നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നൊരു മാമ്പഴക്കാലത്ത്


അന്നൊരു മാമ്പഴക്കാലത്ത്
-----------------------------------------------
ഒരു മധ്യവേനല്‍ അവധിക്കാലം..
ഞാന്‍ നാലാം ക്ളാസില്‍ അനിയന്‍ ഒന്നിലും...
രാവിലെ എഴുന്നേറ്റ് ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ നിന്ന് ഒരു മുങ്ങലാണ് രണ്ടു പേരും.. കളിക്കാനായി കുട്ടി സംഘം കാത്തു നില്‍ക്കുന്നുണ്ടാവും.. ചുറ്റുപാടുമുള്ള വീടുകളിലെ സമപ്രായക്കാരായ കുട്ടികള്‍ മുഴുവനുമുണ്ടാകും അതില്‍..
അമ്മ കാണാതെ മെല്ലെ പമ്മി പമ്മി വീട്ടില്‍ നിന്നിറങ്ങി അവരോടൊപ്പം ചേരും.. അമ്മയ്ക്കറിയാം ഞങ്ങള്‍ പോകുമെന്ന്.. എന്നാലും അമ്മയുടെ കണ്ണുവെട്ടിച്ച് പോകുന്നതായിരുന്നു രസം..
എല്ലാവരും ചേര്‍ന്ന് അപ്പുറത്തുള്ള പറമ്പിലേക്ക് പോകും.. അതാണ് ഞങ്ങളുടെ കളിക്കളം..അവകാശികളൊന്നുമില്ലാതെ വെറുതേ കിടക്കുന്ന പറമ്പായതു അവിടെ കളിച്ചാല്‍ ആരും ചോദ്യം ചെയ്യാന്‍ വരില്ല.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ അമ്മ വിളിച്ചാല്‍ പോയി കഴിച്ചിട്ട് വേഗം വരും..
''പണിസ്ഥലത്തു നിന്നും വരുന്നതുപോലെയല്ലേ രണ്ടിന്‍റെയും തിരക്ക്.. മര്യാദയ്ക്ക് തിന്നാന്‍ പോലും നേരമില്ല പിള്ളേര്‍ക്ക്''.. എന്ന് അമ്മ പിന്നില്‍ നിന്ന് വിളിച്ചു പറയുന്നുണ്ടാകും
അവിടെ വലിയ ഒരു മാവുണ്ട്.. അതില്‍ നിറയെ മാങ്ങകളും.. അതിന്‍റെ ചുവട്ടില്‍ പഴയ സാരികളൊക്കെ വെച്ചു കെട്ടി ഞങ്ങള്‍ ഒരു കളിവീട് ഒരുക്കും.. ഒാടിക്കളിച്ചും ഒളിച്ചു കളിച്ചുമൊക്കെ തളരുമ്പോള്‍ അതിനുള്ളില്‍ വിശ്രമിക്കും..
നല്ല തേനൂറുന്ന മാങ്ങയാണ് ആ മാവിലേത്.. ഒരു ചെറിയ കാറ്റടിച്ചാ മതി ഒരെണ്ണമെങ്കിലും വീഴും.. അത് കിട്ടാന്‍ വേണ്ടി പരസ്പരം മത്സരിക്കും എല്ലാവരും.. കാര്യം കൂട്ടുകാര്‍ ഒക്കെയാണ് പക്ഷേ മാമ്പഴം കെെയില്‍ കിട്ടിക്കഴിഞ്ഞാല്‍ പങ്ക് വെക്കലൊന്നുമില്ല അപ്പോ ത്തന്നെ കടിക്കും .. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. മാമ്പഴത്തിന്‍റെ രുചി അത്ര ഗംഭീരമാണേ... ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നാക്കില്‍ വെള്ളമൂറുന്നു..
എനിക്ക് അധികമൊന്നും തിന്നാനുള്ള ഭാഗ്യം കിട്ടിയിരുന്നില്ല.. എങ്ങാനും ഒന്നു കിട്ടിപ്പോയാല്‍ അപ്പോ അത് അനിയനു വേണ്ടി വരും.. മുഴുവനായിട്ടും അവനു കൊടുത്തില്ലെങ്കില്‍ പിന്നെ അവന്‍ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് പോവും.. പിന്നത്തെ കാര്യം പറയണ്ട..
''ചെക്കനെ എന്തിനാ കരയിപ്പിച്ചേ'' എന്നും ചോദിച്ച് അമ്മ വടിയുമായി വരും എന്നെ അടിക്കാന്‍..
ഞാന്‍ ഓടും.. അമ്മയ്ക്ക് എന്നെ പിടിക്കാന്‍ കിട്ടില്ല.. അപ്പോ അമ്മ ഒരു ഡയലോഗും പറഞ്ഞിട്ട് വീട്ടിലേക്ക് ഒരു പോക്ക് പോകും..
''ഇരുട്ടായിക്കഴിഞ്ഞാല്‍ നീ അങ്ങോട്ടു തന്നെയല്ലേ വരിക''..
ശരിയാ.. ഞാന്‍ അങ്ങോട്ട് തന്നെയാ പോവുക.. അല്ലാതെ വേറെ എവിടെപ്പോകാനാ..
വീട്ടിലെത്തിക്കഴിഞ്ഞാല്‍ അമ്മയുടെ കെെയില്‍ നിന്നും കിട്ടുന്നതൊക്കെ വാങ്ങിയിട്ട് കരയും.. ആ സമയത്ത് അനിയനോട് എനിക്ക് ദേഷ്യം തോന്നും..
''ചെക്കനോട് എന്‍റെ കൂടെ കളിക്കാന്‍ വരണ്ട എന്നു എത്ര പറഞ്ഞാലും കേള്‍ക്കൂല.. വെറുതേ എന്നെ അടികൊള്ളിക്കൊനായിട്ടാണോ നീ ജനിച്ചത്..''
എന്നൊക്ക മനസ്സില്‍ മുറു മുറുക്കും..
ഉറക്കെ പറയാന്‍ പറ്റില്ലാലോ.. അത് കേട്ട് അവന്‍ കരഞ്ഞാല്‍ എനിക്ക് വീണ്ടും കിട്ടും..
കളിക്കാന്‍ പോയിട്ട് ഞാന്‍ വീണാലും അവന്‍ വീണാലും ഒക്കെ എനിക്ക് അടി കിട്ടും.. അമ്മയുടെ അടിയുടെ വേദന നന്നായി അറിയാവുന്നതുകൊണ്ട് അനിയനെ പരമാവധി കരയിപ്പിക്കാതിരിക്കും ഞാന്‍..
ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ ദിവസവും മുടങ്ങാതെ കളിക്കാന്‍ പോകും ഞങ്ങള്‍... വെെകുന്നേരത്തിനു മുന്‍പ് വീട്ടില്‍ അടങ്ങിക്കോളണം എന്നാണ് അമ്മയുടെ ഓര്‍ഡര്‍.. വെെകുന്നേരം ഞങ്ങളെ ഒന്നു കുളിപ്പിച്ചു വൃത്തിയാക്കിയെടുക്കാന്‍ അമ്മ കുറേ കഷ്ടപ്പെടേണ്ടി വരാറുണ്ട്..
''വലിയ ബക്കറ്റില്‍ കുറച്ച് സോപ്പ് കലക്കി രണ്ടിനേയും ഒരു അരമണിക്കൂര്‍ മുക്കി വെക്ക് ചേറൊക്കെ നന്നായി ഇളകട്ടെ''.. എന്നു പറയും അച്ഛന്‍..
അന്നും പതിവു പോലെ ഞങ്ങള്‍ കളി കഴിഞ്ഞു വീട്ടിലെത്തി.. അമ്മ ഞങ്ങളെ കുളിപ്പിച്ചു വൃത്തിയാക്കി ചായയൊക്കെ തന്നു.. രണ്ടു പേരും ഉമ്മറത്തിരിക്കുകയാണ്..
'' രണ്ടും ഇവിടുന്ന് അനങ്ങി പോകരുത്'' ...
എന്നൊരു താക്കീതും തന്ന് അമ്മ സന്ധ്യ വിളക്ക് കൊളുത്താനുള്ള ഒരുക്കത്തിനായി അകത്തേക്ക് പോയി..
എന്‍റെ മനസ്സു നിറയെ സങ്കടമായിരുന്നു.. രണ്ടു മാങ്ങ എന്‍റെ കെെയില്‍ കിട്ടിയതാ.. രണ്ടും ചെക്കന്‍ തട്ടിയെടുത്തു.. ഒന്നു കടിക്കാന്‍ കൂടി തന്നില്ല..
പെട്ടെന്ന് ഒരു നല്ല കാറ്റടിച്ചു..
'' ഏച്ചീ,, കുറേ മാങ്ങ വീണിട്ടുണ്ടാവും.. നമുക്കൊന്ന് പോയി നോക്കാം ''..
അവന്‍ പറഞ്ഞു..
''ഞാനില്ല, അമ്മ കണ്ടാല്‍ എനിക്കാ അടി കിട്ടുക..''
മാങ്ങ കിട്ടിയാല്‍ അതും അവന്‍റെ വായിലേക്ക് തന്നെ പോകുമല്ലോ എന്നോര്‍ത്ത് ഞാന്‍ പറഞ്ഞു..
''ആരും അറിഞ്ഞിട്ടില്ല കാറ്റടിച്ചത്.. ഇപ്പം പോയാല്‍ നമുക്ക് തന്നെ കിട്ടും.. അമ്മ കാണാണ്ട് പോകാം''..
ചെക്കന്‍ വീണ്ടും പ്രലോഭിപ്പിക്കുകയാണ്..
പോയാലോ?. . .
പക്ഷേ ഇവനെ കൂട്ടി പോയിട്ട് കാര്യമില്ലല്ലോ.. ഇവന്‍ അറിയാതെ മെല്ലെ മുങ്ങാം..
ഞാന്‍ മനസ്സില്‍ പദ്ധതി തയ്യാറാക്കി.. അകത്തേക്ക് ഒന്നു പാളി നോക്കി.. അമ്മയെ കാണുന്നില്ല.. ഇതു തന്നെ തക്കം..
ഞാന്‍ പുറത്തേക്ക് ഒരു ഓട്ടം വെച്ചു കൊടുത്തു.. പിന്നാലെ അവനും ഇറങ്ങിയോടി..
റോഡിലെത്തിയതും അവന്‍ എന്‍റെ തൊട്ടു പിന്നിലെത്തി..
ഞാന്‍ മുന്നിലെത്താതിരിക്കാന്‍ അവന്‍ പുറകില്‍ നിന്ന് കാല് നീട്ടി എന്നെ ചവിട്ടി..
ഞാന്‍ കമിഴ്ന്നടിച്ചു വീണു.. റോഡു പണിക്കായി ഇറക്കിയിരുന്ന കരിങ്കല്ലുണ്ടായിരുന്നു സെെഡില്‍.. അതിലൊന്ന് എന്‍റെ ചുണ്ടിനുമുകളില്‍ തുളച്ചു കയറി.. റോഡിലുണ്ടായിരുന്ന ആരൊക്കെയോ എന്നെ പിടിച്ചു എഴുന്നേല്‍പ്പിച്ചു.. എന്‍റെ മുഖം നിറയെ ചോരയായിരുന്നു.. ബഹളം കേട്ട് അമ്മ ഓടി വന്നു.. ഞാന്‍ വീണതാണ് എന്നറിഞ്ഞ നിമിഷം..
''നിന്നോടു ഞാന്‍ അടങ്ങിയിരിക്കാന്‍ പറഞ്ഞതല്ലേ... പറഞ്ഞാ കേക്കാത്ത അസത്ത്''.. എന്നും പറഞ്ഞ് കുറേ അടി കിട്ടി.. വീണപ്പോളുണ്ടായ വേദനയെക്കാളും വലിയ വേദനയായിരുന്നു ആ അടിക്ക്..
അപ്പോള്‍ ഒന്നുമറിയാത്ത പഞ്ചപാവത്തിനെ പോലെ നില്‍ക്കുകയായിരുന്നു എന്‍റെ പൊന്നനിയന്‍..
''നിങ്ങളീ കുട്ടിയെ ഇങ്ങനെ അടിക്കാതെ വേഗം ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍ നോക്കൂ '' ...
എന്ന് ആരോ പറഞ്ഞപ്പോഴാണ് അമ്മ അടി നിര്‍ത്തിയത്..
അങ്ങനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി സ്റ്റിച്ചിട്ടു.. ആറ് സ്റ്റിച്ച്..
ഇപ്പോഴുമുണ്ട് എന്‍റെ മേല്‍ചുണ്ടിനു മുകളില്‍ ആ പാട്...
ഹോസ്പിറ്റലില്‍ നിന്നു വീട്ടിലെത്തിയപ്പോള്‍ അനിയന്‍ സങ്കടത്തോടെ അടുത്തെത്തി..
''ഏച്ചിക്ക് നല്ല വേദനയുണ്ടോ?'' ഞാന്‍ ഊതിത്തരട്ടേ''..
അതു കേട്ടപ്പോള്‍ എനിക്ക് അവനോട് തോന്നിയ ദേഷ്യമൊക്കെ അലിഞ്ഞു പോയി.. അന്നു മുതല്‍ ഇന്നു വരെ അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot