Showing posts with label നിസാ നായർ. Show all posts
Showing posts with label നിസാ നായർ. Show all posts

ഒരു ബുള്ളറ്റും രണ്ടു പെൺകുട്ടികളും



Part 4
ഒരു മല മുഴുവനും നക്ഷത്രങ്ങൾ പൂത്തിറങ്ങിയ പോലെ മിന്നാമിന്നികൾ .
ഇത്ര അധികം മിന്നാ മിന്നികൾ ഈ ലോകത്തു ഉണ്ടായിരുന്നോ.
പൂർണ നിലവിൽ ഒരു മല മുഴുവനും മിന്നാമിന്നികൾ പൂത്തു നിൽക്കുന്ന ഈ കാഴ്ച എത്ര ജന്മം ഉണ്ടായാലും കണ്ടെന്നു വരില്ല.
കോട മാറിയിരിക്കുന്നു ,പല തരം കാട്ടു പൂക്കളുടെയും ,തേയിലയുടെയും ,ഓറഞ്ചിന്റെയും ഇടകലർന്ന മണമുള്ള തണുത്ത കാറ്റ് അടിക്കുന്നു .
മരിക്കുന്നതിനേക്കാൾ ജീവിക്കാൻ ഉള്ള കാരണങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ട് ന്ന ഈ ലോകത്തു ഇത് പോലൊരു കാഴ്ച ഏതൊരാളെയും ജീവിക്കാൻ പ്രേരിപ്പിക്കും .
മലയുടെ മുകളിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ കണ്ടപ്പോൾ ഈ ഒരു നിമിഷം മാത്രം ആണ് സത്യമെന്നു തോന്നി ,ബാക്കി എല്ലാം മിഥ്യയാണ് ,ഞാനും ഞാൻ ജീവിക്കുന്ന ലോകവും .
നിലാവ് പരന്നൊഴുകുന്നുണ്ട് .ഇത്ര ഭംഗിയോ മൂന്നാറിന് ,മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ട് ഇവിടെ.
അല്ലെങ്കിൽ തുച്ചമായ വേതനത്തിനു പണി എടുക്കുന്ന ഇവിടുത്തുകാർ ഇങ്ങനെ സന്തോഷിച്ചു ജീവിക്കില്ലായിരുന്നു.
മുടി നിറച്ചും മുല്ലപ്പൂ ചൂടി കടും നിറത്തിലെ ചേല ഉടുത്തു കലപില കൂട്ടി ടൗണിൽ കണ്ട പെണ്ണുങ്ങൾ പെട്ടെന്ന് മനസ്സിൽ ഓടി എത്തി.
മേഘങ്ങൾ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പരന്നൊഴുകുന്നു .
താഴേക്ക് നോക്കുമ്പോൾ വെള്ളി അരഞ്ഞാണം പോലെ ഒരു നീർച്ചോല കാണുന്നുണ്ട് .അതിന്റെ അപ്പുറത്തെ കരയിൽ മൃഗങ്ങൾ വെള്ളം കുടിക്കുന്നു .ആനകൂട്ടം ആണെന്ന് തോന്നുന്നു,കൂടെ മാനുകളും .
ശിഖിരങ്ങൾ പടർത്തി നിൽക്കുന്ന മരങ്ങൾ കൂടുതൽ ഭംഗി കൂട്ടുന്നു .
നിലവിന്റെ വെട്ടത്തിൽ തേയില തോട്ടം പട്ടു ഉടുത്ത പോലെ.
പെട്ടെന്ന് എനിക്ക് ലോകത്തുള്ള സകല വസ്തുക്കളോടും വല്ലാത്ത പ്രണയം തോന്നി.
എത്ര സുന്ദരമായ നിമിഷം.
ഒരു ചിത്രം പോലെ.അതിന്റെ ഒരരികിൽ ഞാനും.
ഇതാണ് ശ്രുതി അഗർവാൾ പറഞ്ഞത് .ഈ ഒരു നിമിഷം ,അത് ഒരിക്കലും വേറെ ആർക്കും കിട്ടില്ല .നമുക്ക് വേണ്ടി മാത്രം പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന സമ്മാനങ്ങൾ.
ശ്വാസത്തിൽ പോലും ഒരു ടൺ എനർജി കയറിയ പോലെ.
നീ ഇവിടെ വന്നു നിൽക്കുകയായിരുന്നോ റസി ..അനു വന്നു പുറകിൽ നിന്നത് ഞാൻ അറിഞ്ഞില്ല.
ദൂരേക്ക് കൈ ചൂണ്ടി കാണിച്ചു കൊടുത്തപ്പോൾ ഉറക്കച്ചടവിലും അദ്ഭുതം കൊണ്ടു അവളുടെ കണ്ണ് മിഴിയുന്നത് ഞാൻ കണ്ടു .
ഒന്നും മിണ്ടാതെ പ്രകൃതി ഒരുക്കിയ മായ കാഴ്ച കണ്ടു നിൽക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .
ചില നിമിഷങ്ങൾ അങ്ങനെ ആണ്.ദൈവം എന്ത് കൊണ്ടു ആ രാത്രി ഞങ്ങളെ അവിടെ താമസിപ്പിച്ചു എന്നുള്ളതിന്റെ ഉത്തരമാണ് ഇത്.
എന്നേ വിളിച്ചുണർത്തിയ മൃഗത്തോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി.
ഇത് അല്ലാഹുവിന്റെ തീരുമാനമാണ് .ഈ രാത്രിയും അതിന്റെ സൗന്ദര്യവും ഞങ്ങൾ കാണണമെന്നുള്ളത്.
എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല .
പതുക്കെ ആകാശം ചുമക്കുന്നതും പിന്നീട് വെള്ളി വെളിച്ചം വന്നു നേരം പുലരുന്നതും ഞങ്ങൾ കണ്ടു നിന്നു.
അപ്പോഴാണ് ഞങ്ങൾ അതു വരെ കാണാത്ത കാഴ്ചയിലേക്ക് ഞങ്ങളുടെ കണ്ണുടക്കിയത് .
വർധിച്ചു വരുന്ന ഹൃദയമിടിപ്പോടെ ഞങ്ങൾ അങ്ങോട് തന്നെ നോക്കി നിന്നു.
തുടരും

പ്രണയത്തിന്റെ തിരമാലകൾ

Image may contain: 2 people, people smiling, selfie and closeup

അകലാൻ ആഗ്രഹിച്ചില്ല..എന്നിട്ടും നീയകന്നു പോയി..കനൽ പോലെ എന്റെ മോഹങ്ങൾ കൂട്ടിവെച്ച് കാത്തിരുന്നു...ഒരിക്കൽ നിന്റെ തിരിച്ചു വരവിനായി.....ഓരോ രാത്രികളിലും എന്റെ തലയിണ നനഞ്ഞു ...കണ്ണീരു വീണ്....കാത്തിരിപ്പായിരുന്നു..പ്രതീക്ഷയില്ലാത്ത കാത്തിരുപ്പ്...വാഗ്ദാനമൊന്നും നൽകിയിരുന്നില്ല...ഒന്നറിയാമായിരുന്നു...എന്നിൽ നിന്ന് നിന്നിലേയ്ക്കുള്ള വാതിൽ നീ അടച്ചു ....പക്ഷെ നിന്നിൽ നിന്നും എന്നിലേയ്ക്കുള്ള വാതിൽ ഞാനറിയാതെ നീ തുറന്നിട്ടു....എന്റെ ഓർമ്മകളെ നീ നുള്ളിക്കളഞ്ഞിരുന്നില്ല. എന്ന് ഞാൻ വിശ്വസിക്കട്ടെ. .....അതുപോലെ നിന്റെ ഓർമ്മകളെ ഞാനും ഒരിക്കലും കളയില്ല...നിശ്ശബ്ദമായാണ് ഞാൻ നിന്നെ പ്രണയിച്ചത്....നിന്നിൽ നിന്നും ഒന്നുമാഗ്രഹിക്കാതെ.... യാത്ര പോലും പറയാതെ നീ പോയത് എന്റെ നെഞ്ചിലെ പ്രണയത്തിൽ ചവിട്ടിയാണ്..നീ എനിക്ക് സമ്മാനിച്ചത് ..അല്ലെങ്കിൽ ഞാൻ നിനക്കായ് കരുതിയത് കറ പുരളാത്ത പ്രണയമായിരുന്നു...നിന്റെ ചിന്തകളിൽ, നിന്നിൽ ഏറ്റത് പുഴുക്കുത്താണെങ്കിലും അവയെ ഞാനെന്റെ നെഞ്ചോട് ചേർത്ത് പൂക്കളായി പ്രണയത്തിന്റെ ചുവന്ന വസന്തമായി സ്വീകരിക്കുമായിരുന്നു....ഇന്ന് ഞാൻ നിന്റെ ഓർമ്മകളുടെ തടവറയിലാണ്..
...
............ഈ തടവറ എനിക്ക് പ്രപഞ്ചത്തിലെ മനോഹരമായ സൗധമാണ് ..അതിൽ നിറയെ നിന്റെ ഓർമ്മകൾ തീർത്ത വജ്രത്തിളക്കമാർന്ന പൂക്കളുണ്ട്....പറഞ്ഞിട്ടും സാധിക്കാനാവാതെ പോയ എന്റെ കുഞ്ഞു മോഹങ്ങൾ ചിത്രശലഭങ്ങളായി സ്വർണ്ണ ചിറകുകൾ വീശി ഈ സൗധത്തിനുള്ളിലൂടെ പറക്കുന്നുണ്ട്.....നിന്റെ കൈ പിടിക്കാനാശിച്ചു ഞാൻ എത്രയോ വട്ടം നിന്നരികിലെത്തി,ഒപ്പം നടന്നിട്ടുമെന്റെ നീട്ടിയ കൈവിരൽ നീ കാണാതെ പോയി....നിന്റെ മൗനത്തിനുള്ളിൽ നീയൊളിപ്പിച്ച വേദനകൾ ഞാൻ എന്റേതായി സൂക്ഷിച്ചിരുന്നു..നിന്റെ വേർപാടിൽ ഞാൻ കുറിച്ച അക്ഷരങ്ങളിലൂടെ ഞാനെന്നെ തോൽപ്പിച്ചു
. പ്രണയമോ വിരഹവേദനയോ തിരസ്കരണമോ അർത്ഥമെന്നറിയാതെ വാക്കുകൾ എനിക്ക് മുന്നിൽ കീഴടങ്ങി....ഒന്നറിയാമെനിക്ക് അകലമിട്ട നിന്റെ മനസ്സിൽ സ്നേഹത്തിന്റെ കടലുണ്ട്.....നിറഞ്ഞിട്ടും കവിഞ്ഞൊഴുകാൻ മടിക്കുന്ന കടൽ.....ഓളങ്ങൾ തീർത്ത് നിന്റെയുള്ളിൽ തുടങ്ങി നിന്റെയുള്ളിൽ അലറിവിളിച്ച് ഒതുങ്ങുന്ന കടൽ.....
നീയമർത്തിയ പ്രണയത്തിന്റെ തിരമാലകൾ ഓളം വെട്ടുന്ന കടൽ.......എത്ര ദൂരമോടിയാലും എന്റെ സ്നേഹം വിളിക്കുമ്പോൾ തിരിയെ ഒഴുകിയെത്താനാവില്ല നിനക്ക്.....അതിനാണൊരു കരയായി കാത്തു കിടന്നതും....ഇനി ഒഴുകാം നിനക്ക് ദിക്കു മാറി എത്ര ദൂരം വേണമെങ്കിലും......നിന്റെ കാൽപ്പാട് തേടി ഞാനും....... യുഗങ്ങളോളം നിന്നെ പ്രണയിക്കാൻ...

വിരഹാർദ്ര രാഗം..

Image may contain: 1 person, closeup
കാറ്റല പോലെ ഒഴുകുന്ന പ്രണയം..
അമൂർത്ത സൗന്ദര്യം നിഴൽ വീഴ്‌ത്തുന്ന മൃദുലമായ അനുഭവം..
വിരഹം ഇരുൾ പരത്തുന്ന നിസ്സഹായമായ നിമിഷങ്ങൾ....
ആത്മാവിൽ തണലിനു കൊതിക്കുന്ന കിളിക്കുഞ്ഞിന്റെ നൊമ്പരം ...സമാഗമത്തിനു കൊതിക്കുന്ന ആത്മാവിന്റെ വേദന...
ഇടനെഞ്ചിൽ കണ്ണീർ തടം കെട്ടി പുറത്തു ചാടാൻ ഭയപ്പെടുന്നു..
ആരെയൊക്കെയോ എന്തിനെയൊക്കെയോ...
.,കൂടുവിട്ടകന്ന ഇണക്കിളിയുടെ വിരഹമൊരു പാട്ടായൊഴുകി
പ്രപഞ്ചമാകെ ശോകം നിറയ്ക്കുന്നു.....കാത്തിരിക്കാം ഇനിയുമിനിയും...
നീയെത്തുവാൻ എത്ര വൈകിയാലും...
അരികിൽ നിന്നകലാതെ നീ വേണമെന്നാശിക്കുമെങ്കിലും
എവിടെയോ ഞാനെന്റെ മോഹങ്ങളേ നിനക്കായ് കുഴിച്ചു മൂടി .
വരണ്ടൊരു ഭൂമി പോലെ പ്രണയമാം ഇളനീർ നിറഞ്ഞോരെന്റെ ഹൃദയം. ..
അകലങ്ങൾ തീർക്കുന്ന കാരാഗ്രഹത്തിൽ ഞാനെൻ പ്രണയമൊളിപ്പിച്ചു നിന്നെയോർത്ത്...
അറിയുന്നു നീ എന്നെ എങ്കിലും അറിയാത്തതെന്തോ അതാണ് ഞാൻ ...എന്നെ ഞാൻ മറക്കുന്നു നിനക്ക് വേണ്ടി...ഇന്നെന്റെ നെഞ്ചകം പൊട്ടിപുറപ്പെട്ട വാക്കുകൾ കവിതയായി പുനർജ്‌ജന്മ മുക്തി നേടി.
മോഹമുണ്ടെനിക്കൊരു സാഗരതീരമതിൽ നിൻ കരം കവർന്നു ചേർന്നിരിക്കാൻ
പ്രണയാലസ്യമോടെ നിൻ മാറിൽ
ചേർന്നു യുഗങ്ങളെത്രയെന്നറിയാതുറങ്ങുവാൻ..
നിൻ മിഴികളിൽ മിഴി താഴ്ത്തി
പ്രണയത്തിന്നാഴമളക്കുവാൻ..
ഇടറിയലറുന്ന വർഷ രാത്രികളിൽ ഇണക്കുരുവി നിന്നരികെ ചേർന്നാ മഴയിലലിയുവാൻ.....
കാലം നമുക്കായി കാത്തതെന്തെങ്കിലു
മെൻ പ്രണയമിനി മേൽ നിനക്ക് മാത്രം
എൻ ജീവൻ പിരിയുവോളമെൻ ജീവനെ
നീ അകന്നു പോവരുതെന്നിൽ നിന്നും..

By: Nisa Nair

വീണ്ടും കുറെ ചിന്തകൾക്ക് ഞാൻ അടിമ..

വീണ്ടും കുറെ ചിന്തകൾക്ക് ഞാൻ അടിമ..
അക്ഷരങ്ങൾ എവിടെയോ ഉറക്കമാണ്......ഉണരാൻ വൈകും തോറും ഞാനെന്ന ജീവൻ ഒരു മിഥ്യയായി മാറുന്നതിന്റെ അവസാന പടിയിലേക്കുള്ള നീളം കുറയും..
എന്റെ കുഞ്ഞു വഴിയിൽ കാലം എനിക്കായ് കാത്തുവെച്ച അരുമയായ സപ്നങ്ങൾക്ക് നിറം മങ്ങുന്നു..
എവിടെയോ മനോഹര രാഗം ..ഹിന്ദോളം പാതി മുറിഞ്ഞൊഴുക്കു നിലയ്ക്കുന്നു....
ഭൂമിയുടെ ഉള്ളറകളിൽ നിന്ന് പുറത്തേക്ക് കുതിക്കുന്ന ലാവ പോലെ ചിന്തകൾ ഞാനെന്ന പ്രകൃതിയെ അടിമുടി ഉരുക്കി ദൂരേയ്ക്ക് ഒഴുകുന്നു..
ചക്രവാളത്തിന്റെ ചുവന്ന കോണിലൂടെ ഒരു രാപ്പക്ഷിയുടെ യാത്ര.ഇരുട്ടിന്റെ കോണിൽ നിന്ന് ഇടവിട്ടുയരുന്ന രാത്രിയുടെ കോലാഹലം..
ഇരുട്ടിനെ പിരിയാതെ അകലെ നിന്ന് പ്രണയിക്കുന്ന ചന്ദ്രക്കല ,ഇങ്ങു താഴെ ഗൗളിത്തെങ്ങിന്റെ ഓലയിൽ ഒരു കൂമന്റെ ചിറകടി...
ആയുസ്സിന്റെ കടയ്ക്കൽ ഒരിക്കൽക്കൂടി ഒരു വെട്ടിക്കുറയ്ക്കൽ.
അതേ... ഈ രാത്രിക്കും ഇന്നലത്തെ പകലിനുമൊപ്പം നഷ്ടമായത് എന്റെ ആയുസ്സാണ്...
വാഗ്ദാനങ്ങൾ പാലിക്കാൻ അവസരം നൽകാതെ എന്നെ ഈ പ്രപഞ്ചത്തിൽ കാഴ്ചയ്ക്കുതകുന്ന രൂപത്തിൽ നിന്ന് അരൂപിയായ ആത്മാവിലേക്ക് രൂപഭേദം വരുത്തുവാൻ യത്നിക്കുന്ന കാലമെന്ന നീതിമാന്റെ മത്സരം..
പ്രിയമുള്ളവർക്ക് കൊടുത്തുപോയ സ്നേഹത്തിൽ പ്രിയവാക്കുകളുടെ ,സമ്മാനങ്ങളുടെ ഒക്കെ അളവുകളുടെ തുലനമാണ് ഒറ്റപ്പെടലെന്ന മഹാതുരങ്കത്തിലേയ്ക്ക് എന്നെ നടത്തിച്ചത്...
ഒരു പുരുഷായുസ്സിൽ ഇനി അനുഭവിക്കാൻ ഒന്നും അവശേഷിക്കുന്നില്ല.
തനിച്ചാക്കപ്പെട്ടവന്റെ വാസസ്ഥലം ആളൊഴിഞ്ഞ തുരുത്തുകളാണ്..ഒറ്റപ്പെട്ടുപോയവൻ ഒരിക്കലും ആർക്കും മുഖം തരാൻ ആഗ്രഹിക്കില്ല.
അവനു വേണ്ടി നീക്കി വെയ്ക്കപ്പെട്ട തുരുത്തിൽ അവനും അവന്റെ മനസ്സിൽ പൂവിടാനാൻ വെമ്പി കരിഞ്ഞുപോയ സ്വപ്നങ്ങളും മാത്രം..
ഒഴിവാക്കപ്പെടുകയാണ് ആർക്കും ഇനി പ്രയോജനമാവാനില്ലാത്ത അവന്റെ ആയുസ്സും ആരോഗ്യവുമുൾപ്പെടെ.....
നാട്ടിൻ പുറത്തും നഗരക്കുരുക്കിലും ജീവിതത്തിന് എന്നും അർഥം ഒന്ന് മാത്രം..ഒന്നിനുമല്ലാതെ ഒരു മത്സരം....

By
Nisa Nair

പൊയ്മുഖങ്ങൾ..

പൊയ്മുഖങ്ങൾ..
ഇരുട്ടിന് കനം കൂടി വന്നു .കൺപോളകൾക്ക് ഭാരം കൂടിയത്പോലെ.കണ്ണ് തുറക്കാനാവുന്നില്ല.
വെളിച്ചത്തിന്റെ നേർത്തരശ്മി കണ്ണിലിരച്ചുകയറി.
തലേദിവസത്തെ മർദ്ദനത്തിന്റെ ബാക്കിപത്രമെന്നോണം കൈകാലുകൾ മരവിച്ചു കിടക്കുന്നു.
തനിയെ എണീക്കാനുള്ള ശക്തിയില്ല.വെളിയിൽ നിന്നും ആക്രോശങ്ങൾ കേൾക്കാം.' കൊല്ലണം അവനെ,വെറുതെ വിടരുത്.കൂടെ കേട്ടാലറയ്ക്കുന്ന തെറിവാക്കുകളും.
കടുത്ത വേദനയ്ക്കിടയിലും അങ്ങ് ദൂരെ നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ശസ്ത്രക്രിയാമുറിയിൽ ജീവനുവേണ്ടി പൊരുതുന്ന കുഞ്ഞനുജത്തി യായിരുന്നു.അവൾക്ക് വേണ്ടിയുള്ള പ്രാർ്ഥനകളായിരുന്നു മനസ്സ് നിറയെ.
നിസ്സഹായനായ സഹോദരന് സ്വന്തം കൂടപ്പിറപ്പിനു വേണ്ടി ചെയ്യേണ്ടി വന്നത് ഹീനമായ കർമ്മത്തിന്റെ ഉത്തരവാദിത്തമാണ്.
തറയിൽ പറ്റിച്ചേർന്നു തളർന്നു കിടക്കുന്ന അയാളുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകി തറയിൽ പടർന്നു.
ഓർമ്മയിലേയ്ക് നാട്ടിൻപുറത്തെ ചെറിയവീടും അമ്മയും അച്ഛനും ഓടിവന്നു.
തനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് അനുജത്തി പിറക്കുന്നത്.അതുവരെ അച്ഛനമ്മമാരുടെ വാത്സല്യം ആവോളം കിട്ടിയത് കൊണ്ടാവും,അമ്മയുടെ വീർത്തവയറിൽ കാത് ചേർത്ത് അവളുടെ ഓരോ അനക്കങ്ങളും ആസ്വദിച്ചത്.
വേദനകൊണ്ട് പുളയുന്ന അമ്മയെ കോരിയെടുത്ത് അച്ഛൻ ആശുപത്രിയിലേക്ക് കുതിച്ചതും,അമ്മയുടെ നിലവിളികൾക്കൊടുവിൽ അവളുടെ കരച്ചിൽ കേട്ട് ഭയത്തിനിടയിലും എന്തോ വികാരം പൊതിഞ്ഞതും,വെള്ളത്തുണിയിൽ പൊതിഞ്ഞു അവളെ അച്ഛൻ കയ്യിലേല്പിച്ചതുമൊക്കെ ഓർമ്മയിൽ മായാതെ....
അന്ന് രാത്രി അമ്മയ്ക്ക് മരുന്നു വാങ്ങാൻ പോയ അച്ഛനെ അപകടരൂപത്തിൽ മരണം തട്ടിയെടുത്തപ്പോഴും ഇരു കൈകൾകൊണ്ടും അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
ഇന്നലെവരെ അനുഭവിച്ചിരുന്ന എല്ലാ സുഖങ്ങളും അവസാനിച്ചെന്ന് മനസ്സിലാക്കി.
വിധിയോട് തളരാതെ പൊരുതുന്ന അമ്മയെകണ്ടാണ് വളർന്നത്.ഡിഗ്രിക്ക് ശേഷം ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും ചെയ്തു.
അച്ഛന്റെ മനസ്സോടെയാണ് അവളുടെ വളർച്ച നോക്കിക്കണ്ടത്.
കുഞ്ഞു എന്ന് വിളിച്ചു അവളെ വാത്സല്യം കൊണ്ട് പൊതിഞ്ഞു.അച്ഛന്റെ സ്നേഹം വിധി അവൾക്ക് നഷ്ടമാക്കിയെങ്കിലും,അച്ഛന് പകരമായി അവളോടൊപ്പം നിന്നു.
അവളുടെ കളിച്ചിരികളും കുസൃതികളും ആസ്വദിച്ചു.
ആർത്തലച്ചു
പെയ്യുന്ന മഴയിൽ കുട ഭദ്രമായി ബാഗിൽ വെച്ച് മഴനനഞ്ഞു സ്കൂൾ വിട്ടുവരുന്ന കുഞ്ഞുവിനെ വടിയെടുത്ത് ഭയപ്പെടുത്തി,ശകാരിച്ചു.തലയിലെ വെള്ളം മുണ്ടിന്റെ കോന്തലകൊണ്ട് തുവർത്തി കൊടുത്തു.
പിണക്കം നടിച്ചിരിക്കുന്ന അവളെ ചിരിപ്പിക്കാൻ കോമാളിത്തരങ്ങൾ കാണിച്ചു.
പെട്ടെന്നൊരു ദിവസം കുഞ്ഞു തലചുറ്റി വീണു എന്ന് സ്കൂളിൽ നിന്നും അറിയിപ്പ് വന്നു.ആധിപിടിച്ചു സ്കൂളിലെത്തി അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.മരുന്നുകൾ വാങ്ങി തിരിച്ചെത്തി എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി.
ശരീരം നീരുവന്നു വീർത്തു.വീണ്ടും ഹോസ്പിറ്റലിലേക്ക്,പിന്നീട് സുഹൃത്തുക്കളുടെ നിർദ്ദേശ പ്രകാരം ആധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലേയ്ക്ക്.
ആഴ്ചകൾ നീണ്ട ടെസ്റ്റുകൾക്ക് ശേഷമാണ് രോഗം കണ്ടുപിടിച്ചത്.കുഞ്ഞുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുന്നു.
തൽക്കാലം ഡയാലിസിസ് ചെയ്യാം.എത്രയും വേഗം വൃക്ക മാറ്റിവെക്കണം.
വേദനയുടെയും അതിലേറെ ആകുലതകളോടും കൂടിയാണ് ഡോക്ടറുടെ വാക്കുകൾ കേട്ടത്.അതിനു വരേണ്ടി വരുന്ന ഭീമമായ തുക കേട്ടപ്പോൾ മനസ്സ് തളർന്നു.നിസ്സഹായതയുടെ കുരുക്കിലേയ്ക്ക് വീണ്ടും അകപ്പെട്ടു.
അമ്മയുടെ തോരാക്കണ്ണീരും മരണത്തോട് മല്ലിടുന്ന തന്റെ നെഞ്ചിലെ ചൂടേറ്റ് വളർന്ന കുഞ്ഞനുജത്തിയും.
മുന്നിൽ ഇരുളടഞ്ഞ ജീവിത പാത.രാത്രിയ്‌ലിറങ്ങി എങ്ങോട്ടെന്നില്ലാതെ ഭ്രാന്തമായി ഓടി.താൻ ജീവിച്ചിരിക്കുമ്പോൾ അവളെ മരണത്തിനു വിട്ടുകൊടുക്കുന്നതെങ്ങനെ.
ഓട്ടത്തിനോടുവിൽ ,വെളിപാട് കിട്ടിയത് പോലെ തിരിയെ വേഗം വീട്ടിലെത്തി.
നാട്ടിൽ് പലിശയ്ക്ക് പണം കൊടുക്കുന്ന വേണുച്ചേട്ടനുണ്ട്.ഈടുകൊടുക്കാൻ ആകെയുള്ളത് ഞങ്ങളുടെ ഈ കുഞ്ഞു വീടുൾപ്പെടുന്ന അഞ്ചു സെന്റിന്റെ ആധാരമാണ്.
ലക്ഷങ്ങൾ ചോദിച്ചാൽ കിട്ടില്ല.എങ്കിലും കാലു പിടിക്കും.ഉറച്ച തീരുമാനത്തോടെയാണ് വേണുച്ചേട്ടന്റെ കൊട്ടാര സമമായ വീടിന്റെ ഗേറ്റ് കടന്നത്.
.. അർദ്ധരാത്രി സമയം പതിവില്ലാത്തത് പോലെ ആ വീട് ,മുഴുവൻ വെളിച്ചത്തിൽ മുങ്ങിയിരിക്കുന്നു.എന്താണെന്നറിയില്ല.
കോളിങ് ബെല്ലമർത്തി,നിമിഷങ്ങൾക്കകം വാതിൽ തുറക്കപ്പെട്ടു.വേണുച്ചേട്ടനാണ്.
തന്നെക്കണ്ടതും മുഖത്തെ പരിഭ്രമം മറച്ചുകൊണ്ട് ചോദിച്ചു.'എന്താടാ ഈ നേരത്തു.
ചോദ്യം തീരും മുൻപ് വേണുച്ചേട്ടന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു,സംഭവങ്ങൾ ഓരോന്നായി പറഞ്ഞു.ദുഖാർദ്ര വാക്കുകൾ ഇടമുറിഞ്ഞു.
തന്നെ വേഗം വേണുച്ചേട്ടൻ വീടിനുളിലേയ്ക്ക് വലിച്ചു കയറ്റി.വാതിലടച്ചു.
ആദ്യം ഒന്ന് പരിഭ്രമിച്ചു.ഹാളിനുള്ളിൽ
വേണുച്ചേട്ടന്റെ കുടുംബാംഗങ്ങൾ എല്ലാവരുമുണ്ട്.
എല്ലാവരുടെയും മുഖം എന്തോ ആപത്ത് സംഭവിച്ചത് പോലെയുണ്ട്.തന്റെ പ്രായം വരുന്ന അദ്ദേഹത്തിന്റർ മകൻ ഓട് കുറ്റവാളിയെപ്പോലെ പതുങ്ങി ഒരു മൂലയ്ക്ക് മുഖം താഴ്ത്തി നിൽപ്പുണ്ട്.
പരിഭ്രമം മാറും മുൻപേ
വേണുച്ചേട്ടന്റെ വാക്കുകൾ കാതുകളിൽ മുഴങ്ങി,'നിനക്ക് എത്രലക്ഷം വേണമെങ്കിലും തരാം.ഈടായി ഒന്നും വെങ്കിടാ നീ തിരിച്ചു തരികയും വേണ്ട.പകരമായി നീ എനിക്കൊരു ഉപകാരം ചെയ്യണം.
പിന്നീടുള്ള വാക്കുകൾ തീമഴപോലെ കാതിൽ ഇരച്ചു പെയ്തു.കൂട്ടാനും കിഴിക്കാനും ശരിതെറ്റുകൾ തുലനം ചെയ്യാനും സമയമില്ല.
ആസ്പത്രിക്കിടക്കയിലുള്ളത് എന്റെ പ്രണനായ കുഞ്ഞനുജത്തിയാണ്.അവളെക്കാൾ വലുതായി ഒന്നുമില്ല.
ചെക്കുകൾ വാങ്ങി അമ്മയുടെ അടുത്തെത്തി കൈമാറിയതിനു ശേഷം കാലിൽ വീണു മാപ്പിരന്നു.
ഒന്നും കരയാൻ പോലും ശക്തിയില്ലാതെ നിൽക്കുന്ന അമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ ആശുപത്രിയുടെ പടികളിറങ്ങി.
പോലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാൻ.
... ചെറിയ വീടിനുള്ളിലെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും വിട.
കൈയ്യാമം വെച്ച് ആക്രോശങ്ങൾക്കിടയിലൂടെ പോലീസ് അകമ്പടിയിൽ നടന്നുവരുമ്പോൾ ആരോ എറിഞ്ഞ ചെരുപ്പ് നെഞ്ചിൽ ആഞ്ഞുവന്നുകൊണ്ടു.
വേദന കടിച്ചമർത്തി.അട്ടഹാസങ്ങൾക്കും അസഭ്യവർഷങ്ങൾക്കും നടുവിലൂടെ മുഖമുയർത്താതെ നെഞ്ചിൽ വിങ്ങുന്ന സങ്കടക്കടലിൽ മുങ്ങി പോലീസ് വാഹനത്തിനുള്ളിലേയ്ക്ക്.
ഏതോ കുറ്റിക്കാടിന്റെ അടുത്ത് വാഹനം നിർത്തി ,തെളിവെടുപ്പാണ്.
എന്ത് തെളിവു?
പൊലീസുകാർ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സമ്മതം മൂളി.
പോരാതെ വന്നത് അവർതന്നെ പൂരിപ്പിച്ചു ചേർത്തു.
കോടതിമുറിയിലെ ഭയപ്പെടുത്തുന്ന നിശബ്ദതയിൽ ജഡ്ജിയുടെ വാക്കുകൾ അസ്ത്രംപോലെ കാതിൽ തറച്ചു.
ഐ .പി.സി,സെക്ഷൻ.359,360,366.സെക്ഷൻ.376,376A,376B,376C,376D.സെക്ഷൻ 354എ.
തന്റെമേൽ ചാർത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ നീണ്ടനിര.
അതെ ഞാനിപ്പോഴൊരു മൃഗമാണ്.ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി ,മൃഗീയമായി ഉപദ്രവിച്ചു കാട്ടിൽ തള്ളിയവൻ.
ഇനിയെല്ലാം കണ്ണുകെട്ടി വിധിപ്രഖ്യാപിക്കുന്ന നിയമത്തിനു വിടുന്നു.
എല്ലാവരുടെയും മർദ്ദനമുറകൾ അവസാനിച്ചു.ഇനി ഇതാണ് ലോകം.മനസിൽ വീണ്ടും ആശുപത്രി തെളിയുന്നു.
ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ടാവും.കുഞ്ഞു കണ്ണ് തുറന്നിട്ടുണ്ടാവുമോ,ചേട്ടനെ അന്വേഷിച്ചിട്ടുണ്ടാവുമോ....
അമ്മയോട് പറഞ്ഞിട്ടാണ് പോന്നത്,അച്ഛന്റെ ഓർമ്മകൾ നിൽക്കുന്ന വീട് നമുക്കിനി അന്യമാണ്.
...കുഞ്ഞുവിന്റെ ചികിത്സയ്ക്ക് ശേഷം ബാക്കിവരുന്ന തുക കൊണ്ട് നാടുവിട്ടോണം.അവളെ നന്നായി നോക്കണം.
ചേട്ടനും അച്ഛനെപ്പോലെമരണപ്പെട്ടു എന്നവളോട് പറയണം.
കാമവെറിയാനായി മുദ്രകുത്തപ്പെട്ട സഹോദരൻ ഉണ്ടെന്നറിയുന്നതിലും നല്ലത് ,മരണപ്പെട്ടു എന്നറിയുന്നതാണ്.
തന്റെ കുഞ്ഞിയെപ്പോലെ വളർന്ന ഏതോ പെൺകുട്ടി ഒരു കാമഭ്രാന്തനാൽ ആക്രമിക്കപ്പെട്ടു അബോധാവസ്ഥയിൽ ഏതോ ആശുപത്രിക്കിടക്കയിൽ .....പാവം..രണ്ടു തുള്ളി കണ്ണീരും പ്രാർത്ഥനയും മാത്രമേ നിനക്ക് തരാൻ ഈ സഹോദരന്റെ പക്കലുള്ളു...ക്ഷമിക്കൂ....
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിദേവതാ വാക്യം ജീവിതത്തിന്റെ മറ്റൊരു മുഖത്തിനുമുന്നിൽ തലതാഴ്ത്തി..........

By
Nisa Nair

മലയാള സാഹിത്യം

ഒരു കാലഘട്ടത്തിൽ ,അതായത് മണിപ്രവാളത്തിന്റെ മൊഴിമുത്തുകൾ കൈരളിയുടെ സാഹിത്യലോകത്ത്(വരേന്ന്യ വർഗത്തിന്റെ കുത്തകയായി) നിലനിന്നിരുന്നപ്പോൾ മഹാപണ്ഡിതൻമാരും ഭാഷാസ്നേഹികളുമായ ധാരാളം സാഹിത്യകാരന്മാരെ നമുക്ക് ലഭിക്കുകയുണ്ടായി.അവരൊക്കെ ഇന്നും അവരുടെ കൃതികളിലൂടെ ജീവിക്കുന്നുമുണ്ട്.
അന്ന്,സാധാരണക്കാരായ ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ ഒട്ടുമിക്ക കൃതികൾക്കും കഴിഞ്ഞിട്ടില്ല.അതിനു കാരണം,സംസ്കൃത പദങ്ങളുടെ ആധിക്യവും,പിന്നെ,വിദ്യാഭ്യാസം. പ്രത്യേകിച്ച് സംസ്കൃത പഠനം ചില വിഭാഗങ്ങളുടെ മാത്രം കുത്തകയായി നില നിർത്തിയിരുന്ന സമൂഹത്തിന്റെ ചില വേലിക്കെട്ടുകളുമായിരുന്നു.
മലയാള സാഹിത്യം മുഖ്യധാരയിലേയ്ക്കിറങ്ങിയത് കുഞ്ചൻ നമ്പ്യാരെപ്പോലെ വിപ്ലവകരമായ മാറ്റത്തിനായി യത്നിച്ച മഹാപ്രതിഭകളുടെ അർപ്പണബോധം ഒന്നുകൊണ്ടു മാത്രമാണ്.
സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ സാഹിത്യഭാഷ നാടൻപാട്ടുകളും ശീലുകളുമൊക്കെയായി എങ്ങും അലയടിക്കുന്നുണ്ടായെങ്കിലും ജനകീയ വത്കരിക്കത്തക്ക ഭാഷാനിപുണത ഉണ്ടായിരുന്നില്ല.അതുകൊണ്ടാവാം അവയൊക്കെ അവരിൽ തന്നെ ഒതുങ്ങിപ്പോയത്.
അന്ന് സാഹിത്യത്തിന്റെ ഭാഷവരേണ്ണ്യവർഗ്ഗത്തിന്റെ കുത്തകയായി നിലകൊണ്ടു.രേവതിപട്ടത്താനം പോലെയുള്ള പണ്ഡിത സദസ്സുകൾ അലങ്കരിച്ചിരുന്നത് സവർണ്ണ മേധാവിത്തത്തിന്റെ തൊങ്ങലുകൾ കൊണ്ടായിരുന്നു.അവിടെ എഴുതി ചേർക്കപ്പെട്ടതിൽ ഒരാളെപ്പോലും സമൂഹത്തിന്റെ താഴെത്തട്ടിൽ ഉണ്ടായിരുന്നില്ല.
എന്നാലിന്ന് മലയാളഭാഷാ സാഹിത്യം മുഖ്യധാരയിലേയ്ക്കിറങ്ങിയതും മാറുന്ന കാലത്തിനനുസരിച്ചു നവമാധ്യമ കൂട്ടായ്മകൾ ജനിക്കുകയും,ഭാവനാസമ്പത്തുള്ള അനേകം അനുഗ്രഹീതരായ സാഹിത്യകാരന്മാരെ കണ്ടെത്താൻ കഴിയുകയും ചെയ്യുന്നു.
അന്ന് അച്ചടിമഷിയിൽ അടുക്കിയ അതേ അക്ഷരങ്ങൾ ഇന്ന് അതേ വിരൽത്തുമ്പിൽ മറ്റൊരു മാധ്യമത്തിൽ എഴുതപ്പെടുന്നു.
ആസ്വാദകകരുണ്ടാവുന്നു.അപ്പപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങളിലൂടെ കുറവുകൾ കണ്ടെത്തി തേച്ചു മിനുക്കി രചനകൾ മനോഹരമാക്കപ്പെടുന്നു.
ഇതിനിടയിൽ അഹങ്കാരത്തിന്റെ ദന്തദഗോപുരങ്ങളിലിരുന്നു ഭാഷയെ സ്നേഹിക്കുന്നവർ എന്നവകാശപ്പെടുന്നവർ ഭാഷയെ സ്നേഹിക്കുന്നവർക്ക് നേരെ കല്ലേറ് നടത്തുന്നതിൽ എന്തർത്ഥമാണുള്ളത്.
രചന ആരുടെയും കുത്തകാവകാശമല്ല.ഭാഷ അറിയുന്നവർ തന്നെയാണ് മറുപടി പറയുന്നതും.സ്വയം മനസ്സിലാക്കി ഇനിയെങ്കിലും അർത്ഥമില്ലാത്ത ജല്പനങ്ങൾ പുറപ്പെടുവിക്കാതിരിക്കട്ടെ.
നല്ല എഴുത്തുകാരൻ എന്ന വിശേഷണം സ്വയമെടുത്തു ചാർത്തുന്നതല്ല.ചാർത്തപ്പെടുന്നതാണ്.
പണ്ഡിതനിൽ നിന്നും പാമരനിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്.അറിഞ്ഞുകൊണ്ട് ആ ദൂരം കുറയ്ക്കാതിരിക്കുക.
സുരക്ഷിതമായ കരങ്ങളിലൂടെ ഭാഷ ഇനിയും വികസിക്കട്ടെ.
നവമാധ്യമ സംസ്കാരത്തിന്റെ അഭാവമാണ്‌ ഒരു കാലഘട്ടത്തിൽ രചിക്കപ്പെട്ട കേരളപാണിനി എ. ആർ.രാജരാജാവർമ്മയെപ്പോലെയുള്ള ഭാഷാഗവേഷകരുടെ ഭാഷാപ്രബന്ധങ്ങൾ ഭാഷാവിദ്യാര്ഥികൾക്ക് മാത്രം പഠനവിധേയമായിപ്പോയത്.
ഭാഷയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ സാഹിത്യത്തെ കുറ്റം പറയില്ല......
വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക........
NIsa....

ഭാഗ്യവതി

ഭാഗ്യവതി
_______________=======
കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ നോക്കി ഇന്ദു പുഞ്ചിരിച്ചു.
തിരക്കിട്ട ജീവിതത്തിനിടയിൽ സ്വന്തം മുഖം പോലും മറന്നു പോയിരിക്കുന്നു.കണ്ണാടി പലതിന്റെയും ഓർമ്മപ്പെടുത്തലാണ്.
ജീവിക്കാൻമറന്നുപോയ,സ്വത്വംനഷ്ടമായ,ജന്മങ്ങളുടെയൊക്കെ ഓർമ്മപ്പെടുത്തൽ.
പ്രതിബിംബത്തിന്റെ മുടിയിഴകളിൽ ശുഭ്രരാശി കലർന്നത് ആരും കാണാതെ വേരോടെ പിഴുതെറിഞ്ഞു.
നീണ്ടു വലിയ മിഴികളിൽ കുസൃതി ഓളം വെട്ടി.ഈ കർക്കിടകത്തിൽ നാൽപ്പത് എത്തിയത് സൗഹൃദങ്ങളിൽ ചിലർക്ക് മാത്രം അറിയുന്ന രഹസ്യം.
പിന്നെയറിയുന്നത് സർക്കാരിനാണ്, അതും രേഖകളിൽ ഭദ്രം.റിട്ടയർമെന്റ് ആവുന്നത് വരെ എല്ലാം ഭദ്രം.
ഇന്നിനി നാട്ടിലേയ്ക്കാണ്. ആഴ്ചാവസാനത്തിലെ പതിവ് ശനിയാഴ്ച്ച മടക്കം.
തിരിച്ചു വന്നാൽ വീണ്ടും ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയുള്ള മണിക്കൂറുകൾ.ഹോസ്റ്റൽ വാസം.
നല്ല പ്രായത്തിൽ ഒന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ ഈ ഓട്ടം ഓടേണ്ടതുണ്ടായിരുന്നോ,എന്ന് റൂംമേറ്റും സഹപ്രവർത്തകയുമായ നീരജയുടെ കുസൃതി ചോദ്യം ഓർമ്മ വന്നു.
അവൾക്കുള്ള മറുപടി മനസ്സിലുണ്ട്,ഇന്നുവരെ പുറത്തേയ്ക്ക് വന്നിട്ടില്ല.'
എന്റെ പൊന്നുമോളെ നല്ല പ്രായത്തിൽ കെട്ടിയ നിന്റെയൊക്കെ ഓട്ടമാണ് ഓട്ടം.ഒന്നൂല്ലെങ്കിലും എനിക്ക് മനസ്സമാധാനമുണ്ടല്ലോ'
അമ്മയ്ക്കാണ് ആധി മുഴുവൻ.
ഇന്ദു നിന്നെ ഇങ്ങനെ കണ്ടിട്ട് മനസ്സമാധാനത്തോടെ ഞാൻ എങ്ങനെ കണ്ണടയ്ക്കും..
അമ്മയ്ക്കുള്ള മറുപടിയും മനസ്സിലുണ്ട്,അതും ഇതുവരെ പുറത്തേയ്ക്ക് വന്നിട്ടില്ല.
എന്റെ അമ്മെ എനിക്ക് മൂന്നു വയസ്സുള്ളപ്പോ അച്ഛൻ പോയില്ലേ,പിന്നെ എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ കഷ്ടപ്പെട്ടത് ഞാൻ കണ്ടതല്ലേ.എന്നിട്ടിപ്പൊ അമ്മയുടെ ഗതിയോ,എന്റെ സങ്കടം അമ്മയെ ഓർത്തിട്ടാ, ഈ അവസ്ഥയിൽ അമ്മയെ കണ്ടിട്ട് ഞാനെങ്ങനെ കണ്ണടയ്ക്കും.'
ഓർത്തപ്പോ ചിരി വന്നു.
' ആഹാ ജോലികഴിഞ്ഞു വന്നു കണ്ണാടിയിൽ നോക്കി സ്വപ്നം കാണുവാണോ ഇന്ദു.നിനക്കിന്നു പോവേണ്ടതല്ലേ,ഇനിയും നിന്നാൽ നാട്ടിലെത്തുമ്പോ രാത്രിയാവില്ലേടി'.നീരജയാണ്
ഒന്ന് ചിരിച്ചു,അവൾക്കുള്ള മറുപടി ഉണ്ട്,പക്ഷെ അതും മനസ്സിലാണ്.
എന്റെ നീരജെ,ഈ രാത്രിയിലെ യാത്രയുടെ സുഖം നിനക്കറിയുമോ.അതും കെ എസ് ആർ ടി സി ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നുള്ള യാത്ര.
ചാറ്റൽ മഴയുണ്ടെങ്കിൽ പറയണ്ട..എന്താ രസം.നിനക്കൊക്കെ യോഗമില്ല.
അതെങ്ങനെ ,കെട്ടിയോന്റെ കൂടെ കാറിലിരുന്നു അരിയുടെയും പച്ചക്കറിയുടെയും വർധിച്ചു വരുന്ന ജീവിത ചെലവുകളുടെയും കുട്ടികളുടെ ഫീസിന്റെയും ഒക്കെ കണക്ക് പറഞ്ഞു തല്ലുകൂടി യാത്രപോവുന്ന നിനക്കൊക്കെ ആസ്വാദനത്തിന്റെ സുഖം അറിയില്ലല്ലോ.'
' പക്ഷെ പുറത്തുവന്നത് മറ്റൊന്നാണ്.ഞാനിറങ്ങുന്നു.ഇനി തിങ്കളാഴ്ച്ച കാണാം.
അമ്മയെ എന്റെ സ്നേഹാന്വേഷണം അറിയിക്കാൻ മറക്കല്ലേ ഇന്ദു'.പിന്നിൽ നിന്നും വീണ്ടും നീരജയുടെ ശബ്ദം.
ഇല്ലെടി. നിന്റെ വെറുപ്പന്വേഷണം പ്രത്യേകം പറയാം.മറുപടി മനസ്സിൽ.
'തീർച്ചയായും പറയാം' പുറത്തുവന്നത്.
ബസ് സ്റ്റോപ്പിൽ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി കുറച്ചു നേരം.ബസ് വന്നു.ഭാഗ്യം ,സൈഡ് സീറ്റ് കിട്ടി.
സാരി ഒതുക്കിപ്പിടിച്ചു,ബാഗു മടിയിൽ വെച്ച് സീറ്റിലേക്ക് ചാരി.ബസ് നീങ്ങിത്തുടങ്ങി.ഈ കാഴ്ചകളൊക്കെഎത്ര കണ്ടാലും മടുക്കില്ല.
വിരസത തോന്നിയാൽ അപ്പോൾ തന്നെ ചിന്തിക്കും,
'ഈ കാഴ്ചകളൊക്കെ കാണാൻ അനുവദിക്കപെട്ടിരിക്കുന്ന സമയം പരിമിതമാണ്.അതുകൊണ്ട് മടുക്കാൻ പാടില്ല.ഇതൊക്കെ ഭാഗ്യമല്ലേ...
അല്ലെങ്കിലും ഇന്ദു ഭാഗ്യവതി തന്നെയാണ്.കാവും തുളസിത്തറയും മരങ്ങളൊക്കെ നിറഞ്ഞ തൊടിയുമൊക്കെയുള്ള വീട്ടിൽ സുന്ദരിയായ അമ്മയുടെ വയറ്റിൽ ജനിച്ചു,
വേണ്ടുവോളം പഠിക്കാൻ അവസരം കിട്ടി.
നല്ലൊരു ജോലി ,അതും സർക്കാർ സർവീസിൽ.കൂടുതൽ കാത്തിരിക്കാതെ കിട്ടി.
അച്ഛനില്ലാത്ത കുറവ് അമ്മയും അമ്മൂമ്മയും അപ്പൂപ്പനും അറിയിച്ചില്ല.
തൊടിയിൽ തുമ്പപ്പൂവിനും പൂമ്പാറ്റയ്ക്കുമൊപ്പം തുള്ളിക്കളിച്ചു വളർന്നു.
വിവാഹപ്രായമെത്തിയപ്പോൾ തീരുമാനം സ്വന്തം നിലയിൽ എടുക്കാനുള്ള സ്വാതന്ത്ര്യം തന്നു.
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയുടെ കണ്ണീരിന്റെ ചൂട് കവിളിൽ തട്ടി ഉണർന്നപ്പോഴൊക്കെ പിഞ്ചുകൈകൊണ്ട് കണ്ണീർ തുടച്ചിരുന്നു.
അന്നും ചോദ്യങ്ങൾ പുറത്തുവിടാൻ മനസ് മടികാണിച്ചിരുന്നു.
സ്വന്തം കാലിൽനിൽക്കാറായപ്പോൾ അമ്മയുടെ നിഴലാവാനായിരുന്നു ഇഷ്ട്ടം.
' ഇന്ദു ഇനി ഇങ്ങനെ നിൽക്കാൻ തന്നെയാണോ നിന്റെ തീരുമാനം.'
മുപ്പത് കടന്നപ്പോൾ അമ്മയുടെ ആശങ്ക നിറഞ്ഞ ചോദ്യത്തെ പുഞ്ചിരികൊണ്ടു നേരിട്ടു.
എന്നിട്ട് രാത്രിയിൽ അമ്മ എന്നും വന്നിരിക്കാറുള്ള മുറ്റത്തെ മന്ദാരത്തിന്റെ ചുവട്ടിൽ കൽപ്പടിയിൽ അമ്മയുടെ മടിയിൽ ചാഞ്ഞു കിടന്നു മനസ്സിൽ പറഞ്ഞു.
അമ്മയുടെ അരികിൽ നിന്ന് എനിക്കെവിടെയും പോവേണ്ട.
യൗവ്വനത്തിൽ വൈധവ്യം തേടിയെത്തിയപ്പോൾ അമ്മ തളർന്നത് ഞാൻ കണ്ടു.
പിന്നെ അമ്പലത്തിലേക്ക് പോവുന്ന ചെമ്മൺ പാതയിൽ വെച്ച് മഴ ആർത്തലച്ചു വന്നപ്പോൾ സാരിതലപ്പിൽ എന്റെ ശിരസ്സുമൂടി ചേർത്ത് പിടിച്ചുകൊണ്ടു വേഗം നടന്നു ശങ്കരേട്ടന്റെ തയ്യൽക്കടയുടെ ഓരം ചേർന്നു നിന്നതും,
അപ്പൊ ഒരു കുടക്കീഴിൽ വാര്യത്തെ ശ്രീധരേട്ടനും ഭാര്യയും ഒട്ടിപ്പിടിച്ചു നടക്കുന്നത് കണ്ട് അമ്മയുടെ കണ്ണിൽ നിന്നും നീർത്തുള്ളി അടർന്നെന്റെ നെറുകയിൽ വീണതും...
ആ കണ്ണീർത്തുള്ളിയിലെ വേദന എന്തെന്നറിയാതെ അമ്മയുടെ അരക്കെട്ടിൽ കെട്ടിപിടിച്ചു മൃദുവായ വയറിൽ മുഖം ചേർത്തതും....
എല്ലാം ഓർമ്മയിൽ ഓളംവെട്ടാറുണ്ട്..
ചിലപ്പോൾ അമ്മയുടെ സ്നേഹം മുഴുവൻ തനിക്കു മാത്രം തരാനാവും വിധി അമ്മയെ തനിച്ചാക്കിയത്.
പടനകാലത്തിനിടയിൽ ക്ലാസ്സിലെ നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു തെക്കേമഠത്തിലെ ഹരി.
കൗമാര കാലത്തിൽ സൗഹൃദത്തിന് പ്രണയത്തിന്റെ രൂപം നൽകി ഹരി സമീപിച്ചപ്പോഴും രാത്രിയിൽ മാത്രം നിറയുന്ന അമ്മയുടെ കറുത്തിടതൂർന്ന കണ്പീലികളുള്ള നീണ്ടു വലിയ കണ്ണുകളായിരുന്നു മനസ്സ് നിറയെ.
ഹരിയുടെ വിവാഹക്ഷണക്കത്തിൽ നോക്കി പുഞ്ചിരിച്ചത് മറ്റൊന്നും കൊണ്ടായിരുന്നില്ല.
പ്രണയം ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്ക് അതിവേഗമൊഴുകുന്നതിന്റെ പൊരുള റിയാതെയുള്ള കുസൃതിച്ചിരി ആയിരുന്നു അത്.
'ഭാഗ്യം വീണില്ല.'
തൊടിയിലൂടെ കാറ്റിന്റെ കുളിർത്തലോടലേറ്റു നടക്കുമ്പോൾ മുന്നിലൊരു കുഴി,പെട്ടെന്ന് കാൽ പിന്നിലേയ്ക്ക് വലിച്ചു,വീണില്ല...
ഇന്ദു ഭാഗ്യമുള്ളവളാണ്.
' കണ്ണുതുറന്നിരുന്നു സ്വപ്നം കാണുവാണോ ഇന്ദുക്കുട്ടിയേ, ഇറങ്ങാറായി.പരിചിതമായ ശബ്ദംകേട്ട് വേഗം സ്വപ്നത്തിൽ നിന്ന് ഉണർന്നു.
'കേശവേട്ടൻ,ഇതെപ്പോ കേറി.'...ഓരോ സ്റ്റോപ്പിൽ ബസ് നിർത്തിയതും ആളുകൾ ഇറങ്ങിയതും കേറിയതുമൊന്നും താനറിഞ്ഞില്ലല്ലോ എന്ന് ചെറിയ ജാള്യതയോടെ ഓർത്തു...
അലെങ്കിൽ തന്നെ ഈ ദൂരയാത്രകൾക്കൊക്കെ ഒറ്റ ബസ് തന്നെയാ നല്ലത് ..ഇറങ്ങേണ്ടസ്ഥലമെത്തുന്നത് വരെ സുഖമായിരുന്നു സ്വപ്നം കാണാലോ......

By Nisa Nair

നന്മ കാണുക

നന്മ നശിച്ചു,ലോകം അന്ധകാരത്തിൽ ,എങ്ങും ചതിയും വഞ്ചനയും.....ഇത് മാത്രമാണ് കേൾക്കുന്നത്.
അയൽക്കാർ തമ്മിലായാലും സൂഹൃദ സംഭാഷണത്തിനൊടുവിൽ പറയുന്ന വാക്കുകൾ ഇത് മാത്രം..എന്ത് ചെയ്യാനാ ,ലോകം നശിച്ചു,എന്തൊക്കെയാ കേൾക്കുന്നത്'...
നമുക്കിവിടെ തുടങ്ങാം.ഓർമ്മവെയ്ക്കുന്ന കാലം മുതൽ നമ്മൾ നല്ലതും ചീത്തയുമായ അനുഭവങ്ങൾ കണ്ടിട്ടുണ്ട്,കേട്ടിട്ടുണ്ട്,അനുഭവിച്ചിട്ടുണ്ട്.ഒരുപക്ഷെ,ഓരോ തലമുറയ്ക്ക് പിൻപും ഇത് തന്നെയാവും അനുഭവങ്ങൾ.
അങ്ങനെ നോക്കിയാൽ ലോകത്തിന്റെ നന്മ തിന്മകൾ അവസാനിക്കാതെ തുടരുന്നു.വിലാപങ്ങളും......
ഇനി നമ്മുടെ ചുറ്റുമൊന്ന് കണ്ണോടിക്കാം.നല്ലതിനേക്കാൾ,മോശമായവ ആയിരിക്കും നമ്മുടെ കണ്ണിൽആദ്യം പെടുന്നത്.
ഇനിയൊന്നു സ്വയം വിലയിരുത്താം.എന്തുകൊണ്ടാണ് മോശമായത് നമ്മുടെ കണ്ണിൽ ആദ്യം കണ്ടത്.സംശയം വേണ്ട.മോശമായത് മാത്രം കാണാനുള്ള കഴിവാണ് നമുക്കുള്ളത്.
അതായത്,നെഗറ്റീവ് ആദ്യം..പോസിറ്റീവ് രണ്ടാമത് .
അതായത്,നമ്മുടെ ജീവിതത്തിൽ മോശപ്പെട്ട കാര്യത്തിനാണ് നമ്മൾ ഒന്നാം സ്ഥാനം കൊടുക്കുന്നത്.
ഒരു നിമിഷം തിരിച്ചു ചിന്തിച്ചാൽ ചിലപ്പോൾ നമ്മുടെ നാട് തന്നെ മാറ്റപ്പെടും.വീടിനുള്ളിലായാലും,പുറത്തായാലും ആദ്യം നമ്മുടെ കണ്ണിൽ പെടുന്ന വ്യക്തി,അല്ലെങ്കിൽ വസ്തുവിന്റെ അനുകൂല വശം ,അഥവാ positive side ആദ്യം നമ്മൾ ശ്രദ്ധിക്കാൻ ശ്രമിക്കുക.
അപ്പോൾ തന്നെ നമ്മുടെ വ്യക്തിത്തം മാറിക്കഴിഞ്ഞു.
പ്രഭാതവന്ദനം കൊടുക്കുമ്പോഴും മനസ്സ് നിറഞ്ഞു 'ശുഭദിനം സുഹൃത്തേ ' എന്ന് പറയുമ്പോൾ തന്നെ അയാൾക്ക് ആദിവസം മുഴുവൻ സന്തോഷമുണ്ടാവാൻ നമ്മൾ പകർന്ന പോസിറ്റീവ് എനർജി മാത്രം മതിയാകും.
അങ്ങനെ കണ്ടുമുട്ടേണ്ടി വരുന്ന ഓരോരുത്തരിലും ഈ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഒരു പുഞ്ചിരി മതിയാവും.
സങ്കടങ്ങൾ ഇല്ലാത്തവരില്ല.പരസ്പരം പങ്കുവെക്കുന്ന നന്മയുള്ള വാക്കോ ചിരിയോ മതിയാവും ഈ ജീവിതത്തിന്റെ തോണി തുഴയാൻ എല്ലാവർ്ക്കും ഊർജ്ജമേകാൻ.
....അതുകൊണ്ട് ഇനി മുതൽ സൗഹൃദ സംഭാഷണത്തിനിടയിൽ ഈ ലോകം നമുക്ക് മനോഹരമാക്കാം എന്ന് പറയാൻ ഓരോരുത്തരും ശ്രമിച്ചാൽ അത് മതി ഈ പ്രകൃതിയിൽ പോസിറ്റീവ് എനർജി നിറയാൻ.
ചുറ്റുമുള്ളതിലൊക്കെ നന്മ കാണുക.മനസ്സിലും ജീവിതത്തിലും സന്തോഷം നിറയട്ടെ.


By

Nisa Nair

അപരിചിതർ

അപരിചിതർ
______========_______=
.... രാക്കിളി എവിടെയോ നീട്ടിപ്പാടി,രാത്രി വളരുന്നതിനൊപ്പം ആ സ്ഥലത്തേയ്ക്കുള്ള അടയാളങ്ങൾ മങ്ങിത്തുടങ്ങി. നാലും കൂടിയ ജംഗ്‌ഷനുമുന്നിൽ ഉദയൻ ബസ്സിറങ്ങി.അങ്ങോട്ടേക്കുള്ള അവസാന ബസ് ആണത്.
മങ്ങിക്കത്തുന്ന വഴിവിളക്കിന്റെ വെളിച്ചത്തിൽ അയാൾ ചുറ്റും നോക്കി.
.വഴിവിളക്കിൽ നിന്നുള്ള മങ്ങിയ പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞിൻ പുതപ്പിനുള്ളിലേയ്ക്ക് ഊളിയിടാൻ ശ്രമിക്കുന്നുണ്ട്.
പുകമറഞ്ഞ വെളിച്ചം അവിടമാകെ പരക്കുന്നുണ്ട്.ആ ജംഗ്‌ഷനിൽ ഇറങ്ങാൻ അയാളല്ലാതെ മറ്റൊരു യാത്രക്കാരനില്ല.
ബസ് ഇരമ്പികടന്നുപോയി.
ഇനിയും കുറേദൂരം പോവേണ്ടതുണ്ട്.ഇനിയങ്ങോട്ടുള്ള പാതകൾക്കൊന്നും വീതിയില്ല.നടന്നു തന്നെ പോവണം.
വീട്ടിൽ നിന്നിറങ്ങിയപ്പോൾ വൈകി.അതാണ് ഈ നേരത്ത് ഇവിടെ എത്തിച്ചേരേണ്ടി വന്നത്.
കാറോ ബൈക്കോ കൊണ്ടുവന്നിട്ടു കാര്യമില്ല.കഷ്ട്ടിച്ചു ഒരാൾക്ക് കടന്നുപോവാനുള്ള വീതിമാത്രേ വഴിക്കുള്ളൂ.
രണ്ടു വശങ്ങളിലും പൊന്തക്കാടും കുഴികളും നിറഞ്ഞ ദുർഘടമായ പാത.
ഈ വഴി കടന്ന് എത്തിച്ചേരേണ്ടത് മന്ത്രവാദത്തിനു പേരുകേട്ട ശങ്കരമംഗലം മനയിലേയ്ക്ക്..
പുതിയ വീട് വെച്ചതിനു ശേഷം ഒറ്റ രാത്രിയിൽ പോലും സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
ഉറക്കം കണ്ണിലേയ്ക് എത്തുമ്പോഴേയ്ക്കും അഗാധമായ ഗർത്തത്തിലേക്ക് ആരോ തള്ളിയിടുന്ന അനുഭവം..കണ്ണ് തുറക്കുമ്പോൾ വിയർപ്പിൽ മുങ്ങിയിരിക്കും.
പിന്നീട് ഉറങ്ങാൻ കിടന്നാലും ഇങ്ങനെ തന്നെ.തനിക്കു മാത്രമേയുള്ളു ഈ അനുഭവം എന്നാണ് കരുതിയത്.
അമ്മയുടെ ഉറക്കമകന്നു കുഴിഞ്ഞ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ ആരോടെന്നില്ലാതെ അമ്മ പരാതി പറഞ്ഞു.
'ഇവിടെ വന്നിട്ടിന്നേവരെ ഉറങ്ങീട്ടില്ല.ഉറക്കം കണ്ണിലേക്ക് വരുമ്പോ ആരോ കിണറ്റിൽ തള്ളിയിടുന്ന തോന്നലാ.പിന്നെ ഉറങ്ങാൻ പറ്റില്ല.എന്താണെന്നാർക്കറിയാം.'
വീടുവെച്ചിട്ടാറുമാസമായി..ഇനിയുമിങ്ങനെ മുന്നോട്ടു പോവുന്നതിൽ കാര്യമില്ലെന്ന് തോന്നി.
ഉറങ്ങാനാവാതെ എത്രനാൾ.
പലരെയും കണ്ടു,പല ഉപദേശങ്ങളും അനുസരിച്ചു.ഫലം അങ്ങനെതന്നെ.
ഓർമ്മ വെച്ച നാൾ മുതൽ അമ്മയ്ക്ക് താനും തനിക്കമ്മയും മാത്രമേയുള്ളു.ഭിത്തിയിൽ ചില്ലിട്ടു സൂക്ഷിച്ച ഒരു ചിത്രം മാത്രമായിരുന്നു അച്ഛൻ.
ചെറുതെങ്കിലും മാന്യമായി കഴിയാനുള്ള ജോലിയിൽ നിന്ന് മിച്ചം പിടിച്ചതുംകുറെ ലോണുമൊക്കെ ചേർത്താണ് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.വാടകവീട്ടിൽ നിന്നും എന്നന്നേയ്ക്കുമുള്ള മോചനമായിരുന്നു.
അതാണിപ്പോ ഇങ്ങനെയായത്.
കൂടെ ജോലിചെയ്യുന്ന ശരത്താണു ശങ്കരമംഗലത്തിന്റെ കാര്യം പറഞ്ഞത്.
പേരുകേട്ട ജ്യോത്സ്യരും മന്ത്രതന്ത്രാദികളിലൊക്കെ ആഗ്രഗന്യരുമായ നമ്പൂതിരിമാരുടെ ഇല്ലം.
എന്നാലിനി ഇതും കൂടിയാവാമെന്നുറപ്പിച്ചാണ് ഇത്രയും ദൂരം വന്നത്.ഒൻപത് മണിക്കൂർ നീണ്ടയാത്രയായിരുന്നു.എങ്ങനെയെങ്കിലും ഉറക്കം കിട്ടണം .അതാണ് ഈ ഊടുവഴികൾ താണ്ടിയുള്ള യാത്രയുടെ പരമമായ ലക്‌ഷ്യം.
തന്റെ കാര്യം പോട്ടെ,അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.ഇന്നുവരെ ഒരു പരാതികളോ സങ്കടമോ പറഞ്ഞതായി ഓർമ്മയില്ല.
വിധിക്ക് കീഴടങ്ങി സന്തോഷമായി ജീവിച്ചു.........
നടന്ന് നടന്ന് ഒരു പാടശേഖരത്തിനടുത്തുകൂടിയുള്ള ചെറിയ വഴിയെത്തി.
ശരത് കുറിച്ചുതന്ന വഴിയടയാളങ്ങൾ വെച്ചാണ് യാത്ര.
ഇവിടെനിന്നു ഇനിയും രണ്ടു കിലോമീറ്റർ കൂടി മാത്രം.
ഇടയ്ക്ക് ഫോണിൽ സമയം നോക്കി പതിനൊന്ന് പത്ത്.
ഗ്രാമപ്രദേശമായത് കൊണ്ടാവും നേരത്തെതന്നെ എല്ലാവരും കൂടണയുന്നത്.
ഈ ഘോരാന്ധകാരത്തിൽ തനിച്ചു നടക്കുന്നതിൽ ചെറിയൊരു ഭയമുണ്ട്.
അപരിചിതമായ സ്ഥലം.പിന്നെ കാടും പൊട്ടക്കിണറുകളും ഒക്കെയുള്ള നാട്.ഒരു വീട് പോലും കാണാനില്ല.
കുറിപ്പിൽ പറഞ്ഞത് പോലെ ഇനിയൊരു തടിപ്പാലമുണ്ട്. അതാവാം ഇത്.ഇവിടെയും വഴിവിളക്കിന്റെ മങ്ങിയ വെളിച്ചം.
പാലത്തിലേയ്ക്ക് കടന്നതും പിന്നിലോരു സ്ത്രീശബ്ദം.
' എവിടേക്കാണ്.'
പെട്ടെന്ന് തിരിഞ്ഞു നോക്കി .ഏകദേശം മുപ്പത് വയസ് തോന്നുന്ന സ്ത്രീരൂപം.മങ്ങിയ വെളിച്ചത്തിലും അവളുടെ മുഖം തിളങ്ങുന്നു.
ഇത്ര സുന്ദരിയായ സ്ത്രീ ഈ അസമയത്ത്,ഇങ്ങനൊരു സ്ഥലത്ത്...
മനസ്സിൽ ഇത്തിരി ഭയം തോന്നിയെങ്കിലും പുറത്തു കാട്ടിയില്ല.
ഉള്ളിലുയർന്ന ചോദ്യമടക്കി,"ഞാൻ ശങ്കരമംഗലത്ത് പോവാൻ വന്നതാണ്." 
കുറെ ദൂരെ നിന്നാണ് .എത്തിച്ചേർന്നപ്പോൾ വൈകി.
നിങ്ങൾ ഈ സ്ഥലവാസിയാണോ എന്ന ചോദ്യത്തെ അവൾ മറുചോദ്യം കൊണ്ട് നേരിട്ടു.'ഇത്ര ദൂരം താണ്ടി ഇവിടെ വരാനുള്ള കാരണം...'
അവരുടെ സംസാരത്തിൽ സംശയം തോന്നാത്തത് കൊണ്ട് ഉണ്ടായകഥകൾ ഓരോന്നും അവരോടു പറഞ്ഞു.ഇടയ്ക്ക് ഫോണിൽ സമയം നോക്കി.പതിനൊന്ന് അൻപത്.
ഈ നിസ്സാരകാര്യത്തിനാണോ നിങ്ങൾ ഈ കഷ്ടപ്പാട് സഹിച്ചു മനയ്ക്കലേക്ക് പോവുന്നത്.വരൂ നിങ്ങളെ സഹായിക്കാൻ മറ്റൊരാൾക്ക് കഴിയും.അവരുടെ മൃദുവായ ശബ്ദം മുഴങ്ങി.
പറ്റില്ല .ഉദയൻ തീർത്തു പറഞ്ഞു.നിങ്ങൾ അറിയാനുള്ളത് അറിഞ്ഞുവല്ലോ.ഇനി ഞാൻ പോവട്ടെ.അതും പറഞ്ഞു അയാൾ പാലത്തിൽ കയറി.
ശരി.ഞാൻ നിർബന്ധിക്കുന്നില്ല.ഞാനും കൂടെ വരുന്നതിൽ വിരോധമുണ്ടോ.
അൽപ്പസമയം ആലോചി്ച്ചതിനുശേഷം മറുപടി പറഞ്ഞു.
ഇല്ല.
അപ്പോഴും കുറെ ചോദ്യങ്ങൾ മനസിൽ തികട്ടി.
ഇത്ര സുന്ദരിയായ സ്ത്രീ ഒരു പുരുഷനൊപ്പം അസമയത്ത്.എന്തായാലും ഒരു സ്ത്രീയല്ലെ.
കൂടെ പൊന്നോളൂ.
എവിടെയൊക്കെയോ രാപക്ഷികൾ ചിലയ്ക്കുന്നുണ്ട്.
പാലം കടന്നപ്പോഴാണ് പെട്ടെന്നൊരാശയം മനസ്സിലുദിച്ചത്.
നിങ്ങൾ മുന്നിൽ നടന്നോളൂ .പറഞ്ഞിട്ട് അവർക്കായി കഷ്ടപ്പെട്ട് വഴിയൊഴിഞ്ഞു കൊടുത്തു.
അവൾ നിശ്ശബ്ദം അനുസരിച്ചു.
ഏതാനും ദൂരം പിന്നിട്ടപ്പോഴേയ്ക്കുമൊന്നു രണ്ടു മഴതുള്ളി മുഖത്തേയ്ക്ക് തെറിച്ചു.
മഴപെയ്യുമെന്നു തോനുന്നു.ഈശ്വര നനഞ്ഞത് തന്നെ
മനസ്സിൽ പറഞ്ഞു.ചിന്തിച്ചു തീരും മുമ്പ് ചരൽ വാരിയെറിഞ്ഞത് പോലെ ശക്തിയായി വെള്ളത്തുള്ളികൾ ശരീരത്തിൽ പതിച്ചു.
തുള്ളിക്കൊരുകുടം പോലെ കുതിച്ചു പെയ്തു മഴ.ഒപ്പം ഇടിമിന്നൽ അകമ്പടി.
മുന്നിൽ നടക്കുന്ന സ്ത്രീ നനഞ്ഞു കുതിർന്നു.ശക്തമായ ഇടിമിന്നലിൽ കൊത്തിവെച്ച ശിൽപ്പം പോലെ അവളുടെ ഉടൽ.ധരിച്ചിരിക്കുന്ന നിറമേതെന്നു തിരിച്ചറിയാൻ പറ്റാത്ത സാരി നനഞ്ഞൊട്ടി.
അവളാണിപ്പോൾ വഴികാട്ടിയായി മുന്നിൽ നടക്കുന്നത്.
ഇടുങ്ങിയ വഴി കടന്നു വിശാലമായ പറമ്പിലെത്തി.
പിന്നോട്ട് നോക്കാതെ മഴയുടെ ഇരമ്പലിനൊപ്പം അവൾ പറഞ്ഞു.
'ഇത് മനവളപ്പാണ്.ഇത് കടന്നാൽ മനയാണ്.ഇനി നിങ്ങൾ പൊക്കോളൂ. ഞാൻ പോവുന്നു.അവൾ പിന്നിലേയ്ക്ക് മാറി.
നില്ക്കു ,ഞാൻ നിങ്ങൾക്കൊപ്പം കൂട്ട് വരാം.ഒരുപാട് ചോദ്യങ്ങൾ ഇപ്പോൾ എന്റെ മനസ്സിലുണ്ട്.
ഈ രാത്രി ,ഇങ്ങനെയൊരു സ്ഥലത് ,തനിച്ചു യാത്രചെയ്യണമെങ്കിൽ നിങ്ങളൊരു സാധാരണ സ്ത്രീയല്ല.
ഇവിടെ വരെ എന്റെ ധൈര്യം നിങ്ങളായിരുന്നു.നല്ല മനസ്സിന് നന്ദിയുണ്ട്.ഇനി പറയു .ആരാണ് നിങ്ങൾ.
ഇത്രദൂരം നിങ്ങളെന്റെ കൂട്ടായിരുന്നു.എന്നെകുറിച്ചു ഞാൻ നിങ്ങളോടു പറഞ്ഞു.ഒരു വാക്കെങ്കിലും നിങ്ങളെക്കുറിച്ചു പറയു....
അവളുടെ മറുപടി രണ്ടു നിമിഷം കഴിഞ്ഞാണ് വന്നത് ...നിങ്ങൾക്കെന്നോടൊപ്പം തിരിച്ചു നടക്കാൻ ധൈര്യമുണ്ടോ.
അവളുടെ ചോദ്യം.
'അതിനെന്ത് ,ഇങ്ങോട്ടു വന്നത് നിങ്ങളോടൊപ്പമല്ലേ,ഇനി ഒരിക്കൽക്കൂടി തിരിച്ചു നടക്കാൻ നിങ്ങൾ കൂടെയുണ്ടെങ്കിൽ ഞാൻ വരാം.'
വരൂ.എവിടെയാണ് നിങ്ങൾ്ക്ക് പോവേണ്ടത്.ഞാൻ കൂടെ വരാം.ഉദയന്റെ സ്നേഹപൂർവ്വമുള്ള മറുപടി.
അവൾ പറഞ്ഞു.എനിക്കുപോവേണ്ടത് നിങ്ങളുടെ വീട്ടിലേക്കാണ്.
ഇത്രദൂരം വന്നത് ഈ മനയിലെത്താനാണ്.
എങ്കിലും എങ്ങോട്ടാണെങ്കിലും തിരിച്ചു കൂടെ വരാമെന്നു വാക്ക് കൊടുത്തു.ഇനി മാറ്റുന്നതെങ്ങനെ'
അയാൾ മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നു.വന്ന ദൂരമത്രയും പിന്നിട്ടു ജംങ്‌ഷനിൽ എത്തിയപ്പോൾ ആരെയോ കാത്ത് കിടന്നത് പോലെ ഒരു ബസ്.
ഓടിച്ചെന്നു ഇരിപ്പിടം കണ്ടെത്തി.കൂടെ നനഞ്ഞൊട്ടിയ വേഷവുമായി അവളും
രണ്ടു ടിക്കറ്റ് എടുത്തു.അയാൾ ഒന്നും മിണ്ടാതെ ടിക്കറ്റ് കുറിച്ച് നൽകി.
യാത്രക്കിടയിൽ വസ്ത്രങ്ങൾ ശരീരത്തിന്റെ ചൂടിൽ ഉണങ്ങി.അറിയാതെഉറക്കം കണ്ണിലേക്ക് വന്നു.
കുറെ നാൾ കൂടി തടസ്സമില്ലാതെ നിദ്ര പുൽകി.
മണിക്കൂറുകൾ കൊഴിഞ്ഞു .വീടിന്റെ പടിയെത്തി .തിരിഞ്ഞു നോക്കി.ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നത് വരെ അവൾ കൂടെയുണ്ടായിരുന്നു.
എവിടെപ്പോയി ,കണ്ണുകൾകൊണ്ടയാൾ ചുറ്റും പരതി.തിരിഞ്ഞു നോക്കി നോക്കി അയാൾ പടികടന്നു വീട്ടിനുള്ളിൽ കയറി.
അപ്പോൾ ഇത്രനേരം കണ്ടത് മായയായിരുന്നോ...ആശങ്കയോടെ ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോൾ നിറചിരിയുമായി അമ്മ മുൻപിൽ....
"ഉദയാ,ഒരുപാട് നാൾകൂടി ഇന്നലെ രാത്രി സുഖമായി ഉറങ്ങി മോനെ.എന്തായാലും നിന്റെ മന്ത്രവാദംകൊള്ളാം..."
ചിരിച്ചുകൊണ്ട് അമ്മയത് പറയുമ്പോൾ വീട് കാണാൻ കൂടെ വന്നവളെ തിരയുകയായിരുന്നു ഉദയന്റെ മിഴികൾ........

By
Nisa Nair

വഴിയോരജീവിതങ്ങൾ.

വഴിയോരജീവിതങ്ങൾ.
===================
നിരതെറ്റിയ പല്ലുകളുള്ള പെൺകുട്ടി.
ഇന്നലെയും അവൾ തിരക്കേറിയ സായന്തനത്തിൽ അങ്ങാടിയിൽ ഒരു കോണിലിരുന്നു മുല്ലപ്പൂമാല വിൽക്കുന്നുണ്ടായിരുന്നു.പൂക്കൂടയിൽ നിന്ന് പൂമാല കയ്യിലുയർത്തിപ്പിടിച്ച് തളർന്ന കണ്ണുകളാൽ ചുറ്റും പരതി "പൂമാല വേണോ.പൂമാല" എന്ന് ഇടയ്ക്കു വിളിച്ചു പറയുന്നുണ്ടായിരുന്നു.
കനിവുള്ളവർ ആരോ ഒരു മുഴം പൂമാല
അവളുടെ കയ്യിൽ നിന്നും പൊട്ടിച്ചു മേടിക്കുന്നു.ഒരു കടലാസ് തുണ്ടിൽ അവളത് ഭദ്രമായി പൊതിഞ്ഞു കൊടുത്തു.
വില ചോദിക്കാതെ ഒരു നോട്ടെടുത്ത് അവളുടെ മടിയിലേയ്ക്കിട്ടു കൊടുത്തിട്ട് അയാൾ പോയി.
അവൾ ആ നോട്ടിൽ നോക്കി തെറ്റു ചെയ്ത കുട്ടിയുടെ ഭാവത്തോടെ ഇരുന്നു.
അൽപ്പനേരം കൂടി അവിടെയിരുന്നിട്ടു പൂക്കൂട എടുത്തവൾ നടന്നു തുടങ്ങി.
സായന്തനത്തിലെ കാറ്റ് അവളുടെ അഴിഞ്ഞുലഞ്ഞ ചെമ്പൻ മുടിയിൽ അലകളുണ്ടാക്കി കടന്നുപോയി.
മുട്ടോളമെത്തുന്ന മുഷിഞ്ഞ പാവാടഞൊറിവുകൾ കാറ്റിൽ പറന്നു.ഒരു കൈ കൊണ്ട് അവൾ പാവാട ചേർത്ത് പിടിച്ചു.
മെലിഞ്ഞ കൈത്തണ്ട ദരിദ്രകൗമാരത്തിന്റെ അടയാളം കാട്ടി.
ആൾക്കൂട്ടത്തിലെവിടെയോ അവൾ മറഞ്ഞു.ആ മുഖം മനസ്സിൽ പതിഞ്ഞു കിടന്നു.ആ മുഖത്ത് തളർന്ന മിഴികളിൽ കണ്ട നിശ്ചയദാർഢ്യം എന്നെ ആകർഷിച്ചിരുന്നു.
വഴിയോരത്ത് ഏതെങ്കിലുമൊരു ശാപജന്മത്തിന് മാന്യതയുടെ മുഖം മൂടിയണിഞ്ഞവൻ കൊടുത്ത സമ്മാനമാവും അവൾ.അല്ലെങ്കിൽ ആരെങ്കിലും വലിച്ചെറിഞ്ഞു പോയതാവും.വേണ്ടാത്ത കളിപ്പാട്ടം വലിച്ചെറിയുന്നത് പോലെ.
ശരീരസുഖം തുല്യമായി പങ്കിടുമെങ്കിലും ഗർഭം സ്ത്രീയ്ക്ക് മാത്രമുള്ള വിശേഷത ആണല്ലോ.പുരുഷൻ ഉൽപ്പാദനം നടത്താൻ മാത്രമുള്ള ജന്മം.അവൻ ഗർഭം അംഗീകരിക്കണമെങ്കിൽ നാടും വീടും അറിഞ്ഞുള്ള ബന്ധമായിരിക്കണം.രഹസ്യമായി നടത്തുന്നതൊക്കെ രഹസ്യമായി അവസാനിപ്പിക്കാൻ ഇഷ്ട്ടം.പുരുഷന്റെ രഹസ്യം സ്ത്രീയ്ക്ക് പരസ്യം ..കാരണം വീർക്കുന്നത് അവളുടെ ഉദരം
സ്വന്തം ചോര ഏതു പട്ടിയിലും നിക്ഷേപിക്കും.അതൊക്കെ അവിടെ വളരും.
മാതൃത്ത്വം എന്ന ഭാവമുണ്ട് സ്ത്രീയ്ക്ക് രഹസ്യമാണെങ്കിലും അവൾ അത് ഏറ്റെടുക്കും.അവിഹിതമായി.എന്നിട്ട് വളർത്തും.ചേരിയിലോ ചെളിക്കുണ്ടിലോ കിടന്നു പ്രസവിക്കും.
എന്നിട്ട് അരവയർ നിറച്ചാണെങ്കിലും വളർത്തും.അവളാണ് ലോകത്തിന്റെ കണ്ണിൽ മഹാപാപി .
ഇതുപോലെ ആരുടെയൊക്കെയോ ജീവരക്തം തെരുവിൽ കൈയും കാലുമിട്ടടിച്ചു വളരുന്നു.
ഭിക്ഷയെടുക്കുന്നു,ഒടുവിൽ വിധിയോട് പൊരുതി മണ്ണിലാവുന്നു.
ചിന്തിച്ചു നിൽക്കുമ്പോൾ വീണ്ടും പഴയ സ്ഥാനത്ത് ഒരുകൂടനിറയെ പൂമാലയുമായി അവളെത്തി.നിരതെറ്റിയ പല്ലുകൾ കാണിച്ചു ചിരിച്ചു.
ഇന്നും ഞാനിവിടെ എത്തിയത് ആ കുഞ്ഞു കണ്ണുകളിലെ ആത്മവിശ്വാസം കാണുവാൻ മാത്രമാണ്.
ഇന്ന് വന്നത് അവളുടെ പക്കൽ നിന്നും ആ മുല്ലമാലകൾ മുഴുവൻ വാങ്ങുവാൻ കൂടിയാണ്....ഇന്ന് മാത്രമല്ല..എന്നും...നിശ്ചയദാർഢ്യമുള്ള ആ കുഞ്ഞികണ്ണുകൾ ഇനി വിശന്നു തളരരുത്..
ഒരു സാധാരണക്കാരനായ മനുഷ്യന് കണ്മുൻപിൽ നിസ്സഹായയായ ,ലോകം കണ്ടു തുടങ്ങിയ ഒരു സഹജീവിക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സഹായം...

By
Nisa Nair

എന്റെ കവിത.നിസ്സംഗത.

എന്റെ കവിത.നിസ്സംഗത.
==================
നിതാന്തനിശ്ശബ്ദമീ ഘോരമരുഭൂവിൽ
ചിറകറ്റ ശലഭമായ് വെന്തുരുകീടവെ
തളരുമെൻമിഴികളൊരുമഴകാത്തുകഴിയുന്ന-
താരുമറിഞ്ഞീലവിജനമീ മണൽകാട്ടിൽ
ഇഴയുന്ന സമയമൊരുശാപനിമിത്തമായ്
നെഞ്ചിലുറയുമീവിങ്ങലിൽപങ്കുകാരില്ലാതെ
ഇനിയുമൊരു പിറവിക്ക് മോഹമില്ല
കാലമൊരശ്വമായ് അദൃശ്യമായ്പായുന്നു
പകലിരവുനിഴൽയുദ്ധമാടുമീവനികയിൽ
കാത്തുവെയ്ക്കുന്നുപാതയിൽവ്യഥകളാം
വിഴുപ്പുഭാണ്ഡങ്ങൾ മനുജന് മാത്രമായ്
അവനത് പങ്കിട്ടു തുല്യമായേകുന്നു ജീവൻ
തുടിക്കുന്നപ്രാണികൾക്കൊക്കെയും..

By
Nisa Nair

വേണ്ടിനിയുദ്ധം

വേണ്ടിനിയുദ്ധം 
________=_________
ഇതായിന്നിവിടെയൊരു കലിംഗമുണരുന്നു
ആശ്വാരൂഢനാമശോകനുമണയുന്നു
പോരാ രാജ്യവിസ്തൃതിതന്നളവുകൾ
ചേർക്കേണമിനിയും ഇരട്ടിയായി
ഒഴുകണംചുടുനിണം ശിരസ്സുകളറുക്കണം
ഉയരുന്നഖഡ്ഗങ്ങളരിയുന്നു ശിരസ്സുകൾ
ഒഴുകുന്നു ചുടുചോര പുഴയായിതാ
മനുസമൃതി വിസ്മൃതിയിലാഴ്ന്നു പോയി
പൂജ്യയാം നാരികൾക്കാശ്രയമറ്റുപോയ്
അനാഥത്വമേറ്റു വാങ്ങുന്നു ബാല്യങ്ങൾ
വീശുന്നു ഖഡ്ഗങ്ങൾ ചിതറുന്നു മാംസവും
പോരാട്ടമെന്തിനെന്നറിയാത്തവർ
ദിക്കുകൾ പൊട്ടുമാറു്ച്ചത്തിൽ മുഴങ്ങുന്നു
ജയഭേരി,ആകുലംധരിണിമാറിൽ
നീണാൾവാഴട്ടെ രാജനശോകനും
ശേഷിച്ച നാവുകളേറ്റു ചൊല്ലി
അധികരഗാർവ്വിന്റെ കണ്ണോന്നടച്ചിതാ
ഉടലുമംഗങ്ങളും വേർപെട്ടുവെങ്കിലും
വേർപെടാതുയിരുള്ള മാംസപിണ്ഡങ്ങളും
രോദനമലർച്ചയും പിടച്ചിലും ചുറ്റിലും
വിജയമൊരുവേള മറന്നു നരപതി
വേർ്പെട്ടതോന്നുമേ ചേർക്കുവാനാവില്ല
ഘോരമീ കർമ്മത്തിനാരിനി മാപ്പേകും
വ്രണിതമാം മനമോടെ നിന്നിതാ രാജനും
ഇല്ല ഇനിയൊരു യുദ്ധമില്ല
വേണ്ടിനി വൈധവ്യമനാഥ ബാല്യം
ആയുധമേന്തുന്ന പോരാട്ടമിനി വേണ്ട
വാഴണം ധർമ്മവുമഹിംസയുമിനി മേൽ
നിശ്ചയദാർഢ്യത്തിലൂർന്നൊരുവാക്കുകൾ
ഇന്നും കലിംഗമതേറ്റു പാടുന്നു..
ചോരമണക്കുന്ന തെരുവുകൾ വേണ്ടിനി
ഇനിയുള്ള യുദ്ധത്തിലായുധംസ്നേഹമേ
--------////-----/////--

By
Nisa Nair

സ്ത്രീപദം..

സ്ത്രീപദം..
___________=__=
_
_______അഷ്ടപദി..എത്രകേട്ടാലും മതിവരാത്ത സോപാനസംഗീതത്തിന്റെ പദങ്ങൾ തേടിയുള്ള യാത്രയിൽ ജീവിതമൊരു പുണ്യമെന്നു കരുതി.
കളഭസുഗന്ധത്തിൽ മുങ്ങിയ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ലക്ഷ്യമില്ലാത്ത മനസ്സിനെ പിടിച്ചു കെട്ടിയിടാനൊരു വിഫലശ്രമം .
സോപാനത്തിനു താഴെ ഈറനടുത്തു തൊഴുത് നിൽക്കുമ്പോൾ അറിയാതെ മിഴികൾ ഈറനണിഞ്ഞിട്ടുണ്ട്.ഇടയ്ക്കയിൽ നിന്നും ഉയരുന്ന താളഭേദങ്ങൾക്കൊപ്പം അഷ്ടപദി കാതിലേയ്ക്ക് അമൃതായി പെയ്തിറങ്ങുമ്പോൾ സ്വയം മറന്നു നിന്ന നിമിഷങ്ങൾ..
ഇനിയുമൊരു നർത്തകിയായ് ജനിക്കണം.
ഈ വാത്മീകത്തിനുള്ളിൽ തളച്ചിടപ്പെട്ട ജന്മത്തിനു മോക്ഷം കിട്ടുവോളം.ജന്മാന്തര ബന്ധത്തിന്റെ കണ്ണികൾ അറുക്കപ്പെടാനുള്ള കാത്തിരിപ്പാണിത്.
ഈ തുരുത്തിൽ തനിച്ചാക്കപ്പെട്ടത് എപ്പോഴാണ്.ജീവിതം ഇത്രയും മായകാഴ്ചകൾ ഒരുക്കുന്നത് എന്തിനാനെന്നറിയാൻ അഞ്ചു പതിറ്റാണ്ട് വേണ്ടി വന്നു.ക്ഷണനേരത്തിനുള്ളിൽ വിടപറയാതെ പോവേണ്ടി വരുമെന്നുള്ള യാഥാർഥ്യത്തിനു പകരം ആനന്ദമന്വേഷിച്ചലയുന്ന മനസ്സെന്ന അന്ധകാരം തോഴനായുള്ളത് കൊണ്ട് അവന്റെ തൃപ്തിക്കുവേണ്ടി മാത്രം.
അത് സത്യമാണ്.ഇക്കാലമത്രയും മനസ്സിന്റെ താളത്തിനനുസരിച്ചായിരുന്നു ജീവിതത്തിന്റെ പാതയിൽ ചലിച്ചത്.താളം മറന്നുപോയതും മു്ദ്രകൾ തെറ്റിയതുമൊക്കെ അവന്റെ വികൃതി.
അന്ന് പിഴച്ച താളം പിന്നീടിതുവരെ നന്നായിട്ടില്ല.കാഴ്ചക്കാർക്ക് മുൻപിൽ നടനം സുന്ദരം.അല്ലെങ്കിൽ അവരുടെ അജ്ഞതയ്ക്ക് മുൻപിൽ..അതുമല്ലെങ്കിൽ സർവാംഗ്‌സുന്ദരിയായി അണിഞ്ഞൊരുകിയ സ്ത്രീശരീരത്തിന്റെ അഴകളവുകളോ മുഖഭംഗിയോ മാത്രം അവർ ആസ്വദിക്കും.
ഭാവങ്ങൾ മിന്നിത്തതെളിയുന്ന വിടർന്ന മിഴികൾക്കുള്ളിലെ ഉറവയിടുന്ന നീർച്ചുഴി ആരും കണ്ടിട്ടുണ്ടാവില്ല.
പ്രോത്‌സാഹനത്തിനും അംഗീകാരത്തിനും അപ്പുറമുള്ള കഴുകൻ കണ്ണുകൾ കണ്ടില്ലെന്നു കരുതി.
അരങ്ങിൽ മികവ് കാട്ടുന്നവൾ മാന്യതയ്ക്കോ പരിഗണനയ്ക്കോ അവകാശിയല്ല.അവളുടെ ശരീരം പ്രദർശന വസ്തു.ആസ്വാദകർ നിരവധി.
കാലം കടന്നുപോവുന്നത് യൗവനത്തിന്റെ അടയാളങ്ങൾ മായ്ച്ചുകൊണ്ടായിരുന്നു.
ആരവങ്ങളൊഴിഞ്ഞ കൂത്തമ്പലത്തിന്റെ പടിക്കട്ടിൽ ഇരുന്നു ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് പതിയെ ഇറങ്ങി.ഏകാന്തതയ്ക്കു ചിറകു മുളച്ചാൽ ആദ്യം പറക്കുന്നത് ഭൂതകാലത്തിലേയ്ക്കാവും.അതും മനസ്സിന്റെ വികൃതി.
സ്വപ്‌നങ്ങൾ കണ്ടുറങ്ങിത്തുടങ്ങിയ കാലങ്ങൾക്ക് അഴക് കൂട്ടിയ ഒരു മുഖമുണ്ട്.സായന്തനം ചുവപ്പണിഞ്ഞ തീരത്തേക്ക്കണ്ണ് നട്ടിരിക്കുമ്പോൾ കൂടെയിരുന്നു കഥകൾ പറഞ്ഞ,മൗനഭാഷ്യത്തിൽ പ്രണയമെന്ന മൃദുല വികാരത്തെ മനസ്സിലുണർത്തിവിട്ട ആൾ.
ചിന്തകളിൽ തേൻ നിറഞ്ഞ മനോഹര നിമിഷങ്ങൾക്കു സാക്ഷിയായി പ്രകൃതിയും.
ഒരു നിയോഗം പോലെ എല്ലാം സമർപ്പിച്ചു സ്നേഹിച്ചു.ഒടുവിൽ ഒരു സായന്തനത്തിൽ തനിച്ചാക്കി എവിടെയോ പോയി.ഉള്ളിൽ മുളപൊട്ടിയ ജീവന്റെ കണം ഒരു പരിഹാസമായി കൊണ്ട് നടന്നു.അമ്മയുടെ കണ്ണീർശാപത്തിനും അച്ഛന്റെ നെഞ്ചുപൊള്ളിക്കുന്ന മൗനത്തിന്റെയും നടുവിൽനിന്നു കണ്ണീർവറ്റിയ ഹൃദയം മാപ്പുചോദിച്ചു പടിയിറങ്ങി.
എങ്ങോട്ടെന്നറിയില്ല,പിഴച്ചവൾക്കു തലചായ്ക്കാൻ ഈ ഭൂമിയിൽ എവിടെയെങ്കിലും ഒരിടമുണ്ടാവും.ഇറങ്ങുമ്പോൾ ചിലങ്കയെടുക്കാൻ മറന്നില്ല.യാത്രയായിരുന്നു.ദീർഘയാത്ര.ഒടുവിൽ ചെന്നെത്തപ്പെട്ടത് അവകാശികളില്ലാതെ ജന്മം കൊണ്ട കുറെ മനുഷ്യാത്മാക്കളുടെ കൂടെ.
വേദനയും കണ്ണീരും എന്താണെന്നറിഞ്ഞു.വിശപ്പിനോടും വിധിയോടും മല്ലിട്ടു ചിലങ്കകെട്ടിയാടി ജീവിതം കരുപ്പിടിപ്പിച്ചു.
താങ്ങും തണലുമായി അനാഥരാക്കപ്പെട്ടവർ പരസ്പരം കൈകോർത്തു.
വിധി ഏൽപ്പിച്ച മുറിവ് പരാതിയില്ലാതെ സ്വീകരിച്ചു.ചതിക്കപ്പെട്ടവർ സ്വയം തെറ്റിനെ സ്വീകരിച്ചു.രാത്രികളിൽ അച്ഛനും അമ്മയും സ്വപ്നങ്ങളിൽ വന്നു.വിതുമ്പലുകൾ അടക്കിപിടിച്ചപ്പോൾ തേങ്ങൽ ശബ്ദങ്ങൾ കാതിൽ വന്നലച്ചു.
രാത്രികളാണ് ഓർമ്മകളെ കൊണ്ടുവരുന്നത്.
ഒടുവിൽ ഒന്നലറിക്കരഞ്ഞുകൊണ്ട് പാപത്തിന്റെ വിത്തിനെ ഭൂമിക്കവകാശിയാക്കി.നെഞ്ചിൽചേർത്ത് വളർത്തി.ലോകം അവന്റെ പുഞ്ചിരിയിൽ കണ്ടു.ചിലങ്കകൾ കിലുക്കം അവസാനിപ്പിക്കാനിഷ്ടപ്പെട്ടില്ല.
ഒടുവിൽ തനിയെ നില്ക്കാൻ തുടങ്ങിയപ്പോൾ അമ്മ അവനു അപശകുനമായിതുടങ്ങി.ഒരുനാൾ ഒരുവളുടെ കൈപിടിച്ചവൻ കയറിവന്നു.
ആദ്യമവൻ പുറത്തെറിഞ്ഞത് ആ ചിലങ്കകളായിരുന്നു.
ശൂന്യതയിൽനിന്നും അത്ഭുതങ്ങൾ തീർത്ത ചിലങ്കകളെ.
അവയിൽ നിന്നൂർന്ന കിലുക്കങ്ങളായിരുന്നു അവൻ ചവുട്ടി നിൽക്കുന്ന മണ്ണുപോലും.
പൈതൃകം എന്നവാക്കിന്റെ പൊരുൾ അവൻ മനസ്സിലാക്കി തന്നു.വീണ്ടുമൊരു പടിയിറക്കം.
കരഞ്ഞില്ല,തളർന്നില്ല.വീണ്ടും ചിലങ്കകൾ കെട്ടിയാടി.പലവേഷപ്പകർച്ചകൾ.
ഒരുനാൾ അരങ്ങിൽനിന്നുമിറങ്ങി അണിയറയിൽ വേഷമഴിച്ചു പുറത്തുകടന്നപ്പോൾ ഇരുളിന്റെ മറവിൽ ഒരു ദയനീയ സ്വരം.അടുത്തുചെന്ന് നോക്കിയപ്പോൾ എല്ലുന്തി കവിളോട്ടിയ വികൃതരൂപം.
സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ണിൽ നീർമുത്തുകൾ പിടഞ്ഞു.
തികട്ടിവന്ന വേദനയും പിടച്ചിലും വെറുപ്പും മനുഷ്യത്വത്തിൽ അലിഞ്ഞു.
അല്ലെങ്കിൽ സർവ്വംസഹയായ സ്ത്രീത്വത്തിൽ അലിഞ്ഞു.
പകരംവീട്ടിയില്ല,ഭൂതകാലം ചികഞ്ഞില്ല,.....കൂടെക്കൂട്ടി..പൊന്നുപോലെ നോക്കി. ഒടുവിൽ കാലത്തിന്റെ കൈകളിൽ ഏൽപ്പിച്ചു...
പശ്ചാത്താപം നിറഞ്ഞ ആ മിഴികൾ മതിയായിരുന്നു എല്ലാം ക്ഷമിക്കാൻ...
അന്നുപേക്ഷിച്ചു ആ ചിലങ്കകൾ..
ഇനിയുള്ള കാലം ഈ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ അഷ്ടപദിയുടെ ഈണത്തിൽ മുങ്ങി .....കുളിച്ചു തൊഴുത്......
കാലത്തിനൊപ്പം....

By
Nisa Nair.

അകളങ്കിത ബാല്യത്തിലേയ്ക്ക്..

അകളങ്കിത ബാല്യത്തിലേയ്ക്ക്..
____________________________
തോടും വയലും ആമ്പൽക്കുളങ്ങളും മരക്കൂട്ടത്തിന്റെ നിഴൽവഴികളും നിറഞ്ഞ കുമരകത്തെ ഒരു കുഞ്ഞു ഗ്രാമത്തിൽ എന്റെ ബാല്യകാല വസന്തത്തിന്റെ ഏതാനും കുറച്ചു നാളുകൾ ചിലവഴിക്കാനെനിക്കു ഭാഗ്യമുണ്ടായി.അച്ഛന്റെ ട്രാൻസ്ഫർ അതിനൊരു നിമിത്തമായി .അതുകൊണ്ടാണല്ലോ ഓർമ്മചെപ്പിൽ പൊടിമൂടാതെ സൂക്ഷിച്ച ഈ മുത്തുകൾ അക്ഷരങ്ങളായി പിറക്കാൻ ഇടയായത്.
വീടിനടുത്ത് തന്നെയുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടി,നടന്നുപോവാനുള്ള ദൂരം മാത്രം.സമീപപ്രദേശങ്ങളിലുള്ള വീടുകളിലൊക്കെയുള്ളത് വലിയ ചേട്ടന്മാരും ചേച്ചിമാരുമൊക്കെയായത്കൊണ്ട് അവധി ദിവസങ്ങളിൽ കൂട്ടുകൂടാൻ ആളില്ലാതെ ഞാൻ ആകെ വിഷമിച്ചു.
അച്ഛനെത്തിയാൽ എല്ലാവരും കൂടി കുളിച്ചൊരുങ്ങി അമ്പലത്തിൽ പോവുന്നത് പതിവാണ്.ചില ദിവസങ്ങളിൽ അമ്മയുണ്ടാവാറില്ല.
അമ്പലത്തിലേക്ക് പോവുന്ന വഴിയുടെ ഇരുവശവും ശീമക്കൊന്ന വേലിയുണ്ട്.നിറയെ പൂങ്കുലകളുണ്ടാവും.വഴിയിൽ നിറയെ കൊഴിഞ്ഞപൂക്കൾ ചിതറിക്കിടപ്പുണ്ടാവും.അതിന്റെ ഒരു വൃത്തികെട്ട ഗന്ധമോർത്ത് കൈകൊണ്ട് തൊടാനുള്ള ധൈര്യമുണ്ടായിട്ടില്ല.കുറച്ചുദൂരം പിന്നിടുമ്പോൾ പടർന്നു പന്തല്ച്ചു നിൽക്കുന്ന ഏഴിലംപാലകൾ ഉണ്ട്.പാല പൂക്കുന്ന കാലമായാൽ മനസ്സിനെ മായികലോകത്തിലേയ്ക്ക് കൊണ്ടുപോവുന്ന ഒരു ഗന്ധം അവിടമാകെ നിറയും.പാലമരത്തിന്റെ ചില്ലകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന വള്ളികൾ സാകൂതം നോക്കി നിന്നിട്ടുണ്ട്.കാട് പിടിച്ച് അനാഥമായി കിടക്കുന്ന വലിയ പറമ്പുകളും ഒറ്റത്തടിപ്പാലവുമൊക്കെയുള്ള നല്ല ഭംഗിയുള്ള നാടാണ് അത്.
ആ നാടും നാട്ടുകാരുമൊക്കെയായി പരിചയമായപ്പോഴേയ്ക്കും വീടിനടുത്ത് കൂട്ടുകാരില്ലാത്ത സങ്കടം മാറി.എനിക്കൊരു കൂട്ടുകാരനെ കിട്ടി.സുരാജ്‌.'
അമ്മകാണാതെ മരത്തിൽ കേറാനും ഗോലികളിക്കാനും തോടിനരുകിൽ ചേർത്ത് കെട്ടിയ ചെറിയ വള്ളത്തിൽ കേറി വെള്ളം തെറിപ്പിച്ചു കളിക്കാനുമൊക്കെയായി ഒരു നല്ല കൂട്ടുകാരൻ.ഞാനപ്പോൾ അഞ്ചാം ക്ലാസ്സിലും എന്റെ കൂട്ടുകാരൻ ആറാം ക്ലാസ്സിലും.രണ്ടു സ്കൂളുകളിലാണെന്നു മാത്രം.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച്ച വൈകുന്നേരം എന്റെ വീടിന്റെ മുന്നിലെ ഗേറ്റിൽ പിടിച്ച് ദൂരെ ചക്രവാളത്തിലേയ്ക്ക് നോക്കി ഞാൻ നിൽക്കുമ്പോൾ ,എന്റെ കൂട്ടുകാരൻ ഓടിക്കിതച്ചുവന്നു.ഞാൻ ഗേറ്റ് തുറന്നു പുറത്തു വന്നു.ഓടിവന്നപാടെ മുഖവുരയില്ലാതെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒറ്റ ചോദ്യം.'വട്ടം കറങ്ങി കളിച്ചിട്ടുണ്ടോ' .എങ്ങനെ',എന്റെ ചോദ്യം."ഞാനൊരു കയറു കൊണ്ടുവരാം,ഒരറ്റത്ത് ഞാൻ പിടിക്കും മറ്റേ അറ്റം അമ്മു പിടിക്കണം. എന്നിട്ട് വട്ടം ചുറ്റണം. അത്രേയുള്ളൂ.നല്ല രസാ."പറഞ്ഞുതീരുന്നതിന് മുൻപേ സുരാജ് കയറെടുക്കാനോടി. നിമിഷത്തിനുള്ളിൽ കയ്യിൽ വീതി കുറഞ്ഞ പ്ലാസ്റ്റിക് കയറിന്റെ കഷ്ണവുമായി തിരിച്ചെത്തി.
എന്നിട്ട് കാരണവരുടെ ഭാവത്തോടെ ഒരറ്റം എന്റെ കയ്യിൽ തന്നു ,മറ്റേ അറ്റം സുരാജിന്റെ കയ്യിലും.'മുറുകെ പിടിച്ചോണം ,വിടരുത്.ഇനി കയറെത്തുന്ന ദൂരം മാറിനില്ക്.'.ഞാൻ മാറി നിന്നു.'നമുക്ക് കറങ്ങാം.റെഡി,വൺ, ടു, ത്രീ,വൃന്ദാവനത്തിൽ രാധികമാർ കൈകോർത്തു കറങ്ങുന്ന ചിത്രത്തിലേത് പോലെ ഞങ്ങൾ കറക്കം തുടങ്ങി.കുറെ നേരം കഴിഞ്ഞപ്പോൾ ശരീരത്തിന് ഭാരമില്ലാത്തത് പോലെ ,ആകെക്കൂടി മൊത്തത്തിൽ കറക്കം.നല്ല രസം.ആസ്വാദനത്തിന്റെ മൂർച്ചയിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്.എന്റെ കയ്യിൽ നിന്നും കയർ വിട്ടു.സുരാജ് എങ്ങോട്ടോ പറക്കുന്നത് ഞാൻ അവ്യക്തമായി കണ്ടു.ഞാൻ വീണതാണോ എന്നറിയില്ല.ആകാശവും ഭൂമിയും മരങ്ങളും തോടുമൊക്കെ കീഴ്മേൽ മറിയുന്നുണ്ട്. എവിടെയാണെന്ന് പോലും അറിയുന്നില്ല.
ഭയപ്പെട്ട് ഞാൻ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു.എവിടെ നിന്നോ അമ്മയും കുറെ ആളുകളും ഓടിവന്നു.എന്നെ പിടിച്ചു നേരെ നിർത്തി.എന്റമ്മയെപ്പോലെ പത്തുപേർ എന്റെ മുന്നിൽ കീഴ്മേൽ മറിയുന്നു.ഒരു സ്ഥലത്ത് മാത്രം ദൃഷ്ടി കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.കൂടെ നിന്നവരും അമ്മയുമൊക്കെ ചിരിക്കുന്നുണ്ട്.
മൂന്നു നാല് സുരാജ്മാർ കുറെ മരങ്ങളിൽ ചാരി നിൽക്കുന്നത് അവ്യക്തമായി എനിക്ക് കാണാൻ പറ്റി.
കുറെ നേരം കഴിഞ്ഞു സ്ഥലകാല ബോധം തിരിച്ചുകിട്ടിയപ്പോൾ അമ്മയോ പരിസരവാസികളോ ആരുമുണ്ടായിരുന്നില്ല.ഞങ്ങൾ രണ്ടാൾ മാത്രം.ആകെ നാണംകെട്ട് പകച്ചു നിൽക്കുന്ന എന്റെ അടുത്തു വന്നിട്ട് സൂരാജ് പറഞ്ഞു പേടിക്കേണ്ട,ആദ്യായതൊണ്ട.ഇനി കറങ്ങി വീഴുമെന്നുറപ്പായാൽ അപ്പോൾ തന്നെ അടുത്തുള്ള മരത്തിൽ കെട്ടിപ്പിടിച്ചോണം. കറക്കം നിൽക്കുന്നത് വരെ കണ്ണടച്ച് അനങ്ങാതെ നിന്നോണം.എല്ലാം നേരെ ആയിക്കഴിഞ്ഞിട്ടെ കണ്ണ് തുറക്കാവു.'
പറഞ്ഞതും സുരാജ് കയറുമെടുത്ത് വീട്ടിലേയ്ക്ക്.പോവുന്ന പോക്കിൽ വിളിച്ചു പറഞ്ഞു.കാവിലമ്പലത്തിന്റെ പറമ്പിലെ മരപ്പൊത്തിൽ തത്തക്കൂടുണ്ട്.കാണാൻ വരുന്നുണ്ടെങ്കിൽ ഞാൻ പോവുമ്പോ വിളിക്കാം പൊന്നോളൂ.'
രാത്രി ഭക്ഷണം കഴിക്കുന്ന സമയത്തു അമ്മയിത് അച്ഛനോട് പറഞ്ഞിട്ടെന്നെ കളിയാക്കുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു.എന്നാൽ പ്രതീക്ഷിച്ചത് പോലെ നടന്നില്ല.അമ്മ ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്നെ നോക്കി പൊട്ടിവരുന്ന ചിരി അമർത്തുന്നത് ഞാൻ കണ്ടു.ചമ്മിയ ഒരു ചിരി ഞാനും ചിരിച്ചു.
ആ അധ്യയനവർഷം തീരുന്നതിന് മുൻപ് അച്ഛന് നാട്ടിലേയ്ക്ക് ട്രാൻസ്‌ഫേർ കിട്ടി.ഞങ്ങൾ കുമരകത്തോട് വിടപറഞ്ഞു.
പിന്നീട് പ്ലസ്വൺ കാലത്ത് കോട്ടയം എം. ഡി സെമിനാരി സ്കൂളിൽ വെച്ച് നടന്ന ഒരു ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ സുരാജിനെ വീണ്ടും കാണാനിടയായി.
ഒരടയാളവും പറയേണ്ടി വന്നില്ല.എന്നെ കണ്ടപ്പോൾ്തന്നെ അമ്മു'ന്നു നീട്ടിവിളിച്ചുകൊണ്ടു സുരാജ് ഓടിവന്നു.പൊടിമീശയും കുറ്റിത്താടിയുമൊക്കെയായി ചെക്കനാകെ മാറ്റം.എന്റടുത്തുവന്നു നാണിച്ചൊരു ചിരി പാസ്സാക്കി.കവിളിൽ നുണക്കുഴി തെളിഞ്ഞു."ഇഷ്ട്ടം പോലെ മരമുണ്ടല്ലോ.ഒന്ന് വട്ടം കറങ്ങിയാലോ."കുസൃതി നിറഞ്ഞ ചോദ്യം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.
പിന്നെയും വര്ഷങ്ങൾ പോയി.എന്റെ കോളേജിൽ നിന്നും നാഷണൽ സർവീസ് സ്‌കീം ന്റെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സെമിനാറിൽ വെച്ച് അതേ സുരാജിനെ വീണ്ടും കാണാൻ ഭാഗ്യമുണ്ടായി.ഇത്തവണ വെള്ളമുണ്ടും നീലക്കളറുളുള്ള ഷർട്ടും നെറ്റിയിൽ ചന്ദനക്കുറിയുമൊക്കെയായി വല്യ ചെക്കനായി മാറിയിരുന്നു സുരാജ്.
ഇത്തവണ ഞാനാണ് ആദ്യം കണ്ടത്.കൂട്ടുകാർക്കൊപ്പം സംസാരിച്ചു നിൽക്കുന്ന സുരാജിനെ ഞാൻ പിന്നിൽ ചെന്ന് വിളിച്ചു. എന്റെ ശബ്ദം കേട്ട് സുരാജ് തിരിഞ്ഞു നോക്കി.വിടർന്ന കണ്ണുകളിൽ അത്ഭുതം നിറച്ചുകൊണ്ട് അതേ നുണക്കുഴി പുഞ്ചിരിയോടെ അമ്മു 'എന്ന് വിളിച്ചു.പിന്നെ കുശാലാന്വേഷണങ്ങൾ.അപ്പോഴേയ്ക്കും സെമിനാർ ഹാളിനുള്ളിൽ ഓരോ കോളേജുകളെ പ്രതിനിധീകരിച്ചു വന്ന വിദ്യാർത്ഥികളെ സീറ്റ് ക്രമീകരിച്ചിരിക്കുന്നതിനനുസരിച്ചു ഇരുത്താൻ ആരംഭിച്ചിരുന്നു.ഞാൻ എനിക്കുള്ള സീറ്റിലേയ്ക്കും സൂരജ് സുരാജിനുള്ള സീറ്റിലേയ്ക്കും പോയിരുന്നു.
ഒരേ ഹാളിന്റെ രണ്ടറ്റത്തുമായി ഞങ്ങൾ ഇരുന്നു.ഇടയ്ക്കിടെ നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോഴൊക്കെ പുഞ്ചിരി കൈമാറി.
പിന്നെസെമിനാർകഴിഞ്ഞുവൈകുന്നേരം ഓരോരുത്തരായി പിരിഞ്ഞു.ഞങ്ങൾ രണ്ടാളും അല്പദൂരം ഒന്നിച്ചു നടന്നു.ഒന്നും സംസാരിക്കാനപ്പോൾ തോന്നിയില്ല.ബാല്യമെന്ന നഷ്ട്ടവസന്തത്തിന്റെ സുഖമുള്ള ഓർമകളിലായിരുന്നു.
മൗനത്തിനു ഇടവേള നൽകിക്കൊണ്ട് സുരാജ് മെല്ലെ പറഞ്ഞു."ഈ ബാല്യകാലസഖിന്നു പറഞ്ഞാൽ വല്യ സംഭവം തന്നെയാട്ടോ.മനസ്സീന്നങ്ങട് പോവൂല"
വിടപറയുമ്പോൾ ഞാനും എന്റെ മനസിൽ പറഞ്ഞു..ബാല്യകാലം ഒരു വലിയ സംഭവം തന്നെയാ..കടന്നു പോവുമ്പോ അറിയില്ല.ജീവിതത്തിലെ മധുരമുള്ള കാലത്തിലൂടെയാണ് പോവുന്നതെന്ന്......

By 
Nisa Nair

പുഴയെതേടി..

പുഴയെതേടി..
=============
പുഴപോയ വഴിയിലൊരു യാത്ര പോവാം
അന്ന് പുഴനീന്തിയെത്തിയ കാലമോർക്കാം
തീരത്തെ നനവാർന്ന പഞ്ചാരമണലിലായ്
കളിവീട് കെട്ടിയ കാലമോർക്കാം
ഓളങ്ങളലതീർത്ത പുഴയുടെ മാറിലാ
വർഷമേഘത്തിൻ ചടുല നൃത്തമോർക്കാം
തുള്ളിക്കുതിച്ചകലെ ജലധിയിൽ മറയുന്ന
പുഴയുടെ കൗമാരകാലമോർക്കാം
ഇന്നലെ പെയ്ത മഴയുമീ മണലിന്റെ
ആഴത്തിലെവിടെയോ പോയ് മറഞ്ഞു
പൂവിടാൻ വെമ്പിയൊരാറ്റുവഞ്ചി
ഇന്ന് ശുഷ്കമാംപത്രങ്ങളോടെനിൽപ്പു
പുഴപോയവഴിയിലൊരുപേരാൽമുളച്ചത്
ഘോരമാംവെയിലിൽ കരിഞ്ഞുവല്ലോ
പുഴപോയവഴിയിലീയാത്രതന്നന്ത്യത്തിൽ
സംഗമിക്കാമെന്നു വ്യാമോഹമോ...

By
Nisa Nair

പെൺകുഞ്..

പെൺകുഞ്..
=========
നിനവിലൊരു പെൺകുഞ്ഞിൻ നിലവിളി മുഴങ്ങുന്നു
നിസ്സഹായമീ ധരിത്രിതൻ ശാപമായ്
പലവർണ്ണ ചിറകൊത്ത പൂമ്പാറ്റപോലവൾ
തുള്ളി പറന്നെൻ നാട്ടിലാകെ
കുഞ്ഞരിപല്ലിന്റെയോമന പുഞ്ചിരി
നിർവൃതി പകർന്നെൻ നെഞ്ചിലാകെ
പട്ടിളംപാദത്തിലൊട്ടികിടക്കുന്നു
കിങ്ങിണി കൊഞ്ചുന്ന പാദസരം
കിലുകിലെകിലുങ്ങുന്ന കുപ്പിവളകളും
കുഞ്ഞിളം കൈകളിലാഭരണം
ഇളം കാറ്റിലെപ്പോഴുമുടലാട്ടി നിൽക്കുന്ന
പനിനീർ ചെടിപോലെപെൺകുഞ്ഞവൾ
അതിരില്ലാ ലോകത്തിനാവകാശിയാമവൾ
നാളെകൾതൻപൊൻ കിരണമാവേണ്ടവൾ
വർണ്ണ ചിത്രം തീർത്ത പിഞ്ചുപാദങ്ങളീ
മണ്ണിനു പോലുമേ രോമാഞ്ചമായ്
------
ഒരുദിനം മാഞ്ഞവൾ എവിടെയെന്നറിയില്ല
ആരുമേ കണ്ടില്ല കേട്ടതില്ല
ആളുകൾ നാലുപാടുമായ് ചിതറുന്നു
പെൺകുഞ്ഞവളെങ്ങു പോയ് മറഞ്ഞു
കുഞ്ഞു പാദത്തിൻ അടയാളമുണ്ടോ
പാദസരത്തിൻ കിലുക്കമുണ്ടോ
ചെവിയോർത്തു തിരയുന്നു മാനവരെല്ലാരു
മാരുമേ അവളെയും കണ്ടതില്ല
===
നാളുകൾ നീളുന്നൊരന്വേഷണത്തിന്ന്
അന്ത്യമായ് പെണ്കുഞ്ഞിവിടെയുണ്ട്
അമ്പലക്കുളത്തിൽ മീനുകളുംപിന്നെ
കരയിലെ കാലുള്ള മീനുകളും
കൊത്തി വലിച്ചതിൻ ബാക്കിയായുള്ളതോ
ജലകന്യ മടിയിലെടുത്തു വെച്ചു്
പ്രകൃതിയു മൊരുവേള മൗനമായ്
കരയുവാൻ പോലും മറന്നു പോയി
======
ഇനിയുമാ പിഞ്ചുപാദങ്ങളോടില്ല
ഒടിച്ചതും നിർദ്ദയം കശ്മലന്മാർ
ഇനിയില്ല പുഞ്ചിരി കുഞ്ഞിളം ചുണ്ടിലും
പല്ലവാധരം കൊത്തി വലിച്ചെടുത്തു
ഇനിയൊന്നുമില്ലയാ പിഞ്ചു ശരീരത്തിൽ
ഇത്രമേൽ ഘോരമാം പാപിയോയിവൾ
ഓർക്കുക !നാളെ നിൻ തനയയായ് തന്നെയീ
പെണ്കുഞ്ഞു വീണ്ടും പുനർജനിക്കും
അന്നുനിൻ കാട്ടാള മാനസമോർക്കുമോ
ഇന്ന് നീ ചെയ്തോരീ പാതകത്തെ...
____===

By Nisa Nair

വിധവ..

വിധവ..
_____
പൂമുഖത്തിണ്ണയിൽ വെട്ടിയിട്ട വാഴയിലയിൽ നീണ്ടു നിവർന്നു കണ്ണുകളടച്ചു ചുണ്ടിലൊരു പുഞ്ചിരിയുമായി വെള്ളപുതച്ച് ഉറങ്ങിക്കിടക്കുന്നത് അവളുടെ ഭർത്താവാണ്.അഞ്ചോ ആറോ മാസം നീണ്ടു നിന്ന മനോഹരമായ ദാമ്പത്യത്തിന്റെ അന്ത്യം.
കരയുവാൻ പോലുമാവാതെ കണ്ണുകൾ തുറിച്ച് അയാളുടെ അരികിലായ് ഭിത്തിയിൽ ചാരി ആ മുഖത്തേയ്ക്ക് കണ്ണുകൾ നട്ട് അവളിരുന്നു.ചുറ്റും കൂടി നിന്നവരിൽ നിന്ന് സഹതാപം നിറഞ്ഞ നോട്ടവും ദീർഘ നിശ്വാസങ്ങളുമൊക്കെ ആവോളം അവളെ ലക്ഷ്യമിട്ടെത്തുന്നുണ്ടായിരുന്നു.ആളുകൾ മുറ്റത്തും തൊടിയിലുമൊക്ക കൂടി നിന്ന് പരേതന്റെ ഓർമകൾ പങ്കുവെച്ചു.സ്ത്രീ ജനങ്ങളിലാരൊക്കെയോ അവളുടെ തലയിലും മുടിയിഴകളിലുമൊക്ക തലോടുന്നുണ്ട്.
മകന്റെ മരണ വാർത്തയറിഞ്ഞപ്പോൾ മോഹാലസ്യപ്പെട്ട അയാളുടെ അമ്മ ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ മകന്റെ പേര് ചൊല്ലി തലതല്ലികരയുന്നുണ്ട്. ആരൊക്കെയോ ബലമായി അവരെ ചേർത്ത് പിടിച്ചു സാന്ത്വനിപ്പിക്കുന്നുണ്ട്.
അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.കണ്ണ്നീർ പോലും പുറത്തേയ്ക്ക് ചാടാൻ ഭയന്നു.
'എപ്പോ എടുക്കും'ആൾക്കൂട്ടത്തിൽ നിന്നും ആരുടെയോ ചോദ്യം.'ഒരുമണിക്കൂറിനുള്ളിൽ എടുക്കും'
ആരുടെയോ മറുപടി അവളുടെ കാതിൽ മുഴങ്ങി.എടുക്കണമത്രെ,എന്താണ് നിങ്ങളെടുക്കുന്നത്.ഈ ജീവനറ്റ് കിടക്കുന്നത് എന്റെ ജീവിതമാണ്.അറിയുമോ നിങ്ങൾക്ക് എന്റെ പ്രണനാണ് ഈ കിടക്കുന്ന ആൾ.ഇന്നലെ രാത്രി ഞാനുറങ്ങിയത് ആ നെഞ്ചിൽ തല ചേർത്താണ് .ഇന്ന് വിരലുകൾ കൂട്ടിക്കെട്ടി എന്റെ മുന്നിൽ ഓർമ്മകളുടെ കൂമ്പാരത്തിനു മുകളിലേയ്ക്ക് പോവാൻ തയ്യാറായി കിടക്കുന്ന എന്റെ ജീവനായ ആൾ.ആ കരങ്ങൾ ഇന്നലെ രാത്രി എന്നെ വാരിപ്പുണർന്നിരുന്നു.ആ വിരലുകൾ എന്റെ സ്ത്രീത്വത്തെ ഉണർത്തിയിരുന്നു.ആ വിരലിനാൽ എന്റെ സീമന്ത രേഖയിൽ ചാർത്തിത്തന്ന സിന്ദൂരമുദ്രയിൽ ആയിരം വട്ടം മുത്തമിട്ടിരുന്നു.രാത്രിയുടെ യാമങ്ങളിലെപ്പോഴോ നിശബ്ദത തളം കെട്ടിയ ശപിക്കപ്പെട്ട നിമിഷത്തിൽ എന്റെ നിദ്രയെ തടസ്സപ്പെടുത്താതെ മരണം കട്ടെടുത്തതാണ് എന്റെ പുരുഷനെ.,ബാക്കിയാവുന്നത് ആറുമാസം മാത്രം ആയുസ്സുണ്ടായ ,ആറായിരം വർഷത്തേക്ക് എന്നെ കണ്ണ് നിറയാതെ ജീവിക്കാൻ കരുത്തേകുന്ന ഓർമ്മകൾ മാത്രമാണ്.ഞാനുണ്ട് കൂടെ ,എന്നൊരിക്കൽപോലും എന്നോട് പറഞ്ഞിട്ടില്ല.കൂടെയുണ്ടെന്നുള്ളത് ഒരു സത്യമായിരുന്നു.എത്ര സങ്കടം വന്നാലും ചേർന്ന് നിന്ന് പൊട്ടിക്കരയാൻ ആ വിരിഞ്ഞ നെഞ്ചും പുണർന്നു ചേർക്കാൻ ആ കരങ്ങളും കൂടെയുണ്ടായിരുന്നു.ഒരു പുഞ്ചിരിയിൽ പറയാനുള്ളതൊക്കെ ഒതുക്കിയിരുന്നു.ശൂന്യതയാണിന്നു മുതൽ ജീവിതം.ആ ശൂന്യത സ്വീകരിക്കാനൊരുങ്ങണം. ഇന്നലെ രാവു വരെ കേട്ട വിളിയൊച്ച ഇനിയില്ല..'ചിന്തകൾ അവളുടെ ഹൃദയം കീറിമുറിച്ചു.വാക്കുകൾ പുറത്തേയ്ക്ക് വരാതൊടുങ്ങി.
ആരൊക്കെയോ ചേർന്ന് ശരീരമെടുക്കാനുള്ള തയ്യാറെടുപ്പുകളായി.തൊടിയുടെ തെക്കെയറ്റത്തായി ആറടി നീളത്തിലെടുത്ത കുഴിയുടെ അരികിലേയ്ക് ചുമന്നു നീങ്ങി...ആരൊക്കെയോ അവളെ താങ്ങിപ്പിടിച്ചു നടത്തി.മനോരോഗിയെപ്പോലെ വിദൂരതയിലേക്ക് ദൃഷ്ടിയുറപ്പിച്ചവൾ വേച്ച് വേച്ചു ഭർത്താവിന്റെ ശരീരത്തെ അനുഗമിച്ചു.ഒരു മാത്ര അവളുടെ ദൃഷ്ടി മണ്ണ് മാറ്റപ്പെട്ട കുഴിയിലേയ്ക്കെത്തി.'ഇന്ന് മുതൽ അദ്ദേഹം ഇവിടെയുറങ്ങും.തന്റെ ചൂട് വിട്ടുമാറാത്ത ആ ശരീരം ഇനിമണ്ണിലെ പുഴുക്കൾക്ക് ആഹാരമാകും.,
വീണ്ടും അയാളുടെ അമ്മയുടെ നിലവിളി അവളുടെ ചിന്തയെ മുറിച്ചു..എത്ര ഹീനമായ വിധിയാണിത്,മാതാപിതാക്കളുടെ കണ്മുന്പിൽ മക്കളുടെ അന്ത്യം കാണേണ്ടി വരിക.കൊഞ്ചിച്ചു ,താരാട്ട് പാടിയുറക്കി ,മക്കളുടെ ദീർഘായുസ്സിനായി നോമ്പെടുത്ത്,സർവദൈവങ്ങൾക്കും മുൻപിൽ കണ്ണീരു കൊണ്ട് അർച്ചന ചെയ്തു പ്രാർത്ഥിച്ചു,ഒടുവിൽ കണ്മുന്നിൽ വെച്ച് മരണം കൊണ്ടുപോവുക....വീണ്ടും നിലവിളി ഉച്ചത്തിലായി,ശരീരം പെട്ടിയിലാക്കി കുഴിയിലേയ്ക്കെടുക്കുന്നു.
ആദ്യത്തെ മണ്ണ് വീഴ്ത്തുന്നതിനു മുൻപ് ആരോ അവളുടെ കാതിൽ പറഞ്ഞു'താലി ഊരി മാറ്റു' ആ ആജ്ഞ അനുസരിക്കാതിരിക്കാൻ അവൾക്കായില്ല.
നെഞ്ചിലൊട്ടിക്കിടന്ന ആ സ്വർണതരി വിറയ്ക്കുന്ന കൈകളോടെ അവൾ പൊട്ടിച്ചെടുത്തു.'താഴേയ്ക്കിട്' വീണ്ടും ആജ്ഞ..ചുരുട്ടിയ കൈത്തലം അവൾ ഇരുകണ്ണിലും ചേർത്തു. പിന്നെ ചുണ്ടിലും..സുമംഗലിയായിരുന്നതിന്റെ ആദ്യ അടയാളം. മെല്ലെയത് കുഴിയിലേയ്ക്കിട്ടു.മനസ്സിൽ മന്ത്രിച്ചു , കൊണ്ടുപോവുക...ഈ ഭൂമി മുഴുവൻ കിളച്ചുമറിച്ചാൽ ഒരു പക്ഷെ വിധി പൊട്ടിച്ച മംഗല്യ സൂത്രങ്ങൾ ഒരുപാട് കാണും.അതിലൊന്നായെന്റെ താലിയും .....,ആരോ ഒരാൾ അവളുടെ നിറുകയിലെ സിന്ദൂരം മായ്ക്കാൻ കൈയ്യെത്തിച്ചു.അവൾ ആ കൈ തട്ടിമാറ്റി.നിശബ്ദതയിൽ വാക്കുകളുറഞ്ഞു...ഇതെന്റെ പ്രിയപ്പെട്ടവന്റെ അടയാളമാണ്.ഈ ആറുമാസക്കാലം ഞാൻ ചാരിതാര്ഥ്യത്തോടെ കൊണ്ട് നടന്നത് ,മറ്റൊരാളും തൊട്ടത് ആശുദ്ധമാക്കരുത്.ഇത് ഞാൻ മായ്ച്ചു കളയില്ല.എന്റെ മനസ്സിൽ എന്റെ ഭർത്താവ് ജീവനോടെയുണ്ട്.എന്റെ മനസ്സിൽ അദ്ദേഹം മരണപ്പെട്ടാൽ അന്ന് ഞാനിത് മായ്ക്കും.ഒരു തരി പൊന്നിലല്ല ഞാനെന്റെ വിശ്വാസവും സ്നേഹവും തളച്ചിട്ടത്.ഒരാളുടെ സ്വന്തമാണ് ഞാനെന്നുള്ള ആദ്യ അടയാളം നിങ്ങൾക്കുമുന്പിൽ ഞാനുപേക്ഷിച്ചു.ഇനി ബാക്കി നിൽക്കുന്നതാണിത്.ഇതും കൂടി ഞാനുപേക്ഷിച്ചാൽ എന്റെ ജീവനായ മനുഷ്യന്റെ അവസാന അടയാളവും എനിക്ക് നഷ്ട്ടമാകും .ഞാൻ അനുവദിക്കില്ല.വീണ്ടുമാ നെറുകിലേയ്ക്ക് നീണ്ട കൈകൾ ബലമായി അവൾ തടഞ്ഞു...
പെണ്ണിന് ഭ്രാന്തായീന്ന തോന്നുന്നത്, ആരോ മന്ത്രിച്ചു.കുഴിയിലേക്ക് അവസാന മണ്ണും നീക്കി ഓരോരുത്തരായി മടങ്ങി.പതിയെ അവൾ ആ നിലത്ത് താഴ്ന്നിരുന്നു...കൈനീട്ടി ആ മണ്കൂനയിൽ തൊട്ടു...അവളുടെ ഹൃദയം അയാളോട് മൃദുവായി പറഞ്ഞു..ഞാനെത്തും ഒരിക്കൽ..ബാക്കിയാക്കിയ ഈ ജീവിതം മുഴുമിപ്പിക്കാൻ..ആ താലി ഭദ്രമായി സൂക്ഷിക്കണം.ഇനിയുമത് സ്വീകരിക്കാൻ ഞാനെത്തും ..അതുവരെ അങ്ങയുടെ പ്രണയത്തിന്റെ അടയാളമായ ഈ സിന്ദൂരം മായാതെ ഞാൻ സൂക്ഷിക്കും...ലോകമെന്നെ ഭ്രാന്തിയെന്നു മുദ്രകുത്തിക്കോട്ടെ..എന്റെ ലോകമായിരുന്ന ആൾക്കൊപ്പം ഈ ഭൂമിയിൽ ജീവിച്ചെനിക്കു കൊതി തീർന്നിട്ടില്ല.,ഇനിയുമൊരുമിക്കണം നമുക്ക് ..ജന്മാന്തരങ്ങൾക്കപ്പുറമായാലും....
നിസ നായർ..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo