ഭർത്താവിന്റെ റൂമിൽ നിന്നും എന്തോ വീണുടയുന്ന ശബ്ദം കേട്ടാണ് വിജയമ്മ അടുക്കളയിൽ നിന്നും അങ്ങോട്ടേക്കോടിയത്. വാതിൽക്കലെത്തിയ വിജയമ്മക്ക് മുറിക്കകത്തേക്ക് കയറാനായില്ല. അവിടെയാകെ ചില്ലു കഷ്ണങ്ങൾ ചിതറിക്കിടക്കുന്നു.
രാവിലെ കട്ടൻ ചായകൊണ്ടു കൊടുത്ത ഗ്ലാസ് നിലത്ത് എറിഞ്ഞുടച്ചിരിക്കുകയാണ്, വിത്ത് ചായ. അതിനിടക്ക് പുലിമുരുകനിൽ മോഹൻലാൽ ഇരിക്കുന്ന പോലെ നിലത്ത് ഒരു കൈയും കുത്തി ഇരിക്കുകയാണ് ഭർത്താവ് കുട്ടപ്പൻ.
"എന്റെ മനുഷ്യാ രണ്ടു മൂന്ന് ദിവസമായല്ലോ ഇങ്ങനെ ഓരോ പേക്കൂത്തുകൾ കാട്ടിക്കൂട്ടാൻ തുടങ്ങിയിട്ട്. നിങ്ങക്ക് കഴിയില്ലാ അല്ലെങ്കിൽ ഒഴിവില്ലായെന്ന് പറഞ്ഞാൽ ഈ പ്രശ്നം തീരില്ലേ?"
പുലിമുരുകൻ എഴുന്നേറ്റ് വിജയമ്മക്ക് നേരെ ചീറി.
" ഒന്നും തിരിയാത്ത നിനക്കത് പറയാം. പുതുതായി വന്ന പിള്ളേർ വരെ ഇപ്പൊ കയറി നിരങ്ങാൻ തുടങ്ങി. അപ്പൊ മുപ്പത്തഞ്ച് കൊല്ലത്തോളമായി ഒരു കഥാകൃത്തായി അറിയപ്പെടുന്ന ഞാൻ കഥയെഴുതിക്കൊടുത്തില്ലെങ്കിൽ പിന്നെ എന്റെ കഥയെന്താകും നീ ചിന്തിച്ചിട്ടുണ്ടൊ?"
"എന്നാ പിന്നെ നിങ്ങളെഴുതിക്കൊടുക്കീൻ.. "
"എടീ കുരുത്തം കെട്ടവളേ.... എന്ത് തേങ്ങയെടുത്ത് എഴുതിക്കൊടുക്കാനാ നീയിപ്പറയുന്നത്.... മാഗസിനിൽ നിന്നും പുതുവൽസര പ്പതിപ്പിലേക്ക് കഥയാവശ്യപ്പെട്ടു കൊണ്ടുള്ള വിളി വന്ന അന്നു മുതൽ ഊണും ഉറക്കവുമില്ലാതെ ഞാൻ കിടന്ന് ആലോചിക്കാൻ തുടങ്ങിയതാ. ഒരു വരി പോലും എഴുതാൻ കഴിയുന്നില്ല."
"നിങ്ങളുടെ മറ്റു കാര്യങ്ങളെയൊക്കെപ്പോലെ കഥയെഴുതാനുള്ള ശേഷിയും നഷ്ടപ്പെട്ടിട്ടുണ്ടാവും."
എന്തൊ അത് പറഞ്ഞപ്പോൾ പുലിമുരുകൻ എലി മുരുകനായിപ്പോയി.വിജയമ്മയോട് മറുത്തൊന്നും അയാൾ പറഞ്ഞുമില്ല. അല്ലെങ്കിലും എന്ത് പറയാൻ. അൽപസമയത്തിനകംമുറി വൃത്തിയാക്കാൻ വിജയമ്മ ചൂലുമായെത്തി.
കിട്ടിയ ഗ്യാപ്പിൽ മണിച്ചിത്രത്താഴിൽ പപ്പു വെള്ളം കണ്ട് ചാടുന്ന പോലെ കുട്ടപ്പൻ പൊട്ടിക്കിടക്കുന്ന ഗ്ലാസ് കഷ്ണങ്ങൾക്കിടയിലൂടെ ചാടിച്ചാടി മുറിക്ക് പുറത്ത് കടന്നു.
നേരെ വരാന്തയിലെ ചാരുകസേരയിലിരുന്ന് ചിന്താമഗ് മഗ്മഗ്നനായി. എന്നു പറഞ്ഞാൽ ഓരോന്ന് ചിന്തിച്ചു കൂട്ടാൻ തുടങ്ങിയെന്നർത്ഥം.
കഴിഞ്ഞ ഓണപ്പതിപ്പിലേക്ക് കഥയാവശ്യപ്പെട്ടപ്പോഴും തനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പൊ ഇതാ പുതുവൽസരപ്പതിപ്പിലേക്ക് കഥയാവശ്യപ്പെട്ട് വിളിയെത്തിയിരിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരു കഥാകാരനായ താൻ ഒരു വരി പോലും എഴുതാൻ കഴിയാതെയിങ്ങനെ. ആലോചിക്കാൻ കൂടിവയ്യ. ഫെയ്സ് ബുക്കിൽ കുത്തിക്കുറിച്ചിരുന്ന പീറ ചെക്കൻമാർ വരെ സ്വന്തമായി പുസ്തകമിറക്കലും മാഗസിനിലെഴുതലും തുടങ്ങി. എന്നിട്ടും താനിങ്ങനെ.... ഇനി വിജയമ്മ പറഞ്ഞ പോലെ തന്റെ ഈ ശേഷിയും കടലെടുത്തു പോയോ?
ഓരോന്നാലോചിച്ച് കാടുകയറവെ ദാ വാ തിൽക്കൽ നിന്നും ഒരു മുരടനക്കം. തിരിഞ്ഞു നോക്കിയപ്പോൾ എന്തൊ കാര്യമായി പറയാനൊരുങ്ങി നിൽക്കുന്ന വിജയമ്മയെ കണ്ടു.
"ഹും.. എന്തേ..?"
സംസാരശേഷിയും കൂടെ ഇല്ലാതായിപ്പോകണ്ടാ എന്നു കരുതി അൽപം കനത്തിൽ തന്നെയാണ് കുട്ടപ്പൻ ചോദിച്ചത്..
"നിങ്ങൾ ദേഷ്യത്തിലല്ലെങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട്.. ". വളരെ മയത്തിലായിരുന്നു വിജയമ്മയുടെ സംസാരം.
"എന്താന്നു വെച്ചാ പറഞ്ഞ് തുലക്ക്.. "
" കേൾക്കുമ്പോൾ നിങ്ങൾ എടുത്ത് ചാടരുത്..."
"ഞാൻ ചാടുന്നില്ല. ഇവിടെത്തന്നെയിരിക്കാം.നീ കാര്യം പറ *# *# *#.... "
"അതാ ഞാൻ പറഞ്ഞത് ചൂടാവരുതെന്ന്. ഒരു മയത്തിൽ വേണം കൈകാര്യം ചെയ്യാൻ.രണ്ടു മൂന്ന് ദിവസമായി ഞാനും നിങ്ങളെപ്പോലെ ശരിക്കൊന്നുറങ്ങിയിട്ട്.. "
"നീ കാര്യം പറയുന്നുണ്ടോ വിജയമ്മേ.. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാതെ.. "
പേടിച്ചു പേടിച്ചാണെങ്കിലും അവർ ആ സത്യം ഭർത്താവിനോട് പറഞ്ഞു..
"നമ്മുടെ മകൾക്ക് കുളി തെറ്റിയിരിക്കുന്നു." ഭർത്താവിന്റെ മുഖം വല്ലാതാവുന്നത് വിജയമ്മ കാണുന്നുണ്ടായിരുന്നു. എങ്കിലും അവർക്ക് തുടർന്ന് പറയാതിരിക്കാനായില്ല.
"അവളുടെ കൂടെ പഠിക്കുന്ന ഒരു മുസ്ലിം ചെക്കനാണത്രെ ആള്.അവള് അവനെ മാത്രമെ കല്യാണം കഴിക്കുകയുള്ളുവെന്ന വാശിയിലാ... അതു മാത്രമല്ല കല്യാണത്തിന് മുമ്പായി അവള് മതം മാറുകയും ചെയ്യുമത്രേ.... "
ഇത്രയും പറഞ്ഞപ്പോഴേക്കും കുട്ടപ്പൻ ഒരലർച്ചയോടെ വിജയമ്മയെ തള്ളിമാറ്റി അകത്തേക്കോടി.
"ഹേ മനുഷ്യാ നിങ്ങൾ കടുംകൈയൊന്നും ചെയ്യല്ലേ.... നമ്മുടെ മോളല്ലേ... പാവത്തിന് പറ്റിപ്പോയതാവും..."
നേരെ മുറിയിൽ കയറി വാതിലടക്കുന്ന ഭർത്താവിനെ കണ്ടതോടെ വിജയമ്മ അലമുറയിട്ട് കരയാൻ തുടങ്ങി.
"ചേട്ടാ വാതിൽ തുറക്ക്.. നമുക്കെല്ലാത്തിനുമൊരു പരിഹാരം കാണാം.. എന്റെ ദൈവമേ.. ചേട്ടാവാതിൽ തുറക്ക്. നിങ്ങളുടെ വിജയമ്മയാ വിളിക്കുന്നത്...."
വാതിൽ കുറ്റിയിട്ടുവെന്ന് ഉറപ്പാക്കിയ അയാൾ വിജയമ്മയുടെ വിളിക്കുത്തരം നൽകാതെ മുറിയിലെ ഫാനിന്റെ നേരെ താഴെ ഒരു കസേര വലിച്ചിട്ടു. പിന്നെ ഫാനിന്റെയും ലൈറ്റിന്റെയും സ്വിച്ചിട്ടു. പേപ്പറും പേനയുമെടുത്ത് അയാൾ പുതുവത്സരപ്പതിപ്പിലേക്കുള്ള കഥയെഴുതാൻ തുടങ്ങി.. കഥയുടെ പേര് ലൗ ജിഹാദ്.
_________________________
എം.പി സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക