Showing posts with label JunoTreza. Show all posts
Showing posts with label JunoTreza. Show all posts

പെണ്ണു കാണൽ

പെണ്ണു കാണൽ
****************
ദേ…അവരിങ്ങെത്തി…അപ്പച്ചൻ അമ്മയോട് പറയുന്നത് അപ്പുറത്തെ മുറിയിൽ കണ്ണാടിക്കു മുൻപിൽ ഒരുങ്ങുകയായിരുന്ന പെണ്ണ് കേട്ടു.
ഇരുപത് വയസു തികയാത്ത പെണ്ണിന്റെ രണ്ടാമത്തെ പെണ്ണുകാണൽ ആണിത്.ആദ്യത്തെ പെണ്ണുകാണലിനെ കുറിച്ച് ഓർത്തപ്പോൾ പെണ്ണിന് തെല്ലു ആശ്വാസം തോന്നാതിരുന്നില്ല.
ചേച്ചിയുടെ ഒരു സുഹൃത്ത് വഴി വന്ന ആലോചന.അവരുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പയ്യൻ.
അന്നും പെണ്ണു വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരുങ്ങി നിന്നു.
ആ ബന്ധത്തിന് പെണ്ണിന് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല.കാരണം
ചെറുക്കന്‌ പെണ്ണിനെക്കാൾ പത്തുവയസു
കൂടുതലുണ്ടായിരുന്നു.അത് പറഞ്ഞ പെണ്ണിനോട്,അപ്പച്ചനും,അമ്മയും അവരുടെ പ്രായവ്യത്യാസവും,ചേച്ചിയും ഭർത്താവും തമ്മിലുള്ള പ്രയാവ്യത്യസവും പറഞ്ഞു വായ അടപ്പിച്ചു.
ചെറുക്കന്റെ മുൻപിൽ എത്തിയ പെണ്ണിന് സത്യത്തിൽ, ചെറുക്കന്റെ കൂടെ വന്ന പയ്യനെയാണ് ഇഷ്ടമായത്.
അവരുടെ വർത്തമാനത്തിൽ നിന്ന ആ പയ്യൻ ചെറുക്കന്റെ മൂത്തസഹോദരിയുടെ മകനാണെന്നും,വിവാഹിതനും ഒരു കുട്ടിയുടെ അച്ചനുമാണെന്നും മനസ്സിലാക്കിയ പെണ്ണ്,തന്റെ ആഗ്രഹം മുളയിലേ നുള്ളി താഴെയിട്ടു.
ചെറുക്കന്റെ വീട്ടിൽ പന്ത്രണ്ട് മക്കളാത്രെ..അതിൽ ഏറ്റവും ഇളയ ആളാണ് ചെറുക്കൻ.
കാണാൻ വല്യകുഴപ്പമില്ല.പക്ഷേ…തീരെ മെലിഞ്ഞ ശരീരപ്രകൃതി.പെണ്ണിന്റെ മനസ്സിലെ ചെറുക്കനെ ആയിരുന്നില്ല..
ചെക്കന് പെണ്ണിനെ നന്നേ പിടിച്ചു.
അങ്ങോട്ട് ചെല്ലാൻ പറഞ്ഞു അവരുപോയി.
അവരുപോയ ഉടൻ അകത്തേക്ക് വന്ന പെണ്ണിന്റെ അമ്മ കണ്ടത് കടന്നൽ കുത്തിവീർത്ത പോലെ വീർത്ത മോന്തയുമായി നിൽക്കുന്ന
പെണ്ണിനെയാണ്.അമ്മ പെണ്ണിനെ കുറെ ഉപദേശിച്ചു.ചെക്കന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ചുപറഞ്ഞ പെണ്ണിനോട് “ ആ പയ്യൻ വിവാഹം കഴിഞ്ഞാൽ തടിക്കും എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.
അന്ന് മുഴുവൻ ചെക്കനെ എങ്ങനെ തടി വെപ്പിക്കാമെന്നു പെണ്ണ് ആലോചന തുടങ്ങി…ദിവസവും പാലിൽ ഹോർലിക്‌സ് കലക്കി കൊടുക്കാമെന്ന് പെണ്ണു തീരുമാനിച്ചു.
പക്ഷേ.. പിറ്റെ ആഴ്ച ചെക്കന്റെ വീടുകാണാൻ പോയിട്ടു വന്ന മാതാപിതാക്കൾ തന്നെ അതു വേണ്ടന്നു വച്ചത് പെണ്ണിനെ ഒത്തിരി സന്തോഷിപ്പിച്ചു.ഇനി ഹോർലിക്സ് വാങ്ങി പൈസ കളയേണ്ടല്ലോ..
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ബ്രോക്കർ വഴി ഇൗ ആലോചന വരുന്നത്. ചെറുക്കനെ കുറിച്ച് ബ്രോക്കർ കുറെ വർണ്ണനകൾ നിരത്തി.ഏകമകൻ.ഒരു സഹോദരിയെ വിവാഹം കഴിച്ചയച്ചു. പത്ത് ഏക്കർ റബ്ബർ,സ്വന്തം ബേക്കറി,നല്ല സാമ്പത്തികം.സുന്ദരൻ….
“മോളെ ഇങ്ങോട്ടു വന്നേ..”
അപ്പുറത്ത് നിന്ന് അപ്പച്ചന്റെ വിളി കേട്ടതും നെഞ്ചിടിപ്പ് കൂടി…കൈയും കാലും തണുത്തു ഐസ് പോലെയായി..
പെണ്ണു പതിയെ ഉമ്മറത്തെത്തി.”ഇതാണ് പയ്യൻ”ബ്രോക്കറുടെ ശബ്ദം.
ബ്രോക്കർ ചൂണ്ടിക്കാണിച്ച ആളെ കണ്ട പെണ്ണിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി!!! ഹോ..സിനിമാ നടനെ പോലുണ്ട്.. ഇതുമതി..പെണ്ണു മനസ്സിൽ പറഞ്ഞു.
ചെക്കന്റെ കൂടെ അളിയനും,ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു.പക്ഷേ..ചുറ്റുമുള്ളതൊന്നും പെണ്ണ് കണ്ടില്ല.
ചെറുക്കൻ എന്തൊക്കെയോ ചോദിച്ചു.. പെണ്ണ് നാണിച്ചു തല താഴ്ത്തി എന്തൊക്കെയോ പറഞ്ഞു…
“എന്നാ മോള് പൊക്കോ” അപ്പച്ചൻ പറഞ്ഞതും പെണ്ണ് അകത്തേക്ക് ഓടി..മുറിയിലെത്തിയ പെണ്ണിന് സന്തോഷം കൊണ്ട് ഇരിക്കാനും, നിക്കാനും വയ്യാത്ത അവസ്ഥ.
അവർ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം പെണ്ണ് ജനാലയിലൂടെ ചെക്കനെ ഒന്നുകൂടെ എത്തിനോക്കി..
ചെക്കന് തന്നെ ഇഷ്ടായി കാണുമോ? എന്ത് പറഞ്ഞുകാണും? പെണ്ണിന് ആകെ ഒരു ശ്വാസംമുട്ടൽ..
“പയ്യന് പെണ്ണിനെ വളരെ ഇഷ്ടമായി”
നാലാമത്തെ സ്ഥലത്താ ഞാൻ അവനെ പെണ്ണ് കാണിക്കാൻ കൊണ്ടുപോകുന്നത്.ആരെയും അവനു പിടിച്ചില്ല. ഇതുമതിയെന്നാ അവൻ പറയുന്നത്..
ബ്രോക്കർ അവരെ യാത്രയാക്കി തിരികെയെത്തി പറഞ്ഞതുകേട്ടു പെണ്ണിന് തുള്ളിച്ചാടാൻ തോന്നി.
പെണ്ണ് സ്വപ്നംകൊണ്ടൊരു മണി മാളിക പണിതു അതിൽ താമസവും തുടങ്ങി..
.
പക്ഷേ..പെണ്ണിന്റെ മണി മാളിക അധികം നില നിന്നില്ല.അത് തകർന്നു.
അത് തകരാൻ കാരണം ചെക്കന്റെ ആർത്തി ക്കാരനായ പിതാമഹാനായിരുന്നു.അയാള് ചോദിച്ച സ്ത്രീധനം കേട്ട് പെണ്ണിന്റെ വീട്ടുകാർ ഞെട്ടി…
പക്ഷേ ചെക്കൻ ഇൗ പെണ്ണിനെ മതിയെന്ന വാശിയിൽ ഒറ്റകാലിൽ നിന്നു. ആ സമയം ചെക്കന്റെ ഒരേഒരു അളിയൻ മധ്യസ്ഥതയുമായി വന്നു. പിതാമഹനറിയാതെ അളിയൻ ആ പൈസ കൊടുക്കാമെന്ന് പറഞ്ഞു.
പിന്നീട് കൈവശം ഉള്ളപ്പോൾ പെണ്ണിന്റെ വീട്ടുകാർ അളിയന് തിരിച്ച് കൊടുത്താൽ മതിയത്രെ…
പക്ഷേ..അഭിമാനിയായ പെണ്ണിന്റെ അപ്പച്ചൻ അതിനു തയ്യാറായില്ല.പെണ്ണ് അന്ന് മുഴുവൻ കരഞ്ഞു..കെട്ടിപ്പൊക്കിയ മണി മാളികയാണ് താഴെ വീണുകിടക്കുന്നത്.
എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു.എന്തിന്..സ്വന്തം ബേക്കറിയിൽ നിന്ന് പലഹാരങ്ങൾ തിന്നുന്നത് വരെ പെണ്ണ് സ്വപ്നം കണ്ടിരുന്നു.
അതോടെ പെണ്ണിന്റെ അപ്പച്ചന് വാശിയായി…ആ ബ്രോക്കറോട് ഉടൻ വേറെ ആലോചന കൊണ്ടുവരാൻ പറഞ്ഞു.അപ്പോൾ അതാ വേറൊരു ആലോചന.
ആ പയ്യന്റെ കൂടെ വന്ന കൂട്ടുകാരന് പെണ്ണിനെ ഒരുപാട് ഇഷ്ടായത്രെ..പുള്ളിക്ക് സ്ത്രീധനം വേണ്ട,പെണ്ണിനെ മതിയെന്ന്‌.
അതേക്കുറിച്ച് അഭിപ്രായം ചോദിയ്ക്കാൻ വന്ന വീടുകാർക്ക് മുൻപിൽ പെണ്ണ് പൊട്ടിത്തെറിച്ചു.
അപ്പച്ചൻ പെണ്ണിനെ സമാധാനിപ്പിച്ചു..മോൾക്കിത് വേണ്ടെങ്കിൽ വേണ്ടാ.നമുക്ക് വേറെ നോക്കാം..പക്ഷേ അപ്പച്ചനെ വിഷമിപ്പിക്കരുത്
.
ഇരുപത് വയസിനുള്ളിൽ നിന്റെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഇരുപത്തെട്ടു കഴിഞ്ഞേ നടക്കൂ..അതുകൊണ്ട് മോള് ഞാൻ പറയുന്ന അനുസരിക്കണം.
അപ്പച്ചനെ വിഷ്മിപ്പിക്കാനും എതിർക്കാനും വയ്യാത്ത പെണ്ണ് ഒടുവിൽ സമ്മതിച്ചു.
അങ്ങനെ അടുത്തദിവസം തന്നെ ആ ബ്രോക്കർ മറ്റൊരു പയ്യനുമായി വന്നു.പെണ്ണ് നേരത്തേപോലെ ഒരുങ്ങിയൊന്നും ഇല്ല.
അപ്പച്ചനുവേണ്ടി മാത്രം അവരുടെ മുൻപിൽ ചെന്നുനിന്നു.ചെറുക്കന്റെ നേരേ പോലും നോക്കിയില്ല..ആരായാലും തനിക്കെന്ത്?
ചെറുക്കന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു പെണ്ണ് അകത്തേക്ക് കയറിപ്പോയി.
ആ ആഴ്‌ച്ചതന്നെ ആ വിവാഹം
ഉറപ്പിച്ചു.ഒരുമാസത്തിനുള്ളിൽ വിവാഹവും.
വിവാഹ ദിവസം വരെ പെണ്ണ ചെക്കെന്‍റെ മുഖം കണ്ടില്ല..
വിവാഹത്തിന്റെ റിസപ്ഷൻ സമയം കേക്ക് കട്ട് ചെയ്തു വായിൽ വച്ചുകൊടുക്കുമ്പോൾ പെണ്ണ് ഒളികണ്ണിട്ടു ചെക്കനെ നോക്കി..
പക്ഷേ മുഖം ശരിയായി കണ്ടില്ല.
രാത്രി വീട്ടിലെത്തി കുളിച്ചു വേഷം മാറിവന്ന പെണ്ണിനെ കാണാൻ അയൽപക്കത്തെ സ്ത്രീകൾ എത്തി.
അവർക്ക് നടുവിൽ നിൽക്കുമ്പോൾ ,ലുങ്കിയും ഷർട്ടും ധരിച്ച ഒരാൾ തന്റെ കൈയ്യിൽ ഇരുന്നിരുന്ന ബൊക്കെയെല്ലാം എടുത്തുവക്കുന്നത് പെണ്ണ് കണ്ട്‌.ഇത് തന്റെ ഭർത്താവ് അല്ലേ? ആരോടെങ്കിലും ചോദിക്കാൻ പറ്റുമോ?
അപ്പോൾ ആരോ അദേഹത്തെ പേര് വിളിക്കുന്നതും അദ്ദേഹം തിരിഞ്ഞു നോക്കി. അപ്പോളാണ് പെണ്ണ് തന്റെ കെട്ടിയോനെ ശരിക്കും കാണുന്നത്..
സിനിമാ നടനെ പോലേയോന്നും അല്ലെങ്കിലും തന്നെക്കാൾ നിറവും,ആവശ്യത്തിന് ഭംഗിയും ഉണ്ട്.
"മൂന്ന് കൊച്ചുങ്ങളുടെ തള്ളയായതിൽ പിന്നെയാ ഞാനതിയാന്റെ മുഖം നേരെ ചൊവ്വേ കാണുന്നത്”” എന്ന് ചില അമ്മാമമാരുടെ വാക്കുകൾ പെണ്ണിന്റെ മനസ്സിലേക്ക് വന്നു.
എന്തായാലും അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ ദൈവമേ….
കെട്ട് കഴിഞ്ഞപ്പോൾ എങ്കിലും കെട്ടിയോനെ
കാണാൻ കഴിഞ്ഞല്ലോ…പെണ്ണ് ആശ്വസിച്ചു.
ഇപ്പൊ ആ കെട്ടിയോന്റെ ഒപ്പം പെണ്ണ് കാൽനൂറ്റാണ്ട് പിന്നിട്ടു.
പെണ്ണിനും കെട്ടിയോനും ഒരു പെണ്ണും,ചെക്കനും ജനിച്ചു.
പെണ്ണിന്റെ പെണ്ണിനെ കെട്ടിച്ചു.ചെക്കന് ജോലിയും ആയി.
ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി പെണ്ണും കെട്ടിയോനും മുന്നോട്ട് പോകുന്നു.
എത്ര പിണങ്ങിയാലും പെണ്ണിന് കെട്ടിയോനോട് അധിക സമയം മിണ്ടാതിരിക്കാൻ പറ്റില്ല.അറിയാതെ ചെന്ന് മിണ്ടി പോകും.
കാൽനൂറ്റാണ്ട് പിന്നിട്ടെങ്കിലും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ആണ് പെണ്ണും കെട്ടിയോനും പിരിഞ്ഞു നിന്നിട്ടുള്ളത്.
പെണ്ണ് കാണൽ കഥകൾ പെണ്ണ് ഇടക്കിടെ കെട്ടി യോനോട് പറയാറുണ്ട്.
അപ്പോ കെട്ടിയോൻ ആത്മഗതം പോലെ പറയും””ആ…അവരെല്ലാം ഭാഗ്യം ചെയ്തവരാണ്..രക്ഷപെട്ടു പോയില്ലേ?ഇത് എന്റെ തലയിൽ വരാനുള്ളത് ആയിരുന്നു..വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് ആണല്ലോ..
അത് കേൾക്കുമ്പോൾ പെണ്ണ് ഉള്ളിൽ പൊട്ടി ചിരിക്കും.
ജുനോ ട്രെസ

ലക്ഷ്യം

Image may contain: 1 person, closeup

ഓടികൊണ്ടിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നീരജ ഞെട്ടി കണ്ണു തുറന്നു...ഓ...അറിയാതെ മയങ്ങിപോയി. മനസ്സും ശരീരവും അത്രക്കും തളര്‍ന്നിരിക്കുന്നു..അവള്‍ പെട്ടെന്ന് മടിയില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി.അവന്‍ ഒന്നും അറിയാതെ നല്ല ഉറക്കത്തിലാണ്..പാവം ഉറങ്ങട്ടെ..അവള്‍ അവന്‍െറ മുടിയിഴകളിലും കുഞ്ഞിളം കവിളിലും മെല്ലെ തലോടി..തന്‍െറ മാറോട് ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.ഇനി ഇവനേ ഈ ഭൂമിയില്‍ തനിക്ക് സ്വന്തമായുള്ളൂ..ഇനിയുള്ള തന്‍െറ ജീവിതം ഇവനുവേണ്ടി മാത്രം..ഈ കുഞ്ഞുമുഖമാണ് താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് കാരണം.അവളുടെ ചിന്തകള്‍ പിറകിലേക്ക് പോയി.....
മനോഹരമായ ഒരു നാട്ടിന്‍ പുറത്തെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ മൂന്നു ഏട്ടന്‍മാര്‍ക്കു കൂടിയുള്ള പുന്നാര പെങ്ങള്‍...അധ്യാപകനായ അച്ചനും,സ്നേഹനിധിയായ അമ്മയും.തന്‍െറ ഏതാഗ്രഹവും സാധിച്ചു തരാന്‍ എല്ലാവരും മത്സരമായിരുന്നു.ഒന്നിനും ഒരു കുറവും ഇല്ലാതെ തന്നെ വളര്‍ത്തി.ജീവിതം ഒരു സ്വര്‍ഗ്ഗമായിരുന്ന നാളുകള്‍..രണ്ട് ഏട്ടന്മാര്‍ വിവാഹിതരായി.അവര്‍ക്കുവന്ന ഭാര്യമാര്‍,തന്‍െറ ഏട്ടത്തിയമ്മമാര്‍..അവര്‍ക്ക്താന്‍ സ്വന്തം അനിയത്തികുട്ടി തന്നെയായിരുന്നു.തന്‍െറ കൂട്ടുകാരികള്‍ക്കെല്ലാം അസൂയയായിരുന്നു തന്നോട്.പുതിയ ഫാഷനിലുള്ള ഡ്രസ്സോ,ആഭരണമോ കണ്ടാല്‍ അത് തനിക്ക് വാങ്ങിതരാന്‍ ഏട്ടന്മാര്‍ തമ്മില്‍ മത്സരമായിരുന്നു.തന്‍െറ കണ്ണുനിറയാനോ,മുഖം വാടാനോ ആരും സമ്മതിക്കില്ലായിരുന്നു.അങ്ങനെയുള്ള ജീവിതം കണ്ട് ഈശ്വരന്‍മാര്‍ക്ക് തന്നോട് അസൂയ തോന്നിയോ...എന്തോ...
പ്ളസ്ടുവിനു എക്സാം കഴിഞ്ഞുള്ള അവധികാലത്താണ് തന്‍െറ കൂട്ടുകാരി രേഷ്മയുടെ ചേച്ചിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ താന്‍ അവിടെ വച്ച് വിനുവിനെ കാണുന്നത്.ചെറുക്കന്‍െറ അമ്മാവന്‍െറ മകന്‍.വന്നതുമുതല്‍ തമ്മില്‍ അറിയാതെ,പരസ്പരം കണ്ണുകള്‍ പലപ്പോഴും കൂടിമുട്ടി..അവന്‍െറ കണ്ണുകള്‍ക്ക് എന്തോ ആകര്‍ഷണം പോലെ..ചുണ്ടില്‍ ഒരു കുസൃതിച്ചിരിയും.അവര്‍ തിരിച്ചു പോകുംമുമ്പ് അവന്‍ രേഷ്മയെ കൂട്ടി പരിചയപ്പെടാന്‍ തന്‍െറ അരികിലെത്തി.രേഷ്മ,തന്നെ അവനു പരിചയപ്പെടുത്തി..``ഇതെന്‍െറ ബെസ്റ്റ് ഫ്രണ്ട് നീരജ..മൂന്നുഏട്ടന്മാരുടെ പുന്നാര പെങ്ങള്‍...’’അവള്‍ കളിയാക്കികെൊണ്ട് നീരജയുടെ കവിളില്‍ നുള്ളി.അതുകേട്ട് വിനുചിരിച്ചു..കൂടെ നീരജയും.അതൊരു തുടക്കമായിരുന്നു...
പള്സ്ടു റിസള്‍ട്ട് വന്നു.ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ നീരജയെ ഏട്ടന്മാര്‍ സമ്മാനങ്ങള്‍ കൊണ്ടുമൂടി.നഗരത്തിലെ പ്രശസ്തമായ കോളേജില്‍ തനിക്ക് അഡ്മിഷന്‍ ശരിയാക്കി.ആ സമയം വിനു വീണ്ടും രേഷമയുടെ വീട്ടിലെത്തി.രേഷ്മയോട് നീരജയെ ഒന്നു കാണണമെന്ന് നിര്‍ബന്ധം പിടിച്ചു.രേഷ്മ അങ്ങനെ പരസ്പരം കാണാനുള്ള അവസരം ഒരുക്കി.അവനെ ഒന്നു കാണാണമെന്ന് താനും അതിയായി കൊതിച്ചിരുന്നു..പക്ഷേ..കണ്ടപ്പോള്‍ വാക്കുകള്‍ പുറത്തേക്കു വന്നില്ല..നെഞ്ച് പെരുംമ്പറ കൊട്ടാന്‍ തുടങ്ങി..നീരജാ..... വിനുവിന്‍െറ വിളി അവളുടെ പേടിയുടെ ആഴം കൂട്ടി....ഉംംം...അവള്‍ അറിയൊതെ മൂളി.അവന്‍ പറഞ്ഞു തുടങ്ങി...ഇവിടെ നിന്ന് പോയതുമുതല്‍ തന്‍െറ മുഖമണ് എന്‍െറ മനസ്സില്‍...തന്നെ കണാതെ പറ്റുന്നില്ല.അതാണ് ഞാന്‍ വന്നത്..ഞാന്‍ നിന്നെ സ്നേഹിക്കുന്നു നീരജ..നിനക്ക് എന്നെ ഇഷ്ടമല്ലേ?....അല്ലെന്ന് മാത്രം പറയരുത്..നിന്നെ എനിക്ക് വേണം..മറുപടി പറയാന്‍ വാക്കുകള്‍ക്കായി അവള്‍ പരതി....ഇഷ്ട....മാണ്...അവള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.കൂടുതല്‍ എന്തൊക്കയോ പറയാന്‍ ആഗ്രഹിച്ചങ്കിലും കഴിയാതെ അവന്‍ പറയുന്നത് ഒരു ആഞ്ജാശക്തി പോലെ കേട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ..അവന്‍ തുടര്‍ന്നു....താന്‍ സിറ്റിയില്‍ പോകുവല്ലേ..ഞാനും അവിടെയാ.. ഞാന്‍ വരും നിന്നെ കാണാന്‍...ഇപ്പോള്‍ പോകുന്നു...അവന്‍ പോയിട്ടും അവള്‍ കുറെ നേരം അങ്ങനെ നിന്നു.എന്തുകൊണ്ടാണ് തനിക്ക് എതിര്‍ത്തു പറയാന്‍ കഴിയാഞ്ഞതെന്ന് ആശ്ചര്യപ്പെട്ട്..
ദിവസങ്ങള്‍ കടന്നു പോയി.ഒരിക്കല്‍ ക്ളാസ് കഴിഞ്ഞിറങ്ങുമ്പോള്‍ മുമ്പില്‍ ബെെക്കില്‍ വിനു.ഹായ്...നീരജ..എത്ര നേരമായി തന്നെ കാത്തു നില്‍ക്കുന്നു.അവള്‍ പേടിയോടെ ചുറ്റും നോക്കി.ദെെവമേ...ആരെങ്കിലും കണ്ടാല്‍....കൂട്ടുകാരികള്‍ ഭാഗ്യത്തിന് പോയിരുന്നു അല്ലെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് എന്തുമറുപടി കൊടുക്കുമായിരുന്നു.എടോ...താനെന്താ പന്തംകണ്ട പെരുച്ചാഴിയെ പോലെ..ഇങ്ങോട്ട് കയറ്...നമ്മുക്കൊന്ന് കറങ്ങീട്ട് വരാം. അയ്യോ..ഞാനില്ല...താന്‍ കയറിയില്ലേല്‍ ഞാന്‍ പിടിച്ചു കയറ്റും പറഞ്ഞേക്കാം....ആളുകള്‍ ശ്രദ്ധിക്കൂന്ന് തോന്നിയപ്പോള്‍ മനസ്സില്ലാമനസ്സോടെ അവള്‍ കയറി..പിന്നീട് അതു പതിവായി.കൂട്ടുകാരികള്‍ അറിഞ്ഞു. എങ്കിലും അവളുടെ പേടി മാറിയിരുന്നു.വിനു അവളെ അത്ര സ്നേഹിക്കുന്നതായി വിശ്വസിപ്പിച്ചു.
ഒരിക്കല്‍ വിനു അവളെ കൂട്ടി അവന്‍ താമസിക്കുന്ന റൂമില്‍ എത്തി.അവള്‍ ചോദിച്ചു..``എന്തിനാ വിനു നമ്മള്‍ ഇവിടെ വന്നേ? നമ്മുക്ക് തിരിച്ചു പോകാം. എനിക്ക് പേടിയാവുന്നു.’’..വിനു അവളുടെ ചുമലില്‍ കെെവച്ചുകൊണ്ട് പറഞ്ഞു എന്തിനാ പെണ്ണേ നീ പേടിക്കുന്നേ...? ഞാനില്ലേ നിന്‍െറ കൂടെ...വേണ്ട വിനു ഇതൊന്നും വേണ്ട..നമ്മുടെ വിവാഹം കഴിയട്ടേ..ഞാന്‍ വിനുവിനുള്ളതല്ലേ...അതെനിക്കറിയാം പെണ്ണേ.....പക്ഷേ ഒരുതവണ നീ എന്‍െറതാവണം.....വേണ്ടാ......അവള്‍ കുതറിമാറി...ശരി എന്നെ നിനക്ക് വിശ്വാസം ഇല്ലെങ്കില്‍ വേണ്ട..പക്ഷേ ഇനി നമ്മള്‍ തമ്മില്‍ കാണില്ല..എന്നെ വിശ്വാസം ഇല്ലാത്തവരെ എനിക്ക് വേണ്ട...അവന്‍ സങ്കടവും ദേഷ്യവും അഭിനയിച്ചു..അതില്‍ അവള്‍ തോല്‍വി സമ്മതിച്ചു..അവള്‍ അവനു കീഴങ്ങി...പിന്നീട് അതൊരു പതിവായി....
മാസങ്ങള്‍ കടന്നുപോയപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന സത്യം അവളറിഞ്ഞു.അവള്‍ ഓടി വിനുവിനടുത്തെത്തി..വിവരംഅറിഞ്ഞ വിനു പെട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു...എടീ.. പൊട്ടി പെണ്ണേ ഇതിലെന്താത്ര കാര്യം.നമ്മുക്ക് ഒരു ഡോക്ടറെ കണ്ട് അബോര്‍ട്ട് ചെയ്താല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ..വിനു....അവള്‍ പൊട്ടി കരഞ്ഞു....നമ്മുടെ വിവാഹം ഉടന്‍ നടത്തണം വിനു വീട്ടില്‍ വന്ന് സംസാരിക്കണം...അതുകേട്ട് തെല്ലു പരിഹാസത്തോടെ അവന്‍ പറഞ്ഞു...വിവാഹമോ?ഞാന്‍ അതേകുറിച്ച് ചിന്തിച്ചിട്ടു പോലുംമില്ല...എന്‍െറ ജീവിതത്തില്‍ ഒരുപാട് പെണ്ണുങ്ങളുണ്ട് അവരെയെല്ലാം കെട്ടിയെടുക്കാന്‍ പോയാല്‍ എന്‍െറ അവസ്ഥ എന്താവും....അവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു.അപ്പോള്‍.......അപ്പോള്‍ നിങ്ങള്‍ എന്നെ ചതിക്കുകയായിരുന്നല്ലേ..നിങ്ങളെ ഞാന്‍..........അവള്‍ അലറി...ഒന്നു പോടി......ഞാന്‍ വിളിച്ചപ്പോള്‍ കൂടെ വന്നു കിടന്നവളല്ലേ നീ.....കണ്‍മുമ്പില്‍ ഭൂമി രണ്ടായി പിളരുംപോലെ തോന്നിയ നിമിഷം..ആത്മഹത്യയായിരുന്നു മുന്നിലുള്ള ഏകവഴി..പക്ഷേ.......സ്നേഹനിധിയായ അച്ചന്‍െറയും അമ്മയുടെയും സഹോദരങ്ങളുടെയും മുഖം മനസ്സില്‍ വന്നപ്പോള്‍ അതിനു കഴിഞ്ഞില്ല....
അന്ന് കരഞ്ഞുതളര്‍ന്ന മുഖവും ശരീരവുമായി വീട്ടിലെത്തിയ തന്നെ കണ്ട് അച്ചനും അമ്മയും ഓടി അടുത്തെത്തി..എന്താ എന്‍െറ കുട്ടിക്കു പറ്റീത്...അച്ചന്‍ വന്ന് തലയില്‍ തലോടി ചോദിച്ചപ്പോള്‍ തീപ്പൊള്ളലേറ്റപോലെ തോന്നി.തന്നെ താലോലിക്കുന്ന ഈ കെെകള്‍...ഇതറിഞ്ഞാല്‍ ???അവള്‍ പൊട്ടിക്കരഞ്ഞു.അപ്പോഴേക്കും ഏട്ടന്മാരും ഏട്ടത്തിയമ്മമാരും കൂടി...എന്താ മോളെ നിനക്ക് പറ്റിയേ? എന്തായാലും ഞങ്ങളോട് പറയ് മോളെ..എന്തു കാര്യണേലും നിന്‍െറ എട്ടന്മാരില്ലേ... പറയ് മോളെ..അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചന്‍െറ നെഞ്ചിലേക്ക് വീണു.കരച്ചിലിനിടയിലൂടെയുള്ള അവളുടെ വാക്കുകള്‍ അസ്ത്രങ്ങള്‍ പോലെ അവരുടെ നെഞ്ചില്‍ തുളച്ചു കയറി.ദെെവമേ.....ചതിച്ചോ നിലവിളി പോലുള്ള ശബ്ദത്തോടെപ്പം അച്ചന്‍ കുഴഞ്ഞു വീണു..എല്ലാരും കൂടി അച്ചനേയും കെണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു...പക്ഷേ ആശുപത്രിയില്‍ എത്തുമ്പോള്‍,രാജകുമാരിയെപോലെ ലാളിച്ച് ഓമനിച്ച് വളര്‍ത്തി കൊണ്ടു വന്ന മകള്‍ പിഴച്ചു പോയതറിഞ്ഞ് ഹൃദയംപൊട്ടി ആ ജീവന്‍പോയിരുന്നു...അതോടെ അമ്മ തളര്‍ന്നുവീണു..ആ കിടപ്പില്‍ നിന്ന് പിന്നീട് എഴുന്നേറ്റിട്ടില്ല.കണ്ണിലെ കൃഷണമണിപോലെ കൊണ്ടു നടന്നിരുന്ന ഏട്ടന്മാര്‍ക്കും ഏട്ടത്തിമ്മാര്‍ക്കും അവളെ കാണുന്നതേ വെറുപ്പായി...അങ്ങനെ അകലെയുള്ള ഒരു ബന്ധു വീട്ടിലേക്ക് തന്നെ മാറ്റി..അവിടെ താമസിച്ച് അവരുടെ കുത്തുവാക്കുകളും ശകാരവും ഏറ്റുള്ള ജീവിതത്തിനിടയില്‍ തന്‍െറ കുഞ്ഞിനു ജന്മമേകി..
ഒരിക്കല്‍ ഏട്ടന്മാര്‍ വന്ന് കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തില്‍ ആക്കി തന്നെ ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു സമ്മതിക്കത്തതിനാല്‍ പിന്നീട് ചിലവിന് തരുന്നത് പോലും നിറുത്തി...പിന്നെ താമസിക്കുന്ന വീട്ടിലെ വീട്ടുജോലി ചെയ്തു ആട്ടു തുപ്പും ഏറ്റ് മോനുവേണ്ടിയുള്ള ജീവിതം..അപ്പോഴാണ് അവിടത്തെ ചേച്ചിയുടെ ഭര്‍ത്താവിന്‍െറ നിരന്തര ശല്യം...ഇനി അവിടെ തുടര്‍ന്നാല്‍ ശരിയാവില്ലാന്ന് തോന്നിയപ്പോള്‍ മോനേയും എടുത്തിറങ്ങി....തന്‍െറ ഒരു കൂട്ടുകാരിവഴി ഒരു ചെറിയ ജോലി ശരിയാക്കിട്ടുണ്ട്. അവിടെയും എത്രനാള്‍ എന്നറിയില്ല...
എങ്കിലും ഇപ്പോള്‍ തനിക്കൊരു ലക്ഷ്യമുണ്ട്...തന്‍െറ മോന് വിദ്യാഭ്യാസത്തേക്കാളും,സമ്പത്തിനേക്കാളും ഒരു സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിച്ചു വളര്‍ത്തണം.ഒരു തീക്കനല്‍ തന്‍െറ ഉള്ളിലുണ്ട്..അത് അവനില്‍ കൊളുത്തണം...അമ്മയെ ബഹുമാനിക്കുന്ന,സഹോദരിയെ സ്നേഹിക്കുന്ന ഒരാണും ഒരു പെണ്ണിനെ ചതിക്കില്ല..അതിന് അവര്‍ക്ക് കഴിയില്ല. അവനാണ്...പുരുഷന്‍...അവള്‍ മോനെ ഒന്നുകൂടി നെഞ്ചോടു ചേര്‍ത്തു....ആ ബസ്സിനൊപ്പം അവളുടെ മനസ്സും ലകഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു അപ്പോള്‍...

By: JUnoTreza

ഒരനുഭവകഥ


ഒരനുഭവകഥ
************
പത്തുവര്‍ഷം മുമ്പു നടന്നൊരു സംഭവമാണ്.കൃത്യമായിപറഞ്ഞാല്‍ 2007മാര്‍ച്ച് മാസം ആദ്യ വെള്ളിയാഴ്ച. സമയം രാത്രി എട്ടര കഴിഞ്ഞുകാണും.മക്കള്‍ അന്ന് ചെറിയ കുട്ടികളാണ്.ഞാനും മക്കളും കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് വടക്കേതിലെ ധന്യ ഒരു സിനിമ സിഡി ചോദിച്ചുവന്നത്.പ്രാര്‍ത്ഥനകഴിഞ്ഞ് ധന്യക്ക് സിഡിയും കൊടുത്ത് ഞാനും മോനും കൂടെ ധന്യയുടെ ഒപ്പം ഗേറ്റ് വരെ ചെന്നു ഓരോ വിശേഷങ്ങള്‍ പറഞ്ഞുനില്‍ക്കുന്നതിനിടയില്‍ എന്‍െറ ഭര്‍ത്താവ് ജോലികഴിഞ്ഞെത്തി.വണ്ടി പോര്‍ച്ചില്‍ വച്ച് അദ്ദേഹം വീടിനകത്തേക്ക് കയറി പോയി...
ഞങ്ങള്‍ വീണ്ടും സംസാരം തുടരുന്നതിനിടയില്‍ എന്തോ ഒന്ന് എന്‍െറ വലതുകണങ്കാലില്‍ തടയുന്നതായി എനിക്കു തോന്നി...ഞാന്‍ ഇടതുകാലുകൊണ്ട് പെട്ടന്നു തട്ടി.ഞാന്‍ ചെരുപ്പ് ധരിച്ചിരുന്നില്ല.ആനിമിഷം എന്‍െറ വലതുകണങ്കാലില്‍ എന്തോ ഒന്നു കടിക്കുന്നതായി തോന്നിയ ഞാന്‍ പെട്ടെന്ന് കാലുയര്‍ത്തി അതില്‍ ചവിട്ടി....ചവിട്ടിയതും ഞാന്‍ ഞെട്ടി...ഐസ് പോലെ തണുത്തഎന്തോ ഒന്ന്...ഞാന്‍ അറപ്പോടെ അയ്യേ....എന്നലറികൊണ്ട് ആ വസ്തുവിനെ ഒരു ഫുട്ബോളുപോലെ തട്ടിത്തെറിപ്പിച്ചു....ഫുട്ബോള്‍ കളിയില്‍ മുന്‍ പരിചയമൊന്നും ഇല്ലേലും ആ സമയം ഞാന്‍ ഗോളടിച്ച സന്തോഷത്തില്‍ നോക്കുമ്പോള്‍ ഞാന്‍ ഗോളടിച്ച വസ്തു ഒരു ബോളായിരുന്നില്ല,ഒരു പാമ്പായിരുന്നു എന്ന വസ്തുത ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു.ഗേറ്റ്ലെെറ്റിന്‍െറ വെളിച്ചത്തില്‍ കരിപോലെ കറുത്തുപുളയുന്ന ആ പാമ്പിനെ കണ്ട് ധന്യയും മോനും അയ്യോ......പാമ്പ്.... എന്ന് നിലവിളിച്ചു...
ഞാനപ്പോള്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെ ചിരിച്ചോണ്ട് അവരോട് വളരെ കൂളായി പറഞ്ഞു....``അതെന്നെ കടിച്ചു...’’ഞാന്‍ തമാശ പറയുവാന്ന് കരുതി ധന്യപറഞ്ഞു..ഒന്ന് പോ..ചേച്ചീ...തമാശ പറയാതെ....ഞാന്‍ എന്‍െറ കാലിലെപാടു കാണിച്ചു കൊടുത്തു.അവിടെ നിന്നും ചെറുതായി രക്തം പൊടിയുന്നുണ്ടായാരുന്നു...അതുകണ്ട് സ്തംഭിച്ചു നില്‍ക്കുവാണ് എന്‍െറ മോനും,ധന്യയും.ഞാന്‍ വീടിനകത്തേക്ക് കയറി എന്‍െറ ഭര്‍ത്താവിനെ വിളിച്ചു. ചേട്ടാ....ചേട്ടാ..... ഒന്നിങ്ങു വന്നേ...എന്നെ ഒരു പാമ്പ് കടിച്ചു..മുകളിലെ മുറിയിലായിരുന്ന ചേട്ടനും ഞാന്‍ ചുമ്മാ പറയുവാന്ന് കരുതി രണ്ടുമൂന്നുവട്ടം വിളിച്ചപ്പോള്‍ കുറച്ചു ദേഷ്യത്തോടെയാണ് താഴെ വന്നത്.അപ്പോള്‍ മോളും ഓടിയെത്തി...അങ്ങനെ എല്ലാവരും പാമ്പ് കടിച്ചപാടുകണ്ട് വിശ്വസിച്ചു.പിന്നെ ഒരു വെപ്രാളമായിരുന്നു എല്ലാവര്‍ക്കും.ധന്യ ഓടിപ്പോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവന്നു.എല്ലാവരും കൂടിയെന്നെ സിറ്റൗട്ടില്‍ പിടിച്ചിരുത്തി..കാലില്‍ പാദത്തിനുമുകളിലായി എന്തൊക്കെയോ വച്ച് മുറുക്കിക്കെട്ടി...അതേൊടെ എനിക്ക് കാലനക്കാന്‍ വയ്യാതായി..അപ്പോള്‍ നോക്കുമ്പോളുണ്ട്...റോഡിലേക്ക് ഞാന്‍ ഗോളടിച്ചു തെറുപ്പിച്ച നമ്മുടെ വീരനായകന്‍ പാമ്പ് തിരികെ എന്‍റടുത്തേക്ക് ഇഴഞ്ഞു വരുന്നു.പാമ്പിനെ കുറിച്ചുള്ള കഥകള്‍ പലതുകേട്ടിട്ടുണ്ടെങ്കിലും ഇത്രക്കും ഞാന്‍ പ്രതീക്ഷിച്ചില്ല.എങ്കിലും...എനിക്കൊരു ആകാംക്ഷ തോന്നി.അത്എന്തിനാവും തിരിച്ചു വന്നതെന്നറിയാന്‍.......പക്ഷേ എന്‍െറ വാക്കിനു യാതൊരു പരിഗണനയും തരാതെ ധന്യയുടെ ഭര്‍ത്താവ് അതിനെ തല്ലിക്കൊന്നു.
പിന്നെ ഉടന്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ചേട്ടന്‍ വണ്ടിയിറക്കി..ടെന്‍ഷന്‍ കാരണം ചേട്ടന്‍ വണ്ടി എടുത്തിട്ട് ശരിയാവുന്നുമില്ല.അപ്പോഴെല്ലാം ഞാന്‍ വളരെ കൂളായി പറയുന്നുണ്ട്...സാരമില്ലെന്ന്...പോകുംവഴി ഞാന്‍ ചേട്ടനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.ചേട്ടനെ കുറ്റം പറയാന്‍ പറ്റില്ല. പാമ്പ് കടിയേറ്റാല്‍ മരണം ഉറപ്പെന്നല്ലേ കേട്ടിട്ടുള്ളത്.ഞാനും മനസ്സില്‍ എന്‍െറ മരണം കണ്ടു.ഞാന്‍ ചിന്തിച്ചു..നാളെ ഈ സമയം എന്‍െറ ശവസംസ്കാരം കഴിഞ്ഞിട്ടുണ്ടാവും...മരിച്ചു കഴിഞ്ഞാല്‍ പിന്നെ ശവമായി...അതുവരെ മനോഹരമായ പേരുകളില്‍ നാമെല്ലാം അറിയപ്പെടുമെങ്കിലും മരണ ശേഷം എല്ലാവര്‍ക്കും ഈ ഒരുപേരെയുള്ളൂ......നാളെ ഈ സമയം ഞാന്‍ മണ്ണിനടിയില്‍ ആയിരിക്കും...ദെെവമേ.....ശ്വാസം കിട്ടുമോ എന്തോ?അപ്പോഴാണ് ഓര്‍ത്തത് മരിച്ചുകഴിഞ്ഞാല്‍ പിന്നെ ശ്വാസമെന്തിനാ?അതു പോയില്ലേ.....
പെട്ടെന്നാണ് എന്‍െറ മക്കളുടെ ഓര്‍മ്മ മനസ്സിലേക്ക് വന്നത്..ആനിമിഷം എന്‍െറ മനസ്സൊന്നു പിടഞ്ഞു...ദെെവമേ.... ഞാന്‍ പോയാല്‍ പിന്നെയവര്‍ക്കാരാണുള്ളത്...അടുത്ത നിമിഷംമനസ്സ് ധെെര്യപ്പെട്ടു.ദെെവംതന്നെയല്ലേ എനിക്ക് മക്കളെ തന്നത്..ആ ദെെവം തന്നെ അവരെ നോക്കിക്കോളും.എന്‍െറ ചിന്തകള്‍ ഇങ്ങനെ കാടുകയറുമ്പോള്‍ വണ്ടി ആശുപത്രിയില്‍ എത്തിയിരുന്നു.പാമ്പ്കടിച്ചതാണെന്നറിഞ്ഞപ്പോള്‍ തന്നെ ആ ആശുപത്രിക്കാരു പറഞ്ഞു ഇവിടെ പറ്റില്ല..വേറെ എവിടെക്കെങ്കിലും കൊണ്ടുപോയ്ക്കോളാന്‍...ചേട്ടന്‍ ടെന്‍ഷനോടെ അടുത്ത ആശുപത്രി ലകഷ്യമാക്കി വണ്ടി പായിച്ചു..
അടുത്ത ആശുപത്രിയില്‍ എത്തിയ ഉടന്‍ അവരെന്ന ഒരു വീല്‍ചെയറിലിരുത്തി അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുപോയി.അതും പോരാഞ്ഞ് യാതൊരു ടെന്‍ഷനും ഇല്ലാതിരിക്കുന്ന എന്നോട് ടെന്‍ഷനുണ്ടോ?? ടെന്‍ഷനുണ്ടോ???എന്നുള്ള ഇടക്കിടക്കുള്ള ചോദ്യവും.ഡോക്ടര്‍ വന്നു നോക്കീട്ട് ഉടന്‍ ഐസിയു വിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കി.ഞാന്‍ അപ്പോഴും ചിരിക്കുന്ന കണ്ട് എനിക്ക് പാമ്പുകടിയേറ്റ് വട്ടായീന്ന് ആശുപത്രീലുള്ളവര്‍ കരുതിയോ എന്തോ?ഐസിയു വില്‍ കിടത്തി അവരെന്നെ അനങ്ങാന്‍ പറ്റാത്തവിധം ഒരു ബെഡ്ഡില്‍ കിടത്തി.തലമാത്രം അനക്കാം.പിന്നെ ടെസ്റ്റുകളുടെ ബഹളമായിരുന്നു...ഓരോ അരമണിക്കൂറിലും അവരെന്‍െറ ബ്ളഡ് എടുത്തുകൊണ്ടിരുന്നു.
ഇതിനിടയില്‍ ചേട്ടന്‍ എന്‍െറ വീട്ടിലും ചേട്ടന്‍െറ വീട്ടിലും വിളിച്ച് പറഞ്ഞിരുന്നു.കുറച്ചു സമയംകൊണ്ട്തന്നെ ആശുപത്രി ബന്ധുക്കളെ കൊണ്ട് നിറഞ്ഞു.ഐസിയു വിന്‍െറ ചില്ലുവാതിലിലൂടെ എല്ലാവരും ഒരു കാഴ്ചവസ്തുവിനെ പോലെ എന്നെ നോക്കുന്നതു ഞാന്‍ കണ്ടു.നോക്കിയവര്‍ക്കെല്ലാം അവിടെ കിടന്നുകൊണ്ട് ഞാനോരോ പുഞ്ചിരി സമ്മാനിച്ചു.മരണവും കാത്തു കിടക്കുവല്ലേ?നാളെ എന്നെ കുറിച്ച് എന്തേലും നല്ല വാക്കു പറഞ്ഞോട്ടെ...അങ്ങനെ മരണത്തെ വെയ്റ്റ്ചെയ്ത് കിടക്കുമ്പോള്‍ ഡോക്ടര്‍ ചേട്ടനെ വിളിച്ചു പറഞ്ഞു..ഉടനെ കടിച്ച പാമ്പിന്‍െറ ഡെഡ്ബോഡി കൊണ്ടുവരിക.അങ്ങനെ പാമ്പിന്‍െറ ഡെഡ്ബോഡി എത്തി....അതിനെ കണ്ട് എല്ലാവരും വിധിയെഴുതി....ഇത് വിഷപാമ്പല്ല...എങ്കിലും ഉറപ്പുപറയാന്‍ പറ്റില്ല.നേരം പുലരുംവരെ എന്നെ നിരീക്ഷണ വിധേയമാക്കണം.അങ്ങനെ കൂടി നിന്നവര്‍ ചിലര്‍ സന്തോഷത്തോടെയും,മറ്റുചിലര്‍ തെല്ലുനിരാശയോടെയും പിരിഞ്ഞു പോയി...
അന്നുരാത്രി ഒരുപോളകണ്ണടക്കാന്‍ എന്നെ നഴ്സുമാര്‍ അനുവദിച്ചില്ല.നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അന്നത് സത്യമായി ഭവിച്ചു.അന്നെനിക്ക് അത്താഴവും ഉറക്കവും നഷ്ടമായി... നേരം പുലര്‍ന്നിട്ടും ഞാന്‍ മരിച്ചൂല്ല. പക്ഷേ..... ഇന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നെ കടിച്ചത് നീര്‍ക്കോലി അല്ലെന്ന്..അതിനു കാരണങ്ങള്‍ ധാരാളം...ഒന്ന്...വിഷപാമ്പുകള്‍ കടിക്കുമ്പോഴാണ് രണ്ടു പല്ലിന്‍െറ പാടുണ്ടാവുക..അല്ലാത്തവ കടിച്ചാല്‍ രണ്ടിലധികം പാടുകള്‍ കാണും.രണ്ട്.....കൊടും വേനലില്‍ എല്ലായിടത്തും വെള്ളംവറ്റിവരണ്ട് കിടക്കുമ്പോള്‍ എവിടെന്നാ നീര്‍ക്കോലി വരുന്നേ?മൂന്ന്......ഇനി അഥവാ നീര്‍ക്കോലിയാണെങ്കില്‍ അതങ്ങനെ കടിയേറ്റ ആളെത്തേടി തിരിച്ചു വരുമോ?അപ്പോള്‍ പിന്നെ ഞാന്‍ എന്തു കെണ്ട് മരിച്ചില്ല.......പാമ്പുകള്‍ ഏതേലും ഒരു ജീവിയെ കടിച്ചാല്‍ പിന്നെ കുറെ കഴിഞ്ഞെ വിഷഗ്രന്ധിയില്‍ വിഷം ഉല്പാദിപ്പിക്കപ്പെടൂ അത്രെ....അപ്പോള്‍ എനിക്ക് മുമ്പേആ പാമ്പ് ഏതേലും ജീവിയെ കടിച്ചു കാണും. എനിക്ക് കിട്ടിയ അറിവാണൂട്ടോ........അതാവും ഞാന്‍ മരിക്കാതിരുന്നത്....
അടുത്തൊരു ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് സത്യത്തില്‍ ഞാന്‍ ഞെട്ടി....പാമ്പ് കടിച്ചെന്നു കരുതി കാലില്‍ കമ്പ് കൊണ്ടൊരു സ്ത്രീ പേടിച്ച് അറ്റാക്ക് വന്നുമരിച്ചൂന്ന്....ഞാന്‍ അപ്പോള്‍ എന്‍െറ കാര്യമോര്‍ത്ത് ചിരിച്ചുപോയി.....എന്നെ കടിച്ച ആ പാവം പാമ്പ് ഇഹലോകവാസം വെടിഞ്ഞു... ഞാനിപ്പോഴും സസുഖം ജീവിക്കുന്നു....
ജുനോ ട്രെസ

മാനസാന്തരം


~~~~~~~~~~~~~~~~~~~~
കോടീശ്വരനായ പാലക്കുന്നേല്‍ ജോസിനും,ഭാര്യ ആലീസിനും വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ പിറന്ന കുഞ്ഞായിരുന്നു അലക്സ്.അവരവനെ താഴത്തും തലയിലും വയ്ക്കാതെ വളര്‍ത്തി.ഒന്നിനും ഒരു കുറവും ഉണ്ടാകാതെയാണ് അവരവനെ വളര്‍ത്തിയത്.പക്ഷേ അവന്‍ വളര്‍ന്ന് യുവാവായപ്പോള്‍ അവന്‍െറ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി.അവന്‍െറ പണം കണ്ട് ധാരാളം സുഹൃത്തുക്കള്‍ അടുത്തുകൂടി.മദ്യപാനത്തിലും മറ്റുപല വഴിവിട്ട ബന്ധങ്ങളിലും അവന്‍ ചെന്നുപ്പെട്ടു.എന്നും കുടിച്ച് ബോധമില്ലാതെ അവന്‍ വീട്ടില്‍ വന്നുതുടങ്ങി..അതോടെ ജോസും ആലീസും മാനസികമായി തകര്‍ന്നു.മകനെ നേര്‍വഴിക്കു കൊണ്ടുവരാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും വിഫലമായി...
അവന് 25വയസ്സായപ്പോള്‍ ജോസും ഭാര്യയും കൂടി അവന് വിവാഹാലോചന തുടങ്ങി.ഒരു വിവാഹത്തോടെ അവന്‍െറ സ്വഭാവത്തില്‍ മാറ്റംവരുമെന്നവര്‍ പ്രതീക്ഷിച്ചു.ഇക്കാര്യം അലക്സിനോടു പറഞ്ഞപ്പോള്‍ ആദ്യമൊന്നും അവന്‍ സമ്മതിച്ചില്ല.ആലീസിന്‍െറ നിരന്തരമായ കണ്ണീരിനുമുമ്പില്‍ ഒടുവില്‍ അലക്സ് പാതി സമ്മതം മൂളി.പിന്നെ കല്ല്യാണ ആലോചനകളുടെ ബഹളമായിരുന്നു.പക്ഷേ അലക്സിനെ കുറിച്ചറിഞ്ഞ പെണ്‍വീട്ടുകാര്‍ ആരുംതന്നെ അവനുമായുള്ള ഒരു ബന്ധത്തിനു തയ്യാറായില്ല.അങ്ങനെ വര്‍ഷങ്ങള്‍ പലതു കടന്നുപോയി.സമ്പത്തും സൗന്ദര്യവും ഉണ്ടായിരുന്നിട്ടും 30വയസ്സായിട്ടും അലക്സിന് വിവാഹം ഒന്നും ശരിയായില്ല.
ആലീസ് കണ്ണീരോടെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.ആ വര്‍ഷത്തെ ഇടവക പെരുന്നാളിനു ആലീസ് തന്‍െറ പരിചയക്കാരിയായ മേഴ്സിയുടെ കൂടെ ഒരു പെണ്‍കുട്ടിയെ കണ്ടു.ഒറ്റനോട്ടത്തില്‍ തന്നെ ആലീസിനവളെ വല്ലാതെ ഇഷ്ടപ്പെട്ടു.മേഴ്സിയോട് ആലീസ് അവളെകുറിച്ച് അന്വേഷിച്ചു.തന്‍െറ സഹോദരന്‍ മാത്യുവിന്‍െറ നാലുപെണ്‍മക്കളില്‍മൂത്തവള്‍ നീനയാണതെന്നും, പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ബിരുദത്തോടെ വീട്ടിലെ ബുദ്ധിമുട്ടുകാരണം പഠിത്തം നിറുത്തി ഒരു പ്രെെവറ്റ് സ്ഥാപനത്തില്‍ ജോലിക്കു പോകുകയാണെന്നും താഴെയുള്ള മൂന്നുകുട്ടികള്‍ പഠിക്കുകയാണെന്നും പറഞ്ഞു.24വയസ്സായി നീനക്ക്.വിവാഹാലോചനകള്‍ ധാരാളം വരുന്നുണ്ടെങ്കിലും വരുന്നവര്‍ ചോദിക്കുന്ന പൊന്നും പണവും കൊടുക്കാന്‍ ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു സാധാരണ കര്‍ഷകനായ മാത്യുവിനു കഴിഞ്ഞില്ല. അങ്ങനെ വരുന്ന ആലേചനകള്‍ മുടങ്ങി പോകുന്നു.നല്ല വിനയവും സ്നേഹവും ഉള്ളവള്‍ ആയിരുന്നു നീന.കാണാനും സുന്ദരി.പക്ഷേ വരുന്നവര്‍ക്ക് അതൊന്നും അല്ല വേണ്ടിയിരുന്നത്.
ആലീസ് അന്നൊരു പുതിയൊരു തീരുമാനത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.തന്‍െറ മകനു വേണ്ടി നീനയെ വിവാഹം ആലോചിക്കണം.ഇവള്‍ക്ക് അലക്സിനെ മാറ്റിയെടുക്കാന്‍ സാധിക്കും...അന്ന് രാത്രി ആലീസ് ജോസിനോട് ഇതെകുറിച്ച് പറഞ്ഞു. കേട്ടപ്പോള്‍ ജോസിനും താല്പര്യമായി.പണം ഇല്ലെന്ന കുറവല്ലേയുള്ളൂ..അത് നമ്മുക്കു വേണ്ടുവോളം ഉണ്ടല്ലോ... ജോസ് പറഞ്ഞു.
അങ്ങനെ മേഴ്സി വഴി അലക്സിന്‍െറ വിവാഹാലോചന നീനയുടെ വീട്ടിലെത്തി.മേഴ്സി മാത്യുവിനോട് അലക്സിന്‍െറ കുടുംബപശ്ചാത്തലം വിവരിച്ചു.നാലഞ്ചു ബിസിനസ്സ് സ്ഥാപനങ്ങളും എസ്റ്റേറ്റുകളും,വലിയൊരു കൊട്ടാരം പോലുള്ള വീടും കാറുകളും,വീട്ടില്‍ മൂന്നാലു ജോലിക്കാരും അങ്ങനെ എല്ലാം. അവസാനം അലക്സിനെ കുറിച്ചും.അലക്സിനെകുറിച്ചറിഞ്ഞ മാത്യു പറഞ്ഞു...എന്‍െറ മോള്‍ ഒരിക്കലും വിവാഹം കഴിക്കാതെ ഇവിടെ നില്ക്കേണ്ടി വന്നാലും ഇങ്ങനൊരു ബന്ധം അവള്‍ക്കു വേണ്ട.അങ്ങനെ ആ ആലോചന അവിടെ അവസാനിപ്പിച്ചുവെങ്കിലും, ആലീസ് അതില്‍ നിന്നു പിന്‍മാറിയില്ല.അടുത്തൊരു ദിവസം തന്നെ ആലീസ് ജോസിനേയുംക്കൂട്ടി നീനയുടെ വീട്ടിലെത്തി.മാത്യുവിന്‍റടുത്ത് വീണ്ടും വിവാഹാലോചനടത്തി.മാത്യൂ തന്‍െറ നിലപാടില്‍ ഉറച്ചു നിന്നതേയുള്ളൂ..പക്ഷേ..ജോസും ആലീസും മകനുവേണ്ടി എന്തിനും തയ്യാറായിരുന്നു.അവര്‍ പല വാഗ്ദാനങ്ങളും നല്കി.നീനക്ക് താഴെയുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കാമെന്നും വിവാഹപ്രായമാകുമ്പോള്‍ അവരുടെ വിവാഹം നടത്താമെന്നും,അവരുടെ പഴക്കംച്ചെന്ന വീട് പൊളിച്ച് പുതിയത് പണിതുതരാമെന്നും അങ്ങനെ പലതും..അവസാനം മാത്യു പറഞ്ഞു ഞാന്‍ മോളോട് ചോദിക്കട്ടെ......അവള്‍ക്കു താല്പര്യമാണെങ്കില്‍ മാത്രം നമ്മുക്കിത് ആലോചിക്കാം.
അങ്ങനെ നീനയോട് എല്ലാകാര്യങ്ങളും മാത്യു പറഞ്ഞു.എല്ലാം കേട്ടിട്ടവള്‍ പറഞ്ഞു....എനിക്ക് സമ്മതമാണപ്പച്ചാ.....അപ്പച്ചന്‍ അവര്‍ക്ക് വാക്കുകൊടുത്തോളൂ.....വിശ്വാസം വരാതെ മാത്യു മോളെ നോക്കി....അവള്‍ തുടര്‍ന്നു....എന്‍െറ അപ്പച്ചന്‍ ഞങ്ങള്‍ക്കു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നത് ഞാന്‍ ഓര്‍മ്മവച്ച നാള്‍മുതല്‍ കാണുന്നതാ......ഇനിയും അപ്പച്ചന്‍ കഷ്ടപ്പെടുന്ന കാണാന്‍ വയ്യ.ഈ വിവാഹം കൊണ്ട് ഈ കുടുംബവും എന്‍െറ അനിയത്തിമാരും രക്ഷപ്പെടുമെങ്കില്‍ അതില്‍ പരം സന്തോഷം എനിക്കു വേറെയില്ല....അങ്ങനെ ആ വിവാഹം തീരുമാനിക്കപ്പെട്ടു..പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.അടുത്ത ഞായറാഴ്ച പെണ്ണുകാണല്‍ നടന്നു...ഒരു ചങ്ങിനുവേണ്ടി മാത്രം..ഒരു മാസത്തിനുള്ളില്‍ വിവാഹവും.
ഒരു സ്വപ്നലോകത്ത് എത്തിപ്പെട്ട പോലായിരുന്നു നീന.കൊട്ടാരം പോലുള്ള വലിയ വീട്... വീട്ടില്‍ നിറയെ ജോലിക്കാര്‍..മൂന്നാലു കാറുകള്‍...ആ വീട്ടിലെ അടുക്കളയുടെ വലിപ്പം പോലുമില്ലാത്ത തന്‍െറ വീടാണവള്‍ക്ക് ഓര്‍മ്മവന്നത്..ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും എല്ലാം തിരക്കൊഴിഞ്ഞപ്പോള്‍ രാത്രിയായി.ആലീസ് അവളെ മണിയറയില്‍ കൊണ്ടാക്കി..അതിനു മുമ്പ് ആലീസ് അവളോട് പറഞ്ഞു..``മോളെ..അലക്സിനെ കുറിച്ചെല്ലാം മോള്‍ക്കറിയാല്ലോ?അവനെ മോള് വേണം മാറ്റിയെടുക്കാന്‍.. മോള്‍ക്ക് അതിനു കഴിയും...അവള്‍ അതുകേട്ട് മെല്ലെ തലയാട്ടി. അവളും മനസ്സില്‍ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നു.ആ തീരുമാനത്തെ ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചാണവള്‍ മണിയറയില്‍ കയറിയത്......
പക്ഷേ...അവള്‍ മനസ്സില്‍ കരുതിയതിലും ഭീകരമായ ഒരു അവസ്ഥയിലായിരുന്നു അലക്സ്.കുടിച്ച് യാതെൊരു ബോധവുമില്ലാതെ ബഡ്ഡില്‍ കിടക്കുന്ന അലക്സിനെ കണ്ട അവളുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നുപോയി..അവള്‍ മുറിയില്‍ വന്നതൊന്നും അയാള്‍ അറിഞ്ഞില്ല.കുറെ നേരം എന്തുചെയ്യണമെന്നറിയാതെ അവള്‍ നിന്നു.പിന്നെ കട്ടിലിന്‍െറ അരികുപ്പറ്റി അവള്‍ കിടന്നു.അവള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല.ഒരു പെണ്ണിന്‍െറ ജീവിതത്തിലെ ഏറ്റവുംമനോഹരമായ ഒരു ദിവസം...വിവാഹരാത്രി...ഇങ്ങനെ ഒരവസ്ഥ ഏതെങ്കിലും പെണ്ണിനുണ്ടായി കാണുമോ? അവള്‍ അറിയാതെ മിഴികള്‍ നിറഞ്ഞൊഴകി.കരഞ്ഞുകരഞ്ഞ് തലയണ കുതിര്‍ന്നു...ഇതൊന്നും അറിയാതെ അയാള്‍ അപ്പോഴും ഗാഢനിദ്രയിലായിരുന്നു.
പിന്നീടുള്ള ദിനരാത്രങ്ങള്‍ അവള്‍ക്ക് കണ്ണീരിന്‍േതായിരുന്നു.ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ആയിരുന്നു അലക്സില്‍ നിന്നവള്‍ക്ക് നേരിടേണ്ടി വന്നത്.അതിനിടയില്‍ എപ്പോഴൊക്കെയോ അയാള്‍ അവളെ കീഴ്പ്പെടുത്തിയിരുന്നൂ.അതിനേക്കാളൊക്കെ അവളെ വേദനിപ്പിച്ചത് അന്യസ്‌ത്രീകളുമായി അയാള്‍ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങള്‍ ആയിരുന്നു.ഒരിക്കല്‍ അതെ കുറിച്ച് ചോദിച്ചതിന് അയാള്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു..``എന്‍െറ സ്വാതന്ത്രത്തില്‍ കെെകടത്താന്‍ നീ വരരുത്...ഞാന്‍ എന്‍െറ ഇഷ്ടംപോലെ ജീവിക്കും..എന്നെ ഉപദേശിച്ച് നന്നാക്കാമെന്ന് വല്ല വിചാരമുണ്ടേല്‍ അതിന്നത്തോടെ മാറ്റിയേക്കണം..അയാള്‍ അലറി...,’’,അന്ന്മുഴുവന്‍ കരഞ്ഞുകരഞ്ഞവളുടെ കണ്ണീര്‍ വറ്റി.അന്നവള്‍ ഒരു തീരുമൊനമെടുത്തു.താന്‍ തന്നെ തിരഞ്ഞെടുത്ത ജീവിതമാണിത്.തന്‍െറ കുടുംബത്തിനുവേണ്ടി.അതു കെണ്ട് സഹിക്കുക എല്ലാം.പിന്നീടവള്‍ അയാളുടെ ഒരു കാര്യങ്ങളിലും ഇടപെടാതെ ജീവിച്ചു.തന്‍െറ ഭര്‍ത്താവ് അന്യസ്ത്രീകളുടെ കൂടെയാണെന്നറിഞ്ഞിട്ടും അവള്‍ എല്ലാം നിശബ്ദം സഹിച്ചു.
വര്‍ഷങ്ങള്‍ അഞ്ചു കടന്നുപോയി.അവര്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു.അവന് മൂന്നു വയസ്സായി.ഒരിക്കല്‍ പോലും അലക്സ് തന്‍െറ കുഞ്ഞിനെ കെെയ്യില്‍ എടുക്കുകയൊ ലാളിക്കുകയോ ചെയ്തിട്ടില്ല.വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരാഴ്ചയൊക്കെ കഴിഞ്ഞാണ് അലക്സ് തിരികെ വരാറ്..അവള്‍ ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല എവിടെയായിരുന്നെന്ന്..അന്നൊരു ശനിയാഴ്ചയായിരുന്നു.അലക്സ് വീട്ടില്‍ നിന്നും പോയിട്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിരൂന്നു.അന്ന് ജോസിന് തിരുവനന്തപുരത്തു നിന്ന് ഒരു കോള്‍ വന്നു.തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലില്‍ നിന്നും അലക്സിനെ ഒരു സ്ത്രീയ്ക്കൊപ്പം റെയ്ഡ് ചെയ്തിരിക്കുന്നു.വേഗം അവിടെ എത്തണം.നീനയോട് പറയണമോയെന്ന് ജോസ് ആലോചിച്ചു.ഒരു ഭാര്യക്കും ഇത് സഹിക്കാന്‍ കഴിയില്ല.എങ്കിലും ജോസ് പറയാന്‍ തന്നെ തീരുമാനിച്ചു.കാരണം നീനയെ ജോസിനറിയാമായിരുന്നു. എന്തും നേരിടാനുള്ള കരുത്തവള്‍ക്കുണ്ട്.അയാള്‍ അവളെ വിളിച്ച് കാര്യം പറഞ്ഞു.അതുകേട്ട ആലീസ് കരച്ചില്‍ തുടങ്ങി.പകഷേ..നീനക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.എന്നെങ്കിലും അവള്‍ ഇതു പ്രതീക്ഷിച്ചിരുന്നപോലെ....ജോസ് ഉടനെ വണ്ടിയെടുത്ത് തിരുവനന്തത്തിനു തിരിച്ചു.
അന്ന് പാതിരാവായി ജോസ് അലക്സിനെ ജാമ്യത്തിലെടുത്ത് വീടെത്തുമ്പോള്‍.വാതില്‍ തുറന്നത് നീനയായിരുന്നു.പതിവില്ലാത്തവിധം അലക്സിന്‍െറ മുഖം താഴ്ന്നിരുന്നു.നീനയെ അഭിമുഖികരിക്കാനാവാതെ അയാള്‍ നേരെ മുറിയിലേക്ക് പോയി.പക്ഷേ നീന പതിവുപോലെ പുഞ്ചിരിച്ചു കൊണ്ട് അയാളുടെ പിറകെ ചെന്ന് വിളിച്ചു.അച്ചായാ......അയാള്‍ അവളുടെ മുഖത്തു നോക്കാതെ മൂളി....ബാത്ത്റൂമില്‍ വെള്ളംചൂടാക്കി വച്ചിട്ടുണ്ട് പോയി കുളിച്ചിട്ടു വാ....ഞാന്‍ ആഹാരം എടുത്തുവക്കാം...അയാള്‍ ബാത്ത്റൂമില്‍ കയറിയപ്പോള്‍ പതിവുപോലെ തനിക്കുള്ള വെള്ളം ചൂടാക്കി വച്ചിരുന്നു.കുളികഴിഞ്ഞു ഡെെനിങ്ങ് റൂമിലെത്തിയപ്പോള്‍ തനിക്കുള്ള ആഹാരം വിളമ്പി വച്ച് നോക്കിയിരിക്കുകയായിരുന്നു നീന.അയാള്‍ അവളെ നോക്കി.അവള്‍ക്ക് യാതൊരു ഭാവമാറ്റവും ഇല്ല.അവള്‍ സ്നേഹത്തോടെ അയാള്‍ക്ക് ആഹാരം വിളമ്പികൊടുത്തു.അലക്സ് കഴിച്ചെന്നു വരുത്തി എണീറ്റു കെെകഴുകി നേരെ റൂമിലേക്ക് പോയി.
അവള്‍ റൂമിലെത്തുമ്പോള്‍ അയാള്‍ പുറംതിരിഞ്ഞ് കിടക്കുകയായിരുന്നു.പതിവുപോലെ ലെെറ്റണച്ച് കട്ടിലിനരികുപറ്റി അവളും കിടന്നു.അയാള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല.കുറ്റബോധം അയാളെ വല്ലാതെ വേട്ടയാടി..അയാള്‍ ചിന്തിച്ചു..ഒരു ഭാര്യക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല സംഭവിച്ചിരിക്കുന്നത്.എന്നിട്ടും അവള്‍ അതെകുറിച്ച് എന്തെങ്കിലും ചോദിക്കുകയോ തന്നെ കുറ്റപ്പെടുത്തി ഒരു വാക്ക് പറയുകയോ ചെയ്തില്ല..അങ്ങനെ ചെയ്തിരുന്നേല്‍ താനിങ്ങനെ നീറില്ലായിരുന്നു.അവള്‍ ഉറങ്ങികാണുമോ?അയാള്‍ ചിന്തിച്ചു.നീനേ.....അയാള്‍ പതിയെ വിളിച്ചു..അവള്‍ ഉറങ്ങിയിരുന്നില്ല.ആശ്ചര്യത്തോടെയും അതിലേറെ സന്തോഷത്തോടെയും ആണ് അവളതുകേട്ടത്.അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനൊരു വിളി കേള്‍ക്കുന്നത്..എന്തോ... അവള്‍ വിളികേട്ടു.ഇത്ര വലിയൊരു തെറ്റുഞാന്‍ ചെയ്തിട്ടും നീ എന്താ അതെ കുറിച്ച് ഒന്നും ചോദിക്കാത്തത്.അവള്‍ തിരിഞ്ഞ് അയാള്‍ക്കഭിമുഖമായി കിടന്നു.ബെഡ്ഡ്റൂമിലെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതവള്‍ കണ്ടു.അതവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല....അവള്‍ അയാളുടെ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു....എന്‍െറ അച്ചായന്‍െറ സന്തോഷം എന്താണെങ്കിലും അതു ഞാന്‍ ചോദ്യം ചെയ്യില്ല.അച്ചായന്‍ ദാനം തന്ന ജീവിതമാണ് എന്‍േത്..അത് കേട്ടതോടെ അയാളുടെ സകലനിയന്ത്രണവും നഷ്ടപ്പെട്ടു..അയാള്‍ അവളെ തന്നിലേക്ക്ചേര്‍ത്തണച്ചു കൊണ്ട് പറഞ്ഞു.എന്‍െറ ജീവിതത്തില്‍ ഇനി നീയല്ലാതെ മറ്റൊരു പെണ്ണുണ്ടാവില്ല.ഞാനിനി നിനക്കും,നമ്മുടെ മോനും,നമ്മുടെ മാതാപിതാക്കള്‍ക്കും വേണ്ടി ജീവിക്കും.നീ എന്‍െറ കണ്ണു തുറപ്പിച്ചു.അതുകേട്ട് അവളയാളെ ഇറുകെ പുണര്‍ന്നു..അന്നു മുതല്‍ അയാള്‍ ഒരു പുതിയ മനുഷ്യനായ് മാറുകയായിരുന്നു....................

By 
Juno Treza

ഒരു മഞ്ഞുകാലത്തിന്‍റെ ഒാര്‍മ്മ


ഒരു മഞ്ഞുകാലത്തിന്‍റെ ഒാര്‍മ്മ
ഡിസംബറിലെ ഒരു പുലര്‍കാലം....
തലേന്ന്പെയ്ത ചാറ്റല്‍മഴയും ഡിസംബറിലെ മഞ്ഞും കൂടിയായപ്പോള്‍ വല്ലാത്ത തണുപ്പായിരുന്നു.രാവിലെ എഴുന്നേല്‍ക്കാന്‍ മടിതോന്നി.അങ്ങനെ ചുരുണ്ടുകൂടി കിടക്കാന്‍ നല്ലസുഖം.....
പക്ഷേ എഴുന്നേറ്റല്ലേ പറ്റൂ...നന്ദിനി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.ദേവേട്ടന്‍ അടുത്ത് പുതച്ചുമൂടി കിടപ്പുണ്ട്.സമയം 6മണി ആയെങ്കിലും പുറത്ത് വെട്ടം വീഴുന്നേയുള്ളൂ..ദേവേട്ടന്‍ എഴുന്നേല്‍ക്കാന്‍7മണിയാകും.8.30ആകുമ്പോള്‍ രണ്ടാള്‍ക്കും ഒാഫീസിലേക്ക് ഇറങ്ങേണ്ടതാ...ദേവേട്ടന്‍െറ ഒാഫീസില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട് തന്‍െറ ഒാഫീസിലേക്ക്. എങ്കിലും എന്നും ദേവേട്ടനാ തന്നെ ഒാഫീസില്‍ വിടാറ്.വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ.7മണിക്കെണീറ്റാലുടന്‍ ദേവേട്ടന്‍ അടുക്കളയില്‍ എത്തും.ചായകുടിച്ച് അത്യാവശ്യം ജോലികളില്‍ തന്നെ സഹായിക്കും. അതുകൊണ്ട് തനിക്ക് പരിഭവവുമില്ല.എന്തായാലും തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെ തന്നെ കിട്ടിയതിന് ദെെവത്തിന് നന്ദി..
നന്ദിനി വേഗം ചായയുണ്ടാക്കാന്‍ അടുപ്പില്‍ വച്ചു.ബ്രഷ് ചെയ്തുവന്നപ്പോള്‍ ചായ തിളച്ചു. അതുവാങ്ങിവച്ചിട്ട് ബ്രേക്ക്ഫാസ്റ്റിനുള്ള ചപ്പാത്തിമാവ്കുഴച്ചുവച്ചു. കറിക്കുളള പച്ചക്കറികള്‍ തലേന്നാള്‍ വൃത്തിയാക്കി ഫ്രിഡ്ജില്‍ വച്ചിരുന്നത് അടുപ്പില്‍ വച്ചു.നോക്കുമ്പോള്‍ സമയം 6.45ആയി..ഒാ...ഈ സമയത്തിന്‍െറ ഒരോട്ടം...പുറത്ത് നേരം നന്നായി പുലര്‍ന്നു..അവള്‍ ജനാലകള്‍ പതിയെ തുറന്നു...അപ്പോള്‍ പുറത്തൂന്ന് തണുപ്പു അകത്തേക്ക് അരിച്ചുകയറി..പുറത്ത് സൂര്യരശ്മികള്‍ വീണുതുടങ്ങിയിരിക്കുന്നു.തലേന്നത്തെ മഴയില്‍ നനഞ്ഞ ഇലകളില്‍ മഴത്തുള്ളികള്‍ പറ്റിയിരുന്ന് വെെഡൂര്യമുത്തുകള്‍ പോലെ തിളങ്ങുന്നു..എന്താഭംഗി.....വെറുതെ അതിനെ കെെയ്യിലെടുക്കാന്‍ ഒരുമോഹം.വേഗം വാതില്‍ തുറന്നുചെന്ന് ഇലകണങ്ങളില്‍ നിന്ന് മഴത്തുള്ളികള്‍ കോരിയെടുത്തു.കെെതൊട്ടപ്പോള്‍ അവയെല്ലാം താഴെവീണു ചിതറി.....അതോടൊപ്പം ഒാര്‍മ്മകള്‍ പിറകിലേക്ക്പോയി...
ഇതുപോലൊരു മഞ്ഞുകാലം.താനന്ന് പത്താം ക്ളാസ്സില്‍ പഠിക്കുവാ...രാവിലെ കുളിച്ചൊരുങ്ങി നാട്ടിലെ ചെമ്മണ്‍ പാതയിലൂടെ അമ്പലത്തിലേക്കുള്ള യാത്ര...പാതക്കിരുവശവും നിറയെ ചെടികളാണ്..അന്നും തലേദിവസം ചാറ്റല്‍മഴ പെയ്തിരുന്നു.രാവിലത്തെ സൂര്യപ്രകാശത്തില്‍ ചെടികളിലെ ഇലകളില്‍ മഴത്തുള്ളികള്‍ പറ്റിപിടിച്ചിരുന്ന് തിളങ്ങുന്നു.വല്ലാത്ത കൊതിതോന്നി ആ മഴത്തുള്ളികളെ എല്ലാം കെെയ്ക്കുള്ളിലാക്കി അങ്ങനെ വഴി തീരുംവരെ നടന്നു.പെട്ടന്നതാ....ഒരാള്‍ മുന്നില്‍....നോക്കുമ്പോള്‍ ശ്യാമേട്ടന്‍....തന്‍െറ കൂട്ടുകാരി ശ്രുതീടെ ഏട്ടനാ..എപ്പോള്‍ അവളുടെ അടുത്തുചെന്നാലും കക്ഷി തന്നെ നോക്കുന്നകണ്ടിട്ടുണ്ട്..എങ്കിലും അറിഞ്ഞഭാവം കാണിച്ചിട്ടില്ല.വല്ല്യ ഗമക്ക് നടന്നിട്ടേയുള്ളൂ.എങ്കിലും ഉള്ളിനുള്ളില്‍ ആ നോട്ടം ഒരു സുഖം തന്നിരുന്നു...ഇപ്പോള്‍ ദാ....മുമ്പില്‍...അറിയാതെ നെഞ്ചൊന്നിടിച്ചു.വഴിമാറി പോകാന്‍ തുടങ്ങീപ്പോള്‍ ഒരുവിളി...നന്ദൂ......... തന്നെ എല്ലാരും സ്നേഹത്തോടെ അങ്ങനാ വിളിക്കാറ്.പെട്ടെന്നറിയാതെ നിന്നുപോയി..ശ്യാമേട്ടന്‍ അടുത്തേക്ക് വരുന്തോറും നെഞ്ചിടിപ്പ് കൂടിവന്നു.അടുത്തുവന്ന് ഒരു ചെറിയ കവര്‍ തന്‍െറ നേരെ നീട്ടി.യാന്ത്രികമായി അതുവാങ്ങുമ്പോള്‍ കെെകള്‍ വിറക്കുന്നുണ്ടായിരുന്നു.പിന്നെ അവിടെ നിന്നില്ല...ഒരോട്ടമായിരുന്നു....
വീട്ടിലെത്തി ആരുംകാണാതെ ആ കവര്‍ തുറന്നു.അതിനുള്ളില്‍ ഒരു ന്യൂ ഇയര്‍ ആശംസാകാര്‍ഡും ഒരുതുണ്ടുകടലാസും..വിറയാര്‍ന്ന കെെകളോടെ അതെടുത്തുവായിച്ചു. ``നന്ദൂ...എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്....നിന്‍െറ മറുപടിക്കായ് കാത്തിരിക്കും...സ്നേഹത്തോടെ ശ്യാം. അത്രമാത്രം...മതീല്ലോ..... അന്ന് ക്ളാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റീല്ല..വീട്ടിലെത്തീട്ടോ ഉണ്ണാനുംവയ്യ ഉറങ്ങാനും വയ്യാത്ത അവസ്ഥ.അമ്മ ചോദിക്കുന്ന കേട്ടു ``ഈ കുട്ടിക്കിതെന്താ പറ്റ്യേ...... ഒന്നും മിണ്ടാതെ പോയികിടന്നു.
ദിവസങ്ങള്‍ കഴിഞ്ഞുപോയി.. ശ്യാമേട്ടന് ഒരു മറുപടി കൊടുക്കാനുള്ള ധെെര്യം വന്നില്ല.ആദ്യപ്രണയ ലേഖനം......അങ്ങനെ പറയാന്‍ പറ്റില്ലേലും...അതെടുത്ത് ഇടക്കിടെ നോക്കും..ആരും കാണാതെ ഒരു മയില്‍പീലി തുണ്ടുപോലെ അതു സൂക്ഷിച്ചുവെച്ചു. പിന്നീട് പലപ്പോഴും ശ്യാമേട്ടനെ കണ്ടെങ്കിലും മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി..പത്താം ക്ളാസ്സ് പരീക്ഷ അടുത്തിരുന്നകൊണ്ട് പിന്നെ അതിലായി ശ്രദ്ധ മുഴുവന്‍...പിന്നീട് ശ്രുതി പറഞ്ഞറിഞ്ഞു ശ്യാമേട്ടന്‍ ജോലി ശരിയായി മുംബെെക്ക് പോയീന്ന്..അപ്പോള്‍ വല്ലാത്ത നഷ്ട ബോധം തോന്നി.പിന്നീട് റിസള്‍ട്ട് വന്നു പഠനത്തിനായി താനും നാട്ടീന്ന് പട്ടണത്തിലേക്ക് പോയി..അഞ്ചു വര്‍ഷങ്ങള്‍ ഒാടിയകന്നു...ഡിഗ്രി അവസാനവര്‍ഷം പഠിക്കുന്ന സമയം ഡിസംബറിലെ ഒരു അവധിക്ക് നാട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞറിഞ്ഞു ശ്യാമേട്ടന്‍െറ വിവാഹം കഴിഞ്ഞൂന്ന്...
അപ്പോള്‍ തനിക്ക് തന്‍െറ ആദ്യാനുരാഗത്തിന്‍ നഷ്ടബോധം തോന്നിയോ.....നന്ദൂ.........ദേവേട്ടന്‍െറ വിളി ഒാര്‍മ്മകളില്‍ നിന്നും തിരികെ എത്തിച്ചു.അടുക്കളയില്‍ തന്നെ കാണാതെ നോക്കിവന്നതാ...രാവിലെ താനിവിടെനിന്ന് സ്വപ്നം കാണുവാണോ??ദേവേട്ടന് മുഖംകൊടുക്കാതെ അടുക്കളയിലേക്ക് കയറി.പിറകെ ദേവേട്ടനും..എന്താടോ രാവിലെത്തന്നെ ഒരു ദിവാസ്വപ്നം കാണല്‍? ദേവേട്ടന്‍ വിടാന്‍ ഭാവമില്ല...ഏയ്......ഒന്നൂല്ല ദേവേട്ടാ...അപ്പോള്‍ ദേവേട്ടന്‍ തന്‍െറ താടി പിടിച്ചുയര്‍ത്തി കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് നെറ്റിയില്‍ ഒരുമ്മ തന്നു...ആ സ്നേഹത്തിനു മുമ്പില്‍ എല്ലാം മറന്ന് ആ മാറില്‍ ചാഞ്ഞു..ദേവേട്ടന്‍െറ കെെകള്‍ തന്നെ ചുറ്റി വരിയുന്നതവളറിഞ്ഞു..പുറത്തപ്പോള്‍ മഞ്ഞിന്‍ കണങ്ങളെ വകഞ്ഞുമാറ്റി സൂര്യകിരണങ്ങള്‍ ശക്തി പ്രാപിച്ചിരുന്നു.....

By: 
Juno Treza

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo