Slider

ആരോഗ്യ മന്ത്രിയുടെ സജീവ'സ്മരണകൾ

0
Image may contain: Ganesh Gb, closeup

******************************************
കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിൽ 8B യുടെ മുന്നിലുള്ള ഇരുണ്ട ഇടനാഴിയിൽ വളരെ തിരക്കിലായിരുന്നു ഞാനന്ന്. 'ഉദയം' എന്ന തമിഴ് സിനിമയിലെ നാഗാർജുന - രഘുവരൻ ഫൈറ്റ്സീൻ, ഒരു മണിരത്നം കളർ ടോണിൽ, തുപ്പൽ സ്പ്രേ പാക്കേജായി വെടിയും, പുകയും, ആക്ഷനും ചേർത്ത് തകർത്തഭിനയിക്കുന്നതിനിടെ പിറകിൽ നിന്ന് ഒരു വിളി വന്നു.
"ഡാ... ഉച്ചയ്ക്ക് ഗ്രൗണ്ടിലോട്ട് വരണം നീ''
ആ ഡോൾബി ശബ്ദം സജീവന്റതാണ്...! പത്താം ക്ലാസിൽ കണക്കും ഇംഗ്ലീഷും ഡ്യുവൽ സ്പെഷ്യലൈസ് ചെയ്ത് തേഡ് ഇയറിനു പഠിക്കുന്ന, മീശയും ഊശാൻ താടിയുമുള്ള സജീവൻ...! വാളി എന്ന് ഇരട്ടപ്പേരുള്ള സജീവൻ...! 'സൈക്കിൾ ചെയിൻ' ആയുധമാക്കിയ സജീവൻ...! സ്കൂളിലെവിടെ ചോറു പൊതി കണ്ടാലും കള്ളൻ മാധവനെപ്പോലെ മീശ പിരിക്കുന്ന സജീവൻ...!
സ്കൂൾ രാഷ്ട്രീയത്തിന്റെ പ്രസിഡന്റും, തല്ലുകൊള്ളിത്തരത്തിന്റെ സംസ്ഥാന അധ്യക്ഷനുമായ അദ്ദേഹത്തിന്റെ 'മൂത്രപ്പുരയിലെ സൃഷ്ടികൾ', പ്രത്യേകിച്ച് ചിത്രങ്ങൾ സഹിതമുള്ള കലാ സാഹിത്യ സൃഷ്ടികൾ, വിദേശികളേപ്പോലും ഹഠാദാകർഷിച്ചിരുന്നു. ചെവിക്കല്ലിളകും മട്ടിലുള്ള അപാരമായ പദ സഞ്ചയവും, ചില പ്രത്യേക വിഷയങ്ങളിൽ ആഴത്തിൽ മസാല പുരട്ടിയ അറിവും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു.
വാളിയുടെ 'ഡാ' എന്ന ഒറ്റ വിളിയിൽ എനിക്കൊപ്പമുണ്ടായിരുന്ന ഫാൻസ് അസോസിയേഷൻ 'ടപ്പേന്ന്' അപ്രത്യക്ഷമായി, ഇൻ ഹരിഹർ നഗറിലെ 'തോമസു കുട്ടീ വിട്ടോടാ' സീൻ പോലെ...!
ജൻമനാ ഭീരുവെങ്കിലും പുറമേ ഒന്നാന്തരം പേടിത്തൂറിയായ എന്നേയും ഒപ്പം എത്തിയ മറ്റു മൂന്നു ബന്ദികളെയും, 10 സി യിലെ ബിൻ ലാദൻമാർ ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് തള്ളിവിട്ടു.
ഒരു പ്രത്യേക താളത്തിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ കൈയ്യിലിട്ട് തിരുമ്മി കൊണ്ടാണ് വാളി സജീവൻ സ്പോട്ടിൽ എത്തിയത്. ഒരു പുരികം ഉയർത്തി എല്ലാവരേയും ഒന്നുഴിഞ്ഞ് നോക്കി വലതുകാൽ പൊക്കി അവിടെക്കിടന്ന പാറക്കല്ലിൽ വച്ചു നിന്നു, കൊള്ള സങ്കേതത്തിൽ ജോസ് പ്രകാശ് നിൽക്കും പോലെ...! തുടർന്ന് ഉടുമുണ്ട് തുടയ്ക്ക് മുകളിലേക്ക് തെറുത്തു കയറ്റി, ക്ലാസ് ടീച്ചർ സമ്മാനിച്ച കരിനീല നിറമുള്ള ചൂരൽ ചുംബനങ്ങളിലേക്ക് പൂച്ചെടി ഇലയുടെ ചാറൊഴിച്ചു. ആ നീറ്റലും പുകച്ചിലും ഒരു വൃത്തികെട്ട കരച്ചിൽ ശബ്ദത്തിൽ ബാക്ഗ്രൗണ്ട് സ്കോറായി പുറത്തേക്ക് വന്നു...!
അവിടെ നടന്ന ഗുണ്ടാ സംഭാഷണങ്ങളിൽ നിന്നും കൂടെയുള്ള ബന്ദികളെ പല പല ക്ലാസിൽ നിന്നും കാൻഡിഡേറ്റായി പൊക്കിയതാണെന്ന് മനസ്സിലായി. വരാൻ പോകുന്ന സ്കൂൾ ഇലക്ഷനിൽ ഞങ്ങളെ നിർത്തി ജയിപ്പിക്കാനും, അതുവഴി സ്വയം മുഖ്യമന്ത്രിയായി വിലസാനുമുള്ള പ്ലാനിങ് ആയിരുന്നു അന്നാ ഗുണ്ടാ ക്യാമ്പിൽ നടന്നത്...!
'സ്കൂളിൽ ഒരു മന്ത്രിസഭ' എന്ന ഐഡിയ, പുതുതായി വന്ന ഹെഡ്മാസ്റ്റർ സി.ജെ. ഡാനിയേൽ സാറിന്റെ ഭരണ പരിഷ്കാരമായിരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ വിവിധ ഡിവിഷനുകളിലെ ക്ലാസ് ലീഡർമാരിൽ നിന്ന് 3 പേരെ തിരഞ്ഞെടുക്കും. സ്കൂൾ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ട ഉത്തരവാദിത്വം അവർക്കാണ്. പത്താം ക്ലാസ് പ്രതിനിധിയാണ് മുഖ്യമന്ത്രി, ആഭ്യന്തരവും മറ്റു വകുപ്പുകളുടെ ഏകോപനവും മുഖ്യമന്ത്രിക്കാണ്. ബാക്കിയുള്ളവർ യഥാക്രമം ആരോഗ്യ, സാംസ്കാരിക മന്ത്രിമാർ...!
എന്നാൽ ഒരു ക്ലാസിൽ നിന്ന് മൂന്നു പേരെങ്കിലും മൽസരിക്കണമെന്ന നിയമ ഭേദഗതി നടപ്പിൽ വരുത്തി, രാഷ്ട്രപതി ഡാനിയേൽ സാർ, സജീവന്റെയും മറ്റു ഗുണ്ടാ നേതാക്കളുടേയും പരിപ്പെടുത്ത് കുക്കറിൽ വേവിക്കാൻ ഇട്ടു.
ഉറ്റ സുഹൃത്ത് രാഷ്ട്രീയ അമിത് ഷാ അമലിന്റെ സപ്പോർട്ടോടെ ഞാനും കാമ്പയിനിംഗ് തുടങ്ങി. സിനിമയിലൂടെ മാർക്കറ്റ് പിടിച്ചടക്കാൻ, സ്വന്തമായി സൃഷ്ടിച്ചതും അല്ലാത്തതുമായ സിനിമകളുടെ ശബ്ദരേഖകൾ പട പടേന്ന് നിറഞ്ഞ സദസ്സിൽ റിലീസ് ചെയ്തു. മാങ്ങാ അച്ചാറിൽ വെള്ളം കലക്കിയ മാങ്ങാ വെള്ളം, തേൻ മുട്ടായി, മിക്സ്ചർ തുടങ്ങിയ കൈക്കൂലികളും ഇലക്ഷനു മുമ്പുതന്നെ ഞാൻ മണ്ഡലത്തിൽ വാരി വിതറി...!
ക്രിമിനൽ പിൻതുണയുള്ള സിനിമാ താരം രാഷ്ട്രീയത്തിൽ ശോഭിക്കില്ല എന്ന മുദ്രാവാക്യത്തോടെ 'തീപ്പൊരി സനൂഫറും', പഠിപ്പിസ്റ്റ് പ്രതിനിധി മനുവും 8B യിൽ നോമിനേഷൻ നൽകിയതോടെ പുലിമുരുകനും പഴശ്ശിരാജയ്ക്കും ഇടയിൽപ്പെട്ട 'പണ്ഡിറ്റ്' പടമായി മാറി ഞാൻ..!
ബിഗ് ഫൺ ബബിൾ ഗമ്മുകൾ, ക്രിക്കറ്റ് താരങ്ങളുടെ കാർഡുകൾ, റെയ്നോൾഡ്സ് പേന - ഗോലി- തീപ്പെട്ടിപ്പടം - ഫിലീം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾക്കൊപ്പം നെല്ലിക്ക - ചാമ്പയ്ക്ക - പേരയ്ക്ക - കമ്പിളി നാരങ്ങ ഇത്യാദി നിത്യോപയോഗ വസ്തുക്കളും മണ്ഡലത്തിൽ വാരിയെറിഞ്ഞ് സ്ഥാനാർത്ഥികളെല്ലാം കരുത്തുകാട്ടി.
എന്നാൽ വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന പ്രശസ്ത ഡയലോഗ് പോലെ, സാമുദായിക ശക്തികളും നിർണ്ണായക പങ്കു വഹിച്ച 8B യിലെ തീ പാറിയ മൽസരത്തിൽ പന്ത്രണ്ടിനെതിരെ പതിമൂന്ന് വോട്ടിന് മുഹമ്മദ് സനൂഫറിനെ തകർത്ത് ഞാൻ ജയിച്ചു കയറി. മൂന്ന് വോട്ടുകൾ മാത്രം നേടിയ പഠിപ്പിസ്റ്റ് മനുവിന് കെട്ടിവച്ച ചാമ്പക്കകൾ നഷ്ടമായി.
മുഖ്യമന്ത്രി സ്ഥാനാർത്ഥി വാളി സജീവനും മറ്റു ഗുണ്ടാ സ്ഥാനാർത്ഥികളും ദയനീയമായി പരാജയപ്പെട്ടു എന്ന വാർത്ത അന്നുച്ചയോടെ സ്കൂളിൽ പരന്നു. ഇതോടെ ടിയാനെതിരെയുള്ള ക്രിമിനൽ കേസുകളിൽ ഡാനിയേൽ സാറിന്റെ അന്വേഷണം പുനരാരംഭിച്ചു.
തുടർന്ന് നടന്ന മന്ത്രിസഭാ ചർച്ചയിൽ ആരോഗ്യമന്ത്രിയായി ചുമതലയേൽക്കാനുള്ള ഭാരിച്ച 'പണി' എനിക്കു കിട്ടി...!
അന്നു വൈകിട്ട് മന്ത്രിമന്ദിരത്തിലെത്തിയ നിയുക്ത മന്ത്രിയെ ആരതിയുഴിയുന്നതിന് പകരം കത്തുന്ന വിറകുകൊളളിയുഴിഞ്ഞാണ് സ്വന്തം അമ്മ സ്വീകരിച്ചത്. ''ചെക്കനേ പഠിക്കാൻ വിട്ടാൽ പോരേ ഇപ്പഴേ നാട്ടുകാരുടെ തല്ലുകൊളളാൻ വിടണോ?'' എന്ന എനിക്കെതിരെയുള്ള അടിയന്തിര പ്രമേയം, എതിർ പാർട്ടിയിലെ ആളുകൾ നേരത്തെ വീട്ടിൽ എത്തിച്ചതാണ് വിറകു കൊള്ളിയും നുള്ളും പിച്ചും ഭീഷണിയുമായി വക മാറ്റി എനിക്ക് കിട്ടിയത്.
സത്യപ്രതിജ്ഞയോടെ ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം, അധികാരപരിധി, കർത്തവ്യങ്ങൾ എന്നിവ ഏറെക്കുറെ വ്യക്തമായി. പൊതുജന ആരോഗ്യ സംരക്ഷണം അതി ഭീകരമാണെന്ന് ആദ്യ അസൈൻമെൻറായ മൂത്രപ്പുര ക്ലീനിംഗോടെ മന്ത്രിക്ക് മനസ്സിലായി. പ്രതിനിധികൾക്കൊപ്പം രാവിലെ 9 ന് എത്തി മൂത്രപ്പുരയിലെ 'അപ്പി കഴുകൽ' പരിപാടിയാണ് മന്ത്രിയുടെ പൊതു ചടങ്ങിൽ ആദ്യം! തുടർന്ന് ഗ്രൗണ്ട് വൃത്തിയാക്കൽ, ചവറു പെറുക്കൽ, തൂപ്പ്, തുടപ്പ്, ബാത്ത് റൂമുകളിൽ വെള്ളം കോരി നിറയ്ക്കൽ അങ്ങനെ കളർഫുള്ളായ നിരവധി പദ്ധതി ഉദ്ഘാടനങ്ങൾ ! ദൈനംദിന കർമ്മ പരിപാടികൾ !
സാംസ്കാരിക മന്ത്രിയുടെ തോർത്തും കീറിയ അവസ്ഥയിലായിരുന്നു. സകല കലാ-കായിക വിനോദ വിജ്ഞാന കോ ഓർഡിനേഷനും തലയിലായ ഒമ്പത് എ യിലെ മന്ത്രി വിനോദ് കുമാർ, വിനോദം നഷ്ടപ്പെട്ട കുമാരനായി മാറി...!
അദ്ധ്യാപക ദമ്പതികളുടെ മകൻ എന്ന പ്രത്യേക പരിഗണനയും, കലാ സാംസ്കാരിക പഠന മേഖലകളിലെ നിരവധി വ്യക്തിമുദ്രകളും പത്താം ക്ലാസിന്റെ റാങ്ക് പ്രതീക്ഷ എന്ന അധിക വിശേഷണവും ഒപ്പം മുഖ്യമന്ത്രി പദവിയും നേടിയ CM സന്തോഷായിരുന്നു യഥാർത്ത സന്തുഷ്ട താരം...!
ഇങ്ങനെ പ്രഭാതത്തിൽ തോട്ടിപ്പണി, പകൽ പഠനം, അച്ചടക്ക സംരക്ഷണം, എന്നിവയ്ക്കു പുറമേ ഭരണകാര്യങ്ങളിൽ സി.എമ്മിന്റെ അനാവശ്യ കൈകടത്തലുകളും സഹിക്കേണ്ടി വന്നു ഞങ്ങൾ മന്ത്രിമാർക്ക്. മൂത്രപ്പുരയിലെ സാഹിത്യ കൃതികൾ നശിപ്പിച്ചു എന്ന കാരണത്താൽ 'വാളി'യുടെ ശത്രുതയും നേടി ആരോഗ്യം നഷ്ടപ്പെട്ട ആരോഗ്യമന്ത്രിയായി ഞാനും മാറി..!
മൂത്രപ്പുരയുടെ തൊട്ടപ്പുറത്തുള്ള കുറ്റിക്കാട് വെട്ടിത്തെളിക്കാനുള്ള സി.എമ്മിന്റെ പ്രത്യേക താൽപ്പര്യമനുസരിച്ച് ഞാനും സാംസ്കാരിക മന്ത്രിയും മറ്റു ജനപ്രതിനിധികളും കത്തിയും കൊടുവാളും മൺവെട്ടിയുമായി നേരിട്ടിറങ്ങി.
ബോഗൻ വില്ലയും, കമ്മ്യൂണിസ്റ്റ് പച്ചയും, ഇടതൂർന്ന് വളർന്ന് നിന്ന, 'ഒന്നി'ന്റേയും 'രണ്ടി'ന്റേയും മണം ഇടവിട്ട് ഒഴുകി വരുന്ന ആ കുറ്റിക്കാടായിരുന്നു സജീവന്റെ കുപ്രസിദ്ധ ഒളിത്താവളം. ആദ്യത്തെ ഭീകരവേട്ടയിൽ ഭാഗമായതിന്റെ അഹങ്കാരം കൊണ്ട് ഞങ്ങൾ അവിടം പൊളിച്ചടുക്കി. സ്വന്തം പൊതിച്ചോറ് തട്ടിയെടുത്തതിന്റെ പ്രതികാരമായിരുന്നു മുഖ്യമന്ത്രിയുടേതെന്ന് കാലം തെളിയിച്ചു.
റെയ്ഡിൽ പിടിച്ചെടുത്ത രണ്ട് ചോറു പൊതികൾ, ഗോലികൾ, സൈക്കിൾ ചെയിൻ, പകുതി കഴിച്ച പപ്പായ, കുറച്ച് ഫിലിം, ഒരു കെട്ട് തീപ്പെട്ടിപ്പടം, ബ്ലേഡ്, സജീവന്റെ പുസ്തകക്കെട്ട് എന്നിവ ഞങ്ങൾ രാഷ്ട്രപതിക്കു മുമ്പിൽ ഹാജരാക്കി. ഡാനിയേൽ സാറിന്റെയും മറ്റദ്ധ്യാപകരുടേയും അഭിനന്ദനങ്ങൾ നിറഞ്ഞ ചിരിയോടെ മുഖ്യമന്ത്രി സ്വന്തമാക്കിയപ്പോൾ കുപ്പിച്ചില്ല് കയറി കാൽ മുറിഞ്ഞ സാംസ്കാരിക മന്ത്രിയും, 'ചൊറുവണം' ചവിട്ടിയ ആരോഗ്യ മന്ത്രിയും സ്വയം ഔട്ടായി.
വാളിത്താവളം തകർത്ത ആരോഗ്യമന്ത്രിക്ക് അതിനെത്തുടർന്ന് സ്കൂളിലെത്തണമെങ്കിൽ മാതാപിതാക്കളുടേയോ ടീച്ചർമാരുടേയോ അകമ്പടി വേണ്ടിവന്നു. പേടിത്തൂറിയായ മന്ത്രിയ്ക്ക് 'സജീവൻ' എന്നോ 'വാളി' എന്നോ ഉള്ള ശബ്ദം മാത്രം മതിയായിരുന്നു ആ സമയത്തെ പ്രാഥമിക കൃത്യങ്ങൾക്ക് ...!
പ്രതികാര ദാഹിയായി മരത്തിന്റേയും തൂണിന്റേയും തുരുമ്പിന്റേയും മറവിൽ ഒരു സൈക്കിൾ ചെയിനുമായി എന്നെ വിടാതെ പിന്തുടർന്ന് അവസരം നോക്കി കാത്തിരുന്നു 'വാളി സജീവൻ'...!
ആയിടെയാണ് സജീവന്റെ അമ്മയുടെ മരണം. 10 സി യിലെ കുട്ടികളോടൊപ്പം ഞങ്ങൾ മന്ത്രിമാരും അനുശോചനം അറിയിക്കാൻ അവന്റെ വീട്ടിലേക്ക് പോയി. എന്റെ പ്രതീക്ഷയെ തകിടം മറിച്ച് ഓല മേഞ്ഞ, ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഒരു വീട്ടിലേക്കാണ് ഞങ്ങൾ എത്തിയത്. അമ്മയുടെ കർമ്മങ്ങൾ ചെയ്യുന്നതിനിടെ ഒരു ഞൊടി എന്നെ നോക്കി അവനൊന്നു കണ്ണുരുട്ടി. യാത്ര പറഞ്ഞ് പോകാനിറങ്ങുമ്പോൾ അവനെന്റെ അടുത്തേക്ക് വന്നു... ഭയന്ന് മാറിയ എന്നെ നോക്കിയൊന്നു ചിരിച്ചു.
അച്ഛൻ മരിച്ചതിനേ തുടർന്ന് അമ്മ കുറേ നാളുകളായി ശയ്യാവലംബിയായിരുന്നെന്നും അമ്മാവൻ വല്ലപ്പോഴും കൊടുക്കുന്ന നക്കാപ്പിച്ചയായിരുന്നു ആ കുടുംബത്തിന്റെ വരുമാനമെന്നും ആരോ ഡാനിയേൽ സാറിനോട് പറയുന്നത് ഞങ്ങൾ കേട്ടു.
ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന ആരോഗ്യമന്ത്രിയുടെ രഹസ്യ പരാതിയെ തുടർന്ന് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും സജീവൻ സ്റ്റാഫ് റൂമിലെത്തണമെന്ന് ഹെഡ്മാസ്റ്റർ ഓർഡറിട്ടു. മുഖ്യമന്ത്രിയുടെ ശക്തമായ എതിർപ്പിനെ മറികടന്ന് ചോറു പൊതി മോഷണം, കരിക്കിടൽ, പപ്പായ മോഷണം ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കേസിൽ നിന്നും അവനെ വിമുക്തനാക്കി. റെയ്ഡിൽ പിടിച്ചെടുത്ത വസ്തുക്കൾ സജീവന് കൈമാറിക്കൊണ്ട് മേലിൽ 'വാളി' എന്ന പേര് ആരും വിളിക്കരുത് എന്നും ഹെഡ്മാസ്റ്റർ കർശന നിർദ്ദേശം നൽകി.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും അദ്ദേഹം എന്തിന് സജീവനെ സ്റ്റാഫ് റൂമിലെ മെസ്സ് ഹാളിലേക്ക് വിളിപ്പിച്ച് തന്നോടൊപ്പം ഇരുത്തി? എന്തുകൊണ്ട് കടുത്ത ശിക്ഷ കിട്ടാവുന്ന കേസുകളിൽ നിന്നും ഒഴിവാക്കി? സ്കൂളിൽ വിളഞ്ഞ പപ്പായയും, കപ്പയും തേങ്ങയുമെല്ലാം ചാക്കിലാക്കി എന്തിനു കൊടുത്തുവിട്ടു? തുടങ്ങിയ മന്ത്രിയുടെ ന്യായമായ സംശയങ്ങൾക്ക് ഉത്തരം ഇന്നെന്റെ കൈയ്യിലുണ്ട്.
പത്താം ക്ലാസ് പാസായിപ്പോയ സജീവനെ പിന്നീട് ഞാൻ കണ്ടിട്ടില്ല. പക്ഷെ അവൻ എവിടെയായാലും ആ മനസ്സിലെ വിളക്കിന് മുന്നിൽ ഒരു ദീപ്ത ചിത്രമായി പുഞ്ചിരിച്ചു കൊണ്ട് ഡാനിയേൽ സാർ ഉണ്ടാവും എന്നും... അത് തീർച്ച!
- ഗണേശ് -
30-8-2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo