നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൊയ്മുഖങ്ങൾ..

പൊയ്മുഖങ്ങൾ..
ഇരുട്ടിന് കനം കൂടി വന്നു .കൺപോളകൾക്ക് ഭാരം കൂടിയത്പോലെ.കണ്ണ് തുറക്കാനാവുന്നില്ല.
വെളിച്ചത്തിന്റെ നേർത്തരശ്മി കണ്ണിലിരച്ചുകയറി.
തലേദിവസത്തെ മർദ്ദനത്തിന്റെ ബാക്കിപത്രമെന്നോണം കൈകാലുകൾ മരവിച്ചു കിടക്കുന്നു.
തനിയെ എണീക്കാനുള്ള ശക്തിയില്ല.വെളിയിൽ നിന്നും ആക്രോശങ്ങൾ കേൾക്കാം.' കൊല്ലണം അവനെ,വെറുതെ വിടരുത്.കൂടെ കേട്ടാലറയ്ക്കുന്ന തെറിവാക്കുകളും.
കടുത്ത വേദനയ്ക്കിടയിലും അങ്ങ് ദൂരെ നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ശസ്ത്രക്രിയാമുറിയിൽ ജീവനുവേണ്ടി പൊരുതുന്ന കുഞ്ഞനുജത്തി യായിരുന്നു.അവൾക്ക് വേണ്ടിയുള്ള പ്രാർ്ഥനകളായിരുന്നു മനസ്സ് നിറയെ.
നിസ്സഹായനായ സഹോദരന് സ്വന്തം കൂടപ്പിറപ്പിനു വേണ്ടി ചെയ്യേണ്ടി വന്നത് ഹീനമായ കർമ്മത്തിന്റെ ഉത്തരവാദിത്തമാണ്.
തറയിൽ പറ്റിച്ചേർന്നു തളർന്നു കിടക്കുന്ന അയാളുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകി തറയിൽ പടർന്നു.
ഓർമ്മയിലേയ്ക് നാട്ടിൻപുറത്തെ ചെറിയവീടും അമ്മയും അച്ഛനും ഓടിവന്നു.
തനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് അനുജത്തി പിറക്കുന്നത്.അതുവരെ അച്ഛനമ്മമാരുടെ വാത്സല്യം ആവോളം കിട്ടിയത് കൊണ്ടാവും,അമ്മയുടെ വീർത്തവയറിൽ കാത് ചേർത്ത് അവളുടെ ഓരോ അനക്കങ്ങളും ആസ്വദിച്ചത്.
വേദനകൊണ്ട് പുളയുന്ന അമ്മയെ കോരിയെടുത്ത് അച്ഛൻ ആശുപത്രിയിലേക്ക് കുതിച്ചതും,അമ്മയുടെ നിലവിളികൾക്കൊടുവിൽ അവളുടെ കരച്ചിൽ കേട്ട് ഭയത്തിനിടയിലും എന്തോ വികാരം പൊതിഞ്ഞതും,വെള്ളത്തുണിയിൽ പൊതിഞ്ഞു അവളെ അച്ഛൻ കയ്യിലേല്പിച്ചതുമൊക്കെ ഓർമ്മയിൽ മായാതെ....
അന്ന് രാത്രി അമ്മയ്ക്ക് മരുന്നു വാങ്ങാൻ പോയ അച്ഛനെ അപകടരൂപത്തിൽ മരണം തട്ടിയെടുത്തപ്പോഴും ഇരു കൈകൾകൊണ്ടും അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
ഇന്നലെവരെ അനുഭവിച്ചിരുന്ന എല്ലാ സുഖങ്ങളും അവസാനിച്ചെന്ന് മനസ്സിലാക്കി.
വിധിയോട് തളരാതെ പൊരുതുന്ന അമ്മയെകണ്ടാണ് വളർന്നത്.ഡിഗ്രിക്ക് ശേഷം ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും ചെയ്തു.
അച്ഛന്റെ മനസ്സോടെയാണ് അവളുടെ വളർച്ച നോക്കിക്കണ്ടത്.
കുഞ്ഞു എന്ന് വിളിച്ചു അവളെ വാത്സല്യം കൊണ്ട് പൊതിഞ്ഞു.അച്ഛന്റെ സ്നേഹം വിധി അവൾക്ക് നഷ്ടമാക്കിയെങ്കിലും,അച്ഛന് പകരമായി അവളോടൊപ്പം നിന്നു.
അവളുടെ കളിച്ചിരികളും കുസൃതികളും ആസ്വദിച്ചു.
ആർത്തലച്ചു
പെയ്യുന്ന മഴയിൽ കുട ഭദ്രമായി ബാഗിൽ വെച്ച് മഴനനഞ്ഞു സ്കൂൾ വിട്ടുവരുന്ന കുഞ്ഞുവിനെ വടിയെടുത്ത് ഭയപ്പെടുത്തി,ശകാരിച്ചു.തലയിലെ വെള്ളം മുണ്ടിന്റെ കോന്തലകൊണ്ട് തുവർത്തി കൊടുത്തു.
പിണക്കം നടിച്ചിരിക്കുന്ന അവളെ ചിരിപ്പിക്കാൻ കോമാളിത്തരങ്ങൾ കാണിച്ചു.
പെട്ടെന്നൊരു ദിവസം കുഞ്ഞു തലചുറ്റി വീണു എന്ന് സ്കൂളിൽ നിന്നും അറിയിപ്പ് വന്നു.ആധിപിടിച്ചു സ്കൂളിലെത്തി അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.മരുന്നുകൾ വാങ്ങി തിരിച്ചെത്തി എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി.
ശരീരം നീരുവന്നു വീർത്തു.വീണ്ടും ഹോസ്പിറ്റലിലേക്ക്,പിന്നീട് സുഹൃത്തുക്കളുടെ നിർദ്ദേശ പ്രകാരം ആധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലേയ്ക്ക്.
ആഴ്ചകൾ നീണ്ട ടെസ്റ്റുകൾക്ക് ശേഷമാണ് രോഗം കണ്ടുപിടിച്ചത്.കുഞ്ഞുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുന്നു.
തൽക്കാലം ഡയാലിസിസ് ചെയ്യാം.എത്രയും വേഗം വൃക്ക മാറ്റിവെക്കണം.
വേദനയുടെയും അതിലേറെ ആകുലതകളോടും കൂടിയാണ് ഡോക്ടറുടെ വാക്കുകൾ കേട്ടത്.അതിനു വരേണ്ടി വരുന്ന ഭീമമായ തുക കേട്ടപ്പോൾ മനസ്സ് തളർന്നു.നിസ്സഹായതയുടെ കുരുക്കിലേയ്ക്ക് വീണ്ടും അകപ്പെട്ടു.
അമ്മയുടെ തോരാക്കണ്ണീരും മരണത്തോട് മല്ലിടുന്ന തന്റെ നെഞ്ചിലെ ചൂടേറ്റ് വളർന്ന കുഞ്ഞനുജത്തിയും.
മുന്നിൽ ഇരുളടഞ്ഞ ജീവിത പാത.രാത്രിയ്‌ലിറങ്ങി എങ്ങോട്ടെന്നില്ലാതെ ഭ്രാന്തമായി ഓടി.താൻ ജീവിച്ചിരിക്കുമ്പോൾ അവളെ മരണത്തിനു വിട്ടുകൊടുക്കുന്നതെങ്ങനെ.
ഓട്ടത്തിനോടുവിൽ ,വെളിപാട് കിട്ടിയത് പോലെ തിരിയെ വേഗം വീട്ടിലെത്തി.
നാട്ടിൽ് പലിശയ്ക്ക് പണം കൊടുക്കുന്ന വേണുച്ചേട്ടനുണ്ട്.ഈടുകൊടുക്കാൻ ആകെയുള്ളത് ഞങ്ങളുടെ ഈ കുഞ്ഞു വീടുൾപ്പെടുന്ന അഞ്ചു സെന്റിന്റെ ആധാരമാണ്.
ലക്ഷങ്ങൾ ചോദിച്ചാൽ കിട്ടില്ല.എങ്കിലും കാലു പിടിക്കും.ഉറച്ച തീരുമാനത്തോടെയാണ് വേണുച്ചേട്ടന്റെ കൊട്ടാര സമമായ വീടിന്റെ ഗേറ്റ് കടന്നത്.
.. അർദ്ധരാത്രി സമയം പതിവില്ലാത്തത് പോലെ ആ വീട് ,മുഴുവൻ വെളിച്ചത്തിൽ മുങ്ങിയിരിക്കുന്നു.എന്താണെന്നറിയില്ല.
കോളിങ് ബെല്ലമർത്തി,നിമിഷങ്ങൾക്കകം വാതിൽ തുറക്കപ്പെട്ടു.വേണുച്ചേട്ടനാണ്.
തന്നെക്കണ്ടതും മുഖത്തെ പരിഭ്രമം മറച്ചുകൊണ്ട് ചോദിച്ചു.'എന്താടാ ഈ നേരത്തു.
ചോദ്യം തീരും മുൻപ് വേണുച്ചേട്ടന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു,സംഭവങ്ങൾ ഓരോന്നായി പറഞ്ഞു.ദുഖാർദ്ര വാക്കുകൾ ഇടമുറിഞ്ഞു.
തന്നെ വേഗം വേണുച്ചേട്ടൻ വീടിനുളിലേയ്ക്ക് വലിച്ചു കയറ്റി.വാതിലടച്ചു.
ആദ്യം ഒന്ന് പരിഭ്രമിച്ചു.ഹാളിനുള്ളിൽ
വേണുച്ചേട്ടന്റെ കുടുംബാംഗങ്ങൾ എല്ലാവരുമുണ്ട്.
എല്ലാവരുടെയും മുഖം എന്തോ ആപത്ത് സംഭവിച്ചത് പോലെയുണ്ട്.തന്റെ പ്രായം വരുന്ന അദ്ദേഹത്തിന്റർ മകൻ ഓട് കുറ്റവാളിയെപ്പോലെ പതുങ്ങി ഒരു മൂലയ്ക്ക് മുഖം താഴ്ത്തി നിൽപ്പുണ്ട്.
പരിഭ്രമം മാറും മുൻപേ
വേണുച്ചേട്ടന്റെ വാക്കുകൾ കാതുകളിൽ മുഴങ്ങി,'നിനക്ക് എത്രലക്ഷം വേണമെങ്കിലും തരാം.ഈടായി ഒന്നും വെങ്കിടാ നീ തിരിച്ചു തരികയും വേണ്ട.പകരമായി നീ എനിക്കൊരു ഉപകാരം ചെയ്യണം.
പിന്നീടുള്ള വാക്കുകൾ തീമഴപോലെ കാതിൽ ഇരച്ചു പെയ്തു.കൂട്ടാനും കിഴിക്കാനും ശരിതെറ്റുകൾ തുലനം ചെയ്യാനും സമയമില്ല.
ആസ്പത്രിക്കിടക്കയിലുള്ളത് എന്റെ പ്രണനായ കുഞ്ഞനുജത്തിയാണ്.അവളെക്കാൾ വലുതായി ഒന്നുമില്ല.
ചെക്കുകൾ വാങ്ങി അമ്മയുടെ അടുത്തെത്തി കൈമാറിയതിനു ശേഷം കാലിൽ വീണു മാപ്പിരന്നു.
ഒന്നും കരയാൻ പോലും ശക്തിയില്ലാതെ നിൽക്കുന്ന അമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ ആശുപത്രിയുടെ പടികളിറങ്ങി.
പോലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാൻ.
... ചെറിയ വീടിനുള്ളിലെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും വിട.
കൈയ്യാമം വെച്ച് ആക്രോശങ്ങൾക്കിടയിലൂടെ പോലീസ് അകമ്പടിയിൽ നടന്നുവരുമ്പോൾ ആരോ എറിഞ്ഞ ചെരുപ്പ് നെഞ്ചിൽ ആഞ്ഞുവന്നുകൊണ്ടു.
വേദന കടിച്ചമർത്തി.അട്ടഹാസങ്ങൾക്കും അസഭ്യവർഷങ്ങൾക്കും നടുവിലൂടെ മുഖമുയർത്താതെ നെഞ്ചിൽ വിങ്ങുന്ന സങ്കടക്കടലിൽ മുങ്ങി പോലീസ് വാഹനത്തിനുള്ളിലേയ്ക്ക്.
ഏതോ കുറ്റിക്കാടിന്റെ അടുത്ത് വാഹനം നിർത്തി ,തെളിവെടുപ്പാണ്.
എന്ത് തെളിവു?
പൊലീസുകാർ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സമ്മതം മൂളി.
പോരാതെ വന്നത് അവർതന്നെ പൂരിപ്പിച്ചു ചേർത്തു.
കോടതിമുറിയിലെ ഭയപ്പെടുത്തുന്ന നിശബ്ദതയിൽ ജഡ്ജിയുടെ വാക്കുകൾ അസ്ത്രംപോലെ കാതിൽ തറച്ചു.
ഐ .പി.സി,സെക്ഷൻ.359,360,366.സെക്ഷൻ.376,376A,376B,376C,376D.സെക്ഷൻ 354എ.
തന്റെമേൽ ചാർത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ നീണ്ടനിര.
അതെ ഞാനിപ്പോഴൊരു മൃഗമാണ്.ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി ,മൃഗീയമായി ഉപദ്രവിച്ചു കാട്ടിൽ തള്ളിയവൻ.
ഇനിയെല്ലാം കണ്ണുകെട്ടി വിധിപ്രഖ്യാപിക്കുന്ന നിയമത്തിനു വിടുന്നു.
എല്ലാവരുടെയും മർദ്ദനമുറകൾ അവസാനിച്ചു.ഇനി ഇതാണ് ലോകം.മനസിൽ വീണ്ടും ആശുപത്രി തെളിയുന്നു.
ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ടാവും.കുഞ്ഞു കണ്ണ് തുറന്നിട്ടുണ്ടാവുമോ,ചേട്ടനെ അന്വേഷിച്ചിട്ടുണ്ടാവുമോ....
അമ്മയോട് പറഞ്ഞിട്ടാണ് പോന്നത്,അച്ഛന്റെ ഓർമ്മകൾ നിൽക്കുന്ന വീട് നമുക്കിനി അന്യമാണ്.
...കുഞ്ഞുവിന്റെ ചികിത്സയ്ക്ക് ശേഷം ബാക്കിവരുന്ന തുക കൊണ്ട് നാടുവിട്ടോണം.അവളെ നന്നായി നോക്കണം.
ചേട്ടനും അച്ഛനെപ്പോലെമരണപ്പെട്ടു എന്നവളോട് പറയണം.
കാമവെറിയാനായി മുദ്രകുത്തപ്പെട്ട സഹോദരൻ ഉണ്ടെന്നറിയുന്നതിലും നല്ലത് ,മരണപ്പെട്ടു എന്നറിയുന്നതാണ്.
തന്റെ കുഞ്ഞിയെപ്പോലെ വളർന്ന ഏതോ പെൺകുട്ടി ഒരു കാമഭ്രാന്തനാൽ ആക്രമിക്കപ്പെട്ടു അബോധാവസ്ഥയിൽ ഏതോ ആശുപത്രിക്കിടക്കയിൽ .....പാവം..രണ്ടു തുള്ളി കണ്ണീരും പ്രാർത്ഥനയും മാത്രമേ നിനക്ക് തരാൻ ഈ സഹോദരന്റെ പക്കലുള്ളു...ക്ഷമിക്കൂ....
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിദേവതാ വാക്യം ജീവിതത്തിന്റെ മറ്റൊരു മുഖത്തിനുമുന്നിൽ തലതാഴ്ത്തി..........

By
Nisa Nair

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot