Slider

കണ്ണുനീരിനുമുണ്ടൊരു താളം.( ചെറുകഥ)

0

കണ്ണുനീരിനുമുണ്ടൊരു താളം.( ചെറുകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴുണ്ട് കുറെ തമിഴ് നാടോടികൾ ഇറത്തിണ്ണയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. രണ്ട് മുതിർന്ന സ്ത്രീകളും ആറ് കുട്ടികളും.കുട്ടികളിൽ രണ്ട് പെൺകുട്ടികൾ അൽപം വളർച്ചയെത്തിയിട്ടുണ്ട്. അതു കണ്ട് ചെറിയൊരു ഭയത്തോട് കൂടിയാണ് വീടിനുള്ളിലേക്ക് ഓടിക്കയറിയത്. അവസാന ഇനമായ വെള്ളവുമായി വരുന്ന ഭാര്യയെ കണ്ടപ്പോഴാണ് സമാധാനമായത്.
പേടിയാണ് നാടോടികളെ. ആളുകൾ കുറവുള്ള വീട്ടിലെത്തി സ്ത്രീകളുമായി സംസാരിക്കുകയും അതിനിടയിൽ വീട്ടിനകത്തേക്ക് നുഴഞ്ഞു കയറുന്ന കുട്ടികൾ മോഷണം നടത്തുകയും ചെയ്യുകയാണ് പതിവ്.
ചിലപ്പോൾ ആളെ കൊന്നെന്നും വരാം.അടുക്കളയിൽ കയറി കസേരയിൽ ഇരിപ്പുറപ്പിച്ച എന്റെ നേർക്ക് ഭാര്യ തണുത്ത പച്ച വെള്ളത്തിന്റെ ഗ്ലാസ് നീട്ടി..
"ചോറ് വേണങ്കി ആയിട്ട് വേണം. കുറച്ച് നേരം ഇരിക്കണം".
കാലിയായ ചോറ്റുപാത്രം എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞപ്പോൾ കസേരയിൽ നിന്ന് ഞാൻ എണീറ്റ് മുറിയിലേക്ക് നടന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ ഇവിടെ ഒരു പൂരം നടക്കുമായിരുന്നു. കോപത്തെ അടക്കി നിർത്താൻ, ക്ഷമിക്കാൻ താൻ പരിശീലിച്ചിരിക്കുന്നു. അവൾ തന്നെയായിരുന്നു ആക്കാര്യത്തിൽ തന്റെ ഗുരു.വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷമായിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാത്തവൻ.
പൂർണമായ ആരോഗ്യമുണ്ടായിട്ടും തന്റെ ഭർത്താവിനെ സ്നേഹിക്കാൻ മക്കളെ തന്നെ വേണ്ടെന്ന് വച്ച ഭാര്യ.
അതെ, എനിക്ക് കുട്ടികളുണ്ടാവുകയില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിരിക്കുന്നു. ഭാര്യക്ക് ഒരു കുഴപ്പവുമില്ലെന്നും.
വിവരം അറിഞ്ഞ തനിക്കുണ്ടായ പ്രശ്നങ്ങൾ, മാനസികമായ പ്രയാസങ്ങൾ വിവരണാതീതമായിരുന്നു. അതിൽ നിന്നെല്ലാം കരകയറിയത് അവളുടെ പെരുമാറ്റമായിരുന്നു. അവൾക്ക് അവളുടെ ബന്ധുക്കൾ മറ്റൊരു ജീവിതം വാഗ്ദാനം ചെയ്തെങ്കിലും തനിക്ക് വേണ്ടി അതെല്ലാം നിരസിച്ചു. അവളുടെ സ്നേഹത്തിന് അളവുകോൽ വയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയത് അന്നായിരുന്നു. എന്നാൽ മക്കളില്ലാത്തതിന്റെ ദുഃഖം ഒരിക്കൽ പോലും അവളുടെ മുഖത്ത് നിഴലിച്ചില്ല. തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ് അവൾ കണ്ണ് നിറച്ചിട്ടുണ്ടായിരുന്നത്.
കോലായിൽ നിന്ന് അകത്തേക്കുള്ള വാതിൽ അടക്കുന്ന ശബ്ദം ഞാൻ കേട്ടു. പാദസരത്തിന്റെ കിലുക്കം അടുക്കളയിലേക്ക്. തനിക്കുള്ള ഭക്ഷണമുണ്ടാക്കാനുള്ള ശ്രമമായിരിക്കും. വിളിച്ചില്ല. ഭക്ഷണം ഏതായാലും ഉണ്ടാക്കണമല്ലൊ.
അസർ ബാങ്ക് കൊടുക്കുന്നത് കേട്ടുകൊണ്ടാണ് ഉറക്കിൽ നിന്നുണർന്നത്. വേഗം കുളിയും നിസ്കാരവും ഭക്ഷണവും കഴിച്ച് കോലായിൽ വന്നിരുന്നു. പിന്നാലെ അവളും.
അയൽവാസികൾ സ്ക്കൂളിൽ നിന്ന് വരുന്ന കുട്ടികളെ സ്വീകരിക്കാൻ കൈക്കുഞ്ഞുങ്ങളുമായി വന്നു നിൽക്കുന്നുണ്ട്. സത്യത്തിൽ കുട്ടികളെ കാണാൻ വേണ്ടിയാണ് മതിലുയർത്തിക്കെട്ടാഞ്ഞത്. കുട്ടികളെ അവരുടെ രക്ഷിതാക്കൾ താലോലിക്കുന്നത് കാണുമ്പോൾ അറിയാതെ കൊതിവന്നു പോകും. ആ സമയം ഞാൻ അവളെ നോക്കും. അവൾ ഒരു സങ്കോചവുമില്ലാതെ ഇരിക്കുകയായിരിക്കും. ഇത് ഒരു നിത്യസംഭവമാണല്ലൊ.
അവൾ മെല്ലെ മുറ്റത്തേക്കിറങ്ങി. ചക്കപ്പഴമരത്തിലേക്കാണ് അവൾ നോക്കുന്നത്. ഇല്ല പഴുത്തത് ഇല്ല. അടുത്ത ലക്ഷ്യം മാമ്പഴമാണ്. ഒന്ന് പഴുത്ത് നിൽക്കുന്നുണ്ട്. സത്യത്തിൽ മാമ്പഴം താഴെ വീണാൽ അത് അയൽവാസിക്കുട്ടികൾക്കുള്ളതാണ്. മരത്തിന്റെ ചുവട്ടിൽ നിന്ന് പഴുത്ത മാമ്പഴം പെറുക്കി തിണ്ണയിൽ കൊണ്ട് വന്ന് വയ്ക്കും.കുട്ടികൾ കൂട്ടത്തോടെ വന്ന് തിരക്കുന്നത് കാണാം.
ഇപ്പോൾ പച്ച മാങ്ങയിലാണ് അവളുടെ നോട്ടം.ഒരു കല്ലെടുത്തവൾ ഒരു കുല ലക്ഷ്യമാക്കി എറിഞ്ഞു. വേദനിപ്പിക്കുന്നത് അവൾക്കിഷ്ടമല്ല. അതിനി മരമാണെങ്കിലും. അതു കൊണ്ട് ഒരേറും ഒരിലക്കു പോലും കൊള്ളാറില്ല. അഥവാ ഇനി കൊണ്ടാൽ തന്നെ വേദനിക്കാനും സാദ്ധ്യതയില്ല. പൂക്കൾ കൊണ്ട് എറിഞ്ഞാൽ ആർക്കെങ്കിലും വേദനിക്കുമോ?.
പക്ഷെ ഇത്തവണ ഉന്നം തെറ്റി. അയൽവാസിയുടെ പറമ്പിൽ ഉണ്ടായിരുന്ന പട്ടിയുടെ അടുത്താണ് കല്ല് ചെന്ന് വീണത്.കൊണ്ടില്ലെങ്കിലും പട്ടി പ്രതിഷേധം അറിയിച്ചു. അല്ലെങ്കിലും രണ്ടാഴ്ചയായി പട്ടിക്ക് പ്രതിഷേധം കുറച്ച് കൂടുതലാ. പട്ടി പ്രസവിച്ചു.ആറോ ഏഴോ കുട്ടികൾ. നല്ല സുന്ദര കുട്ടപ്പന്മാർ. ആ കുട്ടപ്പൻമാരുടെ ചെവി തൂങ്ങിക്കിടക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണെന്നോ. ആ പറമ്പിൽ ഒരനക്കം ഉണ്ടായാൽ മതി പിന്നെ കുറെ നേരത്തേക്ക് ഒരു സ്വൈര്യവുമുണ്ടാകില്ല.
ദാ ഇപ്പോൾ പട്ടിക്കുട്ടികൾ ആ ചെകിടിക്കൂനക്ക് മുകളിൽ കയറിയിരിക്കുന്നു. കിണറ് കിളച്ച മണ്ണ് അങ്ങിനെ തന്നെ ഇട്ടതിനാൽ ആ കൂനയുടെ മറവിൽ പട്ടിക്ക് താവളമടിക്കാൻ സൗകര്യമായി.കൂനക്ക് മുകളിൽ പട്ടിക്കുട്ടികളെല്ലാം എത്തിക്കഴിഞ്ഞു. നോക്കി നിന്നാൽ സമയം പോകുന്നതേ അറിയില്ല.
ഭാര്യ ഒരു വാഴയിലക്കഷ്ണം വെട്ടിയെടുത്തു. അകത്ത് പോയി ഒരു പാത്രത്തിൽ കുറച്ച് ഭക്ഷണം കറിയൊഴിച്ച് കുഴച്ച് എടുത്തു.എന്നിട്ട് പട്ടികിടക്കുന്ന ചെകിടിക്കൂനക്ക് കുറച്ച് ഇപ്പുറത്തായി വാഴയിലയിൽ ഭക്ഷണം ഇട്ട് കൊടുത്തു.എന്നിട്ട് ഭാര്യ തിരിച്ചു പോന്നു.
അന്ന് രാത്രി ഒരു ഫോൺ. ഭാര്യയുടെ ഉമ്മാനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിട്ടുണ്ടത്രെ. രാവിലെ ചെല്ലണം. അതങ്ങിനെയാ. എല്ലാവരും ഒറ്റയ്ക്കാരായത് കൊണ്ട് ഹോസ്പിറ്റലിലൊക്കെ പോയി നിൽക്കാൻ വലിയ ബുദ്ധിമുട്ടാന്നെ. കുട്ടികളുടെ സ്കൂൾ പോക്കും വീട്ടുജോലിയൊക്കെ ആകെ തകിടം മറിയും. ഈ വക പൊല്ലാപ്പൊന്നും ഇല്ലാത്തത് ഞങ്ങൾക്കല്ലെ. ഞങ്ങൾ രാവിലെ തന്നെ പോകാൻ തീരുമാനിച്ചു. പോകുന്നതിന് മുമ്പ് തലേന്നത്തെ ഭക്ഷണം ബാക്കിയായത് പട്ടിയുടെ വാഴയിലയിൽ ഇട്ടു കൊടുക്കാനും മറന്നില്ല.
രണ്ട് ദിവസം കഴിഞ്ഞ് ഉമ്മയെ ഡിസ്ചാർജ്ജ് ചെയ്തു.വൈകുന്നേരം ആയിരുന്നു വീട്ടിലെത്തിയപ്പോൾ. ആദ്യം തന്നെ അവൾ നോക്കിയത് പട്ടിപ്പറമ്പിലേക്കായിരുന്നു.പട്ടിപ്പറമ്പ് അപ്പോൾ ശൂന്യമായിരുന്നു. ചെകിടിക്കൂന അവിടെ കാണാനില്ല.
പട്ടിയെയും കുട്ടികളെയും ട്രിപ്പറിൽ ഇട്ട് മുകളിൽ മണ്ണിട്ട് കൊണ്ടു പോയത്രെ.ഏതോ പൊട്ടക്കിണർ തൂർക്കാനാണത്രെ. മണ്ണു കൊണ്ടുപോകാൻ വന്നവർ പട്ടിയെ കൊന്ന് കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി.
ഇത്ര കാലം സന്തോഷവതിയായിരുന്നവൾ അതോട് കൂടി കരയാൻ തുടങ്ങി.
അവൾ സങ്കടം സഹിക്കാൻ കഴിയാതെ കരയുക തന്നെയാണ്. അല്ലെങ്കിലും അങ്ങനെയൊക്കെയാണല്ലൊ ജീവിതം ഇനി ഞാനവളെ ഒന്ന് ആശ്വസിപ്പിക്കട്ടെ.
അല്ലെങ്കിലും അവളുടെ കരച്ചിലിന് താരാട്ടുപാട്ടിന്റെ മധുരമാണല്ലൊ.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo