ഉടമ്പടി
* * * * *
ഫുജൈറയിലിപ്പോൾ ഭയങ്കര തണുപ്പാണ്. അതെന്താണപ്പാ ഞങ്ങളുടെ നാട്ടിലൊന്നും തണുപ്പില്ലേയെന്ന് ചോദിച്ച് വരേണ്ട. ഞാനിവിടുത്തെ കാര്യം പറഞ്ഞുവെന്നേയുള്ളൂ. അല്ലാതെ ഞാൻ ഫുജൈറയിലാണെന്ന് നാലാളറിയാൻ വേണ്ടി പറഞ്ഞതൊന്നുമല്ല.ചിലർക്കങ്ങനെ തോന്നിയേക്കാം..
ഇനി സങ്ങതിയിലേക്ക് കടക്കാം. ഞങ്ങൾ താമസിക്കുന്ന വില്ലയുടെ തൊട്ടടുത്ത വില്ലയിലെ രണ്ടു മുറികളിലൊന്നിൽ ബംഗാളികളും മറ്റൊന്നിൽ മലയാളികളുമാണ് താമസിക്കുന്നത്.
തണുപ്പിന്റെ കാഠിന്യം കൊണ്ട് ബാത്ത് റൂമിൽ കയറി ഷവറിലേക്ക് ഒരു ദയനീയമായ നോട്ടം നോക്കിയങ്ങനെ നിൽക്കുമ്പോഴാണ് ബംഗാളികളുടെ വില്ലയിൽ നിന്നും എന്തോ വലിയ ബഹളം കേട്ടത്.
മഫ്ടിയിലായിരുന്ന ഞാൻ പെട്ടെന്ന് ലുങ്കിയും വാരിച്ചുറ്റി പുറത്തേക്കിറങ്ങി. ഓടിച്ചെന്ന് അവരുടെ വില്ലയുടെ ഗേറ്റിൽ തട്ടി.ഗേറ്റ് തുറന്നത് മലയാളികളുടെ റൂമിലുള്ള ബിജുവാണ്.
വില്ലയുടെ മുറ്റത്ത് രണ്ട് ബംഗാളികൾ തമ്മിൽ ഭയങ്കരമായ അടിപിടി നടക്കുന്നു. അവൻ അതും ആസ്വദിച്ച് കൈയും കെട്ടി നിൽക്കുകയാണ്. ഞാൻ ചെന്നവരെ പിടിച്ചു മാറ്റി. അപ്പോഴേക്കും അവരുടെ റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാ ആദ്മികളും പുറത്തെത്തി. അപ്പോഴേക്കും അടിപിടി മതിയാക്കി ബംഗാളികൾ രണ്ടു പേരും റൂമിലേക്ക് കയറിപ്പോകുമ്പോഴാണ് അവരുടെ റൂമിലുള്ള ആദ്മികൾ ഉറക്കമുണർന്ന് പുറത്തെത്തുന്നത്.
കാരണമന്വേഷിച്ച് ഞാൻ ബിജുവിനരികിലെത്തി.
അവൻ ചിരിയോട് ചിരി.. ഒടുക്കത്തെ ചിരി..
"എന്റെ സക്കീർ ഭായ് ഞനതിലൊരു ബംഗാളിയോട് ചെറിയൊരു തമാശ പറഞ്ഞതാ... അതിനാ അവരിങ്ങനെ.. .. "
പുള്ളി വീണ്ടും പുള്ളിയിടാതെ ചിരിക്കുകയാണ്..
" തമാശയിഷ്ടപ്പെട്ടില്ലെങ്കിൽ അവർ നിന്നെയല്ലേ തല്ലേണ്ടത്..? എന്ത് തമാശയാ നീയൊപ്പിച്ചത് '.?
" ഒരു ബംഗാളി പല്ലും മുഖവും കഴുകി അകത്തേക്ക് പോയി.. കുറച്ച് കഴിഞ്ഞ് ബ്രഷുമായി പല്ലു തേക്കാനിറങ്ങിയ രണ്ടാമത്തെ ബംഗാളിയോട് ഞാൻ പറഞ്ഞു. മറ്റവൻ നിന്റെ ബ്രഷെടുത്താണല്ലോ ഇന്ന് പല്ലുതേച്ചിട്ട് പോയതെന്ന്... അത് കേട്ടതും അവൻ മറ്റവന്റെ പേരും വിളിച്ചലറി... അവനിറങ്ങി വന്നു , അടിപൊട്ടിത്തുടങ്ങി...."
സങ്ങതി മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എനിക്കും ചിരി വന്നു. ഈ ബംഗാളികളുടെ ഒരു കാര്യം.. അൽപം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധീ എന്നെങ്കിലും വിളിക്കാമായിരുന്നു..
" എന്നാലും ബിജുവേ ഇതൊരു മാതിരി ഒടുക്കത്തെ തമാശയായിപ്പോയി... "
ഞാൻ അവരുടെ വില്ല വിട്ടിറങ്ങുമ്പോഴും അവൻ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു....
വൈകുന്നേരം ഞാൻ ബിജുവിനെ കണ്ടപ്പോൾ അവൻ രാവിലത്തെ ചിരിയുടെ ബാക്കി ചിരിക്കുന്നു.
" സക്കീർ ഭായ് അറിഞ്ഞോ.. അവരുടെ പ്രശ്നം ഒത്തുതീർപ്പാക്കി.."
"ഏതായാലും അത് നന്നായി. ഒരു റൂമിൽ കഴിയുന്നവരല്ലെ... ഒരു തമാശയിൽ നീ തുടങ്ങി വെച്ച പ്രശ്നം നീയായിട്ട് തന്നെ ഒതുക്കിത്തീർത്തല്ലോ."
"ഞാനൊതുക്കിത്തീർത്തതൊന്നുമല്ല.അവർ തന്നെ ഒത്തുതീർപ്പിലെത്തിയതാ.. എന്താ തീരുമാനമായതെന്ന് കൂടിയറിയേണ്ടേ... ഇനി മുതൽ രണ്ടു പേരുടേയും ടൂത്ത് ബ്രഷുകൾ സൗകര്യത്തിനനുസരിച്ച് പരസ്പരം മാറ്റി ഉപയോഗിക്കാമെന്ന്...എങ്ങിനെയുണ്ട് ഇഷ്ടപ്പെട്ടോ സക്കീർ ഭായ്ക്ക്.. അത് താൻടാ ബംഗാളി... "
_________________________
എം.പി.സക്കീർ ഹുസൈൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക