Slider

ഒരു D P E P കഥ

0

ഒരു D P E P കഥ
ഇത് ശരിക്കും കഥയല്ല. പച്ചയായ അനുഭവം. തുടങ്ങട്ടെ..
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം. അതായത് ഒരു 6 - 7 ക്ലാസ്. അവധി സമയമായതുകൊണ്ട് കസിൻസ് വീട്ടിൽ ഉണ്ട്. അന്ന് പ്രവാസിയായിരുന്ന എന്റെ പിതാശ്രീയും വീട്ടിൽ ഉണ്ട്. അച്ഛന് ഒരു സഹോദരിയേയുള്ളൂ. അവർക്കും രണ്ട് പെൺകുട്ടികൾ. ഞങ്ങടെ വീട്ടിലും അങ്ങനെ തന്നെ. അവധിയിട്ടാൽ അവർ ഞങ്ങൾടെ അടുത്ത് വരും. അവധി കഴിഞ്ഞു പോകുമ്പോഴേക്കും വീട് യുദ്ധക്കളം പോലെയാകും. ഞങ്ങൾ ഇളയ കുട്ടികളാണ് കൂട്ട്. ചേച്ചിമാർ അവർടെ ലോകത്തും.
ഇനി കഥ പറയാം ഞങ്ങടെ മലയോര ഗ്രാമത്തിൽ കൂടുതലും റബ്ബർ കർഷകരാണ്. ഞങ്ങടെ വീടിന്റെ തൊട്ടു മുൻപിലും ഉണ്ട് ഒരു റബ്ബർ തോട്ടം. ഇടക്ക് ഒരു വലിയ മഴ പെയ്തപ്പോൾ ഒരു മരം കടപുഴകി വീണു. അത് വെട്ടിമാറ്റാൻ കുറെ താമസമെടുത്തത് ഞങ്ങൾക്ക് ഉപകാരമായി. കാരണം അതിന്റെ തുഞ്ചത്തിരുന്ന് ആടാൻ നല്ല രസമായിരുന്നു.
ഞാനും എന്റെ കസിനും അമ്മൂമ്മേടെ എതിർപ്പ് വകവയ്ക്കാതെ എന്നും അവിടെ പോകും. അവിടെ ഒരു ചെറിയ ലോഡ്ജുണ്ട്. ഒന്നു രണ്ട് മലയാളി കുടുംബങ്ങൾ ഒഴിച്ചാൽ കൂടുതലും തമിഴന്മാരാണ് അവിടെ താമസം. അതുകൊണ്ടാണ് അമ്മൂമ്മ എതിർക്കുന്നതും. ഞങ്ങടെ അവിടെ പോകാനുള്ള ഏറ്റവും വലിയ ദുരുദ്ദേശം എന്തെന്നാൽ അവിടെ മലയാളി കുടുംബത്തിൽ രണ്ട് കൊച്ചു കുട്ടികളുണ്ട്. ഒരു 6-7 വയസുള്ള പെൺകുട്ടിയും അതിന്റെ അനിയനും.. അവിടെ ചെന്നിരുന്നാൽ ഞങ്ങൾ ഉറക്കെ സംസാരം തുടങ്ങും ആ കുട്ടികളെ കേൾപ്പിക്കാൻ. അവർ ഇറങ്ങി വന്ന് പുറത്തിരിക്കും. ഞങ്ങൾ അവരോട് മിണ്ടില്ല.മറിച്ച് ഇങ്ങനെയാണ് സംസാരം 'ടീ.. മലയാലം സംസാരിച്ച് മടുത്തു നമുക്ക് English സംസാരിക്കാം'.. ഞങ്ങടെ English ഇങ്ങനെ. Oh My god. India is my Country ടീ.. ഈ pledge പല വിധ ഭാവമാറ്റങ്ങളോടുകൂടി പറയും. അതു കഴിഞ്ഞ് Hindi. 'ദീപ് ജലാവോ ദീപ് ജലാവോ' ഇതും ഭാവപ്രകടനങ്ങളോട് കൂടി. ഇത് കേട്ട് കുട്ടികൾ മുഖത്തോട് മുഖം നോക്കി കണ്ണു തള്ളിയിരിക്കുന്നുണ്ടാകും.
രണ്ടു മൂന്ന് ദിവസം അങ്ങനെ പോയി. ഞങ്ങളെ രണ്ടു കണ്ണുകൾ പിൻതുടരുന്നത് ഞങ്ങൾ അറിഞ്ഞില്ല. മറ്റാരുമല്ല സുഹൃത്തുക്കളെ എന്റെ സ്വന്തം അച്ഛൻ. അവൾടെ മ്യാമൻ.. ഒരിക്കലും ഞങ്ങളെ വഴക്കു പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല. പുള്ളി 'DPEP' യാ. മനസിലായില്ലേ... തനി Practical....
മൂന്നാം ദിവസം ഞങ്ങടെ കലാപരിപാടികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോ പിതാശ്രീ വന്നു ചോദിച്ചു 'മക്കളേ മാമൻ ആട്ടിത്തരട്ടേ'.. ഞങ്ങൾ സമ്മതം മൂളി നല്ല രസമല്ലെ.. അച്ഛൻ മരം പിടിച്ച് ആട്ടി തുടങ്ങി. ആദ്യം പതിയെ പിന്നെ വേഗത കൂടി. ഞങ്ങൾ മരത്തിൽ ഇരുന്ന് പറക്കാൻ തുടങ്ങി. ഞാൻ കുറച്ച് വലുതായതു കൊണ്ട് ചാടി രക്ഷപെട്ടു. അവൾ അവിടെത്തന്നെ. കാണാൻ നല്ല രസം അവൾ മുകളിലേക്കു പോകും താഴെ വന്നിരിക്കും. മുകളിലേക്കു പോകും താഴെ വന്നിരിക്കും. ഞാൻ കാഴ്ചക്കാരിയായി നിന്ന് ചിരി തുടങ്ങി. കുറച്ച് കഴിഞ്ഞ് പറന്ന് പറന്ന് അവൾ മരത്തിന്റെ അടിവശത്തെത്തി. അതായത് രണ്ടു കാലും രണ്ട് കയ്യും മരത്തിൽ അള്ളിപ്പിടിച്ച് താഴേക്ക് തൂങ്ങി കിടന്നു. കാലു വിട്ടാൽ തറയിലിറങ്ങാം. പക്ഷെ അത്രക്കങ്ങട് ബുദ്ധിയില്ല.. വീണ്ടും എന്റെ അച്ഛൻ ' മോളേ കൈവിട്ടോടാ മാമൻ പിടിച്ചോളാം'. 'സത്യമാണോ മാമാ'... പിടി വിട്ടു.... പ്ധിം.' മക്കൾക്ക് ഇതെന്തിനാന്ന് മനസിലായോ '. തല കുലുക്കി സമ്മതിച്ചു. തിരിച്ചു വീട്ടിൽ പോകാൻ തിരിഞ്ഞപ്പോഴോ... ഹൃദയം തകർന്നു പോയി. പീക്കിരി പിള്ളേര് നിന്നു ചിരിക്കുന്നു.
പിറ്റേന്ന് അവൾടെ കയ്യിൽ പോറൽ കണ്ട് അമ്മൂമ്മ ചോദിച്ച് 'അയ്യോ മക്കളെ ഇതെന്നാ പറ്റി'.. ഉടൻ അവൾടെ വക ഉത്തരം 'അതേ.. അമ്മൂമ്മേ... റബ്ബറേന്ന് ഒരു ചക്ക വീണതാ '... 'ആ ന്നോ'.. തിരിഞ്ഞിരുന്ന് തൈരു കടയാൻ തുടങ്ങിയ അമ്മൂമ്മ വീണ്ടും 'ങേ റബ്ബറേന്ന് '.. അപ്പോഴേക്കും ഞങ്ങൾ അവധി തീരുന്നതിന് മുൻപ് അടുത്ത പണിയൊപ്പിക്കാൻ ഉള്ള നെട്ടോട്ടം തുടങ്ങിയിരുന്നു.

By
Deepa Shajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo