Slider

ഭ്രാന്തൻ

0


**********
അയാൾ ഒരു ഭ്രാന്തൻ ആയിരുന്നു. അങ്ങനെയാണ് വീണയ്ക്കു തോന്നിയത്. നരച്ച താടിയും, പാറിപ്പറന്ന മുടിയുമുള്ള, മുഷിഞ്ഞ പാൻറ്റും, ഷർട്ടും ധരിച്ച ഒരു ഭ്രാന്തൻ.
ജോലിക്കു പോകുന്നതിനായി ബസിൽ യാത്ര ചെയ്യുമ്പോഴെല്ലാം , അയാൾ റോഡരികിൽ നിന്ന്, ട്രാഫിക് വാർഡനെപ്പോലെ ,വാഹനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണാം. പക്ഷെ ആരും അയാളെ ഗൗനിക്കാറില്ല . അന്നേരം, അത്യധികം കോപത്തോടെ അയാൾ, എന്തൊക്കെയോ പിറുപിറുക്കും.
പിന്നീടുള്ള ദിവസങ്ങളിൽ , പതിവായി അയാളെ കാണുന്ന സ്ഥലത്തു ബസ് നിർത്തുമ്പോൾ, അവൾ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. ഇങ്ങനെ പതിവായുള്ള നിരീക്ഷണത്തിന്റെ ഫലമായി, ഒരു കാര്യം വ്യക്തമായി, താൻ വായിച്ചും , കേട്ടിട്ടും ഉള്ള കഥകളിലെ ഭ്രാന്തൻ കഥാപാത്രങ്ങളെ പോലെ അല്ല ഈ ഭ്രാന്തൻ. എന്തൊക്കെയോ ഒരു ദുരൂഹത അയാളിൽ ചൂഴ്ന്നു നിൽക്കുന്നുണ്ടെന്നു വീണയ്ക്കു തോന്നി. അത് കണ്ടുപിടിക്കണം എന്ന ഉൽക്കടമായ ആഗ്രഹം മനസ്സിൽ പൊന്തി വന്നു.
പക്ഷെ എങ്ങനെ….? ജീവിക്കാൻ വേണ്ടിയുള്ള ഈ ഓട്ടപ്പാച്ചിലിൽ ഭർത്താവിന്റെയും , കുട്ടികളുടെയും കാര്യങ്ങൾ തിരക്കുന്നതിനിടയിൽ തന്റെ കാര്യം തന്നെ ശ്രദ്ധിക്കാൻ പോലും നേരം കിട്ടുന്നില്ല. പക്ഷെ അവളുടെ മനസ്സിൽ , വ്യത്യസ്തനായ ഈ ഭ്രാന്തനെക്കുറിച്ചു അറിയാനുള്ള മോഹങ്ങൾ തിരയടിക്കുന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് , താൻ ജോലി ചെയ്യുന്ന കമ്പനി , ആ കമ്പനിയുടെ ചില ഉൽപ്പന്നങ്ങളെ , സൂപ്പർമാർക്കറ്റുകൾ പോലെയുള്ള വിവിധ സ്ഥാപനങ്ങളിൽ പോയി പരിചയപ്പെടുത്തി , പ്രസ്തുത സ്ഥാപനങ്ങളിൽനിന്നും ഓർഡറുകൾ മേടിച്ചെടുക്കാനുള്ള ഡ്യൂട്ടി വീണയ്ക്കു കിട്ടിയത്.
പരിശീലനത്തിന്റെ ഭാഗമായി കമ്പനി ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു ഇങ്ങനെയൊരു ചുമതല തങ്ങളുടെ ജീവനക്കാർക്ക് നൽകാറുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്കു കമ്പനി സ്ഥാന കയറ്റവും, ഇൻസെന്റീവും നൽകും.
തന്നെ അത്തരമൊരു ഡ്യൂട്ടിക്ക് വെച്ചപ്പോൾ, എവിടെയാണ് ഡ്യൂട്ടി എന്ന് അന്വേഷിച്ച വീണ , താൻ പതിവായി കാണാറുള്ള ഭ്രാന്തൻ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭാഗത്താണെന്നു അറിഞ്ഞപ്പോൾ, അവൾക്കു വളരെയധികം സന്തോഷം തോന്നി.
പിറ്റേന്ന്, രാവിലെ തന്നെ വീട്ടിലെ ജോലികളെല്ലാം ഒതുക്കി , ആദ്യം തന്നെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞുവിട്ടു, ഭർത്താവിനു ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടി , കൊണ്ടുപോകാനുള്ള പൊതിച്ചോറ് തയ്യാറാക്കി വച്ച് , തനിക്കും കഴിക്കാനുള്ളത് പൊതിഞ്ഞെടുത്തു , എന്നിട്ടവൾ ഭർത്താവിനോട് പറഞ്ഞു, ഏട്ടാ… , ജോലിക്കു പോകുമ്പോൾ ,അടുക്കള ഭാഗത്തെ വാതിൽ പൂട്ടാൻ മറക്കല്ലേ..... ഞാൻ ഇറങ്ങുവാ...എന്ന് പറഞ്ഞു, വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ എടുത്തു ബാഗിൽ വച്ച് , വേഗം ബസ് സ്റ്റോപ്പിൽ ചെന്നു.
അൽപനേരം കാത്ത് നിന്നപ്പോഴേക്കും , അവൾക്കു പോകാനുള്ള ബസ് വന്നു. ബസിൽ കയറി, സീറ്റ് കണ്ടുപിടിച്ചു ഇരുന്നപ്പോഴേക്കും, ടിക്കറ്റ് എന്ന് പറഞ്ഞു വന്ന കണ്ടക്ടർക്ക് , ഇറങ്ങേണ്ട സ്റ്റോപ്പ് പറഞ്ഞു , ചില്ലറ കൊടുത്തു ടിക്കറ്റു വാങ്ങി , വീണ ചിന്തകളിൽ മുഴുകി.
അവിടെ എത്തുമ്പോൾ , ആദ്യം എവിടുന്ന് തുടങ്ങണം എന്നായിരുന്നു അവളുടെ ചിന്ത. ഓർഡർ ആദ്യം പിടിക്കാൻ പോകണോ അതോ ആ ഭ്രാന്തന്റെ വിവരങ്ങൾ അന്വേഷിക്കണോ എന്നതായിരുന്നു ചിന്താവിഷയം.
അവസാനം അവൾ തീരുമാനിച്ചു,, ആദ്യം ഓർഡർ പിടിക്കുക. തന്റെ ജീവിതത്തിന്റെ പ്രശ്നമാണല്ലോ. അതിനിടയിൽ , ഒത്താൽ ഭ്രാന്തന്റെ വിവരങ്ങളും തിരക്കുക. അവൾക്കു ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോഴേക്കും, ആളിറങ്ങാനുണ്ട് എന്ന് പറഞ്ഞു , വീണ തിരക്കിനിടയിലൂടെ നൂഴ്ന്നു ഇറങ്ങി.
ഒന്ന് രണ്ടു സൂപ്പർമാർക്കറ്റിൽ കയറി, അവിടത്തെ മാനേജ്മെന്റിനോട് , തന്റെ കമ്പനിയുടെ ഉത്പന്നങ്ങളെക്കുറിച്ചു വാ തോരാതെ സംസാരിച്ചു പരിചയപ്പെടുത്തിയപ്പോഴേക്കും , തരക്കേടില്ലാത്ത ഓർഡറുകൾ അവൾക്കു നേടാനായി. അങ്ങനെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായ അവൾ അടുത്ത സ്ഥാപനത്തിലേക്കു ഓർഡറുകൾ പിടിക്കുന്നതിനായി കയറുമ്പോഴാണ്, ആ ഭ്രാന്തനെ കാണുന്നത്.
ആ സ്ഥാപനത്തിന്റെ മൂലയിൽ ചമ്രം പടിഞ്ഞിരുന്നു , അയാളുടേതായ മനോരാജ്യത്തിൽ മുഴുകിയിരിക്കുകയാണ്.
അയാളുടെ അടുത്തേക്ക് പോകണം എന്ന് ഒരുവേള വീണ ആഗ്രഹിച്ചെങ്കിലും, അവളുടെ നിൽപ്പ് കണ്ട ഒരാൾ , അവളോട് പറഞ്ഞു, മോളെ അങ്ങോട്ട് നോക്കിയിരിക്കുന്നത് എന്തിനാണ്..? അയാൾ ഭ്രാന്തനാണ് കേട്ടോ. എപ്പോഴാ ഉപദ്രവിക്കുക എന്ന് പറയാൻ പറ്റില്ല, എന്നും പറഞ്ഞേച്ചു പോയി.
കുറച്ചുനേരം നോക്കി നിന്ന അവൾ, ആ സ്ഥാപനത്തിന്റെ ഉള്ളിലേക്ക് കയറിപ്പോയി. അവിടത്തെ മാനേജരോട് താൻ വന്നതിന്റെ കാര്യങ്ങൾ വിശദീകരിക്കുമ്പോഴും , തരക്കേടില്ലാത്ത ഓർഡറുകൾ അവിടെനിന്നും ഒപ്പിച്ചപ്പോഴും അവളുടെ ചിന്തകൾ മുഴുവനും ആ ഭ്രാന്തനെ ക്കുറിച്ചുള്ളതായിരുന്നു.
അവൾ വേഗം അവിടെനിന്നും ഇറങ്ങി വന്നപ്പോൾ, അയാൾ അവിടെത്തന്നെ ഉണ്ടായിരുന്നു. തന്റെ കൈവശമുള്ള കുപ്പിയിലെ വെള്ളം അടപ്പു തുറന്നു, എടുത്തു കുടിക്കുകയായിരുന്നു അയാൾ.
അയാളുടെ പ്രവർത്തികൾ അൽപനേരം കണ്ടുനിന്ന വീണയ്ക്കു ഒരു കാര്യം മനസ്സിലായി , തനിക്കു തോന്നിയപോലെയോ, ആളുകൾ അയാളെ കുറിച്ച് പറയുന്നത്പോലെയോ ഒരു ’ ഭ്രാന്തൻ ‘ അല്ല എന്നുള്ളത്. വീണ അയാളുടെ അടുത്തേക്ക് ചെന്നു , എന്നിട്ടു ചോദിച്ചു,
വിശക്കുന്നുണ്ടോ ..?
അയാൾ മറുപടിയൊന്നും പറയാതെ വീണയെ നോക്കി.
അപ്പോൾ വീണ ചോദ്യം വീണ്ടും ആവർത്തിച്ചു, വിശക്കുന്നുണ്ടോ ..?
ദയാപൂർണത്തോടെയുള്ള വീണയുടെ ചോദ്യം കേട്ടപ്പോൾ, അയാളുടെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടപ്പോൾ വീണ വല്ലാതായി.
എന്തിനാണ് വിഷമിക്കുന്നത്? എന്റെ കൈയ്യിൽ പൊതിച്ചോറുണ്ട്. വിശക്കുന്നുണ്ടെങ്കിൽ ഞാൻ അത് തരാം, എന്ന് പറഞ്ഞുകൊണ്ടവൾ , തന്റെ ബാഗിന്റെ സിബ് ഊരി , ഭദ്രമായി വച്ചിരിക്കുന്ന പൊതി എടുത്തു , അയാളുടെ നേരെ നീട്ടി.
മോൾക്ക് വിശക്കുന്നില്ലേ. മോള് വല്ലതും കഴിച്ചോ എന്ന അയാളുടെ ചോദ്യം കേട്ട് വീണ ഞെട്ടി. താൻ വിചാരിച്ച പോലെ അല്ല. അതൊരു ഭ്രാന്തന്റെ ചോദ്യവുമല്ല. സ്വബോധത്തോടെയുള്ള ചോദ്യം.
ഉടനെ അവൾ മറുപടി പറഞ്ഞു , “എനിക്ക് വിശപ്പില്ല. അച്ഛൻ ഇത് കഴിച്ചോളൂ”... അവളുടെ വായിൽനിന്ന് പെട്ടെന്ന് തന്നെ ‘അച്ഛൻ ‘എന്ന വാക്ക് വിളിച്ചുപോയതാണ് , അവൾ പോലും അറിയാതെ.
അച്ഛൻ എന്ന വിളി കേട്ട് അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
തനിക്കു നേരെ നീട്ടിയ പൊതി വാങ്ങി , വളരെ സൂക്ഷ്മമായി അഴിച്ചു , അതിലെ ചോറും,കറികളും കൂട്ടി അയാൾ ഉണ്ണുന്നത് , നിർന്നിമേഷയായി അവൾ നോക്കി നിന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ, കുപ്പിയിൽ നിന്നും വെള്ളം എടുത്തു കൈ കഴുകി ,അല്പം വെള്ളം കുടിച്ചതിനുശേഷം, അയാൾ , വീണയെ നോക്കി നന്ദി സൂചകമായി ഒന്ന് മന്ദഹസിച്ചു.
അതുകണ്ടപ്പോൾ ഒരു ധൈര്യം വന്ന വീണ , അയാളോട് വിവരങ്ങൾ ചോദിച്ചറിയാൻ തന്നെ തീരുമാനിച്ചു.
ഞാൻ നിങ്ങളെ അച്ഛാ എന്നു തന്നെ വിളിക്കട്ടെ എന്ന് വീണ ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല.
പകരം സമ്മതഭാവത്തിൽ തലകുലുക്കി.
എന്താ പേര്? എവിടെയാണ് നാട്..? അതോ ഇത് തന്നെയാണോ നാട്..? വീട്ടിൽ ആരൊക്കെയുണ്ട്..? എന്ന് ഒറ്റ ശ്വാസത്തിലവൾ ചോദിച്ചു.
അൽപ്പനേരം മിണ്ടാതെയിരുന്ന ആൾ , പിന്നെ പറയാൻ തുടങ്ങി, എന്റെ പേര് ചാൾസ് എന്നാണ്. എന്റെ നാട് കുറച്ചു ദൂരെയാണ്. എന്നെ സംബന്ധിച്ച് വീട് എന്ന് പറയുന്നത്, ഞാൻ എവിടെ ആയിരിക്കുന്നുവോ ,അവിടം ആണ് എന്റെ വീട്.
അതെന്താ .. വീണ ജിജ്ഞാസയോടെ ചോദിച്ചു.
എനിക്ക് എന്തിനാണ് വീട്..? ദുഖത്തോടെ അയാൾ തുടർന്നു, അതെ.! എനിക്ക് ഒരു കാലത്തു വീടുണ്ടായിരുന്നു. ആ വീട്ടിൽ സ്നേഹനിധിയായ ഭാര്യയും, പ്രിൻസ് എന്ന ഒരു മോനും ഉണ്ടായിരുന്നു. വളരെ സന്തോഷകരമായ ഒരു ജീവിതം ആയിരുന്നു എന്റേത്. പക്ഷെ അധികം നാൾ സന്തോഷിക്കാൻ ദൈവം എനിക്ക് ഇട തന്നില്ല.
എന്നിട്ടു അവരൊക്കെ എന്തിയെ..?
അവരെല്ലാം ഈ ലോകത്തു ജീവിച്ചിരിപ്പില്ല മോളെ. ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് , അയാൾ പറഞ്ഞു അവരെല്ലാം പരലോകത്താണ് . അവർ എന്നെ ഒറ്റക്കാക്കി പോയി.
അതുകേട്ടു വീണ വല്ലാതായി. അവൾ ചോദിച്ചു, എന്താ സംഭവിച്ചേ..?
കോളേജിൽ പഠിക്കുന്ന കാലത്തു , പ്രിൻസിനെ , അവന്റെ നിർബന്ധത്തിനു വഴങ്ങി ബൈക്ക് വാങ്ങിക്കൊടുത്തു. ഇപ്പോഴത്തെ മോഡൽ ബൈക്ക് പോലെ അല്ല. ഒരു സാധാരണ ബൈക്ക് ആണ്. അവൻ വളരെ സൂക്ഷിച്ചേ ഓടിക്കുമായിരുന്നുള്ളൂ. പക്ഷെ എത്ര ശ്രദ്ധിച്ചാലും , വിധി അതിന്റെ തനിസ്വരൂപം പുറത്തെടുക്കുവാൻ അധികകാലതാമസം ഉണ്ടാവില്ല.
മോള് ..ആ കവല കണ്ടോ..? അവിടെ വച്ചാണ്, ഒരു ബസ് എന്റെ മോന്റെ ബൈക്കിനു പുറകിൽ വന്നിടിച്ചതു. തെറിച്ചു വീണ അവൻ റോഡിൽ തലയിടിച്ചു ചോര ഒഴുകിവാർന്നാണ് മരിച്ചത്. അന്നേരം അപകടം കണ്ടു ഓടിക്കൂടിയവർ വന്നു എന്റെ മോനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ , എനിക്ക് ഇപ്പോഴും എന്റെ വീടും ഭാര്യയും,മകനും കാണുമായിരുന്നു.
അവന്റെ മരണവിവരം അറിഞ്ഞ അവന്റെ 'അമ്മ രക്തസമ്മര്ദം മൂർച്ഛിച്ചു, സ്ട്രോക്ക് വന്നു അധികം വൈകാതെ തന്നെ മരിച്ചു. എല്ലാവരും ഉണ്ടായിരുന്ന ആ വീട്ടിൽ , ഒടുവിൽ ഞാൻ മാത്രം അവശേഷിച്ചു. ഇനി എനിക്കെന്തിന് വീട് ..? എന്റേതായ ഒന്ന് രണ്ടു ജോഡി വസ്ത്രം മാത്രമെടുത്തു , ആ വീടും, അതിലെ സാധനങ്ങൾ എല്ലാം ഉൾപ്പടെ ഒരു അനാഥാലയത്തിനു എഴുതിക്കൊടുത്തു , ഞാൻ ഇങ്ങു പോന്നു. എന്റെ ഗതി ഒരു പിതാവിനും ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് , ആ കാണുന്ന കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ നോക്കുന്നത്. അതിനു സ്ഥിരമായ ഒരു സംവിധാനം വരുന്നത് വരെയോ, എന്റെ അവസാനശ്വാസം വരെയോ ഞാൻ ഇവിടെത്തന്നെ ഉണ്ടാകും.
അയാൾ ഇത് പറഞ്ഞു തീരുമ്പോഴേക്കും അവിടെ ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു. അതുകണ്ട അയാൾ , വീണയോട് ഇനി അധിക സമയം നിൽക്കണ്ട ,വേഗം പോകാൻ നോക്കിക്കോളൂ. ഞാൻ എന്റെ പണി തുടങ്ങട്ടെ, എന്നും പറഞ്ഞു അയാൾ കവലയിൽ പോയി ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങി , പതിവുപോലെ ആരും അയാളെ ഗൗനിക്കുന്നില്ലെങ്കിൽ പോലും.
സുമി ആൽഫസ്
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo