Slider

മാവേലിയെ_കണ്ടുവത്രെ

0
Image may contain: 1 person, eyeglasses and beard

ഇന്ന്
ക്യാമ്പിലിരുന്ന്
അവൾ
ആ നാലു വയസ്സുകാരി
എന്നോട് പറയുകയാണ്
ഇന്നലെയവർ മാവേലിയെ
കണ്ടുവത്രെ.
സ്കൂൾ വരാന്തയിൽ ,
സഞ്ചി നിറയെ
സാധനങ്ങളുമായ്
അയാൾ കടന്നുവന്നപ്പോൾ
അവൾ ചോദിച്ചുവത്രെ
നിങ്ങളേല്ലേ.. മാവേലിയെന്ന്..
കൈയ്യിൽ സമ്മാനപ്പൊതികളുമായ്
ഓണനാളിൽ
ഒരാൾ വരുമെന്നും
കൂടെയിരുന്നുണ്ണുമെന്നും
ഊഞ്ഞാലിലാടുമെന്നും
അവൾ കഥയായ്
കേട്ടിട്ടുണ്ടത്രെ...
അവൾ നിനച്ചിരുന്നു
പൂക്കളമിടാത്ത
സദ്യയൊരുക്കാത്ത
അവളുടെ വീട്ടിലേക്ക് ,
( ഇന്ന് വീടില്ലത്രെ....)
പൊട്ട് തൊടാത്ത
പട്ടുപാവാടയുടക്കാത്ത
അവളെ കാണാൻ
ആരും വരില്ലെന്നും
ആശംസകൾ തരില്ലെന്നും.
വീടുമാറി വന്നതാണോ
കുടയെടുക്കാൻ മറന്നതാണോ
കുംഭ വയറു കുറഞ്ഞതാണോ
എന്നിങ്ങനെ
ഒരുപാട് ചോദിച്ചിരുന്നവൾ.
പുഞ്ചിരിച്ചയാൾ
മിഠായി കൊടുത്തത്രെ
സദ്യയൊരുക്കാൻ
തിടുക്കം കൂട്ടിയത്രെ
എന്തു വേണമെങ്കിലും
ചോദിക്കാമത്രെ.
ഞാൻ പറഞ്ഞുവെച്ചു
കൂടെയിരിക്കാൻ
കൂട്ടിരിക്കാൻ
ഇനിയുമൊരുപാട്
സഞ്ചികളുമായ്
സമ്മാനങ്ങളുമായ്
ഒത്തിരി മാവേലിമാർ
വരുമെന്ന്.
വരം തരണമെന്നില്ല
വരണ്ടു പോകാത്ത സ്നേഹം
വരദാനമായ് തരുമവർ
വീടണയാൻ ആവാത്ത
കുരുന്നുകളെ
കുഞ്ഞുങ്ങളെ
കുടുംബങ്ങളെ
വീട്ടുകാരെ പോൽ
നോക്കി വളർത്തുന്ന
സേവകരാം സഹോദരങ്ങളെ....
നിങ്ങളാണ്
ഈ ഓണത്തിൻ്റെ
ഏറ്റവും നല്ല
മഹാബലിമാർ..
കുരുന്നുകൾ കൺകണ്ട
മാവേലിമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo