Slider

ഓട്ടം

0

ഓട്ടം
-------
ശിരസ്സിനു മുകളിലാരോ കൊളുത്തി വെക്കും വെളിച്ചത്തിന് കീഴിൽ നീണ്ടുനിവർന്നു കിടക്കവേ
നിന്റെ ശാന്തമായ മുഖത്തെന്തായിരിക്കും മനുഷ്യാ....
അന്ന് നേരിന്റെ സൂര്യൻ കാണാതെ പോയ
സത്യങ്ങൾ എന്നേക്കുമായുള്ള യാത്ര പോവും....
ക്ഷണനേരമായുസ്സുള്ള നീർക്കുമിളകൾ പൊട്ടിയും വിരിഞ്ഞും കളിക്കും മനസ്സെന്ന ജലശയത്തിനടിയിൽ മറവിയുടെ ചെളിക്കുണ്ടിൽ കാലുകളാഴ്ന്നു കിടക്കുന്ന നേരുകൾ
പുറംലോകം കാണാനാകാതെ പിടയും...
പൂട്ടിവെച്ച മോഹങ്ങളുടെ പെട്ടികൾ ആരുമറിയാത്ത അജ്ഞതയുടെ അന്ധതയിലേക്ക് പോകും....
നിന്റെ കിനാക്കൾ നിന്റെ ചിന്തകൾ
അനാഥമായി അലിഞ്ഞു പോകും...
നിന്റെ നന്മയും ക്രൂരതയും നിന്നെ കാണാനെത്തും
അപരരുടെ മുഖഭാവങ്ങളിൽ
ക്ഷണനേരത്തേക്ക് മിന്നിമറിയും....
ഓർക്കുക ഏത് നിമിഷവും നിലക്കാവുന്ന
ശ്വാസം മാത്രമാണ് നിന്റെ സ്വന്തം....
അന്യനെ പരിഹസിച്ചാ ചിരി നിലക്കും
മുമ്പേ നീ നിശ്ചലനായേക്കാം....
നിന്റെ നാവും പല്ലും കൂട്ടിമുട്ടി നുണകൾ
പുറത്തിറക്കുന്നതിനിടയിൽ നീ നിശ്ചലനായേക്കാം.....
കണ്ണീര് കണ്ടില്ലെന്നു നടിച്ചു വഴി മാറി നടക്കുന്നതിനിടയിലാ വഴിയിൽ നീ നിശ്ചലനായേക്കാം.....
ഇനിയുള്ള നിമിഷങ്ങളിലൊന്നിൽ
നിന്റെ നാമം വെട്ടിത്തിളങ്ങുന്നു.....
അതൊരുപക്ഷെ അടുത്താവാം അകലെയാകാം....
നിന്റെ കണ്ണുകൾ തുറക്കട്ടെ നിന്റെ ചെവികൾ തുറക്കട്ടെ നിന്റെയധരങ്ങൾ തുറക്കട്ടെ.....
നിന്റെ ചുറ്റിലുമുള്ളവരെല്ലാം നിമിഷത്താൽ
ബന്ധിക്കപ്പെട്ടവർ തന്നെ....
എന്തിനു പക എന്തിനു ദേഷ്യം എന്തിനു പിണക്കം
നാളെയാരോ കൊളുത്തും നാളത്തിന് കീഴിൽ നീണ്ടുനിവർന്നു കിടക്കേണ്ടവർ നാം.....
അലിയിക്കൂ നിൻ രൗദ്രഭാവം പകരൂ സ്നേഹം....
പിന്തിരിഞ്ഞു കടന്നുപോന്ന വഴികൾ നോക്കൂ ....
നീ മൂലം കരഞ്ഞ മുഖങ്ങളോർക്കൂ .....
മടങ്ങി ചെല്ലൂ..... മാപ്പു പറയൂ.....
ബാക്കി വെക്കാനൊന്നുമില്ലാതെ ശൂന്യമായ മനസ്സുമായി യാത്രക്കൊരുങ്ങൂ....
കെട്ടിപൊതിഞ്ഞു വെച്ചയാശകൾ
തീർക്കാൻ നിനക്കിനിയൊരു ലോകമില്ല....
നിന്റെ ലോകമിത്....
നിന്റെ യാത്ര ഇവിടെ തുടങ്ങി ഇവിടെ ഒടുങ്ങുന്നു.....
ഞാനും നീയും നമ്മളും ഒരേ പന്തിയിലെ കുതിരകൾ കുതിച്ചു പാഞ്ഞു കിതച്ചു തളരുന്നവർ......
നീ കൂടുതലോടിയാലെന്ത്...
ഞാൻ കൂടുതലോടിയാലെന്ത്.....
അന്തിമം ഒന്ന് തന്നെ.......
കിതക്കാതെ ഓടുക .....
കാലടികൾ നോക്കിയോടുക....
ചവിട്ടുകൊണ്ടാരും വീഴാതെ നോക്കുക....
കഴിയുമെങ്കിൽ ഓടുവാൻ
കഴിയാത്തവരെ പുറത്തുകയറ്റി ഓടുക......
നിന്റെ കിതപ്പുകൾ ലോകമേറ്റു വാങ്ങട്ടെ...
ഓടുന്നെങ്കിലിങ്ങനെ ഓടണമെന്ന്
ലോകം നിന്നെ നോക്കി പറയട്ടെ.......
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo