നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#സമർപ്പണം.. എഴുതിത്തുടങ്ങീട്ടും ഒരു ഗ്രിപ്പ് കിട്ടാതെ വഴുതി പോവുന്നവർക്കു.

#സമർപ്പണം..
എഴുതിത്തുടങ്ങീട്ടും ഒരു ഗ്രിപ്പ് കിട്ടാതെ വഴുതി പോവുന്നവർക്കു.
** ***
ചിലരു ഭക്ഷണം കഴിക്കുന്ന രീതി കാണാൻ എന്തു ഭംഗിയാ ല്ലേ..
ചോറാണെങ്കിൽ ചോറിനെ നോവിക്കാതെ വിരലുകൾ കൊണ്ടു തലോടി പതിയെ കറിയൊഴിച്ചു ഒരൽപം ഉപ്പേരിയും മീൻവറുത്തതും ചേർത്തു കൈ ചുണ്ടോടടുപ്പിക്കുന്നതു കാണുമ്പൊ മനോഹരമായൊരു കവിത വായിക്കുന്ന സുഖമാണു..
ദോശയാണ് അവരുടെ കൈകളിൽ കിട്ടിയതെങ്കിൽ തള്ളപ്പൂച്ച കുഞ്ഞിനെയെടുക്കുന്ന പോലെയാവും പെരുമാറുക..
ചിലരുടെ കാര്യത്തിൽ മീൻകൊട്ടയിൽ കയ്യിടുന്ന പോലെയാണു..
ലക്കും ലഗാനുമില്ലാതെ വാരി വായിലേക്കിടും..
ചോറ് തന്നെ തന്റെ ജന്മത്തെ പഴിച്ചു പോയിട്ടുണ്ടാവും അവരുടെ പെരുമാറ്റം കാണുമ്പൊ..
ശരിക്കും ഒരാളുടെ സ്വഭാവം എങ്ങിനാന്നറിയാൻ അയാൾ കഴിക്കുന്നത് ശ്രദ്ധിച്ചാൽ മതി..
പറഞ്ഞു വന്നതു അതല്ല ട്ടാ..
ഇതുപോലെ ചിലരുണ്ട്
നമുക്കിടയിൽ..
അക്ഷരങ്ങളെ സൂക്ഷ്‌മമായി പെറുക്കിയെടുത്തു നമുക്കു മുന്നിലേക്കിട്ടു തരുന്നവർ..
അതൊക്കെ കാണുമ്പോ
എനിക്കുമൊരു മോഹം..
മീൻകൊട്ടയിലെ ചാള വാരുംപോലെ ചക്ലാം പിക്ലാം വാരിവലിച്ചെഴുതാതെ നൂൽപ്പുട്ടുണ്ടാക്കുന്ന പോലെ സാവകാശം ഒന്നെഴുതിനോക്കാൻ..
അപ്പോഴാണൊരു കാര്യം ഓർത്തതു..
അതിനു നല്ല നിരീക്ഷണ ബുദ്ധി വേണം..
അതില്ലാന്നു പറയുന്നില്ല..
ഒരു പെണ്ണു മുന്നിലൂടെ നടന്നു പോയാ നന്നായി നിരീക്ഷിക്കാറുണ്ട്..
എഴുതാനത് പോരല്ലോ..
ഉദാഹരണത്തിന് ഒരു സാധാരണക്കാരൻ കിണറിലേക്കെത്തി നോക്കിയാൽ വെള്ളമെത്ര ഉണ്ടെന്നു മാത്രേ കാണുള്ളൂ.
ചിലപ്പൊ പടവിലിരിക്കുന്ന പേക്രോം തവളയെയോ നീർക്കോലിയെയോ കണ്ടെന്നിരിക്കും..
അതിൽക്കൂടുതലൊന്നും അവരിൽനിന്നു പ്രതീക്ഷിക്കാനൊക്കില്ല..
എന്നാലൊരു എഴുത്തുകാരൻ പ്രത്യേകിച്ച് ഫേസ്ബുക്ക് എഴുത്തുകാരൻ കിണറിലേക്ക് നോക്കിയാലെങ്ങിനിരിക്കും..
അതിലാണ് ഫോക്കസ് ചെയ്യേണ്ടത്..
'ആഴങ്ങളിലേക്ക് ഇറങ്ങി നനയുന്ന പടവുകൾക്കൊപ്പം ഇറങ്ങിച്ചെല്ലുന്ന കുറെ ഓർമകളുണ്ട് എന്നിലും..
വെട്ടിത്തിളങ്ങുന്ന ജലക്കണ്ണാടിയിലെ പ്രതിബിംബം പോലേ ഹൃദയത്തിൽ തട്ടി തിളങ്ങുന്നവ..
ഒരു കൊച്ചു കല്ല് വീണാൽ പോലും ഓളങ്ങളുണ്ടാക്കി മനസ്സിൻ പടവുകളെ ചേർത്തുമ്മ വെക്കുന്ന ഓർമ്മകൾ..'
ഇതുപോലൊക്കെ തുടങ്ങിവെക്കണം..
വീട്ടിലെ സകല സാധനങ്ങളെപ്പറ്റിയും എഴുതേം ചെയ്യാം..
അടുപ്പിലൂടെ ചേരപാഞ്ഞതു..
അലമാരയുടെ വാതിലിലൊരെണ്ണം ഇളകിയതു മനസ്സിലുണ്ടാക്കിയ നീറ്റൽ..
പഴയ പാത്രങ്ങൾ പെറുക്കാൻ വന്ന തമിഴ്‌സ്ത്രീ വെറ്റിലക്കറയുള്ള പല്ലുകാട്ടി ചിരിച്ചത്..
അങ്ങിനെന്തെല്ലാം വിഷയങ്ങൾ..
ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ പൂവാലിപ്പശുനേം ഫേസ്ബുക്കിലേക്ക് കേറ്റണം..
ശങ്കരാടിച്ചേട്ടൻ പറഞ്ഞപോലെ ലൈക്കു ചറപറാന്നു വരും..
വായിക്കുന്നവർക്ക് കഥയാണോ കവിതയാണോ എന്നൊന്നും മനസ്സിലാവാൻ പാടില്ല..
മെസ്സിലുണ്ടാക്കിയ ബിരിയാണി പൊലെ ഒക്കെ കൂട്ടിചേർത്തൊരു പരുവം..
ഇങ്ങനൊക്കെ എഴുതുമ്പോൾ വിമർശകരും കാര്യമായൊന്നും പറയീല്ലാന്നൊരു ഗുണമുണ്ട്..
എന്തെങ്കിലും മനസ്സിലായിട്ടു വേണ്ടേ..
ഹിഹി..
പിന്നൊരു ഗുണം കൂടിയുണ്ട്..
എത്ര വിശദീകരിച്ചു കമന്റിയാലും റിപ്ലൈ ഒരു ചെറുചിരിയിലൊതുക്കാം..
വല്യ എഴുത്തുകാരൊക്കെ അങ്ങിനാ..
കാര്യമായൊന്നും പറയാതെ എല്ലാം സ്മൈലിയിലൊതുക്കി വെക്കും.
ശാന്തമായൊരു പുഞ്ചിരി..
നാളെത്തന്നെ ഒരെണ്ണം വെച്ചു കാച്ചിയാലോന്നു ഓർത്തു നടക്കുമ്പോഴാണ് തൊടിയിൽ കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ടത്..
ശരിക്കും ഗ്രൂപ്പിലെ ചില പോസ്റ്റുകൾക്കു താഴെയുള്ള കമന്റുകള് ഓർമ്മവന്നു..
പതിയെ ചെന്നു നോക്കി..
മഴയുടെ ചുവടു പിടിച്ചു എവിടുന്നോ വന്ന കുറുക്കന്മാരെ കണ്ടു ഭയന്നതാവണം..
എന്തായാലും നിരീക്ഷിച്ചേക്കാമെന്നു വിചാരിച്ചു അങ്ങോട്ടേക്കു നടന്നടുക്കുമ്പോഴേക്കും കോഴികളിലൊന്നിനെ കുറുക്കന്മാർ ചൂണ്ടിയിരുന്നു..
ബാക്കിയുള്ളവയെ കൂട്ടിലാക്കുമ്പോഴും മനസിലൊരു ചിന്തയെ ഉണ്ടാരുന്നുള്ളു.
ഇതുവെച്ചെങ്ങിനെ ഒരു പോസ്റ്റാക്കുമെന്നു.
വായിച്ചു വാപൊളിക്കാൻ
തോന്നുന്നുണ്ടോ..
ഇതെന്താന്നോർത്തു..
വിഷമിക്കണ്ട..
ഇങ്ങനെ പരസ്പര ബന്ധമില്ലാതെ എഴുതിക്കൂട്ടുന്നതും ഇപ്പോഴൊരു ട്രെൻഡാണ്.
#തൊട്ടുകൂട്ടാൻ :പ്രശസ്ത ഓൺലൈൻ നിരൂപകനായ മുള്ളാച്ചി മംഗലക്കോവയുടെ വാക്കുകൾ കടമെടുത്താൽ "സൗന്ദര്യമോ ആരാധകരോ അല്ല മികച്ച എഴുത്തുകാരുടെ അടയാളം.. വരികൾക്കൊപ്പം മനസ്സുകളെ കൈപിടിച്ച് നടത്താൻ കഴിയുന്നവനാരോ അവനാണ് മികച്ച എഴുത്തുകാരൻ.."
നമ്മുടെ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം കൈപിടിച്ചു നടത്തുക മാത്രല്ല കൂടേ കൊണ്ടോവാനുള്ള കഴിവുള്ളോരു വരെയുണ്ട്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot