നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനസ്സിന്റെ ശുദ്ധി


കുറച്ചുദിവസമായി കൂട്ടുകാരൊക്കെ പറയാൻ തുടങ്ങിയിട്ട്....തനിക്കും തോന്നിയിരുന്നു...മിഥുന് തന്നോടൊരു ഇഷ്ടമുള്ളപോലെ!...അവന്റെ പെരുമാറ്റങ്ങളെല്ലാം ആ രീതിയിലായിരുന്നു.....ക്ലാസ്സിൽ വന്നാൽ വാ തോരാതെ സംസാരിച്ചിരുന്നവൻ ഇപ്പോൾ ഏതുനേരവും ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നത് കാണാം.....ആരടുത്തു ചെന്നാലും അവൻ ഉടനെ ബുക്ക് അടച്ചുവെക്കും...പക്ഷെ..ആ കള്ളത്തരം കൂട്ടുകാർ കണ്ടുപിടിച്ചു....ഭംഗിയായി വരയ്ക്കാൻ കഴിവുള്ളവനായിരുന്നു മിഥുൻ....ആ ബുക്കിൽ അവൻ വരച്ചിരുന്നത് തന്റെ ചിത്രമായിരുന്നു, തന്റെ കൈകളിൽ ഒരു റോസാപ്പൂവ്....അതിൽ ചിറകുകളിൽ പല വർണ്ണങ്ങളുള്ള ഒരു ചിത്രശലഭം ഇരിക്കുന്നു....കൂട്ടുകാർ അത് അവൾക്ക് കാണിച്ചുകൊടുത്തു...'നോക്ക്..മീനു...അവൻ നിന്നെ എത്ര നന്നായിട്ടാ വരച്ചിരിക്കുന്നെ....ഈ ചിത്രശലഭം ആരാ എന്ന് ഞങ്ങൾക്കൊക്കെ ഏകദേശം മനസ്സിലായിത്തുടങ്ങി....നിന്നെകാണുമ്പോൾ അവൻ നേർവസ് ആകുന്നതും ക്‌ളാസിൽ സൈലന്റ് ആയതും ചിത്രരചനയും..ഉം ഉം.....' അവൾക്ക് അതിശയമായിരുന്നു...കോളേജിലെ എല്ലാ പെൺകുട്ടികളുടെയും ഹീറോയാണ് മിഥുൻ..കാണാൻ നല്ല സുന്ദരൻ...എല്ലാകാര്യങ്ങളിലും മുന്നിൽ നിൽക്കുന്നവൻ...കോളേജ് യൂണിയൻ ചെയർമാൻ...പക്ഷെ അവൻ ഇതുവരെ ഒരുപെൺകുട്ടിയോടും ഇഷ്ടം തോന്നിയിട്ടില്ല..എന്നൊക്കെയാ പറഞ്ഞിരുന്നത്...ഇതിപ്പോ...'മീനു...എനിക്കൊരു കാര്യം പറയാനുണ്ട്..' അവൾ തിരിഞ്ഞുനോക്കിയതും മിഥുനാണ്....അവളുടെ കയ്യിലെ ബുക്കിലേക്ക് കണ്ണോടിച്ചുകൊണ്ടു അവൻ പറഞ്ഞു...'ഞങ്ങളൊഴിഞ്ഞു തന്നേക്കാം...നായകനും നായികയ്ക്കും കൂടി ഒരു ഡ്യൂയറ്റ് പാടാൻ തോന്നിയാലോ?' കൂട്ടുകാർ കളിയാക്കിക്കൊണ്ട് പുറത്തേക്ക് പോയി..ഇപ്പോൾ അവളും മിഥുനും മാത്രം....അവൻ പറഞ്ഞു...'എനിക്ക് മീനുവിനെ ഇഷ്ടമാണ്...എന്തൊകൊണ്ടാണെന്നു ചോദിച്ചാൽ എനിക്കുത്തരമില്ല...ഇയാളെ ആദ്യം കണ്ടപ്പോൾത്തന്നെ എന്റെയുള്ളിൽ ഒരു കുളിരു കോരിയ ഫീലിംഗ് ഉണ്ടായിരുന്നു...ഇയാൾ അടുത്തിരിക്കുമ്പോൾ, എന്നെ നോക്കുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ അത് കൂടിക്കൂടി വന്നു...എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കാതെയായി...ഞാൻ പറയാൻ ഇരിക്കുകയായിരുന്നു..അതിനുമുമ്പേ അവന്മാർ മണത്തറിഞ്ഞു...മീനുവിന് എന്നെ ഇഷ്ടമാണോ ?..'അത്...ഞാൻ' അവൾ പറയാൻ തുടങ്ങിയതും ..'ധൃതി ഇല്ല..ആലോചിച്ച് നാളെപ്പറഞ്ഞാൽ മതി...' എന്നും പറഞ്ഞു അവൻ നടന്നകന്നു...അന്നുമുഴുവൻ അവൾ ആലോചനയിലായിരുന്നു...മിഥുൻ പറഞ്ഞ ഈ കാര്യങ്ങളെല്ലാം തനിക്കും തോന്നിയിരുന്നില്ലേ...ഉള്ളിന്റെയുള്ളിൽ താനും അവന്റെ ആരാധികയായിരുന്നില്ലേ....
അപ്പോഴാണ് അവൾ വീട്ടിൽ അച്ഛൻ വളർത്തുന്ന ഇണക്കുരുവികളെ കണ്ടത്...ഇത്രയും ദിവസവും അവ ഇവിടെയുണ്ടായിരുന്നിട്ടും തനിക്ക് അവയുടെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞില്ല..ഇപ്പോൾ നോക്കുമ്പോൾ..എന്ത് രസമാണ്..അവയുടെ തമ്മിൽ തമ്മിലുള്ള കൊക്കുരുമ്മലും...ചിറകുകൾ വിരിച്ച് ആ കൂടിനുള്ളിൽത്തന്നെ രണ്ടുപേരും പാറി പാറി നടക്കുന്നു...ഇടയ്ക്ക് പെൺകിളി ആൺകിളിയെ കൊക്കുകൾ കൊണ്ട് ഉരുമ്മി കളിക്കുന്നത് കാണാം...എന്ത് രസമാണ് അവയുടെ ശബ്ദം കേൾക്കാൻ...അതുപോലെ തന്നെ ആ റോസാപ്പൂവ്...ഇന്ന് രാവിലെയാണ് താൻ കണ്ടത് അത് വിടർന്നിരിക്കുന്നു...ഇപ്പോൾ കാണാൻ എന്ത് ഭംഗിയാ... മിഥുൻ വരച്ച ആ ചിത്രത്തിലുള്ളതിന്റെ അത്രയും ഭംഗി ഇല്ല..എന്നിരുന്നാലും..ചെറിയ കാറ്റ് വീശുമ്പോൾ ആ റോസാപ്പൂവ് ആ കാറ്റിന്റെ ശക്തിയിൽ ആടുന്നത് കാണാൻ എന്ത് ഭംഗിയാണ്....അപ്പോഴാണ് അവളുടെ കവിളിൽ ഒരു ചെറിയ മഴതുള്ളി വീണത്..അവൾ ആകാശത്തേക്ക് നോക്കി..കാർമേഘങ്ങൾ ഉരുണ്ടുകൂടി...നിൽക്കുകയാണ്...പതുക്കെ പതുക്കെ മഴ പെയ്യാൻ തുടങ്ങി....കുറേക്കാലത്തിനു ശേഷം മഴവെള്ളം ഭൂമിയിൽ വീണപ്പോൾ വന്ന ഗന്ധം...അത് എല്ലാക്കാലവും അവൾ ഇഷ്ടപ്പെട്ടിരുന്നതാണ്...മഴ മണ്ണിനോട് സല്ലപിക്കുകയാണോ? അവളുടെ പിണക്കം തീർക്കുകയാണോ? അമ്മയുടെ ചോദ്യമാണ് അവളെ ആലോചനയിൽ നിന്നും ഉണർത്തിയത്..'നിനക്കിതെന്തു പറ്റി...സാധാരണ വീട്ടിൽ വന്നാൽ മുറിക്കകത്തു കേറി ഇരിക്കുന്നവളാണ്..ഇപ്പൊ ഇതാ കിളികളെയും പൂവിനേയും നോക്കി മഴയത്ത് ഇരിക്കുന്നു...'..ഓ ഒന്നുമില്ല..എന്റെ അമ്മേ...ഞാൻ വെറുതെ ഇതിന്റെ ഭംഗി ഒന്ന് നോക്കിയതാ...പിന്നെ മഴവെള്ളം വീഴുമ്പോൾ മണ്ണിൽ നിന്നും വരുന്ന ഗന്ധം എനിക്ക് വളരെ ഇഷ്ടമാണെന്ന് അമ്മക്കറിയില്ലേ.. എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയി....അടുത്ത ദിവസം രാവിലെയായതും അവൾ തീരുമാനമെടുത്തിരുന്നു....കോളേജിലേക്ക് പോകാൻ അവൾ ധൃതി കൂട്ടി...'മീനാക്ഷി...എനിക്ക് രണ്ട് കയ്യെയുള്ളു..അത്രക്ക് ധൃതിയാണെങ്കിൽ നീ ഇന്നൊരു ദിവസം കാന്റീനിൽനിന്നും വാങ്ങിക്കഴിക്ക്' എന്നും പറഞ്ഞ് അമ്മ അവൾക്ക് കാശ് കൊടുത്തു...അവൾ അത് പ്രതീക്ഷിച്ചിരുന്നതുപോലെ കോളേജിലേക്ക് പുറപ്പെട്ടു...കോളേജ് ഗേറ്റ് കടന്നതും അവൾ കണ്ടു..ദൂരെയായി ആ മരത്തണലിൽ മിഥുൻ ഇരിക്കുന്നു...അവളെ കണ്ടതും അവൻ പുഞ്ചിരിച്ചു...അവൾ അടുത്ത് ചെന്നു...റോസാപ്പൂവിൽ വന്നിരുന്ന ചിത്രശലഭത്തെ എനിക്കിഷ്ടമാണ്...അവൾ പറഞ്ഞു...അവൻ പറഞ്ഞു..മീനു..അപ്പോൾ നിനക്കെന്നെ....എനിക്കറിയാമായിരുന്നു മീനുവിന് എന്നെ ഇഷ്ടമായിരിക്കും എന്ന്...കൊള്ളാം, കൊള്ളാം..കൂട്ടുകാർ വിളിക്കുന്നത് കേട്ട് അവർ തിരിഞ്ഞുനോക്കി...പിന്നെ ചെറിയ ചമ്മലോടെ അവരോടൊപ്പം ചേർന്നു....
പിന്നീടുള്ള ദിവസങ്ങൾ അവരുടേതായിരുന്നു...എല്ലാ ദിവസവും അവർ കാന്റീനിലും മരച്ചുവട്ടിലും സമയം കഴിച്ചുകൂട്ടി....അപ്പോഴൊക്കെ അവൻ മീനുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു..ആ നാളുകളിലൊരുദിനം അവന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവന്റെ വീട്ടിലേക്ക് ചെന്നു..അച്ഛനും അമ്മയും കല്യാണത്തിന് പോയ സമയത്താണ് അവൻ അവളെ വീട്ടിൽ കൊണ്ടുപോയത്...അവിടെവച്ചു അവന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിന് അവൾക്ക് വഴങ്ങേണ്ടി വന്നു....തിരിച്ചുപോരാൻ നേരം അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു..മീനു. എന്തിനാ കരയുന്നത്...നമ്മൾ നാളെ വിവാഹം കഴിക്കേണ്ടവരല്ലേ! ഇതിൽ തെറ്റൊന്നുമില്ല...അവൾ ആ വാക്കുകൾ വിശ്വസിച്ചു..അടുത്ത ദിവസം ഹർത്താൽ ആയിരുന്നു...അവൾക്ക് ആ ഒരു ദിവസം ഒരു യുഗമായിത്തോന്നി...അടുത്ത ദിവസമാകാൻ അവൾ കൊതിച്ചു...അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ മിഥുൻ കൂട്ടുകാരോടൊപ്പം നടന്നുപോകുന്നത് കണ്ടു അവൾ വിളിച്ചു...അവൻ തിരിഞ്ഞുനോക്കി..അവളെ കണ്ടതും അവൻ കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ നടന്നോ..ഞാൻ വരാം...മീനു...ഇന്നെന്താ ലേറ്റായെ..അവൻ ചോദിച്ചു...അത് ഇന്ന് അച്ഛനാ കൊണ്ടാക്കിയത്...ഞാൻ ബസ് മിസ് ചെയ്തു..അവൾ പറഞ്ഞു..പിന്നേ...എനിക്ക് ഇപ്പൊ ഇച്ചിരി തിരക്കുണ്ട്...നമുക്ക് ഉച്ചക്ക് കാന്റീനിൽ കാണാം..എന്നും പറഞ്ഞ് മിഥുൻ നടന്നകന്നു. അവൾ ഒന്നും പറയാതെ ക്ളാസ്സിലേക്കും.
ഉച്ചയായപ്പോൾ അവൾ കാന്റീനിലെത്തി...കുറച്ചുകഴിഞ്ഞപ്പോൾ അവനും വന്നു...അവൾ പറഞ്ഞു...'മിഥുൻ...ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞു...എനിക്ക് വിവാഹാലോചന തുടങ്ങിയതുകൊണ്ട് പറയേണ്ടിവന്നതാണ്..അച്ഛൻ മിഥുനെ കാണണമെന്ന് പറഞ്ഞു...ഈ ഞായറാഴ്ച വരാമോ ?' 'എന്തിനാ ഇത്രയും ധൃതി... ഈ ഞായറാഴ്ച എനിക്ക് തീരെ സമയമില്ല...വേറൊരു ദിവസം ഞാൻ തന്നെ പറയാം' മിഥുൻ പറഞ്ഞു...അപ്പോഴേക്കും മിഥുനെ വിളിക്കാൻ കൂട്ടുകാർ വന്നിരുന്നു...അവൾ പറഞ്ഞു...'എന്താ ഇപ്പോ എന്നോട് സംസാരിക്കാൻ ഒരു മടി പോലെ,' മിഥുൻ പറഞ്ഞു..ഛെ..അതൊന്നുമല്ല...ഇച്ചിരി തിരക്കാണ്...എന്നും പറഞ്ഞ് അവൻ കൂട്ടുകാരോടൊപ്പം പോയി...ദിവസങ്ങൾ കഴിയുംതോറും മിഥുൻ അകന്നുപോകുന്നത് അവൾക്ക് മനസ്സിലായിത്തുടങ്ങി...രാവിലെ കണ്ടാൽ കാന്റീനിൽ വച്ച് സംസാരിക്കാം എന്ന് പറയും, ക്‌ളാസിൽ വരുന്നതേയില്ല..കാന്റീനിൽ ചെന്ന് കാത്തിരുന്നു മടുത്തിട്ടുണ്ട്....കൂട്ടുകാർ ചോദിച്ചു തുടങ്ങി..നിങ്ങൾ തമ്മിൽ പിണങ്ങിയോ?...ഒരുദിവസം അവളെത്തേടി അവളുടെ കൂടെപഠിക്കുന്ന നന്ദുവിന്റെ കോൾ വന്നു...ഹലോ മീനു...ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്...നീയറിഞ്ഞോ എന്നറിയില്ല...എന്നാലും ഞാൻ കേട്ടത് പറയുകയാണ്.. ഈ കോളേജിലെ പ്രേമമൊക്കെ കോളേജ് ലൈഫ് തീരുന്നത്വരെയേയുള്ളു...ഞാനിത് പറയാൻ കാരണം..അവൻ ഇന്നലെ ഞങ്ങളെല്ലാവരും കൂടിയിരിക്കുന്ന സമയത്ത് പറഞ്ഞു..നീയുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്‌തെന്ന്...അവൾ ഒരു ഞെട്ടലോടെ അത് കേട്ടു....നിവൃത്തിയില്ലാതെ ഒരു ദിവസം അവൻ കോളേജ് കഴിഞ്ഞു പോകുന്ന വഴിയിൽ അവൾ അവനെ തടഞ്ഞുനിർത്തി...എന്താ മിഥുന്റെ ഉദ്ദേശ്യം അത് പറ...' ..അവൻ പറഞ്ഞു..എനിക്ക് ഇപ്പൊ വിവാഹത്തെപ്പറ്റിയൊന്നും ചിന്തിക്കാൻ സമയമില്ല...അത് തന്നെ...'വിവാഹത്തെപ്പറ്റി ചിന്തിക്കാൻ സമയമില്ലെന്നോ അതോ ഞാനുമായുള്ള വിവാഹത്തെപ്പറ്റി ചിന്തിക്കാൻ സമയമില്ലെന്നോ ? തുറന്നു പറ...അവൾ ചോദിച്ചു...എന്തായാലും നിന്നെ വിവാഹം കഴിക്കാൻ എനിക്ക് താത്പര്യമില്ല...കല്യാണത്തിന് മുൻപേ ഞാൻ വിളിച്ചപ്പോൾ ഒരു കൂസലുമില്ലാതെ എന്റെ കിടപ്പറ വരെ വന്നവളാണ് നീ...എനിക്ക് നിന്നെപ്പോലുള്ള ചാരിത്ര്യശുദ്ധി ഇല്ലാത്ത പെണ്ണിനെയല്ല വേണ്ടത്...'അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ ഓടിച്ചുപോയി...കുറച്ചുനേരത്തേക്ക് അവൾ തരിച്ചുനിന്നു...പിന്നീട് അവളുടെ കാലുകൾ യാന്ത്രികമായി ചലിക്കുകയായിരുന്നു...വീട്ടിൽ എത്തി മുറിയിൽ കയറിയതും അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി..കരയുന്നതിനിടയിൽ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ പെട്ടെന്ന് കണ്ണ് തുടച്ച് വാതിൽ തുറന്നു...അമ്മൂമ്മയാണ്...എന്താ മക്കളെ...നിന്റെ മുറിയിൽ നിന്നും ഉച്ചത്തിൽ കരച്ചിൽ കേട്ടല്ലോ? എന്തുപറ്റി? ആ വൃദ്ധ പരിഭ്രമത്തോടെ ചോദിച്ചു..'ഒന്നുമില്ല അമ്മൂമ്മേ...അത്...ക്ലാസ്സിൽ...' അവൾക്കത് മുഴുമിപ്പിക്കാൻ പറ്റിയില്ല...കരച്ചിലോടെ അവൾ അമ്മൂമ്മയെ കെട്ടിപ്പിടിച്ചു....അവർ അവളെ കൊണ്ട് കട്ടിലിലിരുത്തി...കാര്യങ്ങൾ ചോദിച്ചു...അവൾ പറയുന്നത് ഒരു നടുക്കത്തോടെ അവർ കേട്ടിരുന്നു...'എന്താ മോളെ..ഇത്...പഠിക്കുന്ന കുട്ടികൾക്ക് കുറച്ചുകൂടി ശ്രദ്ധവേണ്ടേ...ഞാൻ ആ പയ്യനെക്കണ്ട് സംസാരിക്കാം...ഇപ്പോൾ നിന്റച്ഛനും അമ്മയും ഇവിടെയില്ലാത്തത് ഭാഗ്യം..ആ രണ്ടും ഇതറിഞ്ഞാൽ തകർന്നുപോകും....അച്ഛനമ്മമാർ എത്ര വിശ്വാസത്തോടെയാണ് നിങ്ങളെ പഠിക്കാൻ വിടുന്നത്? നിങ്ങളോ?...തെറ്റുപറ്റിപ്പോയി അമ്മൂമ്മേ....പക്ഷെ...അവൻ....അവൻ ഇത്ര നീചമായി എന്നോട് സംസാരിച്ച സ്ഥിതിക്ക് ഇനി ആര് പോയാലും ഫലം ഉണ്ടാവില്ല...അപ്പോൾ മോള് എന്താ ചെയ്യാൻപോകുന്നത്? അമ്മൂമ്മ ചോദിച്ചു...'എനിക്കറിയില്ല..അമ്മൂമ്മേ...' അവൾ പറഞ്ഞുകൊണ്ടേയിരുന്നു...എന്തായാലും കടുംകൈ ഒന്നും കാണിക്കില്ലെന്ന് മോൾ അമ്മൂമ്മക്ക്‌ വാക്ക് തരണം...' അവൾ സത്യം ചെയ്തു...പുറത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അമ്മൂമ്മ അവളോട് കണ്ണ് തുടച്ച് ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്ക് ...അവരറിയരുത്...എന്ന് പറഞ്ഞു...കോളിങ് ബെൽ ശബ്ദിച്ചതും അമ്മൂമ്മ ചെന്ന് വാതിൽ തുറന്നു...'ആഹാ..ഇന്നെന്തുപറ്റി...അമ്മ വിളക്കൊന്നും കത്തിച്ചില്ലേ...ആ പെണ്ണെവിടെ? സാധാരണ ഈ കിളിക്കൂടിനടുത്ത് കാണാറുള്ളതാണല്ലോ അവളെ?... അയാൾ ചോദിച്ചു..'ഏയ്..അവൾക്ക് ചെറിയ ഒരു തലവേദന...ഞാൻ ബാം പുരട്ടികൊടുക്കുകയായിരുന്നു...അവർ പറഞ്ഞു...അയ്യോ...എന്തുപറ്റി..മീനുവിന്...എന്നും ചോദിച്ചുകൊണ്ട് അച്ഛനും അമ്മയും അവളുടെ അടുത്തേക്ക് ചെന്നു...അവരെ കണ്ടതും അവൾ എഴുന്നേറ്റു...എന്താ മോളെ എന്തുപറ്റി? ഒരു ചെറിയ തലവേദനയാ..സാരമില്ല...അവൾ പറഞ്ഞു...രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചതിന്റെയായിരിക്കും. ഉറക്കം കളഞ്ഞിട്ടുള്ള ഒരു കാര്യവും വേണ്ടാ...ഇനിയിപ്പോ ഫൈനൽ എക്സാം കഴിഞ്ഞല്ലോ? മോള് കിടന്നുറങ്ങിക്കോളൂ...അവർ അതും പറഞ്ഞ് അവിടെനിന്നും പുറത്തേക്ക് പോയി....അവൾ വീണ്ടും കണ്ണീരോടെ കിടക്കയിലേക്ക് ചാഞ്ഞു...ദിവസങ്ങൾ ഓരോന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു....
അമ്മേ...ഈ പെണ്ണിനെന്തു പറ്റി, ഞാനും ഒരാഴ്ചയായി ശ്രദ്ധിക്കുന്നു..., പണ്ടത്തെപ്പോലെ കളിയില്ല, ചിരിയില്ല,ഇപ്പോഴും ഒരാലോചന, എനിക്ക് പേടിയാകുന്നു..അവൾക്കൊരു ഇഷ്ടമുണ്ടായിരുന്നില്ലേ...അതിന്റെ എന്തെങ്കിലുമാണോ? മീനുവിന്റെ അമ്മ അമ്മൂമ്മയോട് പറഞ്ഞു...അമ്മൂമ്മ പറഞ്ഞു...ഓഹ്..അത് അത്ര വലിയ ഇഷ്ടമൊന്നുമല്ലായിരുന്നു..എല്ലാകുട്ടികൾക്കും ഈ പ്രായത്തിൽ തോന്നുന്നത്..ആ വില കൊടുത്താൽ മതി അതിന്...ഇത്..കൂട്ടുകാരെയൊക്കെ പിരിഞ്ഞില്ലേ...അതിന്റെയായിരിക്കും...അത് ക്രമേണ മാറിക്കോളും...ഞാൻ അവളുടെയടുത്തേക്കൊന്ന് ചെല്ലട്ടെ എന്നും പറഞ്ഞ് അവർ മീനുവിനെ അന്വേഷിച്ചുപ്പോയി. മീനു...ആ കിളികളെ നോക്കുകയായിരുന്നു...ഇപ്പോൾ കാണുമ്പോൾ ആൺകിളി പെൺകിളിയെ കൊതിയോട്ടിക്കുന്നപോലെയും ചിറകുകൾ കൊണ്ട് പരസ്പരം പോരടിക്കുന്നതുപോലെയും ആണ് അവൾക്ക് തോന്നിയത്....റോസാപൂക്കളെ കണ്ടപ്പോൾ മുള്ളുകളുടെ ഇടയിൽപ്പെട്ട് ദയനീയാവസ്ഥയിൽ അവ തന്നെ നോക്കുന്നത് പോലെ അവൾക്ക് തോന്നി...അമ്മൂമ്മ വിളിച്ചു..മീനുവേ...അവൾ തിരിഞ്ഞ് നോക്കി....നിന്റെ മുറിയിൽ കമ്പ്യൂട്ടർ ഒന്ന് ഓൺ ചെയ്യ്..എനിക്ക് ഒരു കാര്യം കാണണം..അമ്മൂമ്മ പറഞ്ഞു...അവൾ അത് പോലെ ചെയ്തു..അവർ അവളോട് സുനിത കൃഷ്ണൻ എന്ന പേര് പറഞ്ഞുകൊടുത്തു...അവൾ ആ പേര് ഗൂഗിളിൽ കൊടുത്തപ്പോൾ ആ മുഖം തെളിഞ്ഞു...അത് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ അമ്മൂമ്മ അവളോട് ഇങ്ങനെ പറഞ്ഞു, മോളല്ലേ പണ്ട് അമ്മൂമ്മ പെണ്ണിന് മാനമാണ് വലുതെന്നു പറഞ്ഞപ്പോൾ പറഞ്ഞു തന്നത്...ഇവർ സഹിച്ചതിനെക്കുറിച്ച്....അവർ വീണ്ടും ജീവിതത്തിലേക്ക് വന്നതിനെക്കുറിച്ച്...പിന്നെന്താ......മോളെ...പെണ്ണിന്റെ മാനം അവളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലുമാണ്.....ശരീരത്തിലാണ് മാനം ഉള്ളതെങ്കിൽ അത് നശിക്കാത്ത എത്രയോ സ്ത്രീകൾ അവരുടെ സംസാരവും മറ്റുള്ളവരോടുള്ള പെരുമാറ്റവും കാരണം മറ്റുള്ളവരാൽ വെറുക്കപ്പെടുന്നു.....എന്റെ മോള് എല്ലാം മറക്കണം...എന്നിട്ട് പഠിത്തം തുടരണം...അച്ഛനെയും അമ്മയെയും ഓർക്കണം...ആര് നിന്നെ എത്ര വേദനിപ്പിച്ചാലും നിനക്ക് അവർ കാണും..പിന്നെ ഈ ഞാനും...അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.....
അവർ മീനുവിനെ തുടർന്നുള്ള പഠിത്തത്തിനായി അമേരിക്കയിലുള്ള അവളുടെ വലിയച്ഛന്റടുത്തേക്ക് പറഞ്ഞയച്ചു.കാലം കഴിഞ്ഞുപോയി....ഇന്നവൾ....കേരളത്തിലെ ഒരു വലിയ IT കമ്പനിയിൽ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ പോകുകയാണ്...അവൾ ആ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ചെന്നു...അവളുടെ ഓഫീസ് പത്താമത്തെ നിലയിലായിരുന്നു....ലിഫ്റ്റ് ഫസ്റ്റ് ഫ്ലോർ എത്തിയപ്പോൾ ഡോർ തുറക്കപ്പെട്ടു...അപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും അവൾ ആ മുഖം കണ്ടു....ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ ഒന്നുമറിയാത്തതുപോലെ നിന്നു...അവനും അവളെ കണ്ട ഷോക്കിൽ ആദ്യം ഒന്ന് പതറിയെങ്കിലും അവളോട് അങ്ങോട്ടുപോയി സംസാരിച്ചു...നീ എന്താ ഇവിടെ? 10th ഫ്ലോർ ആണല്ലോ പ്രസ് ചെയ്തിരിക്കുന്നത്..അവിടെ ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയാണ് ഉള്ളത്..നീ ജോബ് ഇന്റർവ്യൂവിന് വന്നതാണോ? അവൻ ചോദിച്ചു...അവൾ ഒന്നും മിണ്ടിയില്ല.....അവൻ പറഞ്ഞു...ഞാൻ റെക്കമെൻഡ് ചെയ്യാം..ഒന്നുമില്ലെങ്കിലും പണ്ട് പരിചയക്കാരായിരുന്നില്ലേ നമ്മൾ?! അതും പറഞ്ഞു അവൻ ചിരിച്ചു....അവൾ ഒരക്ഷരം ഉരിയാടാതെ ലിഫ്റ്റ് 10th ഫ്ലോറിൽ എത്തിയതും ഓഫീസിലേക്ക് കയറിച്ചെന്നു...അവനും അവളുടെ പുറകെ ഓഫീസിലേക്ക് കയറിച്ചെന്നു...
എം ഡി വരുന്നത് കണ്ടതും അവൻ പറഞ്ഞു..ഇതാ ഞങ്ങളുടെ എം ഡി...ഞാൻ പറയാം സാറിനോട്..എനിക്ക് നല്ലരീതിയിൽ പരിചയമുള്ള ആളാണെന്ന്....അവൾ അവനെ രൂക്ഷമായി നോക്കി...എം ഡി നേരെ മീനാക്ഷിയുടെ അടുത്തെത്തിയതും അവൾക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് ഓഫീസിലേക്ക് ഇൻവൈറ്റ് ചെയ്തു...അവൻ ഒന്നും മനസ്സിലാവാതെ നിൽക്കുമ്പോൾ അയാൾ പറഞ്ഞു...'ഇത് മീനാക്ഷി...നമ്മുടെ കമ്പനിയുടെ പുതിയ വൈസ് പ്രസിഡന്റാണ്!...മീനാക്ഷി...ഇത് ഇവിടത്തെ ടീം ലീഡർ മിസ്റ്റർ മിഥുൻ...' അവൾ പരിചയഭാവം കാണിക്കാതെ ഹായ് പറഞ്ഞു....ശേഷം ഓഫീസിലുള്ള എല്ലാവരെയും പരിചയപ്പെട്ടു....അവൻ വല്ലാത്തൊരു മാനസികാവസ്ഥയിലായി.....അവൾ പണ്ടത്തെ കാര്യമൊക്കെ ഇനി മറന്നുകാണുമോ? അതോ അത് വച്ച് എന്നോട് പ്രതികാരം ചെയ്യുമോ?...പക്ഷെ അവന്റെ ആലോചനകളെല്ലാം തെറ്റിച്ചുകൊണ്ട് അവൾ സാധാരണ രീതിയിൽ പെരുമാറാൻ തുടങ്ങി....ദിവസങ്ങൾ കഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു.....അവന്റെയുള്ളിൽ ആ പ്രണയം വീണ്ടും മൊട്ടിട്ടു....അവൻ അവളോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ വഴുതി മാറി...ഒരു ദിവസം ഓഫീസ് വിട്ടു ഇറങ്ങിയപ്പോൾ അവൻ അവളുടെ കാർ വരുന്ന വഴിയിൽ കാത്തുനിന്നു...അവൾ വരുന്നത് കണ്ടതും അവൻ കൈ കാണിച്ചു..അവൾ കാർ നിർത്തി...ഒരഞ്ചു മിനുട്ട് എനിക്ക്..സംസാരിക്കാനുണ്ട്...അവൻ വിളിച്ചു...അവൾ കാർ പാർക്ക് ചെയ്തതിനുശേഷം അവന്റെകൂടെ കോഫിഷോപ്പിൽ പോയി...അവൻ പറഞ്ഞു..'മീനു..എന്നോട് ക്ഷമിക്കണം...ഞാനന്ന് ചെയ്തത് വളരെ വലിയ തെറ്റാണ്....എനിക്കതിൽ കുറ്റബോധമുണ്ട്...ഞാൻ അന്വേഷിച്ചു...നിന്റെ വിവാഹം കഴിഞ്ഞില്ല എന്നറിഞ്ഞു..നിനക്ക് സമ്മതമാണെങ്കിൽ.എനിക്ക് നിന്നെ വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ട്...' അവൾ ചിരിച്ചു...'മിഥുൻ..നിങ്ങൾ വിളിച്ചപ്പോൾ ഒരു കൂസലുമില്ലാതെ നിങ്ങളുടെ കൂടെ വന്ന എന്നെപ്പോലൊരു പെണ്ണിനെ നിങ്ങൾക്കെങ്ങനെ ഇപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞു? കാരണം...ഞാൻ ഇപ്പോൾ നിങ്ങളെക്കാൾ നല്ല പോസ്റ്റിലാണ്....നല്ല സാമ്പത്തിശേഷിയുമുണ്ട്....പക്ഷെ...ഞാനും എന്നെ വിവാഹം കഴിക്കുന്നയാൾക്ക് ചാരിത്ര്യശുദ്ധി വേണമെന്ന് ആഗ്രഹിക്കുന്നു....പക്ഷെ...അത് നിങ്ങൾ വിചാരിക്കുന്നപോലെ ഉടലിന്റെയല്ല...മനസ്സിന്റെ.....അത് നിങ്ങൾക്കില്ല...

By
Uma Rajeev

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot