Showing posts with label DrVenus. Show all posts
Showing posts with label DrVenus. Show all posts

ദാനം I Dr Venus


 "അപ്പൂപ്പൻ എന്താ ഒരുങ്ങാത്തത്? ഇന്നു പുറത്ത് പോകുമ്പോൾ ഞാനും കൂടെ വരും "- പറയുമ്പോൾ കൊച്ചുമകൻ്റെ ശബ്ദത്തിൽ വാശി കലർന്നിരുന്നു.
"എവിടേയ്ക്ക്? അപ്പൂപ്പൻ എവിടെയും പോകുന്നില്ല" - മറുപടി പറയുമ്പോൾ അവനെ വാശിയിൽ നിന്ന് പിന്തിരിപ്പിയ്ക്കാമെന്ന് വെറുതെ വ്യാമോഹിച്ചു.
" അതു വെറുതെ! അപ്പൂപ്പൻ്റെ ഫ്രണ്ട്സ് ഇന്നലെ വൈകുന്നേരം വന്നപ്പോൾ പറഞ്ഞതല്ലേ, ഇന്ന് വൈകുന്നേരം പുറത്തേയ്ക്കിറങ്ങണമെന്ന് ?വീട്ടിനുള്ളിൽ തന്നെ ഇങ്ങനെ അടച്ചു പൂട്ടി ഇരിയ്ക്കേണ്ടെന്നു പറഞ്ഞത് ഞാൻ കേട്ടല്ലോ? ഈ അപ്പൂപ്പൻ്റെ ഒരു മറവി!"_ ശ്രീഹരി നിറുത്താനുള്ള ഭാവമില്ല.
" മറന്നതല്ല കുഞ്ഞേ!അപ്പൂപ്പന് പുറത്തേയ്ക്കൊന്നും ഇറങ്ങാൻ തോന്നുന്നില്ല"
"അതു പറ്റില്ല, ഇന്നേതായാലും നമുക്കു് പോകാം അപ്പൂപ്പാ. എത്ര നാളായി പാർക്കിൽ പോയിട്ട്.' അപ്പൂപ്പൻ വേഗം ഒരുങ്ങ്. ഞാൻ പോയിട്ട് വേഗം റെഡിയായി വരാം.ഇപ്പോൾ തന്നെ അപ്പൂപ്പൻ്റെ ഫ്രണ്ട്സ് കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും."
ഒരു ചിത്രശലഭം കണക്കെ പാറിപ്പറന്ന് ശ്രീഹരി മുന്നിൽ നിന്നു മറയുമ്പോഴും ഒരു തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ് മനസ്സ്.വൈകുന്നേരത്തെ, പാർക്കിൽ വച്ചുള്ള കൂട്ടുകാരുമായുള്ള കൂടിച്ചേരലിൽ നിന്ന് വിട്ടുനിന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു. ശരിയ്ക്കും പറഞ്ഞാൽ കഴിഞ്ഞ മാസം ഇരുപത്തൊന്നിനു ശേഷം വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയിട്ടില്ല. അന്നാണല്ലോ തൻ്റെ ഒരു ചിറക് നഷ്ടപ്പെട്ടത്.
തലേന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, വെളുപ്പിനു നേരത്തേയുണർന്ന് അമ്പലത്തിൽ പോകണമെന്ന് മാലതി പറഞ്ഞിരുന്നു. സാധാരണ താൻ ഉണരും മുൻപേ, ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്നും എഴുന്നേറ്റു പോയിട്ടുണ്ടാകും, അവൾ. പക്ഷേ താൻ ഉറക്കമുണർന്നിട്ടും കണ്ണു തുറക്കാതെ തൻ്റെയരികിൽ ഉറക്കത്തിലായിരുന്നു അവൾ, അന്ന് .തൻ്റെ ശബ്ദം കേട്ടു ഞെട്ടിയുണരുമ്പോൾ അവളുടെ മുഖത്തു തെളിയുന്ന ഭാവങ്ങൾ കാണാനുള്ള വ്യഗ്രതയോടെ, ശബ്ദമുണ്ടാക്കി, കൈ നീട്ടി അവളുടെ ദേഹത്തു സ്പർശിയ്ക്കുമ്പോൾ സത്യത്തിൽ ഞെട്ടിപ്പോയത് താനാണ്. മഞ്ഞിൻെറ തണുപ്പായിരുന്നു നീണ്ടു മെലിഞ്ഞ വിരലുകൾക്ക് .തൻ്റെ വിളി കേൾക്കാനാകാത്ത ദൂരത്തിലായിരുന്നു അവൾ.
അലമാര തുറന്നു. ഭംഗിയായി ഇസ്തിരിയിട്ടടുക്കി വച്ചിരിക്കുന്ന തൻ്റെ വസ്ത്രങ്ങൾ. ഹാങ്ങറിൽ തൂങ്ങുന്ന ഷർട്ടുകൾ. മറ്റൊന്നു മാറ്റിയുടുക്കാനായി തിരയവേ, കഴിഞ്ഞ മുപ്പത്തി ആറുവർഷങ്ങളായി താൻ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലെന്നോർത്തു.
വൈകുന്നേരത്തെ കാപ്പി കഴിയുമ്പോഴേയ്ക്കും പുറത്തു പോകാനുള്ള വസ്ത്രങ്ങളുമായി അവൾ അരികിലുണ്ടാകും. .... മാലതി. എല്ലാ കാര്യത്തിനും താൻ നിഴൽ പോലെ ! തൻ്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ!
വൈകുന്നേരങ്ങളിൽ ഒന്ന് നടന്ന്, കൂട്ടുകാരെയും കണ്ട്, ദീപാരാധനയും കഴിഞ്ഞ് വീട്ടിലെത്തിയാൽ മതി എന്ന നിർബ്ബന്ധമായിരുന്നു അവൾക്ക്. പുറത്തിറങ്ങാതെ ഇരുപത്തിനാലു മണിക്കൂറും വീട്ടിൽ തന്നെ ഇരിപ്പുറപ്പിച്ചാൽ മടിയനായിപ്പോകുമത്രെ.... പിന്നെ വയസ്സനും.
ഇപ്പോൾ ഈ വീട്ടിൽ ഏകാന്തത തന്നെ ചൂഴ്ന്ന് നിൽക്കുകയാണ്. മൗനത്തിൻ്റെ വാത്മീകത്തിനുള്ളിൽ അകപ്പെട്ട പോലെ .പക്ഷേ, ഈ മുറിയിൽ അവളുടെ ഗന്ധമുണ്ട്. തനിയ്ക്കറിയാം, മറഞ്ഞു നിന്നാണെങ്കിലും തന്നെ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകൾ എപ്പോഴും തനിയ്ക്കരികിലുണ്ടെന്ന്.
തൊണ്ട വറ്റിവരളുന്നു..മേശപ്പുറത്തെ സ്റ്റീൽ ഫ്ലാസ്ക്കിൽ നിന്ന് വെള്ളം പകരാനെടുക്കുമ്പോൾ, അതിൻ്റെ തിളങ്ങുന്ന പ്രതലത്തിൽ തൻ്റെ മാത്രം രൂപം, ഏകനായ താൻ. അന്നൊരു ദിവസം മാളിൽ നിന്ന് കൗതുകം തോന്നിയ രൂപത്തിലുള്ള ഫ്ലാസ്ക് തെരഞ്ഞെടുക്കുമ്പോൾ മാലു സന്തോഷത്തോടെ അതിൽപ്പതിഞ്ഞ തങ്ങളുടെ രൂപം കാണിച്ചു തന്നു കൊണ്ടു പറഞ്ഞിരുന്നു, " നോക്കൂ കൃഷ്ണേട്ടാ ഫ്ലാസ്ക്കിൻ്റെ പുറത്തുമുണ്ട് നമ്മൾ രണ്ടു പേരും ഒന്നിച്ച്. ഇന്നു മുതൽ ഇതിലാണ് നമ്മുടെ ബഡ്റൂമിൽ വെള്ളം വയ്ക്കുന്നത്."ഫ്ലാസ്ക്ക് ചരിച്ചു നോക്കി.അതിനുള്ളിൽ മീനമാസത്തിൻ്റെ വറുതി...മാലുവിൻ്റെ സാന്നിദ്ധ്യമില്ലാത്ത ഈ വീടുപോലെ!
മുറിയിലെ ഓരോ പൊട്ടിലും പൊടിയിലുമുണ്ട് മാലുവിൻ്റെ വിരൽപ്പാട് .ചിന്തകളിൽ മാലുവിൻ്റെ രൂപം, വാക്കുകൾ എല്ലാം നിറയ്ക്കുന്നവ..
" ഇങ്ങനെ എല്ലാറ്റിനും എൻ്റെ കയ്യ് തന്നെ എത്തണമെന്നു പറഞ്ഞാൽ കഷ്ടം തന്നെയാണേ.ഞാനില്ലാതെ ആയാലും ജീവിയ്ക്കാൻ അറിയേണ്ടേ? ഈ വീട്ടിൽ ഓരോന്നുമെവിടെയാണ് വച്ചിരിയ്ക്കുന്നതെന്ന് കൃഷ്ണേട്ടനറിയോ? ഒന്നും വേണ്ട, കൈ തുടയ്ക്കാനുള്ള ടവൽ എവിടെയാണ് വയ്ക്കണതെന്ന്.. കുട്ടികൾ ഉണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.അവർക്കൊക്കെ അവരുടേതായ തിരക്കുകൾ ഉണ്ട്. "
വൈകുന്നേരം പുറത്തു പോകാനുള്ള വസ്ത്രങ്ങൾ എടുത്തു തരുന്നതിനിടെ, ആത്മഗതം പോലെ, തലേന്ന് മാലതി പറഞ്ഞതാണ്.
"അതെന്താ എന്നെ ഇവിടെ ഇട്ടിട്ട് മാലു എവിടെ പോകുകയാണ്? ഓ, അമേരിക്കയിലുള്ള മൂത്ത മകനൊപ്പം പോയി താമസിയ്ക്കാനുള്ള പരിപാടിയാ ണോ? ഇതെല്ലാം ഓരോന്ന് ചെയ്തു തന്ന് നീ തന്നെ ശീലിപ്പിച്ചെടുത്തതാണ്.അതെല്ലാം ഇനി ഈ റിട്ടയർമെൻ്റിൻ്റെ കാലത്ത് മാറ്റണമെന്നു പറഞ്ഞാൽ ലേശം കടുപ്പം തന്നെയാണ് ."
കളിയായി മറുപടി പറയുമ്പോൾ ,പറഞ്ഞതത്രയും സത്യമാണെന്നു മനസ്സിലോർത്തു.
"ഞാനെങ്ങും പോകുന്നില്ല എൻ്റെ ദൈവമേ! ഒരുമിച്ചല്ലാതെ ഇത് വരെ എവിടേയ്ക്കും യാത്ര പോയിട്ടില്ല ഞാനിതുവരെ! ഇനിയും അങ്ങനെ തന്നെ. കൃഷ്ണേട്ടനെ ഇവിടെ തനിച്ചാക്കിപ്പോയാൽ എനിയ്ക്ക് എങ്ങനെ മന:സമാധാനം കിട്ടാനാണ്?"
തൻ്റെ വിരലുകളിൽ മുറുകെപ്പിടിച്ചു കൊണ്ട് മറുപടി പറയുമ്പോൾ അവളുടെ കണ്ണുകളിൽ മിഴിനീർ ഊറിയിരുന്നു.
പക്ഷേ അന്നു രാത്രിയിൽ അത്താഴത്തിനു ശേഷമുള്ള പതിവുവർത്തമാനത്തിനു ശേഷം ഒരുമിച്ചുറങ്ങുമ്പോൾ അത് മാലുവിൻ്റെ അവസാനനിദ്രയാകുമെന്ന്, താനീ ലോകത്ത് തനിച്ചാകുമെന്ന് അൽപ്പം പോലും ഓർത്തില്ലല്ലോ , അതും പരസ്പരം സ്നേഹിച്ച്, പരസ്പരം താങ്ങായി ജീവിച്ചു കൊതി തീരും മുൻപ്.
"ഈ അപ്പൂപ്പൻ ഇവിടെ എന്ത് ചെയ്യുകയാണ്? സ്വപ്നം കണ്ടു നിൽപ്പാണോ? ഞാൻ റെഡിയായി വരും മുൻപ് ഒരുങ്ങിത്തീരണം കേട്ടോ." വീണ്ടും ഒരോട്ട പ്രദക്ഷിണം നടത്തി മടങ്ങുന്നതിനിടെ ശ്രീഹരി വിളിച്ചു പറഞ്ഞു, ഒരഞ്ചു വയസ്സുകാരൻ്റെ ചുറുചുറുക്കോടെ!
അവനെ മുഷിപ്പിയ്ക്കാതിരിക്കാൻ ,പുറത്തു പോകാൻ ഒരുങ്ങാനായി അലമാരയിൽ നിന്ന് കയ്യിൽ കിട്ടിയതൊരെണ്ണമെടുത്ത് തിരിയുമ്പോൾ, " ശ്രീ ഹരി,നീ എവിടെപ്പോകാനാണ് ബഹളം കൂട്ടുന്നത്? ആഡ്രസ്സുകൾ ഒന്നും കുഴച്ചു മറിയ്ക്കല്ലേ .ഇനി അതിന്മേൽ പണിയാനൊന്നും എനിയ്ക്കു വയ്യ! അല്ലെങ്കിൽ തന്നെ ജോലി ചെയ്തു ചെയ്ത് മനുഷ്യൻ്റെ നടുവൊടിഞ്ഞു.ഇനി നീയായിട്ട് പുതിയ പണിയുണ്ടാക്കിത്തരല്ലേ.- " - അടുത്ത മുറിയിൽ നിന്ന് മരുമകളുടെ ശബ്ദം ഉയർന്നു കേട്ടു .
" ഞാൻ അപ്പൂപ്പൻ്റെ കൂടെ പാർക്കിലേയ്ക്കാണ്. ഇന്നലെ അപ്പൂപ്പൻ്റെ ഫ്രണ്ട്സ് വന്നപ്പോൾ പറഞ്ഞത് അമ്മ മറന്നോ?"
"ഓഹോ, അപ്പോൾ ദുഃഖാചരണമൊക്കെ കഴിഞ്ഞ്, വയസ്സൻ ക്ലബിലേയ്ക്ക് യാത്ര തുടങ്ങുകയാണോ? പ്രായമായവർ അടങ്ങിയൊതുങ്ങി ഇവിടെയെങ്ങാനുമിരിയ്ക്കണം. ഇനി നടക്കാൻ പോകുന്നേരം വല്ല വണ്ടിയും മുട്ടി കിടപ്പായാൽ, ദൂരെയുള്ള മറ്റു മക്കൾക്കൊന്നും പ്രശ്നമില്ലല്ലോ, ഇവിടെ ശുശ്രൂഷിയ്ക്കാൻ ഞാനില്ലേ ? അമ്മയുടെ മരണവിവരം അറിഞ്ഞു വന്നിട്ടുപോലും തിരക്കുപിടിച്ച് തിരിച്ചു പോയരാ അവർ രണ്ടു കൂട്ടരും. എല്ലാവർക്കും അഭിപ്രായവും പറഞ്ഞ് പോയാൽ മതിയല്ലോ. മരണവും ചടങ്ങുകളും മറ്റെല്ലാ ഭാരവും വലിയ്ക്കാൻ ഇവിടെയുള്ളവർ ഉണ്ടല്ലോ. എൻ്റെയൊരു തലവിധി!"- മരുമകളുടെ അതൃപ്തിയുടെ സ്വരം!
പറഞ്ഞു തീർന്നിട്ടും അത് തൻ്റെ ചെവിയിൽ പ്രതിദ്ധ്വനിയ്ക്കയാണ്.
യാത്ര വേണ്ടെന്നു വച്ച്, ചാരുകസേരയിൽ ചടഞ്ഞിരിയ്ക്കാൻ മനസ്സു പറഞ്ഞെങ്കിലും, ചിണുങ്ങുന്ന ശ്രീഹരിയെ ആശ്വസിപ്പിക്കാൻ പുറത്തേയ്ക്കിറങ്ങുമ്പോൾ എവിടെയൊക്കെയോ ജീവിതത്തിൻ്റെ താളം പിഴയ്ക്കുന്നതും അസ്വാരസ്യങ്ങൾ ഉയരുന്നതുമറിഞ്ഞു.
പാർക്കിൽ പടർന്നു പന്തലിച്ച, വെള്ളപ്പൂക്കൾ ചൂടിയ കാട്ടുചെമ്പകത്തറയിലുണ്ട് എന്നത്തെയും പതിവുപോലെ സുഹൃത്തുക്കൾ , സാമൂഹിക അകലം പാലിച്ചുകൊണ്ട് .ഇടവേളയ്ക്കു ശേഷമുള്ള സമാഗമത്തിൽ ആഹ്ലാദം പൊഴിയ്ക്കുന്ന, തൻ്റെ മൂഡ് മാറ്റാൻ തത്രപ്പെടുന്ന ചങ്ങാതിക്കൂട്ടത്തിൻ്റെ നടുവിൽ ഇരിയ്ക്കുമ്പോഴും നൂലറ്റ പട്ടം പോലെ അലയുകയായിരുന്നു തൻ്റെ മനസ്സ്.
" അപ്പോൾ നമ്മൾ പറഞ്ഞു തുടങ്ങിയത് എങ്ങും എവിടെയുമെത്തിയില്ല. അവയവദാനത്തിന് സമ്മതപത്രം കൊടുത്ത പോലെ, മരണശേഷം നമ്മുടെ ശരീരവും ദാനം ചെയ്യാൻ ക്ലബ്ബിൽ നിന്ന് ഫോം കിട്ടുമത്രേ! ചത്തു കഴിഞ്ഞാൽ നമ്മെക്കൊണ്ട് ആർക്കെങ്കിലും ഗുണം ഉണ്ടാകുമെങ്കിൽ ഉണ്ടായിക്കോട്ടെ ! നമുക്കുംകൊടുത്താലോ എന്നാണെൻ്റെ ആലോചന. എന്താ, ആർക്കും ഒരഭിപ്രായവും ഇല്ലാത്ത പോലെ?" മൂക്കിൽ നിന്നും തെന്നിമാറിത്തുടങ്ങിയ മാസ്ക്ക് മുഖത്തുറപ്പിച്ച്, ചങ്ങാതിക്കൂട്ടത്തിലെ ഓരോരുത്തരുടേയും മുഖത്തേയ്ക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ട് ശങ്കരേട്ടൻ പറഞ്ഞു നിറുത്തുമ്പോൾ, പുതുതായി എടുത്ത തീരുമാനം മൂകമായിട്ടെങ്കിലും മനസ്സിൽ പറഞ്ഞുറപ്പിയ്ക്കുകയായിരുന്നു താൻ.- നാളെ തന്നെ അപേക്ഷാ ഫോറം സംഘടിപ്പിയ്ക്കണം, കണ്ണുമാത്രമല്ല, ശവശരീരവും ദാനം ചെയ്യാൻ!
പണ്ട്, അനാട്ടമി ഡിസക്ഷൻ ഹാളിലെ കീറി മുറിച്ച ശവശരീരങ്ങളെക്കുറിച്ച്, മെഡിസിൻപഠനം കഴിഞ്ഞെത്തിയ മരുമകൻ പറഞ്ഞു കേട്ട അഭിപ്രായമറിഞ്ഞതിനു ശേഷം വേണ്ടെന്നു വച്ച,, മരണശേഷം തൻ്റെ ശരീരംദാനം ചെയ്യാനുള്ള തീരുമാനം ,മാറ്റി പുതിയ തെടുക്കുമ്പോൾ മനസ്സിൽ ആശ്വാസത്തിൻ്റെ അലകൾ ഇളകുന്നതറിഞ്ഞു.
അതേ, ഉറപ്പിച്ചു കഴിഞ്ഞു, ശരീരം ദാനം ചെയ്യാൻ..ഉചിതമായ തീരുമാനത്തിലൂടെ, മക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് താൻ.
തൻ്റെ ചിതയൊരുക്കാതെ, മരണാനന്തര കർമ്മങ്ങൾ ചെയ്യാതെ, സദ്യയൊരുക്കാതെ അവരൊന്നാശ്വസിച്ചോട്ടെ!
.......xxxxx.........xxxxxx.......xxxxx.....
ഡോ.വീനസ് .

വിഷു I Dr Venus


 വെളുപ്പിന് നിദ്രയകലുന്നേരം ,കണ്ണിറുക്കിയടച്ചു കിടന്നു, അമ്മയുടെ പദനിസ്വനത്തിന്നായി കാതോർത്ത്, കണികാണിക്കാനായി കണ്ണ് മൂടിപ്പിടിക്കുന്ന കൈവിരലിൻ്റെ ഇളംചൂടിനായി കൊതിച്ച്.
കണിയൊരുക്കി ഉറങ്ങാൻകിടക്കും മുൻപേ അമ്മ ഓർമ്മിപ്പിക്കും.
'കുഞ്ഞുമോളേ,രാവിലെപതിവുപോലെ ബഡിൽ നിന്നും എഴുന്നേറ്റു പോന്നേക്കരുത്.അമ്മ വന്ന് കണി കാണിക്കുമ്പോഴാണ് കണ്ണ് തുറക്കേണ്ടത്. '
വിഷുവിൻ്റെ തലേന്ന് അമ്മയുടെ സ്ഥിരം പല്ലവിയാണത്. അതനുസരിച്ച് വെളുപ്പിന് കണ്ണു തുറക്കാതെ കാത്തു കിടക്കും.
നഷ്ടബോധത്തോടെ കണ്ണുതുറക്കുമ്പോൾ ഓർത്തു, ഇപ്പോൾ താൻ കുഞ്ഞുമോളല്ല; വിവാഹശേഷം നഗരത്തിലെ പേരുകേട്ട സ്വകാര്യാശുപത്രിയിലേക്ക് ചേക്കേറിയ, സിന്ധുസുരേഷ് എന്ന നഴ്സ്. മുൻപ് അനാഥാലയത്തിൻ്റെ പേര് മേൽവിലാസമായിരുന്ന മെയിൽനഴ്‌സ് സുരേഷിൻ്റെ ഭാര്യ.
ഹൃദയത്തോട് ചേർത്തു വച്ചിരുന്ന കുടുംബബന്ധങ്ങളറുത്തു നീക്കിയ, പ്രേമവിവാഹത്തിന്ശേഷം ആദ്യത്തെ വിഷുവിന് കണിയൊരുക്കിയപ്പോൾ സുരേഷ് പറഞ്ഞു. 'എനിക്കു വിഷുവെന്നാൽ അനാഥാലയത്തിൽ ആരെങ്കിലും നടത്തുന്ന സദ്യയാണെന്ന് '. അതോടെ വിഷുക്കണിയൊരുക്കൽ നിർത്തി. സുരേഷിനെ വെറുതെ വേദനിപ്പിക്കുന്നതെന്തിന്, തൻ്റെ വീട്ടിലെ മധുരം നിറഞ്ഞ വിഷു ഓർമ്മകൾ നിരത്തിക്കൊണ്ട് . ഒന്നും പറയാറുമില്ല; പണ്ട് വീട്ടിൽ വിഷുവും ഓണവും ആഘോഷിച്ച കാര്യങ്ങളൊന്നും.
ഇപ്പോൾ പഴയ ഓർമ്മകളെ കുടഞ്ഞെറിയാൻ ഓണത്തിനും വിഷുവിനും ഡ്യൂട്ടിയെടുക്കും. അന്ന് ആഘോഷങ്ങൾക്കായി വീട്ടിൽ പോകാൻ കൊതിക്കുന്ന സഹപ്രവർത്തകർക്കു വേണ്ടി ചെയ്യുന്ന സഹായം കൂടിയാകും അത്.
സുരേഷ് രാത്രി മുതൽ തുടർ ഡ്യൂട്ടിയിലാണ്. എനിക്കാണെങ്കിൽ നൈറ്റും.
ബഡിൽ നിന്നും എഴുന്നേൽക്കാനും പാചകത്തിനും മടി തോന്നുന്നു .ഒറ്റയ്ക്കാകുമ്പോൾ അങ്ങനെയാണ്.സുരേഷുണ്ടെങ്കിൽ ആഹാരമുണ്ടാക്കാൻ ഉത്സാഹം തോന്നും. പിന്നെ മടിച്ചു മടിച്ച് എഴുന്നേറ്റപ്പോഴാകട്ടെ, ആഹാരമുണ്ടാക്കാനുള്ള മടിയ്ക്ക് അന്വേഷിച്ച് പരിഹാരം കണ്ടത്തി, ഫ്രിഡ്ജിനുള്ളിലെ തലേ ദിവസത്തെ തണുത്തചോറും സാമ്പാറും .
കുളി കഴിഞ്ഞ്, ഫ്ലാറ്റിൻ്റെ
രണ്ടാംനിലയിലെ ബാൽക്കണിയിൽ ചെടിചട്ടിയിൽ നിൽക്കുന്ന കറിവേപ്പിൻ തൈയ്ക്കും, ആദ്യത്തെ ചെമ്പനീർ പൂവിൻ്റെ ഇതൾ വിടർത്തിയ ബഡ്റോസിനും ഇത്തിരി ദാഹജലം. ഇലകൾക്കിടയിൽ ഒളിച്ചിരിയ്ക്കുന്ന പുഴുവിന് നിത്യനിദ്ര! വാതിലിനു മുകളിൽ തൻ്റെ കണ്ണുവെട്ടിച്ച് രണ്ടു ദിവസം കൊണ്ട് വലവിരിച്ച കറുമ്പൻ ചിലന്തിക്കുമേകി യാത്രയയപ്പ് .
മുട്ടറ്റം നീണ്ട മുടി വിടർത്തി കാറ്റുമേറ്റു നിൽക്കുമ്പോൾ താഴെ കുഞ്ഞുവീട്ടിൻ്റെ വരാന്തയിൽ പാറുവമ്മ കൂനിയിരിപ്പുണ്ട്. കൊച്ചുമക്കളായ രാധയും ജയനും തൊട്ടടുത്ത വീടുകളിലെ വിഷു ആഘോഷങ്ങളൊന്നും അറിയാത്തപോലെ കളിയിലാണ്. രണ്ടു മാസംമുൻപ് അപകടമരണമടഞ്ഞ അച്ഛൻ്റെ അസാന്നിദ്ധ്യമോ, അതിനുമുമ്പ് കാമുകൻ്റെ കൂടെയിറങ്ങിപ്പോയ അമ്മയോ അവരുടെ ചിന്തയിലുണ്ടാവില്ല. വാർദ്ധക്യത്തിൽ രണ്ടു ബാല്യങ്ങളെ വളർത്തേണ്ട ചുമതല കിട്ടിയ, പാചകം നടത്തിയതിൻ്റെ ലക്ഷണമായ
പുകപോലും അന്യമായ, മൗനമുറഞ്ഞ വീട്ടിലെ, പാറുവമ്മയുടെ മനസ്സിൻ്റെ നീറ്റലെനിക്കറിയാം.
പെട്ടെന്ന് മനസ്സിൽ ചിന്തകളുടെ തേരോട്ടം. അടുക്കളയിലെത്തി കുക്കറിൽ കൂടുതൽ അരി കഴുകിയിട്ടു. വെജിറ്റബിൾ ട്രേയിൽ അവശേഷിച്ച പച്ചക്കറി ചാറുകറിയാക്കി. പിന്നെ ഒരു തോരൻ, കുഞ്ഞവിയൽ. രണ്ടു കഷണം ഇഞ്ചി കൊണ്ട് പേരിനൊരു ഇഞ്ചിക്കറി. ഇത്തിരിപ്പോന്ന ബീറ്റ്റൂട്ടിന് പച്ചടിയുടെ രൂപമാറ്റം.
പപ്പടം വറുത്ത് ടിന്നിലിട്ട് വിഭവങ്ങളെല്ലാം പകർന്നെടുത്ത്, ഗോവണിയിറങ്ങുമ്പോൾ വിയർപ്പിൻ്റെ നീർച്ചാലുകൾ ഇളംനീലകുർത്തിയെ ഇരുണ്ടതാക്കിയിരുന്നു. കാറ്റിൽ പാറിപ്പറന്ന തലമുടി നെറ്റിയിൽ വീണു കിടക്കുന്നത് കൈ കൊണ്ട് ഒതുക്കുന്നതെങ്ങനെ? രണ്ടു കൈളിലും നിറയെ സാധനങ്ങളുണ്ട്.
മുറ്റം കടന്ന് വരാന്തയിലേക്ക് കയറുമ്പോൾ ദൃഷ്ടിയുയർത്തിയ പാറുവമ്മയുടെ കണ്ണുകളിൽ കാണാം എന്തേ വന്നു എന്ന ചോദ്യം. മറുപടിയെന്നോണം പാറുവമ്മയോട് ഇന്നെൻ്റെ ഊണിവിടെയാന്നെന്ന് പറയുമ്പോൾ, അവരുടെ എല്ലുന്തിയ കവിളിലെ കണ്ണീർച്ചാലുകൾ കണ്ടില്ലെന്നു നടിച്ചു.
പൊയ്പ്പോയ നല്ല നാളുകളിലെ പാചകത്തിൻ്റെ ഓർമ്മകൾ മറന്ന് ചാരം മൂടിക്കിടന്ന അടുക്കളയിലെ അടുപ്പിന്നരികിലെ ഇത്തിരിപ്പോന്ന തറ തുടച്ച് വൃത്തിയാക്കി പേപ്പറിലയിൽ വിഭവങ്ങൾ വിളമ്പുമ്പോൾ കുഞ്ഞുങ്ങളുടെ കണ്ണുകൾ സന്തോഷം കൊണ്ട്,അത്ഭുതം കൊണ്ട് വിടർന്നിരുന്നു.
മനസ്സുനിറയെ സദ്യ ഉണ്ട് നിറഞ്ഞ വയറുകൾ കുഞ്ഞു മുഖങ്ങളിൽ
പുഞ്ചിരിയേകുമ്പോൾ, അവരുടെ ചുരുട്ടിപ്പിടിച്ച കൈകളിൽ ഞാനേൽപ്പിച്ച വിഷുക്കൈനീട്ടമുണ്ടായിരുന്നു.
സദ്യ ഉണ്ണുന്നേരവും കവിളിൽ ഒഴുകിപ്പരന്ന കണ്ണീരിൽ പാറുവമ്മയുടെ നെഞ്ചിലെ പഴയ ഓർമ്മകളുടെ കനൽകെട്ടു കാണില്ല എന്നോർത്തു. വിഷു കൈനീട്ടം നൽകി നെഞ്ചിൽ ചേർത്തു നിർത്തുമ്പോൾ അവരുടെ ഏങ്ങലിൻ്റെ താളക്രമങ്ങളിൽ എൻ്റെ മനസ്സും അസ്വസ്ഥമാകുന്നുണ്ടായിരുന്നു, ആശ്വാസത്തിൻ്റെ വാക്കുകൾ നഷ്ടപ്പെട്ട്, അവരുടെ പുറം തഴുകുമ്പോൾ ഞാൻ എപ്പൊഴും കൂടെയുണ്ട് എന്ന് അവർ മനസ്സിലാക്കിയോ എന്തോ?
ജീവിതത്തിലെ ഏറ്റവും നല്ല വിഷുവിൻ്റെ ഓർമ്മകളുമായി തിരിച്ചു നടക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു, വിശ്രമമില്ലാതെ ഇത്തിരി കഷ്ടപ്പെട്ടാലെന്ത് , ആരോരുമില്ലാത്തവർക്ക് ഇത്തിരി സ്നേഹം പകർന്നുനൽകാനായല്ലോ .
ഇന്നിനി ഡ്യൂട്ടിക്കെത്തുമ്പോൾ, അവിടെ തൻ്റെ സാമീപ്യവും, സാന്ത്വനവും കാത്തിരിയ്ക്കുന്നവരുണ്ടാകും, വിഷുവിന് ആശുപത്രിയെ സ്വന്തം വീടാക്കേണ്ടി വന്നവർ. നഷ്ടസ്വപ്നങ്ങളെ താലോലിക്കുന്നവർ. അവർക്ക് ഏത് നനുത്ത ഓർമ്മകളാണ് തനിക്ക് നൽകാനാകുക?
ഡോ. വീനസ്

വേനൽ മഴ I Dr Venus



 വെളുത്ത വലിയ പ്ലേറ്റിൽ കുത്തരിച്ചോറ് കൊണ്ട് ഒരു പപ്പടവട്ടം. അതൊരു മുഖമാണ്. കണ്ണിൻ്റെ സ്ഥാനത്ത് ചുവന്ന ചീരത്തോരൻ. ചുണ്ട് ബീറ്റ്റൂട്ട് കൊണ്ടുളള പച്ചടി. കവിളിൽ പരിപ്പും നെയ്യും. പകുതി പപ്പടം കൊണ്ടുള്ള ചെവി. കപ്പിൽ കുടിയ്ക്കാനുള്ള ഇളം ചൂടുള്ള ജീരകവെള്ളം. എല്ലാം വിളമ്പി റെഡിയാക്കി ഉണ്ണിക്കുട്ടനെ ഉണ്ണാൻ വിളിക്കുമ്പോൾ ബെഡ്റൂമിൽ നിന്ന് അവൻ്റെ ശബ്ദം ഉയർന്നു, "സുമയമ്മേ,ഞാനിവിടെ ബഡ്റൂമിലിരുന്നാണ് ഊണ് കഴിക്കണത്.ഇവിടെയാകുമ്പോൾ എ സി യുണ്ട്. ഡൈനിംഗ് ഹാളിൽ എന്തൊരു ചൂടാണ്. ഞാനില്ല. "
അടച്ചിട്ട വാതിൽ തുറന്ന്, അനുനയിപ്പിച്ച് ബഡ്റൂമിൽ നിന്നിറക്കി ഡൈനിംഗ് ടേബിളിനു മുന്നിലിരുത്തി.അടച്ചു വച്ചിരുന്ന പ്ലേറ്റുയർത്തി, ചോറുവിളമ്പിവച്ചപ്ലേറ്റ് ഉണ്ണിക്കുട്ടനു മുന്നിലേക്ക് നീക്കിവച്ചപ്പോൾ ഉണ്ണിക്കുട്ടൻ സന്തോഷം കൊണ്ട് ആർത്തുവിളിച്ചു.
"ഇത് കലക്കീട്ടോ, സുമയമ്മേ!
സുമയമ്മയ്ക്ക് എന്നുമെന്നും എന്തൊക്കെ പുതിയ ഐഡിയകളാണ്. ഇന്നലെ സൈക്കിൾ. ഇന്നുണ്ടാക്കിയത് മുഖം. ഉണ്ണിയെക്കൊണ്ട് പച്ചക്കറികൾ കഴിപ്പിയ്ക്കാനുള്ള സൂത്രപ്പണിയല്ലേ? എനിക്കറിയാം. നമുക്ക് ബഡ്റൂമിലെ ടേബിളിലിരുന്നു കഴിച്ചാലോ?. അവിടെയാകുമ്പോൾ നല്ല തണുപ്പുണ്ടാകും."
"അയ്യേ, ആരാ ഉണ്ണിയോട് പറഞ്ഞത് ബഡ്റൂമിലിരുന്ന് ഊണ് കഴിയ്ക്കും ന്ന്. അവിടെ വേസ്റ്റ് വീണാൽ ഉറുമ്പു വന്ന് ഉണ്ണിയ്ക്ക് നല്ല കടി തരും. ഇവിടെയിരുന്നു കഴിച്ചാൽ നല്ല കാറ്റുണ്ട്. ജനലിലൂടെ കാറ്റു വന്ന് ഈ കുഞ്ഞിക്കവിളില് തൊടും. എന്നിട്ട് പറയും ,വേഗം തിന്നു തീർക്ക് ഉണ്ണിക്കുട്ടാ ന്ന്. ആ കാറ്റിന് അപ്പോൾ മുറ്റത്തെ മുല്ലപ്പന്തലിൽ വിരിഞ്ഞു നിൽക്കണ മുല്ലപ്പൂവിൻ്റെ മണമായിരിക്കും .
ആദ്യം കവിളിലെ പരിപ്പു ചേർത്ത് രണ്ടുരുള .എന്നിട്ട് ചെവിയുണ്ടാക്കിയ പപ്പടം പൊട്ടിച്ച് കിരുകിരുവെന്ന് രണ്ട് കടി. ഞാൻ നോക്കട്ടെ ഉണ്ണിക്കുട്ടന് തന്നെ ചോറുണ്ണാൻ അറിയാമോ എന്ന് "
രണ്ടുരുള തിന്നുതീർത്ത് അവൻ അടുത്ത വാക്കിനായി കാതോർത്തു.
"ഇനി നമ്മൾ കണ്ണു തിന്നു തീർക്കും. ചീരത്തോരൻ ഒരു മാജിക്ക് കാരനാണ്.അതിനെ മുട്ടിയിരുന്ന ചോറിൻ്റെ കളറ് കണ്ടോ? ഏതാ കളറ് ന്ന് ഉണ്ണി പറഞ്ഞേ.''
" റെഡ് "
" കറക്റ്റ്. ഇനി നമ്മൾ പിങ്ക് ചോറുണ്ണും .എന്തിനാന്നറിയോ? ബീറ്റ്റൂട്ട് പച്ചടിയിൽ ബീറ്റ്റൂട്ടുണ്ട്, തൈരുണ്ട്. നല്ല ശക്തി കിട്ടും, സൂപ്പർ മാനെപ്പോലെ.പിന്നെ ചുണ്ടൊക്കെ ചുവന്നു വരും, കണ്ണിന് കാഴ്ച കിട്ടും.. സുമയമ്മ കറിയിൽ മധുരം ചേർത്തിട്ടുണ്ട്. എന്ത് രസാന്നറിയോ?"
ഉണ്ണി തലയാട്ടി ബീറ്റ്റൂട്ട് ചുണ്ട് തിന്നു തീർത്തു.
"എനിക്ക് മതി .വയറു നിറഞ്ഞു. "
"അയ്യേ, ആരേലും ചോറ് വേസ്റ്റാക്വോ?? എത്ര കുട്ടികളാ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്നതെന്നറിയോ,ആരെങ്കിലും കഴിക്കാൻ എന്തെങ്കിലും തന്നെങ്കിൽ എന്നാശിച്ച്? അതു കൊണ്ട് നമ്മള് വിളമ്പിയത് മുഴുവനും വേസ്റ്റാക്കാതെ കഴിച്ചു തീർക്കും. ഇന്ന് സാറ്റർഡേയല്ലേ? ഊണു കഴിച്ചു തീരുമ്പോഴേക്കും ബാങ്കീന്ന് ഉണ്ണീടെ അമ്മ വരും. ഉച്ചയ്ക്ക് ഹോളിഡേയാണല്ലോ അമ്മയ്ക്ക്. ഉണ്ണിയെ അമ്മയെ ഏല്പിച്ചിട്ടു വേണം സുമയമ്മയ്ക്ക് തിരിച്ചു പോകാൻ."
"എനിക്ക് മതി ,സുമയമ്മേ "
"നമ്മളിനി മുറ്റത്തു പോയിരുന്ന് കിളികളേം പൂക്കളേം ഒക്കെ കണ്ടിട്ട് ബാക്കി കഴിക്കാൻ പോണു.വാ ഉണ്ണീ"
"ഞാനില്ല, അവിടെ ഭയങ്കര ചൂടാണ്. "
"ചൂട് മാറ്റാനല്ലേ, കാറ്റ് വന്ന് വീശിത്തരണത്. എപ്പൊഴും ഫാനിൻ്റെ അടിയിലും ,എ സി യിലും ഒക്കെ ഇരുന്ന് ശീലിച്ചാൽ അതില്ലാതെ ജീവിയ്ക്കാൻ വയ്യാണ്ടാകും .പിന്നെ അടച്ചിട്ട മുറിക്കകത്തിരിയ്ക്കയല്ല വേണ്ടത്. പുറത്തിറങ്ങിയാൽ എന്തൊക്കെ കാണാനാകുംന്നോ?കുറിഞ്ഞി പൂച്ചവരും, അണ്ണാനെക്കാണാം,
ആകാശവും കാണാം."
എൻ്റെ വാക്കിൽ മയങ്ങി, ഉണ്ടുണ്ട് പ്ലേറ്റ് കാലിയായത് ഉണ്ണിയറിഞ്ഞില്ല. മുഖം കഴുകിച്ച്, ടവൽ കൊണ്ട് ഈർപ്പം ഒപ്പിയെടുക്കുമ്പോൾ ഉണ്ണി പറഞ്ഞു "എനിക്ക് എന്നും സുമയമ്മ ചോറു തന്നാൽ മതി. എന്ത് രസാണെന്നോ കഴിയ്ക്കാൻ .അച്ഛമ്മയാണെങ്കിൽ എനിക്ക് വിളമ്പി തന്നിട്ടിരുന്നു ടി.വി.കാണും. ഒരു കഥയും പറഞ്ഞു തരില്ലാന്നേ. അമ്മയാണെങ്കിൽ മൊബൈലിലായിരിക്കും ശ്രദ്ധ ''
''അതിന് ഉണ്ണിക്കുട്ടൻ വലിയ കുട്ടിയായില്ലേ. യു.കെ.ജിക്കാരൻ! ഇനി ഒറ്റയ്ക്ക് തന്നെ ഫുഡ് കഴിക്കണം. സുമയമ്മ പിന്നെ സ്നേഹം കൊണ്ട് ചെയ്തതാണ് ഇതൊക്കെ, വേഗം മുഴുവൻ കഴിപ്പിക്കാൻ. പിന്നെയൊരു കാര്യം മനസ്സിലായില്ലേ, വരാന്തയിലിരുന്നാലും കാറ്റു കിട്ടും ന്ന് "
"സുമയമ്മേടെ വീട്ടില് എസിയുള്ള മുറിയിലിരുന്നാണോ ഊണ് കഴിയ്ക്കുന്നത്?"
"അവിടെ ഫാൻ പോലും ഇല്ല ഞാനുറങ്ങണ മുറീല് .ആകെ ഒരെണ്ണമുള്ളത് അച്ഛൻ വയ്യാണ്ട് കിടക്കണ മുറീലാണ്.പിന്നെ ഞാൻ പറഞ്ഞില്ലേ, ഫാനില്ലാതെ ശീലിച്ചതോണ്ട് ഉറങ്ങാൻ പറ്റും."
"ദേ, നോക്കു ഉണ്ണീ, അമ്മ വരണു!"
ഗേറ്റു കടന്ന് ദീപയുടെ സ്ക്കൂട്ടറെത്തി.
പോർച്ചിൽ നിർത്തി, ഷാൾ കൊണ്ട് കഴുത്തു തുടച്ചു കൊണ്ട് പറഞ്ഞു
" എന്തൊരുഷ്ണം '
"ദീപക്കുഞ്ഞേ, ഞാൻ ജോലിയെല്ലാം തീർത്തു. മിടുക്കനായി എല്ലാ കറികളും കൂട്ടി മുഴുവനും ചോറും ഉണ്ടൂന്ന് അമ്മയോട് പറയണില്ലേ ഉണ്ണീ ?
ദീപക്കുഞ്ഞേ, ഞാനിനി പൊയ്ക്കോട്ടെ ?"
"സുമേച്ചി, മൺഡേ കൂടി മോൻ്റടുക്കൽ നിൽക്കണേ. ട്യൂസ്ഡേ മുതൽ അച്ഛമ്മയുണ്ടാകും മോന് കൂട്ടിന് "
തലയാട്ടി മുറ്റത്തേക്കിറങ്ങുമ്പോൾ സാരിത്തലപ്പു വലിച്ച് ശിരസ്സു മൂടി.
"സുമേച്ചിക്ക് ഒരു കുടയെടുത്തു കൂടേ? ഒന്ന് മറന്നൂട്ടോ. ശനിയാഴ്ച്ച അഡ്വാൻസായി രൂപ വേണം, ഫാൻവാങ്ങണം എന്നൊക്കെ പറഞ്ഞിട്ട് വേണ്ടേ?"
" ഇപ്പോൾവേണ്ട, ഞാൻ പിന്നീടു ചോദിച്ചോളാം" തിരിഞ്ഞു നിൽക്കാതെ മുന്നോട്ടു നടക്കുമ്പോൾ പറഞ്ഞു.
"ശിവൻ ചേട്ടൻ സുമേച്ചി സൂക്ഷിച്ചു വച്ച രൂപ എടുത്ത് കള്ളുകുടിച്ചു കാണും. പുള്ളിയാരാ മോൻ!"
കേട്ടതത്രയും സത്യമാണ്. മറുപടി പറയാൻ നിന്നാൽ സങ്കടം കൊണ്ട് നെഞ്ച് പൊട്ടിപ്പോകും.
" സുമേച്ചി, മുഴുവൻ രൂപയും കൊണ്ടുപോയി ഫാൻവാങ്ങിക്കോളൂ. പതിയെ പതിയെ ,കിട്ടുന്നതിനനുസരിച്ച് തിരിച്ചു തന്നാൽ മതി. അല്ലെങ്കിൽ തന്നില്ലെങ്കിലും വേണ്ടില്ല. ഈ കടും വേനലിൽ ഫാനില്ലാതെ എങ്ങനെ കിടന്നുറങ്ങും? "
ഒന്നും മിണ്ടാതെ മുന്നോട്ടു നടക്കുമ്പോൾ കുണ്ടനിടവഴിയിൽ ശിരസ്സിനു മീതെ പീലി വിരിച്ച തെങ്ങോ ലകൾക്കിടയിലൂടെ ശരീരം തൊടുന്ന ഉച്ചവെയിലിന് തീയുടെ കടുപ്പം. ചുളിവു വീണ കോട്ടൺ സാരിക്കടിയിലെ നിറം മങ്ങിയ പാവാട, വിയർത്തൊട്ടിയതിനാലാകും, നടക്കാൻ ബുദ്ധിമുട്ട്. ചെന്നിയിലൂടെ ഊർന്നിറങ്ങി ഇറ്റുവീഴുന്ന വിയർപ്പുതുള്ളികൾ ബ്ലൗസിൽ വീണു ,നിമിഷ നേരം കൊണ്ടുണങ്ങി.
മനസ്സിലെ ചിന്തകൾക്ക് പുറത്തെ കടുത്ത വേനലിനെക്കാൾ ചൂടാണ്. പണിക്ക് പോകുന്ന വീടുകളിൽ നിന്ന് കിട്ടുന്നതത്രയും വീട്ടു ചെലവുകൾ, കടം വീട്ടൽ എന്നിവയ്ക്കു തന്നെ തികയാത്ത നേരത്തും കഷ്ടപ്പെട്ടു മിച്ചം പിടിച്ചു, ശിവേട്ടൻ കാണാതെ സൂക്ഷിച്ചു വച്ചതാണ് ,ഈ വേനലിൽ എങ്കിലും ഒരു ഫാൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ. തികയാത്ത രൂപ ദീപക്കുഞ്ഞ് തരാമെന്നും പറഞ്ഞിരുന്നതാണ്.
എന്നിട്ട് ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, താൻ അരിക്കലത്തിനുള്ളിൽ രൂപ ഒളിപ്പിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് പാത്രം അടുക്കളയിൽ നിലത്തു കിടന്നിരുന്നു. അച്ഛൻ്റെ മുറിയിലെ ഫാനിനു കീഴിൽ, അച്ഛൻ്റെ കാൽക്കീഴിൽ ബോധമില്ലാതെ കിടന്നുറങ്ങുന്ന ശിവേട്ടൻ്റെ ചുറ്റും ,മുറിയിലാകെ
കളളിൻ്റെ പുളിച്ച നാറ്റം.
രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഉള്ളിൽ എരിയുന്ന ദുഃഖത്തിൻ്റെ തീ കെടുത്താനായില്ലെങ്കിലും മുഖത്ത് ,ഇറ്റു തണുപ്പിനായി, തോർത്ത് നനച്ചിട്ടു.
ഇന്നിനി ഒരു വീട്ടിലെ ജോലി കൂടി ചെയ്തു തീർക്കാനുണ്ട്. ഉണ്ണിയുടെ അച്ഛമ്മ സ്ഥലത്തില്ലാത്തതുകൊണ്ട് അവന് പകൽ മുഴുവൻ കൂട്ടിരിക്കേണ്ടതിനാൽ തിങ്കളാഴ്ച കൂടി സന്ധ്യ കഴിഞ്ഞേ തനിക്ക് വരാൻ പറ്റൂ എന്ന് അവിടെ രാധേച്ചിയെ പറഞ്ഞേൽപ്പിയ്ക്കണം.
ജോലി കഴിഞ്ഞ് വീട്ടിലെത്തി. മേൽ കഴുകി. ചോറു വച്ചു. രസമുണ്ടാക്കി. അച്ഛനു വിളമ്പിക്കൊടുത്തു. ശിവേട്ടനു വിളമ്പിവച്ചു, ഇഷ്ടമുള്ളപ്പോൾ വന്ന് കഴിക്കട്ടെ!
ഓടിക്കളിക്കുന്നതിനിടെ വീണു കാൽ പൊട്ടി ഞൊണ്ടി നടക്കുന്ന ശ്രീമോൾക്ക് ഊണിനു ശേഷം ഗുളികയും ഒരു താരാട്ടും. രാത്രി അടുക്കളപ്പണിയൊതുക്കി പായിൽ ചായുമ്പോൾ ഓർത്തത്
മാറ്റങ്ങളില്ലാതെ കടന്നു പോകുന്ന കഷ്ടപ്പാടിൻ്റെ ദിനങ്ങളെക്കുറിച്ചാണ്, ഒരു നല്ല ജോലി ലഭിക്കാത്തതിനാൽ ഡിഗ്രി സർട്ടിഫിക്കറ്റ് പെട്ടിക്കുള്ളിൽ പൂട്ടി വച്ച് വീട്ടുവേലക്കാരിയാകേണ്ടി വന്ന നിർഭാഗ്യവതിയായ തന്നെക്കുറിച്ച്.
രാവിലെ ചായയ്ക്കു ശേഷം, പുഴയിൽപ്പോയി മുഷിഞ്ഞതത്രയും അലക്കി ,തുണികളുമായി വീട്ടിലേക്കു നടക്കുമ്പോൾ കണ്ടു, വീടിൻ്റെ മുന്നിലെ ഇടവഴി കടന്നു പോകുന്ന ചുവന്ന ബൈക്ക്.
വീടിനകത്തു കയറുമ്പോൾ താൻ കിടക്കുന്ന മുറിയിലേക്ക് വിരൽ ചൂണ്ടി അച്ഛൻ പറഞ്ഞു., "നിങ്ങളുടെ മുറിയിൽ ഫാൻ വയ്ക്കാൻ വന്നതാണയാൾ. ദീപസാറ് പറഞ്ഞിട്ടു വന്നതാണത്രേ!"
മുറിയിലെത്തുമ്പോൾ മോൾ വയ്യാത്ത കാലും വച്ച്, സ്വിച്ച് ബോർഡിൽ എത്തിപ്പിടിച്ച് ഫാൻ ഓൺ ചെയ്യുകയാണ്. അതിൻ്റെ കറക്കത്തിൻ്റെ ശബ്ദമാസ്വദിച്ച്, കാറ്റുകൊണ്ട്, കണ്ണടച്ചു നിൽക്കുന്ന
ശ്രീമോളെ നെഞ്ചിൽ ചേർത്തു നിർത്തുമ്പോൾ ഓർത്തു, പാവം കുട്ടി, എത്ര സന്തോഷമാണ് തൻ്റെ മോൾക്ക്.
ഒന്നും മനസ്സിലാവാതെ, ദീപക്കുഞ്ഞിനോട് കാര്യം ചോദിച്ചറിയാൻ മനസ്സു തിരക്കുകൂട്ടി.മുറ്റത്തെ അയയിൽ തുണികൾ ധൃതിപ്പെട്ടു വിരിച്ചിടുമ്പോൾ ദീപക്കുഞ്ഞിൻ്റെ ചുവന്ന കാർ മുള്ളുവേലിക്കരികിൽ വന്നു നിന്നു. അമ്മയുടെ കൈയിൽ നിന്നും കുതറി മാറി, ഉണ്ണി ഓടി വന്നു തന്നെ കെട്ടിപ്പിടിച്ചു നിന്നു കിതച്ചു.
"എന്താ ദീപക്കുഞ്ഞേ ഇതെല്ലാം.? എനിക്കൊന്നും മനസ്സിലാവണില്ല."
"സുമേച്ചിയാദ്യം ഉണ്ണിക്ക് പിറന്നാൾ ആശംസ പറയൂ. ഇന്നവൻ്റെ ജന്മനക്ഷത്രമാണ്. പിറന്നാൾ സമ്മാനം എന്ത് വേണമെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു - അവന് ഫാൻ മതിയെന്ന് ,അവൻ്റെ സുമയമ്മയ്ക്കു നൽകാൻ.
കഴിഞ്ഞ ദിവസം അവൻ്റെ ക്ലാസ് ടീച്ചർ പറഞ്ഞത്രേ, 'ഓരോ പിറന്നാളിനും ഓരോരുത്തർക്കും എത്ര സമ്മാനങ്ങളാണ് കിട്ടുന്നത്. ഇത്തവണത്തെ പിറന്നാളിന് ഏറ്റവും പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ വകയാകട്ടെ സമ്മാനമെന്ന് '.അതാണിത്.
പിന്നെ, മനുവേട്ടൻ ഒരു സുഹൃത്തിനെ കാണാൻ രാവിലെ തന്നെ പോയി. പിറന്നാളാഘോഷം ഡേറ്റനുസരിച്ച് അടുത്തയാഴ്ച, അച്ഛമ്മ വന്നിട്ടാകാമെന്ന് പറഞ്ഞു. അപ്പോൾ ഞാനോർത്തു ഇന്നത്തെ പിറന്നാൾ ആഘോഷം ഇവിടെയാകട്ടെയെന്ന്, മോൻ ഏറ്റവും ഇഷ്ടപ്പെടുന്ന സുമയമ്മയുടെ അരികിൽ.
പിന്നെ, ഉച്ചയൂണിനെക്കുറിച്ചോർത്ത് സുമേച്ചി വേവലാതിപ്പെടേണ്ട, അതെല്ലാം കാറിൻ്റെ ഡിക്കിയിലുണ്ട്. ഇന്നത്തെ പാചകം എൻ്റെ വക."
ഉണ്ണിക്കുട്ടനെ മാറോട് ചേർത്തു നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ, ദീപക്കുഞ്ഞിൻ്റെ കരവലയത്തിലായിരുന്നു ശ്രീമോൾ.
(അവസാനിച്ചു)
ഡോക്ടർ. വീനസ്

പ്രണയ മുഖങ്ങൾ | Dr Venus


വെട്ടിയൊരുക്കിയ, ചുവപ്പ് പൂവിട്ട ചെത്തികൾ അതിരിടുന്ന മുറ്റവും ചെമ്പരത്തിവേലിയും കടന്ന് കാർ വഴിയിലേയ്ക്കിറങ്ങിയപ്പോൾ അതിൻ്റെ ഇടതുവശത്തെ സീറ്റിൽ ഞാനിരുന്നു, ഭംഗിയായി ,ശ്രദ്ധാപൂർവ്വം ഡ്രൈവ് ചെയ്യുന്ന അരുണിനെ നോക്കിക്കൊണ്ട്.
മൂന്നു മിനിറ്റുകൂടിയുണ്ട് ഈ യാത്ര, വീടു മുതൽ മെയിൻ റോഡു വരെ. റോഡിനും വീടിനുമിടയിൽ ധാരാളം പച്ചപ്പ് വേണമെന്നതെൻ്റെ ആഗ്രഹമായിരുന്നു. അതു കൊണ്ട് വീട് പണിതത് റോഡിൽ നിന്ന് കുറേയേറെ അകത്തേയ്ക്ക് മാറ്റിയാണ്., അതാകട്ടെ പതിവുപോലെ ശാലിനിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അല്ലെങ്കിലും, ഞങ്ങളുടെ രണ്ടു പേരുടേയും ഇഷ്ടങ്ങൾ എതിർ ദിശയിലാണല്ലോ സഞ്ചരിക്കാറ്.
ഈയിടെയായി ഇതൊരു ശീലമാണ്. അരുൺ വന്ന് തിരിച്ചു പോകുന്നേരം അവൻ്റെയൊപ്പം കാറിൽ റോഡു വരെ. പിന്നെ അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നിട്ട് വീട്ടിലേക്ക് തനിയെ ഒരു തിരിച്ചു നടത്തം.
കാറിൽ നിന്നിറങ്ങി ഡോർ അടയ്ക്കുന്നേരം അവനെ ഓർമ്മിപ്പിച്ചു, അടുത്ത തവണ ജസ്‌നയെ കൂടെ കൂട്ടണമെന്ന്.
"ഇല്ലച്ഛാ. ഇവിടെ താമസിക്കാൻ വന്നാൽ എൻ്റെ നസ്രാണിക്കുട്ടിക്ക് ബുദ്ധിമുട്ടാകും.അമ്മയുടെ അടുക്കള സാമ്രാജ്യത്തിൽ ചെരുപ്പിടാതെ വേണ്ടേ കയറാൻ .ജസ്നയുടെവലതുകാലിൻ്റെ നീളക്കുറവും ഏന്തിയുള്ള നടപ്പുമൊന്നും അമ്മയുടെ മനസ്സിനെ സ്പർശിക്കില്ല. അവൾ പൊക്കമുള്ള ചെരുപ്പു കൊണ്ട് നീളക്കുറവ് അഡ്ജസ്റ്റ് ചെയ്യുകയാണെന്നും, ചെരിപ്പില്ലാതെ നടക്കുന്നത് ബുദ്ധിമുട്ടാണെന്നും അമ്മഓർമ്മിക്കാറുമില്ല.
ഇവിടെ തങ്ങുന്ന രണ്ടുനാൾ പാവം വയ്യാത്ത കാലും വച്ച് ഏന്തി വലിച്ചു നടക്കുന്നതു കാണുമ്പോൾ തറവാട്ടിലെ താമസത്തിൻ്റെ സുഖമൊക്കെ പോകും.അതാ ഞാനവൾ വീട്ടിൽപ്പോയ നേരത്ത് അച്ഛനുമമ്മയ്ക്കുമൊപ്പംതാമസിയ്ക്കാൻ വന്നത്. വന്ന് അന്ന് തന്നെ തിരിച്ചു പോകുകയാണെങ്കിൽ ഞാൻ ജസ് നയെ കൂടെ കൂട്ടാം."
"പിന്നെ അച്ഛന് ന്യൂ ഇയർ ഈവ് ആയിട്ട് ഒരു സർപ്രൈസ് ഉണ്ട്.അച്ഛൻ്റെ വരമുറിയിലെ അലമാര തുറന്ന് നോക്കണേ.പിന്നെ മടി പിടിയ്ക്കാതെ ഒന്ന് പെയ്ൻ്റ് ചെയ്യൂ,പതിനെട്ടാം വയസ്സിലെ മനസ്സിൻ്റെ ആശകൾ ."
'വര മുറി' . കേട്ടപ്പോൾ ചിരി വന്നു.പണ്ടു മുതൽക്കേ അരുൺ അങ്ങനെയാണ് പറയാറ്.വീടിൻ്റെ കിഴക്കേകോണിലെ മുറിയിലാണ് തൻ്റെ ചിത്രം വര .
ഗാലറിയും അതു തന്നെ,. മൂഡ് വരും നേരത്ത് പിറവിയെടുക്കുന്ന പെയ്ൻ്റിംഗ്സ്.
"അരുൺ, നീ ഗംഗൻ്റെയരികിൽ പോയിരുന്നോ?"
"ഉം, ഗംഗനങ്കിൾ എല്ലാം പറഞ്ഞു.... അന്നത്തെ ന്യൂ ഇയർ ഈവിലെ സാഹസം! "
"ഓയിൽ പെയ്ൻറും, കാൻവാസും എല്ലാം മുറിയിൽ വച്ചിട്ടുണ്ട് ഞാൻ .വേറൊരു സർപ്രൈസ് ഗിഫ്റ്റ് സൈഡിലെ പച്ച അലമാരയിലുണ്ട്, പണ്ടത്തെ ഓർമ്മയ്ക്ക്.
പിന്നെ വരയ്ക്കുന്ന ഛായാചിത്രത്തിൽ ഇടതു കവിളിലെ മറുക് മറക്കേണ്ട ".
ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അരുൺ തൻ്റെ മകൻ മാത്രമല്ല, ആത്മ മിത്രവുമാണെന്ന്. തൻ്റെ മനസ്സറിയുന്ന, തന്നെ മനസ്സിലാക്കുന്ന ,തന്നെ തിരുത്തുന്ന സുഹൃത്ത്. അവിടെ പിതൃ-പുത്ര ബന്ധത്തിൻ്റെ വേർതിരിവുകളില്ല;അതിർവരമ്പുകളും.
മുറിയിൽ കയറി പച്ചയലമാരയിൽ തെരഞ്ഞു. അത്ഭുതം തോന്നി, ഒരു ബോട്ടിൽ ബിയർ. .... ഇതു വരെയില്ലാത്ത പതിവ്. അതാകും പതിനെട്ടാം വയസ്സിലെ ആശയെന്നു പറഞ്ഞത്. മനസ്സിൽ ഓർമ്മകളുടെ മഴ. അന്നിതു പോലെയൊരു ന്യൂ ഇയർ ഈവിന് ആദ്യമായും അവസാനമായും ബിയറിൻ്റെ ലഹരിയറിഞ്ഞത്,അതിൻ്റെ ധൈര്യത്തിൽ രാത്രിയിൽ ശ്രീകലയെ കാണാൻ അവളുടെ വീട്ടിലെത്തിയത്., തുറന്ന ജനൽപ്പാളിയ്ക്കിപ്പുറം നിന്ന് മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞത്.
രണ്ടു പേരും പരസ്പരം മനസ്സറിഞ്ഞുതന്നെയാണ് സ്നേഹിച്ചത്. കാലം പോകെ പോകെ,വളർത്തി വലുതാക്കിയവരോടുളള കടപ്പാടിനെ തോൽപ്പിയ്ക്കാൻ കഴിയാതെ, മനസ്സിലെ സ്നേഹം ബലി കൊടുക്കേണ്ടി വന്നു രണ്ടു പേർക്കും.പക്ഷേ ഓർമ്മയിൽ ഇന്നും തെളിമയാർന്നു നിൽപ്പുണ്ട് ശ്രീകലയുടെ മുഖം ,മൂക്കിൻ തുമ്പിലടർന്നുവീണു അരുണിമ പടർത്തിയ സിന്ദൂരപ്പൊട്ടുമായി .എം ടിയുടെ കഥകളിലെ കാച്ചിയ എണ്ണയുടെ
സുഗന്ധം പോലെ, കടന്നു പോകവേ തൻ്റെ മുഖം തലോടിയ അവളുടെ മുടിയിഴകൾക്കിന്നും കഴിയും ഓർമ്മയിൽ സുഗന്ധം പരത്താൻ.
പെട്ടെന്ന് ഉയരുന്ന മൂഡിൻ്റെ ഗ്രാഫ് താഴ്ന്നു പോകും മുൻപ് വരയ്ക്കാനിരുന്നു , മനസ്സിലെ രൂപം, തിളങ്ങുന്ന കണ്ണുകൾ, ഇടതു കവിളിലെ മറുക് ,സിന്ദൂരപ്പൊട്ട് .
ബിയർ ബോട്ടിലും കാൻവാസിലെ ചിത്രവും കണ്ടിട്ടാകും ശാലിനിയുടെ ശബ്ദമുയർന്നത്.
" ഇതിൻ്റെ ഒരു കുറവേ ഇവിടുണ്ടായിരുന്നുള്ളു .... മോൻ്റെ താളത്തിന് തുള്ളുന്നഒരച്ഛൻ . ചിത്രത്തിൻ്റെ സബ്ജക്റ്റ് പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ"
പെട്ടെന്ന് മനസ്സിലെ ഉന്മേഷമത്രയും ഉരുകിയൊലിച്ചു പോയ പോലെ. ചായം പൂശുന്ന വിരലുകൾ നെല്ലിട നീങ്ങാതെ അനക്കമറ്റു നിന്നു. വരച്ചു പൂർത്തിയാകാത്ത സുന്ദരിയുടെ കണ്ണുകൾക്ക് ജീവൻ കൊടുക്കാനാകാതെ കുഴങ്ങുമ്പോൾകാൻവാസിൽ ചലനമറ്റു നിന്ന ബ്രഷിലെ ചായം കഴുകി കളയുക പോലും ചെയ്യാതെ, അലമാരയിൽ നിന്ന് ഒരു സെറ്റ് ഡ്രസ് വലിച്ചെടുത്ത് ബാഗിൽ തിരുകി .കാറിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ പ്രത്യേകിച്ചു ലക്ഷ്യം ഒന്നുമുണ്ടായിരുന്നില്ല.,വീട്ടിൽ ശാലിനി തനിച്ചാകുമെന്ന ഓർമ്മയും.
മനസ്സു ശാന്തമാകും വരെ താൽക്കാലികമായിട്ട് അവിടെ നിന്ന് മാറി നിൽക്കണം എന്ന ഒരേയൊരു തോന്നലിൽ മുന്നിൽ കണ്ട വഴികളിലൂടെ യാന്ത്രികമായി മുന്നോട്ടു നീങ്ങിയ കാർ ഒടുവിൽ നിന്നത് പണ്ട് ശ്രീകലയെ,ആദ്യമായി കണ്ടുമുട്ടിയ ക്ഷേത്രസന്നിധിയിലാണ്. അന്ന് കണ്ടതിനുശേഷം എത്രയോ മാസങ്ങൾ പിന്നിട്ടപ്പോഴാണ് അവൾ തൻ്റെ നാട്ടുകാരിയാണെന്നറിഞ്ഞത്.
അമ്പലത്തിനു മുന്നിലെ വഴികളിലൂടെ നടക്കുമ്പോൾ, ഓഡിറ്റോറിയത്തിൻ്റെ പടികളിൽ ഇരിക്കുമ്പോൾ , ഭക്തി സാന്ദ്രമായ അന്തരീക്ഷമായതിനാലാകാം മനസ്സ് ശാന്തമാകുന്നതറിഞ്ഞു.
അമ്പലത്തിനു മുന്നിലെ ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിൽ കാർലോക്ക് ചെയ്ത് റിസപ്ഷനിൽ നിൽക്കുമ്പോൾ, അവിടെയിരുന്ന ചന്ദനക്കുറിക്കാരൻ നിഷേധാർത്ഥത്തിൽ തലയാട്ടി. റൂം ഒന്നും ഒഴിഞ്ഞതില്ലാത്രേ. ഒടുവിൽ എന്തൊക്കെയോ ആലോചനയ്ക്കൊടുവിൽ, തല ചായ്ക്കാൻ ഇടം കിട്ടാത്ത തൻ്റെ ദൈന്യത കണ്ടിട്ടാകാം, നീണ്ട വരാന്തയുടെ അറ്റത്തെ മുറി തുറന്നു തരപ്പെടുത്തിത്തന്നത്.
വല്ലാത്ത ക്ഷീണം.ബാഗ് മേശപ്പുറത്തു വച്ചു. പെട്ടെന്ന് കിടന്നു, ഉറങ്ങിയതറിഞ്ഞതേയില്ല.
പിന്നെയെപ്പൊഴോ,കട്ടിലിൽ നിന്ന് ആരോ എഴുന്നേൽക്കും പോലെയൊരു തോന്നൽ. അടച്ചിട്ട ബാത്ത് റൂമിനകത്തു നിന്നും അപകടത്തിൽ പെട്ടപോലെ ഒരു പെൺകുട്ടിയുടെ അലറിക്കരച്ചിൽ. അന്തരീക്ഷത്തിൽ മണ്ണെണ്ണയുടെ ഗന്ധം.അനുഭവിച്ചറിഞ്ഞതത്രയും സ്വപ്നമാണോ, യഥാർത്ഥ്യമാണോ എന്ന് വിവേചിച്ചറിയാനാകാതെ ഞെട്ടിയുണരുമ്പോൾ മനസ്സിൽ ഭയത്തിൻ്റെ വേലിയേറ്റം. മൊബൈൽ വെളിച്ചത്തിൽ മുറിയിലെ സ്വിച്ചമർത്തി. മങ്ങിയ വെളിച്ചത്തിൽ കണ്ടു, അഴികൾ മുറിച്ചുമാറ്റിയ വെൻ്റിലേറ്റർ.ഭിത്തിയിൽ പാതി കത്തിയമർന്ന കലണ്ടറിൻ്റെ ഭാഗങ്ങൾ. അഗ്നിനാളങ്ങൾ കരി കൊണ്ട്, പുക കൊണ്ട് ചിത്രമെഴുതിയഭിത്തികൾ.
തിടുക്കത്തിൽ ബാഗെടുത്ത് റിസപ്ഷനിൽ എത്തുമ്പോൾ ചന്ദനക്കുറിക്കാരൻ മേശമേൽ തല ചായ്ച്ചുറക്കത്തിലാണ്. ശല്യപ്പെടുത്താതെ,അടുത്തു കിടന്നകസേരയിലിരുന്ന് കണ്ണുകൾ അടയ്ക്കുമ്പോഴും തൻ്റെ നെഞ്ചിടിപ്പിൻ്റെ തോതുയർന്നിരുന്നു.
വെളുപ്പിന് ഹോട്ടലിന് മുന്നിൽ സൈക്കിളിൽ ചായ വിൽപ്പനയ്ക്കെത്തിയ ആളിൽ നിന്നാണറിഞ്ഞത്, രണ്ടാഴ്ചയ്ക്കു മുൻപ് ഒരുമിച്ചു ജീവിക്കാനാകാത്തതിനാൽ അതേ മുറിയിൽആത്മഹത്യ ചെയ്ത കമിതാക്കളുടെ കഥ. അന്ന് വെൻറിലേറ്റർ പൊളിച്ചാണത്രേ രക്ഷപ്പെടുത്താൻ വേണ്ടി ആളുകൾ റൂമിനകത്ത് കയറിയത്.
നേരം വെളുക്കാൻ കാത്തിരിയ്ക്കവേ മൊബൈലിൽ നോക്കി. മിസ്ഡ് കോളുകളുടെ നീണ്ട നിര. ശാലിനിയാണേറെയും.പിന്നെ അരുണും .
അരുണിൻ്റെ വോയ്സ് മെസേജ്.
" അച്ഛനെവിടെയുണ്ട്? ഫോൺ സൈലൻ്റിലാണോ?
എവിടെ പോകുകയാണെങ്കിലും അമ്മയോട് പറഞ്ഞിട്ട് പൊയ്ക്കൂടെ?
പാവം! ഫോൺ വിളിച്ചിട്ട് അച്ഛനെ കിട്ടിയില്ലാന്നും പറഞ്ഞ് കരച്ചിലായിരുന്നു. ഒടുവിൽ ഫോൺ കാൾവഴി സമാധാനിപ്പിക്കാനാകാതെ വന്നപ്പോൾ ഞാനും ജസ്നയും വീട്ടിലേക്കു പോന്നു.
അച്ഛൻ എന്നെങ്കിലും അമ്മയുടെ ഭാഗത്തു നിന്നു ചിന്തിച്ചിട്ടുണ്ടോ? ആ മനസ്സു കണ്ടിട്ടുണ്ടോ? ആ സ്നേഹം മനസ്സിലാക്കിയിട്ടുണ്ടോ? പരസ്പരം താങ്ങാകേണ്ടവർ ഇങ്ങനെയോ?
വേഗം മടങ്ങിക്കോളൂ, അമ്മയെ സമാധാനിപ്പിക്കാൻ അല്ലാതെ വേറെ വഴിയില്ല. ഇനി ഈ പ്രായത്തിലും സന്തോഷത്തോടെ ജീവിയ്ക്കാനറിയില്ലെങ്കിൽ എന്നെയും ജസ്നയേയും കണ്ടു പഠിക്ക് "
വീട്ടിലേക്ക്‌തിരിച്ചു കാറോടിയ്ക്കുമ്പോൾ അരുണിൻ്റെ വാക്കുകളായിരുന്നു ചെവിയിൽ .ശ്രീകലയെന്ന നഷ്ടത്തിനു ശേഷം ജീവിതത്തിലേക്ക് വന്ന ശാലിനിയെ എന്നെങ്കിലും മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുണ്ടോ? സ്നേഹിക്കുന്നതായി ഭാവിച്ചിട്ടുണ്ടോ? അവളുടെ മനസ്സു വായിച്ചിട്ടുണ്ടോ?
അരുൺ പറഞ്ഞത് ശരിയാണ്. അവരെ കണ്ടാണ് പഠിക്കേണ്ടത്. മതത്തിൻ്റെ കെട്ടുപാടുകളെ,വീട്ടുകാരുടെ സമ്മതമില്ലായ്മയെ എല്ലാം തങ്ങളുടെ പ്രണയത്തിൻ്റെ ശക്തി കൊണ്ട് തോൽപ്പിച്ച കഥ, കരുതലിൻ്റെ കരം കൊണ്ട് പ്രണയിനിയെ ഇന്നും ജീവൻ്റെജീവനായി ചേർത്തു നിർത്തുന്ന കഥ.
കോളിംഗ് ബല്ലിൽ വിരലമർത്തി .കരഞ്ഞു വീർത്ത കണ്ണുകളുമായി വാതിലിന്നപ്പുറം ശാലിനി. തിരിഞ്ഞു നടക്കുന്ന അവളെ സ്നേഹപൂർവ്വം പിന്നിൽ നിന്ന് പുണരുമ്പോൾ, നെഞ്ചോടു ചേർക്കുമ്പോൾ ,അരുണും ജസ്നയും പുഞ്ചിരിയോടെ ബഡ്റൂമിൻ്റെ വാതിൽ ചാരുന്നുണ്ടായിരുന്നു.
ഡോ. വീനസ്

ഞാനിവിടെയുണ്ട്, ഇവിടെത്തന്നെ!


  വൈകുന്നേരങ്ങളിൽ വീടിനു വടക്കുംപടിഞ്ഞാറും വശങ്ങളിൽ നട്ടുപിടിപ്പിച്ച പച്ചക്കറിച്ചെടികൾക്കിടയിൽക്കൂടി നടക്കുന്നത് ഇപ്പൊഴെനിയ്ക്കൊരു പതിവാണ്. അതിൽ ഓരോന്നിലും പുതുതായി കൂമ്പി പുറത്തു വരുന്ന ഓരോ പുതിയ തളിരിലയും പൂമൊട്ടുമാണ് ഇപ്പോൾ പ്രതീക്ഷ വറ്റിയ ജീവിതത്തിന് അൽപ്പമെങ്കിലും നിറം ചേർക്കുന്നത്.

അഞ്ചാറു ദിവസം മുൻപ് കയർകെട്ടി ഉയർത്തിവിട്ട പാവലിന് വള്ളി വീശിത്തുടങ്ങി. ഒന്നു രണ്ടു മൊട്ടുകൾ. എല്ലാം ആൺപൂക്കളാണ്.വളം ചേർത്തു ഇന്നലെ .ഇനി പെൺപൂക്കളും ഉണ്ടാകുമായിരിക്കും,പിന്നെ കായ്കളും.
" അപ്പച്ചൻ ഞാൻ നേരത്തേ പറഞ്ഞത് മറന്നോ? ഇനി മടി പിടിച്ചു നിൽക്കാതെ വേഗം കടയിൽ പോകാൻ നോക്ക്."
"ഞാനില്ല; അത് ശരിയാവില്ല കുട്ടീ"
" അങ്ങനെ പറഞ്ഞാൽ എങ്ങനാ അപ്പച്ചാ , ഇന്ന് പിറന്നാളല്ലേ, ഒരു സമ്മാനം വാങ്ങണ്ടേ അമ്മച്ചിയ്ക്ക്. ഇത്തവണ സമ്മാനം ഞാൻ വാങ്ങില്ലെന്നറിയാമല്ലോ?"
നെഞ്ചിലൂടെ ഒരു വേദന പാഞ്ഞു പോയി, ചാട്ടുളി പോലെ.
"എന്താ, ഒന്നും മിണ്ടാതെ നിൽക്കണേ.വേഗം കാലും കയ്യും കഴുകി പുറപ്പെടാൻ നോക്ക് അപ്പച്ചാ.
ഞാൻ ഇതുവരെ പിറന്നാൾ സമ്മാനം വാങ്ങിയിട്ടില്ലല്ലോ, എന്നാണ് ആലോചനയല്ലേ? എനിക്കറിയില്ല സാരി വാങ്ങാൻ , പുതിയ ഫാഷൻ ഒന്നും എനിയ്ക്കറിയില്ല,ഞാൻ വാങ്ങിയാൽ നിൻ്റെ അമ്മയ്ക്ക് ഇഷ്ട്ടപ്പെടുമോ എന്നൊന്നുമോർത്തു വിഷമിക്കേണ്ട.
ഒന്നാലോചിച്ചു നോക്ക്. അപ്പച്ചൻ തനിയെ അമ്മച്ചിയ്ക്കിഷ്ട്ടപ്പെട്ട സാരി സെലക്റ്റ് ചെയ്ത് വാങ്ങിക്കൊണ്ടു വരുമ്പോൾ അമ്മച്ചിയ്ക്കുണ്ടാവുന്ന സന്തോഷം! ഞങ്ങൾ പെണ്ണുങ്ങളങ്ങനെയാണ്.അൽഭുതപ്പെടുത്തിക്കൊണ്ട് , ഭർത്താവ് ഒരു സമ്മാനവുമായി കയറി വരുമ്പോഴുള്ള സന്തോഷം, അതെങ്ങനെയാ പറയേണ്ടതെന്നറിയില്ല. രണ്ടുതവണയേ എനിയ്ക്കതറിയാനായുള്ളു. എന്നാലും അത് ഒരു ഒന്നൊന്നര സന്തോഷം തന്നെ!
പിന്നെ കടയിൽ ചെന്ന് പരുങ്ങി നിൽക്കയൊന്നും വേണ്ട ., നേരേ സാരി സെക്ഷനിൽ ചെന്ന് ഒരു സാരി വേണമെന്നു പറയുക. അവർ അമ്മച്ചീടെ വയസ്സും നിറവും, ശരീര പ്രകൃതിയുമൊക്കെ ചോദിച്ച് നല്ലതൊരെണ്ണം സെലക്റ്റ് ചെയ്തു തന്നോളും... പള്ളിയിൽ പോകുമ്പോൾ ഉപയോഗിക്കാൻ പറ്റുന്നതെന്നു പറഞ്ഞാൽ മതി.
പിന്നെ കൃഷിക്കാരനായതു കൊണ്ട് പച്ച നിറം അപ്പച്ചൻ്റെ വീക്നെസ് ആണെന്നറിയാം. ഇത് വാഴ കൂമ്പിൻ്റെ നിറം, ഇത് മാവിലത്തളിരിൻ്റെ നിറം, ഇത് ചാണകപ്പച്ച എന്നൊക്കെ പറഞ്ഞ് വാങ്ങിക്കൊണ്ടു വന്നാൽ അമ്മച്ചി കൈ കൊണ്ടു തൊടില്ല; ഓർമ്മ വേണം.
ജെറിയും തിളക്കവുമൊന്നും ഇപ്പോൾ ഫാഷനല്ല കേട്ടോ. പിന്നെ അമ്മച്ചി ലേശം കറുത്ത നിറമാണെന്ന് പറഞ്ഞ് വെള്ള സാരി വാങ്ങല്ലേ.
ഇനിയും സംശയമാണെങ്കിൽ ഞാൻ അപ്പച്ചൻ സെലക്റ്റ് ചെയ്യുമ്പോൾ സിഗ്നൽ തരാം, ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ .അന്നേരം മിണ്ടാനൊന്നും ഞാനില്ലാട്ടോ അപ്പച്ചാ.
ഒരു കാര്യം കൂടിയുണ്ട്. പണ്ട് പ്രീഡിഗ്രി പരീക്ഷയെഴുതി നിൽക്കണ അമ്മച്ചിയെ കയ്യും കണ്ണും കാട്ടി അടിച്ചുമാറ്റുമ്പോൾ അമ്മച്ചിയുടെ കഴുത്തിൽ രണ്ടു മടക്കിൻ്റെ ഒരു മണിമാലയുണ്ടായിരുന്നു. പിന്നീട് ഈ വീടുവച്ചപറമ്പുവാങ്ങാൻ അപ്പച്ചൻ വിറ്റു കളഞ്ഞത്. അതിനിപ്പൊഴുമമ്മച്ചിയ്ക്ക് ഒരു ആശയുണ്ട്. എന്തായാലും സ്വന്തം അപ്പൻ പതിനേഴാംപിറന്നാളിനു വാങ്ങിക്കൊടുത്തതല്ലേ.? നഷ്ടപ്പെട്ടതിൽ സങ്കടം കാണും.എന്നോട് അമ്മച്ചി പറഞ്ഞിട്ടുണ്ടത് ,എല്ലാം നേടിയെന്നാലും സ്വന്തം വീടും വീട്ടുകാരുമെല്ലാം നഷ്ടമായതിൻ്റെ ദു:ഖം.
എന്നാലും എനിക്ക് അൽഭുതം തോന്നും, തീരെ റൊമാൻ്റിക്കല്ലാത്ത അപ്പച്ചൻ എങ്ങനെ അമ്മച്ചിയെ വളച്ചെടുത്തു എന്ന്. എനിയ്ക്ക് ചിരി പൊട്ടും, നിങ്ങളുടെ പണ്ടത്തെ റൊമാൻസ് ഓർക്കുമ്പോൾ."
നിർത്താതെ മണി കിലുങ്ങുമ്പോലെയുള്ള സംസാരം കേട്ട്,ഒരാവേശത്തിന് മനസ്സിലുയർന്ന കുസൃതിയോടെ കയ്യ് വികൃതിപ്പെണ്ണിൻ്റെ നേർക്കുയർന്നു. എന്തൊക്കെയാണിവളുടെ നാവിൻ തുമ്പിൽ നിന്നുതിർന്നു വീഴുന്നത്.? ഒരു തിരമാലപോലെ മനസ്സിലേയ്ക്ക് എത്തി നോക്കിയ ചിന്തയിൽ ആ കൈ പിന്നെ താണു.
"അപ്പോൾ മറക്കണ്ടാ കേട്ടോ, അടുത്ത പിറന്നാളിന് രണ്ടു മടക്കിൻ്റെ മണിമാല അമ്മച്ചിയ്ക്ക് വാങ്ങിക്കൊടുക്കാൻ!"
പൈപ്പിൻ ചുവട്ടിൽ കാലും കയ്യും കഴുകുമ്പോൾ വീണ്ടും പിന്നിൽ മോളുടെ ശബ്ദം.
"എൻ്റെ സ്കൂട്ടറിൻ്റെ കാര്യം അച്ഛൻ മറന്നുവല്ലേ? ഞാനെത്ര പൊന്നുപോലെ നോക്കിയതാ, ഒരു പോറൽ പോലും ഏൽപ്പിക്കാതെ, എന്നിട്ട് അന്ന്...... സ്കൂട്ടറിന് മാത്രം കാര്യമായൊന്നും പറ്റിയില്ല .ഒന്ന് കഴുകി വൃത്തിയാക്കി വയ്ക്ക് അപ്പച്ചാ''
കടയിൽ നിന്ന് സാരി സെലക്റ്റ് ചെയ്തിറങ്ങുമ്പോൾ, അവളുടെ മുഖത്ത് നിറഞ്ഞ ചിരി,നന്നായി സെലക്ഷൻ, അമ്മച്ചിയ്ക്കു നന്നായിച്ചേരും എന്ന് പറയുമ്പോലെ.
കടയുടെ മുന്നിൽ തന്നെയുള്ള റോഡിൽ സൈമൺ. അയൽക്കാരനാണ്, ബൈക്കിലാണ് കക്ഷി.പിടിച്ച പിടിയാലെ അതിൽ കയറ്റി വീട്ടിൽ എന്നെ എത്തിച്ചു തന്നു, മഴ വരണുണ്ട്, മാത്യു ചേട്ടൻ നടക്കണ്ടയെന്നും പറഞ്ഞ്.
ഭാഗ്യം. വീട്ടിലേക്ക് കയറുമ്പോൾ മേഴ്സി , കയ്യിൽ ഇരുന്ന സാരി വച്ചബാഗ് കണ്ടില്ല, കുളിമുറിയിലാണവൾ. അല്ലെങ്കിൽ ഇപ്പോൾ ഇതെന്തിനാ വാങ്ങാൻ പോയത് എന്നും പറഞ്ഞ് ബഹളമായേനെ.
ഇനി സ്വന്തം പിറന്നാൾ ആണെന്ന് ആ പാവം അറിഞ്ഞിട്ടുണ്ടോ ആവോ?
തളർച്ചയോടെ,ഫാൻ ഓൺ ചെയ്ത് സെറ്റിയിൽ ചാഞ്ഞിരിക്കുമ്പോൾ പുറത്ത്
കോളിംഗ് ബെല്ലിൻ്റെ ശബ്ദം.
ജോ ആണ്, മകളുടെ ഭർത്താവ്.ഗേറ്റിനടുത്തായി അവനെ ഓഫീസിലേക്ക് നൈറ്റ് ഡ്യൂട്ടിയ്ക്ക് കൊണ്ടുപോകാനുള്ള വണ്ടിയുണ്ട്. അതിലാണവൻ വന്നത്.
"അമ്മച്ചി എവിടെ? "
"കുളിമുറിയിലാണ് "
"നേരത്തേ വരാൻ പറ്റിയില്ല അപ്പച്ചാ, മോന് ചെറിയ പനി. അതിൻ്റെ വാശിയുണ്ട്., എന്നെ അരികിൽ നിന്നും മാറാൻ സമ്മതിക്കാതെ. രാത്രി പിന്നെ ഞാൻ അടുത്തില്ലെങ്കിലും കുഴപ്പമില്ല, അമ്മച്ചിയുടെ കൂടെ കിടന്നുറങ്ങിക്കോളും . പിന്നെ ടെസിച്ചേച്ചി,ജോസേട്ടൻ്റെ ഭാര്യ രാത്രി വീട്ടിൽ വന്നു കൂട്ടു കിടക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ ഇല്ലെങ്കിൽ ടെസിച്ചേച്ചിയുടെ കൂടെയാണ് അവൻ്റെ കൂടുതൽ കളിയും, ചിരിയും. വല്യമ്മച്ചീന്നു വിളിച്ച് ചേച്ചിയുടെ പിന്നിൽ നിന്നും മാറില്ല. അതുകൊണ്ട് രാത്രി അവൻ്റെ വല്യമ്മച്ചിയുണ്ടെങ്കിൽ പിന്നെയാരും വേണ്ട "
"എൻ്റെ ജോ മോനേ, നീയിങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ? വയ്യാത്ത അമ്മച്ചിയെ ഇനിയും ബുദ്ധിമുട്ടിക്കണോ.? ഒന്നര വയസ്സു തികയാത്ത കുഞ്ഞിനേം കൊണ്ട് നീ ...... ഇവിടെ നോക്കാൻ ഞങ്ങളില്ലേ, ഞാനും മേഴ്സീം. നിങ്ങൾ ഇവിടെ വന്നു നിൽക്ക്, എത്ര തവണ പറഞ്ഞതാ ഞങ്ങൾ!"
"അതപ്പച്ചാ, പുതിയ വീട് പണി തീർന്ന്, കയറിക്കൂടലിൻ്റെയന്ന് രാത്രി കിടക്കാൻ നേരം ജിജി പറഞ്ഞതാണ്. "നമുക്കിനി ഇവിടെ നിന്ന് മാറി നിൽക്കരുത് ഒരു രാത്രി പോലും, ഇത് നമ്മുടെ രണ്ടു പേരുടേയും സ്വപ്നമാണെന്ന്. രണ്ടു മാസം പോലും തികച്ചു സന്തോഷമായി അവിടെ ജീവിക്കാൻ പറ്റിയില്ല.
എങ്ങനെയാണപ്പച്ചാ ഞാനവളുടെ വാക്ക് തട്ടിക്കളയണത്.?. ആ വീട് വിട്ട് ഇവിടേയ്ക്കു വരുന്നത്? " ജോയുടെ വാക്കുകൾക്ക് ഇടർച്ച.
" അമ്മച്ചിയുടെ ബർത്ത് ഡേ യാണെന്ന് എങ്ങനെയറിഞ്ഞു ?"
'"അതും അവൾ....."
കണ്ണിലൂറിയ നീര് താഴേക്ക് വീഴും മുൻപ് അവൻ മുഖം തിരിച്ചു.
തിരക്കിട്ട് കയ്യിലെ ഗിഫ്റ്റ് പാക്കറ്റ് തനിയ്ക്കു നേരേ നീട്ടി, തിരിഞ്ഞു നടക്കുമ്പോൾ അവൻ പറഞ്ഞു, ''കേക്കാണ്, അമ്മച്ചിയുടെ പിറന്നാളിൻ്റേത്. അമ്മച്ചിയെ കാണാൻ നിൽക്കണില്ല, പറഞ്ഞേക്കു.....തിരക്കുണ്ട്. അവർ, കൂട്ടുകാർ കാത്തു നിൽക്കണ കണ്ടില്ലേ?"
മുറിയിൽ കയറി. കൈകൾ നീട്ടി, മകളെ നെഞ്ചോടു ചേർക്കുമ്പോൾ മിന്നാമിനുങ്ങു പോലെ മിന്നി മിന്നിക്കത്തുന്ന കുഞ്ഞു ബൾബുകൾ കാവൽ നിൽക്കുന്ന, ഫ്രെയിമിട്ടചില്ലുകൂട്ടിൽ നിന്നു പുറത്തിറങ്ങി, അവൾ തൻ്റെ ദേഹത്തോട്ഒട്ടിച്ചേർന്നുനിന്നു.ആ ഹൃദയമിടിപ്പു് ഇപ്പോഴും കേൾക്കാം, തനിക്ക് ........തനിയ്ക്കു മാത്രം.
"അയ്യേ! അപ്പച്ചൻ കരയ്വാണോ? ഞാൻ മിടുക്കിക്കുട്ടിയായിട്ട് എല്ലാം ചെയ്തത് കണ്ടില്ലേ? "
പിന്നെ എൻ്റെ നെഞ്ചിൽ അവളുടെ കൈത്തലം ചേർത്തു.... എൻ്റെ പടപടയെന്നു മിടിയ്ക്കുന്ന ഹൃദയത്തിനു മുകളിൽ,
"ആരു പറഞ്ഞു, ഞാനവിടെയില്ലാന്ന്? എല്ലാവരെയും വിട്ടു പോയീന്ന് .എനിക്ക് അങ്ങനെ പോകാൻ പറ്റ്വോ? ഞാനിവിടെയുണ്ട്...... ഇവിടെത്തന്നെ !"
ഡോ. വീനസ്

ഡിസംബറിൻ്റെ നഷ്ടം


 നെഞ്ചിൽ അലയടിയ്ക്കുന്ന സങ്കടക്കടൽ ജന്മം കൊടുത്ത കണ്ണീർ കണങ്ങൾ കവിളിലൂടെ ചാലിട്ടൊഴുകി നെഞ്ചിനെ നനച്ചപ്പോഴാണ്, താൻ ഏറെ നേരമായി ചിന്തയിൽ മുഴുകി ഒരേ നിൽപ്പായിരുന്നു എന്ന് മനോജ് തിരിച്ചറിഞ്ഞത്.
വീടിൻ്റെമുകൾനിലയിലെ തൻ്റെ മുറിയുടെ പാതി തുറന്ന ജാലകത്തിലൂടെ നോക്കുമ്പോൾ, തെക്കേമുറ്റത്തോട് ചേർന്നു കിടക്കുന്ന പറമ്പു കാണാം, അതിൽ അമ്മ നട്ടുനനച്ചു വളർത്തിയ നാട്ടുമാവിന്നരികിൽ കത്തിത്തീരാറായ ചിതയിൽ എരിഞ്ഞമരുന്നത് ഏതാനും മണിക്കൂറുകൾക്ക് മുൻപ് തന്നോടൊപ്പം പ്രാതൽ കഴിയ്ക്കാനിരുന്ന അമ്മയാണെന്നത് വിശ്വസിക്കാനാകാതെ, എല്ലാം കള്ളമാണെന്ന് പുലമ്പുകയാണ് മനസ്സ്.
ഡിസംബർ എന്നും തനിക്ക് നഷ്ടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു. ആദ്യം ഏഴു വർഷങ്ങൾക്കു മുൻപൊരു ഡിസംബറിൽ പ്രാണനു തുല്യം സ്നേഹിച്ച ദേവി, ഇപ്പോൾ ഇതാ, ഈ ഡിസംബറിൽ അമ്മയും !
പതിനഞ്ചു ദിവസം മുൻപാണ് സൗദിയിൽ നിന്നെത്തിയത്, കഴിഞ്ഞ ഏഴു വർഷമായി വേദനിപ്പിയ്ക്കുന്ന ഓർമ്മകളിൽ നിന്നകന്നു മാറാൻ വേണ്ടി താൻ കണ്ടെത്തിയ ഇടത്താവളത്തിൽ നിന്ന്.
ക്രിസ്തുമസ്സിനോടനുബന്ധിച്ച് നാട്ടിലെത്തണം; ഇത്തവണ താൻ തിരിച്ചു പോകുന്നത് വിവാഹ ശേഷമായിരിക്കണം' എന്നത് അമ്മയുടെ ഏറ്റവും വലിയ അഗ്രഹമെന്നതിലുപരി നിർബ്ബന്ധമായിരുന്നു.
വധുവെന്നരൂപത്തിൽഎഴുവർഷങ്ങൾക്ക് മുൻപ് മനസ്സിൽ പ്രതിഷ്ഠിച്ച 'ദേവി'യെന്ന പെൺകുട്ടിയെ ക്കുറിച്ചുള്ള സങ്കല്പം തകർന്നടിഞ്ഞതിനു ശേഷം വിവാഹത്തെക്കുറിച്ചുള്ള ചിന്ത അവിചാരിതമായിപ്പോലും മനസ്സിൽ കടന്നു വന്നിരുന്നില്ല. ഒടുവിൽ എല്ലാം അ മ്മയുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തുകൊണ്ടാണ്, അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി ഇത്തവണ വിവാഹാലോചനയ്ക്ക് ആരംഭം കുറിയ്ക്കാൻ സമ്മതം മൂളിയത്. പക്ഷേ തിരിച്ചറിഞ്ഞു, ദേവിയുടെ മുഖത്തിന്, രൂപത്തിന്, ഭാവങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്ന് ഈ ഭൂമിയില്ലയെന്ന്.
തൻ്റെ തീരുമാനം അമ്മയെ വല്ലാതെ വേദനിപ്പിച്ചു.അതിൻ്റെ ആഘാതത്തിൽ നിന്ന് ,മൗനത്തിൽ നിന്ന് അമ്മ മോചിതയായത് മൂന്ന് ദിവസങ്ങൾക്കു മുൻപ് മാത്രം!
പിന്നെ ഇന്നലെ അമ്മയെയും ബൈക്കിൻ്റെ പിന്നിലിരുത്തി ഒരു വൺ ഡേ ട്രിപ്പ് .
അമ്മയെന്ന,അൻപത്തഞ്ചുകാരിയുടെ ഗൗരവത്തിൽ നിന്ന് തൻ്റെ മനസ്സറിയുന്ന കൂട്ടുകാരിയുടെ ഭാവങ്ങൾ നിറഞ്ഞ സന്തോഷത്തിൻ്റെ പഴയനാളുകളിലേക്ക് മനംമാറ്റം, അതായായിരുന്നു ആ യാത്രയുടെ പരിണതഫലം .തമാശയും സന്തോഷവും വീണ്ടും വീട്ടിൽ പടി കടന്നു വന്നതു പോലെ. അമ്മയുടെ മൂളിപ്പാട്ടുകൾ വീണ്ടും വീട്ടിലുയർന്നു കേട്ടു, പദചലനങ്ങൾക്കൊപ്പം !
രാവിലെ പ്രാതലിന്നിടയ്ക്കാണ് അമ്മ പറഞ്ഞത് " എനിക്കെന്നാണാവോ മൂന്നാമതൊരു പ്ലേറ്റിൽ പ്രാതൽ വിളമ്പാനാകുക? ഉറ്റവരായി ഈ അമ്മ മാത്രമേയുള്ളു ഇവിടെ നിനക്ക് എന്നോർമ്മ വേണം. അമ്മയെന്നാൽ ദീർഘായുസ്സുള്ള, കല്ലും മരവും ഒന്നുമല്ലെന്നും. '
"ആരു പറഞ്ഞു അമ്മമാത്രമെ ഉള്ളു, എന്ന്? എനിയ്ക്കമ്മയുണ്ട്.അച്ഛനുണ്ട്, പെങ്ങളൂട്ടിയുണ്ട് - എല്ലാ റോളിലും മിന്നിത്തിളങ്ങുന്ന എൻ്റെ സുഭദ്രാമ്മ .പണ്ടേ കൂട്ടുകാർ പറയുമായിരുന്നു നിൻ്റെ അമ്മയെ കണ്ടാൽ പെങ്ങളാണെന്ന് തോന്നുമെന്ന് ."
തൻ്റെ പെങ്ങളൂട്ടി എന്ന വിളി കേട്ട് ചിരിച്ചു കൊണ്ട് ഭക്ഷണം വായിൽ വച്ചതാണമ്മ. അത് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന അമ്മയ്ക്ക് നൽകിയ പ്രഥമ ശുശ്രൂഷകൾ ഫലപ്രാപ്തിയിൽ എത്തിയില്ലെന്നറിഞ്ഞു ആശുപത്രിയിലേക്ക് അക്ഷരാർത്ഥത്തിൽ പറന്നാ അമ്മയെ എത്തിച്ചത്.... പക്ഷേ തിരിച്ചുപോരുമ്പോൾ താൻ തനിച്ചായിരുന്നു.
തനിയ്ക്കൊപ്പം അമ്മയില്ലെന്ന് വിശ്വസിക്കാൻ മടിക്കുന്ന മനസ്സ്.വീടിൻ്റെ ഓരോ കോണിലും വസ്തുവിലുമുണ്ട് അമ്മയുടെ നിഴലനക്കം.തൻ്റെ ജീവിതത്തിലുടനീളം നിറഞ്ഞു നിന്ന അമ്മ എത്ര പെട്ടെന്നാണ് കാണാമറയത്ത് പോയ് മറഞ്ഞത്.
ജനലിനപ്പുറം എരിഞ്ഞു തീരാറായ ചിതയിൽന്നുയരുന്ന പുകച്ചുരുളുകൾ, യാഥാർത്ഥ്യമെന്താണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും ചിന്തകളിൽ അമ്മ നിറയുന്നു, അമ്മ മാത്രം!
എട്ടുവർഷങ്ങൾക്കു മുൻപ്,തൈമാവിൻ്റെ താഴത്തെ കൊമ്പുകളിൽ പടർന്ന് കയറിയ ,നിറയെ പൂവണിഞ്ഞ അമ്മയുടെ നീലശംഖുപുഷ്പച്ചെടി, ഞാൻ നട്ടുവളർത്തിയ അഡീനിയത്തിൻ്റെ വെളുത്ത പൂക്കളെയും അമർത്തി മൂടിവളർന്നത് മുറിച്ചുമാറ്റാനൊരുങ്ങിയപ്പോഴാണ് ഞാനും അമ്മയും ആദ്യമായി പിണങ്ങിയത്.
" ചെടികളോട് ഇഷ്ടം തോന്നാത്ത നിന്നെ ബോട്ടണിയിൽ പി ജി ചെയ്യാൻ വിട്ട ,നിൻ്റെ അമ്മയായ എന്നെ പറഞ്ഞാൽ മതിയല്ലോ?"
"എനിക്ക് ചെടി ഇഷ്ടമല്ലെന്നാരു പറഞ്ഞു.? എൻ്റെ അഡീനിയത്തെ അങ്ങനെ അമ്മയുടെ നീലശംഖുപുഷ്പം വിഴുങ്ങേണ്ട.
പിന്നെ ബോട്ടണി എനിക്കിഷ്ടപ്പെട്ട വിഷയം തന്നെ. ക്ലാസ്സിലെ ടോപ്പേഴ്സിൻ്റെ കൂട്ടത്തിൽ ഞാനുമുണ്ട്. സംശയമുണ്ടെങ്കിൽ അമ്മ കോളേജിൽ വന്ന് അന്വേഷിച്ചു നോക്കൂ - അപ്പോഴറിയാം അമ്മയുടെയീ മനോജ് എന്ന പുന്നാരമോൻ്റെ സ്ഥാനം. പിന്നെ അൽപ്പസ്വൽപ്പം മടി., അതെൻ്റെ കൂടപ്പിറപ്പാണ്. "
ഓണാവധി തീരുന്നതിൻ്റെ തലേ ദിവസം വൈകുന്നേരമാണ്. ഒത്തിരി റെക്കോർഡ് ഷീറ്റ്സ് വരച്ചു തീർക്കാനുണ്ട്. വെക്കേഷൻ്റെ തുടക്കത്തിൽ കരുതി, ഓരോ ദിവസവും കുറച്ചു വീതം വരച്ചു വരച്ച് തീർക്കണമെന്ന് . പിന്നെ നീട്ടി നീട്ടി വച്ച് ഇതുപോലെയായി. അതിൻ്റെ ടെൻഷനാകാം അമ്മയോട് പറഞ്ഞ വാക്കുകളിൽ അതൃപ്തിയുടെ, ദേഷ്യത്തിൻ്റെ നിറം പുരട്ടിയത്.
സ്റ്റഡീ ടേബിളിൻ്റെ പുറത്തും കട്ടിലിലുമായി നിറഞ്ഞു കിടക്കുന്ന റെക്കോർഡ്ഷീറ്റുകളുടെ ഇടയിൽ അസ്വസ്ഥമായ മനസ്സോടെ, വരച്ചു തീർക്കാനുള്ള വ്യഗ്രതയോടെ ഇരിക്കുന്നതിനിടയ്ക്കാണ് അവൾ, ദേവി അമ്മയോടൊപ്പം തൻ്റെ മുറിയിൽ കയറി വന്നത്.
" ഇതാരാന്നെന്ന് നോക്കൂ, നമ്മുടെ പൂത്തുലഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കണ്ട് വന്ന് കയറിയതാണീ കുട്ടി, നമ്മുടെ വീട്ടിൽ . നിനക്കല്ലേ എൻ്റെയാ ചെടിയോടൊരു തൃപ്തിക്കുറവ്?
സംസാരിച്ചപ്പോഴാണ് നിൻ്റെ ക്ലാസ്സിലാണെന്നറിഞ്ഞത്?" - അമ്മയുടെ ശബ്ദം കേട്ടു മുഖമുയർത്തിനോക്കുമ്പോൾ അതവളായിരുന്നു. ദേവി. എൻ്റെ ക്ലാസിലെ പഠിപ്പിസ്റ്റ്. എന്നും ക്ലാസ് ഫസ്റ്റ് .പ്രസംഗത്തിനും ചിത്രം വരയിലുമെല്ലാം മിടുക്കി.
"ഓ. മനോജ്. ഈ സ് ദിസ് യുവർ ഹൗസ് ?ഇറ്റ്സ് എ സർപ്രൈസ് ഫോർ മി.
ബട്ട്, ഐ ഡോണ്ട് ലൈക്ക് ദിസ് ബിഹേവിയർ. ദിസ് പ്രോക്രാസ്റ്റിനേഷൻ.ഞാനെത്ര ദിവസം മുൻപേ വരച്ചു തീർത്തു എന്നറിയ്യോ?." - അവളുടെ വാക്കുകൾ പിടികിട്ടാതെ നിന്ന അമ്മയോടവൾ വീണ്ടും -
"മറ്റൊന്നുമല്ലമ്മേ ,നേരത്തെ ചെയ്തു തീർക്കാതെ,ഈ ഇരുപത്തിനാലാം മണിക്കൂറിലേയ്ക്ക് ചെയ്യാനുള്ള ജോലികൾ നീക്കിവയ്ക്കുന്ന സ്വഭാവത്തെക്കുറിച്ചു പറഞ്ഞതാണ് "
അമ്മ പലവട്ടം പറഞ്ഞു പരാജയപ്പെട്ട അഭിപ്രായത്തോട് ചേർന്നു നിൽക്കുന്ന ദേവി, അങ്ങനെ അമ്മയുടെ പ്രിയപ്പെട്ടവളായി. വീട്ടിലെ നിത്യസന്ദർശകയും ,അമ്മയുടെ പൂന്തോട്ടത്തിലെ ചെടികളുടെ, പൂക്കളുടെ, ആരാധികയും.
പിന്നെ അവൾ നടന്നു കയറിയത് തൻ്റെ ഹൃദയത്തിലേയ്ക്ക് .തൻ്റെ റെക്കോർഡുഷീറ്റുകൾ അവളുടെ വിരലുകളുടെ സ്പർശന സുഖമറിഞ്ഞു, ചിത്രകലയുടെ ചാതുര്യവും.
അമ്മയുടെ പാചക മികവിന് സാക്ഷ്യപത്രം നൽകിയത് അവളുടെ നാവിലെ രുചി മുകുളങ്ങൾ . എന്നും കോളേജിലേയ്ക്ക് അമ്മ തന്നു വിടുന്ന പൊതിച്ചോറിൻ്റെ പങ്കുപറ്റാൻ കാത്തിരിയ്ക്കും പോലെ.നാട്ടിലെ പേരുകേട്ട ബിസിനസ്സുകാരൻ്റെ മകളാണെന്ന അഹങ്കാരമില്ലാത്ത, സത്സ്വഭാവിയായ ദേവി ,അമ്മക്ക് പ്രിയപ്പെട്ടവളായി .ഒരു വർഷം കടന്നു പോയത് വളരെപ്പെട്ടെന്ന്.
ഒരിക്കലും പിരിയില്ലെന്ന വിശ്വാസമായിരുന്നു, ഏഴു വർഷങ്ങൾക്കു മുൻപ് തണുപ്പു വീണു തുടങ്ങിയ ഡിസംബറിൽ സ്റ്റഡീ ടൂറിന്നായി തങ്ങൾ ഊട്ടിയിലെത്തും വരെ.
കാഴ്ച്ചകൾ കണ്ട്, ചെടികളും പൂക്കളും ശേഖരിച്ച് നടക്കുന്നതിനിടെ വായിച്ചു മാത്രം കേട്ടിരുന്ന ഒരപൂർവ്വ സസ്യത്തിൻ്റെ പൂക്കൾ ആദ്യം ദേവിയുടെ കണ്ണുകളിലാണുടക്കിയത്. അതിൻ്റെ ആവേശാഹ്ലാദത്തിലായിരുന്നു അവൾ.
"ഇതേതു പൂ? " എന്ന തൻ്റെചോദ്യത്തിന് "ഇത് അനാഘ്രാത കുസുമം" എന്നായിരുന്നു ചിരിച്ചു കൊണ്ട് അവളുടെ ഉത്തരം.
അതിൻ്റെ അർത്ഥം അവൾപറഞ്ഞു തന്നപ്പോഴാണ് തനിക്ക് പിടികിട്ടിയത് ആരും വാസനിക്കാത്ത പൂവ്.
ഹെഡ് ഓഫ് ഡിപ്പാർട്ടുമെൻ്റ് ഭാസി സാറിനെ തൻ്റെ കണ്ടെത്തൽ അറിയിയ്ക്കാനുള്ള തിരക്കിലായിരുന്നു പിന്നീട് അവൾ. വൈകിട്ട് നാലു മണിച്ചായയുടെ നേരത്തവൾപറഞ്ഞു, സാറിനെ കണ്ടിരുന്നു, റെഫർ ചെയ്തിട്ടതിനെപ്പറ്റി സംസാരിയ്ക്കാമെന്ന് സാർ പറഞ്ഞിട്ടുണ്ടത്രേ. അതിനായി സാറിനെപ്പോയി കാണണമെന്നും .
രാത്രിയിൽ ക്യാമ്പ്ഫയറിനു മുൻപു വരെ അവൾ ഏറെ സന്തോഷവതിയായിരുന്നു. പക്ഷേ പിന്നെയന്നവളെ കാണാൻ കഴിഞ്ഞില്ല. തലവേദനയാണ്. റൂമിലുണ്ട് എന്നു പറഞ്ഞത് സിതാരയാണ്, അവളുടെ റൂം മേറ്റ്'.
പിറ്റേന്ന് തിരിച്ചുള്ള മടക്കയാത്രയിൽ അവൾ തികച്ചും മൗനിയായിരുന്നു. തന്നെ അവഗണിയ്ക്കുന്നതു പോലെ. കരഞ്ഞുനീർ വറ്റിയ കണ്ണുകൾക്ക് മേലെ കൈത്തലമമർത്തി അവൾ കണ്ണടച്ച് സീറ്റിൽ ചാരിക്കിടന്നു, ഉയർന്നു വന്ന ഗദ്ഗദത്തെ അമർത്തിക്കൊണ്ട് ..... തൻ്റെ ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ !
ടൂർ കഴിഞ്ഞ് പിന്നെയവൾ ക്ലാസിൽ വന്നതേയില്ല. നേരിട്ടു കാണാൻ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു., താനും അമ്മയും എല്ലാം അവളുടെ ഓർമ്മകളിൽ നിന്ന് മാഞ്ഞു പോയതുപോലെ. പിന്നീടാണറിഞ്ഞത് അവൾ അച്ഛൻ്റെ ടെക്സ്റ്റയിൽ ഷോപ്പിൽ ജോയിൻ ചെയ്തുവെന്ന്. ഫോൺ വിളികൾക്കുംമെയിലിനും മറുപടിയില്ലാതെയായപ്പോൾ കൂട്ടുകാർ വഴി തിരക്കിയിട്ടും അവൾ തൻ്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
കാണാൻ ചെന്ന അമ്മയ്ക്കും അവഗണന മാത്രമായിരുന്നു നേരിട്ടത്.
കോഴ്സ് കഴിഞ്ഞ ശേഷം അവളില്ലായ്മ എന്ന നഷ്ടത്തെ അതിജീവിച്ചു കൊണ്ട് നാട്ടിൽ നിൽക്കാൻ കഴിയാതെ, പ്രാണൻ്റെ പകുതി കവർന്നെടുത്ത ഡിസംബറിൻ്റെ ഓർമ്മകളിൽ നിന്നുള്ള മുക്തിയ്ക്കായി വിദേശത്തേയ്തൊരു പലായനം.
ഒടുവിൽ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതിച്ചെങ്കിലും അവസാന നിമിഷം ദേവിയുടെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ തനിക്കാവില്ലെന്ന് വധുവാകാനിരുന്ന ആ പെൺകുട്ടിയോട് തുറന്നു പറയേണ്ടി വന്നു. അമ്മയുടെ വാക്കുകൾക്ക് വിലകൽപ്പിക്കാത്ത, അല്ലെങ്കിൽ അത് ധിക്കരിച്ച തൻ്റെ തീരുമാനമാണോ അമ്മയെ വല്ലാതെ വേദനിപ്പിച്ചത്.? ഇപ്പൊഴിതാ, എല്ലാം കലങ്ങിത്തെളിഞ്ഞു എന്നാശ്വസിയ്ക്കുമ്പോൾ അമ്മയുടെ മരണം ഡിസംബറിൻ്റെ മറ്റൊരു നഷ്ടമാകുന്നു.
ഓർമ്മകളിൽ നിന്നുണർത്തിയത് ചെറിയമ്മയുടെ സ്വരമാണ്., അമ്മയുടെ വേർപാടിൽ തകർന്നു പോയ അമ്മയുടെ സ്വന്തം മഞ്ജുഷ എന്ന കുഞ്ഞനിയത്തിയുടെ !
"മോൻ ഇവിടെ തന്നെ നിൽപ്പാണോ? താഴെ ആരൊക്കെയോവന്നിട്ടുണ്ട്. വരൂ"
ജനലിലൂടെ അമ്മ- ഉരുകിത്തീരുന്ന ചിതയിലേക്കു നോക്കി. സർവ്വവും വിഴുങ്ങുന്ന അഗ്നിയണഞ്ഞു കഴിഞ്ഞു. ചുവപ്പിൻ്റെ ആടയണിഞ്ഞ തിളങ്ങുന്ന കനൽക്കട്ടകളെ പിന്നിലാക്കിക്കൊണ്ട് ആകാശത്തേക്ക് പൊങ്ങിപ്പരക്കുന്ന പുകച്ചുരുളുകൾ .
തോളിൽ അമ്മയുടെ കൈത്തലം അമരുന്നുണ്ടോ?എൻ്റെ കുട്ടീ എന്നൊരു പിൻവിളിയുയരുന്നുണ്ടോ?
മരത്തിൻ്റെ എണിപ്പടിയിൽ ഒരു പദനിസ്വനം കേട്ടു .അതിന് തൻ്റെ ഹൃദയത്തിൽ പതിഞ്ഞ താളമുണ്ടായിരുന്നു. ...
പിന്നെ പിന്നിൽ ,പതിഞ്ഞ സ്വരമുയർന്നു അത് ദേവിയുടേതായിരുന്നു.
"വരണില്ലെന്നു പല തവണ തീരുമാനിച്ചതാണ്. പക്ഷേ പിടിച്ചു നിൽക്കാൻ പറ്റാത്തതു കൊണ്ടുവന്നതാണ്. അമ്മയെ കാണാതിരിയ്ക്കാൻ കഴിയില്ലെന്നു തോന്നി.വൈകിപ്പോയി ക്ഷമിക്കൂ..
"ദേവീ- .. നീ! ഒന്നും മിണ്ടാതെ എന്നിൽ നിന്നും അകന്നതെന്തേ?" വികാര വിക്ഷോഭത്തിൽശബ്ദം നഷ്ടപ്പെട്ട തൻ്റെ കണ്ണുകളിലെ ചോദ്യം വായിച്ചിട്ടാകാം, ദേവിയുടെ കണ്ണുകൾ ഈറനായത്.
" ഞാൻ, അനാഘ്രാത കുസുമമല്ല. ഏഴു വർഷം മുൻപുള്ളൊരു ഡിസംബർരാത്രി മുതൽ. ക്യാമ്പ്ഫയറിൻ്റെ ശബ്ദഘോഷങ്ങൾക്കിടയിൽ എൻ്റെ എതിർപ്പിൻ്റെ സ്വരവും, നഷ്ടപ്പെടലിൻ്റെ പൊട്ടിക്കരച്ചിലും ഊട്ടിയിലെ മഞ്ഞണിഞ്ഞ രാത്രി മാത്രം കേട്ടു .സ്വയം രക്ഷിക്കാൻ കഴിഞ്ഞീലാ.. കശക്കിയെറിഞ്ഞ പൂക്കൾ കൊണ്ട് ആരും ഇഷ്ടദൈവത്തിന് അർച്ചന ചെയ്യില്ലല്ലോ? അതു കൊണ്ട് സ്വയം അകന്നതാണ് ഞാൻ. മനോജിനെ എനിയ്ക്ക് എന്നെക്കാളും ഇഷ്ടമായതുകൊണ്ട് . "
അമ്മയുടെ കണ്ണുകളിലെ വെളിച്ചം പാതി ചാരിയ ജാലകച്ചില്ലിനപ്പുറം തങ്ങളെ നോക്കി നിൽക്കുന്നുണ്ടെന്നു മനോജിന്നു തോന്നി.... തൻ്റെ മനസ്സ് വായിച്ചു കൊണ്ട്.
"എനിക്കിഷ്ട മുള്ള കുട്ട്യാ ,ദേവീ. പാവം! അവളെ ഹൃദയത്തോടുചേർത്തു പിടിച്ചോളൂ നീ ,മറ്റാർക്കും വിട്ടുകൊടുക്കാതെ ! .അവളുടെ മനസ്സിൻ്റെ നൈർമല്യം മാത്രം മതിയല്ലോ എൻ്റെ കുട്ടിയ്ക്ക്, ആ സ്നേഹവും.ഇനി ഡിസംബറിൻ്റെ നഷ്ടം എന്നൊന്നും പറഞ്ഞ് കരയേണ്ട. ഡിസംബർ നഷ്ടങ്ങളുടെ മാത്രം മാസമല്ല, അത് നേട്ടത്തിൻ്റെ കൂടെ മാസമാണ്. "-
അമ്മയുടെ ശബ്ദം സ്വന്തം കർണ്ണങ്ങൾക്കടുത്ത് മാറ്റൊലി ക്കൊണ്ടത് താൻ മാത്രമേ കേട്ടുള്ളു. അപ്പോൾ ദേവിയുടെ കണ്ണുകൾ അന്തരീക്ഷത്തിലലിയുന്ന പുകച്ചുരുളുകളെ പിൻതുടരുകയായിരുന്നു.
കൺകോണുകളിൽ നിന്നടർന്നു വീഴാൻ തുടങ്ങുന്ന കണ്ണുനീർത്തുള്ളിയിൽ മഴവില്ലു തീർക്കുന്ന സൂര്യവെളിച്ചത്തിൽ ഭാവസാന്ദ്രമായ ദേവിയുടെ മുഖഭാവം ഓർമ്മപ്പെടുത്തുന്നുണ്ടോ, അമ്മയുടെ ജീവൻ്റെ ജീവനായ വീട് ഇനി അനാഥമല്ലയെന്ന്.....
ഡോ. വീനസ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo