
കഥ തുടങ്ങുന്നതു ഒരു സ്വപ്നത്തിൽ നിന്നാണ്.
സ്വപ്നത്തിൽ വെളുത്തു നേർത്ത ആ രൂപം കൈ നീട്ടി പയ്യെ വിളിച്ചു..
വിനൂ എന്നെ നീ മറന്നോടാ...
മുഖം വ്യക്തമല്ലെങ്കിലും ആ ശബ്ദം അയാൾ തിരിച്ചറിഞ്ഞു. അത് മരിച്ചു പോയ സുന്ദരേട്ടന്റെതായിരുന്നു...
വിനു ആ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു...
വർഷങ്ങളായി മനസ്സിനെ നീറ്റുന്ന ആ ബാദ്ധ്യത...
കിടക്കയിൽ ഉറക്കം നഷ്ടപ്പെട്ട മിഴികളുമായി അയാൾ പുലരിയെ കാത്തു കിടന്നു..
***************************
കഥയിലെ ഫ്ളാഷ് ബാക്ക് തുടങ്ങുന്നതു ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. . ഒരിക്കലും കൂട്ടിമുട്ടാതെ അകലേയ്ക്കു നീളുന്ന പാളങ്ങൾക്കു മുകളിൽ ചുവന്ന കൺപോളകളുമായി സിഗ്നൽ ലൈറ്റ് ആരെയോ കാത്തു കിടന്നു.
എല്ലാം നഷ്ട്ടപ്പെട്ടവന്റെ ഒരു മടക്കയാത്രയുടെ ആരംഭം.
റെയിൽവേ സ്റ്റേഷനിലെ മഞ്ഞ വെളിച്ചത്തിൽ സുന്ദരേട്ടന്റെ തോളിൽ തലചായിച്ചു തേങ്ങിക്കരയുകയായിരുന്നയാൾ..
നീ വിഷമിക്കാതെ വിനൂ... ഞാനില്ലേ നിനക്ക്..
പിന്നെ കൈയ്യിലേൽപ്പിച്ച പൊതിയിൽ എന്താണെന്നുള്ള ആകാംക്ഷയിൽ വിനു ആ നേർത്ത രൂപത്തെ നോക്കി.
ചിട്ടി പിടിച്ച ഒരു ലക്ഷം രൂപയാണ്. നിനക്കാണ്.. ഞാൻ ആരോടും പറഞ്ഞിട്ടില്ല.
വണ്ടിയകന്നു തുടങ്ങിയപ്പോൾ വാതിൽക്കൽ വിനു അയാളെ നോക്കി നിന്നു, മഞ്ഞ വെളിച്ചത്തിൽ മുറുകി ചുവപ്പിച്ച ചുണ്ടിലെ ചിരി അകന്നകന്നു പോയി..
പക്ഷെ അതൊരവസാന യാത്രയയപ്പായിരുന്നു..
അന്നു രാത്രി റോഡിൽ ഏതോ വണ്ടി തട്ടി നേർത്തു വെളുത്ത ആ രൂപം മരിച്ചു മരവിച്ചു കിടക്കുമ്പോൾ വിനു മുകളിലെ ബർത്തിൽ സുന്ദരമായ സ്വപ്നങ്ങൾ നെയ്തുറങ്ങാതെ കിടന്നു.
****************************
കഥയുടെ മൂന്നാമത്തെ ഭാഗം മരണം ആദ്യം തന്ന വേദനയിലും പിന്നെ നിഗൂഡമായ ആനന്ദത്തിലും തുടരുന്നു.
രണ്ടു ദിവസം കഴിഞ്ഞാണ് വിനു സുന്ദരേട്ടന്റെ മരണ വാർത്ത അറിയുന്നത്. ആദ്യം അയാൾ ഉറക്കെ കരഞ്ഞു..
പിന്നെ ആരോരുമറിയാതെ കിട്ടിയ നോട്ടുകളുടെ ഗന്ധം ആ കണ്ണുനീർ മായ്ച്ചു.
നില തെറ്റി വീണുപോയ ഒരാൾക്ക് ദൈവം തന്ന ഒരു കൈ സഹായം..
ബാദ്ധ്യതകളില്ലാത്ത, ആരുമറിയാതെ കിട്ടിയ സൗഭാഗ്യത്തിൽ നന്മയുടെ ആ വെളുത്ത രൂപം നിറം മങ്ങി മാഞ്ഞു.
അപ്പോൾ വിനു പുഞ്ചിരിച്ചു...
*******************************
കഥയുടെ അവസാന ഭാഗം
സ്വപ്നങ്ങൾ ഓർമ്മിപ്പിച്ച സുന്ദരേട്ടന്റെ വീട്...
വളരെ ചെറിയ ഒരു സ്വീകരണമുറിയായിരുന്നു അത്. നിറം മങ്ങിയ ചുവരുകൾ. എണ്ണ വീണു കറുത്ത പീoത്തിനു മുകളിലെ ചെറിയ വിളക്ക്,, തെക്കുവശത്തെ മാറാല പിടിച്ച ചുമരിൽ മാലയിട്ട ഫോട്ടോ.
ആ ഫോട്ടോ സുന്ദരേട്ടന്റേതായിരുന്നു.
അകത്തെ മുറിയിൽ മുറിവുള്ള ഒരു ചുമ കേൾക്കുന്നു.
തല നരച്ചു തുടങ്ങിയ ഒരു എല്ലിൻ രൂപം. അവർ ഒരു സ്ത്രീയാണ്. കൺതടങ്ങളിൽ ദു:ഖം കറുത്തു കിടന്നു..
അവരുടെ ശോഷിച്ച കൈകളിലേക്കു വിനു ഒരു പൊതി ഏൽപിച്ചു പറഞ്ഞു.
ഇരിക്കട്ടെ രാധേട്ടത്തി.. സുന്ദരേട്ടൻ എനിക്ക് എന്റെ അമ്മയിൽ ജനിക്കാതെ പോയ ഏട്ടനാണ്.. ഇതെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ......
ഉള്ളിന്റെ ഉള്ളിൽ പെരുമ്പറകൾ മുഴക്കി ബാദ്ധ്യത തീർത്ത മുഖവുമായി വിനു തെക്കേ ചുമരിലേക്കു നോക്കി..
മരണപ്പെട്ടവർ വെറും ഓർമ്മകളായി ഒരു ചെറു പുഞ്ചിരിയോടെ മാലയണിഞ്ഞു ചുമരിൽ ഫോട്ടോയായി ഒതുങ്ങുന്നു..
തല നരച്ചു ശോഷിച്ച സ്ത്രീ രൂപം നിറഞ്ഞ കണ്ണുകളോടെ കൂപ്പുകൈകളോടെ നിന്നു.
പ്രിയപ്പെട്ടവരേ....
ഈ കഥ നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥയാവാം. പണത്തിന്റെ മുന്നിൽ ജയിച്ച സ്വാർത്ഥ ചിന്തകളുടെ കഥയാവാം..
ക്ഷണികമായ ജീവിതത്തിന്റെ കഥയാവാം. അല്ലെങ്കിൽ കുറ്റബോധത്തിന്റെ കഥയാവാം.
മറന്നു തുടങ്ങിയ ചില ജീവിതങ്ങളുടെ മാറാല പിടിച്ച ഓർമ്മകളുടെ കഥയാവാം..
അതാ തല നരച്ചു ശോഷിച്ച ആ സ്ത്രീ രൂപം ഇടറിയ ശബ്ദത്തിൽ എന്തോ പറയുന്നു...
വിനു....
അയാൾ തിരിഞ്ഞു നോക്കി..
അന്ന് സുന്ദരേട്ടൻ നീ ഇതു തിരിച്ചു തരുമെന്നു കരുതി തന്നതല്ല .. നിന്നെ ഏട്ടന് അത്ര ഇഷ്ടായിരുന്നു...
അപ്പോൾ...
മാറാല പിടിച്ച ചുവരിലെ ഫോട്ടോയ്ക്കു മുന്നിൽ സുന്ദരേട്ടനു വേണ്ടി ആ മാല കാറ്റിൽ ഇളകുന്നുണ്ടായിരുന്നു...
...പ്രേം മധുസൂദനൻ...
14/08/2018
14/08/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക