നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നെയിൽ പോളിഷ്*************************
#ഒന്ന്
ഓർമ്മിച്ചുവെക്കുവാൻ ഒട്ടും ഇഷ്ടമില്ലാത്ത ഏതോ ഒരു വസന്ത കാലത്തിന്റെ അവസാന ദിവസങ്ങളിൽ എന്നോ ആണ് അയാളെന്നെ കാണാൻ വന്നത് . അയാളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു . ഒരുപാട് സമയം മഴ നനഞ്ഞ പോലെയോ തുടർച്ചയായി ജലസ്നാനം നടത്തിയ പോലെയോ കട്ട ചുവപ്പു നിറമാര്‍ന്ന കണ്ണുകൾ പണ്ട് നാട്ടില്‍ ഇടയ്ക്കിടെ കാണാറുള്ള ഉപ്പൻ എന്നൊരു പക്ഷിയെ ഓർമ്മിപ്പിച്ചു. അയാൾ നന്നായി വിയർത്തിരുന്നു . സംസാരിച്ചപ്പോൾ ശരീരം മാത്രമല്ല മനസ്സും ശബ്ദവും വല്ലാതെ വിറച്ചിരുന്നുവെന്നു തോന്നി .
" ആഗ്നസ് നമ്മൾ കാണുവാൻ പാടില്ലായിരുന്നു . നിനക്ക് ഞാൻ വെറുതെ മോഹങ്ങൾ നൽകി . "
ഞാനപ്പോളും ഒന്നും മിണ്ടിയില്ല . അയാൾ വന്ന നിമിഷം മുതൽ അയാളെ സസൂക്ഷമം വീക്ഷിക്കുകയല്ലാതെ മറ്റൊന്നും ഞാൻ സംസാരിച്ചതേയില്ലെന്നു എനിക്കപ്പോളാണ് ഓർമ്മ വന്നത് . ഇരിയ്ക്കാൻ പറയാതെ തന്നെയാണ് അയാളാ പൊടി പിടിച്ചു മുഷിഞ്ഞ സോഫയിൽ ഇരുന്നത് . ഇരുന്നത് എന്ന് പറയാൻ പറ്റില്ല . അയാൾ തന്റെ ശരീരം അവിടെ ഇറക്കി വെക്കുകയായിരുന്നു എന്ന് വേണം പറയാൻ .കണ്ണുകളിലെ ചോദ്യം വ്യക്തമായതിനാലാകാം ചോദിക്കാതെ തന്നെ അയാൾ ഉത്തരത്തിലേക്കു കടന്നത് .
" ഞാൻ ഒരു യാത്ര പോകുന്നു ആഗ്നസ് . തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്തൊരു യാത്ര. നിധിയുടെ കാര്യങ്ങള്‍ നടത്താന്‍ കുറച്ചു കൂടി കാലതാമസം ഉണ്ടാകും . ഇത് മറ്റൊരു പദ്ധതിയാണ് . തിരിച്ചു വന്നാല്‍ നിന്നെയും നമുക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും ഒരു ബുദ്ധിമുട്ടും കൂടാതെ നോക്കാൻ എനിക്ക് കഴിയും . അത്രയ്ക്ക് പണം എന്റെ കൈയ്യിൽ ഉണ്ടാകും . തീർച്ച ..നീ എനിക്കായ് കാത്തിരിയ്ക്കണം ."
ഞാൻ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു . പുറത്തു ആകാശം കറുത്ത കോട്ട കെട്ടുന്നു . തലമുടിയഴിച്ചിട്ടു ആടി തിമിർക്കുന്നുണ്ട് ചുറ്റുമുള്ള വലിയ വൃക്ഷങ്ങൾ . ഞാൻ അയാളുടെ ചുണ്ടുകളിലേക്കു നോക്കി . ആ ചുണ്ടുകൾക്ക് എപ്പോഴും കഞ്ചാവിന്റെ മണമാണ് . ഞാൻ അയാളിലേക്ക് ചാഞ്ഞു . ചായമിട്ട ചുവന്ന ചുണ്ടുകളാൽ അയാളുടെ കറുത്ത ചുണ്ടുകളെ ബന്ധിച്ചു , പിന്നെ സ്വതന്ത്രമാക്കി . അയാളുടെ കണ്ണുകൾ അടഞ്ഞു തന്നെയിരുന്നു . ഞാനാ കൺപോളകളിൽ മെല്ലെ ഊതി . അയാൾ മെല്ലെ എഴുന്നേറ്റു ...
വാതിലിൽ പാതി ചാരി ചെരിഞ്ഞു നിന്ന് , അയാളൊരു നോട്ടം നോക്കി ഹൃദയം കൊരുത്തു വലിക്കുന്ന നോട്ടം .
" ഞാൻ തിരിച്ചു വരും ആഗ്നസ് . .."
പടികളുടെ കുലുക്കം അവസാനിക്കാൻ പിന്നെയും സമയമെടുത്തു .പടികളിറങ്ങുവാൻ അയാൾ ഓരോ പ്രാവശ്യവും കൂടുതൽ സമയമെടുക്കുന്നു. ഞാൻ ജനാലകൾ തുറന്നിട്ടു മുഖം ജനാലക്കു വെളിയിലേക്കു തുറന്നു വെച്ചു. മഴ പെയ്യാൻ തുടങ്ങുന്നു . കാറ്റ് തട്ടിയെടുത്ത മഴത്തുള്ളികൾ മുഖത്തുമ്മ വെയ്ക്കുന്നു . കടുത്ത പച്ച നിറം പുരട്ടിയ നീണ്ട വിരലുകളില്‍ മഴത്തുള്ളികള്‍ വീണുടഞ്ഞു .മഴയുടെ തണുത്ത ചുംബനങ്ങള്‍ .
ഒരു വേനലവധിയ്ക്കാണ് വെക്കേഷന്‍ ചിലവഴിയ്ക്കാന്‍ ഫോർട്ട് കൊച്ചിയിലുള്ള അമ്മയുടെ വീട് തിരഞ്ഞെടുക്കുന്നത്. ആദ്യം അപ്പയും കൂടി പോരാമെന്നു പറഞ്ഞതാണ് . അപ്പയ്ക്ക്‌ ഒരുപാട് ഓര്‍മ്മകളുണ്ട്‌ അവിടെ . അവിടെ ആയിരുന്നു അവരുടെ പ്രണയത്തിന്റെ ആരംഭം . അമ്മയ്ക്ക് വീതം കിട്ടിയ ഈ വീട്ടില്‍ ഒരുമിച്ചു കഴിഞ്ഞ ദിവസങ്ങളെ പറ്റി അപ്പയ്ക്ക്‌ ഒരുപാട് പറയാനുണ്ട് .എന്റെ ഒരു വയസ്സ് വരെ ഞങ്ങള്‍ അവിടെ തന്നെയായിരുന്നു . അമ്മ മരിച്ചതിനു ശേഷമാണു അപ്പ കൊല്‍ക്കൊത്തക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയത് .എന്റെയൊപ്പം പോരാന്‍ എല്ലാം റെഡി ആയിരുന്നതാണ് . പെട്ടെന്ന് അപ്പയുടെ ഓഫീസില്‍ എന്തോ ഇൻസ്‌പെക്ഷൻ .അപ്പാ എത്താന്‍ ഒരു ദിവസം വൈകും . അപ്പയുടെ വാക്കുകളും ഗൂഗിൾ തന്ന ഒരു അവ്യക്ത ചിത്രവും മാറ്റി വെച്ചാൽ വ്യക്തമായി ഒന്നും അറിയാത്ത ഈ നഗരത്തിലേക്ക് ഒറ്റയ്ക്ക് പോന്നതിന്റെ കാരണം ഇന്നും അജ്ഞാതമാണ് .അതുവരെ തോന്നാത്ത എന്ത് കാര്യമാണ് വളരെ പെട്ടെന്ന് ഇങ്ങനെ തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നത്‌ ഒരു അത്ഭുതം പോലെ തോന്നുന്നു.
ഫോർട്ട് കൊച്ചിയിൽ വന്നിറങ്ങുമ്പോൾ വലിയ അത്ഭുതങ്ങൾ ഒന്നും തോന്നിയില്ല . അപ്പ പറഞ്ഞതിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല . പഴമ നിലനിർത്താൻ ഇവിടെ പുതിയ നിർമാണ പ്രവർത്തനങ്ങൾ വിലക്കിയിരിക്കുകയാണ് . മാനുവൽ കോട്ടയുടെ വടക്കു ഭാഗത്തേക്കുള്ള വഴി . കുറച്ചു അധികം നടക്കണം . ടാക്സി വിളിക്കണ്ടാന്നു അപ്പ തന്നെയാണ് പറഞ്ഞത് . നടന്നു പോകണമത്രേ കൂടെ ഒരു വാക്കും " നിന്റെ അപ്പനും അമ്മയും കൈ ചേർത്ത് പിടിച്ചു ഒരുപാട് നടന്ന വഴിയാണ് . ജീർണിച്ച അവസ്ഥയിൽ ആണെങ്കിലും എന്താ ഒരു സൃഷ്ടി . പണ്ട് , സാമൂതിരി രാജാവിൽ നിന്നും കൊച്ചി രാജ്യം തിരിച്ചു പിടിച്ചു കൊടുത്തതിനു സമ്മാനമായി പെരുമ്പടപ്പ് സ്വരൂപം നൽകിയ സമ്മാനം . ഈ കോട്ടയിൽ നിന്നുമാണ് പോർട്ടുഗീസുകാർ തങ്ങളുടെ വ്യാപാരം തുടങ്ങുന്നതും വിപുലപ്പെടുത്തുന്നതും . സമചതുരം പോലെയാണ് കോട്ടയുടെ ആകൃതി . നാല് കെട്ടും കൊത്തളങ്ങളും . നാല് മൂലയിലായി കാവൽപ്പുരകൾ അതിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പീരങ്കികൾ . പിന്നീട് ഡച്ചുകാർ ആക്രമിച്ചു കൈയ്യേറിയെങ്കിലും ഇന്നും പ്രൗഢി അത് പോലെ തന്നെ നിൽക്കുന്നു .
ഓർമ്മയിൽ ആദ്യമായാണ് ഇവിടെ . പക്ഷെ എല്ലാം ഒരുപാട് കണ്ടു പരിചയമുള്ളതു പോലെ . എല്ലാം ഇന്നലെകളിൽ കണ്ടു മറന്നതു പോലെ . ഒരുപക്ഷെ അപ്പ അത്രയ്ക്ക് ഭംഗിയായാണ് കൊച്ചിയെ പറ്റിയും ഇവിടത്തെ വീടിനെ പറ്റിയും ഒക്കെ പറഞ്ഞിട്ടുള്ളത് അതാകും .
എല്ലാം കണ്ടു മുന്നോട്ടു നടക്കുന്നതിനിടയിലാണ് അയാളെ ആദ്യമായി കാണുന്നത് .പ്രായം ഊഹിച്ചെടുക്കാൻ കഴിയാത്ത വിധം താടിയും മുടിയും നീട്ടിയൊരാൾ . പുറമേ കറുത്ത ചുണ്ടുകളുടെ നിറം ഏതോ കാലത്തു ചുവപ്പായിരുന്നു എന്ന് തീർച്ചയാണ് . എന്നു മുതലാണ് കാണുന്ന എല്ലാവരുടെയും ചുണ്ടുകളും ശ്രദ്ധിച്ചു തുടങ്ങിയതെന്ന് അറിയില്ല .പക്ഷെ വളരെ അടുത്തകാലം മുതലാണ് ഇത്തരം പുതിയ ശീലങ്ങൾ . ആദ്യമായ് കാണുന്ന എല്ലാവരുടെയും ചുണ്ടിലേക്കാണ് ആദ്യം കണ്ണുകൾ പായുക . എന്നിട്ടു അടുത്തതായി നടത്തുന്നത് ഒരു വിശകലനമാണ്‌ അയാൾ പുക വലിക്കുമോ ഇല്ലയോ എന്ന്‌ . അടുത്ത നോട്ടം കണ്ണുകളിലേക്കാണ് അവിടെ പരതുക അയാൾ മദ്യപിക്കുമോ ഇല്ലയോ എന്നാണ് ..പുക വലിക്കുന്നവരോടും മദ്യപിക്കുന്നവരോടും ഇപ്പോള്‍ വല്ലാത്തൊരിഷ്ടമാണ് . ഇയാളുടെ കണ്ണുകളെ അളന്നെടുക്കുക പ്രയാസം .പാതി അടഞ്ഞവ ധൃതിയില്‍ ഇമ വെട്ടി ചലിച്ചു കൊണ്ടേയിരിക്കുന്നു . . ഇന്നലത്തെ ഹാങ്ങോവറിൽ ഇപ്പോഴും മുങ്ങി കിടക്കുകയാണെന്ന് തോന്നുന്നു . . വില കുറഞ്ഞ ഏതോ റമ്മിന്റെ മണമാണ് . പെട്ടെന്ന് തലയ്ക്കു പിടിക്കുകയും അത് പോലെ ഇറങ്ങുകയും ചെയ്യും എന്നതാണ് റമ്മിന്റെ പ്രത്യേകത . ഇത് പക്ഷെ ..ആള് കള്ള് മാത്രമല്ല നല്ല രീതിയില്‍ പുകച്ചു കയറ്റിയിട്ടുമുണ്ട്.പക്ഷെ വെറും സിഗരറ്റ് ആകില്ല .. കഞ്ചാവാണ്. വല്ലാത്ത ആസക്തി തോന്നുന്നു . അയാളുടെ ഗന്ധം തന്നെയൊരു ഉന്മാദിനിയാക്കും പോലെ
" എനിക്കൊരു നൂറു രൂപാ വേണം ..നാളെ ഇതേ സമയത്തു ഇവിടെ വന്നാൽ തിരിച്ചു തരാം .. "
ജീവിതത്തിൽ ആദ്യമായി കാണുന്ന ആളോട് കടം ചോദിക്കുന്ന ഒരാളെ ആദ്യമായി കാണുകയാണ് . ഞാൻ കൊടുക്കണോ വേണ്ടയോ എന്ന്‌ തീരുമാനം എടുക്കും മുൻപേ അയാൾ എന്റെ നേരെ കൈ നീട്ടി . എന്റെ തീരുമാനത്തിന് ഒരു വിലയുമില്ലേ എന്ന്‌ ചിന്തിക്കും മുൻപേ കൈകൾ തോളിൽ കിടന്ന ബാഗിലേക്കു നീളുകയും നൂറു രൂപ അയാൾ നീട്ടിയ കൈയ്യിൽ വെച്ച് കൊടുക്കകയും ചെയ്യും . നീണ്ടു കൊലുന്നനെയുള്ള കൈവിരലുകളാണ് . നഖം വല്ലാതെ നീണ്ടു തുടങ്ങിയിട്ടുണ്ട്
നഖത്തിനടിയിൽ കറുത്ത ചെളി . കൈത്തണ്ടയിൽ നിറയെ രോമങ്ങൾ . അപ്പോൾ തന്നെ അയാളെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി കൈനഖം വെട്ടി വൃത്തിയാക്കാൻ തോന്നി. അഗന്സ് തന്റെ കൈവിരലുകൾ പരിശോധിച്ചു . കടും ചുവപ്പ്‌ .. ഇന്നലെ താൻ ഇട്ടതു ചുവപ്പ് തന്നെയായിരുന്നോ . തല ഉയർത്തി നോക്കുന്നതിനു മുൻപേ അയാൾ നടന്നു തുടങ്ങിയിരുന്നു .
ചർച്ച് റോഡിൽ കൂടി ഒരു മുന്നൂറു മീറ്റർ മുന്നോട്ടു നടക്കുക . അവിടെന്നു വലത്തോട്ട് തിരിഞ്ഞാൽ ഒരുപാട് കടകൾ ഇരുവശവുമുള്ള ഒരു വീഥി കാണാം . അവള്‍ വളരെ പതുക്കെയാണ് നടന്നത് . കടകളുടെ എല്ലാം മുൻവശം നിറയെ സാധനങ്ങൾ ഡിസ്പ്ലേ പോലെ വെച്ചിരിക്കുകയാണ് . പല വിധത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന വസ്ത്രങ്ങൾ നാടനും വിദേശിയും . കര കൗശല വസ്തുക്കൾ ..തടിയിലും പ്ലൈവുഡിലും ചെയ്ത പ്രതിമകളും രൂപങ്ങളും . ഗ്ളാസ് പെയിന്റിങ്ങുകൾ . ഇടയിൽ പുറത്തു നിന്നും നോക്കിയാൽ അകം കാണാൻ കഴിയാത്ത ചില കോഫി ഷോപ്‌സ് . അങ്ങനെ നീളുന്ന തെരുവിന്റെ അങ്ങേയറ്റത്തെ ഒരു വളവുണ്ട് അവിടെന്നു അല്പം കൂടി മുന്നോട്ട് നടന്നാൽ പിന്നെ ഇരു വശവും വീടുകളാണ് . റോഡിൽ നിന്നും മുകളിലേക്ക് നീളൻ ഗോവണികൾ . താഴെ ചെറിയൊരു ഗേറ്റ് ഉണ്ടാകും .എല്ലാം ഒരു ഫ്രഞ്ച് കോളനികളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വീടുകളാണ് . ഒന്ന് ..രണ്ട് ..മൂന്നു ...യെസ് ഇത് തന്നെ .. ഇവിടെയാണ് ഇനിയുള്ള രണ്ടു മാസം ഞാൻ ചെലവഴിക്കാൻ പോകുന്നത് . എത്ര പെട്ടെന്നാണ് വഴികൾ കണ്ടു പിടിച്ചു ഞാൻ നടക്കുന്നത് . എല്ലാം നല്ല പരിചയം പോലെ . എതിരെ വന്ന പൂക്കാരി എന്തിനാകും ചിരിച്ചത് . ഞാനും ചിരിച്ചല്ലോ ..എവിടെയോ കണ്ടു മറന്ന മുഖം . ചില സമയങ്ങളിൽ എല്ലാവർക്കും ഒരേ മുഖമാണ് .
അത്യാവശ്യം വെള്ള പൂശാനും വൃത്തിയാക്കാനുമൊക്കെ അപ്പ പറഞ്ഞു റെഡിയാക്കിയിട്ടുണ്ടായിരുന്നു . മുൻപിൽ ചെന്ന് ആരുടെ കൈയ്യിലാകും താക്കോൽ എന്ന്‌ ആലോചിക്കും മുൻപേ തൊട്ടു പുറകിൽ ഒരു ശബ്ദം ..
ചേച്ചി ..താക്കോൽ ....
ഒരു ചെറിയ പയ്യനാണ് .
ആരാണ് ഇവന്റെ കൈയ്യിൽ താക്കോൽ കൊടുത്ത് വിട്ടത് .അപ്പയുടെ ഏർപ്പാടാകും .
എത്ര മനോഹരമാണ് വീടിന്റെ ഉൾവശം .നീളൻ ഗോവണിയിലൂടെ ഉള്ള കയറ്റം മാറ്റി നിർത്തിയാൽ .ഇതൊരു സ്വർഗം തന്നെയാണ് . ഒരു ഹാൾ ..അവിടെന്നു തുറക്കുന്ന രണ്ടു മുറികൾ .ജനാലകൾ തുറന്നാൽ അങ്ങകലെ മോഹിപ്പിക്കുന്ന അറബിക്കടലിന്റെ സൗന്ദര്യം .ഒരു വശം നിറയെ നിര നിരയായി നീണ്ടു കിടക്കുന്ന കെട്ടിടങ്ങൾ . ചെറുതെങ്കിലും നല്ല ഒതുക്കമുള്ള അടുക്കള . ബെഡൊക്കെ വിരിച്ചു റെഡിയാക്കി ഇട്ടിരിക്കുന്നു .കിടന്നതു മാത്രം ഓർമ്മയുണ്ട് . വളരെ നീണ്ടയൊരു ഉറക്കത്തിനു ശേഷം നേരിയ തണുപ്പ് തങ്ങി നിൽക്കുന്ന പുലരിയിലേക്കാണ് കണ്ണുകൾ തുറന്നത് .
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേ ദിവസം കൃത്യമായി അതേ സമയത്തു ..അതേ സ്ഥലത്തു അയാൾ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു . മുഖത്തേയ്ക്കു നോക്കാതെ തിരിഞ്ഞു നടന്നു തുടങ്ങിയ അയാളുടെ പിന്നാലെ ചെന്നത് അയാൾ ആരാണ് എന്താണ് എന്നറിയാനുള്ള കൗതുകം കൊണ്ട് മാത്രമാണ് . എന്നാൽ അയാൾ ചെയ്തതോ ഒറ്റപ്പെട്ട ഒരു വഴിക്കപ്പുറം തടി കൊണ്ട് നിർമ്മിച്ച ഒരു ഗോവണിയുടെ മറവിൽ വെച്ച് അയാളെന്നെ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തു . ഞാനാണ് കുറ്റവാളി ..ഞാൻ മാത്രം . വേദനയോടെ കുതറി ഓടുമ്പോഴും ഞാൻ ഓർത്തു ,ഞാൻ എന്തിനാണ് അഭിനയിക്കുന്നത് സിഗരറ്റ് മണക്കുന്ന ആ ചുണ്ടുകളുടെ ചുംബനം മോഹിച്ചു തന്നെയല്ലേ ഞാൻ അയാളുടെ പിന്നാലെ നടന്നു തുടങ്ങിയത് . വഴിയിൽ ചുവന്ന ഇലകൾ നിറയെ വീണു പരന്നു കിടന്നിരുന്നു .എല്ലാ ഇലകളിലും നനവ് . ഇന്നലെ മഴ പെയ്തോ . ഞാൻ നന്നായി ഉറങ്ങി പോയിരുന്നു . അയാൾ പിന്നാലെ വരില്ലാ എന്നെനിക്കു നല്ലവണ്ണമറിയാം ഞാൻ വെറുതെ ചിരിച്ചു . ചുംബനത്തിന്റെ വേദനക്കു മധുരമാണ് . സിഗരറ്റ് മണക്കുന്ന ചുംബനങ്ങൾ ..
പിറ്റെന്നാൾ അയാൾ വന്നത് വീട്ടിലേക്കാണ് . ചോദിക്കാതെ തന്നെ വാതിൽ തുറന്നു അകത്തേയ്ക്കു കയറി . വീട്ടിലേക്കോ മനസ്സിലേക്കോ .അന്നാണ് ഞാൻ അയാളോട് ആദ്യമായി സംസാരിച്ചത് .അയാളിൽ അല്പം സ്വബോധം ഉണ്ടായിരുന്നു .എന്നെ പറ്റി ചോദിച്ചു .പിന്നെ അയാളെ പറ്റി പറഞ്ഞു ഒരുപാടു .അയാളുടെ സ്വഭാവം പോലെ തന്നെ വിചിത്രമായിരുന്നു പേരും . ' ബെന്റോ ' പക്ഷെ അയാളാ പേര് വെറുത്തിരുന്നു . ആ പേരിന്റെ അർഥം അനുഗ്രഹിക്കപ്പെട്ട വ്യക്തി എന്നാണത്രെ . എന്നോട് അയാളെ 'എഡി' എന്ന്‌ വിളിച്ചാൽ മതിയെന്ന് പറഞ്ഞു . പണക്കാരനാകാൻ പോരാടുന്നയാൾ എന്നർത്ഥം വരുന്ന ' എഡിറ്റി' എന്ന പോര്‍ട്ടുഗീസ്‌ പേരിന്റെ ചുരുക്കെഴുത്താണത്. എനിക്ക് വെറുതെ കേൾവിക്കാരിയായി ഇരുന്നു കൊടുത്താൽ മാത്രം മതിയായിരുന്നു . അയാൾ എല്ലാം പറയാൻ ഉറപ്പിച്ചു തന്നെ വന്നതാണെന്ന് തോന്നി .
' നിനക്കറിയുമോ ആഗ്‌നസ് . കൊച്ചി രാജാവിന്റെ നന്ദികേടിന്റെ ഇരകളാണ് ഞങ്ങൾ . ഇന്നിവിടെ ബാക്കിയാകുന്ന ഞങ്ങൾ പറങ്കികൾ . ഒരു കാലത്ത് ഇവിടെ എല്ലാം ഉണ്ടായിരുന്നവർ . ഇന്ന് എല്ലാം നഷ്ടപ്പെട്ടവർ . അന്ന് സാമൂതിരിയിൽ നിന്നും അയാളെ രക്ഷിക്കാനും തിരിച്ചു സിംഹാസനത്തിൽ ഇരുത്താനും ഞങ്ങൾ പറങ്കികളെ ഉണ്ടായിരുന്നുള്ളു . ഞങ്ങൾ കൊച്ചിക്കു നല്ലതു ചെയ്യാനാണ് ആഗ്രഹിച്ചത് . പക്ഷെ , ഫ്രഞ്ചുകാരുമായി ചേർന്ന് പിന്നീട് അവർ ഞങ്ങളെ പുറത്താക്കി . കോട്ട പിടിച്ചെടുത്തു . ഞങ്ങൾ ഒന്നുമില്ലാത്തവരായി .' നന്ദികേട്‌ ..
അവള്‍ അയാളുടെ വാക്കുകളിലൂടെ കൊച്ചിയുടെ ചരിത്രം കാണുകയായിരുന്നു . യുദ്ധങ്ങൾ പലതു കണ്ടു . കൊച്ചീ രാജാവും സാമൂതിരിയും പറങ്കികളും ലന്തക്കാരും അവളുടെ മുന്നിൽ യുദ്ധം ചെയ്തു . കച്ചവടം നടത്തി .പകയും പ്രതികാരവും അവൾ അയാളുടെ വാക്കുകളിൽ കണ്ടു . പീരങ്കി പോലെ അയാളുടെ വാ തുപ്പിയത് മുഴുവൻ തീയുണ്ടകളായിരുന്നു . അയാളെ പോലെ അവളും ഡച്ചുകാരെ വെറുക്കാൻ തുടങ്ങി . എന്നത്തേയും പോലെ അവളുടെ കണ്ണുകൾ അയാളുടെ ചുണ്ടുകളെ ചുംബിക്കാൻ തുടങ്ങി .കണ്ണുകളെ പ്രണയിക്കാൻ തുടങ്ങി ..നീണ്ട കൈവിരലുകൾ തലോടാൻ തുടങ്ങി .ഇടയിലെപ്പോഴോ അയാൾ നീട്ടിയ പുകക്കുഴലിൽ ചുണ്ടുകൾ ചേർത്തു . അവനും അവളും യോദ്ധാക്കളായി മാറി . ഓരോ ഡച്ചുകാരന്റെയും നെഞ്ചകം വെട്ടി കീറുമ്പോൾ മുഖത്തേക്ക് തെറിച്ച ചോരയിൽ അവർ ഉന്മത്തരായി .പടക്കളത്തിൽ അടങ്ങാത്ത വീര്യത്തോടെ അവർ പടവെട്ടി . സൂര്യൻ അസ്തമിക്കുമ്പോൾ ദേഹം മുഴുവൻ രക്തവുമായി പടക്കളം വിട്ടു . പരസ്പരം മുറിവുകളിൽ മരുന്നായി . എണ്ണത്തിരിയിട്ട വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഇരുട്ടിന്റെ കരിമ്പടത്തിൽ അവർ വീണ്ടും യുദ്ധം തുടങ്ങി . ചെന്നായ്ക്കളെ പോലെ അവർ ചീറുകയും കടിക്കുകയും ചെയ്തു . ഒടുവില്‍ പൊട്ടിയൊലിച്ചൊരു ചൂടില്‍ പരസ്പരം പുണർന്നു. ചുംബിച്ചു .
ആവർത്തനങ്ങളുടെ ദിന രാത്രങ്ങൾ .
എന്താണ് തന്നെ അയാളിലേക്ക് ഇത്രമേൽ ആകർഷിച്ചതെന്നു ഇന്നും അറിയില്ല .അല്ലെങ്കിലും ചില ബന്ധങ്ങൾ അങ്ങനെയാണല്ലോ . എന്ത് ..എന്തിനു ..എന്ത് കൊണ്ട് തുടങ്ങിയ നിരവധി ചോദ്യങ്ങൾ അപ്രസക്തമായി പോകുന്ന ഒരുപാട്‌ ബന്ധങ്ങള്‍ . അയാളിലേക്ക് മാത്രമായിരുന്നില്ല . അയാളുടെ ശീലങ്ങളിലേക്കും അയാൾ തന്നെ വലിച്ചടുപ്പിക്കുകയായിരുന്നു . ഇച്ഛാഭംഗങ്ങളുടെ ആകെത്തുകയായിരുന്നു അയാൾ .എനിക്ക് വേണ്ടത് സ്വാതന്ത്രമായിരുന്നു .അയാള്‍ക്ക്‌ വേണ്ടത് അയാള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരാള്‍ ..അയാളിലൂടെ ഞാന്‍ സ്വതന്ത്രയായി . . എഡിയുടെ വാക്കുകൾ കടമെടുത്താൽ .. ഈ ഭൂമുഖത്തു ആഗ്രഹിച്ചത്‌ എല്ലാം നഷ്ടമായ ഒരേ ഒരാൾ മാത്രമേ ഉണ്ടാകൂ ..അത് ഈ എഡിയാണ് ആഗ്‌നസ് . പക്ഷെ അവസാനമായി ഞാൻ ആഗ്രഹിച്ചത് നിന്നെയാണ് . നിന്നെ എങ്കിലും എനിക്ക് വേണം ആഗ്നസ് .കാരണം നമ്മൾ..ഒരേ രാജ്യക്കാരാണ് .
അവള്‍ അത്ഭുതത്തോടെ അയാളെ നോക്കി ..
' സത്യമാണ് ഞാൻ പറഞ്ഞത് . നിന്റെ അമ്മയുടെ 'അമ്മ .. മറിയം ഡറോത്തി പോർട്ടുഗീസുകാരിയാണ് . നമ്മൾ പോർട്ടുഗീസുകാരാണ് . ഇത്രമേൽ നിന്ദകൾ സഹിച്ചിട്ടും ഞാൻ എന്താണ് ഇവിടുന്നു പോകാത്തത് അറിയാമോ ..ഇവിടെ നമ്മുടെ കോട്ടയിൽ എന്റെ ഗ്രാൻഡ്പാ , കുറേ സ്വർണ നാണയങ്ങൾ കുഴിച്ചിട്ടിട്ടുണ്ട് . അതങ്ങനെ ആർക്കും ഞാൻ വിട്ടു കൊടുക്കാൻ ഉദ്യേശിച്ചിട്ടില്ല . എനിക്ക് വേണമതു . എന്നിട്ടു വേണം നിന്നെയും കൊണ്ടെനിക്ക് പറക്കാൻ ..ഞാൻ ഇത്രയും നാൾ കാത്തിരുന്നത് നിനക്ക് വേണ്ടിയാണ് ആഗ്നസ് . ആഗ്നസ് എന്ന പേരിന്റെ അർഥം വിശുദ്ധ . അതെ നീ കൂടെ ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ .. . "
ഞാനപ്പോഴും ആ മടിയിൽ തലവെച്ച് സിഗററ്റ് മണക്കുന്ന അയാളുടെ വിരലുകൾ വാസനിക്കുകയായിരുന്നു . വല്ലാത്തൊരു മണമാണ് സിഗററ്റിന് . സാധാരണ പെൺകുട്ടികൾ വെറുക്കുന്ന മണം . എന്ത് കൊണ്ടാണ് ഞാനതിനെ ഇഷ്ടപ്പെടുന്നത് . അപ്പ നന്നായി വലിക്കും . കുഞ്ഞിലേ മുതൽ ശീലമായതു കൊണ്ടാകും .അപ്പയുടെ തലോടിലിനും ഉമ്മയ്ക്കും ഒക്കെയൊരു സിഗരറ്റ് ഗന്ധമാണ് . കൈവിരലുകൾ മൂക്കിനോട് ചേർത്ത് പിടിച്ചിട്ടു ആഞ്ഞു ശ്വസിക്കണം .അപ്പോൾ ആ ഗന്ധം നാസികയിലൂടെ അങ്ങ് ശിരസ്സിൽ വരെ എത്തും . ഒരു കുത്തൽ പോലെയൊക്കെ ആദ്യം തോന്നും പക്ഷെ കണ്ണടച്ച് കിടന്നാൽ ഒരു സുഖാണ് ആ മണം. എന്തോ അപ്പ കൂടെയുള്ളത് പോലെ തോന്നുന്നു. ശരീരത്ത് എവിടെയെല്ലാമോ പുഴുക്കള്‍ അരിക്കും പോലെ
" നീ കേൾക്കുന്നുണ്ടോ ആഗ്നസ് .. "
അയാൾ അക്ഷമനാണ് . എന്നും അയാൾ അങ്ങനെയാണ് . എല്ലാത്തിനും ധൃതി . സംസാരിക്കാൻ . നടക്കാൻ .. ചുംബിക്കാൻ .
" എന്തിനാണ് പണം എഡി ... " ഞാൻ അവനെ നോക്കിയതേയില്ല .. കൈയ്‌യയിലെ കടും നീല നിറത്തിലെ പോളിഷിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് അങ്ങനെ തന്നെ കിടന്നു . പോളിഷുകൾ എല്ലാം മാഞ്ഞു തുടങ്ങുന്നു . അന്ന് ഇവിടെ വന്നിറങ്ങിയതിന്റെ രണ്ടു ദിവസം മുൻപ് ചെയ്തതാണ് . എത്ര ദിവസമായി ഞാനിവിടെ ..അലമാരയിലേക്കു നോക്കി . നെയിൽ പോളിഷുകളുടെ ഒരു വലിയ ശേഖരം ..എല്ലാം കടുത്ത നിറങ്ങൾ "
ഞാൻ ഒരുപാട് മാറുന്നുണ്ടോ ..ഇവിടെ വന്നിറങ്ങിയ മുതൽ എനിക്ക് മാറ്റമുണ്ട് . മദ്യത്തെ സ്നേഹിച്ചു .എഡിയെ സ്നേഹിച്ചു ..ഇപ്പോൾ ദാ ..സിഗരറ്റു .. ഇതൊക്കെ ..ഇതൊക്കെ കൊൽക്കൊത്തയിൽ വെച്ചെനിക്ക് വെറുപ്പായിരുന്നല്ലോ . ഞാൻ എഡിയെ നോക്കി . അയാൾ പോയിരുന്നു . ഇപ്പോൾ എപ്പോഴും ഇങ്ങനെയാണ് . കൊൽക്കൊത്തയെ പറ്റി ഓർക്കുമ്പോൾ എഡി അപ്രത്യക്ഷമാകുന്നു .
രാവിലെ ഏഴുമണിക്കുള്ള അലാറം അടിക്കുന്നതിനു മുൻപ് പുറത്തെ മണിയടി ശബ്ദം കേട്ടാണ് കണ്ണ് തുറന്നത് . വാതിൽ തുറന്നതും അത്ഭുതപ്പെട്ടു പോയി . മുന്നിൽ അപ്പ . മഞ്ഞു മാറി വെയിൽ പാതി മറഞ്ഞു നിൽക്കുന്നേയുണ്ടായിരുന്നുള്ളു .
കെട്ടിപ്പിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മകൾ നൽകി . കൈയ്യിൽ തൂങ്ങി അകത്തേക്ക് നടന്നു . തോളിലൂടെ ഇട്ട കൈ മെല്ലെ എടുത്തു വാസനിച്ചു നോക്കി . ഇല്ലല്ലോ ..
" ഇന്നെന്താ അപ്പ ഇന്ന്സി ഗരറ്റ് വലിച്ചില്ലേ ? "
അത്ഭുതത്തോടെ അയാൾ തിരിഞ്ഞു നിന്നു.
"അതിനു എനിക്ക് സിഗരറ്റ് വലിക്കുന്ന ശീലമില്ലല്ലോ മോളെ .. ?"
അയാൾ ചിരിച്ചു കൊണ്ടാണ് പറഞ്ഞത് . പൊടി പിടിച്ചു കിടക്കുന്ന കസേരകളിലൊന്നിൽ അയാൾ ഇരുന്നു .
"ആ ലോറൻസ് വന്നില്ലേ മോളെ ..ഇവിടെ ഒക്കെ വൃത്തിയാക്കിയിടാൻ ഞാൻ അയാളോട് പറഞ്ഞതാണല്ലോ .. ഇവിടെ എങ്ങനെ നീ ഇന്നലെ കഴിച്ചു കൂട്ടി .."
അവൾ ചുറ്റും നോക്കി . ശരിയാണല്ലോ ..എല്ലാം ആകെ പൊടി പിടിച്ചു നാശമായി കിടക്കുകയാണല്ലോ . ഇന്നലെ ഒറ്റ രാത്രിയിൽ ഇവിടെ എന്തെല്ലാമാണ് സംഭവിച്ചത് . അവൾ തന്റെ കൈകളിലേക്ക് നോക്കി . നീണ്ട വിരലുകളിൽ ഇളം റോസ് നിറത്തിലുള്ള പോളിഷ് . ഒന്നു പോലും മാഞ്ഞിട്ടില്ലല്ലോ .. ശരസ്സിൽ എന്തെല്ലാമോ വലിയ സ്ഫോടനം നടക്കും പോലെ അവൾക്കു തോന്നി . ഇതെന്താണ് എല്ലാം വളരെ പെട്ടെന്ന് മാറി മറിയുന്നത് . രണ്ടു കൈയും ശിരസ്സിന്റെ ഇരു വശങ്ങളിലുമായി ചേർത്ത് പിടിച്ചവൾ അയാളെ നോക്കി .
"എന്താ മോളെ ...എന്താ പറ്റിയേ ...നീ എന്താ വല്ലാതെ .. "
തനിക്കു മുൻപിൽ ലോകം കീഴ്മേൽ മറിയും പോലെ അവൾക്കു തോന്നി . എഡി എവിടെ .. അവൻ യുദ്ധം ചെയ്യാൻ പോയോ ..അതോ ഗ്രാൻഡ്‌പാ ഒളിച്ചു വെച്ച സ്വർണ നാണയങ്ങൾ എടുക്കാൻ പോയോ .അപ്പ എന്തിനാണ് വന്നത് . ഞാനും എഡ്ഡിയും തമ്മിലുള്ള ബന്ധം അപ്പ അറിഞ്ഞോ .. അപ്പ കൊച്ചിക്കാരനല്ലേ .. ഞങ്ങൾ പോർട്ടുഗീസുകാർ .അപ്പയല്ലല്ലോ ഞാൻ അല്ലേ എന്റെ കാര്യം .തീരുമാനിക്കുക . പക്ഷെ എഡി എവിടെ . ഈ മുറിയിൽ നിന്നും അവന്റെ ഗന്ധം പോലും നഷ്ടമായല്ലോ . ആരാണ് ഈ വീട് ഇത്രയും അലങ്കോലപ്പെടുത്തിയത് . ബോധം നഷ്ടപ്പെടുന്നതിനു തൊട്ടു മുൻപേ വീണ്ടും സിഗരറ്റിന്റെ രൂക്ഷ ഗന്ധമുള്ള കാറ്റിനായ്‌ അവൾ ശ്വാസം ആഞ്ഞു വലിച്ചു .
" മിസ്റ്റർ ജോൺ ... ഞാൻ നിങ്ങളുടെ മകൾ ആഗ്നസുമായി സംസാരിച്ചു . അവൾക്കു കുഴപ്പം ഒന്നുമില്ല . ഏതോ ഒരു എഡിയുമായി എന്തോ ഒരു ബന്ധം. അവൻ എന്തോ കഞ്ചാവാണെന്നു തോന്നുന്നു .മോളും അതെല്ലാം കൂടി വലിച്ചു കേറ്റി ആകപ്പാടെ ഒരു വിഭ്രാന്തി . വേറെ കുഴപ്പം ഒന്നും തന്നെയില്ല . ഒരു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ എന്നിട്ടു പോകാം . "
ഡോകാട്ര്‍ റോയ് കൌണ്സെലിംഗ്\ റൂമിന് വെളിയിലേക്ക് വന്നു തന്റെ കസേരയില്‍ അല്പം മുന്നോട്ട് ആഞ്ഞിരുന്നു .
" പിന്നെ എഡിയെ താങ്കൾ അറിയുമോ ...? മിസ്റ്റർ : ജോൺ ... ? "
കണ്ണുകൾ പോലും ചിമ്മാതെ പ്രതിമ പോലെ ഇരിക്കുന്ന ജോണിനെ ഡോക്ടർ. റോയ് തൊട്ടു വിളിച്ചു .
ഒരു ഉറക്കത്തില്‍ നിന്നെന്ന വണ്ണം അയാള്‍ ഞെട്ടി എണീറ്റു.
" ആം ...അറിയും ഡോകട്ർ ..... എന്റെ ..എന്റെ ഭാര്യയുടെ ഒരു കാലത്തെ പ്രണയമായിരുന്നു അയാൾ . പിന്നെ എന്റെ മോളുടെ പേര് ആഗ്നസ് എന്നല്ല . .. റിയ , എന്നാണു ..റിയ മേരി ജോൺ . ആഗ്നസ് ..അവളുടെ അമ്മയുടെ വിളിപ്പേരാണ് . "
റോയ് തന്റെ ചാരു കസേരയിൽ പിന്നിലേക്ക് ചാരി ഇരുന്നു . മൂക്കിന് തുമ്പിലേക്കു ഇറങ്ങി വന്ന കണ്ണട വലത്തു കൈക്കു മെല്ലെ കയറ്റി വെച്ചു .
" ആഗ്‌നസ് ഒരു വിഷാദ രോഗിയായിരുന്നു. ഒരു തരം ദ്വന്ത വ്യകതിത്വം .ചിലപ്പോള്‍ തികച്ചും സൈലന്റ് ..ചിലപ്പോള്‍ വല്ലാതെ വയലന്റാകും ഇവിടെ വെച്ചാണ് അവൾ ആത്മഹത്യ ചെയ്തത് . അതിനു ശേഷം ഞാനും മോളും കൊൽക്കൊത്തയിലായിരുന്നു . പിന്നെ എങ്ങനെയാണ് ഡോക്ടർ . ആഗ്നസും എഡിയുമൊക്കെ ന്റെ മോളുടെ അടുത്തെത്തിയത് . രണ്ടു ദിവസങ്ങൾ ..വെറും നാല്പത്തിയെട്ടു മണിക്കൂറുകൾ കൊണ്ട് ഇവരൊക്കെ എങ്ങനെയാണു എന്റെ മോളെ എന്നിൽ നിന്നും പറിച്ചു മാറ്റിയത് .... എന്റെ മോൾക്ക് എന്താണ് ഡോകട്ർ ...."
ഡോക്ടര്‍ റോയിയുടെ നെറ്റിയില്‍ വിയര്‍പ്പു ചാലുകള്‍ ഉറപൊട്ടി . ടെന്‍ഷന്‍ വരുമ്പോള്‍ എപ്പോഴും അയാള്‍ നന്നായി വിയര്‍ക്കും
" കൂൾ ..കൂൾ....മിസ്റ്റർ ജോൺ .. ഐ നീഡ് സാം മോർ ടൈം "
ഡോകട്ർ റോയ് തന്റെ മുന്നിലിരുന്ന വെള്ളം ജോണിന്റെ അടുത്തേക്ക് നീക്കി വെച്ചു .
വർഷം നന്നായി കലി തുള്ളി പെയ്യുന്നു . നേരം വെളുക്കുന്നതും ഇരുളുന്നതും അറിയുന്നതേ ഇല്ല . ആകാശം ആകെ മൂടി കിടക്കുന്നു . ജോൺ ഡോകട്ർ റോയിയെ കണ്ടതിനു ശേഷം റിയയുടെ അടുത്തേക്ക് ചെന്നു . അവൾ കൈ നഖങ്ങളിൽ പോളിഷിടുകയാണ് . ഇളം നിറങ്ങളോടാണ് റിയക്കു പ്രീയം . അവളുടെ അമ്മയുടെ നേരെ വിപരീതം . ഇളം പിങ്ക് നിറമാണ് ഇപ്പോൾ നഖങ്ങളുടെ നിറം . അവളുടെ കൈകൾക്കു ഏറ്റവും യോജിച്ചതും അത് തന്നെയാണ് .
മോളെ മഴയ്ക്ക് മുന്നേ ഇറങ്ങിയാലോ ..
അവൾ മുഖം ഉയർത്തി നോക്കി . അല്പം ക്ഷീണം ഉണ്ടെങ്കിലും ഒരുപാട് സന്തോഷത്തോടെ പ്രസരിപ്പോടെ അവള്‍ ജോണിനെ നോക്കി .
പോകാം അപ്പ ..
ചേർന്ന് നിന്നു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു നെറുകയിൽ മുത്തമിടുമ്പോൾ ഒരു കണ്ണുനീർ തുള്ളി മെല്ലെ ഒഴുകി അവളുടെ നെറുകയിൽ വീണു പൊള്ളി .
സന്തോഷത്തോടു കൂടിയാണ് ഡോക്ടർ റോയി അവരെ യാത്രയാക്കിയത് .
ജോണിന്റെ കാർ ആശുപത്രിയുടെ കവാടം കടന്നു പോകും വരെ . റോയ് അവരെ നോക്കി നിന്നു കൈ വീശി . കണ്ണട ഊരി മാറ്റി . നെറ്റിയിൽ പൊടിച്ചു നിൽക്കുന്ന വിയർപ്പു കണങ്ങൾ പുറംകൈയ്യാൽ തുടച്ചു അയാൾ തന്റെ റൂമിലേക്ക് നടന്നു .
" അവൾ ...ഒരു പക്ഷെ ഇനിയും വരും അല്ലേ ഡോകട്ർ ... "
റോയ് മുഖം ഉയർത്തി നോക്കി . ജൂനിയർ ഡോകട്ർ . ഹാരിസാണ് .
" അറിയില്ല ഹാരിസ് . ഈ മാനസികരോഗ ചികിത്സ ഇങ്ങനെയാണ് . ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ രോഗിയെയും യാത്രയാക്കുക .. പക്ഷെ പലപ്പോഴും ...... "
റോയ് കണ്ണുകൾ അടച്ചു . ഡോകട്ർ ഹാരിസ് . റിയ മേരി ജോൺ എന്നെഴുതിയ ഫയൽ മെല്ലെ അടച്ചു ഷെൽഫിലേക്കു വെച്ചു .
ഇടിവെട്ടി അലറി പെയ്യുന്ന മഴയിലൂടെ പതിയെ നീങ്ങുകയാണ് ജോണും റിയും സഞ്ചരിക്കുന്ന കാര്‍ . അല്പം താഴ്ത്തി വെച്ച വിൻഡോയിലൂടെ റിയ ആവേശത്തോടെ മഴ കണ്ടു .അപ്പ ഡ്രൈവറോട് എന്തെല്ലാമോ പറയുന്നുണ്ട് . വിന്ഡോ ഗ്ലാസിൽ ചേർത്ത് വെച്ച വിരലുകളിലെ നെയിൽ പോളിഷിന്റെ നിറം മാറുന്നതും അവിടെ കടും ചുവപ്പ് നിറം പരയ്ക്കുന്നതും ജോണ്‍ അറിഞ്ഞതേയില്ല . മഴയില്‍ ആകെ നനഞ്ഞു മുടി നീട്ടി വളര്‍ത്തിയൊരു ചെറുപ്പക്കാരന്‍ ആ കാറിനു പിന്നാലെ ഓടുന്നുണ്ടായിരുന്നു . അയാളുടെ കണ്ണുകള്‍ ഉപ്പനെ പോലെ ചുവന്നിരുന്നു .
(അവസാനിച്ചു) .
എബിൻ മാത്യു കൂത്താട്ടുകുളം .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot