നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

......... ..മഹേഷിന്റെ വിവാഹം..........


......... ..മഹേഷിന്റെ വിവാഹം..........
************************************
"എടാ മഹേഷേ ഈ കല്ല്യാണം നമുക്ക് വേണ്ടെടാ.?"...
രാവിലെ തന്നെ അമ്മാവൻ ഓടികിതച്ചെത്തിയത് നല്ലൊരു പാരയുമായാണെന്ന് എനിക്ക് മനസ്സിലായി.
"കാര്യമെന്താടാ ഗോവിന്ദാ? " അമ്മയുടെ ചോദ്യം കേട്ടപ്പോഴേക്കും അമ്മാവനൊന്ന് ഉഷാറായി
"അത് പിന്നെ ചേച്ചീ... ആ പെൺവീട്ടുകാരും ബ്രോക്കറും നമ്മളെ ചതിച്ചേത്.ആ ബ്രോക്കർ
പറഞ്ഞതുപോലെ ആ പെൺകൊച്ചിന്റെ അമ്മ മരിച്ചത് പോയതൊന്നുമല്ല.അയൽപക്കത്തുള്ള ഒരുത്തനൊപ്പം കുറേ വർഷം മുൻപേ ഒളിച്ചോടിയതാ."
"ഹോ എനിക്കിപ്പഴാ സമാധാനമായത്.ഇത്രേ ഉള്ളായിരുന്നോ കാര്യം..അമ്മാവൻ കല്ല്യാണം നടക്കില്ലെന്ന് പറഞ്ഞപ്പോ ഞാനാകെ പേടിച്ചു പോയി.ഇപ്പഴാ ശ്വാസം നേരേ വീണത്"
ഞാൻ പറഞ്ഞത് കേട്ട് അമ്മാവൻ എന്നേയും അമ്മയേയും ഒന്ന് തുറിച്ചു നോക്കി
"നീ എന്താ ഗോവിന്ദാ ഇങ്ങനെ തുറിച്ചു നോക്കുന്നത്.അവൻ പറഞ്ഞത് നിനക്കിഷ്ടപ്പെട്ടില്ലേ?" അമ്മ ഇങ്ങനെയങ്ങട് ചോദിച്ചതും അമ്മാവൻ സ്വതവേ ഉള്ള പരദൂഷണത്തിന്റെ നാറുന്ന വാക്കുകൾ
പുറത്തേക്കായി കുടഞ്ഞിടാൻ തുടങ്ങി....
"നിങ്ങൾ അമ്മയ്ക്കും മോനും ഇതത്ര വലിയ കാര്യമായിരിക്കില്ല..എന്നാൽ എനിക്ക് ഇത്തിരി
അഭിമാനമൊക്കെയുണ്ട്.
അമ്മ വേലി ചാടിയാൽ മോള് മതില് ചാടുമെന്ന്
പറയുന്നത് കേട്ടിട്ടില്ലാന്നുണ്ടോ രണ്ടാളും
ആ പിഴച്ച തള്ളയ്ക്കുണ്ടായ മകളല്ലേ ....ആ പെണ്ണ്
നല്ലവളായിരിക്കില്ല.ഈ കുടുംബത്തിലേക്ക് അവൾ വന്ന് കേറിയാൽ എന്തായിരിക്കും സ്ഥിതി.
അതാ ഞാൻ പറയുന്നത് ഇവനീ കല്ല്യാണം വേണ്ടെന്ന്"
"നിന്റെ ഭാര്യ ജാനകി എത്ര വേലി ചാടിയിട്ടാ ഗോവിന്ദാ നിന്റെ മോള് ലക്ഷ്മി അവളെ പഠിപ്പിച്ച
സാറിനൊപ്പം ഒളിച്ചോടിയത്. ഒരു വർഷം അവനൊപ്പം താമസിച്ചിട്ട് ,ഇനി അയാളെ വേണ്ടെന്നും പറഞ്ഞു നിന്റെ മോള് തിരിച്ചു വന്നപ്പോ നീ അവളെ വീട്ടിനകത്ത് കയറ്റിയല്ലോ.
അപ്പോ ഈ പറഞ്ഞ അഭിമാനമൊന്നും നിനക്ക് പ്രശ്നമല്ലാരുന്നോ"
അമ്മയുടെ ചോദ്യം കേട്ടതും അമ്മാവനൊന്ന് പരുങ്ങി.അല്ലേലും ഓരോരോ കാരണങ്ങൾ പറഞ്ഞ് എന്റെ കല്ല്യാണം അമ്മാവൻ മുടക്കാൻ തുടങ്ങിയിട്ട് നാള് കുറേയായി.ലക്ഷ്മിയെ എങ്ങനെയെങ്കിലും എന്നെ കൊണ്ട് കെട്ടിക്കുക എന്നതാണ് അമ്മാവന്റെ ഉദ്ദേശ്യം.ഇത് എന്നെപ്പോലെ അമ്മയ്ക്കും നന്നായറിയാം.
"അമ്മാവാ...പെണ്ണ് കാണാൻ പോയ അന്ന് തന്നെ
ഗായത്രി അവളുടെ അമ്മയെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു.അവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ അവളേയും അച്ഛനേയും ഉപേക്ഷിച്ച് അന്യപുരുഷനൊപ്പം സുഖം തേടിപ്പോയ ആ സ്ത്രീയോട് വെറുപ്പാണവൾക്ക്
അന്ന് തൊട്ടിന്നോളം മറ്റൊരു വിവാഹം പോലും കഴിക്കാതെ, അവൾക്ക് ഒരമ്മയുടേയും അച്ഛന്റേയും സ്നേഹവും വാത്സല്യവും ഒരുമിച്ച് നൽകി വളർത്തിയ ആ അച്ഛൻ അവൾടെ പ്രാണനാണെന്നും ആ അച്ഛനെ പിരിഞ്ഞു കൊണ്ടുള്ള ഒരു ജീവിതം അവൾക്കു വേണ്ടെന്നും കരഞ്ഞു കൊണ്ടെന്നോട്
പറഞ്ഞ നിമിഷം ഞാൻ മനസ്സിൽ കുറിച്ചിട്ടതാ അവളാണെന്റെ പെണ്ണെന്ന്.....എന്റെ അച്ഛനും അമ്മയ്ക്കും നൂറുവട്ടം സമ്മതമാ ഈ വിവാഹത്തിന്.എനിക്കത് മാത്രം മതി"
ഞാൻ പറഞ്ഞത് തീർന്നതും അമ്മാവന്റെ മുഖഭാവം മാറി.ഞാനത് കണ്ടില്ലെന്ന് നടിച്ച് മുറിക്കുള്ളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ
അമ്മ അമ്മാവനോട് പറയുന്നത് കേട്ടു...
"ജന്മം നല്കിയ അച്ഛനോ അമ്മയോ പിഴച്ചു പോയെന്ന് കരുതി ആ മക്കളെന്ത് തെറ്റ് ചെയ്തു.
ശരീരത്തിന്റെ സുഖം തേടി സ്വന്തം ചോരയെപ്പോലും മറന്ന് മറ്റൊരാൾക്കൊപ്പം പോകുന്ന ഇവരെയൊക്കെ മനുഷ്യഗണത്തിലോ ,മാതാപിതാക്കളുടെ കൂട്ടത്തിലോ ആരേലും കണക്കാക്കുമോ.
സത്യത്തിൽ ഇങ്ങനെയുള്ളവരുടെ മക്കളെ നമ്മൾ പരിഹസിക്കുകയല്ല , സ്നേഹിക്കുകയാണ് വേണ്ടത്.കുഞ്ഞിലേ തൊട്ട്
ആ കൊച്ച് ഇതിന്റെ പേരിൽ എത്രമാത്രം അപമാനം ആൾക്കാരിൽ നിന്നും സഹിച്ചു കാണും .സ്നേഹിക്കാൻ മാത്രമറിയുന്ന അവൾടെ അച്ഛൻ നാട്ടുകാർക്കു മുന്നിൽ അപഹാസ്യനാകുന്നത് കണ്ട് എത്രമാത്രം ആ മനസ്സ് വേദനിച്ചിരിക്കും .
ആ ഒരു നാണക്കേടും വേദനയുമൊക്കെ അനുഭവിച്ചറിഞ്ഞ ആ കുട്ടി എന്റെ മകന് നല്ലൊരു ഭാര്യയായിരിക്കും.എന്നെ അവൾ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കും.അവൾടെ
പ്രാണനായ അച്ഛനെപ്പോലെ തന്നെ എന്റെ ഭർത്താവിനേയും അവൾ സ്നേഹിക്കുമെന്ന് എനിക്കുറപ്പുണ്ട്."
അമ്മ പറഞ്ഞു തീർന്നതും അമ്മാവൻ കാറ്റഴിച്ചു വിട്ട ബലൂണിന്റെ അവസ്ഥയിൽ പുറത്തേക്ക് പായുന്നത് കണ്ടു..ഇനി കല്ല്യാണത്തിന്റെ തലേന്ന്
ബാക്കി പരദൂഷണവുമായി അവതരിക്കും...
അല്ലേലും എന്റെ അമ്മ എന്റെ പുണ്യമാണ്..
ഞാൻ ഭാഗ്യം ചെയ്ത മകനും....അതു കൊണ്ടാണല്ലോ വിവാഹശേഷം ഗായത്രീടെ അച്ഛനെ ഇവിടെ നമ്മൾക്കൊപ്പം താമസിപ്പിക്കാമെന്ന് അമ്മ എന്നോട് പറഞ്ഞത്..
സായന്തനങ്ങളിൽ എന്റെ അച്ഛനൊപ്പം നാട്ടു കാര്യങ്ങൾ പറഞ്ഞിരിക്കാൻ അവളുടെ അച്ഛനുണ്ടാകുമല്ലോ..അമ്മയ്ക്കൊരു കൂട്ടായി അല്ല ....മകളായി അവളുമുണ്ടാകും...
(സമർപ്പണം.. സ്വന്തം സുഖം തേടി അന്യസ്ത്രീക്കോ പുരുഷനോ ഒപ്പം സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകുന്നവർക്കും ആ ഒരു അപമാനം ജീവിതകാലം മുഴുവൻ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന നിരപരാധികളായ മക്കൾക്കും)
By..... രമ്യ രാജേഷ്........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot