നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അകളങ്കിത ബാല്യത്തിലേയ്ക്ക്..

അകളങ്കിത ബാല്യത്തിലേയ്ക്ക്..
____________________________
തോടും വയലും ആമ്പൽക്കുളങ്ങളും മരക്കൂട്ടത്തിന്റെ നിഴൽവഴികളും നിറഞ്ഞ കുമരകത്തെ ഒരു കുഞ്ഞു ഗ്രാമത്തിൽ എന്റെ ബാല്യകാല വസന്തത്തിന്റെ ഏതാനും കുറച്ചു നാളുകൾ ചിലവഴിക്കാനെനിക്കു ഭാഗ്യമുണ്ടായി.അച്ഛന്റെ ട്രാൻസ്ഫർ അതിനൊരു നിമിത്തമായി .അതുകൊണ്ടാണല്ലോ ഓർമ്മചെപ്പിൽ പൊടിമൂടാതെ സൂക്ഷിച്ച ഈ മുത്തുകൾ അക്ഷരങ്ങളായി പിറക്കാൻ ഇടയായത്.
വീടിനടുത്ത് തന്നെയുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടി,നടന്നുപോവാനുള്ള ദൂരം മാത്രം.സമീപപ്രദേശങ്ങളിലുള്ള വീടുകളിലൊക്കെയുള്ളത് വലിയ ചേട്ടന്മാരും ചേച്ചിമാരുമൊക്കെയായത്കൊണ്ട് അവധി ദിവസങ്ങളിൽ കൂട്ടുകൂടാൻ ആളില്ലാതെ ഞാൻ ആകെ വിഷമിച്ചു.
അച്ഛനെത്തിയാൽ എല്ലാവരും കൂടി കുളിച്ചൊരുങ്ങി അമ്പലത്തിൽ പോവുന്നത് പതിവാണ്.ചില ദിവസങ്ങളിൽ അമ്മയുണ്ടാവാറില്ല.
അമ്പലത്തിലേക്ക് പോവുന്ന വഴിയുടെ ഇരുവശവും ശീമക്കൊന്ന വേലിയുണ്ട്.നിറയെ പൂങ്കുലകളുണ്ടാവും.വഴിയിൽ നിറയെ കൊഴിഞ്ഞപൂക്കൾ ചിതറിക്കിടപ്പുണ്ടാവും.അതിന്റെ ഒരു വൃത്തികെട്ട ഗന്ധമോർത്ത് കൈകൊണ്ട് തൊടാനുള്ള ധൈര്യമുണ്ടായിട്ടില്ല.കുറച്ചുദൂരം പിന്നിടുമ്പോൾ പടർന്നു പന്തല്ച്ചു നിൽക്കുന്ന ഏഴിലംപാലകൾ ഉണ്ട്.പാല പൂക്കുന്ന കാലമായാൽ മനസ്സിനെ മായികലോകത്തിലേയ്ക്ക് കൊണ്ടുപോവുന്ന ഒരു ഗന്ധം അവിടമാകെ നിറയും.പാലമരത്തിന്റെ ചില്ലകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന വള്ളികൾ സാകൂതം നോക്കി നിന്നിട്ടുണ്ട്.കാട് പിടിച്ച് അനാഥമായി കിടക്കുന്ന വലിയ പറമ്പുകളും ഒറ്റത്തടിപ്പാലവുമൊക്കെയുള്ള നല്ല ഭംഗിയുള്ള നാടാണ് അത്.
ആ നാടും നാട്ടുകാരുമൊക്കെയായി പരിചയമായപ്പോഴേയ്ക്കും വീടിനടുത്ത് കൂട്ടുകാരില്ലാത്ത സങ്കടം മാറി.എനിക്കൊരു കൂട്ടുകാരനെ കിട്ടി.സുരാജ്‌.'
അമ്മകാണാതെ മരത്തിൽ കേറാനും ഗോലികളിക്കാനും തോടിനരുകിൽ ചേർത്ത് കെട്ടിയ ചെറിയ വള്ളത്തിൽ കേറി വെള്ളം തെറിപ്പിച്ചു കളിക്കാനുമൊക്കെയായി ഒരു നല്ല കൂട്ടുകാരൻ.ഞാനപ്പോൾ അഞ്ചാം ക്ലാസ്സിലും എന്റെ കൂട്ടുകാരൻ ആറാം ക്ലാസ്സിലും.രണ്ടു സ്കൂളുകളിലാണെന്നു മാത്രം.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച്ച വൈകുന്നേരം എന്റെ വീടിന്റെ മുന്നിലെ ഗേറ്റിൽ പിടിച്ച് ദൂരെ ചക്രവാളത്തിലേയ്ക്ക് നോക്കി ഞാൻ നിൽക്കുമ്പോൾ ,എന്റെ കൂട്ടുകാരൻ ഓടിക്കിതച്ചുവന്നു.ഞാൻ ഗേറ്റ് തുറന്നു പുറത്തു വന്നു.ഓടിവന്നപാടെ മുഖവുരയില്ലാതെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒറ്റ ചോദ്യം.'വട്ടം കറങ്ങി കളിച്ചിട്ടുണ്ടോ' .എങ്ങനെ',എന്റെ ചോദ്യം."ഞാനൊരു കയറു കൊണ്ടുവരാം,ഒരറ്റത്ത് ഞാൻ പിടിക്കും മറ്റേ അറ്റം അമ്മു പിടിക്കണം. എന്നിട്ട് വട്ടം ചുറ്റണം. അത്രേയുള്ളൂ.നല്ല രസാ."പറഞ്ഞുതീരുന്നതിന് മുൻപേ സുരാജ് കയറെടുക്കാനോടി. നിമിഷത്തിനുള്ളിൽ കയ്യിൽ വീതി കുറഞ്ഞ പ്ലാസ്റ്റിക് കയറിന്റെ കഷ്ണവുമായി തിരിച്ചെത്തി.
എന്നിട്ട് കാരണവരുടെ ഭാവത്തോടെ ഒരറ്റം എന്റെ കയ്യിൽ തന്നു ,മറ്റേ അറ്റം സുരാജിന്റെ കയ്യിലും.'മുറുകെ പിടിച്ചോണം ,വിടരുത്.ഇനി കയറെത്തുന്ന ദൂരം മാറിനില്ക്.'.ഞാൻ മാറി നിന്നു.'നമുക്ക് കറങ്ങാം.റെഡി,വൺ, ടു, ത്രീ,വൃന്ദാവനത്തിൽ രാധികമാർ കൈകോർത്തു കറങ്ങുന്ന ചിത്രത്തിലേത് പോലെ ഞങ്ങൾ കറക്കം തുടങ്ങി.കുറെ നേരം കഴിഞ്ഞപ്പോൾ ശരീരത്തിന് ഭാരമില്ലാത്തത് പോലെ ,ആകെക്കൂടി മൊത്തത്തിൽ കറക്കം.നല്ല രസം.ആസ്വാദനത്തിന്റെ മൂർച്ചയിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്.എന്റെ കയ്യിൽ നിന്നും കയർ വിട്ടു.സുരാജ് എങ്ങോട്ടോ പറക്കുന്നത് ഞാൻ അവ്യക്തമായി കണ്ടു.ഞാൻ വീണതാണോ എന്നറിയില്ല.ആകാശവും ഭൂമിയും മരങ്ങളും തോടുമൊക്കെ കീഴ്മേൽ മറിയുന്നുണ്ട്. എവിടെയാണെന്ന് പോലും അറിയുന്നില്ല.
ഭയപ്പെട്ട് ഞാൻ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു.എവിടെ നിന്നോ അമ്മയും കുറെ ആളുകളും ഓടിവന്നു.എന്നെ പിടിച്ചു നേരെ നിർത്തി.എന്റമ്മയെപ്പോലെ പത്തുപേർ എന്റെ മുന്നിൽ കീഴ്മേൽ മറിയുന്നു.ഒരു സ്ഥലത്ത് മാത്രം ദൃഷ്ടി കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.കൂടെ നിന്നവരും അമ്മയുമൊക്കെ ചിരിക്കുന്നുണ്ട്.
മൂന്നു നാല് സുരാജ്മാർ കുറെ മരങ്ങളിൽ ചാരി നിൽക്കുന്നത് അവ്യക്തമായി എനിക്ക് കാണാൻ പറ്റി.
കുറെ നേരം കഴിഞ്ഞു സ്ഥലകാല ബോധം തിരിച്ചുകിട്ടിയപ്പോൾ അമ്മയോ പരിസരവാസികളോ ആരുമുണ്ടായിരുന്നില്ല.ഞങ്ങൾ രണ്ടാൾ മാത്രം.ആകെ നാണംകെട്ട് പകച്ചു നിൽക്കുന്ന എന്റെ അടുത്തു വന്നിട്ട് സൂരാജ് പറഞ്ഞു പേടിക്കേണ്ട,ആദ്യായതൊണ്ട.ഇനി കറങ്ങി വീഴുമെന്നുറപ്പായാൽ അപ്പോൾ തന്നെ അടുത്തുള്ള മരത്തിൽ കെട്ടിപ്പിടിച്ചോണം. കറക്കം നിൽക്കുന്നത് വരെ കണ്ണടച്ച് അനങ്ങാതെ നിന്നോണം.എല്ലാം നേരെ ആയിക്കഴിഞ്ഞിട്ടെ കണ്ണ് തുറക്കാവു.'
പറഞ്ഞതും സുരാജ് കയറുമെടുത്ത് വീട്ടിലേയ്ക്ക്.പോവുന്ന പോക്കിൽ വിളിച്ചു പറഞ്ഞു.കാവിലമ്പലത്തിന്റെ പറമ്പിലെ മരപ്പൊത്തിൽ തത്തക്കൂടുണ്ട്.കാണാൻ വരുന്നുണ്ടെങ്കിൽ ഞാൻ പോവുമ്പോ വിളിക്കാം പൊന്നോളൂ.'
രാത്രി ഭക്ഷണം കഴിക്കുന്ന സമയത്തു അമ്മയിത് അച്ഛനോട് പറഞ്ഞിട്ടെന്നെ കളിയാക്കുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു.എന്നാൽ പ്രതീക്ഷിച്ചത് പോലെ നടന്നില്ല.അമ്മ ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്നെ നോക്കി പൊട്ടിവരുന്ന ചിരി അമർത്തുന്നത് ഞാൻ കണ്ടു.ചമ്മിയ ഒരു ചിരി ഞാനും ചിരിച്ചു.
ആ അധ്യയനവർഷം തീരുന്നതിന് മുൻപ് അച്ഛന് നാട്ടിലേയ്ക്ക് ട്രാൻസ്‌ഫേർ കിട്ടി.ഞങ്ങൾ കുമരകത്തോട് വിടപറഞ്ഞു.
പിന്നീട് പ്ലസ്വൺ കാലത്ത് കോട്ടയം എം. ഡി സെമിനാരി സ്കൂളിൽ വെച്ച് നടന്ന ഒരു ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ സുരാജിനെ വീണ്ടും കാണാനിടയായി.
ഒരടയാളവും പറയേണ്ടി വന്നില്ല.എന്നെ കണ്ടപ്പോൾ്തന്നെ അമ്മു'ന്നു നീട്ടിവിളിച്ചുകൊണ്ടു സുരാജ് ഓടിവന്നു.പൊടിമീശയും കുറ്റിത്താടിയുമൊക്കെയായി ചെക്കനാകെ മാറ്റം.എന്റടുത്തുവന്നു നാണിച്ചൊരു ചിരി പാസ്സാക്കി.കവിളിൽ നുണക്കുഴി തെളിഞ്ഞു."ഇഷ്ട്ടം പോലെ മരമുണ്ടല്ലോ.ഒന്ന് വട്ടം കറങ്ങിയാലോ."കുസൃതി നിറഞ്ഞ ചോദ്യം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.
പിന്നെയും വര്ഷങ്ങൾ പോയി.എന്റെ കോളേജിൽ നിന്നും നാഷണൽ സർവീസ് സ്‌കീം ന്റെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സെമിനാറിൽ വെച്ച് അതേ സുരാജിനെ വീണ്ടും കാണാൻ ഭാഗ്യമുണ്ടായി.ഇത്തവണ വെള്ളമുണ്ടും നീലക്കളറുളുള്ള ഷർട്ടും നെറ്റിയിൽ ചന്ദനക്കുറിയുമൊക്കെയായി വല്യ ചെക്കനായി മാറിയിരുന്നു സുരാജ്.
ഇത്തവണ ഞാനാണ് ആദ്യം കണ്ടത്.കൂട്ടുകാർക്കൊപ്പം സംസാരിച്ചു നിൽക്കുന്ന സുരാജിനെ ഞാൻ പിന്നിൽ ചെന്ന് വിളിച്ചു. എന്റെ ശബ്ദം കേട്ട് സുരാജ് തിരിഞ്ഞു നോക്കി.വിടർന്ന കണ്ണുകളിൽ അത്ഭുതം നിറച്ചുകൊണ്ട് അതേ നുണക്കുഴി പുഞ്ചിരിയോടെ അമ്മു 'എന്ന് വിളിച്ചു.പിന്നെ കുശാലാന്വേഷണങ്ങൾ.അപ്പോഴേയ്ക്കും സെമിനാർ ഹാളിനുള്ളിൽ ഓരോ കോളേജുകളെ പ്രതിനിധീകരിച്ചു വന്ന വിദ്യാർത്ഥികളെ സീറ്റ് ക്രമീകരിച്ചിരിക്കുന്നതിനനുസരിച്ചു ഇരുത്താൻ ആരംഭിച്ചിരുന്നു.ഞാൻ എനിക്കുള്ള സീറ്റിലേയ്ക്കും സൂരജ് സുരാജിനുള്ള സീറ്റിലേയ്ക്കും പോയിരുന്നു.
ഒരേ ഹാളിന്റെ രണ്ടറ്റത്തുമായി ഞങ്ങൾ ഇരുന്നു.ഇടയ്ക്കിടെ നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോഴൊക്കെ പുഞ്ചിരി കൈമാറി.
പിന്നെസെമിനാർകഴിഞ്ഞുവൈകുന്നേരം ഓരോരുത്തരായി പിരിഞ്ഞു.ഞങ്ങൾ രണ്ടാളും അല്പദൂരം ഒന്നിച്ചു നടന്നു.ഒന്നും സംസാരിക്കാനപ്പോൾ തോന്നിയില്ല.ബാല്യമെന്ന നഷ്ട്ടവസന്തത്തിന്റെ സുഖമുള്ള ഓർമകളിലായിരുന്നു.
മൗനത്തിനു ഇടവേള നൽകിക്കൊണ്ട് സുരാജ് മെല്ലെ പറഞ്ഞു."ഈ ബാല്യകാലസഖിന്നു പറഞ്ഞാൽ വല്യ സംഭവം തന്നെയാട്ടോ.മനസ്സീന്നങ്ങട് പോവൂല"
വിടപറയുമ്പോൾ ഞാനും എന്റെ മനസിൽ പറഞ്ഞു..ബാല്യകാലം ഒരു വലിയ സംഭവം തന്നെയാ..കടന്നു പോവുമ്പോ അറിയില്ല.ജീവിതത്തിലെ മധുരമുള്ള കാലത്തിലൂടെയാണ് പോവുന്നതെന്ന്......

By 
Nisa Nair

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot