Showing posts with label Hilal Muhammed. Show all posts
Showing posts with label Hilal Muhammed. Show all posts

അമ്മ


അമ്മ
വെള്ള കീറും മുൻപേ അവരെഴുന്നേറ്റു, കട്ടിലിൽ ഭർത്താവിനെ നോക്കി... കണ്ടില്ല...
ഏട്ടനെഴുന്നേറ്റോ നേരത്തേ...?
ആത്മഗദം എന്നോണം ചോദിച്ച്‌ കൊണ്ട്‌, മുടി വാരി കെട്ടി കൈലി അഴിച്ചു മുറുക്കി ഉടുത്ത്‌ നെഞ്ചിലേക്ക്‌ തോർത്ത്‌ മുണ്ടെടുത്തിട്ട്‌ മുറിക്ക്‌ പുറത്തേക്കിറങ്ങി, എല്ലായിടവും ഒന്നൂടെ തന്റെ ഭർത്താവിനെ നോക്കി..
ഇതെവിടെ പോയി വെളുപ്പിനെ തന്നെ എഴുന്നേറ്റ്‌...?
രമേഷൻ മുതലാളി വിളിച്ചിട്ട്‌ പോയതാകും... തന്നത്താൻ പിറുപിറുത്ത് കൊണ്ട്‌ വീടിനു പിന്നിലേക്ക്‌ പോയി, മുറ്റമടിക്കാൻ ഈർക്കിൽ ചൂലിനായി...
രമേഷൻ മുതലാളിയുടെ ചിട്ടി കംബനിയിലെ ഡ്രൈവറാണു സുഗതൻ, ഭാര്യ മന്ദാകിനി, ഏക മകൻ മനു‌... ഡിഗ്രി പഠിത്തം കഴിഞ്ഞു നിൽക്കുന്നു...!
മുറ്റമടിയും കുളിയും കഴിഞ്ഞു അടുക്കളയിലേക്ക്‌ കയറി, ഓലമേഞ്ഞ കൂരക്ക്‌ മുകളിലേക്ക്‌ വെളുത്ത പുക ഉയർന്നു...!
അധികം വൈകാതെ ഒരു ചെറിയ സ്റ്റീൽ ഗ്ലാസ്സിൽ ചായയുമായിട്ട്‌ മുൻവാതിലിലൂടെ മന്ദാകിനി പുറത്തേക്ക്‌ വന്നു, വേലിപത്തലുകൾക്ക്‌ അപ്പുറത്തോ, വഴിയിലെങാനുമോ ചേട്ടനുണ്ടോ എന്നു വിഫലമായ ഒരു നോട്ടമെറിഞ്ഞ്‌ ചായ ഗ്ലാസ്സ്‌ ഭദ്രമായി അടച്ച്‌ വെച്ച്‌ തിരികെ അകത്തേക്ക്‌ പോയി...!
പുകച്ചുരുളുകൾ ഓലക്കൂരയിലൂടെ ഉയർന്നു കൊണ്ടേയിരുന്നു, കൃത്യമായ ഇടവേളകളിൽ വാതിൽക്കൽ വന്നു വഴിയിലേക്ക്‌ നോട്ടമെറിഞ്ഞു അകത്തേക്ക്‌ പോകുന്നുണ്ട്‌ അവർ..!
"ശ്ശെടാ... പോ കോഴീ അവിടുന്നു, എന്തെലുമൊന്നു നട്ടു നനച്ച്‌ പ്രാണൻ വെക്കുംബോഴേക്കും ചുവടു മാന്താൻ വന്നോളും എവിടുന്നേലുമോക്കെ, നാശം" അടുക്കള തോട്ടത്തിൽ കേറിയ കോഴിയെ ഓടിച്ചതാണു, വീണ്ടും ജോലിയിൽ മുഴുകി...
ഊണുകാലമായിരിക്കുന്നു, മന്ദാകിനിയുടെ കാത്തിരിപ്പിനുത്തരം കൊടുക്കാൻ ഇതുവരെയും സുഗതനെത്തിയിട്ടില്ല...!
ചേട്ടന്റെ വരവ്‌ താമസിച്ചെങ്കിലും പതിവ്‌ തെറ്റാതെ പാത്രത്തിൽ ചോറും കറികളും തയാറായി ഉമ്മറത്തെട്ടിയിട്ടുണ്ട്‌...
നേരം ഉച്ച തിരിഞിരിക്കുന്നു,
മനു വീട്ടിലേക്ക്‌ കടന്നു വന്നു, വൃത്തിയായി കിടക്കുന്ന മുറ്റവും പരിസരവും കണ്ട്‌ ആശ്ചര്യത്തോടെയാണു നടപ്പ്‌, വീടിന്റെ തിണ്ണയിലേക്ക്‌ കടന്നതും
"ഞാൻ വന്നിട്ട്‌ ചോറു വിളംബിയാൽ പോരായിരുന്നോ അമ്മേ, ഇതെന്തിനാ ഇങ്ങനെ പുറത്ത്‌ വെച്ചേക്കുന്നത്‌" ?
അൽപ്പം നീരസത്തോടെ മനു അതും പറഞു കൊണ്ട്‌ അകത്തേക്ക്‌ കയറി..
" അതിനിപ്പോ ആരാ നിനക്ക്‌ വിളംബിയത്‌? അത്‌ അച്ഛനു വിളംബിയതാ"...!
"രാവിലെ എഴുന്നേറ്റ്‌ പോയതാ, ഇതുവരെ വന്നിട്ടില്ലാ, എങ്ങടാ പോയേന്നു കൂടി പറഞ്ഞിട്ടില്ലാ, വരുംബോ ഉമ്മറത്ത്‌ ചോറു കണ്ടില്ലെൽ അത്‌ മതി..."
മനു മെല്ലെ കസേരയിലേക്ക്‌ ഇരുന്നു കൊണ്ട്‌ തന്റെ കയ്യിലെ പേപ്പർ ചുരുൾ നിവർത്തി....
" കാറും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവറും ചിട്ടി കംബനി മുതലാളിയും മരണപ്പെട്ടു"...
വാർത്തയിലെ തലക്കെട്ടിലൂടെ കണ്ണോടിച്ചു...
" പേപ്പറുകളുകൾക്കിടയിൽ നിന്നും മരണ സർട്ടിഫിക്കേറ്റും നോക്കി മനു അച്ഛന്റെ മരണം സ്ഥിരീകരിച്ചു"...!!
പുറത്തേക്ക്‌ നോക്കി, അച്ഛന്റെ അസ്ഥി തറയിലെ വിളക്കിൽ നിന്നും കരിന്തിരിയുടെ പുക ഉയർന്നു പൊങുന്നു", താനിപ്പോൾ നടന്നു വന്ന വഴിയും മുറ്റവും ആകെ കാട്‌ പിടിച്ച്‌ കിടക്കുന്നു, കാർമേഘങ്ങൾ ആകെ ഇരുട്ടു പടർത്തിയിരിക്കുന്നു, വരാൻ പോകുന്ന പേമാരിയുടെ ആഘാതം മനസ്സിലെവിടെയോ ഒരു ഇടിമിന്നൽ പോലെ അവനിലേക്ക്‌ പടരുന്നുണ്ട്‌..."
അമ്മ അപ്പോഴേക്കും അച്ഛനു വൈകിട്ടത്തേക്കുള്ള പലഹാരം ഉണ്ടാക്കാനുള്ള തിരക്കിലേക്ക്‌ കടന്നിരുന്നു....!!!
ഹിലാൽ മുഹമ്മദ്

ആണും, പെണ്ണും


ആണും, പെണ്ണും
എട്ട്‌ വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതാണു അവർ..!!
എല്ലാവരെയും പോലെ വിവാഹത്തിനു മുൻപ്‌ പാലും തേനുമായിരുന്നു അവനവൾ...!!
എല്ലാ കാര്യങ്ങൾക്കും അഭിപ്രായം ചോദിക്കുക, പറയുക, യാത്ര ചെയ്യുക, കൂടെ സമയം ചിലവഴിക്കുക തുടങ്ങി എല്ലാം വൃത്തിയായി നടന്നുകൊണ്ടുള്ളൊരു വർണ്ണാഭമായ പ്രണയം...!!
ഇന്നവർക്കൊരു കുഞ്ഞുണ്ട്‌...!!
പ്രസവം കോമ്പ്ളിക്കേറ്റഡ്‌ ആയിരുന്നു, ഒരുപാട്‌ വേദന തിന്നാണവളാ കുഞ്ഞിനെ പ്രസവിച്ചത്‌...
അതിനെ അവൻ നേരെ ചോവ്വേ കണ്ടോന്നു തന്നെ നിശ്ചയമില്ല...
ലേബർ റൂമിൽ കയറി ഒരു നോക്ക്‌ കണ്ടതാണു...!!
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ, ആശ്വാസത്തിന്റെ അവസാന തുള്ളി കണ്ണുനീർ അവൻ കണ്ടതായി ഭാവിച്ചതേ ഇല്ലാരുന്നു, ഒരു നോട്ടമെറിഞ്ഞു കൂട്ടുകാർക്കൊപ്പം യാത്ര പോയതാണു...!!
വഴക്കിടാൻ വേണ്ടി മാത്രം ഉള്ളതാണു അച്ഛനെന്നു കരുതിയിരുന്ന കുട്ടിക്കാലമായിരുന്നു അവളുടേത്‌... അമ്മയെ തല്ലുന്നത്‌ കാണാത്ത, തെറി വിളിക്കുന്നത്‌ കേൾക്കാത്ത ദിവസങ്ങൾ ചുരുക്കം...
ആ സാഹചര്യങ്ങൾ തന്നെ ആകണം അവൾക്ക്‌ അവനിലെ അഭിനേതാവിനെ കാണാൻ കഴിയാതെ പോയത്‌... അവനിലേക്ക്‌ വേഗത്തിൽ അടുപ്പിച്ചത്‌, അന്ധമായി വിശ്വസിച്ച്‌ പോയത്‌‌...
മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ഒരു പാതിരാവിൽ കേട്ടലറക്കുന്ന ദുർഗന്ധവുമായി വീട്ടിലേക്ക്‌ കടന്നു വന്നിരിക്കുന്നു അവൻ...!!
അരണ്ട വെളിച്ചത്തിൽ ഇരുന്നു കൊണ്ടവൾ‌ കുഞ്ഞിനെ മുലയൂട്ടുന്നു...
"നിനക്കെന്താടി ലൈറ്റിട്ടിരുന്നാൽ" വീട്ടിലേക്ക്‌ കയറി വന്നിട്ടുള്ള ആദ്യ വാചകം, ശബ്ദം ഒട്ടും കുറച്ചതുമില്ല...
" ലൈറ്റിട്ടാൽ മോനുറങ്ങില്ല ചേട്ടാ.." പേടിയോടെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു നിർത്തി...
"ഉം".... അവനിരുത്തി ഒന്നു മൂളി...
"കഴിഞ്ഞില്ലെ"??
" ദാ കിടത്തുവാ ചേട്ടാ"...
"കഴിഞ്ഞെങ്കിൽ കിടക്ക്‌"
"ഉം"... ഇത്തവണ അവളാണു മൂളിയത്‌...
"എന്താടി ഒരു മൂളൽ "???
മറുപടി മൗനത്തിൽ ഒതുക്കി, തയ്യാറായി മലർന്നു കിടന്നവൾ...
അഴുക്ക്‌ ചാലു കണക്കെയുള്ളാ ശരീരം അവനവളിലേക്ക്‌ ചേർത്ത്‌ വെച്ചു...
ജീവിതത്തിന്റെ വേദനകൾക്ക്‌ മുന്നിൽ പ്രസവ വേദന അവൾക്ക്‌ ഒന്നുമല്ലാതെ തോന്നി...
അമ്മയെ പോലെ ഈ മകളും, ഓർമ്മകളും വേദനകളും അവളെ കാർന്നുതിന്നാൻ തുടങ്ങി..,
"കാമത്തിന്റെ അവസാന തുള്ളിയും അവളിലേക്ക്‌ നിക്ഷേപിച്ച്‌ , അവൾ തന്റെ കുഞ്ഞിനായി കരുതിയിരുന്ന അമൃതും ഭോജിച്‌ അവനെഴുന്നേറ്റു..."
അവളുടെ കൈകളപ്പോഴും തൊട്ടിലിൽ കെട്ടിയ ചരട്‌ വലിച്ചാട്ടുന്നുണ്ടായിരുന്നു...!!!

ഹിലാൽ മുഹമ്മദ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo