നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

.....മാതൃത്വം കത്തി മുനയിൽ....


.....മാതൃത്വം കത്തി മുനയിൽ....
*****************************
"തൊട്ടു പോകരുതെന്റെ മോളേ , കൊന്നു കളഞ്ഞില്ലേടാ ഞങ്ങടെ പൊന്നുമോളേ നീയും
നിന്റമ്മയും കൂടി ചേർന്നു..ഞങ്ങൾക്കിനി ആരുണ്ട് ..ആകെയുള്ള ഞങ്ങടെ പൊന്നുമോളല്ലേ ഈ ജീവനറ്റ് കിടക്കുന്നത്..ഈ കുരുന്നിന് അമ്മയില്ലാതായില്ലേ ..മുലപ്പാലിൻ മാധുര്യം നുണയാനുള്ള ഭാഗ്യവും പെറ്റമ്മയുടെ സ്നേഹവും ഞങ്ങടെ ഈ പൊന്നുമോന് ഇല്ലാണ്ടായല്ലോ?നിനക്ക് വേറൊരു ഭാര്യയേയും
നിന്റമ്മയ്ക്ക് മരുമകളേയും കിട്ടും പക്ഷേ ഞങ്ങൾക്കും ഈ കുഞ്ഞിനും ഇനി ആരുണ്ട്."....
ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തേക്കിറക്കിയ ലക്ഷ്മിയുടെ മുഖത്തേക്ക്
നീട്ടിയ ഹരിയുടെ കൈകൾ ലക്ഷ്മിയുടെ അമ്മയുടെ ഈ വാക്കുകൾ കേട്ടപ്പോൾ അറിയാതെ പിൻവലിച്ചു...കണ്ണടച്ചു ഉറങ്ങുന്നത്
പോലെ ശാന്തമായിരുന്നു ലക്ഷ്മിയുടെ ആ മുഖം..ഹരിയുടെ മിഴികൾ അറിയാതെ നിറഞ്ഞൊഴുകി..തളർന്ന് വീഴാതിരിക്കാനായി
കസേരയിലേക്ക് ഇരിക്കുമ്പോൾ ഹരി ഓർത്തു
കുറച്ചു മുൻപ് പേടിച്ചരണ്ട മുഖവുമായി ഓപ്പറേഷൻ തിയറ്ററിലേക്ക് കേറിപ്പോയ ലക്ഷ്മിയുടെ മുഖം...
വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ലക്ഷ്മി ഗർഭിണിയായത്..അത് വരേയും തന്റെ അമ്മയുടെ കുത്തുവാക്കുകളും, ശാപങ്ങളും, നാട്ടുകാരുടെ സഹതാപ വാക്കുകളും
അവളൊരുപാട് കേട്ടു..ആരേയും ഈ എന്നേപ്പോലും ഒന്നും അറിയിക്കാതെ എല്ലാ വേദനകളും ഉള്ളിലടക്കി പുറമേ സന്തോഷം ഭാവിച്ചു...എല്ലാ പ്രാർത്ഥനകൾക്കും വിരാമമിട്ട്
ലക്ഷ്മി ഗർഭിണി ആണെന്നറിഞ്ഞപ്പോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു
തനിക്കും..
പിന്നെവിടെയാണ് തനിക്ക് പിഴച്ചത്..ലക്ഷ്മിയുടെ പ്രസവത്തിന്റെ തീയതി ഡോക്ടർ പറഞ്ഞ ദിവസം ...അതേ അന്നാണ് എല്ലാ പ്രശ്നങ്ങളുടേയും തുടക്കം...ഡോക്ടർ പറഞ്ഞ ആ ദിവസം ലക്ഷ്മി പ്രസവിച്ചാൽ ആ കുഞ്ഞ്
അമ്മയുടെ മരണത്തിനിടയാക്കുമെന്ന് ജോത്സ്യൻ
പറഞ്ഞത്രേ..അതിന് മുൻപുള്ള ഒരു നല്ല ദിവസം
ജോത്സ്യൻ തന്നെ പറഞ്ഞു തന്നൂന്ന് പറഞ്ഞു അമ്മ കാട്ടിയ ആ കുറിപ്പടി എന്റെ ലക്ഷ്മിയുടെ
മരണത്തിന്റേതായിരുന്നൂന്ന് ഞാനറിഞ്ഞില്ലല്ലോ
ഈശ്വരാ.....
അമ്മയുടെ തീരുമാനമായിരുന്നു ജോത്സ്യൻ
പറഞ്ഞ ദിവസം വെച്ച് ലക്ഷ്മിയുടെ സിസേറിയൻ നടത്തണമെന്ന്..താനും ലക്ഷ്മിയും അതിനെ എതിർത്തപ്പോൾ വീട് ഒരു യുദ്ധ ഭൂമിയായി..അമ്മയുടെ മരണം തങ്ങൾ രണ്ടാളും
ആഗ്രഹിക്കുന്നു എന്ന് വിളിച്ചു പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല..അമ്മയുടെ കുത്തുവാക്കുകൾ സഹിക്ക വയ്യാതെ വന്നപ്പോഴാണ് താനും ലക്ഷ്മിയോട് സിസേറിയനെക്കുറിച്ച് പറഞ്ഞത്.....
അന്നവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു
"ഹരിയേട്ടാ പേറ്റുനോവറിഞ്ഞ് വേണം എനിക്കൊരമ്മയാവാൻ... ഓപ്പറേഷൻ എന്ന്
കേൾക്കുന്നതേ എനിക്ക് പേടിയാ..ഞാനെങ്ങാനും
അപ്പോ മരിച്ചു പോയാലോ"
താനന്ന് അവളെ ഒരുപാട് വഴക്ക് പറഞ്ഞു.
എന്റെ അമ്മയുടെ മരണം കാണാൻ എനിക്ക്
വയ്യെന്ന എൻെ വാക്ക് കേട്ട് അവൾ ഒരുപാട് കരഞ്ഞു..
പിറ്റേന്ന് രാവിലെ ഡോക്ടറെ കണ്ട് ഓപ്പറേഷനുള്ള സമയം തീരുമാനിക്കാം എന്നവൾ
അമ്മയോട് പറയുന്നത് കേട്ടാണ് ഞാൻ ഹാളിലേക്ക് വന്നത്..അമ്മയ്ക്ക് അത് കേട്ട് ഒരുപാട് സന്തോഷമായി..പക്ഷേ ലക്ഷ്മിയെ നോക്കുന്ന ഡോക്ടർ
ഓപ്പറേഷന് സമ്മതിക്കില്ലെന്ന് തീർത്തു പറഞ്ഞതോടെ അമ്മ വീണ്ടും വീട്ടിൽ വഴക്കായി.
അമ്മ തന്നെയാണ് പേരുകേട്ട ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് ലക്ഷ്മിയെ കൊണ്ട് പോയത്..
അപൂർവ്വമായി മാത്രമേ അവിടെ സുഖപ്രസവം
നടക്കാറുള്ളൂ..കൂടുതലും സിസേറിയൻ
ആണെത്രേ..ആയിരങ്ങൾ മാത്രം ചെലവ് വരുന്ന
സുഖപ്രസവത്തിനേക്കാൾ ലക്ഷങ്ങൾ ചിലവ് വരുന്ന സിസേറിയനിലാണത്രേ ഡോക്ടർക്കും താല്പര്യം..
അമ്മ പറഞ്ഞ ഡേറ്റിന് തന്നെ ഡോക്ടർ ഓപ്പറേഷൻ തീരുമാനിച്ചു..പിന്നീടങ്ങോട്ട് ലക്ഷ്മി
സന്തോഷത്തോടയിരിക്കുന്നത് താൻ കണ്ടിട്ടില്ല
എന്തോ ഒരു പേടി അവളെ അലട്ടുന്നതായി തോന്നി..ചോദിച്ചപ്പോഴൊക്കെയും "ഒന്നുമില്ല
ഹരിയേട്ടാ" എന്നായിരുന്നു മറുപടി..
ഇന്ന് ഓപ്പറേഷനായി പോകുന്നതിന് തൊട്ടുമുൻപാണ് അവൾ മറ്റാരും കാണാതെ കരഞ്ഞ് കൊണ്ട് ഓപ്പറേഷനവൾക്ക് പേടിയാണെന്ന് പറഞ്ഞത്...ഓപ്പറേഷന് മുൻപ്
ശരീരം മരവിപ്പിച്ചാലും മനസ്സവർക്ക് മരവിപ്പിക്കാൻ ആവില്ലല്ലോ ഹരിയേട്ടാ എന്നും
പറഞ്ഞവൾ വിതുമ്പിയപ്പോ താനൊന്ന് തടഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ ലക്ഷ്മി
ഇപ്പോ ജീവനോടെ ഉണ്ടാകുമായിരുന്നു..
നിറഞ്ഞ കണ്ണോടെ പേടിച്ചരണ്ട മുഖവുമായി
ഓപ്പറേഷനായി കയറിപ്പോയ ലക്ഷ്മിയുടെ
ജീവനറ്റ ശരീരമാണിപ്പോൾ പുറത്തേക്ക് വന്നത്..
ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർ എത്ര ലാഘവത്തോടെയാണ് പറഞ്ഞത്..അതല്ലേലും പണത്തിന് ജീവനേക്കാൾ വില കല്പിക്കുന്ന ഡോക്ടർ ആയതിനാലാണല്ലോ മെഡിക്കൽ
എതിക്സ് മറന്ന് കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്
ലക്ഷ്മിയുടെ അമ്മ അന്നേ പറഞ്ഞതാ സിസേറിയൻ വേണ്ട..സുഖപ്രസവം മതി..
ദൈവം തീരുമാനിക്കുമ്പോഴാണ് ആ കുഞ്ഞുജീവൻ പുറത്തേക്ക് വരണ്ടത്..
അമ്മയ്ക്കോ കുഞ്ഞിനോ സ്വന്തം ജീവൻ നഷ്ടപ്പെടുമെന്നു തോന്നുന്ന അവസാന ഘട്ടത്തിൽ മാത്രമേ സിസേറിയൻ പാടുള്ളൂ
എന്റെ മോൾക്ക് സുഖപ്രസവം ആയിരിക്കുമെന്ന്...
പക്ഷേ അമ്മയുടേയും എന്റെയും വാക്കുകൾക്ക്
മുന്നിൽ ലക്ഷ്മി എല്ലാം അവരിൽ നിന്നും
ഒളിച്ച് വെച്ചു...എന്നിട്ട് ഇന്ന് ഓപ്പറേഷനു മുൻപായി മറ്റാരും കാണാതെ ലക്ഷ്മി എന്നോട്
പറഞ്ഞ വാക്കുകൾ അവളുടെ അമ്മ മാറി നിന്ന് കേട്ടിരുന്നു എന്നത് ഇപ്പഴാണ് താനറിഞ്ഞത്...
ആ അമ്മയ്ക്ക് താങ്ങാനാകില്ലല്ലോ ഏക മകളുടെ മരണം..ലക്ഷ്മിയുടെ അച്ഛൻ ഒന്നും മിണ്ടാതെ
കസേരയിൽ തളർന്നിരിക്കുന്നു...
അച്ഛാ എന്ന് വിളിച്ച് അടുത്തേക്ക് ചെല്ലണമെന്നുണ്ട് പക്ഷേ ശരീരം തളർന്നതു പോലെ കൺമുന്നിലെ കാഴ്ചകൾ മറയുന്നത് പോലെ..ലക്ഷ്മിയുടെ ജീവനറ്റ ശരീരവും
അമ്മയുടെ ജീവൻ പോയതറിയാതെ ഈ ഭൂമിയിലേക്ക് പിറന്നു വീണ തന്റെ പൊന്നുമോന്റെ
മുഖവും മാത്രം ഓർമ്മയിലും കണ്ണുകളിലും
തങ്ങി നിൽക്കുന്നു.അന്ധവിശ്വാസത്തിന്റെ പേരിൽ തന്റെ അമ്മയ്ക്കൊപ്പം ചേർന്ന് ഇല്ലാതാക്കിയത് സ്വന്തം പ്രാണനെ തന്നെയായിരുന്നു...
"മോളേ, ലക്ഷ്മി " എന്നൊരു വിളി കേട്ട് തിരിഞ്ഞ്
നോക്കിയവർ കണ്ടത് ബോധമറ്റ് നിലത്തേക്ക്
വീഴുന്ന ഹരിയേയാണ്...
അപ്പോഴും,ഡോക്ടറുടെ പരിശോധന റൂമിന്റെ വാതിൽക്കൽ അടുത്ത സിസേറിയനുള്ള സമയം കുറിക്കാനായി എത്തിയവരുടെ തിരക്കായിരുന്നു..ഡോക്ടറാകട്ടേ , ...അടുത്താഴ്ച
വിദേശത്തു നിന്നും വരുന്ന ഭർത്താവിന്റെ സൗകര്യാർത്ഥം ജസ്നയുടെ സിസേറിയനുള്ള
സമയവും തീയതിയും കണക്കുകൂട്ടുന്നതോടൊപ്പം കിട്ടാൻ പോകുന്ന പണത്തിനു വേണ്ടിയും ഉള്ള ആർത്തിയിലായിരുന്നു..
(അപൂർവ്വമായി മാത്രം കേട്ടിരുന്ന സിസേറിയൻ
ഇന്ന് വ്യാപകമായ രീതിയിൽ കേരളത്തിലെ ഹോസ്പിറ്റലുകളിൽ നടക്കുന്നു എന്ന പത്രവാർത്തയാണ് ഞാനിങ്ങനൊരു കഥയെഴുതാൻ കാരണം.)
By...@RemyaRajesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot