നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പുസ്തകാനുഭവങ്ങൾ-(ഓട്ടോ ബയോളജിഗ്രാഫി)

Image may contain: 1 person, beard

--------------------------------
ഞാനും ചങ്ക് ബ്രോ പപ്പനും ഒമ്പതിൽ പഠിക്കുന്ന കാലഘട്ടം. അതിലുപരി കൗമാരമെന്ന സുവർണ്ണ സൗധത്തിന്റെ വാസൽപ്പടിയിൽ ചാടിക്കളിക്കുന്ന കാലം.
കല്യാണം കഴിഞ്ഞാൽ എങ്ങനെ കുട്ടികളുണ്ടാകുന്നു തുടങ്ങിയ ചരിത്ര-ജൈവശാസ്ത്രപ്രാധാന്യമുള്ള പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിത്തുടങ്ങിയത് ഇക്കാലത്താണ്
ഇത്തരം പല സംശയനിവാരണങ്ങൾക്കും അക്കാലത്ത് അനേകം റഫറൻസ് ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് ലഭ്യമായിരുന്നു. വിഷയം നിഗൂഢത നിറഞ്ഞതായതിനാൽത്തന്നെ അതിന്റെ ലഭ്യതയും അതിലേറെ നിഗൂഢമായിരുന്നു.
ശാസ്ത്രതല്പരരായ ഞങ്ങളിൽ ചിലർ രഹസ്യമായി സ്വരൂപിച്ച തുക പത്താംക്ലാസ്സിൽ ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം വാർക്കപ്പണിക്ക് പോയിക്കൊണ്ടിരുന്ന സജീവേട്ടനെ ഏൽപ്പിക്കുമായിരുന്നു .
അദ്ദേഹം ചിറക്കൽ പ്രകാശിൽ നൂൺ ഷോയ്ക്ക് പോകുന്ന ദിവസം പുതിയതെരുവിലെ ഏതോ അജ്ഞാത സ്ഥലത്തു നിന്നും ഇവ ഞങ്ങൾക്കായി എത്തിച്ചു തരും അതായിരുന്നു രീതി.
പുസ്തകങ്ങളുമായി സജീവേട്ടൻ ബസ്സിറങ്ങുന്നതും കാത്ത് ഞങ്ങൾ ഇമ ചിമ്മാതെ കാത്തിരിക്കും.
പുസ്തകം മാത്രമല്ല. ജ്യോതി ഹോട്ടലിൽ നിന്ന് പൊറോട്ടയിൽ ഫ്രീ ചാർ ഒഴിക്കുമ്പോൾ സപ്ലയർ നാരായണേട്ടൻ ബോണസ്സായി ലിവറിന്റെ അതിസൂക്ഷ്മ കണങ്ങൾ കൂടി പകരുന്നത് പോലെ അന്ന് പ്രകാശ് ടാക്കീസിൽ ഇട്ട പെഷൽ ഐറ്റത്തെക്കുറിച്ചുള്ള ബ്രഹത്തായ ഒരു ആസ്വാദനാനുഭവവും പുസ്തകപ്രകാശനവേളയിൽ അദ്ദേഹം ഞങ്ങളോട് പങ്കു വയ്ക്കുമായിരുന്നു.
ഈ വേളകളിൽ പത്തിൽ പഠിത്തം നിർത്തി മകന് ലോകസഞ്ചാരത്തിന് തടസ്സങ്ങളില്ലാതെ അനുമതി നൽകിയ സജീവേട്ടന്റെ അച്ഛനമ്മമാരെ മനസാ അഭിനന്ദിക്കുകയും തനിക്കും അങ്ങനൊരു സുവർണാവസരം ലഭ്യമാകുമെന്ന് കിനാവു കാണുകയും ചെയ്തിരുന്നു ഈ ഞാൻ.
പ്രൊഫഷണലിസം എന്താണെന്ന് പഠിച്ച നാളുകളായിരുന്നു. അത് കൃത്യമായ നറുക്കിട്ട് ഓരോ ദിവസത്തേക്കുമുള്ള വായനക്കാരെ സെലക്ട് ചെയ്യുന്ന രീതിയായിരുന്നു അനുവർത്തിച്ചിരുന്നത്. അന്നേ ദിവസം കുടുംബ ക്ഷേത്രങ്ങളിൽ വരുമാനമില്ലാതെ വെറുതെയിരിക്കുന്ന മൂർത്തികൾക്ക് പത്തോ ഇരുപതോ പൈസ കളക്ഷൻ കിട്ടുമായിരുന്നു.
ഊഴം വച്ച് എല്ലാവരും വായിച്ചു കഴിഞ്ഞാൽ തല്പരകക്ഷികൾക്ക് ഒരു റൌണ്ട് കൂടെ കൊടുക്കും. അതിന് ശേഷം അത് ഞങ്ങൾ "റെന്റ് എ ബുക്ക്" എന്ന പദ്ധതിയിലേക്ക് മാറ്റും. ഡിമാന്റ് പോലെ ദിവസം അൻപത് പൈസ മുതൽ ചാർജ് ഈടാക്കി ആവശ്യക്കാർക്ക് വായിക്കാൻ കൊടുക്കുന്ന പദ്ധതിയാണ് ഇത്.
ഇതിലൂടെ തന്നെ അടുത്ത പ്രസാധനത്തിന് വേണ്ട തുകയുടെ നല്ലൊരു ശതമാനം ലഭ്യമാകുമായിരുന്നു.
മിക്കവാറും സർക്കുലേറ്റ് ചെയ്ത് തിരിച്ചെത്തുന്ന ഗ്രന്ഥത്തിന് ആ പേരിനോട് നീതി പുലർത്താനുള്ള ആരോഗ്യം പോലുമുണ്ടാകില്ല.സുരക്ഷാ കാരണങ്ങൾ കൊണ്ട് നാലായി മടക്കി അരയിൽ തിരുകിയായിരുന്നു കൈമാറ്റം എന്നതിനാലും അതിതീവ്രമായ കൗമാരനിശ്വാസങ്ങൾ ഏൽക്കേണ്ടി വരുന്നത് കൊണ്ടും നടുവോടിഞ്ഞു നാലു കഷണമായിട്ടുണ്ടാകും ആ പാവം പുസ്‌തക ജന്മങ്ങൾ .
എങ്കിലും അധ്വാനത്തിനും പണത്തിനും അതിന്റെതായ വില കൽപ്പിക്കുന്ന ഞങ്ങൾ അവയെ, കൂട്ടത്തിൽ സ്വന്തമായി മുറിയുള്ള കണ്ണട സുമേഷിനെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയും അവനത് വളരെ സന്തോഷത്തോടെ ചെയ്തു പോരുകയും ചെയ്തു.
ഇടയ്ക്കിടെ റഫറൻസിനു വേണ്ടി ഞങ്ങൾ അവന്റെ മുറി സന്ദർശിക്കുകയും പുസ്തകങ്ങളുടെ ഇൻവെൻട്രി നടത്തുകയും പതിവായിരുന്നു.
തദവസരങ്ങളിൽ ഞങ്ങളുടെ പഠനത്തോടുള്ള ആത്മാർത്ഥതയിലും മുറിയിലിരുന്നുള്ള ഗ്രൂപ്പ് സ്റ്റഡിയിലും സംപ്രീതയായ അവന്റെ അമ്മ നെയ്യൊഴിച്ച കട്ടൻ കാപ്പിയും അവിൽ കുഴച്ചതും തന്ന് പ്രോത്സാഹിപ്പിക്കുമായിരുന്നു.
അങ്ങനെയിരിക്കെ ഒരുനാൾ കണ്ണട സുമേഷ് ആകാംക്ഷാഭരിതമായ ഒരു കാര്യം അറിയിച്ചു. സ്കൂളിനു പിറകിലൂടെ പോകുന്ന റെയില്പാളത്തിനപ്പുറത്തെ കണ്ടത്തിൽ മുട്ടോളം വെള്ളം നിറഞ്ഞെന്നും ഗേൾസ് സ്കൂൾ വിട്ടു പോകുന്ന പെൺകുട്ടികൾ അതുവഴി കടന്ന്‌ പോകുമ്പോൾ ദൃശ്യസാക്ഷാത്‍കാരത്തിന് അവസരമുണ്ട് എന്നതുമായിരുന്നു അവന്റെ വെളിപ്പെടുത്തൽ.
മാത്രമല്ല രണ്ട് ദിവസമായി അവൻ ഞങ്ങളാരുമറിയാതെ അവിടെ ചെന്ന് ആത്മസാക്ഷാത്കാരം നേടി എന്നും പറഞ്ഞു.
ഒറ്റയ്ക്ക് പോയ കാര്യം കേട്ടപ്പോൾ തന്നെ പപ്പൻ ബ്രോ അവന്റെ കഴുത്തിന് പിടിച്ചെങ്കിലും ഇത്രയും വിലപ്പെട്ട വിവരം കൈമാറിയ സ്ഥിതിക്ക് താൽക്കാലിക മാപ്പ് കൊടുക്കാനും വരുന്ന വെള്ളിയാഴ്ച ലഞ്ച് ബ്രേക്ക് സമയത്ത് ഓപ്പറേഷൻ റെയിൽവേകണ്ടം നടത്താനും ധാരണയായി.
തീരുമാനമനുസരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് എങ്ങനെയൊക്കെയോ ഊണ് കഴിച്ചെന്ന് വരുത്തി കണ്ടത്തിലേക്ക് ഓടി.
പറഞ്ഞ പോലെ തന്നെ നീലപ്പാവാടയും വെള്ളക്കുപ്പായവും ധരിച്ച താറാവിൻ കൂട്ടങ്ങളെപ്പോലെ അവർ മുട്ടോളം വെള്ളത്തിൽ പ്രയാണം തുടങ്ങി.
നയനമനോഹരമായ ആ കാഴ്ച കണ്ടങ്ങിനെ റെയിൽ പാളത്തിലിരിക്കുമ്പോഴാണ് പിറകിൽ നിന്നൊരു പെൺകുട്ടിയുടെ ശബ്ദം
"ദാ അച്ഛാ ഇവനാണ്" ....
ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കും മുൻപേ കണ്ണട സുമേഷിനെ ഒരു കരാളഹസ്തം വന്ന് പിടിച്ചുയർത്തി.
എടാ നീയാ ശാന്തയുടെ മോനല്ലേ?
നിന്റമ്മയെ കാണട്ടെ ശരിയാക്കി തരാം ..
ദത് കെട്ടപ്പോഴേ.കണ്ണട കരച്ചിൽ തുടങ്ങി ഞാനും പപ്പൻ ബ്രോയും കണ്ടം വഴി ഓടി.
പിന്നെയാണറിഞ്ഞത് അയാൾ അവന്റെ അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ആളാണത്രെ.
രണ്ടു ദിവസമായി ആരും അറിയാതെ അവൻ ഇവിടെ വന്ന് ആ കുട്ടി പോകുന്ന സമയത്ത് ഇരിപ്പായതിനാൾ അവൾ അച്ഛനെ കൂട്ടി വന്നതാണ് .
പിറ്റേന്ന് സ്കൂളിൽ വന്ന കണ്ണട സുമേഷിന് അണ്ണൻ ലോറിയുടെ അടിയിൽ നിന്ന് ഒരുകണക്കിന് വലിച്ചെടുത്ത ചാവാലിപ്പട്ടിയുടെ ലൂക്കായിരുന്നു.
ഉള്ളിൽ ലൈറ്റായി സന്തോഷം തോന്നിയെങ്കിലും പിന്നീട് പറഞ്ഞ കാര്യം കേട്ട് ഞങ്ങൾ അസ്ത്രപ്രജ്ഞരായി നിന്നുപോയി.
കാലങ്ങളായി ശേഖരിക്കപ്പെട്ട അമൂല്യ ഗ്രന്ഥശേഖരം റെയ്ഡ് ചെയ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല കോപം കൊണ്ട് കാഴ്ച്ച നഷ്ടപ്പെട്ട അവന്റെ മാതാവ് അവ മുഴുവൻ അഗ്നിക്കിരയാക്കിയത്രേ.
നളന്ദ സർവകലാശാല കത്തിച്ച കഥ കേട്ട് തരിമ്പും അനങ്ങാത്ത എന്റെ ഹൃദയം ഒരു നിമിഷം സ്‌തബ്ധമായി..
പക്ഷേ പിന്നീടുള്ള വാർത്ത കേട്ട് അത് ഇരട്ടി സ്പീഡിൽ പ്രവർത്തനം തുടങ്ങി.
പുസ്തക ദഹനത്തിന് ശേഷം അവന്റെ അമ്മ ഒരു കാട്ടുതീ പോലെ എന്റെയും പപ്പന്റെയും വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടത്രെ.
വഴി തടയാൻ ഞങ്ങൾ തറവാട്ട് ക്ഷേത്രത്തിലെ പണിയില്ലാമൂർത്തികൾക്ക് നല്ലൊരു തുക ഓഫേർ ചെയ്‌തെങ്കിലും അവന്റമ്മ ഞങ്ങളുടെ രക്ഷിതാക്കളെ കണ്ട് നയതന്ത്ര ചർച്ചകൾ നടത്തുകയും ഒരു സംയുക്ത ആക്രമണത്തിന് ആഹ്വാനം ചെയ്ത ട്രംപ് ബ്രിട്ടനിൽ നിന്ന് മടങ്ങുംപോലെ വിജയകരമായി തിരിച്ചു പോകുകയും ചെയ്‌തു.
തുടർന്ന് മൂന്ന് രക്ഷിതാക്കളടങ്ങുന്ന സഖ്യസേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ ഞങ്ങൾക്ക് ദയനീയമായി അടിയറവ് പറയേണ്ടി വന്നു.
പിന്നീട് ഞങ്ങളുടെ കഴിവുകൾ സ്കൂൾ പഠനാവശ്യങ്ങൾക്ക് വിനിയോഗിച്ചതിനാൽ ഇന്നെല്ലാവരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിക്കുന്നു.
വലിയ തെറ്റുകളിൽ നിന്നും ഞങ്ങളെ വഴി മാറ്റിയ പേരറിയാത്ത ആ പെൺകുട്ടീ... നിനക്ക് ആയിരം നന്ദി..
എന്നാലും അത്രക്ക് വേണ്ടായിരുന്നു ..
ശുഭം
✍️കണ്ണപുരം വിജു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot