Showing posts with label JasiSreeji. Show all posts
Showing posts with label JasiSreeji. Show all posts

അവളെത്തി.


അവളെത്തി.
വരണ്ടുണങ്ങിയ മണ്ണിലേയ്ക്ക്
ഒരു നനുത്ത ചുംബനവുമായി,
പ്രണയിനിയായ് മണ്ണിലേയ്ക്ക് 
അടർന്നുവീണതിനെയൊക്കെയും
അലിയിച്ചു ചേർക്കാൻ,
പുതുജീവനേകി കുളിരേകുവാൻ
ഒരു കുളിര്കാറ്റുമായി അവളെത്തി .
ചെപ്പിനുള്ളിലടക്കിയോരോരോ
ഓർമകൾക്ക് പുതുജന്മമേകാൻ ,
വിളർച്ച ബാധിച്ച മനസ്സിനും
സ്വപ്നങ്ങൾക്കും പുതുജീവനേകാൻ,
മനസ്സിൻ കണ്ണാടിയിലൊരു
മന്ദസ്മിതമേകാൻ അവളെത്തി.
കളഞ്ഞുപോയതും കൈവിട്ടുപോയതും
നഷ്ടപെടുത്തിയതുമായോരോര്മകള്
കൂടെ എൻ ബാല്യവും പ്രണയവും
അവൾ കൂടെ കൊണ്ട് വന്നു.
മഴയേ നീ.............................
ഭൂതകാലത്തിലേക്കൊരൊഴുക്കാണ് നീ
ഓർമകളുടെ വസന്തകാലം .
ജസ്‌ന.

ആത്മാവ് കഥ പറയുകയാണ്

Image may contain: 1 person, closeup

മരിച്ചിട്ട് ഇന്ന് മൂന്നാം നാൾ . ശവപ്പറമ്പിൽ അസ്ഥിയും ചാരവും വാരാൻ വന്നവരുടെ മുഖത്തു ഞാൻ സൂക്ഷിച്ചു നോക്കി, ആരുടെ മുഖത്തെങ്കിലും ഭയമുണ്ടോ എന്ന്, അറപ്പോ വെറുപ്പോ ആരെങ്കിലും കാണിക്കുന്നുണ്ടോ എന്നു. ഇല്ല ആർക്കും ഇല്ല . എല്ലാ മുഖത്തും ആശ്വാസമാണ്.
ഇന്ന് വീട്ടിൽ ആരൊക്കെയുണ്ടാകും .തനിക്ക് അവസാനനാളിൽ ഒരിറ്റു വെള്ളം തന്നു കു‌ടെ നിന്ന നാലോ അഞ്ചോ പേര് കാണും അവിടെ.വേറാര് വരാൻ . പലരും എന്റെ വീടിന്റെ പടി മറന്നിരുന്നു .
ഞാൻ മരിച്ച ദിവസം എല്ലാരും വന്നു. അന്നവിടെ കൂട്ടക്കരച്ചിലോ കെട്ടിപിടുത്തമോ ഒന്നുമുണ്ടായില്ല. ജീവനുള്ളപ്പോ ദേഹം മുഴുവൻ പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ നിറഞ്ഞ എന്നെ അധികനേരം വെച്ചിരിക്കാതെ കൊണ്ട്പോയി കത്തിക്കാനുള്ള തിടുക്കമായിരുന്നു എല്ലാരിലും. മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഞാൻഒരുപിടി ചാരമായ് തീർന്നു .
ഒന്നുകൂടൊന്നു വീട്ടിലേക്ക് പോകുകയാണ് .......
മക്കളും മരുമക്കളും കുടപ്പിറപ്പുകളും നാട്ടുകാരും എല്ലാരും ഉണ്ടല്ലോ. എന്നെയോർത്ത് കരയുന്ന മുഖം എവിടെയുമില്ല.മുറിയിൽ നിന്നും ആളുകൾ പരസ്പരം സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നുണ്ട് "ഇനിയും അധികം കഷ്ടപെടുത്താതെ പോയത് നന്നായി"....
"നാശം തീർന്നുകിട്ടിയല്ലോ "..... "അയ്യോ ഞങ്ങളെയൊക്കെ വിട്ട് അവള് പോയല്ലോ ഈശ്വരാ ഇതെങ്ങനെ സഹിക്കും "....മരിച്ച ദിവസം നിലവിളിച്ചതും സഹതാപവാക്കുകൾ പറയുന്നതും ജീവിച്ചിരിക്കുമ്പോൾ ആട്ടിയകറ്റിയവരാണ്.
പാച്ചു നിർത്താതെ കുരക്കുന്നത് എന്നെ കണ്ടിട്ടാണോ . നടുമുറിയിൽ അദ്ദേഹത്തിന്റെ ഫോട്ടോയ്ക്കടുത്ത് എന്റേതും കൊണ്ടുവെച്ചിട്ടുണ്ട് . ഇന്ന് വെച്ചതായിരിക്കും, മുല്ലമാല വാടിയിട്ടില്ല. അദ്ദേഹത്തിന്റെ ഫോട്ടോ എന്നോട് കണ്ണിറുക്കി കാണിച്ചോ?
.....
വയ്യ പാറൂട്ടറി മടുത്തു .എത്ര കാലായി ഒറ്റക് ജീവിക്കുന്നു , ഞാൻ നിർത്തി വരികയാ. മക്കളൊക്കെ ഒരു നിലയിലായില്ലേ, ഇനി മതി. അന്നൊരിക്കൽ അദ്ദേഹം അത് പറഞ്ഞപ്പോ മനസ്സിൽ കുളിർമഴ പെയ്യാതിരുന്നില്ല . ഓരോ തവണ വരുമ്പോഴും പറയും ഇനി പോകുന്നില്ല പാറൂട്ടി എന്നു. എങ്കിലും പ്രവാസം ഒരു ബാധ പോലെ അദ്ദേഹത്തെ ബാധിച്ചിരുന്നു . വീണ്ടും ആ ജീവിതത്തിലേക്ക് തന്നെ മടങ്ങി പോകും. ഇനിയെന്തായാലും വിടില്ല ഞാൻ. ഓരോ തവണയും ഓരോ കാരണങ്ങളുണ്ടാകും, മക്കളുടെ പഠിപ്പ് ,വീടിന്റെ ബാധ്യത, പിന്നെ മക്കളുടെ കല്യാണം, ഇപ്പൊ എല്ലാമൊന്ന് ശരിയായി. ഇനി വിടില്ല തീർച്ച.ഞാൻ തീരുമാനിച്ചിരുന്നു.
രണ്ടു വര്ഷം മുമ്പ് പ്രവാസം മതിയാക്കി അദ്ദേഹം മടങ്ങി വന്നപ്പോ ആർക്കും നിരാശയില്ലായിരുന്നു.എല്ലാര്ക്കും സന്തോഷം മാത്രമായിരുന്നു .സഹായം ചോദിച്ചു വന്നവരെ ആരെയും വെറും കയ്യോടെ മടക്കി അയച്ചിട്ടുണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ അദ്ദേഹം എല്ലാര്ക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരു കാലത്ത് പ്രവാസിയുടെ സമ്പാദ്യം നാടിന്റെയും കുടിയായിരുന്നല്ലോ. ഓരോ വരവിനും വഴിയേ പോകുന്നവർക്ക് പോലും സമ്മാനപ്പൊതി കരുതാറുണ്ടായിരുന്നു അദ്ദേഹം.
ഒരു ചെറിയ പനിയായിരുന്നു തുടക്കം. മരുന്ന് കുടിച്ചപ്പോ മാറിയെന്നു കരുതിയെങ്കിലും അത് ന്യുമോണിയ ആയെന്നറിഞ്ഞത് വൈകിയാണ്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാൻ ഡോക്ടർമാർ പറഞ്ഞപ്പോ അദ്ദേഹം ആകെ തളർന്നിരുന്നു. "എനിക്ക് അസുഖം വന്നു ആദ്യായി കാണുകയല്ലേ ഏട്ടൻ" ഞാൻ അതും പറഞ്ഞ ചിരിച്ചു. എന്റെ ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണമായിരുന്നു. ഞാൻ അന്ന് മരണത്തോട് മല്ലിടിക്കുകയായിരുന്നത്രെ. പ്രിയപ്പെട്ടവരെല്ലാം ആശുപത്രിയിൽ വന്നും പൊയ്ക്കൊണ്ടിരുന്നു. ഒരുപാടു ടെസ്റ്റുകൾ ചെയ്തിട്ടുണ്ടായിരുന്നു. അവിടെ ജീവിതം മാറിമറിയുകയായിരുന്നു. അദ്ദേഹത്തോടും എന്നോടും കുടി ഒരുമിച്ചായിരുന്നു ഡോക്ടർ പറഞ്ഞത് ഞാനൊരു H I V ബാധിതയാണെന്നു. കേട്ടപ്പോ ഒരു മരവിപ്പാണുണ്ടായത്. ഇല്ല നിങ്ങള്ക്ക് തെറ്റിയതാവാം ഞങ്ങൾ രണ്ടുപേരും പറഞ്ഞു. അദ്ദേഹത്തിന്റെയും നാലു മക്കളുടെയും രക്തം പരിശോധിക്കണമെന്നു ഡോക്ടർ പറഞ്ഞപ്പോ എന്റെയും ഒന്ന് കുടി പരിശോദിക്കാൻ പറഞ്ഞു ഞാൻ. റിസൾട്ട് വരും വരെ എനിക്ക് പേടിയുണ്ടായിരുന്നില്ല. അവർക്കു തെറ്റുപറ്റിയതാണെന്നു തന്നെയായിരുന്നു വിശ്വാസം.
എന്റെയും അദ്ദേഹത്തിന്റെയും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. മക്കളുടേത് നെഗറ്റീവും. ഡോക്ടർ വന്നത് പറഞ്ഞുതീരുമ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു.
ബോധം വന്നപ്പോ ഞങ്ങൾ വേറൊരു മുറിയിലായിരുന്നു. ഞാനും അദ്ദേഹവും മാത്രം.
രോഗമെന്തെന്നറിഞ്ഞപ്പോഴേക്കും എല്ലാരും പോയി.മരുന്ന് തരാൻ നഴ്സുമാർ പോലും ഒന്നു മടിച്ചു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. പരസ്പരം നോക്കിയതുപോലുമില്ല.
ആളുകൾ ഞങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും അന്നു തുടങ്ങി.
ഇതെങ്ങനെ വന്നു? വലിയൊരു ചോദ്യത്തിന് ഉത്തരം
നൽകേണ്ടിയിരിക്കുന്നു. തെറ്റുകാരി ഞാനല്ലെന്നു പറഞ്ഞാൽ അദ്ദേഹത്തെ എല്ലാരും വെറുക്കും. അതെങ്ങനെ സംഭവിച്ചതായാലും. ഞാനാണെന്ന് പറഞ്ഞാൽ ...... വേണ്ട ഈ ചോദ്യത്തിന് ഉത്തരമില്ല.
അദ്ദേഹം എന്നെ ചതിക്കില്ലെന്ന വിശ്വാസം എനിക്കും ഞാൻ അദ്ദേഹത്തെ ചതിക്കില്ലെന്ന വിശ്വാസം അദ്ദേഹത്തിനുമുണ്ട് . ഇവിടെ തെറ്റ് സംഭവിച്ചിട്ടുണ്ട് , തെറ്റ് ചെയ്തതാരാണെന്നുള്ളത് ഞങ്ങൾക്കറിയാം. ഇനിയതാരും അറിയേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു.
വീട്ടിലേക്ക് തിരിച്ചു വന്നപ്പോളും ആരുമുണ്ടായിരുന്നില്ല. സാഹചര്യം കാരണം മക്കൾക്കും വിട്ടു നിൽക്കേണ്ടി വന്നു. അടുത്തേക്ക് വരൻ പോലും പലരും മടിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തോന്നിയില്ല. മരണത്തെ കുറിച്ചെന്തോ അന്നു ചിന്തിച്ചില്ല. ഏതു നേരവും നിറയെ ആളുകളുണ്ടായിരുന്ന വീട്ടിൽ ഞങ്ങൾ രണ്ടു പേര് മാത്രമായി.
'അയാള് എത്രനാളായി ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നു. കാശൊക്കെ പർവതിക്കല്ലെ അയച്ചു കൊടുക്കുന്നത്. അവള് അതുംകൊണ്ട് സുഖിച്ചു'.....എന്നും ഗൾഫിൽ 'അവനെങ്ങനെയൊക്കെയാ ജീവിച്ചതെന്നാർക്കറിയാം' ....രണ്ടു രീതിയിലുമുണ്ടായിരുന്നു സംസാരം.
അദ്ദേഹത്തിനും ശരീരശേഷി കുറഞ്ഞു വന്നു . നടക്കാൻ വല്യ ബുദ്ധിമുട്ടായിരുന്നു.എന്നിലും മാറ്റങ്ങൾ വന്നു തുടങ്ങി. മാംസളമായ ശരീരം ശോഷിക്കാൻ തുടങ്ങി. തൊലി ചുളിഞ്ഞു ചൊറിയാൻ തുടങ്ങി. വെളുത്ത നിറമുള്ള ഞാൻ ചുളിഞ്ഞു കരുവാളിച്ചു വന്നു.എങ്കിലും ഞങ്ങൾ പരസ്പരം താങ്ങായി നിന്നു. എയ്‌ഡ്‌സ്‌ എന്ന മാരകരോഗം ഞങ്ങളുടെ യൗവനത്തെ കാർന്നു തിന്നു പടുവൃദ്ധരാക്കി.
ഒരു ദിവസം എന്റെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു അദ്ദേഹം കുറെ കരഞ്ഞു. അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു തനിച്ചു പോയി. നടക്കാൻ വയ്യാതെ പോകേണ്ടെന്നു പറഞ്ഞതാ, കേട്ടില്ല . ഏറെ വൈകിയും തിരിച്ചു വന്നില്ല. തിരിച്ചു വരാനല്ല
പോയതെന്ന് പിറ്റേന്നാണ്‌ മനസിലായത്. ട്രെയിൻ തട്ടി ചിന്നി ചിതറിയ ദേഹം മാത്രമാണ് തിരിച്ചു വന്നത്.
അന്നാണ് ഞാൻ തളർന്നത് . അദ്ദേഹം പോയതോടെയാണ് ഞാൻ ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞത്. ആളുകൾ എന്നെ എത്രത്തോളം ഞാനെന്ന രോഗിയെ എത്രത്തോളം വെറുക്കുന്നുണ്ടെന്നു അപ്പോഴാണ് മനസിലായത്. അദ്ദേഹം കരണമാണല്ലോ ഞാനീ അവസ്ഥയിലായതെന്ന വേദനയാണ് ഏട്ടനെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നു ചിലർ പറയുന്നുണ്ടായിരുന്നു. ഒരു തെറ്റും ചെയ്യാതെയാണല്ലോ താനിതൊക്കെ അനുഭവിക്കുന്നത് എന്ന ചിന്തയാവാമെന്നു മറ്റു ചിലരും പറയുന്നുണ്ടായിരുന്നു
ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി. ശരീരം വെറും എല്ലും തോലുമായി. വായും തൊണ്ടയും പഴുത്തു വെള്ളം പോലും ഇറക്കാൻ വയ്യാതായെനിക്ക്. തീരെ വയ്യാതാകുമ്പോൾ മക്കൾ ആരെങ്കിലും ആശുപത്രിയിലാക്കും. അവിടെയും ഞാൻ അനാഥപ്രേതം കണക്കെ കിടക്കും. തിരിച്ചു വീട്ടിൽ കൊണ്ടുവിടാനുമുള്ള മനസ്സും മക്കൾ കാട്ടി.
നല്ല മനസ്സുള്ളവർ ഉണ്ടായിരുന്നു. കിടക്കയിൽ എഴുന്നേൽക്കാൻ വയ്യാതെ കിടന്നപ്പോ സ്നേഹവും സഹതാപവും കാട്ടിയവരുണ്ട്. അവരാണെനിക്ക് ദൈവം. തൊണ്ട നനയാൻ ഒരു തുള്ളി വെള്ളം ഒഴിച്ച് തരാൻ അവരുണ്ടായിരുന്നു.
നിങ്ങൾക്കറിയാമോ ആത്മാവിനും കരയാൻ കഴിയും.... എന്താണെന്നല്ലേ! ഞാൻ ഇപ്പൊ കരയുകയാണ് . എന്റെ കണ്ണുനീർ ചിലപ്പോ മഴയായ് പെയ്തിറങ്ങിയേക്കാം ഇവിടം. രണ്ടു ദിവസം മുന്നേ വരെ ശരീരം മുഴുവൻ പൊട്ടി പഴുത്ത് മരണത്തോട് മല്ലിടിച്ചു ഞാൻ കിടന്ന മുറിയിലാണ് ഇപ്പൊ എല്ലാവരും ഇരുന്നു എന്നെ ആലോചിച്ച് സഹതപിക്കുന്നതും ആശ്വസിക്കുന്നതും.
എന്റെ മക്കളെ നിങ്ങളോടെനിക്ക് അല്ല ഞങ്ങൾക്ക് ദേഷ്യമില്ല. സ്നേഹമായിരുന്നു എന്നും. ഞങ്ങളിലൊരാൾ തെറ്റ് ചെയ്തുപോയിട്ടുണ്ട്. ഈ അച്ഛനോടും അമ്മയോടും പൊറുത്തൂടെ നിങ്ങൾക്ക് . ഇത് പോലൊരു അച്ഛനുമമ്മയും വേണ്ടായിരുന്നു എന്നു നിങ്ങൾ പറയുന്നുണ്ടാകാം. ഇനിയൊരു ജന്മമുണെങ്കിൽ നിങ്ങൾ തന്നെ എനിക്ക് മക്കളായ പിറന്നിടണേ.
എന്റെ കഥ നിങ്ങൾ കേട്ടില്ലേ . അറിയണോ ഞങ്ങളിലാരാണു തെറ്റ് ചെയ്തതെന്ന്. വേണ്ട അറിയേണ്ട, അത് ഞങ്ങളുടെ മാത്രം രഹസ്യമാണു. അതങ്ങനെത്തന്നെ ഇരിക്കട്ടെ .
എന്നു പാർവതി.......അല്ല പാറൂട്ടിയുടെ ആത്മാവ്
***********
ജസ്‌ന (ജെസിശ്രീജി)

സുഖനിദ്ര


ഒരു പാവം മനുഷ്യൻ . ഉറങ്ങാൻ വളരെ ഇഷ്ടമായിരുന്നു അയാൾക്ക് . ആർക്കും ഒരു ശല്യവുമുണ്ടാകാത്ത ഒരു പാവം, അയാൾ ഉറങ്ങുമ്പോ മാത്രമാണു മറ്റുള്ളവർക്ക് ശല്യം. കാരണം മറ്റൊന്നുമല്ല കൂർക്കം വലി .
ശരീരം വളരുന്നതിനനുസരിച് കൂർക്കം വലിയും വളർന്നു. അയാൾ ഉറങ്ങുമ്പോ വീട് മുഴുവൻ കേൾക്കാം കൂർക്കം വലി ശബ്ദം. ഒരു കല്യാണം കഴിക്കണമെന്ന കലശലായ ആഗ്രഹം കൂർക്കം വലി കാരണം മുടങ്ങിക്കൊണ്ടേയിരുന്നു. ഉറക്കം കുടുതലായതുകൊണ്ടു തന്നെ എവിടെയും സ്ഥിരമായി ജോലിയും ലഭിച്ചില്ല അതോടെ അയാളുടെ ഉറക്കവും നഷ്ടപ്പെട്ടു. പിന്നീട് നാടുറങ്ങുമ്പോ അയാളുറങ്ങാതിരുന്നു.
കുഞ്ഞുനാളിൽ കൂർക്കം വലിക്കുമ്പോ 'അമ്മ പറയുമത്രെ 'അവൻ കുഞ്ഞല്ലേ' എന്ന് . എന്നാൽ ഇന്നമ്മ പറയുന്നു 'വല്ല റെയിൽവേ സ്റ്റേഷനിലും പോയി കിടക്കാമെന്നു തോന്നുന്നു' എന്നു.
കൂർക്കം വലി നിർത്തിയത് നാടറിഞ്ഞു. അയാളുടെ ഉറക്കം നഷ്ടപ്പെട്ടതാരുമറിഞ്ഞതുമില്ല. ഇപ്പൊ ആർക്കും പരാതിയില്ല.
ചന്തമുള്ള പെണ്ണിനെ തന്നെ ഭാര്യയായി കിട്ടി. സന്തോഷകരമായ ജീവിതം. മധുവിധു നാളുകളിൽ അവളുറങ്ങി കഴിഞ്ഞ് അയാൾ അവളെയും നോക്കി ഉറങ്ങാതിരുന്നു.
പാവം ഭാര്യ ഒന്നുമറിയാതെ സുഖമായുറങ്ങി . കുറച്ചു നാളുകൾ കൊണ്ട് തന്നെ ഭാര്യയുടെ മുന്നിൽ കള്ളി വെളിച്ചത്തായി . അയാൾ ഉറങ്ങാതിരിക്കുന്നതു അവൾക്കു വല്യ സങ്കടമുണ്ടാക്കി. അവൾ നിറഞ്ഞ കണ്ണുകളുമായി അയാളെ സമാധാനിപ്പിച്ചു, സമ്മതിപ്പിച്ചു.
ഉറങ്ങാൻ വേണ്ടി.
അങ്ങനെ അയാൾ വീണ്ടും ഉറങ്ങാൻ തുടങ്ങി. ഭർത്താവിന്റെ കൂർക്കം വലി അവൾ താരാട്ടു പാട്ടു പോലെ ആസ്വദിച്ചു. ശബ്ദം ഇത്തിരി കൂടിപ്പോയാൽ മൃദുവായി ഒരു തലോടൽ വച്ച് കൊടുക്കും.
..........................
മധുവിധു രാവുകളും മനസ്സിലെ മോഹങ്ങളും പൂവണിഞ്ഞു . കൂർക്കം വലി ഭാര്യയെയും അലോസരപ്പെടുത്താൻ തുടങ്ങി. തലോടലിന്റെ ആക്കം കൂടി. ഉറങ്ങാൻ കഴിയാത്ത നിരാശ ഉച്ചത്തിൽ വിളിച്ചു പറയാൻ തുടങ്ങി ഭാര്യയും . അയാൾക്ക് ഉറങ്ങാതിരിക്കാനും കഴിഞ്ഞില്ല. കൂടെ കിടന്നവൾ മാറി കിടന്നു. വീണ്ടും അയാൾ ഒറ്റപ്പെട്ടു.
നിങ്ങള്ക്ക് പഴയ പോലെ ഉറങ്ങാതിരുന്നൂടെ, ഭാര്യ അത് ചോദിച്ചപ്പോ അയാൾക്കൊന്നും പറയാനില്ലായിരുന്നു. മറുപടി പറയാതെ തിരിഞ്ഞു നടന്നത് കണ്ണിലൂറിയ നനവ് ആരും കാണാതിരിക്കാൻ വേണ്ടിയായിരുന്നു. അന്നും അയാളുറങ്ങാൻ കിടന്നു . പക്ഷെ അന്നയാൾ കൂർക്കം വലിച്ചതേ ഇല്ല. എന്നാൽ ആ ഉറക്കത്തിൽ നിന്ന് അയാൾ ഉണർന്നതുമില്ല. അത് എന്നെന്നേക്കുമായുള്ള ഉറക്കമായിരുന്നു . കൂർക്കം വലിയില്ലാത്ത സുഖനിദ്ര .
by jasna sreejith

ഞാൻ നിന്നെ പ്രണയിച്ചോട്ടെ


ഞാൻ നിന്നെ പ്രണയിച്ചോട്ടെ
കത്തി നില്ക്കും സൂര്യാ 
നിൻറെ മുന്നിൽ ഞാനൊന്നു തലയുയർത്തട്ടെ?
മുഖം മറയ്ക്കാതെ നിന്നെ നോക്കാനെനിക്കു വയ്യ 
എൻ മിഴികൾ നിൻ മുന്നിൽ വ്രീളാവതിയാണ് 
നിന്നെ നോക്കി നിന്നഴക്‌ ആസ്വദിക്കാനവൾക്ക് വയ്യ
എൻഹിതം സാദിക്കാൻ നിനക്ക് കഴിയുമോ
നട്ടുച്ച വെയിലിനെ നോക്കി ശപിക്കാറുണ്ടെങ്കിലും
നീയില്ലാതെ ഈ ലോകമില്ലെന്നെനിക്കറിയാം
നീ ദൈവമെന്നു ഞാൻ വിശ്വസിക്കുന്നു
കാരണം ലോകം നിൻ മുന്നിൽ മിഴി കൂമ്പി നില്ക്കുന്നു
നീയില്ലാതൊരു ദിനം ഭയാനകമാണ് .
വെളിച്ചം ദുഖമാണുണ്ണി എന്ന് കവിവാക്യം
എന്നാൽ നിൻ വെളിച്ചമാണ് ജീവിത വെളിച്ചം
ഇരുട്ടിൻ ഇടനാഴികൾ തസ്ക്കരനു സുഖപ്രദം..
ഒരു നിമിഷം നിൻ ജ്വാല തൊട്ടറിയാൻ
നിൻ കരം പിടിച്ചു ലോകം ചുറ്റാൻ മോഹിക്കുന്നു ഞാൻ
അതിനു നീയെനിക്കു ശക്തി തരൂ .
മുഖം മറയ്ക്കാതെ ഞാനൊന്നു നോക്കിയാൽ
നീയെന്തേ മേഘങ്ങളെ കൂട്ടുപിടിക്കുന്നു?
ഇന്ന് നീ വിടചൊല്ലി പിരിയുമ്പോഴും
നാളെ നീ വരുമെന്നെനിക്കറിയാം...............
എങ്കിലും നീ തരും ആ ഇരുട്ട്
ആ ഇടവേള !! അതാണെൻ ദുഃഖം
നാം തമ്മിൽ അനതതയുടെ ദൂരമെങ്കിലും
നമ്മളെന്നും കാണുന്നു ,,, അറിയുന്നു
എന്റെ ദേവാ ഞാനൊന്നു ചോദിച്ചോട്ടെ
ഞാനൊന്നു നിന്നെ പ്രണയിച്ചോട്ടെ ?????


By
Jasi Sreeji

കഥയല്ലിതു ജീവിതം


ഇല്ല മോളെ നീയൊന്നു സമാധാനിക്ക് .....വരാൻ കഴിയാഞ്ഞിട്ടല്ലേ .....അറിയാം, എനിക്കറിയാം ഈ സമയത്തു നിന്റെ കൂടെ വേണ്ടതാണെന്നു, പക്ഷെ എന്ത് ചെയ്യാനാ നിനക്കറിയില്ലേ കമ്പനിയിലെ കാര്യം ..ഇനിയൊരു ലീവ് ഒരു വർഷമെങ്കിലും കഴിയാതെ കിട്ടില്ല ...കല്യാണ സമയത്ത് കുറച്ചധികം അവധി എടുത്തില്ലേ അതാ .....കഴിയാഞ്ഞിട്ടല്ലേ മോളൂ .,,എല്ലാം കഴിഞ്ഞ നീയും കുഞ്ഞും വേഗമിങ്ങ് പോര് "
എന്റെ ഭാര്യയോടാ പറയുന്നത്, അവൾ ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നു ഇപ്പൊ നാട്ടിലാണ് , ഗർഭിണിയാണ് ,അടുത്ത ആഴ്ച്ചയാണ് ഡോക്ടർ തീയതി പറഞ്ഞിരിക്കുന്നത് ..എനിക്ക് പോകാൻ പറ്റാത്തതിന്റെ പരിഭവത്തിലാണ് പുള്ളിക്കാരി .
ആ എന്റെ പേര് ജിജോ. ഇവിടെ റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആണ് .വിവാഹം കഴിഞ്ഞു ഒരു വര്ഷം അകാൻ പോകുന്നു . ഭാര്യയെയും കൂടെ കൊണ്ട് വന്നിരുന്നു . പിന്നെ ഞങ്ങൾക്ക് എത്രയും വേഗം കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് കല്യാണം കഴിഞ്ഞു രണ്ടാം മാസം തന്നെ ഗുഡ് ന്യൂസ് കിട്ടി . (*ആ ഇനിയിപ്പോ അങ്ങനെ പറയാനല്ലേ പറ്റൂ *)
പാവത്തിന്റെ ക്ഷീണവും ബുദ്ധിമുട്ടൊക്കെ കണ്ടപ്പോ വല്ലാത്ത വിഷമം, ഒറ്റയ്ക്കല്ലേ, എപ്പോഴും ഛർദിലോടു ഛർദിൽ . അഞ്ചാം മാസം തന്നെ നാട്ടിലേക് തിരിച്ചയച്ചു.എന്നെ വിട്ട് പോവുന്നില്ലായിരുന്നു. എന്റെ ഷിഫ്റ്റും കാര്യങ്ങളും അവളുടെ അവസ്‌ഥയുമൊക്കെ പറഞ്ഞു നിർബന്ധിച്ചു അയച്ചതാ. അവിടാകുമ്പോ എല്ലാരുമുണ്ടല്ലോ.
പ്രസവസമയമാകുമ്പോഴേക്കും ഞാനുമെത്താമെന്നു വാക്കും കൊടുത്തു .
അവള് പോയെ പിന്നെ ഫ്ലാറ്റ് ഒഴിവാക്കി താമസം പിന്നേം സുഹൃത്തുക്കളുടെ കൂടെയായി . മരുന്ന് കഴിക്കുന്ന പോലെ ഒന്ന് വീതം മൂന്നു നേരം അവളെ വിളിക്കും.
എപ്പോ വിളിച്ചാലും ഞാനെന്തേലും പറയും മുന്നേ അവള് പറയും 'ഏട്ടാ ഭക്ഷണമൊക്കെ സമയത്തിന് കഴിക്കണമേ , വെള്ളടിയൊന്നും വേണ്ടേ എന്നൊക്കെ ' അവളുടെ ഉപദേശമൊക്കെ കഴിഞ്ഞേ അവളുടെ കാര്യോം കുഞ്ഞിന്റെ കുസൃതിയുമൊക്കെ പറയത്തുള്ളൂ .
ഉറങ്ങാൻ കിടക്കുമ്പോഴാണു ഞങ്ങൾ സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നത്,,, കുഞ്ഞു ആണാണോ പെണ്ണാണോ, ആരെ പോലിരിക്കും ,കുഞ്ഞു വന്നാ എന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമോ.... അങ്ങനെയങ്ങനെ . റൂമിലുള്ളവർ പറയും ആ പാവത്തിനെ ഇത്തിരി ഉറങ്ങാൻ വിട് മോനെ ഒന്നുമില്ലേലും ഗർഭിണിയല്ലേ എന്നു.
.............................
...............................
ഇന്ന് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുകയാ .ചെക്കപ്പിന് പോയതായിരുന്നു, കുഞ്ഞിന്റെ പൊസിഷൻ ശരിയല്ലെന്ന് പറഞ്ഞു ഡോക്ടർ അവിടെ നിൽക്കാൻ പറഞ്ഞു . 'അമ്മ വിളിച്ചു പറഞ്ഞു സിസേറിയൻ വേണ്ടി വരുമെന്നു , വൈകിട്ട് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ആകെ വല്ലാത്ത അവസ്ഥ എന്താ ചെയ്യേണ്ടത് എന്ന് മനസിലാകുന്നില്ല ...ആകെ എന്തോ പോലെ , ഓടി അവിടെ എത്തണമെന്ന് തോന്നി. നെഞ്ചിനകത്തൊരു ഭാരം .അവളെ വിളിച്ചു സംസാരിക്കണമെന്നുണ്ട് ,പക്ഷെ പറ്റുന്നില്ല .
അവളെ തിയറ്ററിലേക് കൊണ്ടുപോയീന്നറിഞ്ഞ മുതൽ തലയ്ക്കകത്തൊരു പെരുപ്പായിരുന്നു , ഓരോ നിമിഷവും എണ്ണിയെണ്ണി തീർത്തു !!!!
കാത്തിരിപ്പിനു ശേഷം ആ സന്തോഷവാർത്തയും എത്തി, മോളാണ് , അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . സന്തോഷം കൊണ്ടു ഞാൻ തുള്ളി തുള്ളി തുള്ളി ചാടി , കാര്യം ചോദിച്ചവരെയൊക്കെ കെട്ടിപിടിച്ചു ഞാൻ വിവരം പറഞ്ഞു.
മോളുടെ കരച്ചിൽ 'അമ്മ കേൾപ്പിച്ചു തന്നു. അവളെ നാളെയെ റൂമിലേക്ക് മാറ്റൂ .
ഇനിയൊന്നുറങ്ങട്ടെ . നാളെ വിളിക്കാം അവളെ. ..............
പുലർച്ചെ എപ്പോഴോ അലാറം ശബ്ദം കേട്ട് ഞെട്ടിയപ്പോ ഞാൻ
ഹോസ്പിറ്റലിലാണു, നാട്ടിൽ.
ഇവിടെ എല്ലാരുമുണ്ട് എന്റെ അമ്മ, അവളുടെ അമ്മ ,അച്ഛൻ ,എല്ലാരും .
അവളുടെ അമ്മയുടെ കയ്യിലാണ് എന്റെ മാലാഖക്കുട്ടി . ഞാൻ അവളെ എടുക്കാൻ അടുത്ത് പോയി , മോള് വന്ന സന്തോഷത്തിൽ ആരും എന്നെയൊന്നു നോക്കുന്നു പോലുമില്ല.
അവളെ icu വിൽ നിന്ന് റൂമിലേക്ക് കൊണ്ട് വന്നു.പാവം, രണ്ടു പേർ താങ്ങി പിടിച്ച ബെഡിൽ കിടത്തി , ഞാൻ പിടിക്കാൻ പോയെങ്കിലും എന്തോ അവളെ തൊടാൻ കഴിയാത്ത പോലെ .എന്താണ് സംഭവം , ആരും തന്നോട് മിണ്ടുന്നില്ല,അവളും നോക്കുന്നില്ല, ഇനി ആരും എന്നെ കണ്ടില്ലേ.!!
ഇതേ സമയം അങ്ങു മണലാരണ്യത്തിൽ സുഹൃത്തുക്കൾ വിളിച്ചിട്ടും എഴുന്നേൽക്കാത്ത എന്റെ ശരീരത്തെ അവർ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഡോക്ടർ പറയുന്നു 'ഉറക്കത്തിലുണ്ടായതാണ്, കാർഡിയാക് അറസ്റ്റ് ', ബന്ധുക്കളെ വിവരം അറിയിച്ചോളൂ എന്നു . ഇപ്പൊ എന്റെ ശരീരം മോർച്ചറിയിലാണു, നാട്ടിലേക്കു കൊണ്ട് പോകാനുള്ള പേപ്പറുകൾ ശരിയാവാൻ കാത്തു കിടക്കുന്നു .
ഞാൻ മരിച്ചു എന്നാണോ ...ഹേയ് അല്ല ഞാനിവിടുണ്ട് എന്റെ ഭാര്യെടേം ഞങ്ങളുടെ മാലാഖയുടേയുമൊപ്പം.....
[ജസ്‌ന ശ്രീജിത്ത് ]

സ്മൃതി തൻ ചിറകിൽ.


മഴ തളർത്തിയ ഇലകളിൽ 
കൂടുകൂട്ടിയ ജലകണങ്ങളെ പോൽ 
നൊമ്പരമൊക്കെയും പെയ്തു തീർന്നിട്ടും
ചിലതൊക്കെ ബാക്കി നില്ക്കുന്നു 
ഓർമ്മയിൽ വീണ്ടും കുത്തി നോവിക്കുന്നു
എന്നിലിനിയും അലിഞ്ഞു തീരാത്ത
സ്നേഹമായ് നീയുതിർത്ത
തീർഥവും കാലം ഏറ്റു വാങ്ങവേ-
വീണ്ടും മനസ്സിന്റെ കോണിൽ
കണ്ണാരംപൊത്തിക്കളിച്ച്ചു.
നൂൽമഴ പോലെ നമുക്കിടയിലെ
മൌനവും പെയ്തൊഴിയവേ,
ഇനിയുമെന്നാത്മാവിന്നാഴങ്ങളിൽ
സാന്ദ്രമാം പ്രണയത്തിന്നാർദ്രമാം
ഭാവമായ്
നീയിനിയും പെയ്തു തീരാതെ
മാഞ്ഞു പോവാതെ
ജീവച്ചിത്രമായ് കരയിക്കുന്നതെന്തോ?


by: 
Jasi Sreeji 

ഫേസ് ബുക്ക് കഥാകാരി


ദിവസത്തിന്റെ മുക്കാൽ ഭാഗവും മുഖപുസ്തകത്തിൽ ചിലവഴിക്കുന്നതാണു നായിക. ഒരുവിധം എല്ലാ പേജുകളിലും കയറിയിറങ്ങി കഥയും കവിതയുമൊക്കെ വായിച്ച അവർക്കൊരോ ലൈക്കൊക്കെ കൊടുത്ത് അങ്ങനെ തീർക്കും ദിവസങ്ങൾ . ബാല്യകാലാനുഭവങ്ങൾ , ജീവിതാനുഭവങ്ങൾ, ആദ്യപ്രണയം, നഷ്ടപ്രണയം, എല്ലാമുണ്ടാകും വായിക്കാൻ .
ആഹാ ചിലതൊക്കെ തന്റെ ജീവിതം പോലെ തന്നെ .
നായികക്കൊരു ആഗ്രഹം, ന്നാ പിന്നെ ഞാനും തുടങ്ങട്ടെ ഇങ്ങനൊരു പേജ് ...ഇങ്ങനൊക്കെ എഴുതിയാ പോരെ കുറെ ലൈക്കും കിട്ടും ..നമ്മക്കും പതുക്കെ അങ്ങ് പ്രശസ്തയാവാം .
ചേട്ടാ എനിക്കൊരു ഡയറി വേണം . എനിക്ക് ഓരോന്നൊക്കെ എഴുതാനുണ്ട് .
പുള്ളിക്കാരി എഴുതിത്തുടങ്ങി മുഖപുസ്തകത്തിലോട്ട് പോസ്റ്റുകയും ചെയ്തു.
തന്റെ സ്കൂളുകളെ കുറിച്ച് , അദ്ധ്യാപകരെ കുറിച്ച്, വീടിനെ കുറിച്ച് , വീട്ടിലെ പട്ടി, പൂച്ച , കോഴി , ഒന്നിനേം വിട്ടില്ല . എല്ലാം എഴുതി.ഹോ ഞാനൊരു ഭയങ്കര സംഭവായികൊണ്ടിരിക്കയാണല്ലോ .
തന്റെ നിരാശ നിറഞ്ഞ ജീവിതത്തെ കുറിച്ചെഴുതിയപ്പോ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കുന്നുകൂടി
സാന്ദ്വനവുമായി ഒരുപാട് പേരെത്തി . എല്ലാര്ക്കും ഓരോ സങ്കടം സ്മൈലിയും കൊടുത്തു .
നഷ്ടപ്രണയത്തെ കുറിച്ചെഴുതി .കാമുകനെ വാനോളം പുകഴ്ത്തി , സൗന്ദര്യവും സ്വഭാവവും ....പെട്ടെന്നൊരിക്കൽ അപ്രത്യക്ഷമായ കാമുകനെ , പ്രതീക്ഷ കൈവിട്ടപ്പോ വീട്ടുകാര് പറഞ്ഞയാളെ കല്യാണം കഴിച്ചത് എല്ലാമെഴുതി . പോസ്റ്റ് ചെയ്യേണ്ട താമസം അഭിപ്രായങ്ങൾ കുന്നുകൂടി . പ്രണയത്തിന്റെ നിർവ്വചനങ്ങൾ .
വായിച്ച പഴയ കാമുകൻ പോലും ഞെട്ടി ...'ഞാനിതൊക്കെയായിരുന്നോ'
ഒരു കമെന്റും കൊടുത്തു "എന്നിട്ടാണോടീ എന്നെ തേച്ചിട്ട് പോയത് , അയൽപക്കത്തുള്ള ഞാൻ എങ്ങോട്ട് അപ്രത്യക്ഷമായെന്നാ "
രാത്രി ജോലി കഴിഞ്ഞു വന്ന ചേട്ടൻ പറഞ്ഞു, നാളെ വീട്ടീ പൊയ്ക്കോ നിരാശ മാറട്ടെ എന്നു. "ഇതൊക്കെ എന്നോട് നേരിട്ട് പറഞ്ഞ പോരായിരുന്നോ എന്തിനാ നാട്ടുകാരെ അറിയിക്കുന്നെ " എന്നും
എല്ലാം ഒരു സങ്കല്പമായിരുന്നു എന്നു എങ്ങനെ പറയും.

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo