
"മാമാ, അച്ഛൻ എന്നെ പറ്റിക്കുമോ? പറ.. ഇവിടെ എല്ലാരും പറയുവാ അച്ഛൻ പറ്റിക്കുമെന്ന്"
എന്റെ ഉത്തരത്തിനു കാത്തു നിൽക്കുന്ന ആ കുഞ്ഞിന്റെ ശബ്ദം കാതുകളിൽ വീണ്ടും വീഴുമ്പോഴും ഒന്നും പറയാനാകാതെ വാക്കുകൾ തൊണ്ടയിൽ കിടന്ന് വീർപ്പുമുട്ടി. വിറയ്ക്കുന്ന കൈയിൽ മൊബൈൽ മുറുക്കി പിടിച്ച് രണ്ടും കൽപ്പിച്ച് പറഞ്ഞു: "മോളൂ, അച്ഛൻ മോളെ പറ്റിക്കുമോ? സമ്മാനം മാമന്റെ കൈയിൽ ഏൽപ്പിച്ചിരിക്കയാ. നാളെ കൊണ്ടരാട്ടോ."
നേവിയിൽ നിന്ന് അവധിയ്‌ക്ക് വന്നതാ വിപിൻ. അവന്റെ കുഞ്ഞിന്റെ പിറന്നാളിനു ഒരു സമ്മാനം വാങ്ങണം എന്ന് പറഞ്ഞു എന്നെ കൂട്ടിനു വിളിച്ചതാണ്.
പോകുന്ന വഴിക്കാണ് അവന് ഒരു കോൾ വന്നത്.
നേവിയിൽ നിന്ന് അവധിയ്‌ക്ക് വന്നതാ വിപിൻ. അവന്റെ കുഞ്ഞിന്റെ പിറന്നാളിനു ഒരു സമ്മാനം വാങ്ങണം എന്ന് പറഞ്ഞു എന്നെ കൂട്ടിനു വിളിച്ചതാണ്.
പോകുന്ന വഴിക്കാണ് അവന് ഒരു കോൾ വന്നത്.
" എടാ, അർജന്റായിട്ട് ഒരു റസ്ക്യൂ ഓപ്പറേഷന് വിളിച്ചിരിക്കുന്നു."
"നീ ലീവ് അല്ലേ?"
"എന്ത് ലീവ്.ഒരാവിശ്യം വന്നാൽ ഇറങ്ങണ്ടേ. നീ വിട്ടോ. സമ്മാനമൊക്കെ പിന്നെ വാങ്ങാം."
" ഞാനും ഉണ്ട്. കുട്ടിക്കാലം തൊട്ട് നിന്റെ കൂടല്ലേ. നിന്റെ റസ്ക്യൂ ഓപ്പറേഷൻ ഞാനൊന്ന് കാണട്ടേടോ."
പോകും തോറും യാത്ര ദുർഘടമായി കൊണ്ടിരുന്നു. നല്ല മഴ, കാറ്റ്. ബൈക്കിൽ പോകാൻ തന്നെ നല്ല ബുദ്ധിമുട്ട്..അവിടെ ചെന്നപ്പോഴാണറിഞ്ഞത് അവിടന്ന് വീണ്ടും ഉള്ളിലോട്ട് രണ്ടു കുഞ്ഞു കുട്ടികൾ കുടുങ്ങി കിടക്കുന്നുണ്ട്. ബോട്ടു പോലും കൊണ്ടു പോകാൻ പറ്റുന്നില്ല, എയർ ലിഫ്റ്റിങും നടക്കില്ല.
" നീന്തലിൽ എനിക്ക് സ്പെഷ്യൽ ട്രയിനിങ് കിട്ടിയിട്ടുണ്ട്. ഞാൻ പോകാം."
അവൻ പറയുന്നത് കേട്ട് കൂടെ നിന്നവരെല്ലാം വിലക്കി. നല്ല ഒഴുക്കുണ്ട്, ദൂരവും. അവൻ പിൻമാറിയില്ല. ഞാനും ആവുന്നത് പറഞ്ഞു.
"എനിക്കൊരു പ്രശ്നവുമുണ്ടാകില്ല. നീ പേടിക്കാതെ. ഞാൻ പോയി വരാം."
അവൻ പോയിട്ട് കുറച്ചായി. ആ തണുപ്പിൽ ശരീരവും മനസ്സും ഒന്നുപോലെ വിറയ്ക്കുമ്പോഴാണ് അമ്മൂട്ടിയുടെ ഫോൺ കോൾ. ആ കുഞ്ഞിനെ എങ്ങനെയോ പറഞ്ഞ് സമാധാനിപ്പിച്ച് ഫോൺ വച്ചെങ്കിലും ആകെ വേവലാതി ആയി .
" ആറു കിലോമീറ്റർ ഉണ്ട്. ആ ചെറുക്കൻ നീന്തിയെത്തിയാൽ മതിയായിരുന്നു. നല്ല അടിയൊഴുക്കുണ്ടന്നേ... "
അവിടെ കൂടി നിന്നവരുടെ സംഭാഷണങ്ങൾ മനസ്സിൽ വല്ലാത്ത ഭയം ജനിപ്പിച്ചു. ഈശ്വരാ, അവനെന്തേലും പറ്റിയാൽ, ഞാനവന്റെ വീട്ടുകാരോട്, അമ്മൂട്ടിയോട് എന്ത് സമാധാനം പറയും? ഇല്ല, അവനൊന്നും പറ്റില്ല, അവനൊന്നും പറ്റില്ല.. വീണ്ടും വീണ്ടും മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു... കണ്ണിമ ചിമ്മാതെ ആ വെള്ളത്തിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.
അങ്ങ് ദൂരെ ഒരു പൊട്ടു പോലെ എന്തോ കാണുന്നുണ്ട്. അതെ, അത് അവൻ തന്നെ.. ചുമലിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളും... അവിടെ നിൽക്കുന്നവർ സ്തബ്ദരായി പോയി. ക്ഷീണിച്ചവശരനായ അവരെ ഞാനും നാട്ടുകാരും കൈ പിടിച്ചു കയറ്റി...
"എന്റെ ചങ്കു നിന്നു പോയെടാ.." കരയാതെ കരഞ്ഞു ഞാൻ പറഞ്ഞു.
" ഉം.. എന്റെ അമ്മൂട്ടിയിലും താഴെ രണ്ടു വാവകൾ, എങ്ങനെയാടാ ഞാൻ വിട്ടു കളയാ.. " അവന്റെ നിസ്വാർത്ഥമായ ആ വാക്കുകൾ മനസ്സിലാണ് കൊണ്ടത്. എല്ലാവരും തന്റേതാണ് എന്ന തോന്നലുണ്ടെങ്കിൽ മാത്രമേ ഒരുവന് തന്റെ ജീവനും മറന്ന് രാജ്യത്തെ സേവിക്കാൻ കഴിയൂ. എല്ലാപേർക്കും കഴിയുന്ന ഒന്നല്ല അത്.
മക്കളെ കണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ഉമ്മ വയ്ക്കുന്ന ആ അമ്മയെ കണ്ടപ്പോൾ, അവനോട് നന്ദി പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അച്ഛനെ കണ്ടപ്പോൾ, അവന്റെ പരിശ്രമത്തിന് എത്രത്തോളം മൂല്യമുണ്ടെന്ന് ഞാനും മനസ്സിലാക്കുകയായിരുന്നു.
തളർന്നു പോയ അവനെ വീട്ടിലാക്കി മടങ്ങി. അവൻ പറഞ്ഞതനുസരിച്ച് വീട്ടിലാരേയും ഒന്നും അറിയിച്ചില്ല. അടുത്ത ദിവസാണ് അമ്മൂട്ടിയുടെ പിറന്നാൾ, ഞായറാഴ്ച. ഒരൊറ്റ കsയില്ല. ആകെ കണ്ട, ഒരു ചെറിയ കടയിൽ ഒരു വയസ്സായ തട്ടാനിരുന്നു പണിയുന്നു. മടിച്ചു മടിച്ചു അയാളുടെ അടുത്തു ചെന്ന് രണ്ടു കുഞ്ഞു കമ്മൽ മേടിച്ചു. കൈയ്യിൽ ഉണ്ടായിരുന്ന കാശ് കൊടുത്ത് അതു വാങ്ങി. കഥയെല്ലാം പറഞ്ഞ്, ബാക്കി പിന്നെ തരാമെന്ന വാക്കിൽ അയാൾ തന്നയച്ചു.
അവന്റെ വീട്ടിന്റെ പടിക്കൽ എത്തിയപ്പോഴേ അമ്മൂട്ടി ഹാജർ.
" എവിടെ.?"
" എന്ത്?!"
" സമ്മാനം.. അച്ഛൻ ഇന്നലെ രാത്രി വന്ന് കിടന്നതാ.. ഭയങ്കര ഉറക്കം.."
" ആഹാ.. ഇന്നാ പിടിച്ചോ.. " പറഞ്ഞ് ആ പൊതി കൊടുത്തപ്പോൾ ആ കുഞ്ഞു കണ്ണുകളിൽ പൊന്നിലും തിളക്കമുണ്ടായി..
തിരിഞ്ഞു നിന്ന് അമ്മയോട്.. "ഞാനപ്പോഴേ പറഞ്ഞില്ലേ, അച്ഛൻ പറ്റിക്കില്ലെന്ന്.. "
ഇതെല്ലാം കേട്ട് ഉറക്കം എണീറ്റ് പുറത്തോട്ടു വന്ന വിപിൻ അന്ധിച്ചു പോയി..
" ചേച്ചി ഒരു ചായ.. " ഞാൻ പറഞ്ഞു..
ചിരിച്ചു കൊണ്ട് അമ്മയുടെ കൈ പിടിച്ച് അമ്മൂട്ടിയും അകത്തോട്ടു പോയി.
""അളിയാ, ഇത്??"
"എടാ, നിനക്കു വേണ്ടി ഈ കുഞ്ഞു കാര്യമെങ്കിലും എനിക്കു ചെയ്യാൻ കഴിഞ്ഞല്ലോ എന്നാണ് ഞാൻ ഓർക്കുന്നത്. നീ ചെയ്തത് വച്ച് നോക്കുമ്പോൾ ഇതെത്ര തുച്ഛം. നിന്റെ കൂട്ടുകാരനായതിൽ ശരിക്കും അഭിമാനിക്കുന്നു അളിയാ. ബിഗ് സല്യൂട്ട്.. "
"ഒന്ന് പോടാ.. എന്റെ കടമ, അതേ ഞാൻ ചെയ്തുള്ളൂ...."
കണ്ണുകൾ നിറച്ച് രണ്ടാളും തോളു ചേർന്നു നിന്നു...
....... ഇന്ദു പ്രവീൺ....
ഈ മഹാ പ്രളയത്തിൽ, ജീവൻ പോലും മറന്ന് നാടിനെ സേവിക്കാനിറങ്ങിയ ഓരോ രക്ഷാപ്രവർത്തകർക്കുമായി സമർപ്പിക്കുന്നു...
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക