Slider

കഥയല്ലിതു ജീവിതം

0

ഇല്ല മോളെ നീയൊന്നു സമാധാനിക്ക് .....വരാൻ കഴിയാഞ്ഞിട്ടല്ലേ .....അറിയാം, എനിക്കറിയാം ഈ സമയത്തു നിന്റെ കൂടെ വേണ്ടതാണെന്നു, പക്ഷെ എന്ത് ചെയ്യാനാ നിനക്കറിയില്ലേ കമ്പനിയിലെ കാര്യം ..ഇനിയൊരു ലീവ് ഒരു വർഷമെങ്കിലും കഴിയാതെ കിട്ടില്ല ...കല്യാണ സമയത്ത് കുറച്ചധികം അവധി എടുത്തില്ലേ അതാ .....കഴിയാഞ്ഞിട്ടല്ലേ മോളൂ .,,എല്ലാം കഴിഞ്ഞ നീയും കുഞ്ഞും വേഗമിങ്ങ് പോര് "
എന്റെ ഭാര്യയോടാ പറയുന്നത്, അവൾ ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നു ഇപ്പൊ നാട്ടിലാണ് , ഗർഭിണിയാണ് ,അടുത്ത ആഴ്ച്ചയാണ് ഡോക്ടർ തീയതി പറഞ്ഞിരിക്കുന്നത് ..എനിക്ക് പോകാൻ പറ്റാത്തതിന്റെ പരിഭവത്തിലാണ് പുള്ളിക്കാരി .
ആ എന്റെ പേര് ജിജോ. ഇവിടെ റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആണ് .വിവാഹം കഴിഞ്ഞു ഒരു വര്ഷം അകാൻ പോകുന്നു . ഭാര്യയെയും കൂടെ കൊണ്ട് വന്നിരുന്നു . പിന്നെ ഞങ്ങൾക്ക് എത്രയും വേഗം കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് കല്യാണം കഴിഞ്ഞു രണ്ടാം മാസം തന്നെ ഗുഡ് ന്യൂസ് കിട്ടി . (*ആ ഇനിയിപ്പോ അങ്ങനെ പറയാനല്ലേ പറ്റൂ *)
പാവത്തിന്റെ ക്ഷീണവും ബുദ്ധിമുട്ടൊക്കെ കണ്ടപ്പോ വല്ലാത്ത വിഷമം, ഒറ്റയ്ക്കല്ലേ, എപ്പോഴും ഛർദിലോടു ഛർദിൽ . അഞ്ചാം മാസം തന്നെ നാട്ടിലേക് തിരിച്ചയച്ചു.എന്നെ വിട്ട് പോവുന്നില്ലായിരുന്നു. എന്റെ ഷിഫ്റ്റും കാര്യങ്ങളും അവളുടെ അവസ്‌ഥയുമൊക്കെ പറഞ്ഞു നിർബന്ധിച്ചു അയച്ചതാ. അവിടാകുമ്പോ എല്ലാരുമുണ്ടല്ലോ.
പ്രസവസമയമാകുമ്പോഴേക്കും ഞാനുമെത്താമെന്നു വാക്കും കൊടുത്തു .
അവള് പോയെ പിന്നെ ഫ്ലാറ്റ് ഒഴിവാക്കി താമസം പിന്നേം സുഹൃത്തുക്കളുടെ കൂടെയായി . മരുന്ന് കഴിക്കുന്ന പോലെ ഒന്ന് വീതം മൂന്നു നേരം അവളെ വിളിക്കും.
എപ്പോ വിളിച്ചാലും ഞാനെന്തേലും പറയും മുന്നേ അവള് പറയും 'ഏട്ടാ ഭക്ഷണമൊക്കെ സമയത്തിന് കഴിക്കണമേ , വെള്ളടിയൊന്നും വേണ്ടേ എന്നൊക്കെ ' അവളുടെ ഉപദേശമൊക്കെ കഴിഞ്ഞേ അവളുടെ കാര്യോം കുഞ്ഞിന്റെ കുസൃതിയുമൊക്കെ പറയത്തുള്ളൂ .
ഉറങ്ങാൻ കിടക്കുമ്പോഴാണു ഞങ്ങൾ സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നത്,,, കുഞ്ഞു ആണാണോ പെണ്ണാണോ, ആരെ പോലിരിക്കും ,കുഞ്ഞു വന്നാ എന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമോ.... അങ്ങനെയങ്ങനെ . റൂമിലുള്ളവർ പറയും ആ പാവത്തിനെ ഇത്തിരി ഉറങ്ങാൻ വിട് മോനെ ഒന്നുമില്ലേലും ഗർഭിണിയല്ലേ എന്നു.
.............................
...............................
ഇന്ന് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുകയാ .ചെക്കപ്പിന് പോയതായിരുന്നു, കുഞ്ഞിന്റെ പൊസിഷൻ ശരിയല്ലെന്ന് പറഞ്ഞു ഡോക്ടർ അവിടെ നിൽക്കാൻ പറഞ്ഞു . 'അമ്മ വിളിച്ചു പറഞ്ഞു സിസേറിയൻ വേണ്ടി വരുമെന്നു , വൈകിട്ട് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ആകെ വല്ലാത്ത അവസ്ഥ എന്താ ചെയ്യേണ്ടത് എന്ന് മനസിലാകുന്നില്ല ...ആകെ എന്തോ പോലെ , ഓടി അവിടെ എത്തണമെന്ന് തോന്നി. നെഞ്ചിനകത്തൊരു ഭാരം .അവളെ വിളിച്ചു സംസാരിക്കണമെന്നുണ്ട് ,പക്ഷെ പറ്റുന്നില്ല .
അവളെ തിയറ്ററിലേക് കൊണ്ടുപോയീന്നറിഞ്ഞ മുതൽ തലയ്ക്കകത്തൊരു പെരുപ്പായിരുന്നു , ഓരോ നിമിഷവും എണ്ണിയെണ്ണി തീർത്തു !!!!
കാത്തിരിപ്പിനു ശേഷം ആ സന്തോഷവാർത്തയും എത്തി, മോളാണ് , അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . സന്തോഷം കൊണ്ടു ഞാൻ തുള്ളി തുള്ളി തുള്ളി ചാടി , കാര്യം ചോദിച്ചവരെയൊക്കെ കെട്ടിപിടിച്ചു ഞാൻ വിവരം പറഞ്ഞു.
മോളുടെ കരച്ചിൽ 'അമ്മ കേൾപ്പിച്ചു തന്നു. അവളെ നാളെയെ റൂമിലേക്ക് മാറ്റൂ .
ഇനിയൊന്നുറങ്ങട്ടെ . നാളെ വിളിക്കാം അവളെ. ..............
പുലർച്ചെ എപ്പോഴോ അലാറം ശബ്ദം കേട്ട് ഞെട്ടിയപ്പോ ഞാൻ
ഹോസ്പിറ്റലിലാണു, നാട്ടിൽ.
ഇവിടെ എല്ലാരുമുണ്ട് എന്റെ അമ്മ, അവളുടെ അമ്മ ,അച്ഛൻ ,എല്ലാരും .
അവളുടെ അമ്മയുടെ കയ്യിലാണ് എന്റെ മാലാഖക്കുട്ടി . ഞാൻ അവളെ എടുക്കാൻ അടുത്ത് പോയി , മോള് വന്ന സന്തോഷത്തിൽ ആരും എന്നെയൊന്നു നോക്കുന്നു പോലുമില്ല.
അവളെ icu വിൽ നിന്ന് റൂമിലേക്ക് കൊണ്ട് വന്നു.പാവം, രണ്ടു പേർ താങ്ങി പിടിച്ച ബെഡിൽ കിടത്തി , ഞാൻ പിടിക്കാൻ പോയെങ്കിലും എന്തോ അവളെ തൊടാൻ കഴിയാത്ത പോലെ .എന്താണ് സംഭവം , ആരും തന്നോട് മിണ്ടുന്നില്ല,അവളും നോക്കുന്നില്ല, ഇനി ആരും എന്നെ കണ്ടില്ലേ.!!
ഇതേ സമയം അങ്ങു മണലാരണ്യത്തിൽ സുഹൃത്തുക്കൾ വിളിച്ചിട്ടും എഴുന്നേൽക്കാത്ത എന്റെ ശരീരത്തെ അവർ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഡോക്ടർ പറയുന്നു 'ഉറക്കത്തിലുണ്ടായതാണ്, കാർഡിയാക് അറസ്റ്റ് ', ബന്ധുക്കളെ വിവരം അറിയിച്ചോളൂ എന്നു . ഇപ്പൊ എന്റെ ശരീരം മോർച്ചറിയിലാണു, നാട്ടിലേക്കു കൊണ്ട് പോകാനുള്ള പേപ്പറുകൾ ശരിയാവാൻ കാത്തു കിടക്കുന്നു .
ഞാൻ മരിച്ചു എന്നാണോ ...ഹേയ് അല്ല ഞാനിവിടുണ്ട് എന്റെ ഭാര്യെടേം ഞങ്ങളുടെ മാലാഖയുടേയുമൊപ്പം.....
[ജസ്‌ന ശ്രീജിത്ത് ]
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo