നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശ്രീ ജോളിയേന്റിയും..റെജി ചേട്ടനും

Image may contain: Jolly Chakramakkil, beard

................( ജോളി ചക്രമാക്കിൽ )
ചെറിയച്ഛന്റ വീട്ടിൽ താമസിക്കുന്ന കാലം...
രണ്ടു നിലയുള്ള വീടാണ് ..
താഴെ നിലയിൽ ഞാനും സഹധർമ്മിണിയും...
മുകൾനിലയിൽ
ജഗദീശ്വരൻ നല്ല ശരീരവും ശാരീരവും ഒരു പോലെ കനിഞ്ഞു നൽകി അനുഗ്രഹിച്ച .,എയർ ഇന്ത്യയിൽ ആകാശ സുന്ദരിയായി ജോലി ചെയ്യുന്ന
ശ്രീ ചേച്ചിയും ..പിന്നെ ആഷിക്കയും...
പ്രണയ
വിവാഹമായിരുന്നു അവരുടേത്
പോരാത്തതിനു മിശ്രവും...
നേരം വെളു വെളുത്തു വരുന്നതേയുള്ളൂ
ടിങ്ങ് ഉം ... ങ്ഉം...
തംബുരുവിൽ ശ്രുതി മീട്ടുന്ന സ്വരം... പതിയെ
താഴെയ്ക്ക് ഒഴുകി വരുന്നു..
മുകൾ നിലയിൽ നിന്നാണ്....
' ഉം.. 'ഗോപാലക പാഹിമാം.. അനിശം... രതമയീ...
ഗോപാലക...പാഹിമാം....അനിശം... ..
.. .പദരതമയീ....
ശ്രീ ചേച്ചി "രേവ ഗുപ്തി ''രാഗത്തിൽ ആലപിക്കുകയാണു...
വെളുപ്പാൻക്കാലം ഇങ്ങിനെ മനോഹരമായ ശബ്ദത്തിൽ പാട്ടും കേട്ടു ഉണരുന്നത് ഒരു ഭാഗ്യം തന്നെയാണ് ...
...ഗോപാലക...പാഹിമാം....അനിശം... ..
.. .തവപദരതമയീ....
നേർത്ത് മധുരമായ നാദം അനർഗള നിർഗളം ഒഴുകി വരുകയാണ്......
ഒന്നു കൂടി മൂടി പുതച്ചു കിടക്കാനൊരുങ്ങവേ..
******
..അല്ലയോ മുനി കുമാരാ..? എഴുന്നേൽക്കുന്നില്ലേ...?
ഭവാനിന്ന് എവിടെയും പോവാനൊന്നുമില്ലേ..?
പ്രഭോ.,.തടി കൂടുന്നുണ്ട്.,,!
രാവിലെ കളിക്കാൻ പോവുന്നില്ലേ....?
എന്നെ ഒന്നു യോഗക്ലാസ്സിനടുത്തു
വിട്ടിട്ടു പൊയ്ക്കോളൂ...
(അപ്പൊ അതാണു കാര്യം.,)
എന്റെ ധർമ്മപത്നി അവളുടെ ധർമ്മം ശുഷ്കാന്തിയോടെ നിറവേറ്റുകയാണ്..
ഗൃഹസ്ഥാശ്രമ കന്യക മുനികുല സംബ്രദായത്തിൽ നിന്നും നിഷാദകുല
സംബ്രദായത്തിലേയ്ക്ക് രൂപാന്തരപ്പെടും മുൻപേ
പാവം ഞാൻ മനസ്സില്ലാ മനസ്സോടെ കിടയ്ക്കവിട്ടു എണീറ്റ് പ്രഭാതകർമ്മങ്ങളിലും ശേഷം മറ്റു കർമ്മങ്ങളിലും വ്യാപൃതനായി.,
.....,
തിത്തിലാനാ തിലനാ തനതരി
തിത്താ കിടതക ജംജം ... (3) '
ഗോപാലക പാഹിമാം അനിശം.,, അനിശം... അനിശം.,,,,
ശ്രീ ചേച്ചി അവസാനിപ്പിക്കുകയാണ് ..
...
രാവിലെ തന്നെ വായിൽ വന്നു കയറിയ ഈ
'തിത്താ കിടതക ജംജം ' ഇന്നെന്നെ വിട്ടുപിരിയുമെന്നു തോന്നുന്നില്ല
ചില പാട്ടുകൾ അങ്ങിനെയാണ് നാവിൽ വന്നു കേറിയാൽ പിന്നെ ഇറങ്ങി പോകയില്ല..
പച്ച ഈർക്കിൽ' നടുവെ കീറി നാക്കുവടിച്ചിട്ടോ
ഉപ്പുവെള്ളം കൊണ്ടു കുലുക്കുഴിഞിട്ടോ
യാതൊരു കാര്യവുമില്ല
"തിത്താ കിടതക ...ജംജം " ....
.ഓ.. ഒന്ന്. ങ്ങട് ഇറങ്ങുന്നുണ്ടോ.... ക്ലാസ്സ് തുടങ്ങാറായി..
പത്നി വലിയ വായിൽ
ശ്വസനക്രിയ പരിശീലിക്കുകയാണ്
മേശപ്പുറത്തെടുത്തു വച്ച ചായ ഒറ്റ വലിക്ക് അകത്താക്കി റാക്കറ്റുമെടുത്ത് ചാടിയിറങ്ങി..
.... ഉം.... അനിശം... അനിശം.... അനിശം
******
സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും
ചെയ്യുന്നതിനിടയിലുള്ള പതിവു ചര്യകൾക്കു പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ ജീവിതം ഒരഞ്ചരക്കട്ടയിൽ അങ്ങിനെ പൊയ്ക്കൊണ്ടിരിക്കെ....
എവിടെ നിന്നോ പറന്നു വന്ന പ്രദേശവാസിയും ഈഡിസ് കുലജാതയുമായ ഒരു കൊതുക്. ഒട്ടും പരിചയമില്ലാത്ത എന്നെ കടിയ്ക്കുകയും എന്നിൽ
''ചിക്കൻ ഗുനിയ ''യുടെ വിഷാണു കുത്തിവച്ച ശേഷം എങ്ങോ.. എങ്ങോ.. പോയി മറയുകയും ഉണ്ടായി.....
..........
സോഫയിൽ ചുരുണ്ടുകൂടി കിടന്ന ഒരു നട്ടുച്ചയിൽ എന്തെന്നറിയാത്തൊരു കുളിര് പതുക്കെ ശരീരത്തെ പൊതിയുവാൻ തുടങ്ങി ..
ചില ചലച്ചിത്ര ഗാനരംഗങ്ങൾ കാണുമ്പോൾ ഉണ്ടാവുന്ന തരം കുളിരല്ല. ശരിയ്ക്കും അസ്ഥിയ്ക്കുള്ളിൽ നിന്നും ഉൽഭവിച്ച്
തൊലിപ്പുറത്തു വന്ന് ശരീരമാസകലം കിടുകിടെ വിറപ്പിക്കുന്ന ....
നല്ല മുന്തിയ ഇനം കുളിര് '....
ഡോ.. ഒരു പുതപ്പെടുത്തോ പനി വരുന്നുണ്ട്.,,
ഓ പിന്നെ..! നിങ്ങൾക്ക് മാത്രം മുൻകൂർ
നോട്ടീസ്സ് തന്നിട്ടല്ലേ., പനിവരുന്നത്..?
.. പുതപ്പെടുത്തു തന്നിട്ട് അവൾ മൊഴിഞ്ഞു
ഹ്......... ഹ്ഹ്ഹ്'.... ഹൊ.. ഹ്
ഡോ.. ഇതുപ്പോര
നീ ഒരു രണ്ടു പുതപ്പ് കൂടിയെടുക്ക് .ഹൂ..തണുക്കുന്നു...
ഹ്ഹൂ
ഹൊ ഹ് ഹ്...
ഇതും ..പ് പ്പോരഡോ.. നീയാ കരിമ്പടം കൂടിയെടുക്കു.. ഹ്. തണുത്തിട്ടു വയ്യ്യ്യാ'....ഹ്ഹ്.
പതുക്കെ വിറച്ചുകൊണ്ടു തന്നെ കട്ടിലിൽ പോയി കിടന്നു...
ഭൂമിയിലുള്ള ആകെ മൊത്തം ടോട്ടൽ പുതപ്പെടുത്തു പുതച്ചാലും ഈ കുളിരുമാറുമെന്നു തോന്നുന്നില്ല .. അതു അടിമുടിയങ്ങിനെ വിറപ്പിക്കുയാണ്...
ഞാനങ്ങിനെ തണുത്തുറഞ്ഞ് ഒരു അന്റാർട്ടിക്കൻ മഞ്ഞുപാളിയായി മാറികൊണ്ടിരിക്കയാണു.,,
ഇതെന്താണു കഥ... !
അവൾ നെറ്റിയിലും കഴുത്തിലും കൈവച്ചു നോക്കിക്കൊണ്ടു് പറഞ്ഞു..
ചുട്ടുപ്പൊള്ളുന്നുണ്ടല്ലോ....?!
..പനിയാണ് ..
മുൻകൂർ നോട്ടീസു തന്നിട്ടു വന്നതാ..
ഞാൻ പിറുപിറുത്തു..
നീയൊന്നു തെർമോ മീറ്റർ വച്ചു നോക്കൂ..
കർത്താവേ..108 deg പനിയുണ്ടല്ലോ.
കർത്താവിനാണോ പനി...?! എനിക്കല്ലേ.,,
ഉം... നീയാരെയെങ്കിലും വിളി ഡോക്ടറുടെ അടുത്തു പോകണം..
ഇതിയാനെന്തു പറ്റി ...?
സാധാരണ പുതച്ചു മൂടലും ചൂടുവെള്ളവും ചുക്കുക്കാപ്പിയുമൊക്കെയായി പനി വിജയം നേടുന്നതാണല്ലോ.,,,
..*******
ഇതാ ഈ മരുന്നുകൾ ഇപ്പോൾ തന്നെ തുടങ്ങണം ലക്ഷണം കണ്ടിട്ടു "ചിക്കൻ ഗുനിയ" യാണു സൂക്ഷിക്കണം
ഡോക്ടർ മരുന്നിന്റെ കുറിപ്പടി നീട്ടി ....
...........
ആരംഭം. .ശുഭം.ഗുളികകാലം
ശബ്ദവും വെളിച്ചവും കണ്ണിനും കാതിനും കഠോര പീഢ നൽകിയ കാലം
കുളിരു പതുക്കെ നീങ്ങി തുടങ്ങി..
മൂന്നു ദിവസം വേണ്ടി വന്നു ശരീരത്തിലെ മഞ്ഞുരുകി തീരുവാൻ..
പുതപ്പെല്ലാം അനാവശ്യ വസ്തുവായി മാറി കഴിഞ്ഞു
ഇപ്പോഴും കണ്ണും നാവുമല്ലാതെ ശരീരത്തിലെ ഒരവയവും വേദനക്കൊണ്ട് അനക്കാൻ പറ്റാത്ത അവസ്ഥ...
വലിയൊരു റബർ ഷീറ്റടിക്കുന്ന യന്ത്രത്തിലൂടെ എന്നെ അടിച്ചെടുത്ത് വേദനയുടെ ഷീറ്റാക്കി ഇട്ടിരിക്കയാണ്.
.മനസ്സറിഞ്ഞ് ഒരു പേശി പോലും അനക്കാൻ പറ്റാതെ ഒരു കിടപ്പ്...
ഒന്നിനും രണ്ടിനും മൂന്നാളെ വിളിക്കേണ്ട അവസ്ഥ..
പ്രിയ പത്നി എന്റെ കൈകാലുകളായി മാറിയ ദിവസങ്ങൾ......
വേദന മാറിയിട്ട് ഒരു എഴുന്നേറ്റ് നടപ്പുണ്ടാവില്ലെന്ന വെളിപ്പാടു പെട്ടെന്നാണു കൊള്ളിയാൻ മിന്നിയത് .
അതെനിക്ക് വേദനയോടെ എണീക്കാനും പിച്ചവയ്ക്കാനും പ്രേരണയായി
എവിടെയെങ്കിലും അള്ളി പിടിച്ചല്ലാതെ
ഒരടി പോലും വയ്ക്കാനാവുന്നില്ല. അസ്ഥികളെല്ലാം ധർമ്മം മറന്ന മട്ടാണ്
കിടപ്പുമുറിയിലെ കട്ടിലും സ്വീകരണ മുറിയിലെ സോഫയും തമ്മിലുള്ള ഹ്രസ്വദൂരം ദീർഘദൂരമായി തരണം ചെയ്തു കൊണ്ടിരിക്കെ
ഒരു ദിവസം അവൾ മൊഴിഞ്ഞു
ഇനിയിപ്പോ രണ്ടു കൈയ്യും വിട്ടു നടക്കാറായല്ലോ.,,
ഞാൻ നാളെ മുതൽ യോഗയ്ക്കു പോവുകയാണു മൂന്നാഴ്ചയായ് മുടങ്ങീട്ട്.
അതുമാത്രമല്ല (24 x 7)3 =504 മണിക്കൂറായി...
നിങ്ങളെ മാത്രം കണ്ടിട്ടു എനിക്കു ബോറടിക്കുന്നു.,
(എനിക്കും ഞാൻ മനസ്സിൽ ശബ്ദം താഴ്ത്തിപ്പറഞ്ഞു)
പിന്നീട് പത്നിയുടെ പതിവു പകലുകൾ യോഗയ്ക്കായും എന്റെ പകലുകൾ വിഡ്ഢിപ്പെട്ടിക്കു മുൻപിൽ ആഗോള തലത്തിലെ ഫാഷൻ തരംഗങ്ങളുടെ ആവൃത്തി കണ്ടു പിടിക്കുന്നതിലും വ്യാപരിച്ചു കൊണ്ടിരിക്കെ ....
.........
ഒരു പകൽ സതീരത്നം അടുത്ത് വന്ന് ഇങ്ങിനെ മൊഴിഞ്ഞു .. ഞാനിന്ന് യോഗയ്ക്ക് പോകുന്നില്ല..,,
ഒരു മൂഡില്ല.,
നല്ലക്കാര്യം ..നീയൊരു ചായയിട്...
ok dear..... ചായയ്ക്കുള്ള വെള്ളം അടുപ്പിൽ വച്ച് അവൾ അടുത്തു വന്നിരുന്നു...
വേദന കുറഞ്ഞോ ....?
എവിടെ ...
മുട്ടിനു താഴെ എല്ലാ പേശികളും
തീവ്ര വേദന തന്നെ ..
ഇരുപാദങ്ങളും അങ്ങിനെ തന്നെ.. അവ നീരുവന്നു കൂർമ്മങ്ങളായിട്ടുമുണ്ട്.....
മുട്ടിനു മേൽപ്പോട്ട് മാത്രം വേദനയുടെ തീവ്രത യ്ക്ക് ഒരൽപ്പം കുറവുണ്ട് അത്ര തന്നെ.,
....ജോളീ.... ജോ.. ളീ.,,, നേർത്ത് മധുരമായ സ്വരം
അടുക്കളയുടെ ഭാഗത്തു നിന്നാണ്
മുകളിൽ നിന്നും താഴത്തെ നിലയിലേയ്ക്ക് അവിടെ ഒരു ഗോവണിയുണ്ട്..
ശ്രീയേച്ചിയാണ് പതിവില്ലാത്തതാണല്ലോ
എന്തു പറ്റി.,,,
ടോ നീയൊന്നു പോയി നോക്ക്
"എന്നെയല്ല വിളിച്ചത് .":..
അവൾ രുദ്രയായ്
ജോളീ.,,, ശ്രീയേച്ചി വീണ്ടും വിളിക്കയാണ്
ഇത്ര മധുരമായി ഇതുവരെ എന്നെയാരും വിളിച്ചിട്ടുമില്ല..,,
ഞാൻ നിസ്സഹായതയുടെ ഒരു നോട്ടം എറിഞ്ഞു
ഇതൊരു പതിവു പരിപാടിയാണെന്ന മട്ടിൽ പതിവില്ലാത്തൊരു നോട്ടം തിരിച്ചെറിഞ്ഞു
അവൾ അടുക്കളയിലേയ്ക്ക് കുതിച്ചു.,,,
ഞാനെന്റെ ഇരുകാതുകളും സർവ്വ ശക്തിയുമെടുത്തു അടുക്കള വരെ കൂർപ്പിച്ചു...
കുറച്ചു പഞ്ചസാര തരുമോ....?
രാവിലെ നോക്കുമ്പോൾ തീർന്നു പോയീ..
പുള്ളിക്കാരന് എങ്ങിനീണ്ട്...?
ഓ.,, കുറവൊന്നുമില്ല കാലു വേദനാന്നും പറഞ്ഞ് അവിടിരിപ്പുണ്ട്......
......
കയ്യിലൊരു കപ്പു ചായയുമായ് അവൾ അടുത്തു വന്നു..
എന്ന് തുടങ്ങീ ഈ പഞ്ചാരയിടപ്പാടു
ഞാനിന്ന് യോഗയ്ക്ക് പോവാത്തത് ബുദ്ധിമുട്ടായോ.,,, ?
ഹും....
ഇരിക്കണ കണ്ടില്ലേ കഷായം കുടിച്ചതു മാതിരി ''...
...അത് ചായയിൽ മധുരമില്ലാഞ്ഞിട്ടാ...
അതു കുടിച്ചാൽ മതി അതിലിടാനുള്ള പഞ്ചസാരയാണ്.. മറ്റവൾ കൊണ്ടു പോയത്....
ശ്രീീ..യേച്ചി.... ''
ജോളീീ... വീണ്ടും ശ്രീയേച്ചിയാണ്... ജോ..ളീ.....
ഇവർക്കെന്താ വേണ്ടത് ചവിട്ടി കുതിച്ചു പത്നി വീണ്ടും അടുക്കളയിലേയ്ക്ക്..
ഇത്തവണ ഞാൻ കാതു കൂർപ്പിക്കാനൊന്നും നിന്നില്ല....
ഹ ഹ ഹഹ ഹ ഹും...
അടുക്കളയിൽ എന്തൊ ചിരിച്ചു മറിയുന്ന ശബ്ദം ''....
ഒരു സ്പൂൺ പഞ്ചസായുമായി രത്നം തിരിച്ചു വന്നു .
നിറുത്താതെ ചിരിച്ചു അതു ചായകപ്പിലിട്ടു ഇളക്കിക്കൊണ്ട്..
പറഞ്ഞു ശ്രീയേച്ചിക്ക് രാവിലെ തന്നെ അബദ്ധം പറ്റീതാ...
ഞാൻ ജോളി നിങ്ങൾ റെജി . എന്നാണത്രെ അവരു
വിചാരിച്ചു വച്ചിരിക്കണത് ..
ഹ ഹ
നിങ്ങളു കാലുനീട്ട് വേദനയ്ക്ക് പുരട്ടാനുള്ള ഓയിൻമെന്റാ..!
വിദേശിയാ..
ശ്രീയേച്ചി തന്നതാ അതിനാ ഇപ്പ വിളിച്ചത്..
നല്ല ആശ്വാസമുണ്ടാവുമത്രെ ..
ശരിയാ ഇത്രയും കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരാശ്വാസം...
പെട്ടന്നാണ് അവളുടെ കണ്ണുകളിൽ ഒരു മിന്നൽ ...
അല്ലാ ഈ പേരുമാറൽ കഥ ഇനി നിങ്ങളുടെ ഐഡിയ മറ്റോആണോ..
..
സിർജി ;
An Idea can change your LlFE
എന്നാണല്ലോ പഴഞ്ചൊല്ല്...
ജീവിതം കോഞ്ഞാട്ടയാവാൻ അധികനേരം വേണ്ടെന്ന്...!!!
.....തിത്താ കിടതക ജംജം...
### ഇതിൽ ഞാനും എന്നെ കടിച്ച കൊതുകുമല്ലാതെ .ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയി യാതൊരു ബന്ധവുമില്ല അങ്ങനെ തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം... ഈ കാലത്ത് കൊതുകു കടിയേൽക്കാതെ സൂക്ഷിക്കുക..... "ജാഗ്രതൈ ".....
Jolly Chakramakkil
16-june-2017 Calicut.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot