Slider

കഞ്ഞിമലയാളം

0
Image may contain: 1 person, sunglasses and closeup

=============
(കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം...എന്ന ശീല്)
ഇഗ്ളീഷിലല്ലാതെ തൊള്ളതുറക്കാത്ത "തള്ള"യൊന്നുണ്ടായിരുന്നു..പ്രിൻസി
ത്തള്ളയൊന്നുണ്ടായിരുന്നു...
തള്ളതൻപാതയിൽപാത്തുപതുങ്ങിയാ
"തന്ത"യുമുണ്ടായിരുന്നു... ഡോക്ടർ
തന്തയുമുണ്ടായിരുന്നു
മക്കളോ രണ്ടുപേർ ഹോസ്റ്റലിൽ തങ്ങുന്നു
വീക്കെന്റിൽ വീട്ടിലെത്തുന്നു...രണ്ടും
വീക്കെന്റിൽ വീട്ടിലെത്തുന്നു
വീട്ടിലിങ്ങെത്തിയാൽ സിസ്റ്റം തുറക്കുന്നു
ബ്രൗസിംഗ് തുടങ്ങുന്നു രണ്ടും...പിന്നെ
ചാറ്റു തുടങ്ങുന്നു ചെമ്മേ
പപ്പയ്ക്കൊരു മുറി മമ്മയ്ക്കൊരു മുറി
സൈലന്റു മോഡിലാണെല്ലാം... എല്ലാം
സൈലന്റാ"യാസ്വദി"ക്കുന്നു
മമ്മയ്ക്കു മോളോടും മോള്ക്ക് മമ്മോടും
ഇഗ്ളീഷിലാണു പറച്ചിൽ... എല്ലാം
ഇഗ്ളീഷിലാണ് പറച്ചിൽ
പപ്പയ്ക്ക് മോനോടും മോന്ക്ക് പപ്പോടും
ഇഗ്ളീഷു തന്നെയാം പഥ്യം... എന്നും
ഇഗ്ളീഷുതന്നെയാം പഥ്യം
അയൽവാസിയാരാനും ഗെയ്റ്റതിൽ മുട്ടിയാൽ
പട്ടിയെ നീട്ടി വിളിക്കും "ചുമ്മാ"
പട്ടിയെ നീട്ടി വിളിക്കും
പത്രത്തിനൊരുപെട്ടി, പാലിന്നൊരു പെട്ടി
ഗേറ്റിൻ നടുവിലായ് തൂങ്ങും...പാലും
പത്രവുമങ്ങനെത്തന്നെ
ഗെയ്റ്റിൻ പുറത്തായി തൂങ്ങുമൊരു ബോർഡ്,"
പട്ടികളുണ്ട് കടിക്കും". രണ്ടു
പട്ടികളുണ്ട് കടിക്കും
ബോർഡുവായിക്കാനറിയാത്ത പാഴ്ജലം
തത്തിക്കളിച്ചവിടെത്തി... സ്പീഡിൽ
ചാടിക്കടന്നങ്ങു പൊങ്ങി
പൂമുഖത്തോളമാവെള്ളമുയർന്നപ്പോൾ
വീട്ടുകാർ കാലൊന്നു പൊക്കി...മെല്ലേ
കാലിന്നകമൊന്നു നോക്കി
വെള്ളമൊരുതുള്ളിയകമേ കയറില്ല
കോടിതൻ കൊട്ടാരമല്ലോ...രണ്ടു
കോടിതൻ മാളികയല്ലോ
എന്നുഭാവിച്ചങ്ങിരിക്കുന്ന നേരത്ത്
വെള്ളം കുതിച്ചങ്ങു പൊങ്ങി.. കാലിൽ
വെള്ളം നനഞ്ഞു തുടങ്ങി
കാൽമുട്ടിൽനിന്നുമരയോളമെത്തുന്നു
പന്തിയല്ലാത്തതുപോലെ...ഒട്ടും
ചിന്തിച്ചിരിക്കാത്ത പോലെ
പിന്നെയും വിശ്വാസമൊത്തുപിടിച്ചവർ
രണ്ടാം നിലയിൽക്കയറി...ഭീതിയിൽ
രണ്ടാം നിലയിൽ കയറി
പേടിച്ചരണ്ടൊരാ മക്കളും ഡോക്ടറും
ഇഗ്ളീഷു പാടേ മറന്നു...സ്വന്തം
മലയാളമോർമ്മയിൽ വന്നു
പെറ്റമ്മ ചൊല്ലിയ മലയാളഭാഷയിൽ
"അയ്യോ" എന്നലറിക്കരഞ്ഞു...കണ്ണിൽ
വെള്ളം നിറഞ്ഞു കവിഞ്ഞു
അതു കേട്ടതുവഴി പോയൊരു മുക്കുവൻ
മെല്ലെത്തിരിഞ്ഞങ്ങുനോക്കി..അവൻ
പിന്നിൽ തിരിഞ്ഞങ്ങു നോക്കി
വിദ്യാലയപ്പടി കാണാത്ത മുക്കുവൻ
ഫൈബർബോട്ടങ്ങോട്ടു വിട്ടു...സ്വന്തം
ഫൈബർബോട്ടങ്ങോട്ടു വിട്ടു
രണ്ടാളുയരത്തിൽ പൊക്കിയ ഗെയ്റ്റിന്റെ
മുകളിലൂടാ വള്ളം നീങ്ങി...സ്പീഡിൽ
പങ്കായം കൊണ്ടു തുഴഞ്ഞു
ഡോക്ടറും പ്രിൻസിയു,മിംഗ്ളീഷുമക്കളും
വീഴാതെ ബോട്ടിൽ കയറി...പര
ദൈവങ്ങളെ വിളിച്ചുള്ളിൽ
ആശ്വാസകേന്ദ്രമായ് മാറ്റിയ സ്കൂളിന്റെ
പടിവാതിലോടിക്കടന്നു...അവർ
ബഞ്ചിൽക്കയറിയിരുന്നു
എല്ലാർക്കുമായി വിളമ്പുന്ന കഞ്ഞിക്കു
പാത്രം പിടിച്ചവർ നിന്നു...ക്വുവിൽ
പാത്രം പിടിച്ചങ്ങു നിന്നു
സായ്‌പിന്റെ ഭാഷ മറന്നുവെച്ചവരന്നു
ശുദ്ധമായ്"കഞ്ഞി"യെന്നോതി..പ്ലാവില
ക്കുമ്പിളിൽ കഞ്ഞി കുടിച്ചു...
എല്ലാം മറന്നു മനസ്സിൽ പറഞ്ഞവർ
സ്നേഹമാണെല്ലാമിഹത്തിൽ...മാനുഷ
സ്നേഹമാണെല്ലാമിഹത്തിൽ...
സുകുമാരൻ കെ ആർ...
(ഇത് ആരെയും കളിയാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. ചിലത് ചില തിരിച്ചറിവുകൾക്ക് ഉപകരിക്കും എന്ന ചിന്തയിൽ നിന്നും വന്നത്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo