****

വേട്ട പട്ടി യെപോലെ ശൗര്യത്തോടെ മരണം എങ്ങും തളം കെട്ടി നിന്നിരുന്നു. മരണത്തിന്റെ ഗന്ധം ആ മുറിയിലാകെ നിറഞ്ഞു നിന്നിരുന്നു. "102 ലെ അമ്മച്ചി ഡെത്ത് ആയിട്ടോ". ചേഞ്ചിങ് റൂമിൽ നിന്നു മേരിക്കുട്ടി സിസ്റ്റർ പറയുന്ന കേട്ടു.
ഒരു ദിവസം എത്ര ആവർത്തി തുണി മാറി ഉടുക്കണം. റോഡിലൂടെ വരുമ്പോൾ ഒരു സാരീ. ഹോസ്പിറ്റലിൽ വെള്ള. വീട്ടിൽ എത്തുമ്പോൾ വേറെ. നേഴ്സ് ആയി ജോലി തുടങ്ങിയതിൽ പിന്നെ നന്നായി സാരീ ഉടുക്കാൻ പഠിച്ചു. ഇത് മനസ്സിൽ വിചാരിച്ചു ഒരാഴ്ച ആയി കഴുകാതെ ഇട്ടേക്കുന്ന വെള്ള സാരീ ഞാൻ ഭംഗി ആയി ഞൊറിഞ്ഞുടുത്തു.
വാർഡ് ലേക്ക് ചെന്നപ്പോൾ 102നു മുൻപിൽ ഒരു വല്യ ജനാവലി. രോഗികളെ റൂം നമ്പർ വച്ചു അഭിസംബോധന ചെയ്യരുത് എന്നാണ് നഴ്സിംഗ് ന്റെ ആദ്യ പാടങ്ങളിൽ ഉള്ളത് എന്നാൽ പലപ്പോഴും മറിഞ്ഞും തിരിഞ്ഞും കഷ്ടപ്പെട്ടു നേഴ്സ് ആയി കഴിഞ്ഞാൽ ഒരു നേരം ഈ 10-30പേരെ കാണുമ്പോൾ പേരോർത്തിരിക്കുക എന്നത് കഷ്ടമാണ് അത് കൊണ്ട് തന്നെ പലപ്പോഴും റൂം നമ്പർ തന്നെ ശരണം.
102ലെ അമ്മച്ചിയെ എല്ലാവർക്കും അറിയാം ത്രേസി ചേടത്തി. മുൻപ് ഹാർട്ട് അറ്റാക്ക് വന്നു രണ്ടു തവണ ഇവിടെ തന്നെ അഡ്മിറ്റ് ആയതാണ്. സർജറി ഒക്കെ ഇവിടെ ആയിരുന്നു . ത്രേസി ചേട്ടത്തി വന്നാൽ പിന്നെ വാർഡ്ഇൽ എപ്പോഴും പലഹാരങ്ങൾ ആണ്.
പണ്ട് ആമിന നൈറ്റ് ഷിഫ്റ്റ് നു കൊച്ചിനെ നോക്കാൻ ആളില്ല പറഞ്ഞു കരഞ്ഞപ്പോൾ. "ഇങ്ങോട്ട് കൊണ്ട് പോരടി ഞാൻ നോക്കിക്കോളാം.", എന്ന് പറഞ്ഞ ചേടത്തി ന്നെ ആർക്കും മറക്കാൻ ആവില്ല.
ഇത്തവണ പക്ഷെ പിടിച്ചത് മറ്റവനാണ് കാൻസർ . ആദ്യമേ തന്നെ ചേടത്തിക്ക് അറിയാമായിരുന്നു ഇനി ഒരു മടക്ക യാത്ര ഇല്ല എന്ന്. ഒരുപാട് വർത്തമാനം ഒന്നും പറയാത്ത, വേദന കടിച്ചമർത്തുന്ന ചേടത്തി യെ ആണ് ഞങ്ങൾ ഇത്തവണ കണ്ടത്. 102നു വെള്ളിയിൽ ഒരു ജാഥക്കുള്ള ആളുണ്ട്.
മിന്നുന്ന ചെരുപ്പുകൾ അണിഞ്ഞ ചേടത്തിടെ മോൾ, റോളക്സ് വാച്ച് കെട്ടിയ അവരുടെ ഭർത്താവ്. മഞ്ഞ ബാഗ് തോളിൽ ഇട്ടു മുടി ബോബ് ചെയ്ത മരുമോൾ, മോനെ കാണുന്നില്ല. എല്ലാവരും കരച്ചിലിൽ ആണ്. പക്ഷെ അത്രയും കണ്ണുനീരിന്റെ ഇടയിലും ഹൃദയം നുറുങ്ങുന്ന വേദനയുടെ സ്വരം ഞാൻ കേട്ടില്ല . സാധരണ ആരെങ്കിലും ഡെത്ത് ആയാൽ ഞങ്ങൾ നേഴ്സ് മാർക്ക് കറക്റ്റ് ആയി മനസിലാവുന്ന വസ്തുതകൾ ഉണ്ട്. കണ്ടിട്ടിട്ടും കേട്ടിട്ടിട്ടും ഒന്നും മനസിലാവാത്ത പോലെ ഞങ്ങൾ പൊട്ടൻ കളിക്കും. കഞ്ഞി കുടി ആണല്ലോ പ്രധാനം.
കണ്ണുനീർ പൊഴിച്ചു കൊണ്ട്, ഏങ്ങലടിച്ചു കരയുന്ന പല മുഖങ്ങളിലും ഞങ്ങൾ തെളിഞ്ഞു കണ്ടിരുന്നത് ചിരി ആണ്. വരാൻ പോകുന്ന സ്വത്തു ഭാഗം വയ്ക്കൽ ഓർത്തു കൊണ്ടുള്ള ചിരി. അല്ലെങ്കിൽ ഭാരം ഒഴിഞ്ഞു പോയി എന്നുള്ള ചിരി. ചിലപ്പോഴൊക്കെ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ മതിലിൽ ചാരി നിൽക്കുന്നവരെ നോക്കുമ്പോൾ തെളിഞ്ഞു കാണുന്നത് ഹൃദയം നുറുങ്ങുന്ന വേദന ആകാറുണ്ട്.
ഇതിപ്പോ ഉറപ്പാണ്. അമ്മച്ചിയെ പള്ളിയിലേക്ക് അടക്കിനു എടുക്കുന്നതിനു മുമ്പ് തുടങ്ങും സ്വത്തു തർക്കം. ആഭരണങ്ങളുടെ കണക്കെടുപ്പ്, തോട്ടത്തിന്റെ കണക്കു എന്ന് വേണ്ട കിണ്ടി മുതൽ കോളാമ്പി വരെ തൂക്കി വിൽക്കാൻ ഉള്ള സെറ്റപ്പ്.
ഐസ് പെട്ടിയിലേക്കു എടുത്തു പാക്ക് ചെയ്താൽ പിന്നെ മരിച്ച വീട്, കല്യാണവീടായിമാറും മരിച്ച വ്യക്തിയെ തന്നെ അവർ മറക്കും. അതാണ് ഇവിടെയും നടക്കാൻ പോകുന്നത് എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സ് മന്ത്രിച്ചു.
എല്ലാവരോടും സ്നേഹം മാത്രം ഉള്ള ഒരു സ്ത്രീ ആയതു കൊണ്ടാവാം അവർ മരിച്ചപ്പോൾ എല്ലാവരും ഒപ്പം ഉണ്ടായിരുന്നത്. ചിലപ്പോഴൊക്കെ മരണനേരത്തു ആളുകൾ ആരും ഇല്ലാതെ ഒറ്റയ്ക്ക്. നിങ്ങൾ കരുതുന്നുണ്ടാവും അത് കഷ്ടപാടാണെന്നു പക്ഷെ സത്യം പലപ്പോഴും മറിച്ചാണ്. ഉറ്റവരെ വേദനിപ്പിക്കാതെ,മരിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം.
ചേടത്തിയുടെ മരിച്ചടക്കിനു ഞാനും പോയിരുന്നു. പ്രാർത്ഥനകൾ ഉരുവിട്ട അച്ഛന്റെ അടുത്ത നിന്നു കരയുന്ന ബന്ധുമിത്രാദികൾ. പക്ഷെ എങ്ങും ആത്മാർത്ഥതയുടെ കണിക പോലും കാണാൻ ഇല്ല. തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ആമിനയുടെ മോളെ കണ്ടു. ഏങ്ങലടിച്ചു കരഞ്ഞു മുഖം ചുവന്നിരുന്ന ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത് ചേടത്തിയെ മനസ്സ് നിറഞ്ഞു സ്നേഹിച്ചിരുന്ന ഒരു മനസാണ്.
***ജിയാ ജോർജ് ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക