നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒടിയന്മാർക്കിടയിലെ ഒടിവുകൾ ( ചെറുകഥ)


ഒടിയന്മാർക്കിടയിലെ ഒടിവുകൾ ( ചെറുകഥ)
ചേരുലാല്‍ ഹൈസ്കൂളില്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലം.
സബ്ജില്ലാ യുവജനോത്സവം സ്കൂളില്‍ നടന്നു കൊണ്ടിരിക്കുകയാണ്.അന്നാദ്യമായാണ് സബ്ജില്ലാ യുവജനോത്സവം സ്കൂളില്‍ അരങ്ങേറുന്നത്.
ഇത്തരം കാര്യങ്ങളില്‍ വളരെ തല്‍പരനായ ഞാന്‍ മുഴുവന്‍ പരിപാടികളും കാണണമെന്ന ഉദ്ദ്യേശത്തോടെയാണ് അന്ന് സ്കൂളില്‍ എത്തിപ്പെട്ടത്.
എന്നാല്‍ ഒപ്പമുണ്ടായിരുന്ന സഹപാഠികളില്‍ പലരും വിശപ്പിന്‍റെ വിളിയാളം കേട്ടപ്പോള്‍ തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു. അയല്‍വാസികളും നാട്ടുകാരുമായ സുഹൃത്തുക്കള്‍ എല്ലാം വീട്ടിലേക്ക് തിരിച്ചപ്പോള്‍ ഇരുട്ടാകുന്നതിനു മുന്‍പ് സ്ഥലം വിടണമെന്ന് ഞാനും കരുതിയിരുന്നു.
അങ്ങനെ നിരാശയോടെ നില്‍കുംപോഴാണ് സാഹസികതയില്‍ തല്‍പരനായ ഒരു സുഹൃത്ത് എന്നെ സമീപിച്ചത്. വീട്ടിലേക്ക് പോകേണ്ടന്നും കുറച്ച് പണം കയ്യിലുണ്ടെന്നും എല്ലാ പരിപാടിയും കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നും അവനെന്നോട് പറഞ്ഞപ്പോള്‍ എനിക്ക് വളരെയധികം സന്തോഷമായി.
എന്നാല്‍ എന്‍റെ പ്രതീക്ഷയെ ആകെ തകിടം മറിച്ച് സുഹൃത്തിന്‍റ കയ്യിലെ പണം വളരെ പെട്ടെന്ന് തന്നെ തീർന്നു. ഞങ്ങള്‍ക്കാണെങ്കിലോ വിശപ്പ് തുടങ്ങുകയും ചെയ്തു.ശരീരവളർച്ചയുടെ സമയമല്ലെ .പന്ത്രണ്ട് പതിമൂന്ന് വയസ്സാണല്ലൊ കാലഘട്ടം.
എന്നാല്‍ വിശപ്പിനു പരിഹാരമുണ്ടാക്കാം എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ വീണ്ടും പരിപാടികള്‍ വീക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ഇരുട്ടായപ്പോള്‍ സുഹൃത്ത് എന്നെയും കൂട്ടി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറത്തിറങ്ങി.സ്കൂളിനോട്‌ ചേര്‍ന്ന തെങ്ങുകള്‍ നിറഞ്ഞ ഒരു പറമ്പിലേക്കാണ് അവന്‍ എന്നെ കൊണ്ടു പോയത്. തെങ്ങില്‍ കയറി ഇളനീര്‍ ഇടുകയായിരുന്നു അവന്‍റെ ലക്ഷ്യം.പറമ്പിന്‍റെ പരിസരത്ത് ആളനക്കം ഇല്ലാതായപ്പോള്‍ സുഹൃത്ത് തെങ്ങില്‍ കയറുകയും ഇളനീര്‍ ഇടുകയും ചെയ്തു.അവന്‍ തന്നെ ഇളനീര്‍ കരിങ്കല്ലുകൊണ്ട് പൊതിക്കുകയും എനിക്ക് തിന്നാന്‍തരികയും ചെയ്തു.വിശപ്പിന് തല്‍ക്കാല പരിഹാരമായതോടെ ഞങ്ങള്‍ പരിപാടി സ്ഥലത്തേക്ക് തിരിച്ചു.
സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.കുട്ടികള്‍ ഏറെക്കുറെയും പോയിക്കഴിഞ്ഞു.നേരത്തെ തിന്ന ഇളനീര്‍ വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഒപ്പനപ്പാട്ടിന്‍റെ ശീലുകള്‍ക്കൊപ്പം വയറ്റില്‍ നിന്ന് കളകളാരവം മുഴങ്ങുന്നു.സ്കൂളിന്‍റെ ഇടനാഴികളിലൂടെ ഒഴുകി എത്തുന്ന തണുത്ത കാറ്റ് സഹപാഠികളുടെ ഉച്ഛോസ നിശ്വാസങ്ങളെ തഴുകി മുന്നാേട്ടു പോകുന്നു.
വര്‍ഷകാലത്തെ മഴ മേഘക്കാറുകൾ ഒഴിഞ്ഞു നിന്ന വൃത്തിയുള്ള മാനത്ത് നക്ഷത്രങ്ങളുടെ സാമ്രാജ്യത്തില്‍ നോക്കിയിരിക്കാന്‍ എന്ത് രസം. കൗമാരത്തിന്റെ ആരംഭത്തിലെ കൗതുകങ്ങളുടെ ലോകത്തേക്ക് ചിന്തയുടെയും അനുരാഗത്തിന്റെയും വാതിലുകൾ ഒരേ സമയം തന്നെയാണ് തുറന്നു വയ്ക്കാറ്. രണ്ടിനെയും ഒരേ പോലെ മനസിന്റെ മൂശയിൽ ഇട്ടു വാർത്തില്ലെങ്കിൽ നിയന്ത്രണമില്ലാത്ത ചിന്തകളുടെയും അതിരുകളില്ലാത്ത അനുരാഗത്തിന്റെയും അനന്തമായ വിഹായസ്സിൽ സ്വന്തം സ്വത്വത്തെ തേടി അലയേണ്ടി വരും.
ഒപ്പനപ്പാട്ടിൽ നിറയുന്നത് ഒരു സംസ്കാരത്തിന്റെ താളമാണ്. ഗൃഹാതുരത്വത്തിന്റെ ഇമ്പമാർന്ന ഓർമ്മകൾക്കപ്പുറം അനുരാഗത്തിന്റെ താളക്കൊഴുപ്പേകുന്ന സ്പന്ദനങ്ങളാണ് അവ. കൗമാര ചിന്തകളുടെ വേലിയേറ്റത്തിൽ അനുരാഗത്തെ തിരുകിക്കയറ്റി ആത്മാവിന്റെ ചലനത്തെ ഭാവ സമ്പുഷ്ടമാക്കുന്ന പ്രേരണാശക്തി ചില ഗാനങ്ങളിൽ നിറഞ്ഞിരിക്കുന്നു.
ഞാന്‍ എന്‍റെ സുഹൃത്തിനെ നോക്കി.അവന്‍ വയറില്‍ അമര്‍ത്തിപ്പടിച്ചിരിക്കുന്നു.കാര്യം നിസ്സാരമാണെങ്കിലും പ്രശ്നം ഗുരുതരമാണെന്ന് എനിക്ക് മനസ്സിലായി.
വീട്ടിലെത്തുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ഞങ്ങള്‍ മനസ്സിലാക്കി.
ഓടുകയായിരുന്നു ഞങ്ങള്‍ .ബാല്യത്തിന്‍റെ വിരാമവും കൗമാരത്തിന്‍റ തുടക്കവും കൈമുതലാക്കി ഞങ്ങള്‍ ഓടി.വയറ്റില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ ഉടനുണ്ടാകുമെന്ന് ഏറെ ക്കുറെ ഉറപ്പായിരുന്നു.മാനത്ത് തിളങ്ങിനില്‍കുന്ന പൂര്‍ണ ചന്ദ്രനെ നന്ദി.
റോഡരികിലെ മരങ്ങൾ ഞങ്ങളോടപ്പോൾ കിന്നാരം പറയാൻ നിന്നില്ല. ചെറിയ മരങ്ങളെ പ്രേതങ്ങളായി തോന്നിയില്ല. രാഷ്ട്രീയക്കാരുടെയും മറ്റും ശീല കൊണ്ടുണ്ടാക്കിയ പഴകിക്കീറിയ ബാനറുകളിൽ ഞങ്ങൾക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല. റോഡരികിലെ കുത്തനെ നിൽക്കുന്ന മൈൽ കുറ്റി കണ്ട് കൊള്ളക്കാരനാണെന്ന് ശങ്കിച്ചില്ല.കാരണം ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. വീടണയുക എന്നത്.
സുഹൃത്തിന്‍റെ വീടെത്തിയപ്പോള്‍ ഞാനൊറ്റക്കായി. പിന്നെ പാടമാണ്. അത് കഴിഞ്ഞ് തോട്. തോടിലിറങ്ങിയാലോ?. വേണ്ട.... മണ്ടെലിയുണ്ടാകും. വീണ്ടും മുന്നോട്ട് തന്നെ.
അങ്ങാടിക്കു പുറകിലെ ഉയരമുള്ള ഇടവഴിയിലൂടെ ഏകനായി ഞാന്‍ നടന്നു. ഒരാൾക്ക് മാത്രം വീതിയുള്ളു കയറ്റത്തിൽ. വലത്തും ഇടത്തും ഒരാൾ ഉയരത്തിലാണ് മതിലുകൾ.രണ്ടു ഭാഗവും കാടുപിടിച്ചു കിടക്കുന്നു. ഇടത് ഭാഗത്ത് അങ്ങാടി വരെ നീണ്ടു കിടക്കുന്ന വിജനമായ പറമ്പ്. ഭീതിദമായ അവസ്ഥ... നടന്ന് മുകളിൽ ഒരു കിതപ്പോടെ എത്തി.മുകളിൽ വലതുഭാഗത്ത് മുള്ളുവേലിയും ഇടതു ഭാഗത്ത് മണ്ണൂ കൊണ്ടുള്ള മതിലുമാണ്. അങ്ങോട്ട് പോകുംതോറും ഭയം കൂടിക്കൂടി വന്നു. നട്ടുച്ച നേരം പോലും വെയിൽ എത്തി നോക്കാത്ത ഇടവഴിയാണ്. വലതുഭാഗത്തെ മുള്ളുവേലിക്കരികിൽ നിന്ന് ഇടവഴിയിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ ഇടതുഭാഗത്തെ പറമ്പ് വരെ എത്തിയിരിക്കുന്നു. മഴക്കാലത്ത് പടർന്നു പന്തലിച്ച വള്ളിപ്പടർപ്പുകൾ ഇടവഴിയെ ഒരു പ്രേതബാധയുള്ള സ്ഥലം പോലെ തോന്നിപ്പിക്കും.
നടത്തത്തിന്റെ വേഗത കുറച്ച് മുൻഭാഗത്തേക്ക് സൂക്ഷ്മമായി നോക്കി. എന്നിട്ട് ഒറ്റ ശ്വാസത്തിന് വിടെത്തണം. ഒന്നും നോക്കേണ്ടതില്ല.പക്ഷെ അവിടെ ഭീകരമായ ഒരു നിശബ്ദത തന്നെ വരാൻ പോകുന്ന ഒരു അപകടത്തിന്റെ മുന്നോടിയായിരുന്നു.
ഓടാൻ തയ്യാറായി നിൽക്കുന്ന അവസ്ഥയിലാണ് ഒരു കുളമ്പടി ശബ്ദം പോലെ എന്തോ കേൾക്കുന്നത്- ഞാൻ കാതോർത്ത് പിടിച്ചു.. ഉള്ളിൽ ഭയം തികട്ടിവരുന്നു. ശബ്ദം കൂടിക്കൂടി വരിക തന്നെയാണ്. നിന്ന നിൽപിൽ ഒച്ചയുണ്ടാക്കി ആളെക്കൂട്ടിയാലൊ? ആര് കേൾക്കാൻ?. സമയം മൂന്ന് മണി കഴിഞ്ഞിട്ടുണ്ടാവും.ഈ സമയത്ത് ആര് ഉണർന്നിരിക്കാൻ. ചിന്തിച്ചു നിൽക്കാൻ സമയമില്ല.തനിക്ക് പോകേണ്ടി വരുന്ന ഭാഗത്ത് നിന്ന് തന്നെയാണ് ശബ്ദവും കേൾക്കുന്നത് എന്ന് മനസ്സിലായി.പെട്ടെന്ന് തോന്നിയ ബുദ്ധി. തൊട്ടടുത്ത മതിലിലേക്ക് വേഗം കയറി.
ഇടവഴിയുടെ ഇരുട്ടിലൂടെ അതിവേഗം പാഞ്ഞു വരുന്നുണ്ട് ഒരു രൂപം. വേഗം മതിലിന്റെ അപ്പുറത്തെ പറമ്പിലെ കുറ്റിക്കാട്ടിലേക്ക് ചാടി.
എന്നിട്ട് തലയുയർത്തി നോക്കിയപ്പോഴുണ്ട് ഒരു കാളക്കൂറ്റൻ കയറുമായി ഓടുന്നു.
ആ കാളയും കാളയുടെ ശബ്ദവും എന്റെ പഞ്ചേന്ദ്രിയങ്ങളിൽ നിന്നും വിട്ടകന്നിട്ടും എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയിട്ടുണ്ടായിരുന്നില്ല. ഓടുകയായിരുന്നോ താൻ?. വീട്ടിലെങ്ങനെ എത്തി എന്നത് ഒരു പിടിയുമില്ല. കക്കൂസിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും ബാപ്പ എണീറ്റു വാതിൽ തുറന്നിരുന്നു. എന്നെ കണ്ട് ഭയപ്പെടാതിരിക്കാൻ ഞാൻ ചുമച്ച് കൊണ്ടാണ് ബാപ്പയെ എതിരേറ്റത്.
വയറിളക്കത്തിന്റെ കൂടെ പനിയും പിടിപ്പെട്ടിരുന്നു - രാത്രി മുഴുവനായ് മഞ്ഞു കൊണ്ടാൽ സ്വാഭാവികമായി സംഭവിക്കാവുന്നത്. പക്ഷെരാത്രിയിലെ കാളയുടെ കുളമ്പടി ശബ്ദവും എന്റെ കാലടി ശബ്ദവും ഇടവഴിക്കരികിലുള്ള വീടുകളിൽ കോലായിൽ കിടന്നുറങ്ങിയിരുന്ന ആരൊക്കെയോ കേട്ടിരുന്നു.അവർ ഓടിയ ആളെ കണ്ടു പിടിച്ചു. കാളയെ ഒടിയനായി മുദ്രകുത്തി. വയളിറക്കവും പനിയും പിടിച്ച് തളർന്ന വശനായ ഞാൻ വീട്ടിൽ തന്നെയായിരുന്നു.പുറത്തിറങ്ങിയിരുന്നില്ല.
ചേരുരാൽ സ്കൂൾ മുതൽ വീട് വരെ മൂന്ന് കിലോമീറ്ററിലധികം ദൂരം രാത്രിയിൽ സഞ്ചരിച്ച എന്റെ ധൈര്യത്തെ ചിലർ പ്രകീർത്തിച്ചപ്പോൾ ചില അയൽവാസികൾക്ക് അതത്ര രസിച്ചില്ല. ഇത്തിരിപ്പോന്ന ചെക്കൻ അതും പതിമൂന്നിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഒരു പയ്യൻ ഈ ഒടിയനും ശെയ്ത്താനും ജിന്നുകളും വാഴുന്ന പ്രദേശത്തുകൂടെ ഒറ്റക്ക് സഞ്ചരിച്ചു എന്ന് വച്ചാൽ അതങ്ങ് സമ്മതിച്ചു തരാൻ ചില അയൽവാസികൾ തയ്യാറായില്ല. എനിക്ക് ഒടിയ നേറ്റതായി അവർ പ്രചരിപ്പിച്ചു. ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറായതും അതിന് ഒരു വളമായി.
അങ്ങനെ അയൽപക്കത്തെ ചിലർ എന്നെ മന്ത്രവാദിയെ കാണിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയുണ്ടായി. എനിക്ക് ഒടിയനേറ്റു എന്ന് വരുത്തി തീർക്കൽ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. മന്ത്രവാദ ചികിത്സക്ക് വിധേയനാകേണ്ട അസുഖമൊന്നും എനിക്കില്ലാ എന്നത് വീട്ടുകാർക്കറിയാമായിരുന്നു. സമ്മർദ്ദം ശക്തമായപ്പോൾ വീട്ടുകാർ എന്റെ താൽപര്യത്തിന് വിട്ടു. വീട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് ഞാൻ മന്ത്രവാദ ചികിത്സക്ക് സമ്മതം കൊടുത്തു.
എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഇത്തരം ചികിത്സകളിൽ മരുന്നായി അരിഷ്ടം കുടിക്കാൻ പറയും എന്നതായിരുന്നു എന്റെ താൽപര്യത്തിന് കാരണം. അരിഷ്ടം എനിക്ക് വളരെ ഇഷ്ടമായിരുന്നു.
അങ്ങിനെ അയൽവാസി സ്ത്രീയുടെ കൂടെ തൊട്ടടുത്തുളള ഗ്രാമത്തിലെ മന്ത്രവാദിയുടെ വീട്ടിലെത്തി -ഗെയിറ്റിന് പുറത്ത് എന്നെ നിർത്തിയതിന് ശേഷം അയൽവാസി സ്ത്രീ മന്ത്രവാദിയുമായി എന്തോ സംസാരിക്കുന്നത് കണ്ടു. ഈ സമയം അവിടെ അടുത്തുള്ള ഒരു കൊന്ത്രൻ പല്ലൻ (മുറിച്ചുണ്ടൻ) എന്റെടുത്ത് വന്ന് എന്നെ ഉപദ്രവിക്കാൻ തുടങ്ങി.അപ്പോഴേക്കും അയൽവാസി വന്ന് മന്ത്രവാദിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി. മന്ത്രവാദിയാണെങ്കിൽ തുണി മാത്രമെ ഉടുത്തിട്ടുള്ളു.മന്ത്രവാദി എന്റെ വലതു കയ്യിൽ ഒരു പച്ചമരുന്ന് കഴിക്കാൻ തന്നു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
"സൂറേ.... അൽപം തീകൊണ്ടു വാ "
എന്താ സംഗതി എന്നതൊന്നും എനിക്കറിയില്ലല്ലോ.. അരിഷ്ട കുപ്പിയിലേക്കായിരുന്നു എന്റെ കണ്ണ്.
മന്ത്രവാദിയുടെ ഭാര്യ സൂറ ഒരു ചെമ്പട്ടിയിൽ തീക്കനലും ചകിരിയും ഒക്കെ നിറച്ച് പുകച്ച് അവിടെ കൊണ്ട് വന്ന് വച്ചു.അതിനു ശേഷം ഒരു കട്ടിയുള്ള കമ്പിളി പുതപ്പും.
പുകയുന്ന ചെമ്പട്ടിക്കടുത്ത് എന്നെ പിടിച്ചിരുത്തി. എന്നിട്ട് പുതപ്പിട്ട് മൂടി. അപ്പോൾ പുതപ്പിനകത്ത് ആകെ പുക നിറഞ്ഞു. എന്റെ പിന്നിൽ ആരും ഉണ്ടായിരുന്നില്ല. അത് കൊണ്ട് എന്റെ പിൻഭാഗത്ത് പുതപ്പ് ഞാൻഅൽപം പൊന്തിച്ചു പിടിച്ചു. പുക പിന്നിലൂടെ മുറ്റത്തേക്കൊഴുകിയത് ആരും അറിഞ്ഞില്ല.
അൽപം കഴിഞ്ഞിട്ടും ഞാനൊന്നും മിണ്ടാതിരുന്നതുകൊണ്ടാവാം വിണ്ടും തീ കൊണ്ട് വരുവാൻ സൂറയോട് മന്ത്രവാദി ഉത്തരവിട്ടു. ഒരു പൊട്ടിയ കൂട്ടാൻ ചട്ടിയിൽ നിറയെ കനലുമായി സൂറ എഴുന്നള്ളി.
എന്നിട്ട് വീണ്ടും എന്നെ പുതപ്പിട്ടു മൂടി.ഇപ്രാവശ്യം ഞാൻ എണീറ്റോടാതിരിക്കാൻ എന്നെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്. അൽപം കഴിഞ്ഞപ്പോൾ ശ്വാസം കിട്ടാതെ ഞാൻ ചുമക്കാൻ തുടങ്ങി.
ആ സമയം "ശ്വാസം കിട്ടുന്നില്ലേ" എന്ന് മന്ത്രവാദിയുടെ ചോദ്യം.
"ഇല്ല "എന്ന് ഞാനും..
"ചട്ടിക്കുള്ളിൽ എന്തെങ്കിലും കാണുന്നുണ്ടോ?" എന്ന് മന്ത്രവാദി.
"കരിക്കട്ട കാണുന്നുണ്ടെന്ന്" ഞാനും.
"എന്നാൽ നീ കുറച്ച് കുടി ഇരിക്കെന്ന് "മന്ത്രവാദി.
"ശ്വാസം കിട്ടുന്നില്ലെന്ന് ഞാനും".
മന്ത്രവാദിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ തന്ത്രം സ്വീകരിക്കണം എന്ന് എനിക്ക് മനസ്സിലായി.
മന്ത്രവാദിയുടെ ചോദ്യം വീണ്ടും ഉയർന്നു. "എന്തെങ്കിലും കാണുന്നുണ്ടോ?" എന്ന്.
"രണ്ട് കൊമ്പുള്ള ഒരു ജീവിയെ കാണുന്നുണ്ടെന്ന് " ഞാൻ.
ബാക്കി രൂപങ്ങൾ ചോദിക്കുന്നു മന്ത്രവാദി.
ജിന്നിന്റെ രൂപത്തെപ്പറ്റി അറിയാമായിരുന്നത് കൊണ്ട് മുഴുവൻ രൂപവും പറഞ്ഞു കൊടുത്തു.
രൂപങ്ങളെല്ലാം ശരിവച്ച മന്ത്രവാദി ആ രൂപത്തോട് കരിക്കട്ടയായിപ്പോകാൻ ആവശ്യപ്പെട്ടു.
ജിന്നിനോട് (???) ഉറക്കെകരിക്കട്ടയാകാൻ ആവശ്യപ്പെട്ട ഞാൻ ആവർത്തിച്ചാവർത്തിച്ച് ഉറപ്പിച്ചതോടെയാണ് സ്വതന്ത്രനാക്കപ്പെട്ടത്.
ഹാവു!!! മരിച്ചു ജീവിച്ച പ്രതീതിയായിരുന്നു ഞാൻ. കണ്ണ് നിറയെ പുക കൊണ്ട് ചുവന്ന് തുടുത്തു.ഭയങ്കര നീറ്റലും. കണ്ണിൽ നിന്നും കണ്ണ് നീർ ധാരധാരയായി ഒഴുകുന്നു. അകമ്പടിയായി മൂക്കിൽ നിന്നും. കണ്ണ് തുടച്ച് നോക്കിയപ്പോൾ സൂറയുണ്ട് ചിരിച്ചു കൊണ്ട് പുതപ്പ് മടക്കുന്നു.
മന്ത്രവാദിയെ വാതിൽപടിയിൽ കണ്ട പാട് തീക്കനൽ നിറച്ച ചെമ്പട്ടി കൈയിലെടുത്ത് മന്ത്രവാദിയുടെ നേർക്ക് ഒരൊറ്റ ഏറ്. അത് കണ്ട് ആളുകൾ അന്തം വിട്ട് നിൽക്കെ ഞാൻ മുറ്റത്തേക്ക് ചാടിക്കഴിഞ്ഞിരുന്നു. ഗെയിറ്റ് കടന്ന് പുറത്തെത്തിയപ്പോഴുണ്ട് കൊന്ത്രൻ പല്ലൻ പുറത്ത് നിൽക്കുന്നു. ഒരൊറ്റ ചവിട്ട് അവന്റെ നെഞ്ചിൻ പലക നോക്കി.. എന്നിട്ട് ഇടിവെട്ടിപ്പാറയുടെ മുകളിലൂടെ തിരിഞ്ഞു നോക്കാതെ ഓടി.
പിറ്റേന്ന് രാവിലെയാണ് അറിഞ്ഞത് അയൽവാസി സ്ത്രീ മകളുടെ വീട്ടിൽ ഒരാഴ്ചത്തേക്ക് വിരുന്നു പോയെന്ന്...
(ഇതിലെ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവുമില്ലാ എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..)
ശുഭം ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot