എല്ലാവരും ഉണ്ടായിട്ടും തനിച്ചാണെന്നു തോന്നിയിരുന്ന നാളുകളിലാണ് അപ്രതീക്ഷിതമായി അവളെ കണ്ടത്.... കൈ നീട്ടാൻ തോന്നിയിടത്തു നിന്നൊക്കെ കൊത്താണ് കിട്ടിയിട്ടുള്ളത് എന്നത് കൊണ്ട് തന്നെ കൈ നീട്ടിയില്ല എന്നതാണ് സത്യം... മാത്രമല്ല അസാധാരണമായി ഒന്നും തോന്നിയില്ല എന്നതും ഒരു കാരണം തന്നെ... അല്ലെങ്കിൽ മടുത്ത മനസ്സ് കണ്ണിൽ പ്രത്യേകത ഒന്നും തെളിയിക്കാഞ്ഞതോ ആവാം... എന്തായാലും ഒപ്പം നടന്നു ഏതോ ഒരാളെന്ന രീതിയിൽ.... പിന്നെ മിണ്ടാട്ടം തുടങ്ങി.... ചില ചില കാര്യങ്ങളിൽ ശ്രദ്ധയാകർഷിച്ചു തുടങ്ങി... ഇടയിലെവിടെയോ വെച്ച് കൈകൾ തമ്മിൽ കോർത്തപ്പെട്ട നിലയിലായി.. ആര് ആദ്യം കോർത്തു എന്നറിയില്ല.... അങ്ങിനെ ഒരു സംഭവം ഉണ്ടായി എന്ന് പരസ്പരം ഭാവിച്ചില്ല എന്നതാണ് സത്യം.... പക്ഷേ അവളുടെ കണ്ണൊന്ന് നിറഞ്ഞാൽ അത് തുടക്കാൻ സ്വയമറിയാതെ എന്റെ കൈ പൊങ്ങാൻ തുടങ്ങിയപ്പോൾ ആണ് അവളെനിക്ക് എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന് മനസ്സിലായത്.... ആ സമയം ആ വേദന മുഴുവൻ എന്റെ നെഞ്ച് ഏറ്റു വാങ്ങാൻ തുടങ്ങിയപ്പോൾ ആണ് അവൾക്കും ഞാൻ പ്രിയപ്പെട്ടവൻ ആണെന്ന് മനസ്സിലായത്... എന്റെ കൈകളിൽ പിടിച്ചിരുന്ന അവളുടെ കരങ്ങളും എന്റെ കരങ്ങളും പലപ്പോഴും പരസ്പരം മുറുകുന്നത് അറിയാതെ അറിഞ്ഞിട്ടുണ്ടായിരുന്നു... നിശ്വാസങ്ങൾ വരെ ഒരേ സമയം ഒരേപോലെ പുറത്തേക്കും അകത്തേക്കും വരുന്നതും അറിയാതെ അറിഞ്ഞിരുന്നു.... അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഒരു പ്രണയം... ഒരുപക്ഷേ ലോകത്തെ മറ്റെല്ലാ പ്രണങ്ങളെക്കാളും കൂടുതൽ സുഖം ഈ പ്രണയത്തിനായിരിക്കും... നീണ്ട പാതയിൽ ഈ കരങ്ങൾ ഇതുപോലെ കൂടെയുണ്ടെങ്കിൽ ഇതല്ല ഇതുപോലെ ഒരായിരം പാതകൾ താണ്ടുവനുള്ള കരുത്ത് എന്റെ പാദങ്ങൾക്ക് ഉണ്ടാകുമെന്ന് തോന്നുന്നു... മുന്നോട്ട് വെക്കുന്ന ഓരോ ചുവടും ഇളകാത്തത് ആയി തുടങ്ങിയിരിക്കുന്നു... കുനിഞ്ഞ ശിരസ്സ് നിവർന്നിരിക്കുന്നു... നെഞ്ചിന്റെ വിരിവിൽ ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്നു എഴുതി വെക്കാൻ ഇടം ബാക്കിയുള്ള പോലെ... കണ്ണിൽ നക്ഷത്രങ്ങൾ പുതിയ തിളക്കം നൽകിയിരിക്കുന്നു... ചുണ്ടിൽ പുഞ്ചിരി ഓളം തല്ലുന്നതിനാൽ മുഖത്തെ ഗൗരവം എങ്ങോ പോയ് മറഞ്ഞിരിക്കുന്നു..... കരങ്ങളിൽ ആ കരങ്ങൾ പകർന്നു തന്ന കരുത്ത്..
നാം അറിയാതെ നമ്മെ മനസ്സിലാക്കുന്ന ഒരാൾ... ആ ആൾക്ക് നമ്മെ ഇഷ്ടമാണെന്ന് നമുക്കറിയാം.. ആ ആളെ നമുക്കും ഇഷ്ടമാണെന്ന് അറിയാം... പക്ഷെ തുറന്ന് രണ്ടാളും പറയുന്നില്ല.... നമ്മളെ കാണാൻ വേണ്ടി നമ്മളോട് മിണ്ടാൻ വേണ്ടി ഓരോ സാഹചര്യങ്ങൾ ഉണ്ടാക്കി അടുത്ത് വരിക മിണ്ടുക.... നമ്മളും അതുപോലെ.... എന്ത് സന്തോഷം ഉണ്ടായാലും... സങ്കടം ഉണ്ടായാലും ആ ആളോട് പറയാൻ തോന്നുക.... പോട്ടെ സാരമില്ല എന്ന് ആ ആൾ പറയുമ്പോൾ മനസ്സിൽ തോന്നുന്ന ഒരു ആശ്വാസം..... ഇതൊക്കെ അനുഭവികാത്തവർ ചുരുക്കം ആകും... ഉള്ളിന്റെ ഉള്ളിൽ ഒരാളോടെങ്കിലും ഇങ്ങിനെ ഇഷ്ടം തോന്നാത്തവർ ആരുമുണ്ടാകില്ല.... അതിൽ ഭൂരി ഭാഗം പേരും തുറന്ന് പറയാറില്ല എന്നതാണ് സത്യം.. ഒടുവിൽ മറ്റൊരാളുടെ കൈ പിടിക്കുന്ന അന്ന് പരസ്പരം മിഴികൾ കൂട്ടി മുട്ടുമ്പോൾ...... നഷ്ടബോധമാണോ സങ്കടമാണോ എന്നൊന്നും അറിയാത്ത ഒരു അവസ്ഥ.. അതും ഒരുപാട് പേർ അനുഭവിച്ചിട്ടുണ്ടാകും.... എത്ര മറക്കാൻ ശ്രമിച്ചാലും ഉള്ളിൽ ഇടക്കിടക്ക് തെളിഞ്ഞു വരും... പറയാതിരുന്നതിൽ വിഷമം തോന്നും.... പക്ഷെ അന്നൊക്കെ അറിയാമെങ്കിലും പറയാൻ ധൈര്യം ഉണ്ടാകില്ല രണ്ടു കൂട്ടർക്കും .... ഒരുപക്ഷേ തെറ്റിദ്ധാരണ ആണെങ്കിലോ എന്ന ചിന്ത... അങ്ങിനെ പറഞ്ഞാൽ നഷ്ടപ്പെട്ട് പോയാലോ എന്ന ചിന്ത.. അതുകൊണ്ട് എന്നേക്കുമായി നഷ്ടപ്പെട്ട് പോകുന്നത് വരെ ആ സുഖം അനുഭവിച്ചു മുന്നോട്ടു പോകുന്നു....
നഷ്ടപ്പെടുത്താൻ മനസ്സില്ലാതെ നഷ്ട്പെടുത്തുന്ന പ്രണയം..
ജയ്‌സൺ
ജയ്‌സൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക