നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താരാട്ട്

Image may contain: 1 person, smiling, closeup

വാവാച്ചി ....ഇത് എവിടെ പോയി??
മോളെ...വാവാച്ചി.
അടുക്കളയിൽ എന്താ ഒരു ശബ്‌ദംകേള്കുന്നുണ്ടല്ലോ...
ഹോ ഈ പൂച്ചയെ കൊണ്ട് തോറ്റു. 
നീണ്ട ഇടനാഴി കടന്ന് അടുക്കളയിലേയ്ക്ക് കയറിയപ്പോൾ ആദ്യം കണ്ട കാഴ്ച്ച.....
തിട്ടയിൽ കയറി ഇരുന്ന്.അലമാര തുറന്ന് പതുക്കെ അച്ചാർ ഭരണി കൈയ്യിൽ എടുത്ത് അതു തുറക്കാൻ നോക്കുന്ന വാവച്ചിയെയാണ്. ഞാൻ അടുക്കളയിൽ കയറാതെ അവിടെ തന്നെ നിന്നു. എന്താ ചെയ്യുന്നത് എന്ന് അറിയണമല്ലോ.ആ കുഞ്ഞികൈ കൊണ്ട് പതുക്കെ അടപ്പു തുറന്നു.കൈ ഇട്ട് എടുക്കാൻ കഴിയുന്ന അത്രയും മാങ്ങ വാരി വായിലേയ്ക്ക് ഇട്ടു.നല്ല മുളക് ചേർത്താണ് അച്ചാറുണ്ടാക്കിയത്.ആദ്യത്തെ പിടിയിൽ നന്നായി ചവച്ചു അസ്വദിച്ചു കഴിച്ചു.അടുത്ത പിടിയിൽ നന്നായി നാവിൽ എരിവ് തട്ടിയെന്നു തോന്നുന്നു.എങ്കിലും ഭരണി ഉപേക്ഷിക്കാൻ തയ്യാറല്ല.അടുത്ത പിടിയ്ക്ക് മുന്നേ ഞാൻ ശബ്ദം ഉണ്ടാക്കാതെ പതുക്കെ ചെന്ന് ചെവിയിൽ ഒന്ന് പിടിച്ചു.
"കള്ളി..ഇവിടെ ഇരുന്ന് മാങ്ങ കട്ടു തിന്നുകയാണോ?
നിന്നെ കൊണ്ട് ഞാൻ തോറ്റല്ലോ. ഇങ്ങനെ വാരി കഴിച്ചാൽ വയറ്റിൽ പുണ്ണ് വരുമെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്".
"വിട് അമ്മേ...എനിക്ക് വേദനിക്കുന്നു".
അപ്രതീക്ഷിതമായ എന്റെ കടന്നു വരവിൽ ഭരണി കൈയ്യിൽ നിന്ന് തെന്നി താഴെ വീണു പൊട്ടി.ഒപ്പം താഴേയ്ക്ക് ചാടി എന്റെ അടുത്ത് നിന്ന് കുതറി ഓടി.
അച്ചാറിന്റെ എരിവിൽ നാവിൽ നിന്ന് ജലപ്രവാഹം...
എന്റെ കൈയ്യുടെ എരിവിൽ കണ്ണിൽ നിന്നും വെള്ളം കുതിച്ചു ചാടി.
ഉറക്കെ കരഞ്ഞു കൊണ്ട് ഉമ്മറത്തേയ്ക്ക് ഓടി.
ഞാൻ തറയിൽ വീണ അച്ചാറും ഭരണിയും തുടച്ചു നീക്കി.പശ്ചാത്തലത്തിൽ ഉമ്മറത്തു നിന്ന് വലിയ വായിൽ ഒരു നിലവിളി കേൾക്കുന്നുണ്ട്.ഇടയ്ക്ക് പുലമ്പലും..
"അച്ഛൻ ഇങ്ങ് വരട്ടെ...ഞാൻ പറഞ്ഞു കൊടുക്കും...
ങീ...ങീ...ങീ..."..
എനിക്ക് ചിരി വന്നുവെങ്കിലും ഒരു ദേഷ്യത്തിൻ മൂടുപടം അണിഞ്ഞു ഞാൻ അങ്ങോട്ട് ചെന്നു. അതെ ദേഷ്യത്തിൽ പറഞ്ഞു.
"ഇനി കരച്ചിൽ ഇവിടുന്ന് പുറത്തേയ്ക്ക് കേട്ടാൽ അതിനും കൂടി കിട്ടും എന്റെ കൈയ്യിൽ നിന്ന്"..
അതുകേട്ട ഉടൻ വാ..പൊത്തി നിശബ്ദതമായി..
കണ്ണിൽ നിന്ന് അണപൊട്ടിയ പോലെ വെള്ളം മാത്രം.
ഞാൻ ശ്രദ്ധിക്കാതെ.അടുക്കളയിൽ പോയി ജോലി നോക്കി.
കുറെ കഴിഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി.
നേരെ ഉമ്മറത്ത് ചെന്നപ്പോൾ പടിയിൽ തലച്ചായ്ച് ഉറങ്ങുകയാണ് വാവാച്ചി.ആ നെറുകയിൽ പതിയെ തലോടി ,എടുത്ത് തോളിൽ ഇട്ടു.മുറിയിൽ കൊണ്ടു പോയി കിടത്തി.
ഞാനും ചേർന്നു കിടന്നു.
******
അമ്മാളൂ...
ചേട്ടന്റെ വിളികേട്ട് കണ്ണു തുറന്നത്.
അപ്പോഴും വാവാച്ചി എന്നെ ചേർന്നു പിടിച്ചിരുന്നു.കൈകൾ എടുത്ത് മാറ്റി.ഉമ്മറത്തേയ്ക്ക് ചെന്നു.
"വാവാച്ചി" എന്റെ മോള് എവിടെ?
"എന്നോട് പിണങ്ങി നേരത്തെ ഉറങ്ങി.
അച്ചാർ വാരി കഴിച്ചതിന് ഞാൻ വഴക്കു പറഞ്ഞതിന്.
"ഇന്നുംഅമ്മയും മോളും തമ്മിൽ കലഹിച്ചോ" എന്നു പറഞ്ഞദ്ദേഹം അകത്തേയ്ക്ക് പോയി.
കുളിച്ചു വന്ന് വിളക്കു കൊളുത്തി.
അദ്ദേഹം ടി.വി കണ്ടു ഇരുന്നു.
അദ്ദേഹത്തിന് ആഹാരം നൽകി.
ഞാൻ പതുക്കെ മുറിയിൽ ചെന്നു. അപ്പോഴും വാവാച്ചി സുഖമായി ഉറങ്ങുകയായിരുന്നു .
ഞാൻ വീണ്ടും ചേർന്നു കിടന്നു.എന്റെ സ്പർശം അറിഞ്ഞു എന്ന പോൽ കുറച്ചു കൂടി എന്റെ നെഞ്ചിലേയ്ക്ക് ചേർന്നു കിടന്നു.
*******
രാവിലെ ഉണർന്നത് മുതൽ വാവാച്ചി ഭയങ്കര കരച്ചിൽ വയറു വേദനിച്ചിട്ട്.
ഞാൻ അവളോട് ദേഷ്യപ്പെട്ടു.
കുറച്ചു കൂടി അച്ചാർ വാരി കഴിക്ക് എന്നു പറഞ്ഞു.ചേട്ടനും ഞാനും വാവാച്ചിയെ റെഡിയാക്കി ആശുപത്രിയിലേയ്ക്ക് തിരിച്ചു.
നീണ്ട പരിശോധനയ്ക്ക് ഒടുവിൽ ഡോക്ടർ പറഞ്ഞു അവിടെ കിടത്താൻ.അഡ്മിറ്റ് ചെയ്ത് ട്രിപ്പും ഇട്ടു.
ആഹാരവും കൊടുക്കേണ്ട എന്നു പറഞ്ഞു.ക്ഷീണം കൊണ്ട് മോള് വേഗം ഉറങ്ങി.ഞാനും അദ്ദേഹവും കട്ടിലിന്റെ ഓരത്ത് മോളെ നോക്കി ഇരുന്നു.
വൈകുന്നേരം ഡോക്ടർ വന്നു പറഞ്ഞു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകാൻ .അത് കേട്ടത് മുതൽ ഞാൻ കരച്ചിൽ തുടങ്ങി.രോഗം വലുതായിരിക്കും അല്ലെങ്കിൽ ഒരിക്കലും അവിടേയ്ക്ക് കൊണ്ടു പോകാൻ പറയില്ല.അദ്ദേഹം എന്നെ സമാധാനിപ്പിച്ചു.
ആത്മധൈര്യം പകർന്നു തന്നു.
ഞങ്ങൾ അവിടെ നിന്നിറങ്ങി.
ബസ്സിൽ ആയിരുന്നു പോയത്.ഞാൻ വാവാച്ചിയെ ചേർത്തു പിടിച്ചു നിശബ്ദതമായി ഉള്ളിൽ കരഞ്ഞു.അദ്ദേഹം ഞങ്ങളെ രണ്ടുപേരും അദ്ദേഹത്തോട് ചെർത്ത് പിടിച്ചു.
നീണ്ട യാത്രയ്ക്ക് ഒടുവിൽ അവിടെ എത്തി.അത്യാഹിത വിഭാഗത്തിൽ കാണിച്ചു.അവിടെ നിന്ന് ശിശുരോഗവിഭാഗത്തിലേയ്ക്ക് വിട്ടു.
ഡോക്ടർ വളരെ നല്ല ഒരു മനുഷ്യൻ അദ്ദേഹം റിപോർട്ടുകൾ എല്ലാം വാങ്ങി നോക്കിയ ശേഷം ഞങ്ങളോട് പറഞ്ഞു.
"ഇത് കൊച്ചുകുട്ടികളിൽ ഈ പ്രായത്തിൽ കണ്ടു വരുന്ന ഒന്നാണ് ഗർഭപാത്രത്തിൽ മുഴ".
കേട്ട മാത്രയിൽ ഞാൻ കരഞ്ഞു തുടങ്ങി.
ചേട്ടൻ എന്നെ വിളിച്ചു പുറത്ത് കൊണ്ട് വന്നിരുത്തി.ഞാൻ മോളെയും ചേർത്ത് പിടിച്ചവിടെ ഇരുന്നു.കുറെ കഴിഞ്ഞ് അദ്ദേഹം വന്നു.ഞങ്ങൾ വാർഡിലേയ്ക്ക് പോയി.
നാളെ മോൾക്ക് ഓപ്പറേഷൻ ആണ്. ആ രാത്രി ഞങ്ങൾ ഉറങ്ങില്ല.
രാവിലെ മോളെ തീയറ്ററിൽ കയറ്റി.എന്റെ കൈയ്യിൽ നിന്ന് കൊണ്ടു പോയപ്പോൾ പേടിച്ചു കരഞ്ഞു.ഞാനും ചേട്ടനും പുറത്ത് കാവൽ നിന്നു.2 മണിക്കൂർ നീണ്ട ഓപ്പറേഷൻ കഴിഞ്ഞ് ഐ.സി.യു. വി ലേയ്ക്ക് മാറ്റി.ചേട്ടൻ വന്ന് ഒന്ന് കണ്ടു പോയി.അവിടെ ഒരാൾക്ക് നിൽക്കാനേ അനുവാദം ഉണ്ടായിരുന്നുള്ളൂ.
ഓപ്പറേഷൻ കഴിഞ്ഞു വന്ന മയക്കത്തിൽ വാവാച്ചി ഉറങ്ങു കയായിരുന്നു.ഞാൻ അവിടെ മോളെ നോക്കി ഇരുന്നു.
ഞങ്ങൾക്ക് പുറമേ അവിടെ വേറെ 5 കുട്ടികൾ ഉണ്ടായിരുന്നു.
അഞ്ചു വയസുകാരൻ ആസിഫ് കിഡ്നിയിൽ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നു.
ഒരു വയസുകാരി മാളു അണ്ണാക്കിൽ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണ്.നേരെ കിടന്ന് ഫലം കിട്ടില്ല എന്നതു കൊണ്ട് കമഴ്ത്തി കിടത്തിയിരിക്കുകയാണ്.ഒപ്പം തിരിയതിരിക്കാൻ കൈയ്യും കാലും കെട്ടി ഇട്ടിരിക്കുകയാണ്.ആ കാഴച്ച എന്നെ വേദനിപ്പിച്ചു.ആ കാഴ്ച താങ്ങാൻ കഴിയാതെ മാളുവിന്റെ അമ്മ ആ കുട്ടിയെ ചെറിയമ്മയെ ഏല്പിച്ചു പുറത്തു പോയി.
അങ്ങനെ തന്നെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാണ് മറ്റുള്ളവരും.
ഞങ്ങളിൽ നിന്ന് അകന്ന് ആ വലിയ മുറിയുടെ അങ്ങേ കോണിൽ തുണി വിരിച്ച് ഇട്ടിട്ടുണ്ട്.അവിടെ ജനിച്ച് ഇരുപത് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്.
അതിന് ഇൻഫെക്ഷൻ ബാധിച്ച് ശരീരത്തിന്റെ കുറച്ചു ഭാഗം കറുപ്പ് നിറമാണ്.അതീവ ശ്രദ്ധ കൊടുക്കാൻ വേണ്ടിയാണ് അവിടെ കിടത്തിയിരിക്കുന്ന് എന്ന് ആസിഫിന്റെ ഉമ്മ എന്നോട് പറഞ്ഞു.
കുറെ നേരത്തിന് ശേഷം മോള് ഉണർന്നു.ആഹാരവും വെള്ളവും ഒന്നുമില്ലാത്തതിനാൽ ചുണ്ട് ഉണ ങ്ങി വരണ്ടു.
അവശത നിറഞ്ഞ കുഞ്ഞി സ്വരത്തിൽ എന്നോട് ചോദിച്ചു..
"അമ്മേ വെള്ളം"..
അത് കേട്ട് എന്റെ ഹൃദയം ഞുറുങ്ങി.എങ്കിലും ഡോക്ടർ ഒന്നും കൊടുക്കേണ്ട എന്ന് പറഞ്ഞത് കൊണ്ട് വെള്ളം വച്ച് ആ ചുണ്ടുകൾ മാത്രം തുടച്ചു.ആ ചുണ്ടുകളിൽ നിന്ന് അല്പം ജലം ഒപ്പിയെടുക്കാൻ എന്ന വണ്ണം നാവ് കൊണ്ട് ചുണ്ടിൽ പരതി എന്റെ മോള്.
ഞാൻ എന്റെ വേദന ഉള്ളിൽ ഒതുക്കി അത് കണ്ടില്ല എന്ന മട്ടിൽ ഇരുന്നു.
രാത്രിയായപ്പോൾ ഒരു താരാട്ട് ആ മുറിയിൽ അലയടിച്ചു.
ഇരുപത് ദിവസം പ്രായമുള്ള കുഞ്ഞിന് ഉറക്കുകയാണ് ഒരമ്മ അവിടെ.
രാരീരം... രാരീരം...
രാരോ...
രാരീരി...
രാരീരി...
രാരോ...
ആ പാട്ടിൽ വാവാച്ചിയും അവിടെയുള്ള എല്ലാ കുഞ്ഞുങ്ങളും ഉറങ്ങി.
രണ്ടു ദിവസം അവിടെ കിടന്നു വാവാച്ചി..
അവിടെ മോൾക്ക് ആശ്വാസമായത് ആ അമ്മയുടെ താരാട്ട് ആയിരുന്നു.
മുന്നാം നാൾ വാവാച്ചിയെ മുറിയിലേയ്ക്ക് മാറ്റി.അവിടെ നിന്ന് പോകുന്നത് മുൻപേ ആ അമ്മയെയും കുഞ്ഞിനേയും കാണാണമെന്ന് ഉണ്ടായിരുന്നു.പക്ഷെ എനിക്കതിന് കഴിഞ്ഞില്ല.
മുറിയിൽ മാറ്റിയപ്പോൾ ഞാൻ മോളെ ചേട്ടനെ ഏല്പിച്ചു താഴെ പോയി കുളിച്ചു വന്നു.തുണിയും കഴുകി ഇട്ടു.തിരികെ വന്നപ്പോൾ എന്നെ വരവേറ്റത് വേദനാജനകമായ വാർത്തയാണ്.
ആ അമ്മയെയും താരാട്ടിനെയും ഉപേക്ഷിച്ച് ആ കുഞ്ഞ് പോയിരിക്കുന്നു.എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.ഞാൻ ചെന്ന് എന്റെ മോളെ എന്റെ മാറോട് ചേർത്തണച്ചു..
അപ്പോഴും എന്റെ കാതിൽ ആ താരാട്ട് അലയച്ചു.
രാരീരി....
രാരീരം....
രാരോ....
(സാര്യ വിജയൻ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot