Showing posts with label AneeshPT. Show all posts
Showing posts with label AneeshPT. Show all posts

സർക്കാരുദ്യോഗസ്ഥൻ!!!


 "കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെ കൊടുക്കോളുന്നെ."

"അല്ല മേനോൻ ചേട്ടാ, ചെക്കനു സ്വന്തമായിട്ടു ടൗണിൽ ഒരു കടയൊക്കെയുണ്ട് പിന്നെ കുറച്ചു സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാന്നെ, പോരാത്തതിന് മൂന്നാലു പശുവും അഞ്ചേട്ടു ആടുകളും എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും ഒരു സർക്കാരു ഉദ്യോഗസ്ഥൻ മേടിക്കുന്നതിന്റെ ഡബ്ബിൾ പൈസ ഒരു മാസം നമ്മടെ ചെക്കൻ ഉണ്ടാക്കുമെന്ന്."

"കുമാരനറിയാലോ ഇവിടുത്തെ പെണ്ണിന് ബാങ്കിൽ ആണെന്ന് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവണ്മെന്റ് ജീവനക്കാരൻ ആവണമെന്ന് എനിക്കു നിർബന്ധമുണ്ട്. പിന്നെ നല്ലൊരു മഴ പെയ്താൽ തീരാവുന്നുള്ളു ഇപ്പറഞ്ഞ കപ്പയും വാഴയും, ദീപ മോള് പിന്നെ പാലൊന്നും കുടിക്കത്തുമില്ല. കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെയും കൊണ്ടുവാ."

കുമാരൻ പിറുപിറുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങി.

===========

"ഡാ മോനെ സന്ദീപേ കുറച്ചു അപ്പുറത് നീങ്ങി നല്ലൊരു പെണ്ണുണ്ട്, നമുക്കന്ന അങ്ങോട്ടൊന്നു പോയി നോക്കിയാലോ."

"അതെന്താ കുമാരേട്ടാ ഇവിടുത്തെ പെണ്ണിനെ കാണാൻ അപ്പുറത്താണോ പോകുന്നത്."

"അല്ല മോനെ നമുക്കിത് ശരിയാവില്ല. അതാണ് മോനെ ഇവിടെ നിർത്തിയിട്ടു ഞാനാദ്യം അകത്തോട്ടു പോയത്."

"കാർന്നോരു ഗവണ്മെന്റ് ഉദ്യോഗം ഉള്ളവർക്കേ പെണ്ണിനെ കൊടുക്കോളുലെ കുമാരേട്ടാ.?"

"അത് പിന്നെ മോൻ എല്ലാം കേട്ടെർന്നോ.?"

"എന്റെ ചെവി പൊട്ടയൊന്നുമല്ല കുമാരേട്ട"

"മോന് ഞാൻ നല്ല തങ്കം പോലൊരു പെണ്ണിനെ തന്നെ കണ്ടുപിടിച്ചു തരും."
കുമാരേട്ടൻ എന്നെ നോക്കി കറപിടിച്ച പല്ലുകാട്ടി ചിരിച്ചു.

"ഏതായാലും ഇന്നിനി ഞാനെങ്ങുമില്ല കടയിലേക്ക് കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട്."

"മോനെ സന്ദീപേ ഇതിന്റെ അപ്പുറത്താണ് ആ കൊച്ചു ഒന്നു കേറിയെച്ചു പോവന്നെ."

"ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ ഇതിന്റെ അപ്പുറതു ഒരു പെണ്ണുണ്ട് അതിന്റെ ഇപ്പുറത്തു വേറൊരു പെണ്ണുണ്ട് എന്നു പറയുന്ന ബ്രോക്കര്മാരുടെ സ്ഥിരം നമ്പർ എന്നോട് ഇറക്കല്ലേ കുമാരേട്ടാ.
പത്തോ നൂറോ വേണേ കടയിൽ ആ ബംഗാളി പയ്യനോട് ചോദിച്ചു വാങ്ങിച്ചോ."

ഇത്രയും പറഞ്ഞു കുമാരേട്ടനെ നോക്കിയൊന്നു ചിരിച്ചിട്ടു ഞാൻ ബൈക്കെടുത്തു വിട്ടു.

വൈകീട്ട് ഉണ്ണാൻ ഇരുന്നപ്പോ അമ്മ രാവിലെ കാണാൻ പോയ പെണ്ണിനെ കുറിച്ച് ചോദിച്ചു.
"എന്റമ്മേ നല്ല തൂവെള്ള നിറം, കണ്ണാണെങ്കിൽ കരിംകൂവള മിഴികൾ, പിന്നെ മൂക്കാണെങ്കിൽ പറയേ വേണ്ട.."

"എന്തെ മൂക്കില്ലേ,", അനിയത്തി മീനു പുറകിൽ നിന്നും ഇളിച്ചു കൊണ്ടു പറഞ്ഞു.

"മൂക്കുണ്ട് പക്ഷേ നിന്നെ പോലത്തെ നത്തു മൂക്കല്ല."

"ഒന്നു നിറുത്തുന്നുണ്ടോ രണ്ടുപേരും".. അമ്മ ദേഷ്യത്തോടെ സാമ്പാർ വിളമ്പിയ തവി ഒച്ചയോടെ പാത്രത്തിലേക്കിട്ടു.

"എന്റമ്മേ ആ കാർന്നോരു പെണ്ണിനെ സർക്കാരുദ്യോഗം ഉള്ളവർക്കേ കെട്ടിച്ചു കൊടുക്കുയെന്നു."

"എന്റെ കൃഷ്ണാ ഈ പെണ്പിള്ളേരുടെ തന്തമാര് ഇങ്ങനെ തുടങ്ങിയാൽ ഇന്നാട്ടിലെ ചെക്കന്മാരുടെ അവസ്ഥ എന്താകും."

"ഏട്ടാ എനിക്കും ഒരു ഗവണ്മെന്റ് ജോലിക്കാരനെ മതിയിട്ടോ.."

മീനു ചിരിച്ചു കൊണ്ടു പറഞ്ഞു.

"നിന്നെ ആ തെക്കേലെ സുധി ബസ് കയറാൻ നിക്കുമ്പോൾ കയ്യും കാലും കാണിക്കുന്നത് ഞാൻ അറിയണില്ലാ എന്ന കരുതിയെ."

"ഏതു സുധി എനിക്കൊന്നും അറിയില്ല."

"അമ്മേ ഇതു കേട്ടോ ഇവൾക്കൊന്നും അറിയില്ലാന്നു. നീയും കണ്ണുകൊണ്ടു കഥകളി കാണിക്കാറുണ്ടല്ലോ."

എന്റെ വിളിക്കു അമ്മ അടുക്കളയിൽ നിന്നു കൊണ്ടു ചിരിച്ചു.

"അമ്മേ ദേ ഈ ഏട്ടൻ.". ഇതു പറഞ്ഞു അവൾ മുറിയിലേക്കോടി.

പിറ്റേന്ന് രാവിലെ കടയിലെത്തിയപ്പോൾ കുമാരേട്ടൻ ഹാജർ ഉണ്ടായിരുന്നു.

അമ്മ വിളിച്ചു ആധിയോടെ എന്തെങ്കിലും വിളിച്ചു പറഞ്ഞു കാണും അതാണ് മൂപ്പര് ഇത്ര രാവിലെ തന്നെ ഇവിടെയെത്തിത്.

എന്താ കുമാരേട്ടാ രാവിലെ തന്നെ.

"മോനെ നല്ലൊരു കേസ് വന്നിട്ടുണ്ട്. ഒന്നു പോയാലോ."

"എന്റെ പൊന്നു കുമാരേട്ടാ ഇനി കുറച്ചു ദിവസം കഴിഞ്ഞിട്ടേ ചായ കുടിക്കാൻ പോകുന്നുള്ളൂ."

"മോനെ ഇത്.."

തൽക്കാലം കുമാരേട്ടൻ പോയി ഒരു ചായ കുടിക്കെന്ന് പറഞ്ഞു പോക്കെറ്റിൽ നിന്നും ഒരു നൂറു രൂപയെടുത്തു കയ്യിൽ കൊടുത്തു.

ഞാൻ അടുത്ത ആഴ്ച വരാമെന്നു പറഞ്ഞു കുമാരേട്ടൻ ആൾക്കൂട്ടത്തിൽ മറഞ്ഞു.

"സേട്ടാ ദേ മോൾക്ക്‌ ഇന്ന് ഒരു വയസു തികഞ്ഞു" എന്ന് പറഞ്ഞു ബംഗാളി സഹായി
ചോട്ടു ഭായ് അവന്റെ മൊബൈലുമായി വന്നു.

അവന്റെ കുഞ്ഞിനെ കാണാൻ അവന്റെ അതെ ചായയുണ്ടെന്നു ഞാൻ മുറി ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു.
അതു കേട്ടപ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ടു വിടർന്നു.

കട അവനെയേൽപ്പിച്ചു കുറച്ചു കീറിയ നോട്ടുകൾ മാറാനായി ഞാൻ ബാങ്കിലേക്ക് പോയി.

തിങ്കളാഴ്ച ആയതിനാൽ ബാങ്കിൽ നന്നേ തിരക്കുണ്ടായിരുന്നു. തിരക്കിൽ കൂടുതലും ഭായിമാരാണ്. കേരളത്തിൽ വന്നു അധ്വാനിച്ചു നാട്ടിലേക്കു പണമയ്ക്കാൻ ഓരോരുത്തരും തിരക്കു കൂട്ടുന്നു.

തിരക്കിനൊടുവിൽ ക്യാഷ് കൗണ്ടറിലെത്തി.

"അല്ല സന്ദീപേട്ടനല്ലേ '"

ഇതെവിടുന്നപ്പ ഈ കിളിനാദം എന്നോർത്ത്
പുറകിലേക്ക് നോക്കിയപ്പോൾ, അവിടെയല്ല ഇവിടെയെന്നു അറിയിച്ചുകൊണ്ട് ഒരു കറുത്ത ലെക്സി പേന ക്യാഷ് കൗണ്ടറിനുള്ളിൽ നിന്നും ചെറുദ്വാരത്തിലൂടെ പുറത്തേക്കു വന്നു.

ഞാനൊന്നു കുനിഞ്ഞു ഉള്ളിലേക്ക് നോക്കിയപ്പോൾ കണ്ണട വച്ചു ഒരു സുന്ദരി പെണ്ണ് ചിരിച്ചു എന്നെ നോക്കിയിരിക്കുന്നു.

ആരോടാ ബാല എന്ന ഒരു ആംഗ്യത്തോടെ ഞാൻ കയ്യുയർത്തി എന്റെ നെഞ്ചിൽ കുത്തി.

"സന്ദീപേട്ടനല്ലേ?'"

"അതെ,, എങ്ങനെ അറിയും എന്നെ മുൻപ് ഇവിടെ ക്യാഷ് കൗണ്ടറിലൊന്നും ഞാൻ '"

ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

"സന്ദീപേട്ടൻ ഇന്നലെ പെണ്ണ് കാണാൻ വന്നത് എന്നെയാണ്." അവൾ സ്വരം താഴ്ത്തി പറഞ്ഞു.

"ആണോ?" ഞാനൊന്നു ചമ്മി.

അവൾ നോട്ട് മെഷിനിൽ വച്ചു. ആയിരത്തി അമ്പതല്ലേ അല്ലെ മൊത്തം അവളൊന്നു ചിരിച്ചു ചോദിച്ചു.

"ആയിരത്തി ഒരുന്നൂറ്റി അൻപതില്ലേ അത്.?"

"ഒന്നുകൂടി ഒന്നു നോക്കട്ടെട്ടോ."

സത്യത്തിൽ ആയിരത്തി അൻപതേ ഉള്ളു പിന്നെ എണ്ണുമ്പോൾ എനിക്കും ഒന്നുകൂടിയൊന്നു നോക്കാലോ ഞാൻ മനസ്സിൽ പറഞ്ഞു.

അവൾ നോട്ട് മെഷിനിൽ നിന്നും നോട്ടെടുത്തു എന്നി തുടങ്ങി.

"ഇതു ആയിരത്തി അൻപതു ഉള്ളൂട്ടോ."

ആയിക്കോട്ടെ. ഞാൻ ഒന്നു ചമ്മലോടെ പറഞ്ഞു.

നോട്ട് മായി ഇറങ്ങവേ ഞങ്ങൾ ഇരുവരും പരസ്പരം ഒന്നുകൂടി നോക്കാൻ മറന്നില്ല.

ഉച്ചകഴിഞ്ഞു കടയിൽ ഇരിക്കുമ്പോഴും ബാങ്കിൽ പോയതിന്റെ ഓർമ എന്നെ വിട്ടുമാറിയിരിയിരുന്നില്ല.
ഇന്നലെ വെറുതെ ആണെങ്കിൽകൂടിയും അമ്മയോട് അവളെകുറിച്ച് വിവരിച്ചതോർത്തു ഞാൻ വെറുതെയിരുന്ന് ചിരിച്ചു.

"എന്താ മാഷേ വെറുതെയിരുന്ന് ചിരിക്കുന്നത്?"
പെട്ടെന്നാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ ദീപ മുന്നിൽ നിൽക്കുന്നു.

"അല്ല താനെന്താ ഇവിടെ.?"

"എന്താ കടയിൽ സാധനം വാങ്ങാൻ വന്നുകൂടെ."

"അതല്ല," പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ. ഞാനൊന്നു പരുങ്ങി.

"ഞാൻ നേരിൽ കണ്ടു മാപ്പ് പറയാൻ വേണ്ടി വന്നതാണ്. ഇന്നലെ അച്ഛൻ വളരെ മോശമായി...."

"ഏയ്യ് അതൊന്നും സാരമില്ല,, എനിക്കൊരു വിഷമവും അതുകൊണ്ട് ഉണ്ടായില്ല.ദീപയുടെ അച്ഛന്റെ ആഗ്രഹമല്ലേ.."

കടയിൽ ഒന്നു രണ്ടു പേര് വരുന്നത് കണ്ടപ്പോൾ ശരിയെന്നു പറഞ്ഞു ദീപ തിരികെ നടന്നു പോയി.
ഒന്നു തിരിഞ്ഞു നോക്കുമെന്നു ചിന്തിച്ചെങ്കിലും അതുണ്ടായില്ല.

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും വെറുതെ ദീപയെ ഓർത്തു..

പിറ്റേന്ന് കടയിലിരിക്കുമ്പോൾ രാവിലെ തന്നെ ദീപ വരുന്നത് കണ്ടു.

"സന്ദീപേട്ട ഒരു പേന "'

"അതെന്നാ അത്രയും വലിയ ബാങ്കിൽ ഒരു പേന എടുക്കാനില്ലേ?"

"ഇവിടെ നിന്നും പേന തരില്ലെന്നുണ്ടോ?"

അതിനു മറുപടി പറയാതെ ഞാൻ ഒരു പേനയെടുത്തു.

അപ്പോഴേക്കും എവിടെനിന്നോ കുമാരേട്ടൻ കടയിൽ ഹാജരാറായി.

"മോനെ സന്ദീപ് നല്ല പൂവമ്പഴം പോലെതൊരു കൊച്ചു അങ്ങ് തൊടുപുഴയിൽ.
ഈ ഞായറാഴ്ച തന്നെ നമുക്കങ്ങു പോകാം മോനെ"

"ഞാനില്ല കുമാരേട്ടാ ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക്‌ ഗവണ്മെന്റ് ജോലിക്കാരെ അല്ലെ വേണ്ടു" ഇത് പറഞ്ഞു ഞാൻ ദീപയെ ഒന്നു നോക്കി.

ദീപയുടെ മുഖം ഒന്നു ചുളുങ്ങി.

"എന്റെ മോനെ ആ പരട്ട നായരോടും അയാളുടെ ആ പത്രാസുകാരി മോളോടും പോയി പണി നോക്കാൻ പറ"

ഈശ്വരാ കാലന്റെ കയ്യിന്നു പോയല്ലോ!!

കൂടുതലായി കുമാരേട്ടന്റെ വായിൽനിന്നും വീഴുന്നതിനു മുൻപായി ഞാൻ ഇടയിൽ കയറി, 

"എന്റെ കുമാരേട്ടാ ഒന്നു നിർത്തു ദേ ഈ കൊച്ചു തന്നെ ആണത്."

കുമാരേട്ടൻ ഒന്നു പകച്ചു,, ദീപയുടെ ഒറ്റ നോട്ടത്തിൽ കുമാരേട്ടൻ അപ്രത്യക്ഷമായി.

പിനീട് പലപ്പോഴായി ദീപ കടയിൽ വന്നു പോയിക്കൊണ്ടിരുന്നു.
ഒരു ദിവസം കുറച്ചു പരുങ്ങി ഞാൻ ദീപയോട് ചോദിച്ചു.

"ദീപക്ക് വേറെ ഗവണ്മെന്റ് ജോലിക്കാരുടെ ആലോചനയൊന്നും വന്നില്ലേ.?'"

അതിനു മറുപടി ക്രൂരമായ ഒരു നോട്ടം ആയിരുന്നു. പിന്നെ പതിയെ ചെവിയിൽ എനിക്കു ഈ പലചരക്കു കടക്കാരനെ മതിയെന്ന് പറഞ്ഞു ചിരിച്ചിട്ടു പോയി.

കുറച്ചു ഒച്ചപ്പാടും ബഹളവും അവളുടെ തന്തപ്പടി ഉണ്ടാക്കിയെങ്കിലും അവൾ എന്നെ മതിയെന്ന് വാശിപിടിച്ചിച്ചു. ഒടുവിൽ എന്നെ കെട്ടിയില്ലേ തൂങ്ങി ചാവുമെന്നു വരെ ഭീഷണി മുഴങ്ങിയപ്പോൾ തന്തപ്പടി ഫ്ലാറ്റ്

അവസാനം ഗവണ്മെന്റ് ജോലിക്കാരനു വെച്ച ഞാവൽപ്പഴം ഈ പലചരക്കു കടക്കാരന് തന്നെ കിട്ടി.

Aneesh pt

ചേച്ചീ രണ്ടു മാസ്ക്കുണ്ടോ...


ചങ്ക് നിതിന് ഇന്റർവ്യൂവിനു പോകാൻ അത്യാവശ്യമായി രണ്ടായിരം രൂപ കൊടുക്കാനായി കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് പായുന്നതിനു ഇടക്കാന് ഒടുക്കത്തെ പോലീസ് ചെക്കിങ് കണ്ടത്.
തലയിൽ ഹെൽമറ്റ് ഉണ്ടെങ്കിലും മാസ്ക് വെക്കാത്തതിനാൽ പണി കിട്ടാൻ ചാൻസുള്ളതിനാൽ ബൈക്ക് ചവുട്ടി നിർത്തി. വേറെ ഊടു വഴിയൊന്നും സ്റ്റാൻഡിലേക്ക് ഇല്ലാത്തതിനാലും പത്തു മിനിറ്റിനുള്ളിൽ അവൻ കേറിയ ബസ് എടുക്കുമെന്നവൻ പറഞ്ഞത് കൊണ്ടും ഞാൻ മുന്നോട്ടും പിന്നോട്ടും ബൈക്ക് നിരക്കി കൊണ്ടിരുന്നു. അപ്പോഴാണ് ബൈക്കിന്റെ ബാഗിനുള്ളിൽ മാസ്ക് ഇട്ടു വെക്കാറുള്ളത് പെട്ടെന്നോർമ വന്നത്. സിപ് തുറന്നു ബാഗിൽ കയ്യിട്ടപ്പോൾ മൂലയിൽ ഒരു ഉണ്ടച്ച എന്തിലോ കൈ തട്ടി. ഹമ്പടാ കിട്ടിപ്പോയി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു ബാഗിനുള്ളിൽ നിന്നും അത് പുറത്തെടുത്തു. പുറത്തെടുത്തപ്പോൾ കണ്ടത് മഴവെള്ളം കേറി ചുരുണ്ടു കൂടിയ ഒരു പന്ന മാസ്ക്. കണ്ടപ്പോൾ തന്നെ രണ്ടു മൂന്നു ദിവസം ഞാൻ തന്നെ ഉപയോഗിച്ച് ബാഗിൽ നിക്ഷേപിച്ചത് ആണെന്ന് ഒറ്റയടിക്ക് എനിക്ക് മനസിലായി. രണ്ടു ദിവസം ഉപയോഗിച്ചതെങ്കിൽ എന്ത് '"ഞാൻ തന്നെ വെച്ച മാസ്ക്കല്ലേ എന്ന് കരുതി, രണ്ടു സൈഡിലെ വള്ളിയും പിടിച്ചു ഒരൊറ്റ ആവേശത്തിൽ ഇട്ടതും, ഒരു സൈഡിലെ വള്ളി പൊട്ടി, വള്ളി പൊട്ടിയപ്പോൾ കവണയുടെ റബ്ബർ നാട തെറിക്കണ പോലെ ദേ പോണു മാസ്ക് ഒരു മൂലയിലേക്ക്.
നേരെ മാസ്ക് ചെന്നു വീണത്‌ റോഡിസൈഡിലുള്ള ചെളിവെള്ളം പോകുന്ന ഓടയിലേക്കും.

ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയല്ലോ ദൈവമേ എന്ന് പറഞ്ഞു കൊണ്ടു ഞാൻ കൈ രണ്ടും തലയിൽ വെച്ചു. പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേഷൻ തുടങ്ങി.
നിതിൻ വിളിയോട് വിളി.. ഫോണെടുത്തു ഡാ ഞാൻ ദേ എത്താറായി എന്ന് പറഞ്ഞു, ഡാ വേഗം വാ കോപ്പേ ദേ വണ്ടിയെടുക്കാറായി.

പരിഭ്രാന്തിയോടെ ഞാൻ ചുറ്റും നോക്കി. മാസ്ക് മേടിക്കാൻ പറ്റിയ ഒരു കട പോലുമില്ല. മാസ്ക് ഇല്ലാതെ ഇനി വണ്ടിയോടിച്ചു പോയാൽ, പോലീസ് മാസ്ക് വെക്കാത്തതിന് തോന്നിയ പോലെ പിഴ ഈടാക്കും. കയ്യിൽ ആണെങ്കിൽ ആകെ അവനു കൊടുക്കാനുള്ള രണ്ടായിരം മാത്രമുള്ളു.

ഇനി എന്താ ചെയ്യാ എന്നാലോചിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ധാ വരുന്നു ഒരു പെൺകൊച്ചു. കണ്ടിട്ട് കോളേജിൽ ഒക്കെ പഠിക്കുന്ന ഒരു ലെവൽ തന്നെ.. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോൾ ഞാൻ അതിനോട് ചോദിച്ചു..

ചേച്ചി കയ്യിൽ രണ്ടു മാസ്ക്കുണ്ടോ..?

കൊച്ച് രൂക്ഷമായൊരു നോട്ടം...

ഇനി കൊച്ച് മാസ്ക് വെച്ചതോണ്ട് പ്രായം അറിയാണ്ട് ചേച്ചി എന്ന് വിളിച്ചതോണ്ടാണോ എന്ന് കൊച്ചിന്റെ കണ്ണുരുട്ടിയുള്ള നോട്ടം എന്ന് ശങ്കിച്ച ഞാൻ രണ്ടാമതു ഒന്നുകൂടി അവർത്തിച്ചു.

അതെ കയ്യിൽ രണ്ടു മാസ്ക്കുണ്ടോ..

പെൺകൊച്ചു അന്താളിച്ചുകൊണ്ടു ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.

മുന്നിൽ പോലീസ്, കൂട്ടുകാരന് ഇന്റർവ്യൂനു പൈസ പെട്ടെന്ന് ബസ്സ്റ്റാൻഡിൽ.. പ്ലീസ് ഒന്ന് നോക്കു ബാഗിൽ എങ്ങാനും ഉണ്ടോന്നു. ഞാൻ സകല ദയനീയതയും എടുത്തിട്ടലക്കി.

എന്റെ അവസ്ഥ അതിനു പിടി കിട്ടിയത് കൊണ്ടാവാം, പെട്ടെന്ന് തന്നെ പെൺകൊച്ചു ബാഗ് തുറന്നു ഒരു വെളുത്ത തുണിയുടെ മാസ്ക് എനിക്കെടുത്തു തന്നു.

ഹാവു.. ഒരുപാട് താങ്ക്സിട്ടോ ഞാൻ അറിയാതെ തന്നെ നെഞ്ചിൽ കൈവെച്ചു പറഞ്ഞു. പെൺകൊച്ചു തലയാട്ടി നടന്നു പോയി..

ഞാൻ കൊച്ച് തന്ന മാസ്ക് മുഖത്തിട്ടു.

ഹാ ഇതാണ് മാസ്ക്... ഇങ്ങനെ ആകണം മാസ്ക്.. നല്ല ഇവാ പെർഫ്യൂമിന്റെ മണം മൂക്കിൽ അടിച്ചു കേറുന്നു. ഹോ ഏതോ ഗന്ധർവ ലോകത്ത് എത്തിയ ഒരു അനുഭൂതി.ഹോ അവളുടെ മാസ്ക് ഊരി ആ മുഖം ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി.


മാസ്കിന്റെ മണം പിടിച്ചു സമയം പോയതു ഓർക്കാതെ ഞാൻ നൂറേ നൂറിൽ ബൈക്ക് സ്റ്റാൻഡിലേക്ക് വിട്ടു.

ബസ് സ്റ്റാന്റിലെത്തി ബൈക്ക് ഒരു സൈഡിൽ വെച്ചു ഹെൽമറ്റൂരി ഞാൻ സ്റ്റാണ്ടിനുള്ളിലേക്ക് കടന്നു. ഹെൽമറ്റ് ഊരിയെങ്കിലും പെൺകൊച്ചു തന്ന മാസ്ക് ഞാൻ ഊരിയിരുന്നില്ല.

ഹാ എന്താ മണം... ഞാൻ മാസ്ക് ഒന്നോടൊന്ന് ടൈറ്റ് ആക്കി വെച്ചു.

പിന്നെയാണ് രസം.. എന്നെ കടന്നു പോകുന്ന ആളുകൾ എല്ലാം ചിരിക്കുന്നു. പെണ്ണുങ്ങൾ എല്ലാം വായ പൊത്തി ചിരിക്കുന്നു.

ഇതെന്താ ഇവര് ഇങ്ങനെ ചിരിക്കുന്നത്..
ഇനിയിത് പെണ്ണുങ്ങൾ മാത്രം ഉപയോഗിക്കുന്ന മാസ്ക് ആണൊ. അങ്ങനെയും മാസ്ക്കുണ്ടോ. എങ്ങനെ ചിന്തിച്ചു നടക്കുമ്പോൾ നിതിന്റെ കാൾ വന്നു.
ഡാ ഞാൻ ഇവിടെ ക്യാന്റീനടുത്തു പാർക്ക്‌ ചെയ്ത ബസിലുണ്ട് നീ ഇങ്ങ് കേറി വാ എനിക്ക് സീറ്റ്‌ കളയാൻ പറ്റില്ല.

അവൻ പറഞ്ഞത് അനുസരിച്ചു ഞാൻ അവൻ കേറിയ ബസിന്റെ അടുത്തേക്കു നടന്നു. ശെടാ പോകുന്ന വഴിയിലും എന്നെ ആളുകൾ എന്തോ പോലെ നോക്കുന്നു ചിലർ ചിരിക്കുന്നു.

ആ എന്തേലും ആട്ടെ,, ഞാൻ അവനിരുന്ന ബസിലേക്ക് ചാടി കേറി. നടുക്കിരിക്കുന്ന അവന്റെ അടുത്തെത്തി ഇന്ന മച്ചാനെ എന്ന് പറഞ്ഞു പൈസ നീട്ടിയപ്പോൾ അവനും എന്നെ രൂക്ഷമായി നോക്കുന്നു. അവന്റെ മുന്നില്ലെ സീറ്റിൽ ഇരിക്കുന്ന രണ്ടു പെണ്ണുങ്ങൾ എന്നെ നോക്കി മുടിഞ്ഞ ചിരി.
എനിക്കൊന്നും മനസിലാകുന്നില്ല.

പൈസ മേടിക്കാൻ നിന്ന അവൻ എന്റെ ഷോള്ഡറില് പിടിച്ചു വലിച്ചിട്ടു എന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു.

" നീ ഏത് മറ്റൊടുത്തേ അവളുടെ മാസ്ക് ആണെടാ എടുത്തു ഇട്ടിരിക്കുന്നെ '"

അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്
ഞാൻ മാസ്ക് ഊരി നോക്കിയപ്പോൾ വെളുത്ത മാസ്കിൽ നല്ല അസ്സല് ചുവന്ന ലിപ്സ്റ്റിക്കിൽ ചുണ്ടിന്റെ പാട്..

എന്റെ ദൈവങ്ങളെ ഇപ്പോഴല്ലേ കെണി പിടി കിട്ടിയത്.. ചുണ്ടിന്റെ പാട് കണ്ടിട്ട് കൊച്ച് മിനിമം ഒരാഴ്ച ഈ മാസ്ക് ഉപയോഗിച്ച പോലുണ്ട്. ഊരി മാസ്കിന്റെ മറുപുറം തിരിച്ചപ്പോൾ കോർപറേഷൻ വണ്ടി അതുവഴി പോയാഫീൽ.

ഏഷ്യൻ പെയിന്റിംഗ്‌സിൽ അവളുടെ അപ്പെക്സ് പുൾട്ടിമ..

Aneesh pt

ചിരി

Image may contain: 1 person, selfie, closeup and outdoor
എന്റെ സതീഷേട്ടാ നിങ്ങളിതെന്തു പ്രാന്താണ് ഇപ്പറയുന്നത്..
രാധികേ നീ ഒന്നും പറയണ്ടാ ഇതെന്റെ കുറെ നാളത്തെ ആഗ്രഹം ആണിത്. ഇന്ന് ഞാൻ അത് തീർത്തിട്ടു തന്നെയുള്ളൂ കാര്യം.
ആരെങ്കിലും കാണിക്കുന്ന പണിയാണോ സതീഷേട്ട ഇതു. അതും ഈ പാതി രാത്രിയിൽ. കല്യാണത്തിന് ഇനി രണ്ടാഴ്ച തികച്ചില്ല.
രാധികേ നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇന്ന് എനിക്കിതു സാധിക്കാതെ ഉറക്കമില്ല.
ഇതും പറഞ്ഞു സതീശൻ ഫോൺ കട്ട്‌ ചെയ്തു.
സതീശന്റെയും രാധികയുടെയും കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. കല്യാണത്തിന് അധികം നാൾ കൂടിയില്ല. കല്യാണം ഉറപ്പിച്ച അന്നുമുതൽ കൂടികേറിയ മോഹമാണ് സതീശന്. ആഗ്രഹം മറ്റൊന്നുമല്ല "രാത്രിയിൽ രാധികയെ അവളുടെ മുറിയിൽ ചെന്നു ഒന്ന് കാണണം. സതീശന്റെ ഈ ആഗ്രഹത്തിന് പിന്നിൽ സതീശന്റെ തന്നെ കൂട്ടുകാരായ സുനിയുടെയും അജിയുടെയും വീര കഥകൾ തന്നെയാണ്. പല രാത്രികളിലും പണി കഴിഞ്ഞുള്ള ചെറിയ കമ്പനിക്കിടയിൽ മദ്യം അകത്തു ചെന്ന് കഴിയുമ്പോൾ അജിയും സുനിയും അവരുടെ കാമുകിമാരുടെ വീട്ടിൽ രാത്രി ഇടയ്ക്കിടയ്ക്ക് അവരെ കാണാൻ ചെല്ലുന്ന കഥകൾ പറയും. പ്രണയം തലയ്ക്കു പിടിച്ചു രാത്രിയിൽ കാമുകിയെ കാണാൻ ചെല്ലുന്നത്ര രസം വേറെയില്ലെന്നാണ് അജിയുടെയും സുനിയുടെയും വാദം, വീട്ടുകാരുടെയെല്ലാം കണ്ണ് വെട്ടിച്ചു കാമുകിമാരുടെ മുറിയിൽ എത്തുന്നതിന്റെ ഒരു ത്രില്ല് ജീവിതത്തിൽ ഒന്നു അനുഭവിച്ചു അറിയേണ്ടതു തന്നെയാണ് എന്നാണ് ആ കാമുകന്മാരുടെ പക്ഷം.ഇതൊക്കെ കേട്ട് അന്ന് മനസ്സിൽ കയറിയതാണ് പൂതിയാണ് ഇന്ന് സതീശൻ നടപ്പിലാക്കാൻ പോകുന്നത്.
അന്നത്തെ പതിവ് കമ്പനിക്കിടയിലും വിശ്വ വിഖ്യതമായ ആ രണ്ടു കാമുകൻമാരുടെ വീര കഥകൾ കെട്ടപ്പോൾ തന്നെ സതീശനും ഏതാണ്ടൊക്കെ ഉറപ്പിച്ച മട്ടായി. പ്രേമിച്ച പെണ്ണിന്റെ വീട്ടിൽ ആരും അറിയാതെ പാതിരാത്രിയിൽ ചെന്നു കാണുന്ന ആ ഒരു ത്രില്ല് എനിക്കും ഒന്നു അനുഭവിക്കണമെന്നു സതീശൻ തീർച്ചപ്പെടുത്തി.
അന്ന് സതീശൻ നേരത്തെ തന്നെ വീട്ടിലെത്തി. സതീശൻ വീട്ടിലെത്തുമ്പോൾ സതീശന്റെ പെങ്ങൾ അമ്മു ടീവിയിൽ മീശ മാധവൻ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
കാൽ കഴുകി ഹാളിലേക്ക് കയറവേ ടിവിയിലേക്കു ഒന്നു നോക്കിയ സതീശന്റെ നെഞ്ചോന്നു മിന്നി. മീശ മാധവനിലെ ദിലീപേട്ടൻ കാവ്യാ മാധവന്റെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം. പെങ്ങളെ അകത്തേക്കു ഓടിച്ചിട്ടു വിട്ടിട്ടു സതീശൻ കൺകുളിർക്കെയിരുന്നു ആ രംഗം ആസ്വദിച്ചു. പതിവിലും രണ്ടെണ്ണം കൂടുതൽ അടിച്ച സതീശന് ദിലീപിന്റെ സ്ഥാനത്തു തന്നെത്തന്നേയും കാവ്യാ മാധവന്റെ സ്ഥാനത്തു രാധികയെയും ആയി തോന്നി.
മുറിയിൽ ചെന്നു അക്ഷമനായി സതീശൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എത്രയും വേഗം തന്നെ തന്റെ കാവ്യാമാധവന്റെ അടുത്തെത്താൻ സതീശന്റെ മനസ് വെമ്പൽ കൊണ്ടു. എല്ലാവരും ഉറങ്ങിയതിനു ശേഷം ഏകദേശം ഒരു പന്ത്രണ്ടു മണിയോട് കൂടി സതീശൻ വീട്ടിൽ നിന്നും ഇറങ്ങി.
പുറമെയുള്ള ഇരുട്ട് സതീശനെ ഒന്നു ഭയത്തിലാഴ്ത്തി. ഒരടി മുന്നോട്ടു വെക്കാൻ കഴിയാതെ സതീശന്റെ കാലു വിറച്ചു. നേരത്തെ അടിച്ചതിന്റെ കിക് ഇറങ്ങിയിരിക്കുന്നു. സതീശൻ നേരെ വിറകു പുരയിലേക്കു പോയി. വിറകു പുരയിലെത്തിയ സതീശൻ ഇരുട്ടത്താകെ പരതി.ഒരു പ്ലാസ്റ്റിക് കുപ്പിയിൽ സതീശന്റെ കൈ തടഞ്ഞു നേരിയ ഫോണിന്റെ വെളിച്ചത്തിൽ സതീശൻ ആ പേര് വായിച്ചു.
" ജവാൻ ' ഏതായാലും മൊത്തം അച്ഛൻ കുടിച്ചു തീർത്തട്ടില്ല. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ജവാൻ " ഒറ്റ വലിക്കു സതീശൻ വലിച്ചു കേറ്റി.
ശ്യോ " സതീശന്റെ അടി വയർ തൊട്ടു മുകളിലേക്കു കട്ട തീ പോലെ തോന്നി.
ദൈവമേ ഈ കട്ട ലോക്കൽ ആണോ അച്ഛൻ അടിച്ചു കയറ്റുന്നത്.
ഒരു രണ്ടു മിനുട്ടത്തേക്കു സതീശന്റെ ലക്കും ലഗാനും പോയി.
ജവാൻ നൽകിയ ഊർജത്തിൽ സതീശൻ ഇരുട്ടിനെ വെല്ലു വിളിച്ചു കൊണ്ടു മുന്നോട്ടു നീങ്ങി.
പാത്തും പതുങ്ങിയും സതീശൻ രാധികയുടെ വീടിന്റെ അടുത്തെത്തി.
പോക്കറ്റിൽ നിന്നും ഫോണെടുത്തു രാധികയെ വിളിച്ചു.
രണ്ടു മൂന്നു വട്ടം രാധികയെ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിൽ അരിശം മൂത്ത സതീശൻ നിന്നെ കാണിച്ചു തരാമെടി എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു പറമ്പിൽ നിന്നും ഒരു ചൊറിയണ്ണത്തിന്റെ ചെടി വേരോടെ പറിച്ചെടുത്തു.
പറിച്ചെടുത്ത ചൊറിയണ്ണം തന്റെ മുണ്ടിന്റെ മടക്കിൽ വച്ചുകെട്ടി സതീശൻ വീടിനു ചുറ്റും കറങ്ങി.രാധികയുടെ മുറി മുകളിൽ ആണെന്ന് സതീശന് നേരത്തെ അറിയാമായിരുന്നു. മുറിയോടു ചേർന്ന് ഒരു കൊന്ന മരം നിൽക്കുന്നുമുണ്ട്.
സാധാരണ മരം പോലെയല്ല കൊന്ന മരം കയറാൻ ഗ്രിപ്പ് കിട്ടില്ല. സതീശൻ തന്റെ തലയിൽ കെട്ടിയിരുന്ന തോര്തെടുത്തു വട്ടത്തിൽ നന്നായി മുറുക്കി കെട്ടി. ശേഷം കാലിൽ തളപ്പായി ആ കെട്ടു ഉപയോഗിച്ചു.
രണ്ടു കാലും ഒരു പോലെ കൊന്നമരത്തിൻ തടിയിൽ ചാടി കയറ്റി. മരം കേറി തീരെ വശമില്ലാത്ത സതീശൻ എങ്ങനെയൊക്കെയോ ഏന്തി വലിഞ്ഞു മുകളിൽ രാധികയുടെ മുറിയുടെ അടുത്തായി എത്തി. ഒരു കാൽ ചാണിന്റെ ദൂരമേ മേൽക്കൂരയിലുള്ള ഓടിൻപ്പുറത്തേക്കു ഉണ്ടായിരുന്നുള്ളു. സതീശൻ ഒച്ച പൊങ്ങാത്ത രീതിയിൽ തന്റെ നീണ്ട കാലു ഓടിൻപ്പുറത്തേക്കു നീട്ടിവച്ചു.
പകുതി വിജയിച്ച ഭാവത്തിൽ സതീശൻ ഓടിൻപുറത്തിരുന്നു മീശ പിരിച്ചു ചന്ദ്രനെ നോക്കി കണ്ണിറുക്കി.
രാധികയുടെ മുറിയുടെ മേൽക്കൂരയിലെ ഓട് സതീശൻ വളരെ സാവധാനത്തിൽ ഇളക്കി മാറ്റി. ഒരാൾക്ക് ഇറങ്ങാവുന്ന ചെറിയ വിടവിലൂടെ സതീശൻ നുഴഞ്ഞു നീങ്ങി.
ഒരു കള്ളന്റെ മെയ് വഴക്കത്തോടെ വിടവിലൂടെ ആടിയാടി സതീശൻ രാധികയുടെ മുറിയുടെ ഒരു മൂലയിൽ ഇറങ്ങി.ഓടിട്ട വീടായതു കൊണ്ടു പുറത്തെ നിലാവെളിച്ചം മുറിയിൽ ചെറുവെട്ടം പരത്തിയിട്ടുണ്ട്. മങ്ങിയ വെട്ടത്തിൽ തന്റെ കാവ്യാമാധവൻ കട്ടിൽ വെട്ടിയിട്ട ചക്കപോലെ കിടക്കുന്നത് സതീശൻ കണ്ടു.
പെണ്ണിന് ലേശം കൂർക്കം വലിയുടെ അസ്കിതി ഉണ്ടെന്നു വിളിച്ചറിയിച്ചുകൊണ്ടു ട്രെയിൻ പോകുന്നത് പോലെ രണ്ടു ഘന ഗംഭീരം ഒച്ചയും. ഇനി ഇതു ഇവൾ തന്നെയല്ലേ, ആകെ പുതച്ചു മൂടിയിരിക്കുന്നു. ചിലപ്പോൾ ഞാൻ വരില്ലെന്ന് കരുതിക്കാണും. സതീശന്റെ വാക്ക് വെറും വാക്കല്ല എന്നു ഇവളെയൊന്നു അറിയാക്കണമല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു സതീശൻ മെല്ലെ മുണ്ടിന്റെ മടക്കിൽ നിന്നും ചൊറിയണ്ണതിന്റെ
ചെടിയെടുത്തു.
മൂടിപുതച്ചുറങ്ങുന്ന രാധികയുടെ കൈ തണ്ടയിൽ സതീശൻ ചൊറിയണ്ണത്തിന്റെ ഇലയോടിച്ചു.ഇല കൈ തണ്ടയിൽ വച്ചിട്ടും ഉറങ്ങുന്ന ആളിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. ഇവളെന്താ കാണ്ഡ മൃഗത്തിന്റെ ജാതിയോ എന്ന് പറഞ്ഞു കൊണ്ടു സതീശൻ വീണ്ടും ശക്തിയായി ചൊറിയണ്ണം ഉരച്ചു.
കയ്യിൽ വിരലോടിയതും, അസഹ്യമായ ചൊറിച്ചിലും ഉണ്ടായപ്പോൾ ഉറങ്ങി കിടന്ന രൂപം മാന്തികൊണ്ടു കണ്ണ് തുറന്നു.
അയ്യോ,, ഒരൊറ്റ അലർച്ച ആയിരുന്നു..
ഒച്ച കേട്ടതും വീട് മുഴുവൻ ലൈറ്റ് തെളിഞ്ഞു.
ഒച്ച കേട്ടപ്പോൾ ആണ് താൻ ചൊറിഞ്ഞത് രാധികയുടെ ചെറിയമ്മയുടെ മേത്തിട്ടായിരുന്നു എന്ന് സതീശനു മനസിലായത്.
താഴെയുള്ളവർ ഒച്ചകേട്ടു മുകളിലേക്കു വരുന്നത് മനസിലാക്കിയ സതീശൻ ചൊറിയണം വലിച്ചെറിഞ്ഞു മുണ്ടും മടക്കി കുത്തി വാതിലു തുറന്നു പുറത്തേക്കോടി.
മുകളിലെ നിലയിലെ ചാരു പടിയിൽ ചവുട്ടി സതീശൻ ഓടുമ്പുറത്തെത്തി.
രാധികയുടെ അച്ഛനും രണ്ടു ആങ്ങളമാരും ചെറിയമ്മയുടെ മുറിയിലെത്തി.
സുഭദ്ര ചെറിയമ്മേ.. ന്തിനാ നിലവിളിച്ചേ.
പേടിച്ചരണ്ട ചെറിയമ്മ ഒരു '"ആൾരൂപം'" ഇവിടെ മുറിയിൽ എന്ന് പറഞ്ഞു.
ഇതു കേട്ട വഴി രാധികയുടെ അച്ഛനും രണ്ടു ആങ്ങളമാരും കൂടി വടിയും കമ്പിയുമായി പുറത്തേക്കിറങ്ങി.
വേണ്ട നീലകണ്ഠ അതാരായാലും ഇപ്പൊ നിങ്ങള് പുറത്തേക്കു പോകണ്ട.
രാധികയുടെ മുത്തശ്ശി ആയിരുന്നു അപ്പറഞ്ഞത്.
മുത്തശ്ശി ഒന്നു പോകുന്നുണ്ടോ, മേലെത്തെ വീട്ടിൽ കയറിയ ആ കള്ളനെ ഇന്ന് ഞങ്ങൾ വച്ചേക്കില്ല. രാധികയുടെ മൂത്ത ചേട്ടൻ രഘുവായിരുന്നു അത്.
രഘു '"ചുറ്റിനും വളയെടാ അവൻ തൊടി വിട്ടു പുറത്തു പോയിട്ടുണ്ടാവില്ല. പണിക്കരെയും വിളിച്ചോ.. നീലകണ്ഠൻ ആക്രോശിച്ചു.
രാധികയുടെ അച്ഛനും ആങ്ങളമാരും പിന്നെ പണിക്കാരും കൂടി വീട് ചുറ്റും വളഞ്ഞു.
ഈ സമയം രാധിക മുറിക്കുള്ളിൽ പേടിച്ചിരിക്കുകയായിരുന്നു. ഇന്ന് സതീശേട്ടന്റെ കയ്യും കാലും ഇവരുടെ കയ്യിൽ കിട്ടിയാൽ ഓടിക്കുമെന്നോർത് രാധിക വേഗം ഫോണെടുത്തു സതീശനെ വിളിച്ചു.
ഹെലോ സതീശേട്ട...
എന്റെ രാധികേ ഞാൻ ഇവിടെ ഓടുമ്പുറത്തു തന്നെ ഉണ്ടെടി. താഴെ ചുറ്റിലും നിന്റെ അച്ഛനും ആങ്ങളമാരും വളഞ്ഞിരിക്കുകയാ.
നിങ്ങളോട് ഞാൻ നൂറുവട്ടം പറഞ്ഞതല്ലേ സതീഷേട്ട, രാത്രി ഇങ്ങോട്ട് എന്നെ കാണൻ വരല്ലേയെന്നു.
എന്റെ രാധികേ ഞാൻ ഒരു ത്രില്ലിനു ഇങ്ങു വന്നതല്ലേ.
നിങ്ങടെ ത്രില്ല്.. ബുദ്ധിയുണ്ടെങ്കിൽ രക്ഷപ്പെട്ടോ.
രാധിക പറഞ്ഞത് അനുസരിച്ചു വീണ്ടും സതീശൻ ഓടിളക്കി. വീടിനോടു തൊട്ടു ചേർന്നുള്ള പത്തായപ്പുരയുടെ ഓടിളക്കി അകത്തേക്കു ഇറങ്ങി.
പണിക്കാര് തൊടി മുഴുവനും അരിച്ചു പെറുക്കി.
നീലകണ്ഠ ഇങ്ങു കേറി പോരെ. കള്ളനിപ്പോ ഈ പഞ്ചായത്ത്‌ വിട്ടു കാണും.
എന്റെ ബലമായ സംശയം അവൻ ഇവിടെ എവിടെയോ ഇരിക്കുന്നുണ്ട് എന്ന് തന്നെയാണ്. രാധികയുടെ രണ്ടാമത്തെ ചേട്ടൻ വിനു കൂട്ടിച്ചേർത്തു.
അച്ഛനും ആങ്ങളമാരും താഴെ നിന്നും പറയുന്നതെല്ലാം കേട്ടു രാധിക കൂടുതൽ വിഷമത്തിലായി.
ന്റെ ദേവിയേ,, സതീശേട്ടനെ കാത്തോളണേ..
സതീശൻ മുട്ടിടിച്ചു ഈ സമയം പത്തായപ്പുരയിൽ ഇരിക്കുകയാണ്.
പത്തായപ്പുരയിലാണെങ്കിൽ ചേന വലുപ്പത്തിൽ ആണ് എലികൾ ഓടിക്കളിക്കുന്നത്.
നീലകണ്ഠ'" തെരഞ്ഞു മതിയായെങ്കിൽ മതി. നമുക്ക് നാളെ പോലീസിൽ ഒരു പരാതി കൊടുക്കാം. അവര് കണ്ടുപിടിക്കട്ടെ കള്ളനെ. ഇത്തവണ രാധികയുടെ മുത്തശ്ശനായിരുന്നു ഇതു പറഞ്ഞത്.
അതിനു വന്ന നിഴൽ രൂപം കള്ളൻ ആണെന്ന് ആരാ പറഞ്ഞത്.
സുഭദ്ര ചെറിയമ്മ ഉമ്മറതേക്ക് വന്നു പറഞ്ഞു.
എല്ലാരും സംശയാസ്പദമായി സുഭദ്ര ചെറിയമ്മയെ നോക്കി.
ദേവിയെ ഇനി സതീശേട്ടനെ ചെറിയമ്മ കണ്ടുവോ. രാധിക നെഞ്ചിൽ കൈ വച്ചു പറഞ്ഞു.
മറുത '" വന്നത് മറുത തന്നെയാ, നിക്ക് സംശയോല. ദ കണ്ടില്ലേ മുറിയുടെ മൂലയിൽ നിന്നും കിട്ടീതാ. സുഭദ്ര " എല്ലാരും കാൺകെ ചൊറിയണ്ണത്തിന്റെ വേരോടു കൂടിയ ചെടി പൊക്കിപ്പിടിച്ചു.
ന്റെ,, ദേവിയെ.. മുത്തശി നെഞ്ചിൽ കൈ വച്ചു പരിഭ്രാന്തിയിലായി.
എല്ലാം കേട്ടുകൊണ്ട് മുറിയിൽ ഇരുന്നുകൊണ്ട് രാധികയും പത്തായപ്പുരയിലിരുന്നു സതീശനും വെപ്രാളപ്പെട്ടു.
നാളെ തന്നെ തിരുമേനിയോടു ഇത്രടം വരെ ഒന്നു വരാൻ പറയി നീലാണ്ടാ.. മുത്തശ്ശനും പറഞ്ഞു.
രഘു തിരച്ചിൽ മതിയാക്കാം..
രാധികയുടെ അച്ഛനും ആങ്ങളമാരും തിരിഞ്ഞു അകത്തേക്കു നടന്നു.
രാധിക ജനലിലൂടെ അവരെല്ലാം അകത്തേക്കു പോകുന്നത് തെല്ലൊരു ആശ്വാസത്തോടെ നോക്കി നിന്നു.
ഈ സമയം പത്തായപ്പുരയിൽ നിന്നും ഒരു എലി സതീശന്റെ കാലിലൂടെ അരിച്ചു മുണ്ടിലേക്കു കയറി.
എലി കയറിയ വെപ്രാളത്തിൽ സതീശൻ കാലു ശക്തിയായി കുടഞ്ഞെറിഞ്ഞു.
സതീശന്റെ കാലുകൊണ്ട് പത്തായപ്പുരയിലെ ആട്ടിയ വെളിച്ചെണ്ണ എടുത്തുവെക്കുന്ന ഇരുമ്പ് പാത്രം തട്ടി താഴേക്കു ഒച്ചയിൽ പതിച്ചു.
അച്ഛാ... പത്തായ പുരയിൽ ആരോ ഉണ്ട്.
അകത്തേക്കു കയറിയ രഘു സർവ്വശക്തിയുമെടുത്ത് മുറ്റത്തേക്ക് ചാടി.
വരിനെടാ.. നീലണ്ഠൻ പണിക്കാരെയും കൂട്ടി പത്തായ പുര ലക്ഷ്യമാക്കി നീങ്ങി.
ഈശ്വരാ സതീശേട്ടൻ... രാധികയുടെ കണ്ണിൽ നിന്നും കണ്ണുനീരൊഴുകി.
സതീശന്റെ തൊണ്ടക്കുഴി വറ്റി. ശരീരം ആകെ വിറച്ചു. നെഞ്ചിടിപ്പു കൂടി സതീശൻ ഭിത്തിയിൽ പിടിച്ചു നിന്നു.
രഘു, നീ വാതിൽ ചവുട്ടി തുറക്ക്.. അവൻ ജീവനോടെ ഇവിടെ നിന്നും പോവരുത്.
നീലാണ്ടേട്ട അത് മറുത ആയിരിക്കും.
പെങ്ങളൊന്നു മിണ്ടാണ്ടിരിക്കണ്ടോ,, ഒരു മറുത '" നീലാണ്ടന്റെ സകലദേഷ്യവും പുറത്തു ചാടി, കണ്ണുകൾ രണ്ടും ചുവന്നു.
രാധിക ജനലിലൂടെ പുറത്തെ പത്തായപുരയിലേക്കു നോക്കി കരഞ്ഞു കൊണ്ടിരുന്നു.
സതീശന്റെ നെഞ്ച് പെരുമ്പഴ മുഴക്കി.
കമ്പിയുമായി വാതിലിനു അടുത്തേക്ക് പോകുന്ന രഘുവിനെ കണ്ടു രാധിക കട്ടിലിലേക്ക് വീണു.
രഘു വാതിലിൽ ആഞ്ഞു ചവുട്ടി..
ഈ സമയം രാധിക എന്തോ ഉറപ്പിച്ച പോലെ. കട്ടിലിൽ നിന്നും എഴുന്നേറ്റു.
അയ്യോ,, അയ്യോ.. രാധിക വലിയ വായിൽ നിലവിളിച്ചു. അയ്യോ രക്ഷിക്കണേ.
രാധികയുടെ ഒച്ച വീടാകെ മുഴങ്ങി.
അയ്യോ ന്റെ '"കുട്ടി'" മുത്തശ്ശിയും സുഭദ്രയും നിലവിളിച്ചു കൊണ്ടു മുകളിലേക്കോടി.
രഘു നീ ഇവിടെ നിക്ക് എന്ന് പറഞ്ഞു രാധികയുടെ അച്ഛനും ബാക്കിയുള്ളവരും രാധികയുടെ മുറിയിലേക്കോടി.
ഈ ഒരു നിമിഷത്തിൽ സകല ധൈര്യവും വീണ്ടെടുത്ത സതീശൻ തന്റെ മുണ്ടെടുത്തു പുറത്തു കെട്ടി, തോർത്തെടുത്തു മുഖം മറച്ചു. പത്തായപ്പുരയുടെ ഒരു മൂലയിൽ ഒരു കുപ്പിയിൽ മണ്ണെണ്ണ ഉണ്ടായിരുന്നതിൽ നിന്നും കുറച്ചെടുത്തു മുണ്ടിലേക്ക് ഒഴിച്ചു ശേഷം അവിടെ കിടന്നൊരു തീപ്പെട്ടിയെടുത്തു മുണ്ടിനു തീ കൊളുത്തി. എന്നിട്ട് ഹു'" ഹു '"എന്നൊരു അലർച്ചയോടെ പത്തായപ്പുരയുടെ വാതിലും ചവിട്ടി പൊളിച്ചു ഇറങ്ങിയോടി. തീ യോടെ ഒരാൾ രൂപം ഇറങ്ങി വരുന്നത് കണ്ടു രഘു നിലവിളിച്ചു.
അയ്യോ മറുത, മറുത..
പോയ പോക്കിന് രഘുവിന്റെ പുറത്തിനിട്ടു സതീശൻ ഒരു ചവിട്ടും കൊടുത്തു.
രാധികയുടെ മുറിയിൽ ചെന്ന ആൾകൂട്ടം രഘുവിന്റെ ഒച്ച കേട്ട് ജനലിലൂടെ പുറത്തേക്കു നോക്കി.
പുറത്തേക്കു നോക്കിയ അവരെല്ലാം ആ കാഴ്ച കണ്ടു നടുങ്ങി.
തീയും പുകയുമായി ഒരാൾ തൊടിയിലൂടെ ഓടുന്നു.
അയ്യോ മറുത, കൊള്ളി പിശാശ്.. രാധികയുടെ മുത്തശ്ശിയുടെ ബോധം പോയി.
സതീശൻ നൂറേ നൂറിൽ തീ പിടിപ്പിച്ച മുണ്ടുമായി ഓടി. ഓടിയ വഴിയിൽ ഒന്നു രണ്ടു ഉണക്ക വാഴ കൈ നിൽക്കുന്നതിനാൽ തീ അതിലും കേറി പിടിച്ചു. വാഴ രണ്ടും നിന്നും കത്തി. മുണ്ടിലെ തീ ഒരുവിധം കത്തി കയറിയപ്പോൾ സതീശൻ മുണ്ടെടുത്തു ഓടുന്ന വഴിയിൽ കണ്ട വയ്ക്കോൽ കൂനയിലേക്കു എറിഞ്ഞിട്ടു.
ഒരു വശത്തു വയ്ക്കോൽ കൂനയും മറുവശത്തു വാഴയും നിന്നു കത്തികൊണ്ടിരിന്നു.
നീലാണ്ടനടക്കം എല്ലാവരും ഭീതിയോടെ ഈ കാഴ്ച കണ്ടു നടുങ്ങിയപ്പോൾ ഒരാൾ മാത്രം നിന്നു ചിരിക്കുന്നുണ്ടായിരുന്നു.
Aneesh pt.

ബലൂൺ

Image may contain: 1 person, closeup

കാറ്റഴിച്ചു വിട്ട ഒരു ബലൂൺ കണക്കെയായിരുന്നു എന്റെ മനസ്സ് ....ഇവിടെ നോക്കിയാലും അവളുടെ മുഖം മാത്രം മിന്നിമറയുന്ന പോലെ ...ഇന്നവൾ ലീവാണോ ദൈവമേ ...ആരോടാ ഒന്നു ചോദിക്ക്യാ ...രണ്ടും കല്പിച്ചു അമ്മയോടു തന്നെ ചോദിച്ചു ..
അമ്മേ സ്ഥിരം കുത്തി വക്കാൻ വരാറുള്ള ആ നഴ്സിനെ കാണുന്നില്ലല്ലോ ...
ഇപ്പൊ അതിനെന്താ ആരായാലും വന്നു കുത്തിയാൽ പോരെ ....
ഞാൻ മനസിൽ പറഞ്ഞു ...ഈ അമ്മക്കിതെന്തറിയാം അവളെ കണ്ടില്ലെങ്കിൽ അമ്മയുടെ ഈ മോനു എന്തു വിഷമമാണെന്നോ ....
ഇതു മനസിലോർത്തതും അവൾ വാതിൽ തുറന്നു വന്നു....
ശൊ എനിക്കു സന്തോഷമായി മനസു ആനന്ദ നൃത്തമാടി ....
വന്ന പാടെ അവൾ സിറിഞ്ചു വലിച്ചു പൊട്ടിച്ചു മരുന്നു കുപ്പി തുറന്നു സിറിഞ്ചിലേക്കു കയറ്റി എല്ലാം തിടുക്കത്തിലാർന്നു ...
ഞാൻ ആ കണ്ണുകളിൽ നോക്കിയിരുന്നു ...പെട്ടെന്നു അമ്മ ചോദിച്ചു ...
മോളിന്നു വൈകിയോ ....
ഉവ്വ അമ്മ ...
ഉവ്വ എന്നു പറഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും തുപ്പലിന്റെ ഒരു കണിക വായുവിലൂടെ തെറിച്ചു എന്റെ കൺപീലിയിൽ വന്നു വീണു .
കണ്ണുകൾ ഇറുകെയടച്ചു ഞാൻ അത് എന്റെ കണ്ണിനുള്ളിലാക്കി ...
വല്ലാത്തൊരു കുളിരെനിക്കു അനുഭവപ്പെട്ടു ...എന്റെ കുളിരു
മാറും മുമ്പേ അവൾ സൂചി എന്റെ കയ്യിലേക്ക് കുത്തി കയറ്റി ...
ആ ഹാവു ....
എന്തേ വേദനിച്ചോ ...
ഒടുക്കത്തെ കുത്താണെങ്കിലും ഞാൻ ഇല്ലാ എന്നു പറഞ്ഞു ...അവൾ പുഞ്ചിരി തൂകി എന്നിട്ടു ഒരു കഷ്‌ണം പഞ്ഞി കൊണ്ടു തൂത്തു കളഞ്ഞു ...അവൾ നടന്നു പോകുന്നത് ഇമ വെട്ടാതെ നോക്കിയിരുന്നു ...
പത്തു മണിയായപ്പോൾ ഡോക്ടർ വന്നു ....
എന്താടോ ഇപ്പൊ കൈക്കു
വേദനയുണ്ടോ ...
ഇല്ല ഡോക്ടർ ...
ഡോക്ടർ എന്തൊക്കെയോ എഴുതി നഴ്സിന് കൊടുത്തിട്ടു പോയി ...
നഴ്സസ് പറഞ്ഞു ...
ഇന്ന് ഡിസ്ചാർജ് ആവാട്ടോ ...
ഡിസ്ചാർജ് എന്നു കേട്ടതും എന്റെ നെഞ്ചോന്നു മിന്നി ...
അമ്മക്ക് സന്തോഷമായി ...
ഈശ്വര ഡിസ്ചാർജ് എനിക്കു ആകെ സങ്കടമായി ഞാൻ ഇനി എങ്ങനെ അവളെ കാണും ...ഞാൻ അമ്മയോട് പറഞ്ഞു ...
നാളെ പോവാലെ ...
എന്തിനു സമയം ഉണ്ടല്ലോ ഇനി ഉച്ചകഴിഞ്ഞു ബില്ലൊക്കെ കെട്ടി സാവധാനത്തിൽ പോവാം ...
ഞാൻ പറഞ്ഞു ..
വന്നിട്ടു നാലു ദിവസല്ലേ ആയോള്ളൂ ..
അല്ലടാ ഒരാഴ്ച ഇവിടെ കിടക്കാം ചെക്കനെന്തിന്റെ കേടാ ...
ഉച്ച കഴിഞ്ഞു അവൾ വീണ്ടും ഇൻജെക്ഷൻ എടുക്കാൻ വന്നു
പതിവില്ലാതെ എന്റെ മുഖം വാടിയിരിക്കുന്നത് കണ്ടു അവൾ ചോദിച്ചു ...
എന്താ കഴിച്ചില്ലേ ..
ഉം ..ഞാൻ മൂളി ..
ഇൻജെക്ഷൻ വക്കാൻ അവൾ കുനിഞ്ഞപ്പോൾ ആ ചെവികളിൽ പറയണമെന്നുണ്ടാർന്നു ....
"പെണ്ണേ നി കുത്തുന്ന ഓരോ സൂചിയും എന്റെ ഹൃദയത്തിലാണ് കൊള്ളൂ ന്നതെന്നു....
നാലു മണിയായപ്പോൾ ബില്ല് കിട്ടി അമ്മ ബില്ലടച്ചു വരുന്നത് വരെ ഞാൻ ബെഡിൽ കിടന്നു
ഉള്ളു എരിഞ്ഞടങ്ങുകയാണ് .
എനിക്കറിയില്ല വെറും മൂന്നു ദിവസം കൊണ്ടു ഞാനെങ്ങനെ അവൾക്കടിമയായെന്നു ...
പത്തു മിനുറ്റ് കഴിഞ്ഞപ്പോൾ അമ്മ ബില്ലടച്ചു വന്നു ...
ഓഹ് നി ഇതു വരെ റെഡിയായില്ലേ ...
അമ്മയുടെ ശകാരം കേട്ടുകൊണ്ട് ഞാൻ ഡ്രെസ്സ് മാറി ...ഈശ്വര ഒരു കത്തി കിട്ടിയിരുന്നേൽ വയറിനു കുത്തി ഞാൻ ഇവിടെതന്നെ അഡ്മിറ്റായേനെ ...നോക്കണേ ഓരോ ചിന്തകൾ ...എല്ലാം കെട്ടിപ്പരുക്കി റൂമിൽ നിന്നും പുറത്തിറങ്ങി ...ഞാൻ ചുറ്റിലും കണ്ണോടിച്ചു പോകുന്ന വഴിക്കു നഴ്‌സു റൂമിലും നോക്കി എങ്ങും കണ്ടില്ലവളെ ...കുറച്ചു നേരം തിരയണമെന്നുണ്ടായി അമ്മ സമ്മതിച്ചില്ല ...പുറത്തിറങ്ങി അമ്മ ഒരു ഓട്ടോ പിടിച്ചു ...ഓട്ടോ പതിയെ ഉരുണ്ടു നീങ്ങി ...ഞാൻ പതുക്കെ പോക്കറ്റിൽ നിന്നും ഇൻജെക്ഷൻ എടുത്തപ്പോൾ അവൾ തന്ന പഞ്ഞിയെടുത്തു
പതിയെ ഉള്ളം കയ്യോടു ചേർത്തു ....
Pt.

ഓണഘോഷ പരിപാടികൾ



സുഹൃത്തുക്കളെ ഈ വർഷത്തെ നമ്മുടെ നല്ലെഴുത്ത് ഗ്രൂപ്പിന്റെ ഓണഘോഷ പരിപാടികൾ വളരെയധികം സന്തോഷത്തോടെ വരുന്ന ഉത്രാടത്തിനു
കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുകയാണ് .
കലാ പരിപാടികളിൽ ഇനിയും പേരുകൊടുക്കാത്ത ഗ്രൂപ്പിലെ ഓരോ അംഗങ്ങളും എത്രയും പെട്ടെന്ന് തന്നെ പേരുകൾ ചേർക്കേണ്ടതാണ് എന്നറിയിക്കുന്നു ...
ഒരുപാട് വ്യത്യസ്ഥയിനം കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ നല്ലെഴുത്ത് നിങ്ങളുടെ മുന്നിൽ എത്തുന്നത്‌ .
ഓരോ മത്സര ഇനങ്ങളും അവയുടെ അളവറ്റ പ്രതേകതകളും നിങ്ങളെ ഇവിടെ അറിയിക്കുകയാണ് ..
വിവിധയിനം മത്സരങ്ങൾ ചുവടെ ചേർക്കുന്നു .
1. റൊട്ടി കടി
കടിയുള്ള എല്ലാ അംഗങ്ങൾക്കും വേണ്ടി ആദ്യ മത്സരം റൊട്ടി കടി ആയിരിക്കും എന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു .
(കടിക്കാനുള്ള റൊട്ടി എല്ലാവരും സ്വന്തം വീട്ടിനു തന്നെ കൊണ്ടു വരണം ...
ആർത്തി മൂത്തു കടിക്കുന്നവർ മറ്റുള്ളവരുടെ റൊട്ടിയേയും കടിക്കാതെ നോക്കേണ്ടതാണ് ...ഇങ്ങനെ കടിക്കുന്ന മത്സരാർത്ഥിയെ ഒരു ദാക്ഷ്യണ്യവും ഇല്ലാതെ കൊടിച്ചി പട്ടിയെ വിട്ടു കടിപ്പിക്കുന്നതാണ് ...നിങ്ങളുടെ ഓരോ കടിയും ജഡ്ജസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും എന്ന് അംഗങ്ങൾക്ക് ഓർമ വേണം ..)
2.സുന്ദരിക്ക് പൊട്ടു തൊടൽ ..
(സുന്ദരിക്കു പൊട്ടു കുത്തലിൽ പങ്കെടുക്കുന്നവർ
സുന്ദരിയെ സ്വന്തം പെങ്ങന്മാരായി കാണേണ്ടതാണ് ...
ഇങ്ങനെ കാണാൻ സാധിക്കാത്തവർക്ക് വേണ്ടി സ്റ്റേജിന്റെ പുറകിൽ വമ്പൻ വരവേൽപ്പ് നല്കുന്നതാണ് ...
സുന്ദരികൾ ആവാൻ താല്പര്യമുള്ള സുന്ദരികൾ ഫോട്ടോ സഹിതം *എന്റെ *ഇൻബോക്സിൽ വന്നു ക്യു പാലിക്കേണ്ടതാണ് .
കുത്താനുള്ള പൊട്ടുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് പീതാംബർ ക്ലബ് സോഡാ ...)
3.സ്പൂൺ റൈസ്
(സ്‌പൂണിൽ അരി നിറച്ചോടുന്നവർ ഒരു അരി മണി പോലും താഴെ കളയരുത് .മത്സരം കഴിഞ്ഞു ഓരോ മത്സരാർത്ഥിയും താഴെ വീണു കിടക്കുന്ന തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും അരിച്ചു പെറുക്കി കളയേണ്ടതാണ് .)
4.കസേര കളി
(കസേര കളിക്കു പങ്കെടുക്കുന്നവർ വീട്ടിന്ന് പോരുമ്പോ അവനവന്റെ അണ്ടർ ഗ്രൗണ്ടിൽ ഒരു കസേര കെട്ടി വെച്ചു കൊണ്ടു വരേണ്ടതാണ് എന്നറിയിക്കുന്നു .പിന്നെ
ഇനി ഇവിടെ വന്നു ഇതെന്റയാടി അതെന്റെയാടി എന്നു പറഞ്ഞുള്ള കൂട്ട തല്ലു ഒഴിവാക്കാൻ കൂടി വേണ്ടിയാണിത് .കസേര കളി കളിച്ചു അംഗങ്ങളുടെ കാലോ കസേരയുടെ കാലോ ഒടിഞ്ഞാൽ അതിനു ഉത്തരവാദികൾ മത്സരാർത്ഥികൾ തന്നെ ആയിരിക്കും .)
5കുപ്പിയിൽ വെള്ളം നിറക്കൽ .
(വെള്ളം നിറക്കാനുള്ള ജവാന്റെ കാലിക്കുപ്പികൾ സ്റ്റേജിന്റെ പുറകിൽ നൽകുന്നതാണ് ...റേഷൻ കാർഡ് കൊണ്ടുവന്നു ഓരോ മത്സരാത്ഥിയും കുപ്പി കൈപ്പറ്റേണ്ടതാണ് ...
റേഷൻ കാർഡ് ഇല്ലാത്തവർ ആധാർ കാർഡ് കൊണ്ടുവരിക ,ആധാർ കാർഡ് ഇല്ലാത്തവർ തിരിച്ചറിയൽ കാർഡ് കൊണ്ടുവരുക ,ഇനി ഇപ്പറഞ്ഞ ഒരു കാർഡും ഇല്ലാത്തവർ മാറിനിന്നു വെള്ളം കളി കണ്ടാൽ മതിയെന്ന് വളരെ സന്തോഷത്തോടെ അഡ്മിൻസ് അറിയിക്കുന്നു .
6.വടം വലി
(വടം വലിയിൽ താൽപ്പര്യമുള്ളവർ ഗ്രൂപ്പിന്റെ മധ്യ ഭാഗത്തു ഒത്തു കൂടുകയും നീളമുള്ള ഒരു പോസ്റ്റ് എടുത്തു തലങ്ങും വിലങ്ങും ചത്ത് കിടന്നു വലിക്കേണ്ടതാണ് ...ഒടുക്കത്ത ആ വലി കഴിയുമ്പോൾ വലിക്കാനുപയോഗിച്ച പോസ്റ്റ് തിരികെ ഏല്പിക്കേണ്ടതാണ് .)

7.കുളം കര മത്സരം .
കുളം കര മത്സരത്തിനു പേര് കൊടുത്തിട്ടുള്ളവർ അഡ്മിൻസ് ഏർപ്പാടാക്കിയ വൃത്തത്തിനുള്ളിൽ നിൽക്കുകയും ,കുളം എന്ന് പറയുമ്പോൾ
വൃത്തത്തിനു അകത്തേക്കും ,കര എന്ന് പറയുമ്പോൾ പുറത്തേക്കും ചാടേണ്ടതാണ് .
പിന്നെ ചുമ്മാ കര കുരാന്നു ചാടി മൂക്കും കുത്തി വീണു ഉള്ള പല്ല് കളയരുത് ,പുഞ്ചിരി മത്സരം ഇനിയും കഴിഞ്ഞിട്ടില്ല എന്നോർമ്മ വേണം .ചിരിക്കുമ്പോൾ വായിൽ കൂടി വെറുതെ ചോര വരുത്തണോ ..
ഇനിയാണ് അവസാന ഇനമായ പൂക്കള മത്സരം
എല്ലാ പൂക്കള മത്സരത്തിൽ നിന്നും വളരെ വേറിട്ട്‌ നിൽക്കുന്ന ഒരു പൂക്കള മത്സരം ആണ് ഇവിടെ ഗ്രൂപ്പ് ഒരുക്കുട്ടിയുള്ളത് .ഈ പൂക്കള മത്സരത്തിന്റെ ഏറ്റവും വലിയ പ്രതേകത എന്താണെന്നുവച്ചാൽ ,ചെമ്പരത്തി ,തെറ്റി ,തുമ്പ ,മുസാണ്ട ,തൊട്ടാവാടി പൂ ,നാലു മണി ആൻഡ് പത്തു മണി പൂ ,കാക്ക പൂവ് ,കാശി തുമ്പ ,ഗന്ധരാജൻ എന്നിങ്ങനെ നാട്ടിൽ സുലഭമായ ഒരൊറ്റ പൂക്കളും ഇവിടെ ഉപയോഗിക്കാൻ പറ്റില്ല .ഇനി അതൊക്കെ ഇട്ടോളൂ എന്ന് ആഗ്രഹിക്കുന്നവർ വേറെ വല്ല ഗ്രൂപ്പിലും പോയി ഇടേണ്ടതാണെന്നു അഡ്മിൻസ് സന്തോഷത്തോടെ അറിയിക്കുന്നു .
ഇതൊക്കെയാണ് ഇവിടെ ഉൾപ്പെടുത്തേണ്ട പൂക്കൾ .
1.ശവം നാറി പ്പൂ ..
2.ചൊറിയണ്ണത്തിന്റെ ഇല കുനു കുനാ അരിഞ്ഞത് ..
3.ആഫ്രിക്കൻ തഴുതാമ പ്പൂ ..
4.ഇലാമാ പ്പഴ മരത്തിന്റെ പ്പൂ ..
5.ഒതളങ്ങ പ്പൂ ..
6.കണ്ണ് സൂക്കേട് വരുത്തുന്ന പ്പൂ.
ഇതോടെ നമ്മുടെ ഗ്രൂപ്പിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതായിരിക്കും .
അപ്പൊ എല്ലാവരും തീർച്ചയായും പങ്കേടുക്കുമെന്ന വിശ്വാസത്തിൽ
ഏല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു .
Aneesh pt

ഏഴുമല പൂഞ്ചോല

Image may contain: 1 person, beard and indoor
.................................................
ഡാ ഇന്നു ശരിക്കുണ്ടോടാ ...
ഡാ നിയാണെ ഞാനാണേ മ്മടെ ഷഫീക്കാണെ സത്യായിട്ടും ഇന്നു ദൂരദർശനനിൽ രാത്രി ചിത്രഗീതത്തിൽ സ്ഫടികത്തിലെ ഏഴു മല പൂഞ്ചോല പാട്ടുണ്ട് ....
ദേ ഇത്രേം കേട്ടാ മതി എനിക്കു ...
മനുവിനു സന്തോഷമായി ...
കുറെ നാളായി ഞാനും മനുവും ഷഫീഖും ചിത്രഗീതത്തിൽ ഇതും നോക്കിയിരിക്കുന്നു ...
അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ പ്രാർത്ഥന കേട്ട ദൂരദർശൻ ഇന്നത്തെ ചിത്രഗീതത്തിൽ ഈ പാട്ടു ഉൾപ്പെടുത്തുന്നത് ...
ഷഫീക്ക് ഇന്നു ക്ലാസ്സിൽ എത്തീട്ടില്ല ...
വയറു വേദന ആണെന്നാ പറഞ്ഞെ അവന്റെ വീടിന്റെ അടുത്തുള്ള ചെക്കൻ പറഞ്ഞേ ...
വൈകീട്ടു സ്കൂൾ വിട്ടു ഞാനും മനുവും സൈക്കിളെടുത്തു ഷെഫീക്കിന്റെ വീട്ടിലേക്കു കുതിച്ചു ....
ആകാംക്ഷ ഒട്ടും ചോർന്നു പോകാതെ ഞങ്ങൾ അവനോടു കാര്യം പറഞ്ഞു ...
ഷെഫീക്കിനു സന്തോഷമായി.
വൈകീട്ടു വീട്ടിലെത്തിയ ഞാൻ കുളിച്ചു ചായയൊക്കെ കുടിച്ചു വളരെ സന്തോഷത്തോടെ ടിവിയുടെ മുന്നിലേക്കു ...
ധു ത്തു ത്തു (background music ) ചിത്രഗീതം ...
നമസ്ക്കാരം ഏല്ലാവർക്കും ചിത്രഗീതം പരിപാടിയിലേക്കു സ്വാഗതം .
ആദ്യ ഗാനം മോഹൻലാൽ അഭിനയിച്ച സ്ഫടികത്തിൽ നിന്നും ....
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ...
ആ ഏഴുമല പൂഞ്ചോലാലാലാ
മാമനുക്ക് മണിമാല ...
ബിഷ്യു ....
പോയി kseb ക്കാര് പണി പറ്റിച്ചു ...
വിങ്ങി പൊട്ടിയ മനസുമായി ഞാൻ അത്താഴം പോലും കഴിക്കാതെ കട്ടിലിൽ നിലം പൊത്തി ....
പിറ്റേന്നു ശനിയാഴ്ച്ച ക്ലാസ്സില്ലാത്തതിനാൽ രാവിലെ തന്നെ ഗ്രൗണ്ടിലേക്ക് വിട്ടു ...
ഞാൻ ചെല്ലുമ്പോൾ ഗ്രൗണ്ടിൽ മനുവും ഷഫീക്കും മൂകരായി
ഇരിക്കുകയാണ് ...
എന്നെ കണ്ട വഴി മനു എന്നോടു ചോദിച്ചു ...
ഇന്നലെ പാട്ടു തുടങ്ങിയപ്പോ തന്നെ കറണ്ട് പോയല്ലേ ...
ങേ നിന്റെ വീട്ടിലും പോയോ ..
പിന്നെ പോവാതെ കൊഞ്ചേടി
കൊഞ്ചേടി ഞാറ്റു മുത്തേ ദേ പോണു ...
ങേ അതെങ്ങനാടാ എന്റെ വീട്ടിലു മാമനുക്ക് മണിമാല വരെയാലോ കിട്ടീത് അപ്പോഴേക്കും വീട്ടില് പോയല്ലോ ..
ഇത് കേട്ട ഷെഫീക്ക് അവന്റെ ജിജ്ഞാസ ഞങ്ങളോട് പങ്കു വച്ചു ...
അത് ശരിയാണല്ലോ നിങ്ങടെ രണ്ടാൾടെ വീട് ഒരു രണ്ടു കുടിക്കപ്പുറമല്ലേ അപ്പൊ രണ്ടു പേരുടെയും വീട്ടിൽ ഒരേ സമയമല്ലേ പോണ്ടത് ...
ങേ ശരിയാണല്ലോ ഞാനും ഷഫീഖിന്റെ ജിജ്ഞാസയിൽ പങ്കു ചേർന്നു ...
ഡാ നമ്മുടെ ഒരേ ലൈൻ ആണു സമ്മതിച്ചു പക്ഷെ മ്മടെ വെവ്വേറെ പോസ്റ്റല്ലേ ...
മനു പറഞ്ഞത് ഞാനും ഷഫീഖും സമ്മതിച്ചു ...
അപ്പൊ നീ പറഞ്ഞത് ശരിയാ ഇവന്റെ വീട്ടില് മാമനുക്ക് മണിമാലയിൽ കരണ്ടു പോയി ആ കരണ്ടു ലൈൻ കമ്പിലൂടെ മ്മടെ സർക്കി ചേട്ടന്റെ കുടി വഴി വളഞ്ഞു വന്ന നേരം കൊണ്ട് നിന്റെ ടിവിയിൽ കൊഞ്ചേടി ഞാറ്റു മുത്ത് വരെ കിട്ടി ...
ഒരു കൊലപാതക കേസിനെ അനുസ്മരിപ്പിക്കുന്നതു പോലുള്ള ഷെഫീക്കിന്റെ കണ്ടെത്തൽ ഞങ്ങളിൽ അതിശയമുണർത്തി ...
അപ്പൊ ഷെഫീക്കെ നീയും കണ്ടില്ലേ ...
ബാപ്പ വീട്ടിലുണ്ടാർന്നു എന്നും എട്ടരയ്ക്ക് വരുന്ന ബാപ്പ ഇന്നലെ ഏഴിനു വന്നു...
വിധി അവനെയും തോൽപിച്ചു ....
ഞാവൽ പഴുത്തപ്പോ കാക്കക്കു വായ്പ്പുണെന്നു പറഞ്ഞ മാതിരിയ്യായി ഞങ്ങളുടെ അവസ്ഥ ...ഇനി അടുത്തെങ്ങും പൂഞ്ചോല ദൂരദർശനിൽ നോക്കണ്ടാ ...
ഇനിയെന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണ് ഷെഫീഖ് അതു പറഞ്ഞത് .
ഡാ പ്രതികരണം ...
എന്തു പ്രതികരണം ..
ഞാനും മനുവും ഒരേ സമയം പറഞ്ഞു ...
ഡാ നിങ്ങൾ ദൂരദർശനിലെ പ്രതികരണം പരിപാടി കണ്ടിട്ടില്ലേ ...
ഡാ നീ എന്താ ഉദ്ദേശിക്കുന്നെ ..
മനു നെറ്റി ചുളിച്ചു ...
ഇതു കേട്ടപ്പോൾ ഷെഫീക്ക് ഞങ്ങളുടെ മുന്നിൽ ഒരു അവതരണം ..
മാന്യ പ്രേക്ഷകർക്ക് പ്രതികരണം പരിപാടിയിലേക്കു സ്വാഗതം .
ചെങ്ങന്നൂരിൽ നിന്നും സുധി
സൂര്യ സുമേഷ് എന്നിവർ എഴുതുന്ന കത്ത് ..കഴിഞ്ഞ ആഴ്ചയിലെ എന്റെ പാചകത്തിൽ ഉള്ളി തീയൽ വെച്ചത് വളരെ മനോഹരമായിരിക്കുന്നു ...
ആദ്യമായാണ് ഉള്ളി തീയിലിട്ടു ചുട്ട് ഉള്ളി തീയൽ എന്ന വിഭവം ഉണ്ടാക്കുന്നത് കണ്ടത് ..വളരെയധികം ഈ ഉള്ളി തീയൽ ഞങ്ങളെ പുളകം കൊള്ളിച്ചു ..
വളരെ നല്ലൊരു പരിപാടിയായിരുന്നു അത് .. വരുന്ന ആഴ്ച്ച ഉള്ളിയുടെ ചേട്ടനായ സബോളയെ വെച്ചു ഈ പരിപാടി അവതരിപ്പിക്കണമെന്നു ഞങ്ങൾ അഭ്യർത്ഥിക്കുന്നു ....
നിങ്ങൾ നോക്കിക്കോ നമ്മളും
എഴുതും പ്രതികരണത്തിലേക്കു ...
എടാ ഇതൊക്കെ നടക്കോ ..
മ്മടെ പേരു വെച്ചു അതു നാണക്കേടാ മാത്രല്ലാ വീട്ടുകാരറിഞ്ഞാൽ തല പോകും ..
ഞാൻ അൽപ്പം ഭയത്തോടെ പറഞ്ഞു ...
അതൊക്കെ എനിക്കു വിട് ഞാൻ ഒരു സാംപിൾ തിങ്കളാഴ്ച ക്ലാസ്സിൽ വരുമ്പോൾ ഒരു പേപ്പറിൽ എഴുതി കൊണ്ടു വരുന്നുണ്ട് ...
തിങ്കളാഴ്ച ഷെഫീക്ക് ക്ലാസിലെത്തിയപ്പോൾ ഞാനും മനുവും സാംപിളിനെ കുറിച്ച് ചോദിച്ചു ...
ഒക്കെ റെഡിയായിട്ടുണ്ട് ഇന്ട്രെവലിനു കാണിക്കാന്നു ഷെഫീഖ് ഞങ്ങളൊടു പറഞ്ഞു ...
ക്ലാസ് ടീച്ചർ വന്നു ഹാജർ എടുത്തു ...
ടീച്ചർ ഷെഫീക്കിന്റെ ഹാജർ എടുത്തപ്പോൾ ഷെഫീക്കിനോടു കഴിഞ്ഞ ദിവസത്തെ ലീവ് ലെറ്റർ തരാൻ പറഞ്ഞു ...
ഷഫീക്ക് ബുക്കിന്റെ ഇടെന്നു ഒരു പേപ്പർ മടക്കു എടുത്തു കൊടുത്തു ...
ടീച്ചർ ലീവ് ലെറ്റർ വായിച്ചതും ഷഫീക്കിനെയും കൊണ്ട് കലിപ്പില് നേരെ പുറത്തേക്കു പോയി ..
ഞങ്ങൾക്കൊന്നും മനസിലായില്ല ...
കുറച്ചു കഴിഞ്ഞു ടീച്ചർ വന്നു എന്നെയും മനുവിനെയും കൂട്ടിക്കൊണ്ടു പോയി ...
ഞങ്ങൾ ചെല്ലുമ്പോൾ ഷെഫീക്ക് പ്രിൻസിപ്പലിന്റെ മുന്നിൽ കിടന്നു വിറക്കാണ് ..
നിങ്ങളും ഉണ്ടോടാ ഇവന്റെ കൂടെ ഞങ്ങളെ കണ്ട വഴി പ്രിൻസിപ്പൽ ചൂടായി ...
ഇല്ല സാർ ഞങ്ങൾ ഒന്നിച്ചു പറഞ്ഞു ...
അപ്പൊ ഇവൻ നിങ്ങളും ഉണ്ടെന്നാലോ പറഞ്ഞെ ...
സാറിന്റെ ഒച്ച പൊന്തി ...
ഞങ്ങൾ ഞങ്ങളില്ല സാർ ..
ഞങ്ങൾ വീണ്ടും പറഞ്ഞു ..
സത്യത്തിൽ ഞങ്ങൾക്കൊന്നും മനസിലായില്ല ...
ഉം പൊക്കോ ...
ഞങ്ങൾ തിരിഞ്ഞു നടന്നപ്പോൾ ...
പടെ പടെ നാലടി കേട്ടു ..
തിരിഞ്ഞു നോക്കിയപ്പോ ഷെഫീക്കിന്റെ ദീനമായ നോട്ടം ഞങ്ങളുടെ നേർക്കു
എന്തിനാ ?
എന്താ അവൻ ചെയ്ത കുറ്റം ?
flashback ..
അതു പറയണമെങ്കിൽ അവൻ ടീച്ചർക്ക് കൊടുത്ത ലീവ് ലെറ്റർ തുറക്കണം ...
"
പ്രിയപ്പെട്ട പ്രതികരണം പരിപാടിയിലേക്ക് ഞങ്ങൾ ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകരാണ് ...കഴിഞ്ഞ ആഴ്ച്ച പ്രേഷേപണം ചെയ്‌ത ചിത്രഗീതത്തിൽ സ്ഫടികത്തിലെ" ഏഴു മല പൂഞ്ചോല മാമനുക്കു മണിമാല" എന്ന ഗാനം ചില കാരണങ്ങൾ കൊണ്ടു ഞങ്ങൾക്കു കാണാൻ സാധിച്ചില്ല അതുകൊണ്ടു വരുന്ന ആഴ്ചയിലെ ചിത്രഗീതം പരിപാടിയിൽ സ്ഫടികത്തിലെ "ഏഴു മല പൂഞ്ചോല" എന്ന ഗാനം ഉൾപ്പെടുത്തണമെന്നു ഞങ്ങൾ അഭ്യർത്ഥിക്കുന്നു ..
എന്ന് ...
കുറുമശേരിയിൽ നിന്നും .
സുഗതൻ (ഞങ്ങടെ പ്രിൻസിപ്പൽ )
രാധമണി (ഞങ്ങടെ ക്ലാസ് ടീച്ചർ )
ഇന്ദുമതി (ഹിന്ദി ടീച്ചർ )
സുകുമാരൻ (കണക്കു സാർ )
ലോനപ്പൻ (p t a പ്രെസിഡണ്ട് )
കവിത (ഉച്ച കഞ്ഞി വെക്കണ ചേച്ചി )..
അങ്ങനെ ഞങ്ങടെ സ്കൂളിൽ ഇപ്പൊ പഠിപ്പിക്കുന്നതും റിട്ടയേർഡ് ആയി പോയവരുടെയും ഒരു നീണ്ട നിര തന്നെ ഷെഫീക്കിന്റെ സാംപിൾ പ്രതികരണം കോപ്പിയിൽ ...
ലീവ് ലെറ്റെരെന്നും പറഞ്ഞു പഹയൻ കൊടുത്തതു മാറിപ്പോയി ...
ഇനി ഇവന്റെ ഡിസ്‌മിഷൻ ഒഴിവാക്കാൻ ഞങ്ങളും എഴുതാൻ പോവാ ...
മുഖ്യ മന്ത്രിയുടെ സുതാര്യ കേരളത്തിലേക്കു ....
Aneesh. Pt

ഒരു മകന്റെ രോദനം..

Image may contain: 1 person, selfie, beard, closeup and indoor
......................................
പ്രിയപ്പെട്ട എന്റെ കുടുംബാംഗങ്ങൾ അറിയുവാൻ . ഞാൻ നാടു വിട്ടു പോകുന്നു.
.എന്നെ ആരും അന്വേഷിക്കണ്ട ഞാൻ ദൂരെ എവിടെയെങ്കിലും പോയി പിച്ചയെടുതായാലും ജീവിച്ചോളാം.
.നിങ്ങൾക്കൊക്കെ ഒരു ശാപമായി ഞാൻ ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല.
.പിന്നെ അച്ഛനോട് '"
അച്ഛാ ഇന്നലെ നിങ്ങളെന്നെ ഒരു കുടിയനാക്കി.അതിൽ തികച്ചും ഞാൻ ഒരു നിരപരാധി മാത്രമാണച്ച, അല്ലേൽ നിങ്ങളെനിക്ക് മുൻപ് പെപ്സി മേടിച്ചു തന്നു ശീലിക്കണമായിരുന്നച്ഛ,
ശീലിക്കണമായിരുന്നു.
മേലാൽ ജവാൻ പെപ്സിയുടെ ഒഴിഞ്ഞ കുപ്പിയിൽ ആക്കി കൊണ്ടുവരരുത് അച്ഛാ.
.ഇത് ഒരു മകന്റെ അപേക്ഷയാണ് അല്ലേൽ നാളെ എന്റെ പെങ്ങളെയും നിങ്ങൾ കുടിയത്തി ആക്കും .പാവം ആ ചന്ദന മഴ സ്വസ്ഥമായി കണ്ടോട്ടെ .*&$*
പിന്നെ അമ്മയോട് '"
നിങ്ങൾ ചെയ്തതും ഒട്ടും ശരിയായില്ലമ്മേ ഒട്ടും ശരിയായില്ല .?
ഞാനും ഒരു മനുഷ്യനല്ലേ .പലിശക്കാരൻ അണ്ണാചിക്കു കൊടുക്കാൻ തന്ന പൈസ അയാളുടെ ഒപ്പിട്ടു ഞാൻ മാറ്റിയെന്നത് ശരിയാ അതിനു തീകുംബം വച്ചു നിങ്ങൾ എന്റെ ചുണ്ട് പൊള്ളിച്ചു..*&%$#
.രണ്ടു ദിവസം പല്ലു തേക്കാതെ കഞ്ഞി കുടിക്കേണ്ടി വന്നു ...
എന്നിട്ടും തീരണില്ലല്ലോ'"ത്രികോണേ എന്ന എന്റെ ചുണ്ട് കണ്ട രമ ചേച്ചിയോട് നിങ്ങൾ എന്താ പറഞ്ഞേ അവനെ ഉറക്കത്തിൽ പാറ്റ നക്കിയതാണെന്ന് ..
ഈ ആയുസില് രമ ചേച്ചി ഇങ്ങനെ ചിരിച്ചു ഞാൻ കണ്ടിട്ടില്ല .പോരാത്തതിന് നാട്ടില് നോട്ടീസ് ആക്കുകയും ചെയ്തു .
എടി സുധേ '"
ഞാൻ നിന്റെ എട്ടനല്ലെടി '"നിന്നിൽ നിന്നും ഞാൻ ഇതൊട്ടും പ്രതീഷിച്ചില്ല..
.മുംതാസിനു ഞാൻ തന്ന ലവ് ലെറ്റർ നീ രമണിക്ക് കൊടുത്തു..
.കമ്പി പാരക്കു അവളുടെ ആങ്ങള അടിച്ച അടി ഹൊ ...******
എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല, ഇപ്പോഴും ഒരു കളങ്കവുമില്ലാത്ത മനസിന് ഉടമയാണ് ഞാൻ. പിന്നെ എല്ലാവരും എന്നോട് ഷമിക്കണം .ഞാൻ ഈ നാടുവിട്ടു പോകുന്നു. ആരും എന്നെ തിരക്കി വരണ്ട എന്ന് പ്രതേകം പറയുന്നു. പുതിയൊരു നാട്ടിൽ ചെന്നു പുതിയൊരു ജീവിതം, ആ പിന്നെ തെക്കേലെ വാസന്തി ചേച്ചിടെ മോളെയും കൂടി കൊണ്ടു പോകുന്നുണ്ട് .ഞങ്ങളേ നിങ്ങൾ എല്ലാവരും അനുഗ്രഹിക്കും എന്നു കരുതുന്നു.
ഒരു വഴിക്കു പോകുന്നതല്ലേ അരി പാട്ടയിൽ 'അമ്മ ഒളിപ്പിച്ച പൈസയും തകരപ്പാട്ടയിൽ നിന്നും അച്ഛൻ ചിട്ടി പിടിച്ചതും, കുടുക്കയിൽ പാദസരം മേടിക്കാൻ സുധ കൂടിയതും ഞാൻ വളരെ സന്തോഷത്തോടെ എടുക്കുന്നു.
എന്ന് സ്വന്തം
മകൻ.

ANeesh PT

ത്യോഹാർ

Image may contain: 1 person, selfie and closeup
..................
ഒരു വൈകുന്നേരം ഞാൻ വീട്ടില് ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ അമ്മാവന്റെ മൂത്ത പുത്രൻ ഓടി വന്നിട്ട് പറയാ ...
മാമ, എനിക്കു ഹിന്ദിയിലൊരു കുറിപ്പ് എഴുതാൻ സഹായിക്കോ ..
സത്യത്തിൽ അവന്റെ ചോദ്യം കേട്ട് ഞാൻ ആദ്യമൊന്നു പകച്ചെങ്കിലും അച്ഛനും ചേട്ടനും തൊട്ടടുത്ത് ഇരിക്കുന്നതിനാൽ എന്റെ അഭിമാനത്തെ ഓർത്തു ഞാൻ ആ ഉദ്യമം ഏറ്റെടുത്തു ...
ഇതൊക്കെ എന്ത് എന്ന മുഖഭാവത്തോടെ ഒരല്പ്പം പരുക്കത്തോടെ ഞാൻ അമ്മാവന്റെ മോനോട് ചോദിച്ചു ..
എന്താടാ ടോപിക്‌ ..
ഞാൻ ടോപിക്‌ എന്ന് പറഞ്ഞപ്പോൾ അവൻ ഞെറ്റി ചുളിച്ചു ..
അവനു ടോപിക്കിന്റെ അര്ത്ഥം മനസിലായില്ല എന്ന് എനിക്ക് ബോധ്യായി ..ആറിൽ പഠിക്കണവന് എന്ത് ടോപിക് .
ഡാ വിഷയമെന്താന്നു ..
കേരൾക്ക തൊഹ്യാർ ..
എന്റെ നിർവം തലയിൽ ഒരു മിന്നലുണ്ടായി ..
ഞാൻ ഒന്നൂടി ചോദിച്ചു ..
ഏന്തുന്നു കേരൾക്കാ ..
ഒരൽപ്പം സങ്കോചത്തോടെ അവൻ മറുപടി പറഞ്ഞു ..
തൊഹ്യാർ..
ഈശ്വാരാ ചെക്കൻ വലിയൊരു ഉൽക്കയും കൊണ്ടാണല്ലോ വന്നത് ..
ഛേ എക്കണ്ടാർന്നു എന്ന് എനിക്ക് തോന്നിപ്പോയി ..
മാമൻ പറഞ്ഞോ ..
എന്റെ വായിൽ നിന്നും പുറത്തു ചാടുന്ന ഹിന്ദി വാക്കുകൾ നോട്ട് ബുക്കിലോട്ടു പകർത്താൻ അവൻ റെഡിയായി കഴിഞ്ഞിരിക്കുന്നു ..
മാമ, പറ വേഗം ..
സ്കൂളിൽ എന്നെ പഠിപ്പിച്ച സകല ഹിന്ദി അധ്യാപകരെയും മനസ്സിൽ ധ്യാനിച്ചു ഞാൻ പറഞ്ഞു ..
ഉം എഴുതിക്കോ ...
ഞാൻ എഴുതിക്കോ എന്നും പറഞ്ഞതും ചേട്ടൻ ടിവിയുടെ ഒച്ച കുറച്ചു ..അച്ഛൻ ചെവി കൂർപ്പിച്ചു ..അടുക്കളയിൽ മിക്സിയിൽ തേങ്ങ അരച്ചുകൊണ്ടിരുന്ന 'അമ്മ മിക്സി ഓഫാക്കി ..
ആകെ നിശ്ചലം ...
കേരൾക്കാ തൊഹ്യാർ ഓണം ഹെ ...
ഹാച്ചി...":;!*"'
ആദ്യത്തെ തുമ്മൽ ചേട്ടന്റെ വക ..
സത്യത്തിൽ ചേട്ടൻ എന്നെ കളിയാക്കി ഹാച്ചിതാ ...ഹും ..
ഓണം കേരൾക്കാ ബഡാ തൊഹ്യർ ഹെ ..
ക്കു ക്കു ക്കു ...
എടിയേ കൊറച്ചു വെള്ളമിങ്ങെടുത്തേ ..
അച്ഛന് പെട്ടെന്നൊരു ചുമ ..
സത്യത്തിൽ അച്ഛനും ഒന്നാക്കിയതാണോ ...ഹും ..
എന്തായാലും ചെക്കൻ ഞാൻ പറഞ്ഞ രണ്ടു വാചകങ്ങളും സ്വർഗം കിട്ടിയ പോലെ ബൂകിലെഴുതി ചേർത്തു ..
ഓണം ദസ് ദിവസ്ക്ക തൊഹ്യർ ഹെ ...
ഇത്തവണ അടുക്കളയിൽ നിന്നും അമ്മയുടെ വക മീൻ വറക്കുന്ന ചട്ടിയിൽ രണ്ടു തട്ടും ഒരു ഹാച്ചിയും ..
അമ്മയും കൂടി ആക്കിപ്പോ ഞാൻ കേരളക്കാ തൊഹ്യർ അവിടെ നിർത്തിയിട്ടു പറഞ്ഞു ..
പൊന്നു മോനെ ബുക്ക് അവിടെ വച്ചിട്ട് മോൻ പൊക്കോ മാമൻ എഴുതി വച്ചേക്കാം ..
അല്ല പിന്നെ കുറച്ചു ഹിന്ദി പറഞ്ഞപ്പോ എല്ലാവർക്കും ചുമയും തുമ്മലും ..
ബാക്കിയുള്ളോന് ഇച്ചിരി ഹിന്ദി അറിയാന്നെ ...
അതിനു ഇങ്ങനെ പുച്ഛിക്കണോ ....
ഇവരോടൊക്കെ ഒന്നേ എനിക്ക് പറയാനൊള്ളൂ ..
പൽദേസി പൽദേസി
ജന നഹി
മുജേ ചോടുക്കോ
മുജേ ചോടുക്കോ
പൽദേസി മേരെ യാറ
വാതാപി ജാന ...

by Aneesh PT

ബ്ലും

കുറച്ചങ്ങോട് കേറിയിരിടാ ...
ഡാ ഇതാടാ മാക്സിമം ഇനി കേറിയ കാര മുള്ളു കുത്തിക്കേറും ....
ശെടാ ഇന്നലെ വെറുതെ ഇരുന്നപ്പോ നിനക്കി കാരമുള്ള് വെട്ടിക്കളഞ്ഞൂടെ ..
ഉവാട നിനക്കു കുളിസീൻ കാണാൻ ഞാൻ ഇവിഡൊക്കെ വെട്ടിയൊതുക്കി സ്റ്റേഡിയമാക്കി തരാഡാ ...
ശൊ മിണ്ടാതിരിടാ നശൂലങ്ങളെ ആരേലും ഒച്ച കേട്ടു കണ്ടു പിടിച്ചാൽ പിന്നെ രണ്ടു ശവം ഇവിടെ പൊങ്ങും ....
രണ്ടു ശവൊ അപ്പൊ നിയോ ...
ഞാൻ ഓടി രക്ഷപെടും ...
ഞങ്ങൾക്കെന്താ കാലില്ലേ ഞങ്ങളും ഓടും അല്ല പിന്നെ ....
നീയൊക്കെ ഓടോ ചാടോ എന്തേലും ചെയ്യ് എന്റെ ദൈവങ്ങളെ ഏത് നേരത്താണോ ഇവന്മാരേം കൂട്ടാൻ തോന്നിയെ ....
എടാ ആരാ ആദ്യം വരണേ
തെക്കേലെ സീത ചേച്ചിയാണോ ...
സീത ചേച്ചി തോട്ടിലെ കുളി നിർത്തീടാ ...
ശൊ വല്ലാത്തൊരു നഷ്ട്ടായി പോയി .....
ആട്ടെ മ്മടെ സുമേച്ചി വരോ ...
ഏത് സുമ മ്മടെ തെങ്ങു കേറണ സുരേഷേട്ടന്റെയോ ...
ആ അതന്നെ ...
സുമേച്ചിക്കു ചിക്കെൻ ഗുനിയ വന്നേപ്പിന്നെ ഒരാഴ്ചയായി കണ്ടിട്ട് ....
ശൊ കോപ്പിലെ ഗുനിയ വരാൻ കണ്ട നേരം ...
ഉള്ളേല് നല്ലൊരു പീസു തോട്ടിലെ കുളീം നിറുത്തി
മറ്റേതിനാണേൽ ഗുനിയെം വന്നു ....
ഇനീപ്പോ ആരാ ...
ആരാ ....
ദേ ദിവന്റെ അടുത്ത് ചോദിക്കു ഇവനല്ലേ തോട്ടിലെ സെൻസെസിന്റെ ആള് ...
ഡാ നിങ്ങളിങ്ങനെ ബേജാറാവല്ലേ ഇപ്പൊ വരും ...
ആര് ?...
ആരെടാ ?...
നമ്മുടെ മെമ്പറു രാധേച്ചി ...
എന്റമ്മൊ രാധേച്ചിയോ ....
ഏത് പഴയ മെമ്പറോ ...
എടാ രണ്ടു നില വീട്ടിൽ മോളിലും താഴെയുമായി നാല് ബാത്റൂമുള്ള ആ പെണ്ണുംപിള്ള ഈ തോട്ടിലോ ....
അതേടാ മോനെ വരുന്ന പഞ്ചായത്തു ഇലെക്ഷനില് രാധേച്ചി മത്സരിക്കുന്നുണ്ട് അതിന്റെ മുന്നോടിയായി ഒരു സൗഹൃദം പുലർത്തലാ ഈ തോട്ടിലെ നീരാട്ട് ....
ഇക്കണക്കിനു രാധേച്ചി ഈ പൊന്തക്കാട്ടിനു വോട്ടു കുറെ പിടിക്കും ...
എട ഇന്നലെ ആരൊക്കെ വന്നെടാ ...
ഒന്നും പറയേണ്ടെടാ ഇന്നലെ ഒരു കരിഞ്ഞ ദിവസായിരുന്നു
രാവിലെ ആരേം കണ്ടില്ല ഉച്ചക്ക് വന്നിട്ടും ഉണ്ടാരുന്നില്ല പിന്നെ പോവാൻ തുടങ്ങിയപ്പോ ദേ ആ നാണി തള്ള വരുന്നു ...
ഏത് ശങ്കരന്റെ അമ്മൂമ്മയോ ...
ഉം അതന്നെ ...
എന്നിട്ടു നീ എന്ത് ചെയ്തു ...
എണിറ്റു പോരാൻ പറ്റോ തള്ള കണ്ടാൽ നാറ്റിച്ചു കയ്യിൽ തരും ....
എന്നിട്ടു നീ എന്ത് ചെയ്തേടാ ...
ഞാൻ കണ്ണടച്ചിരുന്നു അത്രേന്നെ ...
ഉവ്വേ ഉവ്വേ ...
ഒന്ന് പോടാ ഞാൻ അത്രയ്ക്ക് ചെറ്റയല്ല ...
പിന്നെ രണ്ടാളോടും കൂടി പറയുകയാ റേഷൻ കടക്കാരൻ വറീതേട്ടന്റെ സ്റ്റെല്ലേച്ചി വരുമ്പോ ആരും അനങ്ങരുത് കൂടെ ഒരു പട്ടി കാണും ഇന്നാള് ഞാൻ ഒന്നനങ്ങിയതാ ആ പട്ടി ഇങ്ങോട് നോക്കി ഉടുക്കത്ത കുര ....
അന്ന്‌ കാർന്നോമ്മാരുടെ പുണ്യം കൊണ്ട ഞാൻ രെക്ഷപെട്ടേ ....
ഉം" കാർന്നോമ്മാരെ " എന്തിനാടാ വെറുതെ കാർന്നോമ്മാരെ ഇതിലേക്കു വലിച്ചിഴക്കണെ ...
ഡാ അത് നോക്കിയേ അരിവാളും വെട്ടുകത്തിയും തൂമ്പയുമായി ഒരു ജാഥ വരണു ...
ശരിയാണല്ലോ ...
എടാ അതു ജാതയല്ല. തൊഴിലുറപ്പ് പെണ്ണുങ്ങൾ ആണെട.
നേതാവേ അവരിങ്ങോട്ടെന്ന തോന്നുന്നേ.
ഈശ്വരാ ഇന്നത്തെ ഇവരുടെ തൊഴിലുറപ്പ് ഈ കുറ്റിക്കാട്ടിൽ ആണോ.
നേതാവേ ഇനിയിപ്പോ നമ്മൾ എന്ത് ചെയ്യും.
ഇനി ഒന്നും നോക്കാനില്ല മാനം പോവാണ്ട് വേഗം
മുണ്ടൂരി മുഖത്തു കെട്ടി ചാടി നീന്തിക്കോടാ ...നേതാവേ..
ദേ ഞാൻ ചാടി..
ബ്ലും ...
ദേ ഞങ്ങളുണ്ട് ...
ബ്ലും ..
ബ്ലും .....
Aneesh pt

തൃശൂർ

"തൃശൂർ ഉള്ളവരൊക്കെ ഒന്ന് ഇൻബോക്സിൽ വായോ.
ഞാൻ തൃശൂർ ഉണ്ടേ ".
ഫേസ്ബുക്കിലെ യുവ എഴുത്തുകാരിയും പുരുഷ കേസരികളുടെ രോമാഞ്ചവുമായ
വസുന്ധര വാരിജാക്ഷന്റെ ടൈം ലൈൻ 
പോസ്റ്റ്‌ കണ്ടു എല്ലാവരും ഒന്നു ഞെട്ടി.
കോട്ടയത്ത്‌ റബ്ബർ വെട്ടിക്കൊണ്ടിരുന്ന മത്തായിചൻ വസുന്ധരയുടെ പോസ്റ്റ്‌ കണ്ടു വെട്ട് പാതി വഴിക്ക് നിർത്തിയിട്ടു നേരെ വസുന്ധരയുടെ
ഇന്ബോക്സിലേക്കെത്തി.
' വസു, തൃശൂർ എന്താ പരിപാടി.
ഞാൻ ഇവിടെ ഒരു ഫങ്ഷന് വന്നതാണ്‌ മത്തായിച്ച '
വസു ഒറ്റയ്ക്കാണോ അതോ കൂടെ വേറെ ആരെങ്കിലും.
ഞാൻ ഇവിടെ ഒറ്റയ്ക്ക് കട്ട പോസ്റ്റാണ് മത്തായിച്ച.
ഇതു കേട്ടതും മത്തായിച്ചന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
വസു മ്മള് തൃശ്ശൂർ ഉണ്ടാവുട്ടോ എന്നു തിരിച്ചു റിപ്ലേ കൊടുത്തു മത്തായിച്ചൻ അടുത്ത വണ്ടിക്കു നേരെ തൃശൂർക്ക് വിട്ടു.
വസുവിന്റെ പോസ്റ്റ്‌ കണ്ട തിരുവനന്തപുരത്തു കാരൻ കൃഷ്ണ സ്വാമിയുടെ കണ്ണ് തള്ളി. അടുത്ത മലബാർ എസ്പ്രെസ്സിനു കൈ കാണിച്ചു.
കൊല്ലത്തുകാരൻ കണാരൻ മുതലാളി വസുവിനു പത്തു പൊതി കശുവണ്ടി പരിപ്പ്
പൊതിഞ്ഞെടുക്കാൻ മറന്നില്ല.
ആലപ്പുഴക്കാരൻ തൊമ്മിച്ചൻ രണ്ടു കിലോ ചെമീനും, കൂരിയും, ചൂരയും, കരിമീനും, കുറച്ചു ഞണ്ടുമെടുത്തു വസുവിനു വേണ്ടി ബാഗിൽ നിറച്ചു.
ഇടുക്കിക്കാരൻ വറീത് മുതലാളി, തന്റെ വസുവിന് കൊടുക്കാൻ മൂന്നാറിലെ ചായപ്പൊടിയും, ഏലവും, കുരുമുളകും,
കൈത ചക്കയും വാനിൽ കയറ്റി നൂറെ നൂറിൽ തൃശ്ശൂർക്ക് പെടച്ചു.
കൊച്ചിക്കാരൻ ബഡ്‌ഡി മമ്മദ് ബ്രോ നേരെ ലുലു മാളിൽ വന്നു ഒരു പെണ്ണിന് വേണ്ട സകല മേക്കപ്പ് സാധനങ്ങളും കൂട്ടത്തിൽ ഭീമയിൽ നിന്നും ഒരു അഡാറു നെക്ലേസും വാങ്ങി നേരെ വസുവിനെ കാണാൻ തൃശ്ശൂർക്ക് വിട്ടു.
വായനാടുകാരൻ ക്‌ളീറ്റസ് വസുവിനു വേണ്ടി നല്ല അസ്സല് തേൻ നെല്ലിക്കയും, വൻ തേനും
ശീമ കപ്പക്കിഴങ്ങും കൊണ്ടാണ് തൃശ്ശൂർക്ക് വണ്ടി കയറിയത്.
കോഴിക്കോടുകാരൻ ഷുക്കൂര് നല്ല മുന്തിയ ഇനം അക്തറും, രുചിയുള്ള കോയിക്കോടൻ അലുവയും, വസുവിനു ബിരിയാണി ബെക്കാൻ നല്ല ബസുമതി അരിയും കൊണ്ട് ട്രെയിനിൽ കയറി.
മലപ്പുറത്ത്‌ തട്ടു കട നടത്തുന്ന സുലൈമാൻ തന്റെ കടക്കു രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
തൃശ്ശൂരിലേക്കുള്ള ksrtc യിൽ ഇടം പിടിച്ചു.
എല്ലാ ഒലിപ്പീരുകളും വന്നു തൃശൂർ ശക്തൻ സ്റ്റാൻഡ് തൃശ്ശൂർ പൂരമാക്കി. ചക്കയും മാങ്ങയും എന്നു വേണ്ട ഒതളങ്ങ വരെ കൊണ്ടുവന്ന മഹാരഥൻമ്മാർ നിമിഷ നേരം കൊണ്ടു ശക്തൻ സ്റ്റാൻഡ് ഒരു പച്ചക്കറി ചന്ത പോലെ.
എല്ലാരും കൂടി വസുവിനെ തിരഞ്ഞു ശക്തൻ സ്റ്റാൻഡിന്റെ തെക്കോട്ടും വടക്കോട്ടും നടന്നു.
വാസുവിനെ തിരിഞ്ഞു വന്നവരെല്ലാം ഷീണിച്ചു അന്തം കുത്തി ശക്തൻ സ്റ്റാൻഡിന്റെ ഒരു മൂലയിലിരുന്നു.
വസുവിനെ കാണാത്ത സങ്കടത്തിൽ എല്ലാവരും മൊബൈൽ എടുത്തു വസുവിന്റെ ഇൻബോക്സിലെത്തി.
വസു,where are you ?
എല്ലാരും കൂടെ ഒറ്റ ചോദ്യം ആയിരുന്നു.
പച്ച ലൈറ്റോടെ ഓൺലൈനിൽ കത്തി നിന്നെങ്കിലും വസു ആർക്കും റിപ്ലേ കൊടുത്തില്ല.
ഏകദേശം ഒരു മിനുറ്റു കഴിഞ്ഞില്ല വസുവിന്റെ അടുത്ത പോസ്റ്റ്‌ എ ഫ് ബിയിൽ
പ്രത്യക്ഷപ്പെട്ടു.
'ആരെങ്കിലും കൊല്ലത്തുണ്ടോ,,
കൊല്ലത്തുള്ളവർ ഇൻബോക്സിൽ വരിക.
ഇതു കണ്ട കൊച്ചി ബ്രോ മമ്മദ് പറഞ്ഞു.
"ഇവള് മുഴുത്ത കഞ്ചാവാണ് '
ശേഷം തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ വിഷു ചന്തയാർന്നു.
വസുവിനു കണി വെക്കാൻ കൊണ്ടുവന്ന എല്ലാം സാധനങ്ങളും ചുളു വിലക്ക് വിറ്റു പോയിന്നു കേട്ടു.
Aneesh pt

അവൾ

അവൾ
......................
"ഭൂമിയുടെ ഓരോ സ്പന്ദനവും
കണക്കിലാണെന്ന് ' എന്ന സ്ഫടികത്തിലെ ചാക്കോ മാഷിന്റെ ഡയലോഗിനെ ശരി വെക്കുന്ന
രീതിയിലായിരുന്നു ഒൻപതാം ക്‌ളാസ്സിലേക്കു പുതിയതായി വന്ന ബിന്ദു ടീച്ചറിന്റെ ഓരോ ക്ലാസും.
എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ ഞാൻ ഇത്രയേറെ ഭയന്നൊരു സബ്ജെക്ട് വേറെയില്ല. ഇപ്പൊ
നിങ്ങളെല്ലാവരും കരുതും ഞാൻ ബാക്കിയുള്ള എല്ലാ വിഷയത്തിനും ടോപ്‌ ആണെന്ന്.
എങ്കിൽ അത് നിങ്ങളുടെയെല്ലാം വെറുമൊരു തെറ്റ്ധാരണ മാത്രമായിരിക്കും എന്നു ഞാൻ ബോധിപ്പിച്ചു കൊള്ളുന്നു.
മറ്റുള്ള വിഷയങ്ങൾ ഞാൻ എങ്ങനെയെങ്കിലും പാസ്സാവുമെങ്കിലും
' കണക്കു ' എന്നും എനിക്കൊരു ബാലികേറാ മലയായിരുന്നു.
പുതിയതായി വന്ന ബിന്ദു ടീച്ചർ ആണെങ്കിൽ കണക്കിന്റെ കാര്യത്തിൽ കുട്ടികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറായിരുന്നില്ല.
എന്നും ടെസ്റ്റ്‌ പേപ്പർ നടത്തുക, കുട്ടികളെ കൊണ്ടു കണക്കു ബോർഡിൽ ചെയ്യിപ്പിക്കുക ഇതൊക്കെ അവരുടെ സ്ഥിരം വിനോദങ്ങളായിരുന്നു.
എന്നെ പോലെ അഞ്ചാറു പേർ ടീച്ചറിന്റെ സ്ഥിരം വേട്ട മൃഗങ്ങൾ ആയിരുന്നു എന്നു പറയാം.
ബോർഡിലെ കണക്കു തെറ്റി കഴിഞ്ഞാൽ കയ്യിൽ നല്ല അസ്സല് ചൂരൽ കഷായം കിട്ടും. ഇങ്ങനെ ആഴ്ചയിൽ ഒരു മൂനാലഞ്ചു അടി ഞാൻ മുടങ്ങാതെ വാങ്ങാറുണ്ടായിരുന്നു.
എന്നും അടി വാങ്ങി വീട്ടിൽ വരുമ്പോഴും അടുത്ത ദിവസമെങ്കിലും വാങ്ങാതിരിക്കാൻ ഞാൻ കണക്കു ബുക്കിനെ ആർത്തിയോടെ മറച്ചു നോക്കും പക്ഷെ ലാസകുവും ലഖുകരണവും എന്നെ നോക്കി പല്ലിളിച്ചു കാണിക്കും.
ചൂരൽ സുഖം അനുഭവിക്കാത്ത കണക്കു ക്ലാസ്സ്‌ എന്നും എന്റെ സ്വപ്നത്തിൽ മാത്രമായിരുന്നു.
എന്നും കീട്ടുന്ന അടി എനിക്കും എന്റെ ആത്മ മിത്രങ്ങൾക്കും വഴിപാട് കഴിക്കാതെ കിട്ടുന്ന പ്രസാദം കണക്കെ ആയി മാറിയിരുന്നു.
ഒരു ദിവസം ലഘൂകരണം ചാപ്റ്ററിന്റെ ടെസ്റ്റ്‌ പേപ്പർ നടക്കുകയായിരുന്നു.
പുസ്തകത്തിൽ നിന്നും മറച്ചും തിരിച്ചും
ബിന്ദു ടീച്ചർ ഒരു പത്തു ചോദ്യങ്ങൾ കുട്ടികൾക്ക് കൊടുത്തു.
എത്ര തല പുകച്ചിട്ടും എനിക്ക് ഒന്നു പോലും ശരിയാക്കാൻ സാധിച്ചില്ല.
പത്തിൽ അഞ്ചണ്ണമെങ്കിലും ശരിയാക്കുന്നവർ ചൂരൽ കഷായത്തിൽ നിന്നും രക്ഷപെടും.
അര മണിക്കൂർ സമയം കഴിഞ്ഞപ്പോൾ എല്ലാവരുടെയും എഴുത് നിർത്താൻ ഓർഡർ കിട്ടി.
ആണുങ്ങളുടെ പേപ്പർ ജെൻസണും പെണ്ണുങ്ങളുടെ പേപ്പർ റിയയും കളറ്റ് ചെയ്തു. ശേഷം ജെൻസൺ ആണുങ്ങളുടെ പേപ്പർ റിയക്കും റിയ പെണ്ണുങ്ങളുടെ പേപ്പർ ജെൻസണും കൈമാറി. ആൺകുട്ടികളെ ബിന്ദു ടീച്ചറിന് തീരെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ആണുങ്ങളുടെ പേപ്പർ പെണ്ണുങ്ങളും പെണ്ണുങ്ങളുടെ പേപ്പർ ആണുങ്ങളും നോക്കുന്ന സമ്പ്രദായം കൊണ്ടു വന്നത്.
എല്ലാം ചോദ്യങ്ങളുടെ ഉത്തരങ്ങളും
ടീച്ചർ ബോർഡിൽ എഴുതി. ഞങ്ങൾ അത് ബുക്കിൽ പകർത്തിയെടുത്തു.
വൈകീട്ട് വീട്ടിൽ ചെന്നിട്ടാണ് ബുക്ക്‌ നോക്കി പേപ്പർ വാലുവേഷൻ നടത്തുന്നത്.
എനിക്ക് കിട്ടിയ അഞ്ജലിയുടെ പേപ്പറിൽ ഏഴെണ്ണം ശരിയായിരുന്നു.
ഇവളൊക്കെ ഇത് എങ്ങനെ സാധിക്കുന്നു എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
എന്റെ പേപ്പർ കിട്ടുന്നവൾക്കു കൂടുതൽ ഒന്നും കുത്തിയിരുന്ന് നോക്കേണ്ടി വരുന്നില്ല എന്നാലോചിക്കുമ്പോൾ എനിക്ക് തന്നെ അറിയാതെ ചിരി വന്നു പോയി.
പിറ്റേന്ന് ബിന്ദു ടീച്ചർ വന്ന പാടെ തന്റെ കയ്യിലെ വലിയ ആ ചൂരൽ വായുവിൽ ഒന്നു ചുഴറ്റിയതിനു മേശ പുറത്തേക്കു വെച്ചു.
വടി കണ്ടതും എന്റെ ഉള്ളം കയ്യിലെ ഞെരമ്പൊന്നു വലിച്ചു കൂട്ടി.
ജെൻസണും റിയയും ടെസ്റ്റ്‌ പേപ്പർ വാലുവേഷൻ കഴിഞ്ഞത് എല്ലാവരുടെയും
കയ്യിൽ നിന്നും തിരിച്ചു വാങ്ങിച്ചു.
എന്റെ കയ്യിലെ അഞ്ജലിയുടെ പേപ്പർ തിരികെ കൊടുക്കാൻ നേരം ഞാൻ അഞ്ജലിയെ ഒന്നു ഒളികണ്ണിട്ടു നോക്കി.
യാതൊരു ടെൻഷനും കൂടാതെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നാതെയിരുന്നില്ല. ജയിക്കുമെന്നുറപ്പുള്ള അവളുടെ ആ മുഖം എനിക്ക് കിട്ടാൻ പോകുന്ന അടിയേക്കാളും വലുതലായി തോന്നിയില്ല.
റിയ എന്റെ പേപ്പർ പേരു വിളിച്ചു തിരികെ തന്നെങ്കിലും അതിലെ മാർക്ക് നോക്കുവാനോ എനിക്ക് തോന്നിയില്ല.
മനസ് മുഴുവനും കിട്ടാൻ പോകുന്ന ആ രണ്ടു അടിയുടെ ചൂടിലായിരുന്നു.
അടുത്തിരിക്കുന്ന വിമലും അരുണും തോറ്റതായി എന്നോട് പറഞ്ഞു.
അഞ്ചിൽ താഴെ മാർക്ക് കിട്ടിയവർ എഴുന്നേറ്റു നിൽക്കുവാൻ ബിന്ദു ടീച്ചർ വടി തിരുമ്മിക്കൊണ്ട് പറഞ്ഞു.
ഞാനുൾപ്പടെ ഒരു എട്ടു പേർ അടി വാങ്ങാനായി എഴുന്നേറ്റു നിന്നു.
ഒന്നോ, അതോ രണ്ടൊ എഴുന്നേൽക്കുന്നതിനു ഇടയിൽ ഞാൻ എന്റെ പേപ്പർ ഒന്നു മറിച്ചു നോക്കി.
പത്തിൽ'" അഞ്ചു '" എന്നു കണ്ട ഞാനൊന്നു വിറച്ചു പോയി. ഈശ്വരാ ഇതെന്തു മറിമായം ഞാൻ കണ്ണൊന്നു ശക്തിയായി തിരുമി.
ഇല്ല അഞ്ചു തന്നെ പക്ഷെ ഇതെങ്ങനെ
സംഭവിച്ചു. എന്റെ പേപ്പറിൽ ഞാൻ എന്തൊക്കെയോ എഴുതി വച്ചതല്ലാതെ വെട്ടും തിരുത്തുമായി അഞ്ചണ്ണം ശരിയായിരിക്കുന്നു. ആരോ ശരിയാക്കിയിരിക്കുന്നു.
അന്നത്തെ അടിയിൽ നിന്നും അവൾ എന്നെ രക്ഷിച്ചിരിക്കുന്നു. ആരായിരുന്നു അവൾ.
ഞാൻ ഒളികണ്ണിട്ടു പെണ്ണുങ്ങളുടെ ഭാഗത്തേക്കു നോക്കി, ഇല്ല എല്ലാ കണ്ണുകളും അവരവരുടെ പേപ്പറിൽ തന്നെ.
ക്ലാസ്സിലെ ആ മുപ്പത്തി മൂന്നു പെൺകുട്ടികളിൽ ആരായിരക്കും" അവൾ '
അടികൊണ്ടു ഒരിക്കൽ പോലും വേദനിക്കാത്ത എന്റെ മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ അന്നുണ്ടായി.
ഒരിക്കലും തിരിച്ചറിയാതെ ആ അഞ്ചു മാർക് ഇന്നും ഒരു ചോദ്യചിഹ്നമായി, എന്നിൽ.
ആരായിരുന്നു അവൾ ?
Aneesh. pt

പഴുതാര

പഴുതാര
..............
കോളേജിലെ ഫോർത് സെമസ്റ്ററിലെ ഇംഗ്ലീഷ് " poetry " എക്സാം നടക്കുന്ന സമയം.
ഞാനും എന്റെ അഞ്ചു ചങ്ക്‌സും അരക്കെട്ടിലെ ബെൽറ്റിലും ജീൻസിന്റെ പോക്കെറ്റിലുമായി കോപ്പി കഷണങ്ങൾ വെടിയുണ്ട കണക്കു നിറച്ചു ഹാളിലേക്ക് വരുകയായിരുന്നു. ഹാളിലേക്കു കയറിയ ഞങ്ങളുടെ കണ്ണുകളിൽ പെട്ടെന്നു ഇരുട്ടു കയറി എന്നു തന്നെ പറയാം. കാരണം വേറെ ഒന്നുമല്ല, ഇന്നലെ വരെ ഇരുന്നു പരീക്ഷ എഴുതിയ സ്ഥാനങ്ങൾ മാറിയിരിക്കുന്നു,
പോരാത്തതിനു എന്റെ സ്ഥാനം മുന്നിലെ ബഞ്ചിൽ തന്നെ കിട്ടിയിരിക്കുന്നു.
ഇന്നത്തെ എക്സാം കട്ട പൊഗ. ******
ഞാനൊഴികെ മറ്റു അഞ്ചു പേരും ഹാളിന്റെ പല വശത്തായി ഇരുപ്പുറപ്പിച്ചു. മുന്നിലെ ബഞ്ചിൽ ഇരുന്നു എക്സാം എഴുതുന്നതിലും ഭേദം അങ്ങു മുങ്ങുക എന്നു തോന്നിയപ്പോൾ ബാക്കിലെ ഡോർ വഴി ഇറങ്ങാൻ നോക്കിയതും.
ഹലോ ഇതെവിടേക്ക് പോകുന്നു'"
ഞാൻ തിരിഞ്ഞൊന്നു നോക്കി,
ഫിസിക്സ്‌ ഡിപ്പാർമെന്റിലെ ജൂനിയർ ലെക്ചർ "കവിത സുബ്രമണ്യം '"
അല്ല പേന എടുക്കാൻ മറന്നു മിസ്സ് '"
തന്റെ പോക്കെറ്റിൽ പിന്നെ എന്താ പേനയല്ലേ "
ഇളിഭ്യനായി ഞാൻ പോക്കെറ്റ് തപ്പിക്കൊണ്ട് സീറ്റിലേക്കു വന്നടുത്തപ്പോൾ എന്റെ ചങ്കുകൾ എല്ലാം വായ പൊത്തി ചിരിക്കുകയായിരുന്നു.
എന്റെ വരവ് കണ്ടു മുന്നിലെ ബഞ്ചിലെ എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന രണ്ടു പെൺകുട്ടികൾ ഇരുവശത്തേക്കും നീങ്ങി എനിക്കു സ്ഥലം തന്നു.
ഹോ ഇവറ്റകൾക്ക് ഇങ്ങനെ നീങ്ങിയിരിക്കാതെ കുറച്ചു അടുത്തിരുന്നാൽ എന്താ കുഴപ്പം എന്നു ഞാൻ മനസ്സിൽ ഒന്നു പറഞ്ഞു.
ഏതായാലും രണ്ടും സുന്ദരി കോതകൾ തന്നെ,, ബഹുരസം ഉണ്ട് രണ്ടിനെയും കാണാൻ.
ഏതായാലും എക്സാമിന്‌ പൊട്ടും എങ്കിൽ കുറച്ചു നേരം ഇവരുടെ കൂടെ അങ്ങു ഇരുന്നിട്ട് പോകാം.
അങ്ങനെ എക്സാം തുടങ്ങി. എന്റെ പേപ്പറിൽ ഞാൻ ഒന്നും തന്നെ എഴുതിയില്ല.
Question പേപ്പറിൽ ഉള്ളം കയ്യിലെ വിയർപ്പു പറ്റി തുടങ്ങി. ഇടക്കൊന്നു ചങ്കുകളെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ ഒക്കെ തുണ്ട് പേപ്പർ വച്ചു പെരുക്കുന്നുണ്ട്.
മുന്നിലായതിനെ ഓർത്തു ഒരിക്കൽ കൂടി
ശപിച്ചു കൊണ്ടു ഞാൻ question പേപ്പർ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു കൊണ്ടു ഒരിക്കലും കിട്ടാത്ത ഉത്തരത്തെ തല പുകഞ്ഞു ആലോചിക്കുന്ന മട്ടിലിരുന്നു.
എന്റെ ഇരുവശത്തും ഇരിക്കുന്ന സുന്ദരി കോതകൾ പേപ്പറിൽ ഒഴുക്കോടെ എഴുതുന്നത് കണ്ടു. തെല്ലൊരാമർഷം എനിക്കു അവറ്റകളോട് തോന്നി. ഒരുത്തൻ ഇവിടെ ഇരുന്നു ഒന്നും എഴുതാതെ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുമ്പോൾ പെണ്ണുങ്ങളുടെ ഒരെഴുത്. രണ്ടിന്റെയും കയ്യിൽ ഒറ്റ കുത്തങ്ങു വെച്ച് കൊടുക്കണം എന്നുണ്ടാർന്നു.
ഒന്നും എഴുതാതെ ചുമ്മ തലയൊന്നു വെട്ടിച്ചു അവരുടെ ഉത്തര കടലാസുകളിൽ വെറുതെ ഒന്നു പാളി നോക്കി. ഒരു കോതക്ക് ഫിസിക്സും മറ്റേ കോതക്ക് ബോട്ടണിയും ആണെന്ന് പിടി കിട്ടി.
എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു ഇടതു വശത്തെ പെണ്ണ് കൈ വച്ചു മറച്ചു പിടിക്കുന്നു. ശേ " മൂന്നു പേർക്കും മൂന്നു വിഷയം ആണ് പിന്നെ എന്തിനാണ് ഈ പെണ്ണിങ്ങനെ ഒരു കൈ വച്ചു മറച്ചു പി ടിക്കുന്നത്. ആ പെണ്ണുങ്ങൾ അല്ലെ ജാതി '"കുശുമ്പ്, കുശുമ്പ് '".അരയിലുള്ള ഒരു കെട്ടു കോപ്പിയെടുത്തു ഇവളുമാരുടെ പേപ്പറിന്റെ അടിയിൽ വച്ചു രണ്ടെണ്ണത്തിനെയും അങ്ങു പിടിപ്പിക്കണം,.മരക്കഴുതകൾ അതും പഠിപ്പിസ്റ്റുകൾ.
സമയം ഒരു മണിക്കൂർ പിന്നിട്ടിരിക്കുന്നു.
എക്സാം തീരുവാൻ ഇനിയും ഒന്നര മണിക്കൂർ കൂടി കഴിയണം.
ഞാനൊന്നുടെ തിരിഞ്ഞൊന്നു നോക്കി അവന്മ്മാര് അഞ്ചും ഒടുക്കത്തെ എഴുത്തു തന്നെ. അവരുടെ എഴുത്തു കണ്ടപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല. മുന്നിലിരിക്കുന്ന എനിക്കു കോപ്പി ഒന്നനക്കാൻ പോലും കഴിയുന്നില്ല.
അരക്കെട്ടിലിരുന്നു കോപ്പി തുണ്ടുകൾ പുറം ലോകം കാണാനായി വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.
എങ്ങാനും കോപ്പി അടിച്ചു പിടിക്കുകയാണെങ്കിൽ മാനം പോയത്‌ തന്നെ. അതും ഹാളിൽ ഭൂരിഭാഗം പെൺകുട്ടികൾ ആണ്, പോരാത്തതിനു ഏറ്റവും പുറകിൽ ഇരിക്കുന്ന അമ്മു നാട്ടുകാരി കൂടിയാണ് അപ്പൊ മൊത്തം നാറും എന്നതിൽ ഒരു സംശയവും വേണ്ട.
കയ്യിൽ ജയിക്കാനുള്ള ഒരു കെട്ടു കോപ്പിയുണ്ട് പക്ഷെ എന്താ പ്രയോജനം. ഞാവല് പഴുത്തപ്പോൾ കാക്കക്കു വായ് പുണ്ണ് തന്നെ.
"അനീഷേ സമയം ഇനിയും വൈകിയിട്ടില്ല
ഇപ്പോഴും നിനക്കു ജയിക്കാൻ കഴിയും "
ഉള്ളിൽ ഇരുന്നു ആരോ മന്ത്രിക്കുന്നത് പോലെ എനിക്കു തോന്നി.
'"ആരെ നീ ഭയക്കുന്നത് എടുത്തു പെരുക്കു മോനേ ജയം നിന്റെ കൂടെ. '"
വീണ്ടും എന്റെ ഉള്ളിലിരുന്നു അവൻ ശക്തിയായി മന്ത്രിച്ചു.
അതെ ഞാൻ ആരെ ഭയക്കണം.
എനിക്കു ജയിച്ചേ മതിയാകു.
ഹോ ഈ സമയത്തു തന്നെ എനിക്കു നല്ലൊരു മോട്ടിവേഷൻ തന്ന എന്റെ ഉള്ളിലിരിക്കുന്ന എന്നോട് തന്നെ ഞാൻ നന്ദി പറഞ്ഞു.
ചുറ്റും നോക്കി ഹാളിലാകെ വല്ലാത്തൊരു നിശബ്ദത പടർന്നിരിക്കുന്നു. കവിത ടീച്ചർ ഏതോ ഒരു ബുക്കും പിടിച്ചു ജനലരികിൽ നിൽപ്പുണ്ട്.
ആരും ഇതുവരെ കുഴപ്പം ഒന്നും കാണിക്കാത്തത് കൊണ്ടാണ് എന്നു തോന്നുന്നു ടീച്ചറും അധികം ആരെ ശ്രദ്ധിക്കുന്നില്ല.
ഇതു തന്നെ അവസരം, ഞാൻ പിന്നോട്ടൊന്നു ആഞ്ഞു ഒന്നു കുനിഞ്ഞു ഇടതു കയ്യ് ബഞ്ചിൽ കുത്തി,ശേഷം വായുവിലൂടെ നേരെ ഷർട്ട്‌ ഒന്നു പൊന്തിച്ചു ചൂണ്ടാണി വിരൽ കൊണ്ടു ഒരു കെട്ടു കോപ്പി ഉള്ളം കയ്യിലാക്കി സുരക്ഷിതമായി question പേപ്പറിന്റെ അടിയിലെത്തിച്ചു.
എന്റെ ഈ സാഹസം എന്തോ എന്റെ വലതു വശത്തിരുന്നവൾക്കു അത്രേ പിടിച്ചില്ല, അവൾ ചാണകത്തിൽ ചവുട്ടിയ ഒരു ഭാവത്തോടെ എന്നെയൊന്നു നോക്കി. ഞാനും വിട്ടില്ല ഞാനും തിരിച്ചും കനപ്പിച്ചൊന്നു നോക്കി.
അല്ലെ അവളുടെ അപ്പന്റെ കോപ്പി ഒന്നുമല്ലല്ലോ, എന്റെ കോപ്പി എന്റെ എക്സാം, ഞാൻ എഴുതും നല്ല ഭംഗിയായി എഴുതും.
ഞാൻ എടുത്ത കോപ്പിയുടെ കെട്ടിൽ ഒരു ഇരുപത് കഷ്ണങ്ങൾ ഉണ്ട്. ഞാൻ അവയെല്ലാം ഓരോന്നും സൂക്ഷ്മം നോക്കി ഉത്തരക്കടലാസിൽ പകർത്തുമ്പോൾ ആണ്,
ടീച്ചർ അഡിഷണൽ ഷീറ്റ്. '"
എന്റെ അടുത്തിരുന്നവളിൽ ഒരുവൾ വിളിച്ചു കൂവി.
വെടിയുണ്ട കണക്കെ ടീച്ചർ പാഞ്ഞു വരുന്നു.
ഹോ മേലാസകലം ഒരു വിറയൽ ഉണ്ടായിരുന്നെങ്കിലും തെല്ലിട സംശയം കൊടുക്കാതെ ഞാൻ കോപ്പിയോക്കെ ഭദ്രമായി തന്നെ ഇരുത്തി.
അഡിഷണൽ ഷീറ്റ് വാങ്ങിയ ആ പിശാശിനെ ഞാനൊന്നു ഇരുത്തി നോക്കി. അവളെന്നെ നോക്കാതെ വീണ്ടും എഴുത്താരംഭിച്ചു.
ഏതവനാട ഈ അഡിഷണൽ ഷീറ്റ് കണ്ടുപിടിച്ചത് എന്നു മനസിൽ പ്രാകികൊണ്ട് ഞാൻ വീണ്ടും എഴുത്താരംഭിച്ചു.
അങ്ങനെ ജന്മസുകൃതം കൊണ്ടോ കാർന്നോൻമാരുടെ പുണ്യം കൊണ്ടോ ആദ്യത്തെ കോപ്പി ഞാൻ അങ്ങനെ വിജയകരമായി പൂർത്തിയാക്കി.
രണ്ടാമത്തെ കെട്ടു എടുക്കാൻ ഞാൻ വീണ്ടും ഒരു ശ്രമം നടത്തി. ഷർട്ട്‌ നൈസ് ആയിട്ടു പൊക്കി കോപ്പി കൈക്കുള്ളിലാക്കാൻ ഞാൻ നോക്കി. എന്റെ നിർഭാഗ്യം കൊണ്ടോ എന്തോ
ഒന്നിൽ പിടിച്ചു വലിച്ചപ്പോൾ ഒന്നിന്റെ കൂടെ മൂന്നു കെട്ടു എക്സ്ട്രാ പോന്നു. പുറകെ പോന്ന കെട്ടുകൾ മൂന്നും താഴേക്ക്‌ വീണു. കോപ്പി കെട്ടുകൾ വീണതും പെണ്ണുങ്ങൾ രണ്ടും എഴുത്തു നിർത്തി താഴേക്ക്‌ നോക്കി. ഞാൻ ഒന്നു ഇളിച്ചു കൊണ്ടു അവരെ ഇരുവരെയും നോക്കി. മുന്നിലെ ബഞ്ചിൽ എന്തോ പന്തികേട്‌ തോന്നിയ ടീച്ചർ ശരം വിട്ടത് പോലെ പുറകിൽ നിന്നു വരുന്നത് ഞാൻ കണ്ടു. കയ്യിലൊരു കെട്ടും താഴെ വീണ മൂന്നു കെട്ടും പിടിക്കപെടുമെന്നു തോന്നിയപ്പോൾ ഞാൻ വേറെ ഒന്നും നോക്കിയില്ല.
'"ദേ പഴുതാര '!
പഴുതാര എന്നു കേട്ടതും" അയ്യോ '
എന്നു പറഞ്ഞു ബഞ്ചും തട്ടി മറച്ചു സുന്ദരികോതകൾ രണ്ടും കൂടി ഇരുന്നിടത്തു നിന്നും വായുവിൽ കുതിച്ചു പൊങ്ങി.
ഈ സമയം തന്നെ എനിക്കു
അധികം വേണ്ടി വന്നില്ല, ഒരു നിമിഷം കൊണ്ടു താഴെ വീണ കോപ്പി കെട്ടുകളും കയ്യിലുണ്ടായിരുന്നതും കൂടി ഞാൻ ഉൾ ബനിയനിൽ ഇട്ടു അങ്ങോട്‌ എസ്‌കേപ്പ് ആയി.
എന്താ എന്തു പറ്റി '" ടീച്ചർ ഓടി വന്നു ചോദിച്ചു.
ബഞ്ചിൽ ഒരു പഴുതാരയെ കണ്ടു ടീച്ചറെ,
ഞാൻ തട്ടി വിട്ടു.
അതിനാണോ നിങ്ങൾ ഇങ്ങനെ ബഹളം വച്ചത് എന്നു പെണ്ണുങ്ങളോട് ടീച്ചർ ചോദിച്ചു.
ഞങ്ങൾ പേടിച്ചു പോയി മിസ്സ്. അവർ മറുപടി പറഞ്ഞു.
ഉം, അതു പോയിക്കാണും, നിങ്ങളിരുന്നു എഴുതാൻ നോക്കു.
തന്റെ പേപ്പർ ഒന്നു തന്നെ '"
എന്റെ ആൻസർ ഷീറ്റും question പേപ്പറും അടപടലം ടീച്ചർ അങ്ങു പരിശോധിച്ചു.
പെണ്ണുങ്ങൾ രണ്ടുപേരും പരസ്പരം തറയിൽ നോക്കിയിട്ടു എന്റെ മുഖത്തു നോക്കി.
ഞാൻ അവരെയൊന്നു നോക്കി '"ഏനിതൊന്നും അറിഞ്ഞതേയില്ലല്ലോ " എന്ന ഭാവം പൂണ്ടു.
സംശയാസ്പദമായി ഒന്നും കിട്ടാത്തത് കൊണ്ടു ടീച്ചർ എന്റെ ആൻസർ ഷീറ്റും question പേപ്പറും തിരികെ തന്നു.
രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ഞാൻ ഇരുന്നു.
പഠിപ്പികൾ രണ്ടും പഴുതാര ഉണ്ടെന്ന ഭയത്തോടെ ചുറ്റും വീക്ഷിച്ചു കൊണ്ടു വീണ്ടും എഴുത്തു തുടങ്ങി.
ടീച്ചർ തിരികെ പോയ തക്കം നോക്കി ഞാൻ ജീൻസിന്റെ പോക്കെറ്റിൽ നിന്നും മറ്റൊരു കെട്ടെടുത്തു ആൻസർ ഷീറ്റിനു അടിയിലെത്തിച്ചു.
അങ്ങനെ കുറച്ചു വിഷമം നേരിട്ടെങ്കിലും വളെരയധികം ഭംഗിയായി എക്സാം എഴുതാൻ കഴിഞ്ഞു എന്നു പറയാം.
എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പെണ്ണുങ്ങൾ രണ്ടും തൊട്ടപ്പുറത്തു മാറി നിന്നു ചുരിദാറിന്റെ ഷാൾ പരിശോധിക്കുന്നു,ചെവിയിൽ നോക്കുന്നു, ഒരുത്തി മറ്റൊരുത്തിയുടെ മുടിയുടെ ഇടയിൽ പരതി നോക്കുന്നു. അങ്ങനെ തകൃതി തന്നെ.
ഇല്ലാത്ത പഴുതാരയെ തപ്പി അവർ രണ്ടും ചികഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.
ഇന്നു 'പഴുതാര '" നാളെ ചിലപ്പോൾ ദിനോസറു വരെ ഉണ്ടാകും.
Aneesh. pt

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo