Showing posts with label KavithaSebastian. Show all posts
Showing posts with label KavithaSebastian. Show all posts

അദ്ദേഹം


അദ്ദേഹം 
****************************************
അതെ ഇന്ന് തന്നെ പോകണം. ഇനി വൈകുന്ന ഓരോ നിമിഷവും ആപത്താണ്. തല്‍ക്കാലം അച്ഛനും അമ്മയും ഒന്നും അറിയണ്ട. അല്ലേല്ലും ഒരു പുരുഷന്‍റെ കെണിയില്‍ നിന്നും ഊരിപോരന്‍ ഒരുപാട് പാട് പെടേണ്ടി വന്നു. ഞാന്‍ അനുഭവിച്ച കഷ്ടപാടുകളും യാതനകളും എല്ലാവര്‍ക്കും അയാവുന്നതാണ്. എന്നാലും 2 കൊല്ലം കൊണ്ട് എല്ലാവരും എല്ലാം മറന്നിരിക്കുന്നു. മറവി ഒരുതരത്തില്‍ ഒരു അനുഗ്രഹമാണ്. എനിക്ക് ലഭിക്കാതെ പോയ ഒരു അനുഗ്രഹം.
എന്നെ വിവാഹം കഴിക്കാന്‍ താല്പര്യമുള്ള ഒരാള്‍ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ആദ്യം ചിരിയാണ് വന്നത്. ഒരു കോമാളിയുടെ രൂപത്തിലുള്ള ഒരാളാണ് മനസ് നിറയെ .......
പക്ഷെ ഒരു പുരുഷനെയും എനിക്കിനി സ്നേഹിക്കാന്‍ കഴിയുമെന്ന് തോന്നണില്ല. സ്നേഹിക്കാന്‍ പറഞ്ഞു വീട്ടുകാര്‍ എനിക്ക് നല്‍കിയ പുരുഷനെ മനസ്സറിഞ്ഞു ഞാന്‍ സ്നേഹിച്ചു. പക്ഷെ അയാള്‍.... അയാള്‍ എന്നെ വഞ്ചിച്ചു. അയാള്‍ വളര്ത്തു ന്ന മൃഗങ്ങള്‍ക്ക് എന്നെക്കാള്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. കിടപ്പറയില്‍ പോലും കടിച്ചു കീറുന്ന ഒരു സിംഹമായിരുന്നു അയാള്‍....
അതൊന്നും ആലോചിക്കാന്‍ പോലും വയ്യ ഇപ്പൊ. മറ്റൊരു പുരുഷന് ഇനിയെന്‍റെ മനസും ശരീരവും നല്കാന്‍ പറ്റില്ല. എന്ത് ഉറപ്പില്‍ ഞാന്‍ അത് ചെയ്യും. 
എന്‍റെതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നിറവേറ്റി ഇനിയുള്ള കാലം എനിക്ക് ജീവിക്കണം. ഇന്നത്തെ സമൂഹത്തില്‍ ഒരു പെണ്ണിന് ഒറ്റയ്ക്ക് ജീവിക്കാന്‍ വല്യ പാടൊന്നുമില്ല. 
ഏതായാലും ഈ പുതിയ കക്ഷിയെ കണ്ടു ഉപദ്രവിക്കരുത് എന്ന് പറയണം. എങ്ങനെയും ഈ ഊരാകുടുക്കില്‍ നിന്നും രക്ഷപെടണം.
വെയിലിനു ചൂട് കൂടി കൂടി വരുന്നു. പത്ത് മണിക്ക് ബീച്ചില്‍ വരാമെന്നാണല്ലോ ഫോണിലൂടെ അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പൊ തന്നെ അര മണിക്കൂര്‍ വൈകി. മനസ്സില്ലുള്ളത് എല്ലാം തുറന്നു പറഞ്ഞ് അദേഹത്തെ ബോധ്യപ്പെടുത്തി നീരസപെടുത്താതെ തിരിച്ചയക്കണം. എന്‍റെ ജീവിതം ഇനി എനിക്ക് മാത്രമുള്ളതാണ്. അത് തട്ടി കളിക്കാന്‍ ആര്‍ക്കും കൊടുക്കില്ല.
“ഹല്ലോ, എന്നെ ഓര്‍ക്കുന്നുണ്ടോ”
ദൈവമേ ....... ആരാ ഇത്. ഓര്‍മകളിലേക്ക് ഒരു നിമിഷം ഊളിയിട്ടു. ആ.....കിട്ടി... പണ്ടൊരു ദിവസം ബാങ്കില്‍ വന്നത് ഓര്‍ക്കുന്നുണ്ട്. FD ഇടാന്‍ വന്നതല്ലേ. ഉം... അതു തന്നെ... അന്ന് കുറെ നേരം സംസാരിച്ചായിരുന്നു. കുറെ തിരക്കുകള്‍ ഉണ്ടായിട്ടും സംസാരിച്ചു. അതും തികച്ചും ഔദ്ധ്യോഗിക കാര്യങ്ങള്‍. ഇയാള്‍ എന്താണാവോ ഇവിടെ.... ഇനി ഇവിടെയയിരിക്കുമോ താമസം.....
“ഉവ്വുവ്വ്. ഓര്‍ക്കുന്നുണ്ട്. ബാങ്കില്‍ വെച്ച് കണ്ടിട്ടുണ്ട് അല്ലേ. പക്ഷെ പേര് ഞാന്‍ മറന്നു പോയി ട്ടോ...”
“അല്ലെങ്കിലും കണക്കുകളുടെ ലോകത്ത് ജീവിക്കുന്നവര്‍ക്ക്. പേരൊക്കെ ഓര്‍ത്തു വെക്കാന്‍ കഴിയുമോ.. ഞാന്‍ ജിതേഷ്. അന്ന് എന്‍റെ പേര് ഒരുപാട് പേപ്പറുകളില്‍ എഴുതിയതാണ്”.
“ഇപ്പൊ ഓര്‍ക്കുന്നുണ്ട്. വീണ്ടും കാണാന്‍ പറ്റുമെന്ന് കരുതിയില്ല.”
“എന്താ ഒറ്റയ്ക്ക് ബീച്ചില്‍ വന്നു ഇരിക്കുന്നേ. ആരെയേലും കാത്തിരിക്കുവാണോ”
“അതെ. ഒരു ഫ്രണ്ടിനെ കാത്തിരിക്കുകയാണ്.”
ഇംഗ്ലീഷ് ഭാഷയുടെ ഒരു പ്രത്യേക ഉപയോഗമാണിത്. ഫ്രണ്ട് എന്ന ഒറ്റ വാക്കില്‍ ആണും പെണ്ണും എല്ലാം പെടും.
“അതെയോ. ഇന്ന് ലീവ് എടുത്തോ”
“അതെ”
ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞാല്‍ ഇയാള്‍ പൊയ്ക്കോളും. സ്വസ്ഥമായി ഇരുന്നു അദ്ദേഹം വരുന്നതിനു മുന്‍ബ് എല്ലാ കാര്യങ്ങളും മനസ്സില്‍ ഒന്നുകൂടെ ക്രമപ്പെടുത്തണം. അതിനിടക്കാണ് എന്‍റെ ചിന്താധാരകളെ തടസ്സപ്പെടുത്തി ഈ FD ക്കാരന്‍റെ വരവും ഓര്മ്മപുതുക്കലും.
“വെയിലിനു എന്താ ചൂട് അല്ലേ. കടലിലെ വെള്ളമെല്ലാം തിളച്ചു കിടക്കുവാ”
“ഉം ശരിയാണ്”
“മത്സ്യങ്ങള്‍ക്ക് കടലിന്‍റെ. അടിത്തട്ടിലേക്ക് പോയാല്‍ ചൂടില്‍ നിന്നും രക്ഷപെടാം. പക്ഷെ നമ്മളോ.”
“ഉം..”
“അല്ലാ ആരെയോ കാത്തിരിക്കുകയാണ് എന്നല്ലേ പറഞ്ഞെ”
“അതെ”
“എപ്പോള്‍ വരും”
“ഉടനെ വരും”
എന്റെ ദൈവമേ ഇയാള്‍ ഒരു ശല്യമായോ. ഉടനെ വരുമെന്നു പറഞ്ഞിട്ടും ഇയാള്‍ പോകുന്നില്ലല്ലോ. സത്യം പറഞ്ഞാല്‍ ഇയാളോട് സംസാരിക്കാന്‍ നല്ല രസമുണ്ട്. പക്ഷെ സന്ദര്‍ഭം ശരിയല്ല. അദ്ദേഹം വരുന്നതിനു മുന്നേ മനസ്സ് ഒന്ന് കൂടി പാകപ്പെടുത്തണം. അദ്ദേഹം പറയാന്‍ സധ്യതയുള്ള എല്ലാ കാര്യങ്ങള്‍ക്കും മറുപടിയും ഇപ്പൊ തന്നെ കണ്ടെത്തണം. വക്കീല്‍ വാദിക്കും പോലെ വാദിക്കണം. ഇതെന്‍റെ ജീവിതത്തിന്‍റെ. പ്രശ്നമാണ്. തോറ്റുപോകാന്‍ പാടില്ല.
“കുറെ നേരമായോ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്”
“ഇല്ല. ഉടനെ വരും”
ശല്ല്യപെടുത്തലിന്‍റെ ചെറിയൊരു നീരസം ഉണ്ടായിട്ടും ഇയാളെന്താ ദൈവമേ പോകാത്തത്.....
“എങ്കില്‍ ഇനി കാത്തിരിക്കണ്ട. വരാമെന്ന് പറഞ്ഞിരുന്നത് ഞാന്‍ തന്നെയാണ്. എന്നെയാണ് താന്‍ ഇത്ര നേരം കാത്തിരുന്നത്.”
നടുങ്ങി തരിച്ചു പോയ എന്‍റെ ശരീരത്തിലെ രക്തയോട്ടം നിലച്ചുവോ എന്തോ... എന്താ എനിക്കെന്‍റെ കൈകള്‍ അനക്കാന്‍ കഴിയാത്തത്. എന്‍റെ ചുണ്ടുകള്‍ അനക്കാന്‍ കഴിയാത്തത്
അദ്ദേഹമാണോ ഇയാള്‍ 
ഇയാളോണോ അദ്ദേഹം.
എന്‍റെദൈവമേ എന്നെ കുരങ്ങു കളിപ്പിച്ചു നിനക്ക് മതിയായില്ലേ....
“എന്താ മിണ്ടാത്തത്. ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ”
മിണ്ടാന്‍ പോയിട്ട് ഒന്ന് മൂളാന്‍ പോലും പറ്റുന്നില്ലെന്നു അറിയുന്നുണ്ടോ ഇദ്ദേഹം.
“അന്ന് ബാങ്കില്‍ വെച്ച് കണ്ടതിനു ശേഷം ഒരിക്കല്‍ കൂടി ഞാന്‍ തന്നെ കണ്ടിരുന്നു. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച്. അന്ന് തന്‍റെകൂടെ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി എന്‍റെ classmate ആണ്.”
ഓ... ശ്രുതി. അവളാണോ അപ്പൊ ഇടനിലക്കാരി. എന്നിട്ട് ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ അവള്‍.
“ശ്രുതിയില്‍ നിന്നാണ് ഞാന്‍ തന്‍റെ കാര്യങ്ങളെല്ലാം അറിയുന്നത്. തന്‍റെ ജീവിതകഥ കേട്ടപ്പോള്‍ തന്നോട് ഒരു ആകര്‍ഷണം തോന്നി. പതിയെ പതിയെ അതു സ്നേഹമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് തന്‍റെ വീട് തപ്പിപ്പിടിച്ചു വിവാഹമാലോചന നടത്തിയത്. പിന്നെ പുറകെ നടന്നു നേരിട്ട് എന്‍റെ ഇഷ്ടം പറയാന്‍ നമ്മള്‍ മധുര പതിനേഴുകാര്‍ ഒന്നും അല്ലല്ലോ”.
എന്‍റെ മനസ്സിന്‍റെ കിളിചെപ്പ് തുറന്നു അതിനുള്ളില്‍ ഉള്ളതെല്ലാം ചൂഴ്ന്നെടുത്ത്‌ ഒരു പുരുഷന്‍റെ മുന്നില്‍ കാഴ്ച വെച്ച എന്‍റെ പ്രിയ കൂട്ടുക്കാരി.....ശ്രുതി.....നിന്നെ എനിക്കൊന്നു കാണാനാമല്ലോടി...
“എന്താ ഒന്നും മിണ്ടാത്തത്. എന്തൊക്കെയോ സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞല്ലേ ഇന്നലെ ഫോണ്‍ വിളിച്ചു ഇവിടെ വരെ വരാന്‍ പറഞ്ഞത്. എന്നിട്ടിപ്പോ ഒറ്റയാള്‍ നാടകം പോലെ ഞാന്‍ മാത്രമാണല്ലോ തട്ടില്ലുള്ളത്.”
“എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. എല്ലാം ഞാന്‍ ക്രമത്തിലാക്കി മനസ്സില്‍ സൂക്ഷിച്ചതുമാണ്. എന്നാലിപ്പോ ഒന്നും ഓര്മ കിട്ടുന്നില്ല. ഇങ്ങനെയൊരു അവസ്ഥ ഞാന്‍ മുന്‍പ് ഒരിക്കലും നേരിട്ടിട്ടില്ല.”
“ഇത് നല്ല രസമായിരിക്കുന്നല്ലോ. ഇനി നമ്മള്‍ എന്താ ചെയ്യുക.”
ദൈവമേ... ഇത് തന്നെയല്ലേ ഞാനും ചിന്തിക്കുന്നത്. എനിക്കെന്താ ഒന്നും പറയാന്‍ സാധിക്കാത്തത്. ഞാന്‍ സ്വരൂപിച്ചു വെച്ച എന്‍റെ കാഴ്ചപ്പാടുകള്‍ എല്ലാം ഇവിടെ പോയി.
“തനിക്ക് പറയാനുള്ളതെല്ലാം, താന്‍ ഇന്ന് എന്നോട് പറയാന്‍ കരുതിവേച്ചതെല്ലാം എനിക്കറിയാം. അതെല്ലാം താന്‍ ഇന്നലെ ശ്രുതിയോട് പറഞ്ഞിരുന്നല്ലോ.”
ദുഷ്ട, അവള്‍ അതെല്ലാം പോയി ഇദ്ദേഹത്തോട് പറഞ്ഞോ. അതിനാണപ്പോ എന്നോട് എല്ലാം കുത്തി കുത്തി ചോദിച്ചത് അല്ലേ. ഛെ, അബദ്ധമായിപോയി അവളോടെല്ലാം പറഞ്ഞത്.
“എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായി. രണ്ടു വര്‍ഷം മുന്‍പാണ് ആകെയുണ്ടായിരുന്ന എന്‍റെ അമ്മ മരിച്ചത്. അതിനു ശേഷം ഞാന്‍ ഒറ്റപെട്ടു പോയി. തന്നെ കണ്ട് തന്‍റെ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോ എനിക്കെന്തോ ഒരു പ്രതീക്ഷ. ഒരു കാര്യം ഞാന്‍ തറപ്പിച്ചു പറയാം. എന്നെ വിവാഹം ചെയ്തത് കൊണ്ട് തന്‍റെ സ്വതന്ത്രത്തിനു ഒരു കുറവും ഉണ്ടാകില്ല. അറിഞ്ഞിടത്തോളം തന്‍റെ ഇഷ്ടങ്ങളും രീതികളും ചിന്തകളും തന്നെയാണ് എന്‍റെതും. തന്‍റെ കണ്ണ് നനയാതിരിക്കാന്‍ ഞാന്‍ എന്നെക്കൊണ്ട് കഴിയുന്ന പോലെ ശ്രമിക്കും. സമാധാനമായി ആലോചിച്ച ശേഷം നാളെ എന്നെ ഫോണില്‍ എന്നെ വിളിച്ച് ഒരു മറുപടി പറഞ്ഞ മതി. തന്‍റെ വിളിക്കായി ഞാന്‍ കാത്തിരിക്കും. എങ്കില്‍ ഇപ്പൊ ഞാന്‍ പോകട്ടെ. കാണാം.”
“ഉം.”
കേവലം ഒരു മൂളലിലൂടെ ഞാന്‍ എന്‍റെ സംഭാഷണം അവസാനിപ്പിച്ചു. എന്‍റെ സംഭാഷണം എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഞാന്‍ ഒന്നും സംസരിച്ചില്ലല്ലോ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത്. ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ലല്ലോ ദൈവമേ. ഒരു പുരുഷന്‍റെ അടുത്ത് നിന്ന് കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ എങ്കിലും ഒരു ശങ്ക. ഒരിക്കല്‍ കൂടി എന്‍റെ ജീവിതം തകരുന്നത് എനിക്ക് ഓര്‍ക്കാഒന്‍ കൂടി വയ്യ. തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലൂടെ എന്‍റെ മനസ്സ് ഉഴലുകയാണ്. ഏതായാലും ഇന്ന് പകലും രാത്രിയും ചിന്തിക്കാന്‍ സമയമുണ്ട്. 
വെയിലിനു ചൂട് കൂടുകയാണ്. തല്‍ക്കാലം വീട്ടില്‍ പോവുകയാണ് നല്ലത്. 
വീടിന്‍റെ പടിവാതില്‍ കടന്നപ്പോള്‍ എന്‍റെ കൈ എന്‍റെ പേഴ്സില്‍ മുറുകെ പിടിച്ചത് എന്തിനാണാവോ. അദ്ദേഹത്തിന്റെ് ഫോണ്‍ നമ്പര്‍ കുറിച്ച തുണ്ട് കടലാസ് ആ പേഴ്സില്‍ ഉള്ളത് കൊണ്ടാണോ ആവോ.....

Kavitha Sebastian

പ്രഥമദൃശ്യാല്‍ ഗന്ധര്‍വ പ്രണയം

Image may contain: 1 person, selfie and closeup

എന്താ മളുവേച്ചി ഇത്. മൊത്തം wrong ആണല്ലോ.” പീക്കിരി ഗര്‍വു കാണിച്ചു.
“നീ പോടാ, ഒരബദ്ധം പറ്റിയതല്ലേ. നിന്നെക്കാള്‍ മുന്‍പ് shuttle കളിച്ചു തുടങ്ങിയതാ ഞാന്‍. കേട്ടോ.” മാളുവും വിട്ടില്ല.
“അതൊക്കെ ശരിയാ. പക്ഷെ ഈ ആഴ്ച മാളുവേച്ചി വന്നിട്ട് ഒരു രസവുമില്ല. എന്തോ മാറ്റം വന്നിട്ടുണ്ട്.” അച്ചുവിനും വിഷമം.
“എന്‍റെ പീക്കിരി എനിക്കൊരു കുഴപ്പവുമില്ല. പക്ഷെ ഇന്നിനി കളി വേണ്ട. ഞാന്‍ മടുത്തു.” മാളു വഴിയരികില്‍ കൂട്ടിയിട്ടിരുന്ന പോസ്റ്റുകളില്‍ ഒന്നില്‍ ഇരുന്നു.
“അതൊന്നും പറ്റൂല. നാളെ രാവിലെ മളുവേച്ചി തിരിച്ചു hostel ലേക്ക് പോകുവല്ലേ. ഇനി അടുത്താഴ്ച അല്ലേ വരൂ. നമ്മുക്ക് ഒന്നുടെ കളിക്കാം.” കിങ്ങിണി കിണുങ്ങി.
“വേണ്ട. ഇനി നിര്‍ത്താം ... അച്ചു നീ പൊയ് കുറച്ചു വെള്ളമെടുത്തുകൊണ്ട് വാടാ” കുഞ്ഞി പറഞ്ഞു. കേട്ടപാതി അച്ചു ഓടി.
ഇതാണ് കുട്ടിക്കൂട്ടം. ഒഴിവുദിനങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ് ഇത്. കൂട്ടത്തില്‍ മൂത്തത് ആണ് മാളു. കുട്ടിതേവാങ്ങുകളുടെ നേതാവ്. അവള്‍ ഒരു കാര്യം പറഞ്ഞാല്‍ അക്ഷരം പ്രതി അനുസരിക്കും ബാക്കിയുള്ള എഴെട്ടെണ്ണം. മങ്ങാപറിക്കാനും പേരക്കാപറിക്കാനും പുഴയില്‍ ചാടാനുമൊക്കെ ഇവര്‍ ഒട്ടകെട്ടാണ്. നാട്ടിലെ sports club സംഘടിപ്പിക്കുന്ന ഓണപരിപാടികള്‍ക്ക് കുറഞ്ഞത്‌ അഞ്ചു സമ്മാനമെങ്ങിലും മേടിക്കും ഇവര്‍. വേണമെങ്ങില്‍ ആണ്‍പെണ്‍ വിത്യാസമില്ലാതെ തിരുവാതിര വരെ കളിക്കും. അതാണ്‌ ജാതി.
ഈ വര്‍ഷമാണ്‌ മാളു പോസ്റ്റ്‌ ഗ്രാജുവേഷന് ടൌണില്‍ ഉള്ള കോളേജില്‍ ചേര്‍ന്നത്‌. പോക്കുവരവ് ബുദ്ധിമുട്ടായതിനാല്‍ കോളേജ് ഹോസ്റ്റലില്‍ ചേര്‍ന്നു. അതോടെ വെള്ളിഴായ്ച്ച വൈകിട്ട് മാളു വരുന്നതും നോക്കി ജാഗ്രതയോടെ കാത്തിരിക്കും കുട്ടികൂട്ടം. പിന്നെയുള്ള രണ്ടു ദിവസം ആ പരിസരത്ത് ഉള്ളവര്‍ക്ക് സ്വൈര്യം കിട്ടൂല്ല. shuttle, ഓടിപിടുത്തം, കരേം വെള്ളോം, കള്ളനും പോലീസും, ചീട്ട് തുടങ്ങി അവര് കളിക്കാത്ത കളികളില്ല. കളിക്കളം മിക്കവാറും അവരുടെ പോക്കറ്റ്‌ റോഡ്‌ തന്നെയാണ്. മാളുവിന്‍റെ വീട് കഴിഞ്ഞാല്‍ മൂന്നു വീട് മാത്രം. അവിടെ വെച്ച് വഴി അവിടെ തീരും. അതുകൊണ്ട് തന്നെ ആ റോഡില്‍ കൂടി മറ്റു വാഹനങ്ങള്‍ ഒന്നും വരില്ല.
‘അവളുടെ കുട്ടികളി മാറിയില്ല, പത്തിരുപതു വയസ്സായ പെണ്ണാണ് എന്നൊരു ചിന്തയില്ല’ മാളുവിന്‍റെ വീട്ടുകാരുടെ പരാതിയാണിത്.
പക്ഷെ കുട്ടികൂട്ടത്തിന്‍റെ പരാതി പോലെ തന്നെ ഈ ആഴ്ച നാട്ടിലെത്തിയതിന് ശേഷം മാളുവിനു ഒരു ഉഷാറുമില്ല. കളിക്കുമ്പോള്‍ പോലും മനസ്സ് ഉറച്ചു നില്‍ക്കാത്ത പോലെ. കാരമെന്തെന്നോ?
ഗന്ധര്‍വന്‍.... അതെ മാളുവിന്‍റെ മനസ്സ് ഒരു ഗന്ധര്‍വന്‍ മോഷ്ട്ടിച്ചു.
രസമെന്താന്നു വെച്ചാ ഈ ഗന്ധര്‍വന്‍റെ പേരോ വീടോ നാടോ എന്നും മാളുവിനു അറിഞ്ഞൂടാ. ആകെ കണ്ടത് ഒരുവട്ടം മാത്രം. കഴിഞ്ഞ ബുധനാഴ്ച. മാളുവും കൂട്ടുകാരിയും കൂടി കോളേജ് കഴിഞ്ഞു hostel ലേക്ക് വരുന്ന വഴി. ഹോ ആ നോട്ടം. അതൊരു തുറിച്ചുനോട്ടമല്ല, കാമാനോട്ടവുമല്ല, പൈങ്കിളിനോട്ടവുമല്ല..... ആ നോട്ടത്തിന്‍റെ പേരെന്താണെന്ന് മാളുവിനു അറിയില്ല. ഏതായാലും ആ നോട്ടത്തില്‍ മാളു വീണു. മൂക്കും കുത്തി വീണു.
“മാളുവേച്ചി അറിഞ്ഞായിരുന്നോ, മത്തായിച്ചന്‍റെ വീട്ടിലെ കുടംപുളി മരത്തില്‍ ഒരു നത്ത് കൂട് വെച്ചിട്ടുണ്ട്.” പെട്ടന്ന് ഒര്‍മ്മകിട്ടിയ കാര്യം അപ്പു ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
“ങേ.... അതെയോ ... എന്നിട്ട് ഇതുവരെ നിങ്ങളാരും എന്നോടിത് പറഞ്ഞില്ലല്ലോ” മാളു ചാടി എഴുന്നേറ്റു.
“അത് മാളുവേച്ചി... ഞങ്ങള്‍ മറന്നു പോയതാ” അച്ചു തലകുനിച്ചു.
“ആ നത്തു മുട്ടയിട്ടോ” മാളു ചോദിച്ചു.
“അതറിയില്ല ... നമ്മുക്ക് പൊയ് നോക്കാം.” അമ്മു തുള്ളിച്ചാടി.
“ഓക്കേ. ഓടിക്കോ സ്റ്റാര്‍ട്ട്‌ ....”
അതോടെ എല്ലാരും ഓടി. കല്ലും മുള്ളും വേലിയുമൊന്നും ഈ ഓട്ടത്തിന് ഒരു തടസ്സമായി കണക്കാക്കപ്പെടില്ല.
മത്തായിച്ചന്‍റെ പറമ്പിനു തൊട്ടു മുന്നിലുള്ള റോഡ്‌ മുറിച്ചു കടക്കുമ്പോഴാണ് വളരെ അപ്രതീക്ഷിതമായി ആ കാര്‍ അവിടെയെത്തിയത്. മാളുവിന്‍റെ തൊട്ടടുതുവെച്ചു കാര്‍ sudden ബ്രേക്ക്‌ ഇട്ടു.
“അയ്യോ മാളുവേച്ചിയേ വണ്ടി ഇടിച്ചേ ... കുഞ്ഞി ഓടി വായോ” പീക്കിരി അലമുറയിട്ടു.
അതോടെ മാളുവിനു മുന്‍പില്‍ ഓടിയവരും പിന്നില്‍ ഓടിയവരും മാളുവിനു അടുത്തെത്തി. തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ മാളുവും അത്യാവശ്യം നന്നായി ഒന്ന് ഞെട്ടിയിരുന്നു. എന്നാലും ഈ സമയത്ത് ആരാ ഇതിലേ കാറും കൊണ്ട് വരുന്നത്......
എന്നാല്‍ കാറില്‍ നിന്നു ഇറങ്ങിയ ആളെ കണ്ടു മാളു നടുങ്ങിവിറച്ചു.
“ഗന്ധര്‍വന്‍” മാളുവിന്‍റെ തൊണ്ടയില്‍ നിന്നു അറിയാതെ ശബ്ദം പുറത്തുവന്നു.
“ങേ .... ഗന്ധര്‍വനോ.....” മാളുവിന്‍റെ കഥ മുഴുവന്‍ വള്ളി പുള്ളി തെറ്റാതെ അറിയാവുന്ന കുട്ടികൂട്ടം ഒരുപോലെ വായ പൊളിച്ചു പൊയ്.
“ഇതെന്താ ... കാറിനു മുന്നില്‍ ചാടിയിട്ടു പിച്ചും പേയും പറയുന്നോ” കാറില്‍ നിന്നു ഇറങ്ങിയ ഗന്ധര്‍വന്‍ അല്‍പ്പമൊരു കുസൃതിയോടെ ചോദിച്ചു.
“ഗന്ധര്‍വന്‍ എന്താ ഇവിടെ’ കൂട്ടത്തില്‍ ചെറുതായ അമ്മുവിന്‍റെ ചോദ്യം.
“ഗന്ധര്‍വനോ ... ആരാ ഈ ഗന്ധര്‍വന്‍” നമ്മുടെ കഥാനായകന് സംഗതി പിടികിട്ടിയില്ല.
“അപ്പൊ ചേട്ടനല്ലേ ഗന്ധര്‍വന്‍... ഞങ്ങടെ മാളുവേച്ചിയുടെ ഗന്ധര്‍വന്‍” അമ്മു വിടാനുള്ള ഭാവമില്ല. ഒരു കാര്‍ന്നോരുടെ റോള്‍ സ്വയം ഏറ്റെടുത്തു കൈ രണ്ടും പുറകില്‍ കെട്ടി അമ്മു ചോദിച്ചു.
മാളുവിനാനെങ്ങില്‍ ഈ അവസ്ഥയില്‍ ചമ്മലുകാരണം തലകറങ്ങുന്ന പോലെ തോന്നി. ഇശ്വരാ.... ഈ ഭൂമി പിളര്‍ന്നു ഞാനങ്ങു താഴ്ന്നു പോയിരുന്നെങ്ങില്‍.... അവളുടെ ഈയൊരു അവസ്ഥ പുരാണങ്ങളില്‍ പോലും ആര്‍ക്കും ഉണ്ടായിട്ടുണ്ടാകില്ല.
“ഓഹോ ... ഇവിടെ അങ്ങനെയൊരു കഥ നടക്കുന്നുണ്ടോ.. അപ്പോള്‍ താന്‍ എന്നെ ശ്രദ്ധിച്ചിരുന്നു അല്ലേ.... ശ്രദ്ധിക്കുക മാത്രമല്ല അത് നാട് മുഴുവന്‍ പാട്ടാക്കുകയും ചെയ്തു അല്ലേ....” ഗന്ധര്‍വന്‍ മാളുവിനു നേരെ തിരിഞ്ഞു.
“ഇല്ല ... അങ്ങനെയല്ല... ഞാന്‍... വെറുതെ... ഇവരോട്...” മാളുവിനു വാക്കുകള്‍ വിക്കി ....
“വേണ്ട... തന്‍ പരുങ്ങണ്ട...” ഗന്ധര്‍വന്‍ അവളെ അടിമുടി ഒന്ന് നോക്കി... അന്നാദ്യമായി, കുട്ടിപാവാടയും കുട്ടിബനിയനും ഇട്ടതില്‍ അവള്‍ക്ക് ചമ്മലുണ്ടായി. താനിത്രയും പക്വത ഇല്ലാത്തവള്‍ ആണെന്ന് ഇദ്ദേഹം കരുതുമല്ലോ....
“അതേ, ഞാന്‍ ഗന്ധര്‍വന്‍ ഒന്നും അല്ലാട്ടോ. എന്‍റെ പേര് സുജിത്ത് എന്നാണ്....” ഗന്ധര്‍വന്‍ കുട്ടികൂട്ടത്തോടായി പറഞ്ഞു.
“ആ.. എനിക്കും തോന്നിയിരുന്നു.... മാളുവേച്ചിക്ക് സൂര്യ എന്നൊരു പേര് ഉള്ളതുപോലെ ഗന്ധര്‍വനും എന്തെങ്ങിലും പേര് കാണുമെന്ന്. ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ മാളുവേച്ചി... ഇപ്പൊ എങ്ങനെയുണ്ട്’ ഒളിബിക്സില്‍ മെഡല്‍ കിട്ടിയ സന്തോഷത്തോടെ കുഞ്ഞി തുള്ളിച്ചാടി...
ചമ്മലും നാണവും സങ്ങടവും ദേഷ്യവും എല്ലാം കലര്‍ന്നൊരു ഭാവമായിരുന്നു മാളുവിന്.
“അതൊക്കെ പോട്ടെ... ഈ സൂര്യയുടെ... അല്ല നിങ്ങളുടെ മാളുവേച്ചിയുടെ വീട് എവിടെയാ...” ഗന്ധര്‍വന്‍ അല്‍പ്പമൊന്നു കുനിഞ്ഞു കുട്ടികൂട്ടത്തോട്‌ ചോദിച്ചു.
“ദേ.. കാണുന്ന വെള്ള പെയിന്‍റ് അടിച്ച വീടാ...” അപ്പു കാട്ടികൊടുത്തു.
ഇയ്യാളെന്തിനാ എന്‍റെ വീടിലേക്ക്‌ പോകുന്നേ... മൊത്തത്തില്‍ നാറി... ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല... മാളുവിന്‍റെ കയ്യും കാലും കുഴഞ്ഞു.
“അതേ മത്തായിച്ചന്‍റെ വീട്ടിലെ കുടംപുളി മരത്തില്‍ ഒരു നത്ത് കൂട് വെച്ചിട്ടുണ്ട്. ഞങ്ങളത് കാണാന്‍ പോവുകയാ... ഗന്ധര്‍വന്‍ ഞങ്ങടെ കൂടെ വരുന്നുണ്ടോ.” അച്ചു അല്‍പ്പം ഉത്സാഹത്തോടെ ചോദിച്ചു...
“ആദ്യം ഞാന്‍ നിങ്ങളുടെ മാളുവേച്ചിയുടെ വീട്ടിലൊന്നു പോയിട്ട് വരട്ടെ... എന്നിട്ട് നിങ്ങടെ കൂടെ വരാം ട്ടോ...” മാളുവിനെ ഒളികണ്ണിട്ടു ഒന്ന് നോക്കിയിട്ട് ഗന്ധര്‍വന്‍ കാറെടുത്ത് വെള്ള പെയിന്‍റ് അടിച്ച വീട് ലക്ഷ്യമാക്കി പൊയ്.
“എന്നാലും എന്തിനായിരിക്കും ഗന്ധര്‍വന്‍ മാളുവേച്ചിയുടെ വീട്ടില്‍ പോയത്” പീക്കിരി പെട്ടന്നൊരു detective ആയി.
“ഒറ്റ കുത്ത് വെച്ച് തരും എല്ലാത്തിനും. എന്നെ നാണം കെടുത്തിയപ്പോ മതിയായോ എല്ലാര്‍ക്കും.” മാളു കൈയോങ്ങി.
“അല്ല മാളുവേച്ചി... ശരിക്കും ഈ ഗന്ധര്‍വന്‍ എന്തിനാ മാളുവേച്ചിയുടെ വീട്ടിലേക്കു പോയത്. നമ്മുക്കൊന്ന് പുറകെ പൊയ് നോക്കിയാലോ” പൊന്നു പറഞ്ഞു.
ശരിയാണ്.. ഒന്ന് പൊയ് നോക്കാം. മാളുവിനും ജിഞാസ്സ അടക്കാന്‍ സാധിച്ചില്ല.
“ബാ പോകാം” മാളു മുന്നില്‍ നടന്നു. പുറകില്‍ അതീവ ജാഗ്രതയോടെ നിരനിരയായി കുട്ടികൂട്ടവും.
മാളുവിന്‍റെ വീടിന്‍റെ മതിലിനു പിറകില്‍ അവര്‍ നിരന്നു. എല്ലാവരും ചെവി വട്ടം പിടിച്ചു. ഐക്യരാഷ്ട്ര സഭയിലെ സംഭാഷണം ചോര്‍ത്തുന്ന ഗൗരവത്തോടെ pindrop silent ആയി എല്ലാവരും കാതോര്‍ത്തു.
“എനിക്കൊന്നും കേള്‍ക്കാന്‍ വയ്യ” പീക്കിരി പറഞ്ഞു.
“ശ്ശ് മിണ്ടല്ലേ” മാളു അവന്‍റെ വായപൊത്തി.
ഏതാണ്ട് പത്തു നിമിഷത്തോളം അവര്‍ ആ നില്‍പ്പ് തുടര്‍ന്നെങ്ങിലും അവര്‍ക്കൊന്നും കേള്‍ക്കാനായില്ല. നിരാശയോടെ എല്ലാവരും നിലത്തു കുത്തിയിരുന്നു.
“ഇനിയെന്ത് ചെയ്യും” എല്ലാര്‍ക്കും നിരാശ .
പെട്ടന്നാണ് ഒരു അനക്കം കേട്ടത്.
“അയ്യോ ഗന്ധര്‍വന്‍.” കേട്ടതും എല്ലാരും നാലുവഴിക്കു ഓടി.
മാളു ഓടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗന്ധര്‍വന്‍ അവളുടെ അടുത്ത് വന്നു.
“തന്‍റെ വീട്ടില്‍ ഞാനൊരു കാര്യം ചോദിച്ചിട്ടുണ്ട്. മാളുവിനെ ഈ ഗന്ധര്‍വന് സ്വന്തമായിട്ട് തരാമോ എന്ന്.... തനിക്കും അവര്‍ക്കും സമ്മതമാനെങ്ങില്‍ തന്‍റെ ജീവിതത്തില്‍ ഒരു ഗന്ധര്‍വന്‍ ആയി തന്നെ ഞാനുണ്ടാകും എന്നും. പിന്നെ ഈ കുട്ടിക്കൂട്ടത്തിലും. ഇപ്പൊ ഞാന്‍ പോട്ടെ. കാണാം. കാണണം.” ഗന്ധര്‍വന്‍ തിരിഞ്ഞു നടന്നു.
മാളു സ്തംഭിച്ചു നില്‍ക്കുകയാണ് ഇപ്പോഴും. അവളുടെ ഇപ്പോഴത്തെ വികാരമെന്തെന്തു ആര്‍ക്കും ഒരു കടലാസ്സിലും എഴുതി പിടിപ്പിക്കുവാന്‍ സാധിക്കില്ല.
കാറിനടുത്തെത്തി ഗന്ധര്‍വന്‍ ഒന്നും കൂടെ തിരിഞ്ഞു നോക്കി.
അതേ നോട്ടം.... മാളു മൂക്കുംകുത്തി വീണ അതേ നോട്ടം.

by: Kavitha Sebastian

പുതിയൊരു അദ്ധ്യായം

Image may contain: 1 person, selfie and closeup

എന്റെ ഹൃദയമിടിപ്പ് ചുറ്റുമുള്ളവർക്ക് കേൾക്കാമെന്ന് തോന്നുന്നു. അത്രത്തോളം ആകാംഷയുടെ മുൾമുനയിലാണ് ഞാന്‍. 
ഇവിടെ എത്തിയിട്ട് മൂന്നാല് മണിക്കൂര്‍ ആയി. ഇതുവരെ ഡോക്ടര്‍ ഒന്നും പറഞ്ഞില്ല. ഇത്രയും സമയം ആയതുകൊണ്ട് ഇതും നഷ്ട്ടപെടാനാണ് സാധ്യത. അല്ല... ഇതും നഷ്ട്ടപെട്ടു കഴിഞ്ഞു. കഴിഞ്ഞ ആറു തവണയും ശക്തമായ രക്തം പോക്ക് ആയിരുന്നു കാരണം.ഇപ്പ്രാവശ്യവും അത് തന്നെ. ഒന്നിനും ഒരു വിത്യാസവും ഇല്ല. എനിക്കും സുലുവിനും ഒഴികെ.
ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ്. അതിന്റെ വേദനയും വിഷമവും ഗൗരവവും എത്രമാത്രം ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ഞാനും സുലുവും അതനുഭാവിക്കാന്‍ തുടങ്ങിയിട്ട് വർഷങ്ങള്‍ പലതായി. കൂടെ മറ്റുള്ളവരുടെ പരിഹാസം കൂടിയായപ്പോള്‍ ജീവിതം തന്നെ വ്യർത്ഥമായിപോയി എന്ന് തോന്നി. അതിൽനിന്നും കരകയറിയത് ഞങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം ഒന്നുകൊണ്ടു മാത്രം,ആയിരുന്നു. 
ഓരോന്ന് നഷ്ട്ടപെടുമ്പോഴും ഞങ്ങള്‍ അടുത്തത് ലഭിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരിക്കും. കഴിഞ്ഞ തവണ ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍ പറഞ്ഞിരുന്നു ഒരു കുഞ്ഞിനെ ദാത്തെടുക്കുന്നതിനെ പറ്റി ആലോചിക്കാന്‍. ഡോക്ടർക്ക് ഞങ്ങളുടെ അടുത്തറിയാവുന്നത് കൊണ്ടും ഒരു കുഞ്ഞിനുവേണ്ടിയുള്ള ഞങ്ങളുടെ ആഗ്രഹം എത്രത്തോളം ആണെന്ന് അറിയാവുന്നതുകൊണ്ടുമണ് അങ്ങനെ പറഞ്ഞത്.
ഈക്കര്യത്തെപ്പറ്റി ഞാനും സുലുവും ആലോചിച്ചിരുന്നു. അനാഥമാക്കപ്പെട്ട ഒരു ബാല്യം സനാഥമാക്കുക വഴി വലിയൊരു പുണ്യപ്രവർത്തിയാണ് ഞങ്ങള്‍ ചെയ്യുന്നത് എന്ന് അറിയാമായിരുന്നു. എങ്കിലും ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സകല ഈശ്വരന്മാരെയും വിളിച്ചു പ്രാർത്ഥിച്ച നാളുകള്‍ ആയിരുന്നു അത്.
ഞാനും സുലുവും തളർന്നില്ല. പ്രർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്നു. മൂന്നാം മാസത്തിലേക്ക് കടന്നപ്പോള്‍ അതിയായി സന്തോഷിച്ചു. കാരണം കഴിഞ്ഞ ആറു തവണയും രണ്ടാം മാസം പിന്നിട്ടിരുന്നില്ല. ഈശ്വരകടാക്ഷം എന്ന് ഉറച്ചു വിശ്വസിച്ചു. 
എന്നാല്‍ വിധി പിന്നെയും ക്രൂരമായി പെരുമാറി. ശക്തമായ രക്തംപോക്കില്‍ തളർന്നു അവശയായപ്പോഴും സുലുവിന്റെ കണ്ണില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഇനി എന്ത് പറഞ്ഞു ഞാനവളെ സമാധാനിപ്പിക്കും. അവളുടെ കണ്ണുനീരിനു ഇനി ഞാന്‍ എന്ത് പകരം വയ്ക്കും.
ഇല്ല തളരാന്‍ പാടില്ല. ഞാന്‍ തളർന്നാല്‍ അവളും തളരും. ഞാനാനവളുടെ കരുത്ത്. അവള്‍ എന്റെയും. മതി .. ഇതോടെ സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് എന്ന പ്രതീക്ഷ ഞാന്‍ നിർത്തി . ഇനിയും ഒരു പരീക്ഷണത്തിന് അവളുടെ ശരീരം വിട്ടുകൊടുക്കുവാന്‍ ഞാന്‍ തയ്യാറല്ല. ദത്തെടുക്കലിനെപറ്റി കാര്യമായി ആലോചിക്കാം. അതാണ്‌ ദൈവം എനിക്കും സുലുവിനും വിധിച്ചിട്ടുള്ളത്.
അതിലൂടെ ഞാനും സുലുവും ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവര്‍ ആകും. ആ കുഞ്ഞിനു വേണ്ടിയാകും ഇനി ഞങ്ങളുടെ ജീവിതം. ചിരിക്കുന്നതും കരയുന്നതും ആ കുഞ്ഞിനു വേണ്ടി, സമ്പാദിക്കുന്നതും ധൂർത്തടിക്കുന്നതും ആ കുഞ്ഞിനു വേണ്ടി. ഞങ്ങളുടെ കൊച്ചുലോകത്തില്‍ ഞങ്ങള്‍ സന്തോഷം കണ്ടെത്തും.
“മി.ഗോപന്‍” ഡോക്ടറുടെ വിളി കേട്ടപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്ന് ഉണർന്നത്. ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് ഓടി.
“ഡോക്ടര്‍ എന്റെ സുലു സുഖമായി ഇരിക്കുന്നോ. എനിക്കവളെ ഒന്ന് കാണണം. എന്നെ കണ്ടാല്‍ അവള്‍ തളരില്ല. എന്തും സഹിക്കാനുള്ള ശക്തി അവൾക്ക് കിട്ടും.” എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വീഴാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്... എന്തോ എനിക്കതിനു കഴിയുന്നില്ല.
“മി.ഗോപന്‍, നിങ്ങള്‍ എന്തൊക്കെയാണീ പറയുന്നത്. നിങ്ങളുടെ ഭാര്യ സുഖമായി ഇരിക്കുന്നു. അവളുടെ ഉദരത്തില്‍ കുഞ്ഞും സുഖമായി ഇരിക്കുന്നു. അവർക്ക് ഒരു കുഴപ്പവും ഇല്ല. അര മണിക്കൂര്‍ കഴിയുമ്പോള്‍ സുലുവിനെ കയറി കണ്ടോളു.” ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്തൊക്കെയാണ് ഞാനീ കേൾക്കുനന്നത്. എനിക്ക് തലകറങ്ങുന്നു. എത്രയോ നാളായി ആശുപത്രിയില്‍ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ കേൾക്കാന്‍ കൊതിച്ച വാക്കുകള്‍... എന്നാല്‍ ഈപ്രാവശ്യം തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. 
“ഗോപന്‍ ഇനിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരുപാട് രക്തം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുലു നന്നേ ക്ഷീണിതയാണ്. ഇനിയുള്ള മാസങ്ങളില്‍ നല്ല റസ്റ്റ് വേണം. ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാല്‍ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രേ ബെഡ്ഡില്‍ നിന്ന് എഴുന്നേല്ക്കാവൂ. മുഴുവന്‍ സമയവും നിവർന്നു കിടക്കണം. അതും കാല്‍ അല്പം ഉയർത്തി വെച്ച്. സുലുവിന്റെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാനുള്ള കരുത്തില്ല. നിങ്ങള്‍ സൂക്ഷിക്കും പോലെയിരിക്കും ബാക്കിയുള്ള കാര്യങ്ങള്‍.ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ ഗോപന്.” ഡോക്ടര്‍ എന്നെ നോക്കി.
“ഉവ്വ് ഡോക്ടര്‍ ഉവ്വ്. എന്ത് വേണമെങ്കിലും ഞങ്ങള്‍ ചെയ്യാം... ഒരു നിമിഷം കണ്ണ് തെറ്റാതെ അവൾക്ക് കാവല്‍ ഇരുന്നോളാം ഞാന്‍. ഞങ്ങളുടെ കുഞ്ഞിനു ഒരാപത്തും വരരുത്” എന്റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു.
“പ്രാർത്ഥിച്ചോളു ഗോപന്‍. ഇനിയും ഈശ്വരന്‍ നിങ്ങളെ കൈ വിടില്ല. കുറച്ച് മരുന്നുകളൊക്കെ വാങ്ങാനുണ്ട്. ആ ഡോര്‍ ബെല്‍ അടിച്ചോളു. സിസ്റ്റര്‍ ലിസ്റ്റ് തരും” ഡോക്ടര്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു.
ഇനി ജീവിതത്തിലെ മറ്റൊരു അദ്ധ്യായം തുടങ്ങുകയാണ്. ഞാനും സുലുവും ഞങ്ങളുടെ കുഞ്ഞും ഒന്നിച്ചുള്ള മഴവില്ലിന്റെ ചാരുതയുള്ള ഒരു പുതിയ അദ്ധ്യായം. ഈശ്വരനില്‍ ഒരല്പം വിശ്വാസം കൂടിയത് പോലെ. ഒരു മനുഷ്യന് ഇപ്പോഴും ദുർവിധി മാത്രം വരുത്തില്ല ഈശ്വരന്‍. ഒരു കുന്നിന് ഒരു ഇറക്കം ഉണ്ടാകും. തീർച്ച ....

By: KavithaSebastian

പിരിയില്ല ഞാൻ.

Image may contain: 1 person, selfie and closeup

*************************
വീടെത്താറായി... ഇടവഴികളില്‍ നിന്നൊക്കെ ആളുകള്‍ എത്തിനോക്കുന്നുണ്ട്. വഴിനീളെ വണ്ടികള്‍ പാര്‍ക്ക്‌ ചെയ്തിട്ടുമുണ്ട്. എന്തുമാത്രം കാറുകളാണ്.... എന്‍റെയും ശ്യാമേട്ടന്‍റെയും സഹപ്രവര്‍ത്തകാരാണ് കൂടുതലും.... പിന്നെ ബന്ധുക്കളും മറ്റു കുടുംബ സുഹൃത്തുക്കളും.....
പാവം ശ്യാമേട്ടന്‍... ആശുപത്രിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതൽ ഇമവെട്ടാതെ എന്നെത്തന്നെ നോക്കി ഒരേയിരിപ്പാണ്...ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ല... ഒറ്റദിവസം കൊണ്ട് വറ്റിവരണ്ടു പോയിരിക്കുന്നു....
ശ്യാമേട്ടന്‍റെ ഉറ്റസുഹൃത്ത് ദാസേട്ടനും അരികിലുണ്ട്. ശ്യാമേട്ടനോട് എന്തൊക്കെയോ ദാസേട്ടന്‍ പറയുന്നുണ്ട്. പക്ഷേ എന്‍റെ ശ്യാമേട്ടന്‍ ഒന്നും കേട്ട ലക്ഷണമില്ല. നിർവ്വികാരനായി ഇരിക്കുകയാണ്..
വണ്ടി വീട്ടുമുറ്റത്ത് നിര്‍ത്തിയതും എല്ലാവരും ചുറ്റുംകൂടി. ആദ്യം ശ്യാമേട്ടനെ ആരൊക്കെയോ ചേര്‍ന്നു പിടിച്ചിറക്കി. ശേഷം എന്നെ ഇറക്കാനുള്ള ശ്രമത്തിലാണവര്‍. ആ കൂട്ടത്തില്‍ എന്‍റെ ഏട്ടനുമുണ്ട്....
എന്‍റെ വേണുവേട്ടന്‍... പാവം,കുഞ്ഞിപ്പെങ്ങളുടെ ശരീരം എടുത്തിറക്കേണ്ട ഗതികേട് വന്നല്ലോ ഏട്ടന്...
പണ്ട് കുഞ്ഞുന്നാളിൽ ഏട്ടന്റെ പുറത്തു ആനകയറാന്‍വേണ്ടി ഞാന്‍ ഒരുപാട് വാശി പിടിച്ചു കരയുമായിരുന്നത്രേ. എത്രനേരം എടുത്തോണ്ട് നടന്നാലും ഒന്നു പിണങ്ങിയിട്ടുപോലുമില്ല എന്‍റെ ഏട്ടന്‍. അമ്മയുണ്ടാക്കി തരുന്ന പാല്‍പായസത്തില്‍ നിന്നും മുന്തിരിയും അണ്ടിപരിപ്പുമൊക്കെ എനിക്ക് തരുമായിരുന്നു. ഞാന്‍ ഒന്ന് കരഞ്ഞാല്‍ ചേര്‍ത്തു പിടിച്ചു നിറുകയില്‍ ഉമ്മ തരും. അതില്‍ നിന്നും ലഭിക്കുന്ന ആശ്വാസവും സംരക്ഷണവും ചെറുതല്ല.
ഏട്ടന്‍റെ കുഞ്ഞിപെങ്ങളായി അഹങ്കരിച്ചു നടന്നൊരു കാലമുണ്ടായിരുന്നു.
“നാളെ മുതൽ എന്നെ എടുക്കാന്‍ പറ്റില്ലല്ലോ... ഇന്നും കൂടി എന്നെ ഒന്ന് എടുത്തോണ്ട് നടക്കാമോ ഏട്ടാ....” എന്ന് ചിണുങ്ങിയ എന്നെ എന്‍റെ കല്യാണത്തലേന്നു രണ്ടു കൈകള്‍ കൊണ്ടും വാരിയെടുത്തു ബന്ധുക്കളുടെ ഇടയിലൂടെ നടന്ന എന്‍റെ ഏട്ടന്‍... എന്‍റെ വേണുവേട്ടന്‍.... പാവം ഈ പെങ്ങളെ അവസാനമായി ഇന്ന് എടുക്കാന്‍ പോകുന്നു... പക്ഷേ അത് ആസ്വദിച്ചു കുണുങ്ങി ചിരിക്കാന്‍ എനിക്ക് കഴിയില്ലലോ...
വീട്ടില്‍ ടാര്‍പായ വലിച്ചു കെട്ടിയിട്ടുണ്ട്. ഒരുപാട് കസേരകളും ഇട്ടിട്ടുണ്ട്. വണ്ടിയില്‍ നിന്ന് എന്നെ എടുത്തു വീട്ടിലെ നടുമുറിയില്‍ കിടത്താനുള്ള പരിപാടിയാണ്....
ഞാന്‍ നട്ട ചെടികള്‍ ആരും ചവിട്ടിമെതിക്കരുതേ.. എന്‍റെ ജമന്തിച്ചെടി മുളച്ചു പൊങ്ങിയിട്ടേ ഉള്ളു... വാടിത്തളര്‍ന്നു നില്‍പ്പുണ്ട്. ആരെങ്കിലും അല്‍പ്പം വെള്ളം ഒഴിച്ചിരുന്നെങ്കില്‍..
എന്‍റെ മക്കളെവിടെ... അവരേ കാണുന്നില്ലല്ലോ.
ദേ.. എന്‍റെ അമ്മ... ഹൃദയം പൊട്ടി കരയുകയാണ് എന്‍റെ അമ്മ. പാവം സഹിക്കാന്‍ കഴിയുന്നുണ്ടാകില്ല.
“ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ നീയും വേണുവും എന്‍റെ അരികില്‍ തന്നെ ഉണ്ടാകണം” എന്ന് അമ്മ ഇടക്കിടക്ക് പറയുമായിരുന്നു. ഒരുകണക്കിന് പറഞ്ഞാല്‍ മരണത്തിനു വേണ്ടി ഏതു സമയത്തും തയ്യാറായിരുന്നു എന്‍റെ അമ്മ.
എന്നാല്‍ ഞാനോ... സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ജീവിതത്തിന് നടുവില്‍ മരണം എന്നൊരു ചിന്ത തന്നെ വിദൂരത്തായിരുന്നു....
എന്നിട്ടിപ്പോള്‍ എല്ലാം പെട്ടന്ന്... വളരെ പെട്ടന്ന്...
അച്ചുമോന്‍.... അയല്‍വീട്ടിലെ മല്ലികച്ചേച്ചി അച്ചുവിനെ എന്‍റെ അടുക്കലേക്കു കൊണ്ടുവരികയാണ്.
"വാ... മോനേ... വാ... അച്ചു... ഇങ്ങു അടുത്ത് വാ... അമ്മയുടെ അടുത്തേക്ക് വാടാ..."
അവനെ ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ ഒരായിരം മുത്തം നല്കണമെന്നുണ്ട്. പക്ഷേ ഒന്നും ഇനി നടക്കില്ലല്ലോ... ശരീരമൊന്നു അനക്കാന്‍ പോലും സാധിക്കുന്നില്ല...
മോനേ നിന്‍റെ മുഖമെന്താടാ ഇങ്ങനെ ഇരിക്കുന്നത്. നീ ഇന്നൊന്നും കഴിച്ചില്ലേ... നിനക്കിഷ്ട്ടപ്പെട്ട മാമ്പഴജ്യൂസ്‌ ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്. ഇന്നലെ നീ സ്കൂള്‍ വിട്ടു വരുമ്പോ കഴിക്കാന്‍ വേണ്ടി ഇന്നലെ രാവിലെ തന്നെ ഞാന്‍ തയാറാക്കി വെച്ചിരുന്നു... പക്ഷേ നീ വരുന്നതിനു മുന്പേ....
ഇന്നലെ ഉച്ചക്ക് തന്നുവിട്ട ചോറ് നീ മുഴുവനും കഴിച്ചോ?. അതോ എന്നത്തെയും പോലെ അല്‍പ്പം ബാക്കി കൊണ്ടുവന്നോ?
'ഇല്ല... നീ മുഴുവന്‍ കഴിച്ചുകാണും. അമ്മക്കറിയാം. നിനക്കിഷ്ട്ടപെട്ട അച്ചിങ്ങാമെഴുക്കുപുരട്ടിയല്ലേ ഞാന്‍ തന്നയച്ചത്. ഒരുപാട് ഹോംവര്‍ക്ക് തന്നിട്ടുണ്ടായിരുന്നോ ഇന്നലെ? ഇന്നലെ ക്രയോൺസ് കൊണ്ടുപോകാന്‍ മറന്നുപോയി അല്ലെ? നിന്‍റെ ബാഗ്ഗില്‍ അതെടുത്തുവെക്കാന്‍ ഞാനും മറന്നുപോയി..മോൻ പോയി കഴിപ്പോഴാ അമ്മ അത് കണ്ടത്....സാരമില്ല...
ആഹാ... നിന്‍റെ ഗീതുമിസ്സ് വന്നിട്ടുണ്ടല്ലോ... നീ കണ്ടിരുന്നോ അവരെ...?'
തക്കുടു എന്തിയേ... അവളുടെ ചെറിയ ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്. ആളുകളുടെ ഒച്ചയും ബഹളവും കാരണം എനിക്കെന്‍റെ മക്കളെ പോലും കാണാന്‍ സാധിക്കുന്നില്ലല്ലോ....
അടുക്കളയിലോട്ടു പൊയി നോക്കാം. അവിടെ നിന്നാണ് അവളുടെ ഒച്ച കേട്ടത്.
ചെറിയമ്മയുടെ കയ്യിലിരിപ്പുണ്ടല്ലോ എന്റെ തക്കുടു...
'മോളേ തക്കുടു... അമ്മ വന്നു.. ദേ ... ഇങ്ങോട്ട് നോക്കിയേ... തക്കുടു ... വാവേ....'
ഇല്ല അവള്‍ നോക്കുന്നില്ല.. എന്നെ എങ്ങനെ കാണാനാണ്. എന്‍റെ ശരീരം മുന്‍വശത്ത്‌ കിടത്തിയിരിക്കുകയല്ലേ.
പാവം ഒരുദിവസം കൊണ്ട് അവളും ആകെ മാറിപോയി. മുഖമെല്ലാം വാടി.. അവളുടെ മുഖം കാണുമ്പോള്‍ എന്‍റെ മുല ചുരത്തുന്നുണ്ടോ.... ഇല്ല... മുലപ്പാലൊക്കെ വറ്റിപോയെന്നു തോന്നുന്നു. ഒരല്‍പം പാല്‍ അവള്‍ക്ക് കൊടുക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍...
ചെറിയമ്മ ടിന്നില്‍നിന്നും പാല്‍പ്പൊടി എടുക്കുന്നുണ്ട്. തക്കുടുവിനു പാല്‍ കൊടുക്കാനുള്ള ശ്രമത്തിലാണ്. ശ്യാമേട്ടനോട് എത്ര നിര്‍ബന്ധം പിടിച്ചിട്ടാണ് കഴിഞ്ഞാഴ്ച തക്കുടുവിനു പാല്‍പ്പൊടി വാങ്ങിപ്പിച്ചത്.
“അത് കലക്കി കൊടുത്തൊന്നും എന്‍റെ മോളെ നീ വളര്‍ത്തണ്ട. നിന്‍റെ പാലിനോളം സ്വാദ് അതിനൊന്നും ഇല്ലെടി വീണേ..” ശ്യാമേട്ടന്‍റെ അഭിപ്രായമതായിരുന്നു. അതുകേട്ടു ഗര്‍വ്വിച്ചിരുന്ന എന്‍റെ ചെവിയില്‍ ശ്യാമേട്ടന്‍ വീണ്ടും പറഞ്ഞു.
"സത്യമാണെടീ പോത്തെ... ആ രുചി മറ്റൊന്നിന്നും കിട്ടില്ല.. നോക്കിക്കേ... എന്‍റെ വായില്‍ നിന്നും വെള്ളമൂറുന്നത് കണ്ടോ..” തുടയില്‍ ഒരു നുള്ളും വെച്ചുകൊടുത്തു ഞാന്‍ മുറിയില്‍ നിന്നും അന്നേരം ഇറങ്ങിപോയി.... വേണ്ടായിരുന്നു... അന്നേരം ശ്യാമേട്ടന്‍റെ അടുത്തുനിന്നും മാറണ്ടായിരുന്നു. ശ്യാമേട്ടന്‍റെ മാത്രം വീണയായി, കിന്നാരം പറച്ചിലിനും ശരീരചലനങ്ങള്‍ക്കും വഴങ്ങി കൊടുത്ത് ആ നെഞ്ചത്ത് തല വെച്ച് കിടക്കാമായിരുന്നു. ഇനി എനിക്കതിനു സാധിക്കില്ലല്ലോ....
തക്കുടുവും അച്ചുമോനും ഇപ്പോള്‍ ശ്യാമേട്ടന്‍റെ മടിയിലാണ്. രണ്ടുപേരെയും ഇറുകെ പിടിച്ചു ശ്യാമേട്ടന്‍ ഉറക്കെ ഉറക്കെ കരയുകയാണ്. പലരും സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും....
വയ്യ... എനിക്കിതൊന്നും കാണാനും സഹിക്കാനും വയ്യ...
ഒരുവട്ടം കൂടി അവരുടെ സമീപം ചെലവഴിക്കുവാന്‍ സാധിച്ചിരുന്നെങ്ങില്‍....
ആ കട്ടിലില്‍ എല്ലാവര്‍ക്കും ഒന്നുകൂടി കെട്ടിമറിയുവാന്‍ പറ്റിയിരുന്നെങ്ങില്‍...
'എനിക്ക്', 'എനിക്ക്', 'എനിക്ക്', എന്നുപറഞ്ഞു എന്‍റെ ഉമ്മക്കായി ശ്യാമേട്ടനും അച്ചുമോനും മത്സരിക്കുമ്പോള്‍, ഓടിച്ചെന്ന് തക്കുടുവിനെ എടുത്തു അവരെ കൊതിപ്പിച്ചുകൊണ്ട് അവള്‍ക്കു തുരുതുരേന്നു ഉമ്മ കൊടുക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍....
ഏതാനും നിമിഷങ്ങൾ കൂടിയേ ഇനി എന്നെ ഇവിടെ കിടത്തുകയുള്ളൂ...
അവസാനമായി ഒന്ന് കാണാന്‍ എന്‍റെ സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.. എല്ലാവരുടെയും മുഖത്തു സങ്കടം മാത്രം.
പ്രസാവാവധി കഴിഞ്ഞു അവരുടെ അടുത്തേക്ക് തിരിച്ചു ചെല്ലാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കിയുള്ളൂ....
വീടിനു പുറകില്‍ എനിക്കായുള്ള ചിത ഒരുങ്ങി കഴിഞ്ഞു.....
അവര്‍ മുറിച്ച മാവിന്‍റെ കൊമ്പിലായിരുന്നു അച്ചുമോന്‍റെ ഊഞ്ഞാല്‍. അവധിദിവസങ്ങളില്‍ ഇനി അവന് കളിക്കാന്‍ ഊഞ്ഞാലില്ല. മറ്റൊരു ഊഞ്ഞാല്‍ കെട്ടാന്‍ പറ്റിയ മരം ഈ തൊടിയിലുമില്ല. ഞാന്‍ കാരണം അവന് അവന്‍റെ ഊഞ്ഞാല്‍ നഷ്ട്ടമായി....
ഏതാനും നേരത്തിനുള്ളില്‍ എന്‍റെ ശരീരം അഗ്നിക്കിരയാകും....
എനിക്കാണെങ്കില്‍ തീ പണ്ടേ പേടിയാണ്....
അടുക്കളയില്‍ കടുക് പൊട്ടിച്ചപ്പോള്‍ ഒരു കടുക് പൊട്ടി മുഖത്തു തെറിച്ചതിനു ഞാനുണ്ടാക്കിയ പുകില്....
അന്ന് ശ്യമേട്ടന്‍ എന്നെ ഒരുപാട് കളിയാക്കി....
വേണുവേട്ടനോടും അമ്മയോടും പറഞ്ഞു. അവരും കളിയാക്കി. എന്തിനു അച്ചുമോന്‍ വരെ എന്നെ കളിയാക്കി....
ഇന്നിതാ ഞാന്‍ മുഴുവനായി കത്തിനശിക്കുവാന്‍ പോകുന്നു.
“ശ്യാമേട്ടാ, എനിക്ക് തീ പേടിയാണ്. എന്നെ കത്തിക്കല്ലേ......”
“വേണുവേട്ടാ, ഏട്ടന്‍റെ പൊന്നുമോളല്ലേ ഞാന്‍, എന്നെ തീയില്‍ വെക്കല്ലേ എന്ന് പറ ഏട്ടാ.....”
“അമ്മേ, സത്യമായിട്ടും എനിക്ക് പേടിയാ അമ്മേ, വേണ്ടാന്നു പറയമ്മേ....”
ഇല്ല, ഇവര്‍ക്കാര്‍ക്കും എന്നെ സഹായിക്കുവാന്‍ കഴിയില്ല. ജീവിതത്തില്‍ മരണം ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മരണശേഷം അഗ്നിയില്‍ കത്തിയെരിയണം....
അതിനുമുന്‍പ്‌ എനിക്ക് മറ്റൊരു കാര്യം നോക്കാനുണ്ട്. എന്‍റെ ഈ ജീവിതം തല്ലിത്തെറുപ്പിച്ച ആ കാരണത്തെ ഒന്ന് കാണണം.
 എന്നോട് ഈ ചതി ചെയ്തത് എന്തിനാണെന്ന് ചോദിക്കണം.
അതെ... അതാ കിണറ്റിന്‍ വക്കിലെ പൊത്തില്‍ തന്നെയുണ്ട്. കിണര്‍ കോൺക്രീറ്റ് ചെയ്തു കെട്ടിപൊക്കാമെന്നു ശ്യാമേട്ടന്‍ ഒരുപാട് തവണ പറഞ്ഞതാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം ഞാനാണ് ഇപ്പോള്‍ അതൊന്നും വേണ്ടാന്നു പറഞ്ഞത്. അത് ചെയ്തിരുന്നെങ്ങില്‍ ആ പൊത്തും പൊത്തിലൊരു വിഷപാമ്പും ഉണ്ടാകില്ലായിരുന്നു....
പൊത്തിലേക്ക് നോക്കിയപ്പോൾ ഞാന്‍ ഞെട്ടിപ്പോയി...
എന്നെ കടിച്ച പാമ്പിന്‍റെ അടിയില്‍ മൂന്നാലു മുട്ട.... അത് മുട്ടക്ക് അടയിരിക്കുകയാണ്...
ഒരുപക്ഷെ ചവിട്ടുമെന്ന ഭയത്താലായിരിക്കണം പ്രാണരക്ഷാര്‍ത്ഥം അതെന്‍റെ കാലില്‍ കടിച്ചത്...
സാരമില്ല... നിനക്കും നിനക്ക് ലഭിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും നല്ലത് വരട്ടേ...
നിന്‍റെ അമ്മമനസ്സ് എനിക്ക് മനസിലാകും.... പക്ഷേ ഒരപേക്ഷയുണ്ട്... ആളുകള്‍ താമസ്സിക്കുന്നിടത്തേക്ക് നീയും നിന്‍റെ മക്കളും വരരുത്... ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷര്‍ക്കെന്ന പോലെ തന്നെ പാമ്പുകള്‍ക്കുമുണ്ട്. എന്നാല്‍ പരസ്പരം ബുദ്ധിമുട്ടിച്ചു കൊണ്ടായിരിക്കരുത് നമ്മുടെയൊക്കെ ജീവിതം....
ഇനി ഞാന്‍ പോകട്ടെ... നോക്കൂ... എന്‍റെ ശരീരം ചിതയിലേക്ക് എടുക്കുകയാണ്... അഗ്നിയെ പേടിയാണെങ്ങിലും എനിക്കതിനെ സ്വീകരിച്ചേ മതിയാകൂ...
അതിനുമുന്‍പ്‌ എനിക്കെന്‍റെ ശ്യാമെട്ടനെയും മക്കളെയും ഒന്നൂടെ കാണണം. അമ്മയുടെ കവിളില്‍ മുഖം ചേര്‍ത്തുരസണം. ഏട്ടന്‍റെ കയ്യില്‍ തൂങ്ങിയാടണം....
അടുത്ത ജന്മം വരെയും ഓർമ്മ തൻ മണിച്ചെപ്പിൽ ഈ നിമിഷങ്ങൾ എനിക്ക് സൂക്ഷിക്കണം...

by: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo