Slider

അമ്മ

0

അമ്മ
വെള്ള കീറും മുൻപേ അവരെഴുന്നേറ്റു, കട്ടിലിൽ ഭർത്താവിനെ നോക്കി... കണ്ടില്ല...
ഏട്ടനെഴുന്നേറ്റോ നേരത്തേ...?
ആത്മഗദം എന്നോണം ചോദിച്ച്‌ കൊണ്ട്‌, മുടി വാരി കെട്ടി കൈലി അഴിച്ചു മുറുക്കി ഉടുത്ത്‌ നെഞ്ചിലേക്ക്‌ തോർത്ത്‌ മുണ്ടെടുത്തിട്ട്‌ മുറിക്ക്‌ പുറത്തേക്കിറങ്ങി, എല്ലായിടവും ഒന്നൂടെ തന്റെ ഭർത്താവിനെ നോക്കി..
ഇതെവിടെ പോയി വെളുപ്പിനെ തന്നെ എഴുന്നേറ്റ്‌...?
രമേഷൻ മുതലാളി വിളിച്ചിട്ട്‌ പോയതാകും... തന്നത്താൻ പിറുപിറുത്ത് കൊണ്ട്‌ വീടിനു പിന്നിലേക്ക്‌ പോയി, മുറ്റമടിക്കാൻ ഈർക്കിൽ ചൂലിനായി...
രമേഷൻ മുതലാളിയുടെ ചിട്ടി കംബനിയിലെ ഡ്രൈവറാണു സുഗതൻ, ഭാര്യ മന്ദാകിനി, ഏക മകൻ മനു‌... ഡിഗ്രി പഠിത്തം കഴിഞ്ഞു നിൽക്കുന്നു...!
മുറ്റമടിയും കുളിയും കഴിഞ്ഞു അടുക്കളയിലേക്ക്‌ കയറി, ഓലമേഞ്ഞ കൂരക്ക്‌ മുകളിലേക്ക്‌ വെളുത്ത പുക ഉയർന്നു...!
അധികം വൈകാതെ ഒരു ചെറിയ സ്റ്റീൽ ഗ്ലാസ്സിൽ ചായയുമായിട്ട്‌ മുൻവാതിലിലൂടെ മന്ദാകിനി പുറത്തേക്ക്‌ വന്നു, വേലിപത്തലുകൾക്ക്‌ അപ്പുറത്തോ, വഴിയിലെങാനുമോ ചേട്ടനുണ്ടോ എന്നു വിഫലമായ ഒരു നോട്ടമെറിഞ്ഞ്‌ ചായ ഗ്ലാസ്സ്‌ ഭദ്രമായി അടച്ച്‌ വെച്ച്‌ തിരികെ അകത്തേക്ക്‌ പോയി...!
പുകച്ചുരുളുകൾ ഓലക്കൂരയിലൂടെ ഉയർന്നു കൊണ്ടേയിരുന്നു, കൃത്യമായ ഇടവേളകളിൽ വാതിൽക്കൽ വന്നു വഴിയിലേക്ക്‌ നോട്ടമെറിഞ്ഞു അകത്തേക്ക്‌ പോകുന്നുണ്ട്‌ അവർ..!
"ശ്ശെടാ... പോ കോഴീ അവിടുന്നു, എന്തെലുമൊന്നു നട്ടു നനച്ച്‌ പ്രാണൻ വെക്കുംബോഴേക്കും ചുവടു മാന്താൻ വന്നോളും എവിടുന്നേലുമോക്കെ, നാശം" അടുക്കള തോട്ടത്തിൽ കേറിയ കോഴിയെ ഓടിച്ചതാണു, വീണ്ടും ജോലിയിൽ മുഴുകി...
ഊണുകാലമായിരിക്കുന്നു, മന്ദാകിനിയുടെ കാത്തിരിപ്പിനുത്തരം കൊടുക്കാൻ ഇതുവരെയും സുഗതനെത്തിയിട്ടില്ല...!
ചേട്ടന്റെ വരവ്‌ താമസിച്ചെങ്കിലും പതിവ്‌ തെറ്റാതെ പാത്രത്തിൽ ചോറും കറികളും തയാറായി ഉമ്മറത്തെട്ടിയിട്ടുണ്ട്‌...
നേരം ഉച്ച തിരിഞിരിക്കുന്നു,
മനു വീട്ടിലേക്ക്‌ കടന്നു വന്നു, വൃത്തിയായി കിടക്കുന്ന മുറ്റവും പരിസരവും കണ്ട്‌ ആശ്ചര്യത്തോടെയാണു നടപ്പ്‌, വീടിന്റെ തിണ്ണയിലേക്ക്‌ കടന്നതും
"ഞാൻ വന്നിട്ട്‌ ചോറു വിളംബിയാൽ പോരായിരുന്നോ അമ്മേ, ഇതെന്തിനാ ഇങ്ങനെ പുറത്ത്‌ വെച്ചേക്കുന്നത്‌" ?
അൽപ്പം നീരസത്തോടെ മനു അതും പറഞു കൊണ്ട്‌ അകത്തേക്ക്‌ കയറി..
" അതിനിപ്പോ ആരാ നിനക്ക്‌ വിളംബിയത്‌? അത്‌ അച്ഛനു വിളംബിയതാ"...!
"രാവിലെ എഴുന്നേറ്റ്‌ പോയതാ, ഇതുവരെ വന്നിട്ടില്ലാ, എങ്ങടാ പോയേന്നു കൂടി പറഞ്ഞിട്ടില്ലാ, വരുംബോ ഉമ്മറത്ത്‌ ചോറു കണ്ടില്ലെൽ അത്‌ മതി..."
മനു മെല്ലെ കസേരയിലേക്ക്‌ ഇരുന്നു കൊണ്ട്‌ തന്റെ കയ്യിലെ പേപ്പർ ചുരുൾ നിവർത്തി....
" കാറും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവറും ചിട്ടി കംബനി മുതലാളിയും മരണപ്പെട്ടു"...
വാർത്തയിലെ തലക്കെട്ടിലൂടെ കണ്ണോടിച്ചു...
" പേപ്പറുകളുകൾക്കിടയിൽ നിന്നും മരണ സർട്ടിഫിക്കേറ്റും നോക്കി മനു അച്ഛന്റെ മരണം സ്ഥിരീകരിച്ചു"...!!
പുറത്തേക്ക്‌ നോക്കി, അച്ഛന്റെ അസ്ഥി തറയിലെ വിളക്കിൽ നിന്നും കരിന്തിരിയുടെ പുക ഉയർന്നു പൊങുന്നു", താനിപ്പോൾ നടന്നു വന്ന വഴിയും മുറ്റവും ആകെ കാട്‌ പിടിച്ച്‌ കിടക്കുന്നു, കാർമേഘങ്ങൾ ആകെ ഇരുട്ടു പടർത്തിയിരിക്കുന്നു, വരാൻ പോകുന്ന പേമാരിയുടെ ആഘാതം മനസ്സിലെവിടെയോ ഒരു ഇടിമിന്നൽ പോലെ അവനിലേക്ക്‌ പടരുന്നുണ്ട്‌..."
അമ്മ അപ്പോഴേക്കും അച്ഛനു വൈകിട്ടത്തേക്കുള്ള പലഹാരം ഉണ്ടാക്കാനുള്ള തിരക്കിലേക്ക്‌ കടന്നിരുന്നു....!!!
ഹിലാൽ മുഹമ്മദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo