Slider

പ്രവാസി

0
Image may contain: 1 person, closeup

" എങ്ങോട്ടാ പ്രകാശാ രാവിലെതന്നെ". അമ്മയുടെ ചോദ്യത്തിന് പ്രകാശൻ ഉത്തരം പറഞ്ഞില്ല.അമ്മയുടെ സ്വരത്തിന് വാർദ്ധക്യo ബാധിച്ചിരിക്കുന്നു. അടുക്കളയിലെ ജോലി എടുക്കാൻ കൂടി വയ്യാതായിരിക്കുന്നു. ഞാൻ ഒരു പെണ്ണ് കെട്ടി കാണാനുള്ള അമ്മയുടെ ആഗ്രഹം നടക്കുമോ എന്തോ?.ഇന്നലെ കൂടി അമ്മ അപ്പുറത്തുനിന്നും പറയുന്നത് കേട്ടു..
"പ്രകാശാ ഈ തുലാവത്തിൽ നിനക്ക് 40 തികയും, ഇനി നിനക്ക് ആര് പെണ്ണ് തരാനാണ്. എന്റെ കാലം കഴിഞ്ഞാൽ നിനക്ക് ഒരു തുണ വേണ്ടെടാ".
അച്ഛൻ മരിച്ചതിൽ പിന്നെ എന്നെ വളർത്താൻ അമ്മ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഡിഗ്രി കഴിയുന്നതിനു മുൻപേ പഠിത്തം നിർത്തി ജോലിക്കു ഇറങ്ങിയതും.
വിവാഹം എന്ന ചിന്ത മനസ്സിൽ കയറിയ അന്ന് മനസ്സിലായി നാട്ടിലെ പണിക്കാരെ ഒന്നും പെണ്ണുങ്ങൾക്ക് വേണ്ട.
നീ ഗൾഫിൽ പോയി നാല് കാശ് ഉണ്ടാക്ക് പ്രകാശാ ,നിനക്ക് നല്ല തുമ്പപൂ പോലത്തെ പെണ്ണിനെ ഞാൻ കാണിച്ചു തരാം എന്ന ബ്രോക്കർ ദിവാകരൻ ചേട്ടന്റെ ഉപദേശമാണ് എന്നെ ഗൾഫിൽ എത്തിച്ചത്.
ഗൾഫ്. അത്തറിന്റെ മണമുള്ള, ഈന്തപഴം വിരിഞ്ഞു നിൽക്കുന്ന, വലിയ കെട്ടിടങ്ങളും, എണ്ണപാടങ്ങളും,ഒട്ടകങ്ങളും നിറഞ്ഞ ഗൾഫ്. മനസ്സിലെ കളർ ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആകാൻ അധിക നാൾ വേണ്ടി വന്നില്ല.ഒരു റൂമിൽ 10 പേർ ,ഒരു കക്കൂസ്, രാവിലെ 6 മണിക്ക് വണ്ടി വരും. പൊരി വെയിലത്തു ജോലി .ജോലി കഴിഞ്ഞു റൂമിൽ എത്തുമ്പോഴേക്കും രാത്രി 7 മണി കഴിയും.. പിന്നെ ഭക്ഷണം പാകം ചെയ്യണം.
ജീവിതം ഒഴുക്കിനനുസരിച്ചു നീന്തി തുടങ്ങി.. അന്ന് മുതലാണ് വെള്ളിയാഴ്ച യെ സ്നേഹിച്ചു തുടങ്ങിയത്. സ്വസ്ഥമായി ഉറങ്ങാൻ കിട്ടുന്ന ദിവസം. അമ്മ നാട്ടിൽ ഒറ്റക്കാണ് എന്നതാണ് മനസ്സിനെ അലട്ടിയ ഒരേയൊരു പ്രശ്നം. ദിവസങ്ങളും മാസങ്ങളും പോയത് അറിഞ്ഞില്ല..
2 വർഷത്തിനു ശേഷം ഉള്ള ഒരു വെള്ളിയാഴ്ച അറബി ദൈവം കനിഞ്ഞു.
"പ്രകാശാ ഒരു 20 ദിവസം നാട്ടിൽ പോയി വന്നോളൂ".അതായിരുന്നു ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം. ഒരു ബന്ധനങ്ങളും ഇല്ലാതെ 20 ദിവസത്തെ സ്വാതന്ത്രo.
അമ്മയെ കാണാം, പിന്നെ സുഹൃത്തുക്കൾ.2 വർഷത്തിന് ശേഷം പാസ്പോർട്ട് കൈയ്യിൽ കിട്ടിയിരിക്കുന്നു. പുതിയ പുസ്തകം കിട്ടിയ കുട്ടിയെ പോലെ പാസ്സ്പോർട്ടിന്റെ ഓരോ പേജും മണത്തു നോക്കി. ഒരു തരം ലഹരി പിടിപ്പിക്കുന്ന മണം.
അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങി.. കൂട്ടത്തിൽ സുഹൃത്തുക്കൾക്കുള്ള കുപ്പിയും(മദ്യപാനം ആരോഗ്യത്തിനു ഹാനികരം).അതില്ലാതെ എന്ത് ആഘോഷം.
ഫ്ലൈറ്റിൽ ഉള്ള നാല് മണിക്കൂർ നാലു മാസമായി തോന്നിച്ചു.. അമ്മയുടെ കൈ കൊണ്ടുള്ള ദോശയും ഇഡ്ലിയും സാമ്പാറും മീൻ കറിയും ഒക്കെ ആലോചിച്ചപ്പോൾ, എയർ ഹോസ്റ്റസ് തന്ന ഫുഡും കള്ളും ഒന്നും കഴിച്ചില്ല..
നാട്ടിലെത്തിയ ഞാൻ ഒരു പുതിയ പ്രകാശൻ ആയി മാറിയിരിക്കുന്നു.. ആലുവ മണപ്പുറത്തു കണ്ടാൽ ചിരിക്കാത്തവർ കൂടി ചിരിക്കാനും കുശലം പറയാനും തുടങ്ങി. എന്റെ അവസ്ഥ അറിയുന്നവർ എന്റെ സുഹൃത്തുക്കൾ മാത്രമായിരുന്നു.
ഇരുപത് ദിവസങ്ങൾ മിന്നി മറഞ്ഞു പോയി.. കുറെ പെണ്ണ് കണ്ടു ഒന്നും ശരിയായില്ല. ഗൾഫിലേക്ക് കൊണ്ട് പോകണം ,അതാണ് പെൺ കുട്ടികളുടെ ഡിമാന്റ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. രണ്ടു വർഷത്തിൽ ഇരുപത് ദിവസം ലീവ് എന്നൊക്കെ പറഞ്ഞാൽ ഏതു പെണ്ണാണ് സമ്മതിക്കുന്നത്.പിന്നെ ഗൾഫിൽ കൊണ്ടുപോകും എന്ന് കളവ് പറഞ്ഞു കല്യാണം കഴിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.
വർഷങ്ങൾ പോയത് അറിഞ്ഞില്ല. എന്റെ ബ്ലാങ്ക് ആൻഡ് വൈറ്റ് സ്വപ്നങ്ങൾ കളർ ആകാൻ ഒരു പാട് ബാങ്കുകൾ സഹായിച്ചു. പുതിയ വീട് പണിതു. വണ്ടി വാങ്ങി. പക്ഷേ പെണ്ണ് മാത്രം ശരിയായില്ല. മണ്ണും പെണ്ണും ആഗ്രഹിച്ച പോലെ കിട്ടില്ല എന്ന് പണ്ടാരാണ്ടു പറഞ്ഞ പോലെ.
ഇപ്പോൾ അറബി വർഷത്തിൽ ലീവ് തരും. പക്ഷേ ഞാൻ പോകാറില്ല.കാരണം ഞാൻ ഗൾഫ് നെ സ്നേഹിച്ചു തുടങ്ങിയത് കൊണ്ടല്ല, മറിച്ചു നാട്ടിൽ നിൽക്കാൻ പണം ഇല്ല. ലോൺ അടക്കണം.ഒരു ഗഡു തെറ്റിയാൽ കൂടി കൂടി വരുന്ന പലിശ. വീട്ടിൽ വിളിക്കുമ്പോൾ അമ്മയ്ക്കും പരാതി ആണ്."പുതിയ വീട് കെട്ടിയിട്ട് പെണ്ണോ കിട്ടിയില്ല, ഇപ്പോൾ ദാരിദ്ര്യത്തിന്റെ അരിയും കിട്ടുന്നില്ല. ഒരു ആനുകൂല്യവും ഇല്ല.. വീട് പുഴുങ്ങിയാൽ ചോറാവോ"
ആ പഴയ വീട് തന്നെ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം.
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. വയസ്സ് 40 കഴിഞ്ഞു. ഇപ്പോൾ പെണ്ണ് കാണാൻ ഒന്നും പോകാറില്ല. നാട്ടുകാർ പറയുന്നത് എനിക്ക് ഗൾഫിൽ എന്തോ സെറ്റപ്പ് ഉണ്ടെന്നാണ്.അത് കേൾക്കുമ്പോൾ ഒരാശ്വാസം ആണ്. അവിടെ എങ്കിലും എനിക്ക് അറിയാത്ത ,കാണാത്ത ഒരു പെണ്ണ് എനിക്ക് ഉണ്ടല്ലോ എന്ന ആശ്വാസം.
"പ്രകാശാ രാവിലെ തന്നെ എങ്ങോട്ടാ?"
അമ്മയുടെ ചോദ്യം എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.
"ഇന്ന് ഞാറാഴ്ച അല്ലേ അമ്മേ,പിരിവ് കാർ ആരെങ്കിലും വരാതിരിക്കില്ല. എന്നെ കണ്ടാൽ അഞ്ഞൂറോ ആയിരമോ ചോദിക്കും. അമ്മയാകുമ്പോൾ നൂറോ ഇരുനൂറോ കൊടുത്താൽ മതി."
പ്രകാശൻ മെല്ലെ പുറത്തേക്കിറങ്ങി. അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവൻ ഒന്നും കേട്ടില്ല. മനസ്സ് മുഴുവൻ തന്റെ പന്ത്രണ്ടു അക്ക അക്കൗണ്ട് നമ്പറിൽ ആയിരുന്നു..💐💐💐💐
ബിജു വളപ്പിൽ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo