നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയ നിലാവ്

ഒരു ചിത്രശലഭം കണക്കെ ആയിരുന്നു അവൻ. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്കു തേനുണ്ണാൻ എത്തുന്ന മനോഹരമായ ഒരു ചിത്രശലഭം കണക്കെ .വെള്ളാമ്പൽ പൂവ് പോലെ പരിശുദ്ധമായ ഗൗരിയിലേക്കു ആ ചിത്രശലഭം പറന്നിറങ്ങിയ നാൾ ഗൗരി മനോഹരമായ ഒരു പനിനീർപ്പൂവായി മാറി .കഥ അവിടെ വരെ എഴുതി നിർത്തിയപ്പോൾ ശ്രീലക്ഷ്മിക്കു നന്നായി തല വേദനിച്ചു തുടങ്ങി .
" എഴുതി കഴിഞ്ഞില്ലേ ?"
നന്ദൻ പിന്നിൽ വന്നു നിന്നപ്പോൾ ക്ഷീണത്തോടെ പിന്നിലേക്ക് ചാഞ്ഞിരുന്നു അവൾ .
" ആത്മകഥാംശം ഉള്ള കഥകൾ എഴുതുമ്പോൾ സ്‌ട്രെയിൻ കൂടും കുട്ടി ..ഞാൻ ബാം പുരട്ടി തരാം "
നന്ദന്റ വിരലുകൾ അവളുടെ നെറ്റിയിൽ മൃദുവായി തടവി കൊണ്ടിരുന്നപ്പോൾ അവളുടെ മിഴികൾ പാതിയടഞ്ഞു . ഓർമകൾക്ക് എന്ത് വേഗതയാണ് .മനസ്സ് ഒരു കാലത്തിൽ നിന്ന് ദൂരേയ്ക്ക് എത്ര വേഗമാണ് കുതിക്കുന്നത്‌ ?
നന്ദനും എഴുതുമായിരുന്നു ധാരാളം .നല്ല കവിതകൾ .ആ കവിതകൾ തന്നെയാണ് അവളെ നന്ദനിലേക്കു ആകര്ഷിച്ചതും .അക്ഷരങ്ങൾ കൊണ്ട് ചിത്രം വരയ്ക്കുന്നവൻ.അക്ഷരം കൊണ്ട് സംഗീതം ഉതിർക്കുന്നവൻ .അക്ഷരങ്ങളയാളെ പ്രണയിക്കും പോലെ തോന്നുമായിരുന്നു എഴുത്തു കണ്ടാൽ.
ശ്രീയിലേക്കു നന്ദൻ എത്തുമ്പോൾ അവൾ അയാളുടെ ആദ്യ പെണ്ണായിരുന്നില്ല. അവൾ അയാളുടെ അവസാന പെണ്ണുമായിരുന്നില്ല. പ്രണയം അയാൾക്കൊരു ലഹരി ആയിരുന്നു .ഒന്നിൽ നിന്നും മറ്റൊന്നിലേക്കു അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു .ശ്രീ അതറിഞ്ഞപ്പോളും അയാൾ നിഷേധിച്ചില്ല
" ഞാൻ ഇങ്ങനെയാണ്. നിൽക്കണമെങ്കിൽ നിൽക്കാം. പോകണമെങ്കിൽ പോകാം "
അവളുടെ ദിനരാത്രങ്ങൾ ആധിയുടേതായി . പ്രപഞ്ചവും ഭൂമിയും ആകാശവുമെല്ലാം നന്ദനിലേക്കു മാത്രമായൊതുങ്ങിയ നാളുകൾ .അവൾക്കേറ്റ ആഘാതത്തിനു അവളുട മനോനില തെറ്റിക്കാൻ തന്നെ കഴിയുമായിരുന്നു .എന്നിട്ടും അവൾ പിടിച്ചു നിന്നു .
" നീ അയാളെ മറക്കു ശ്രീ .അയാൾ നിന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും മറ്റെന്തും നമുക്കു ക്ഷമിക്കാം പുരുഷനെ പങ്കു വെയ്ക്കാൻ മാത്രം വിശാല ഹൃദയരല്ലല്ലോ നമ്മൾ ?" ഉറ്റ സുഹൃത്ത് വേണി പറയുമ്പോളും അവൾക്കു ആ തീരുമാനം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .
ആദ്യമായി പ്രണയിച്ച
പുരുഷനെ മറക്കുക സ്ത്രീക്ക് എളുപ്പമല്ല .മറക്കുന്നതായി ഭവിച്ചാലും അവന്റ ഓർമ്മകൾ അവളെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും അവന്റ ഓർമകളുമായി മറ്റൊരാളുടെ മുന്നിൽ നിൽക്കാനും അവൾക്കു കഴിയുമായിരുന്നില്ല
" നിനക്ക് സമാധാനത്തോടെ ജീവിക്കണമെന്നില്ല ?"
വീണ്ടും മുന്നിൽ വന്ന അവളൂടെ നന്ദൻ ചോദിച്ചു
ശ്രീ പുഞ്ചിരിച്ചതേയുള്ളു.പ്രണയം സത്യത്തിൽ ഒരു യുദ്ധം തന്നെയാണ് .കീഴടക്കപ്പെടുന്നത് ഹൃദയം തന്നെ .
നന്ദന് ശ്രീ എന്നും ഒരു അത്ഭുതം ആയിരുന്നു ,കണ്ടിട്ടുള്ള പെൺകോലങ്ങളിൽ നിന്നും വ്യത്യസ്തയായവൾ .അവന്റ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ അടയ്ക്കാത്തവൾ. അവനെന്തോ അതെ പോലെ അവനെ സ്നേഹിച്ചവൾ .അവന്റെ തെറ്റുകളെ പൊറുക്കുന്നവൾ .പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവൾ നീറുന്നതും നന്ദൻ അറിയുന്നുണ്ടായിരുന്നു .അതവനെ അസ്വസ്ഥനാക്കി .അവന്റെ മനസിനെ ചങ്ങലക്കിടും പോലെ അവനു തോന്നി തുടങ്ങി
" എന്നെ വിട്ടു പോകു ശ്രീലക്ഷ്മി ..പ്ലീസ് .അവൻ അവളോട് കെഞ്ചി " എനിക്ക് കുറ്റബോധം തോന്നുന്നു .എനിക്കൊന്നും എഴുതാൻ കഴിയുന്നില്ല അക്ഷരങ്ങൾ എന്നോട് പിണങ്ങിയ പോലെ "
ശ്രീലക്ഷ്മി കുനിഞ്ഞ ശിരസോടെ അവനെ കടന്നു പോയി .അവൾ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ നിരത്തു മാത്രമല്ല മനസ്സും ശൂന്യമായി പോയി നന്ദന് ..സ്ത്രീസുഹൃത്തുക്കളുടെ കളിചിരികളിൽ ശ്രീയുടെ നേർത്ത സ്വരം തിരയാൻ തുടങ്ങി നന്ദൻ .ശ്രീ പിന്നീട് അവനെ തേടി വന്നില്ല. അവൾ കരയുന്നുണ്ടാകുമോ ? നന്ദൻ ഇടയ്ക്കു ചിന്തിക്കും .
ഒരു ത്രിസന്ധ്യക്കു ക്ഷേത്ര നടയിൽ അവളെ കാത്തു നിൽക്കുമ്പോൾ നന്ദന്റെ മനസ്സ് ഒരു മഴയ്‌ക്കെന്നപോൽ പിടച്ചു കൊണ്ടിരുന്നു
ശ്രീയുടെ നേർത്ത വിരലുകളിലെ ചന്ദന തണുപ്പ് നെറ്റിയിൽ തൊട്ടപ്പോൾ അയാൾ ചിരിക്കാൻ ശ്രമിച്ചു
അവളെന്ത് മാജിക് ആണ് തന്നിൽ പ്രയോഗിച്ചതെന്നു അയാൾക്ക്‌ അറിയുമായിരുന്നില്ല .മറ്റൊരുവളേം ഓർക്കാൻ പോലും സാധിക്കാത്തവണ്ണം മനസ്സ് അടഞ്ഞു പോയത് എങ്ങനെ എന്നും അയാൾക്ക്‌ മനസിലായില്ല .അവളുട ദീപ്തമായ മിഴികൾ മാത്രമേ കുറച്ചു നാളായി അയാളുടെ ഉള്ളിലുണ്ടായിരുന്നുള്ളു
" നീ വേദനിക്കാതിരിക്കാൻ ഞാൻ എന്ത് ചെയ്യണം ശ്രീ?" അയാൾ മെല്ലെ ചോദിച്ചു
അവൾ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു
.
" എന്റെ മനസ് പുഴ പോലെയാണ് .ഞാൻ ശ്രമിച്ചാലും അത് പിടിവിട്ടു പോകും . .നീ വേദനിക്കും "അവൻ ഇടർച്ചയോടെ പറഞ്ഞു
" പുഴയൊടുവിലിൽ കടലിൽ ചെന്ന് ചേരില്ലേ ? " അവൾ തിളങ്ങുന്ന മിഴികളോടെ ചോദിച്ചു
അവന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി .
ശ്രീ ഒരു കടൽ തന്നെയായിരുന്നു .നന്ദൻ എന്ന പുഴയെ തന്നിലേക്ക് ലയിപ്പിച്ചവൾ .വീണ്ടുമൊരു നീർച്ചാലിലേക്കു ഒഴുകാൻ കഴിയാത്ത വണ്ണം നന്ദൻ അവളിലവസാനിച്ചു
ശ്രീ കണ്ണുകളടച്ചു ഉറങ്ങുന്നത് നോക്കിയിരുന്നു അവൻ .ഒരു പുതപ്പെടുത്തു അവളെ മെല്ലെ പുതപ്പിച്ചു. ജനാലകൾ അടച്ചു അവൻ വാതിൽ ചാരി പുറത്തേക്കു പോയി ,
അവൾക്കൊപ്പം ജീവിക്കാൻ തുടങ്ങിയ ശേഷംഅവനു അവനോടു തന്നെ വാശിയായിരുന്നു .ചെളിക്കുണ്ടിലേക്കു ഒരിക്കലും തിരിച്ചു പോകില്ലന്ന വാശി .തന്റെ തന്നെ ദൗര്ബല്യത്തോട് പൊരുതി ആ വാശി വിജയിച്ചപ്പോൾ നന്ദൻ എന്ന കവി നന്ദൻ എന്ന ബിസിനസ്സ്കാരനായെന്നു മാത്രം .അതിൽ തെല്ലും നഷ്ടബോധമില്ല താനും .അക്ഷരങ്ങളെക്കാൾ, അത് നൽകുന്ന ആനന്ദത്തേക്കാൾ അവൻ അവളെ സ്നേഹിക്കുന്നുണ്ടായിരുന്നു . "എഴുതു" എന്നവൾ കെഞ്ചിയാലും ഒരു ചിരിയോടെ അവളെ അടക്കിപ്പിടിക്കുകയാണ് പതിവ്" എനിക്ക് വേണ്ടി കൂടെ നീ എഴുതു ശ്രീ .."അവൻ പറയും .അവനറിയാം എഴുതി തുടങ്ങിയാൽ താൻ ചിലപ്പോൾ വീണ്ടും പഴയ നന്ദൻ ആകും . ആ ദൗർബല്യം തനിക്കു മാത്രമേ അറിയുകയുള്ളൂ . ആ തൃഷ്ണയെ താൻ ഇന്ന് തടവറയിലിട്ടിരിക്കുന്നു . നന്ദന് ശ്രീയുടേതായാൽ മാത്രം മതി അവൾ കരയാതിരുന്നാൽ മാത്രം മതി .അവളെന്നെ ലഹരി മാത്രം മതി .അത് തെറ്റോ ശരിയോ എന്നവൻ ഓർക്കാറില്ല .കാരണം ശ്രീ എന്ന സ്ത്രീയിൽ അത്രമേൽ അവൻ ലയിച്ചു പോയിരുന്നു .

by: Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot