കുലുങ്ങാതെ സിംഹ രാജനും ബാക്കിയുള്ള മൃഗങ്ങളും കാട് പുനര്‍ നിര്‍മ്മിക്കാന്‍ അശാന്ത പരിശ്രമത്തിലായിരുന്നു.
ചിലര്‍ സുരക്ഷിത സ്ഥാനത്തെത്തി നെടുവീര്‍പ്പോടെ പറഞ്ഞ ഡയലോഗാണ് ബഹു കേമം.
' മാജിക് മാലുവും ഡിങ്കനും മായാവിയും ഉള്ളത് കൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു.'
ശുഭം
ശുഭം
(ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികം മാത്രം.. എന്തെങ്കിലും സാമ്യം തോന്നുന്നെങ്കില്‍ അത് യാദര്‍ശ്ചികം മാത്രം)
അജ്മല്‍ സികെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക