നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുല ദൈവങ്ങൾ ഉറങ്ങുന്ന വീട്

Image may contain: 1 person, closeup

കഥ
ആ പഴയ ഇടിഞ്ഞു പൊളിയാറായ തറവാടും സ്ഥലവും വിൽക്കുന്നു എന്നു കേട്ടപ്പോൾ സന്തോഷമായി. വീടു വെക്കാൻ ഒരു സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു ഞാൻ. അതും തുച്ഛമായ വിലക്ക്.
ആ പറമ്പും വീടും ഇത്രയും കാലം ആരും തിരിഞ്ഞു നോക്കാതെ കാടു കേറി കിടക്കുകയാണ്. രാത്രി കാലങ്ങളിലും വെള്ളിയാഴ്ച്ച നട്ടുച്ച നേരത്തും അതു വഴി പോകാൻ ആൾക്കാർ ഭയപ്പെട്ടിരുന്നു.
ഏതോ ദൈവങ്ങളും നാഗങ്ങളും മാത്രമല്ല ഉഗ്ര രൂപിണിയായ ഒരു യക്ഷിയും ആ പറമ്പിൽ കുടി കൊള്ളുന്നുണ്ടത്രേ. ഇക്കാരണത്താലാണ് ആളുകൾ ആ സ്ഥലത്തെ ഭയപ്പെട്ടിരുന്നത്.
ഇതൊക്ക വെറും അന്ധവിശ്വാസങ്ങൾ. ആ സ്ഥലം വാങ്ങാൻ തീരുമാനിച്ചപ്പോൾ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചവരോട് ഞാൻ പറഞ്ഞു. യക്ഷിയും ദൈവങ്ങളുമൊക്കെ എന്നേ നാടു നീങ്ങി. പനകൾ വെറും കള്ളു വിളയുന്ന മരം.
നാഗങ്ങൾ വെറും പാമ്പുകൾ. ചെവി കേൾക്കാത്ത പാവം ജീവികൾ.
പിന്നെ ദൈവങ്ങൾ ? അങ്ങനെയുണ്ടോ ?
ഈ കാഴ്ചപ്പാടും മിതമായ വിലയും ഒരു വീടെന്ന സ്വപ്നവും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചില്ല.
സ്ഥലത്തിന്റെ രെജിസ്ട്രേഷൻ കഴിഞ്ഞ ശേഷം ഞാൻ തന്നെ നേരിട്ടു നേതൃത്വം നൽകി സ്ഥലം വൃത്തിയാക്കി. ചില പാമ്പുകൾ മൺപുറ്റുകൾക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. അതിനെ തൊഴിലാളികൾ തല്ലി കൊന്നു കത്തിച്ചു. കൊടും വിഷമുള്ളവ.
വീട് ജെസിബി വെച്ചു തച്ചു നിരത്തുമ്പോൾ കുറേ മൺവിളക്കുകളും തിരിച്ചറിയാനാവാത്ത കുറേ വിഗ്രഹങ്ങളും കിട്ടി. അവ പെറുക്കിയെടുത്തു പുഴയിൽ തള്ളി. എന്ത് ദൈവങ്ങൾ.
പറമ്പിൽ ഉണ്ടായിരുന്ന തേക്ക് മുറിച്ചു പലകകളും വാതിൽ കാലുകളുമാക്കാൻ മരമില്ലിൽ കൊടുത്തു. ഐശ്വര്യമുള്ള സ്ഥലം.
കാണുന്നവർ മൂക്കത്തു വിരൽ വെച്ചു. അസൂയപ്പെട്ടു.
എത്ര നല്ല സ്ഥലം. !
ഇവിടുത്തെ ദൈവങ്ങളും യക്ഷിയും എവിടെ പോയി ?
ഭാഗ്യവാൻ. ചുളു വിലക്കല്ലെ കിട്ടിയത്.
നാലുമാസത്തിനുള്ളിൽ വീട് പൂർത്തിയാക്കണം. അതിനുള്ള ഒരുക്കത്തിലാണ് ഞാൻ. അപ്പോൾ എന്റെ സുഹൃത്തു പറഞ്ഞു.
ഈ സ്ഥലം നല്ലൊരു തച്ചനെ കൊണ്ട് നോക്കിക്കണം. പഴയ ദൈവങ്ങൾ ഉറങ്ങുന്ന വീടല്ലേ.... എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ.....
കുടകിൽ നിന്നും വന്ന മന്ത്രവാദികളും ഗുരുക്കന്മാരും താമസിച്ച സ്ഥലമാണിത്. മൂഷിക വംശ കാലത്തു. അവർ തിരികെ പോകുമ്പോൾ അവരുടെ ഉപാസനാ മൂർത്തികളെ കൊണ്ടു പോയില്ല. ശ്രദ്ധിക്കണം.
സുഹൃത്തിന്റെ ഉപദേശം എനിക്ക് ദഹിച്ചില്ല. കാരണം എന്റെ പ്രത്യശാസ്ത്രം യുക്തിയിൽ അധിഷ്ടിതമാണ്. അവിടെ ഊഹങ്ങൾക്ക് സ്ഥാനമില്ല. മാത്രമല്ല എനിക്ക് വിശ്വാസവുമില്ല ഇത്രയും കാര്യങ്ങളിൽ.
ഞാൻ വീടു പണിയാൻ കരാർ കൊടുത്തു കഴിഞ്ഞു.
അന്നു രാത്രി കിടന്നപ്പോൾ എനിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറഞ്ഞും കിടന്നു. പെട്ടെന്ന് പുറത്തു നിന്നും മണി മുഴങ്ങുന്ന ശബ്ദം കേട്ടു. ഞാൻ കാതു കൂർപ്പിച്ചു. ചിലമ്പിട്ട കാലുകൾ പതിയെ വെച്ചു ആരോ നടന്നടുക്കുന്നത് പോലെ....
എനിക്ക് എന്താണെന്നു മനസ്സിലായില്ല. അപ്പോൾ ശംഖ് മുഴങ്ങുന്ന ശബ്ദം കാതിൽ വന്നലച്ചു. ഈ രാത്രിയിൽ എവിടെ പൂജ ?
എല്ലാം തോന്നലുകൾ.
മനസ്സ് ക്ഷീണിച്ചിരിക്കുകയാണ്.
ഞാൻ പുതപ്പിനുള്ളിൽ ചുരുണ്ടു.
പെട്ടെന്ന് കുറേ നാഗങ്ങൾ എന്റെ നേരെ ചീറി വരുന്നതായി സ്വപ്‌നം കണ്ടു. അവ്യക്തമായ കുറേ രൂപങ്ങൾ മുന്നിലേക്ക് എഴുന്നള്ളുന്നു. നാഗങ്ങൾ എന്റെ കഴുത്തു വരിഞ്ഞു മുറുക്കിയപ്പോൾ എന്റെ വായിൽ നിന്നും കണ്ണിൽ നിന്നും ചുടു ചോര ചീറ്റി.
ഞാൻ ഭയത്തോടെ നിലവിളിച്ചു.
സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോൾ സൂര്യ വെളിച്ചം മുറിയാകെ പടർന്നിരുന്നു. എഴുന്നേറ്റ് രാത്രിയിൽ കണ്ട സ്വപ്നത്തെ കുറിച്ചു ആലോചിച്ചു.
എന്റെ യുക്തി ചിന്തക്കും വിപ്ലവ ബോധത്തിനും കനത്ത വെല്ലുവിളി ഉയർത്തി ഈ സ്വപ്നം.
ഞാൻ നേരെ സുഹൃത്തിന്റെ വീട്ടിലേക്കു ചെന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു.
ചില സ്വപ്നങ്ങൾ ചില സത്യത്തിലേക്കുള്ള ചൂണ്ടു പലകകൾ ആണ്. വരാൻ പോകുന്ന ആപത്തുകളിലേക്കുള്ള സൂചനകൾ. നിനക്കു വിശ്വസിക്കാൻ കഴിയില്ല. അനുഭവിക്കുമ്പോൾ പോലും നാം വിശ്വസിക്കില്ല. ഇവിടെ പരീക്ഷണ ശാലയിൽ തെളിയിക്കാൻ പറ്റാത്ത എത്രയോ കാര്യങ്ങളുണ്ട്.
നീ എന്റെ കൂടെ വരുന്നോ തച്ചനെ കാണാൻ ?
അല്ലെങ്കിൽ നല്ലൊരു ജ്യോതിഷിയെ കാണാൻ ?
അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഞാൻ നടന്നു.
ഉറച്ച കാൽവെപ്പോടെ....
എനിക്കറിയണം ഈ ദൈവങ്ങൾ എന്നെ ഉപദ്രവിക്കുമോ എന്നു...... ഈ നാഗങ്ങൾ എന്നേ വരിഞ്ഞു മുറുക്കി കൊല്ലുമോ എന്നു . ?
കാത്തിരിക്കാം..
Ceevi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot