Slider

പല്ലില്ലാച്ചിരി

0


അമ്മുമ്മയുമ്മ ഓർമ്മിക്കുവാരുന്നു,
കവിളിൽ മുറുക്കാൻ
തുപ്പൽപറ്റിയ പോലെ...!
പല്ലില്ലാച്ചിരി....
ശങ്കരീന്ന് പേര്..
അമ്മുമ്മയെന്നാൽ എന്റെ അമ്മയുടെ അമ്മയുടെ അമ്മ...ന്റെ ശങ്കരി...!
കല്ല്യാണത്തിനോ, സഞ്ചയനത്തിനോ പോയി വരുമ്പോൾ മടിയിലൊതുക്കുന്ന വട, പഴം ,
ഹൽവ്വത്തുണ്ട്....!
വൈകുന്നേരം പൂ പിച്ചി മാല കെട്ടി
കൃഷ്ണന്റമ്പത്തിലേക്ക്....
റെയില്പാളം കടക്കുമ്പോൾ എന്റെ കൈയ്യിൽ വല്ലാതെ മുറുകുന്ന
തണുത്ത വിരൽ മുറുക്കം..
ഹൊ....ന്റെ അമ്മുമ്മേ ശങ്കര്യേ....!!
നെറ്റിയിൽ ചന്ദനക്കുളിരിറ്റുന്നു.
കാൽ നീട്ടി വച്ച് ചെറുതായ് തല ചലിപ്പിച്ച് നാമജപം....
അരികിൽ തിരിയാത്ത വാക്കും നാക്കുമായി
തൊഴുകൈയ്യോടെ ഞാനും...
ഇടയ്ക്ക് കൈ താഴ്ത്തുമ്പോൾ
കൈയ്യിൽ തട്ടി തൊഴാൻ പറയുന്ന
വാത്സല്ല്യക്കോപം..!..
ഹൊ‌....ന്റെ അമ്മുമ്മേ..ശങ്കര്യേ..!
ആൽത്തറച്ചുവട്ടിൽ
അമ്മൂമ്മയുടെ കൂട്ടുകാരി മുത്തിയമ്മയുടെ വട്ടിയിലെ കാരക്ക ഉപ്പിലിട്ടത്, കമ്പിളി നാരങ്ങ,
നെല്ലിക്ക വെള്ളത്തോടെ...ഹൊ..!
ഇരുവരുടെയും കുഞ്ഞ് കുഞ്ഞ്
കുന്നായ്മകളും, നുണകളും
ആലിലകൾ പൊഴിക്കുന്ന
പശ്ചാത്തല സംഗീതത്തോടെ ...
ഇടയ്ക്ക് അവരുടെ വാക്കിന്റെ ഒച്ചയടപ്പിച്ച് കടന്നു
പോകുന്ന തീവണ്ടി‌...!
ശങ്കര്യേ....
ഇരുന്ന ഇരുപ്പിൽ നീ മുള്ളിയ
നേരം എത്രയോ വട്ടം
ഞാൻ കളിയാക്കി....
നെയ്യപ്പമെന്ന് പറഞ്ഞ്‌വായിൽ പുളിയുരുട്ടി വച്ചു...
ഉറങ്ങും നേരം വായിൽ
ഉപ്പ് നുള്ളിയിട്ടു..
ഒരിക്കലൊന്നു കെട്ടിപ്പിടിച്ചുമ്മ വച്ചപ്പോൾ ആടിനിന്നൊരു
പല്ല് പൊഴിച്ചു....
അമ്മയെന്നെ തച്ചുമ്പോൾ അടി പാതിയും നീയേറ്റു വാങി..
ശങ്കര്യേ ...ഒക്കത്തിനും‌ നീ ചിരിച്ചു,
കെട്ടിപ്പിടിച്ചു, ഉമ്മ വച്ചു,
ഈരു കൊല്ലിയാൽ തലയിൽ കുത്തിസുഖിപ്പിച്ചു....
മാറോട് ചേർത്ത് പാട്ട് പാടിയുറക്കി...!
ഹൊ...ന്റെ അമ്മുമ്മേ...ശങ്കര്യേ...!
ഒന്നൂല്ലാ ശങ്കര്യേ...
ഇന്ന് ഞാൻ‌ വല്ലാണ്ട് നിന്നെയോർത്തു....
നിൻ മണമൊന്നറിയാൻ
നന്നായൊന്ന് മുറുക്കി..
ഒരു റോബസ്റ്റ വാങ്ങിക്കഴിച്ചു,
ഉഴുന്നു വടയിലെ എണ്ണയിറ്റിച്ച്
കൈയ്യാകെ പുരട്ടിത്തിന്നു...
എനിക്ക് നിന്നെ
ഓർക്കാതെ വയ്യ...
എനിക്കറിയാം
എല്ലാവരും നിന്നെ മറന്നു..!
എനിക്കറിയാം ഇതെഴുതുമ്പോൾ എന്റടുത്തുണ്ട് നീ...
ന്റെ പ്രിയപ്പെട്ട പല്ലില്ലാച്ചിരിയേ ശങ്കര്യേ....
ആ തണുത്ത വിരൽനീട്ടി
ന്റെ നിറഞ്ഞ കണ്ണൊന്ന് തുടച്ചുതാ....മ്മുമ്മേ...
ശങ്കര്യേ......!!!!

By: Syam Varkala
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo