"ടി.വിയിൽ പലതും കാണിക്കും.അവൻമാർക്ക് ചാനലിൽ ചർച്ച ചെയ്യാൻ എന്തെങ്കിലും ഒക്കെ വേണമല്ലോ."
ഹാളിലെ സോഫയിൽ അമർന്നിരുന്നു കൊണ്ട് സ്റ്റീഫൻ പറഞ്ഞു.ടീപ്പോയിലെ ഗ്ളാസ്റ്റിലേക്ക് അയാൾ മദ്യം പകർന്നു കൊണ്ട് അയാൾ ചാനലുകൾ മാറ്റി. എല്ലാത്തിലും അത് തന്നെയാണ് ന്യൂസ്.
നിമ്മി മറുപടിയൊന്നും പറഞ്ഞില്ല.അവൾ ഹാളിൽ ചിതറി കിടന്ന മാസികകളും മറ്റും അടുക്കി വയ്ക്കുകയായിരുന്നു.
ഫോൺ ബെല്ലടിച്ചു.
"നാശം.ഇനി കുറെ നാൾ നാട്ടുകാരുടെ ചോദ്യം ചെയ്യലായിരിക്കും. പോലീസിൽ പറയെണ്ടയെന്ന് ഞാൻ ആ യദുവിനോട് അപ്പോഴേ പറഞ്ഞതാ."
അയാൾ എഴുന്നേറ്റ് ചെന്നു ഫോൺ അറ്റൻഡ് ചെയ്തു. നിമ്മി അടുക്കി വയ്ക്കുന്നത് നിർത്തി ഭർത്താവിനെ ഒരു നിമിഷം നോക്കി.
അയാൾ ട്രിപ്പ് കഴിഞ്ഞു വന്ന അതേ നിലയിലാണ്. വസ്ത്രം പോലും മാറ്റിയിട്ടില്ല. ഷർട്ട് വിയർത്തു കുളിച്ച് ദേഹത്തോട് ഒട്ടി കിടക്കുന്നു.
നിമ്മി ടി.വിയിലേക്ക് വീണ്ടും നോക്കി.
ടി.വിയിൽ ഇപ്പോഴും ആ ന്യൂസ് തന്നെയാണ്. സ്റ്റീഫന്റെയും മറ്റ് മൂന്നു കൂട്ടുകാരുടെയും ചിത്രങ്ങൾ മിന്നി മായുന്നു.ഒപ്പം ആ പെൺകുട്ടിയുടെ ജഡവും.
സ്റ്റീഫൻ, യദു, മഹേന്ദ്രൻ, പിന്നെ രതീഷ്. ബൈക്ക് റൈ ഡിങ്ങ് ഹരമായ നാല് കൂട്ടുകാർ. സ്റ്റീഫൻ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെയാണ് യദുവും. ബാക്കി രണ്ടു പേർക്കും സ്വന്തം ബിസിനസ്സാണ്.
രണ്ടു ദിവസം മുൻപ് അവർ ഒരു ട്രിപ്പു പോയി. ആതിരപ്പളളി വാൽപ്പാറ ഊട്ടി. തിരിച്ചു കമ്പം കട്ടപ്പന വഴി എറണാകുളം.അതായിരുന്നു റൂട്ട്.
തിരിച്ച് വരുന്ന വഴി വാഗമണ്ണിൽ തങ്ങി. മൊട്ടക്കുന്നുകളും പൈൻകാടുകളും നിറഞ്ഞ തണുപ്പുള്ള സ്ഥലം. അവിടെ രതീഷിന്റെ പരിചയത്തിൽ ഉള്ള ഫാം ഹൗസിൽ താമസം.അതിന് സമീപമുളള വെളളച്ചാട്ടം ആയിരുന്നു ആകർഷണം.അധികം ടൂറിസ്റ്റുകൾ അങ്ങോട്ട് വരാറില്ല.
അവർ രാത്രി തന്നെ ഫാം ഹൗസിൽ മുറിയെടുത്തു. നീണ്ട യാത്രയുടെ ക്ഷീണം തീർക്കാൻ ഒരു ഫുൾ ബക്കാർഡി നിമിഷം നേരം കൊണ്ട് തീർത്തു.പിന്നെ കുളിക്കാനായി വെളളച്ചാട്ടത്തിന്റെ അരികിൽ എത്തി.
രതീഷ് ആണ് ആദ്യം കണ്ടത്.നടുങ്ങിയ അയാൾ മറ്റുള്ളവരെയും വിളിച്ചു കാണിച്ചു .
വെളളച്ചാട്ടത്തിന് അൽപ്പം അകലെ മുളകൾക്കിടയിൽ ഒരു യുവതിയുടെ ജഡം. ആരുടെയോ കാമക്കൂത്ത് കഴിഞ്ഞ് കൊലപ്പെടുത്തിയ നഗ്നമായ സ്ത്രീ ശരീരം.
രാത്രി ആയതിനാൽ ഇനി മറ്റുള്ളവർ അവിടെ വരാൻ സാദ്ധ്യത കുറവാണ്.
രാത്രി ആയതിനാൽ ഇനി മറ്റുള്ളവർ അവിടെ വരാൻ സാദ്ധ്യത കുറവാണ്.
അവർ എന്ത് ചെയ്യണമെന്ന് ആലോചിച്ചു. ഉടൻ പോലീസിൽ അറിയിക്കാമെന്നും അതു വേണ്ട സ്ഥലം വിടുന്നതാണ് ബുദ്ധിയെന്നും അഭിപ്രായം ഉയർന്നു.
ഒടുവിൽ രതീഷ് പറഞ്ഞു.
"നമ്മൾ എൻജോയ് ചെയ്യാനാണ് ഇവിടെ എത്തിയത്.ഇന്ന് രാത്രി നമ്മൾ ഫാം ഹൗസിൽ അടിച്ചു പൊളിക്കുന്നു. രാവിലെ പോലീസിൽ അറിയിക്കുന്നു."
ഒടുവിൽ അങ്ങനെ തീരുമാനിച്ചു.രാവിലെ പോലീസ് വന്നു .വാർത്തയറിഞ് ചാനൽക്കാരും സ്ഥലത്തെത്തി. പോലീസ് സ്റ്റേഷനിൽ നാലു പേരെയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.കുറ്റവാളികളെ കണ്ടെത്താൻ പോലീസ് ഊർജിതമായി ശ്രമം നടത്തുകയാണ്.
ഇത്രയുമാണ് സ്റ്റീഫൻ പറഞ്ഞു നിമ്മി മനസ്സിലാക്കിയ വിവരം.ചാനലിൽ എന്ത് പറയുന്നു എന്നത് അവളെ ബാധിക്കുന്ന കാര്യമല്ല.
ടി.വിയിൽ ചാനൽ അവതാരകന്റെ സ്വരം അവളെ ഉണർത്തി.
"പോലീസിന് വിവരം കൊടുത്ത യുവാക്കളിലൊരാളായ യദു കൊല്ലപ്പെട്ട യുവതിയുടെ മുൻ കാമുകനായിരുന്നു എന്നതിന്റെ തെളിവുകൾ ലഭിച്ചതായി വിവരം. യദുവിന് ആ യുവതിയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുകയാണ് എന്നും യഥാർത്ഥ പ്രതികൾ പിടിയിലാകുന്നത് വരെ പോലീസിനെ വിവരം അറിയിച്ച യുവാക്കളും തങ്ങളുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു."
അവൾ മുറിയിൽ ചെന്ന് സ്റ്റീഫനോട് ചോദിച്ചു.
"യദുവിന് മരിച്ച കുട്ടിയെ അറിയാമായിരുന്നോ?"
"എന്റെ നിമ്മി ,മൃതദേഹം തിരിച്ചറിയാൻ പാടില്ലാത്ത വിധം വിക്യതമായിരുന്നു.ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷമാണ് യദുവിന് വരെ അത് മനസ്സിലായത്."
സ്റ്റീഫൻ അവൾക്കു പുറം തിരിഞ്ഞ് നിന്ന് വസ്ത്രം മാറുകയാണ്.
"എന്റെ നിമ്മീ ,നീയും ഞങ്ങളെ സംശയിക്കുകയാണോ?'
അയാൾ വന്ന് അവളുടെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു.
"കമ്പത്തു നിന്നും രണ്ടു കിലോ മാങ്ങ വാങ്ങിച്ചിട്ടുണ്ട്. അച്ചാറിടാനും പഴുത്തത് തിന്നാനും .മോള് പോയി ഒരെണ്ണം പൂളിക്കൊണ്ട് വാ."
അവൾ അടുക്കളയിൽ ചെന്ന് കവർ തുറന്നു നോക്കി.
എല്ലാം ഒരു പോലിരിക്കുന്നു. പച്ചയേത്? പഴുത്തതേത്?
ഭിത്തിയിൽ മൊണാലിസയുടെ ചിത്രം തൂങ്ങി കിടക്കുന്നു. ചിലപ്പോൾ അടുക്കളയിൽ ഒറ്റക്ക് നിൽക്കുമ്പോൾ അവൾ അതിലേക്ക് സൂക്ഷിച്ചു നോക്കും. ചിലപ്പോൾ അതിന് സന്തോഷ ഭാവം തോന്നിക്കും. ചിലപ്പോൾ ദു:ഖ ഭാവവും.
അവൾ പഴുത്തതാണെന്ന് കരുതി ഒരു മാങ്ങാ മുറിച്ചു.അത് പച്ചയായിരുന്നു.പച്ചയെന്ന് കരുതി മുറിച്ചത് പഴുത്തതും.
പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു. ഒരു പോലീസ് ജീപ്പ് ഗേറ്റ് കടന്നു വരുന്നു.
അവൾ പഴുത്ത മാങ്ങ ഒരു പ്ലേറ്റിൽ വച്ചതിന് ശേഷം പൂളുവാനുള്ള കത്തി തിരഞ്ഞു.അത് കൈയിൽ കിട്ടിയതിന് ശേഷം അവൾ വീണ്ടും മൊണാലിസയിലേക്ക് നോക്കി.
ഇപ്രാവശ്യം നിമ്മിക്ക് അതിന്റെ ഭാവം മനസിലായില്ല .അവൾ കത്തിയിൽ മുറുകെ പിടിച്ചു.
(അവസാനിച്ചു)
By Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക