Slider

തയ്യൽക്കാരൻ മൊയ്തുക്ക:

0
Image may contain: drawing
By Kadarsha
അന്ന് രാവിലെ കട തുറക്കാൻ വരുമ്പോൾ മൊയ്തുക്ക ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഒരു കാലിച്ചായയെങ്കിലും കുടിക്കണമെന്നുണ്ട്. കയ്യിൽ പണമില്ല. രാവിലെ കുടിച്ച രണ്ട് ഗ്ലാസ് പച്ചവെള്ളത്തിന് കട തുറക്കും വരെയും മൊയ്തുക്ക പടച്ചവനോട് നന്ദി പറഞ്ഞുകൊണ്ടിരുന്നു.
കടയുടെ വാതിലിന് നാല് പലകകളുണ്ട്. അതു നാലെണ്ണവും എടുത്തുമാറ്റിയശേഷം ചൂലുകൊണ്ട് തലേ രാത്രിയിൽ രൂപപ്പെട്ട ഏതാനും മാറാലകളും പൊടിപടലങ്ങളും തൂത്ത് വൃത്തിയാക്കി കഴിഞ്ഞപ്പോൾ വയറൊന്ന് ആളി. മുണ്ടഴിച്ച് വയറ്റിൽ മുറുക്കിയുടുത്തു. മുകളിൽ പഴയ പിന്നിത്തുടങ്ങിയ ലെതർബെൽറ്റ് മുറുക്കി കെട്ടി. അപ്പോൾ വിശപ്പിന് ശമനമുണ്ടായി.
തയ്യൽ മെഷീന് മുന്നിൽ ഇട്ടിരിക്കുന്ന പഴയ മരസ്റ്റൂളിൽ ഇരുന്ന് ചവിട്ടി നോക്കി. മെഷീൻ പ്രവർത്തിക്കുന്നു. അൽഹംദുലില്ലാ... വീണ്ടും പടച്ചവന് നന്ദി പറഞ്ഞു. തയ്യൽമെഷീൻ വളരെക്കാലം പഴക്കമുള്ളതാണ്. ശിഷ്യൻമാർ ഒരുപാട് പേർ തയ്യൽജോലി പഠിച്ചതും ഈ മെഷീനിൽ തന്നെ.
ജോലിത്തിരക്കുപിടിച്ച ആ കാലം പോയി മറഞ്ഞു. കറന്റിൽ പ്രവൃത്തിക്കുന്ന മോട്ടോർ ഘടിപ്പിച്ച ആധുനിക തയ്യിൽ മെഷീനുകളായി എല്ലായിടത്തും. തയ്യൽ ജോലിക്കായി മൊയ്തുക്കാനെ ആരും സമീപിക്കാതായിരിക്കുന്നു. എങ്കിലും എന്നും കട തുറന്ന് ,പഴയ ഓർമകൾ അയവിറക്കി മൊയ്തുക്ക തയ്യിൽ മെഷീനരികിൽ ഉപവിഷ്ഠനാകും.
പഴയ ശിഷ്യന്മാരിൽ ചിലർ മോട്ടോർ ഘടിപ്പിച്ച തയ്യിൽ മെഷീൻ വാഗ്ദാനം ചെയ്തതാണ്. മൊയ്തുക്ക അതെല്ലാം നിരസിച്ചു.
വർഷങ്ങൾക്ക് മുൻപ് ഭാര്യയും കുട്ടിയും മരണപ്പെട്ട ശേഷം മൊയ്തുക്ക അങ്ങനാണ്. ഏകനായി, ഒന്നിനോടും ആഗ്രഹമില്ലാതെ ,പട്ടിണി കിടക്കുമ്പോഴും ആരെങ്കിലും ദയ തോന്നി തരുന്ന പണം സ്വീകരിക്കാതെ ,ആരുടെയും സൗഭാഗ്യത്തിലേക്ക് കണ്ണുപായിക്കാതെ, പടച്ചവനെ കുറിച്ചു മാത്രം ചിന്തിക്കുന്ന ജീവിതം.
ഇപ്പോൾ കടയിലിരിക്കുമ്പോൾ വല്ലപ്പോഴും ആരെങ്കിലും പഴയ കീറിയവസ്ത്രം തയ്ച്ച് നേരെയാക്കാൻ വരും. അങ്ങനെ കിട്ടുന്ന ചെറിയ തുകകൾ കൊണ്ട് ഭക്ഷണം വാങ്ങി കഴിക്കും.
തയ്യൽക്കാർക്ക് തിരക്കുവർദ്ധിക്കുന്ന മാസമാണ് മെയ്മാസം. സ്കൂൾ യൂണിഫോമുകൾ തയ്ക്കുന്ന മാസം. അപ്പോഴും മൊയ്തുക്കക്ക് തിരക്കില്ല. വല്ലപ്പോഴും കിട്ടുന്ന കീറത്തുണി മാത്രം!
എങ്കിലും ഇപ്രാവശ്യം മെയ്മാസമായപ്പോൾ മൊയ്തുക്കാന്റെ മനസ്സ് പ്രകമ്പനം കൊണ്ടു! പതിവില്ലാത്ത വിധം , പഴയ കാലത്ത് സ്കൂൾ തുറക്കുന്ന സമയത്ത് തിരക്കുപിടിച്ചു ജോലി ചെയ്തതും വീട്ടിൽ ഭാര്യയുടെ മുഖത്ത് സന്തോഷം കളിയാടുന്നതുമെല്ലാം അയാൾക്കോർമ വന്നു. അവൾക്കും കുട്ടിക്കും കൊതി തോന്നുന്ന ഭക്ഷണവും വസ്ത്രവുമെല്ലാം വാങ്ങി കൊടുക്കുന്ന സമയമാണ് അത്.
അതെല്ലാം മൊയ്തുക്കാടെ മനസ്സിൽ ഇരച്ചെത്തി. പിന്നെ അതെല്ലാം മറന്ന് വീണ്ടും ദൈവ സ്മരണയിൽ മുഖംപൂഴ്ത്തിയിരിക്കുമ്പോഴാണ് രണ്ട് മക്കളെയും കൂട്ടി ഒരു യുവാവിന്റെ വരവ്. ആ കുട്ടികളെയും യുവാവിനെയും മൊയ്തുക്ക ആദ്യമായി കാണുകയായിരുന്നു.
യുവാവ് കയ്യിലുള്ള തുണിയുടെ പൊതി മൊയ്തുക്കാക്ക് നേരെ നീട്ടി. എന്നിട്ടുപറഞ്ഞു: "യൂണിഫോമാണ്. രണ്ടാൾക്കും ഓരോ ജോടി."
മൊയ്തുക്ക ഒന്നു പതറി. കുറഞ്ഞത് പത്തുവർഷമെങ്കിലുമായിക്കാണും ഒരു സ്കൂൾ യൂണിഫോം തയ്ച്ചിട്ട്.
മൊയ്തുക്ക പറഞ്ഞു: "മോനെ, എന്റെ മെഷിൻ പഴയതാ. ഇപ്പോഴത്തെപോലുള്ള സ്റ്റിച്ച് അല്ല. പഴയ കാലത്തെ സ്റ്റിച്ച് ആണ്. "
യുവാവ് പറഞ്ഞു: "അറിയാം ഇക്കാ. കുഴപ്പമില്ല.ഇക്ക തയ്ച്ചാൽ മതി. കുറവുകൾ ഞാൻ സഹിച്ചോളാം."
മൊയ്തുക്ക പിന്നെ എതിർത്തൊന്നും പറഞ്ഞില്ല. അപരിചിതനായ ആ യുവാവിനോടും കുട്ടികളോടും ഒന്നും ചോദിക്കാനും തോന്നിയില്ല.
മൊയ്തുക്ക കുട്ടികളുടെ അളവെടുത്തു. സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം വരാമെന്ന് പറഞ്ഞ് യുവാവും കുട്ടികളും പോയി.
മൊയ്തുക്ക താമസിച്ചില്ല. തുണി മേശയിൽ വിരിച്ച് വിറയാർന്ന കരങ്ങളോടെ തുണി അളന്നു. പൊടിപുരണ്ട പഴയ നോട്ട്ബുക്കിൽ പെൻസിൽ കൊണ്ടെഴുതിയ അളവുകൾക്കനുസരിച്ച് ചോക്ക്കൊണ്ട് തുണിയിൽ വരച്ചു. പിന്നെ ദുർബലമായ കരങ്ങളിൽ കത്രികയെടുത്ത് മെല്ലെ വെട്ടിതുടങ്ങി. അപ്പോഴേക്കും തളർന്നു. തല ചുറ്റുന്ന പോലെ. അതോടെ ജോലി നിർത്തി പഴയ മരസ്റ്റൂളിൽ വിശ്രമിച്ചു.
പിറ്റേ ദിവസം തുണി വീണ്ടും വെട്ടി. അങ്ങനെ രണ്ടുദിവസം കൊണ്ട് തുണി തയ്ക്കാൻ പാകമാക്കി. പിന്നെ മെല്ലെ തയ്ച്ചു തുടങ്ങി. അഞ്ചു ദിവസം കൊണ്ട് രണ്ട് ജോടി യൂണിഫോം റെഡി. മൊയ്തുക്ക അത് നന്നായി പൊതിഞ്ഞ് കവറിലാക്കി വച്ചു.
സ്കൂൾ തുറക്കേണ്ട ദിവസമായി. പക്ഷേ യുവാവ് വന്നില്ല. ദിവസങ്ങൾ കഴിഞ്ഞു!മാസം ഒന്നുകഴിഞ്ഞു! യൂണിഫോം വാങ്ങാൻ യുവാവെത്തിയില്ല.
ആരോടെങ്കിലും ആ യുവാവിനെ കുറിച്ചു ചോദിച്ചാലോ എന്നാലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. വരുമ്പോൾ വരട്ടെ!
ദിവസങ്ങൾ കഴിഞ്ഞ് മൊയ്തുക്ക ആകെ അവശനായി. കടവരെ നടക്കാൻ വയ്യാത്തതിനാൽ വീട്ടിൽ തന്നെയിരുന്നു. മരണം ആസന്നമായി എന്ന് മൊയ്തുക്കാക്ക് തോന്നി.
അയൽപക്കത്തെ പയ്യനെ വിളിച്ച് മൊയ്തുക്ക കടയുടെ താക്കോൽ കൊടുത്തു. എന്നിട്ട് പറഞ്ഞു: "രണ്ട് കുട്ടികളുടെ യൂണിഫോം തയ്ച്ചത് കടയിലുണ്ട്. അതിന്റെ ആൾ അന്വേഷിച്ചു വരുമ്പോൾ എടുത്തു കൊടുക്കണം. എനിക്കിനി അധികനാൾ ഇല്ല."
പയ്യൻ സമ്മതിച്ചിട്ട് പോയി.
അഞ്ച് നേരം പള്ളിയിലെത്തുന്ന മൊയ്തുക്കാനെ കാണാതായപ്പോൾ ആത്മസുഹൃത്തായ പള്ളിയിലെ മൊസ്ല്യാർ മൊയ്തുക്കാനെ അന്വേഷിച്ചെത്തി.
മൊയ്തുക്കാടെ വീടിനു മുന്നിലെത്തി വിളിച്ചപ്പോൾ അനക്കമില്ല. വാതിൽ ചാരിയിട്ടേയുള്ളൂ എന്ന് മനസ്സിലാക്കിയ മൊസ്ല്യാർ അകത്തു പ്രവേശിച്ചു. നോക്കിയപ്പോൾ കട്ടിലിൽ കഴുത്തോളം പുതച്ചുകിടക്കുന്ന മൊയ്തുക്ക.
അനക്കമില്ല. നെറ്റിവിയർത്തിരിക്കുന്നു. ശരീരത്തിൽ ചൂടുണ്ട്. മരിച്ചിട്ട് അധികനേരമായില്ലായെന്ന് മൊസ്ല്യാർക്ക് മനസ്സിലായി.
ആളുകൾ കൂടി. മയ്യത്ത് ഖബറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
അവിടെ കൂടിയവരോട് മൊസ്ല്യാർ പറഞ്ഞു: "ഇന്നുവരെ ആരോടും ഒരു രൂപപോലും കടമില്ലാത്ത മനുഷ്യനാണ്. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ പോലും വാങ്ങാത്ത മനുഷ്യനാണ് മരണപ്പെട്ടത്. പക്ഷേ, കഫൻതുണി വാങ്ങാൻ പണം വേണം. ആരെങ്കിലും പൊരുത്തപ്പെട്ട് അതിനുള്ള പണം നൽകണം."
ഉടനെ ആൾക്കൂട്ടത്തിൽ നിന്നും ഒരു യുവാവ് കൈയ്യുയർത്തി മുന്നോട്ട് വന്നു പറഞ്ഞു: "എന്റെ മക്കളുടെ രണ്ട് ജോടി ഷർട്ടും പാന്റും തയ്ച്ച കാശ് ഞാൻ മൊയ്തുക്കാക്ക് കൊടുക്കാനുണ്ട്. ഇതാ പണം."
മൊസ്ല്യാർ പണം സ്വീകരിച്ചു.
കഫൻതുണി വാങ്ങാൻ ആളുപുറപ്പെട്ടുകഴിഞ്ഞപ്പോൾ ചാറ്റൽമഴ പെയ്യാൻ തുടങ്ങി...
____________________________________________

( കഫൻതുണി: - മയ്യത്ത് പൊതിയാനുള്ള വെള്ളത്തുണി )
--ശുഭം -
 11
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo